Homeകവിത

ഒറ്റനടത്തം

തസ്മിന്‍

രുട്ടില്‍
കൊടും കാട്ടില്‍
അവള്‍ തനിച്ചാണ്
ചുറ്റിലും ഇലകള്‍
പൂക്കള്‍
പക്ഷികള്‍
പാതാള വഴികള്‍
വെളിച്ച നൂലുകള്‍
നിഴല്‍ ഭയങ്ങള്‍
സീല്‍ക്കാരങ്ങള്‍
പകര്‍ന്നാട്ടങ്ങള്‍
എന്നിട്ടും
കറുത്ത കാട്ടില്‍
അവള്‍ തനിച്ചാണ്

പേടിയുണ്ടോ എന്ന ചോദ്യം വേണ്ടേ വേണ്ട
തീയില്‍ കുരുത്തതാണ് ….

നിലാവെട്ടത്ത്
കാട് പൂക്കുന്നത് കാണാന്‍
തനിച്ചിറങ്ങിപ്പോയവള്‍….
ഒറ്റ നടത്തത്തിനൊപ്പം
കാടിന്‍റെ ഉന്മാദമറിഞ്ഞവള്‍
ഇലപൊഴിഞ്ഞ് തളിര്‍ക്കും പോല്‍
കാടുണര്‍ത്തിച്ചിരിച്ചവള്‍
ഇരുട്ടിനെ കാമിച്ചവള്‍

ഹൊ, എന്തെന്തുണര്‍ത്തുകള്‍

വിഷം തീണ്ടി നീലിച്ച
മൗനാക്ഷരങ്ങള്‍…
തീപാറ്റിയ ചിന്തകള്‍

കടങ്കഥ പോല്‍
നാളെയുദിക്കുന്ന പകലുകള്‍
ഒറ്റുകാരുടെ നോട്ടച്ചെരുവില്‍
അവള്‍
നീണ്ടും വക്രിച്ചും
പല പല കോലങ്ങളില്‍
മാറി മാറി ഇരുണ്ട് വെളുക്കും.

വരൂ
നീ എന്‍റെ മാത്രമെന്ന്
കാട് വിളിക്കുന്നു

മരങ്ങള്‍ക്ക് ചിറക് മുളയ്ക്കുമെന്ന്
അവള്‍ തന്നോട് തന്നെ പറയാറുണ്ട്.
അവയ്ക്ക് ഹൃദയമുണ്ടെന്നും.
എങ്കിലും
അവള്‍ ഉള്‍ക്കാട്ടില്‍ തനിച്ചാണ്

അവിടെ
ഉടലഴിച്ച് മേയുന്ന നേരം
നഗ്നമായ ജീവവഴികളെ
ആര്‍ക്കുമാര്‍ക്കും ചേതമില്ലാതെ
ആസ്വദിക്കാം

ഇരുട്ടൊഴിച്ച് വെട്ടമാക്കുന്ന
ആകാശ മാന്ത്രികനെ
ഒറ്റയ്ക്കൊരിടത്തിരുന്ന് പ്രണയിക്കാം

വസന്തം ഉടലില്‍ നിറയുമ്പോള്‍
ഉള്ളില്‍ കിനിയുന്ന കവിതപോല്‍
ഉന്മാദിനിയാകാം

പെരുമഴത്താളത്തില്‍ ചുവട് വയ്ക്കാം

മരം പെയ്യുമ്പോള്‍ പൊട്ടിച്ചിരിക്കുന്ന മണ്ണിലേയ്ക്കലിഞ്ഞു ചേരാം

വേണമെങ്കിലൊന്ന് പൊട്ടിക്കരയാം
മതിവരുവോളം പൊട്ടിച്ചിരിക്കാം

മഞ്ഞില്‍
വെയിലില്‍
മഴയില്‍
ഇരുട്ടില്‍
പകലില്‍
കാടറിയാം

നടത്തം
പകലോ രാത്രിയോ
നാട്ടിലായാലെന്ത്
എന്നാലോചിക്കുമ്പോള്‍
കാഴ്ചയുടെ വിഭ്രമങ്ങള്‍ക്കതീതമീ
ഒറ്റ നടത്തമെന്ന്
കാടിനെക്കുറിച്ച്
നാട്ടിലിരുന്ന് കവിതയെഴുതുന്നതേസുഖം!

തസ്മിന്‍
അധ്യാപിക, എഴുത്തുകാരി, പ്രഭാഷക

 

COMMENTS

COMMENT WITH EMAIL: 0