മെഴുകുതിരി പോലെ
ഉരുകി
ചുറ്റുമുള്ളവര്‍ക്കെല്ലാം
വെട്ടം പരത്തിക്കൊടുത്തിരുന്ന
ഒരുത്തി
അമ്പതു തികഞ്ഞ നാള്‍
ഉരുകല്‍ അങ്ങു നിര്‍ത്തി
സ്വയം തണുക്കാന്‍
തുടങ്ങി
ഉരുകിയതത്രയും
ഉള്ളില്‍ തറഞ്ഞിരുന്ന
മുള്ളുകള്‍ക്കു
മേലെ തണുത്തുറഞ്ഞുകൂടി
അന്നുവരെയുളള
തിരസ്കാരങ്ങളുടെ
കണക്കുകൂട്ടിയെടുത്ത്
മുടിനാരില്‍ കൂട്ടിക്കെട്ടി
തെക്കേമുറ്റത്തേക്കെറിഞ്ഞുകളഞ്ഞു
എന്തൊക്കെയോ
മെഡലുകള്‍
കിട്ടിയത് പോലവള്‍
നെഗളിച്ചു നടന്നു
ബഹുമാനം കാട്ടി
ചൂളി നിന്നിടത്തൊക്കെ
പുഛിച്ചു ചിരിച്ചു
സ്നേഹത്തിന്‍റെ
പേരിലുള്ള
കുരുക്കുകളെല്ലാം
കൊത്തിയഴിച്ചെടൂത്തു
ഉത്തരവാദിത്ത മെടുത്ത്
തട്ടിന്‍പുറത്തിട്ടു
ഒരു ‘ചിന്നവീടു ‘ണ്ടാക്കിക്കഴിഞ്ഞ
അവളെ നോക്കി
മറ്റവന്മാര്‍ പറഞ്ഞു
‘ഇവള്‍ക്കൊരെല്ലു
കൂടുതലാണല്ലോ’ന്ന്.
അനീസ ഇഖ്ബാൽ
ജൂനിയർ സൂപ്രണ്ട്, DGE തിരുവനന്തപുരം
രണ്ട് കവിതാ സമാഹാരവും പൊള്ളുന്ന പെണ്ണനുഭങ്ങൾ എന്ന എഡിറ്റഡ്’വർക്കും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നുണ്ട്.
COMMENTS