Homeഉപ്പും മുളകും

സ്ത്രീ സംവരണമെന്ന അവകാശം

ഗീത

ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും വിജയാഹ്ലാദങ്ങളും അവകാശവാദങ്ങളും ആഘോഷമായിത്തന്നെ നമ്മള്‍ ഈ മഹാവ്യാധിക്കാലത്തും കഴിച്ചുകൂട്ടി. സ്ത്രീകള്‍, പെണ്‍കുട്ടികള്‍, ബുള്ളറ്റ്, ഇരുപത്തൊന്ന്… ഇവ തകൃതിയായി നടക്കുമ്പോഴും നമ്മുടെ ദൈനംദിന ജീവിതത്തില്‍ ആവര്‍ത്തിച്ചു കാണേണ്ടി വന്ന ഒരു ദൃശ്യമുണ്ട്. ബഹു . കേരളാ മുഖ്യമന്ത്രിയുടെ ദിവസേനയുള്ള വാര്‍ത്താ സമ്മേളനം. കോവിഡ്- 19 സംബന്ധിച്ച വാര്‍ത്തകളുടെ അപ്ഡേഷന്‍ ആണ്. ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ എന്ന സ്ത്രീ ആ സമ്മേളനത്തില്‍ ഓരത്ത് നിശബ്ദയായിരിക്കുന്ന ദയനീയ കാഴ്ച. അവരുടെ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുരുഷനായ മുഖ്യമന്ത്രി പറയുന്നതിന്‍റെ നിശബ്ദ- നിഷ്ക്രിയ സാക്ഷ്യമായിരുന്നു ആ വാര്‍ത്താ സമ്മേളനങ്ങളില്‍ അവരുടെ ഒരേയൊരു ദൗത്യം. അതിന് അവരുടെ പാര്‍ട്ടിക്കും മന്ത്രി സഭക്കും തദ്വാരാ അവര്‍ക്കു തന്നെയുമുണ്ടായിരിക്കാം ആയിരക്കണക്കിനു ന്യായീകരണങ്ങള്‍. ആയിക്കോട്ടേ. വിരോധമേ ഇല്ല. പക്ഷേ കണ്ടും കേട്ടുമിരിക്കുന്ന ചില സ്ത്രീകളെയെങ്കിലും ആ സമ്മേളനങ്ങള്‍ ആദ്യം അങ്കലാപ്പിലാക്കുകയും ക്രമേണ അലോസരപ്പെടുത്തുകയും ചെയ്തുവെന്നതു പറയാതെ വയ്യ.
ഒരു എം എല്‍ എ ,ഒരു മന്ത്രി സ്ത്രീയാണെങ്കില്‍ സദസ്സില്‍ പെരുമാറേണ്ട രീതിയെക്കുറിച്ചുള്ള അബോധമായ പഠിപ്പിക്കല്‍ കൂടിയായി ആ സമ്മേളനങ്ങള്‍ മാറി. എന്തുകൊണ്ട് ഒരു വനിതാ മന്ത്രിയോട് അത്തരത്തില്‍ പെരുമാറുന്നുവെന്നത് ആലോചിച്ചു നോക്കേണ്ടതാണ്. അതവര്‍ക്കു തങ്ങള്‍ ഔദാര്യപൂര്‍വം ദാനം ചെയ്ത സ്ഥാനമാണെന്ന് ആ സംഘടനക്കും നേതാക്കള്‍ക്കും തോന്നാനുണ്ടായ കാരണം അതവരുടെ അവകാശമാണെന്ന് അംഗീകരിക്കാന്‍ കഴിയാത്തതുകൊണ്ടു സംഭവിക്കുന്നതാണ്. അതംഗീകരിക്കാന്‍ കഴിയാത്തതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് ആ സീറ്റ് സ്ത്രീക്കു കൊടുക്കാന്‍ നിയമം അനുശാസിക്കുന്നില്ല എന്നതാണ്. നിയമസഭയിലേക്കും മന്ത്രിസഭയിലേക്കുമുള്ള സ്ത്രീ സംവരണം നിയമമായിരുന്നെങ്കില്‍ സംഗതികള്‍ തീര്‍ച്ചയായും മറ്റൊരുവിധമായേനെ.
ഇത് ഒരു വശത്തു മാത്രം സംഭവിക്കുന്ന കാര്യമല്ല. മുസ്ലിം ലീഗ്, കേരളാ കോണ്‍ഗ്രസ് എന്നീ സംഘടനകളില്‍ നിന്ന് എത്ര സ്ത്രീകള്‍ക്ക് എം എല്‍ എ സീറ്റു നല്കപ്പെട്ടുവെന്നത് പ്രധാനമാണ്. ലീഗിലും കേരളാ കോണ്‍ഗ്രസിലുമൊക്കെ ഭരണ പാടവമുള്ള സ്ത്രീകളുണ്ടെന്നു ബോധ്യപ്പെടാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സ്ത്രീസംവരണം നിയമമാകേണ്ടി വന്നില്ലേ? കോണ്‍ഗ്രസിലെ സ്ത്രീകളുടെ കാര്യവും വ്യത്യസ്തമല്ല. ആ പാര്‍ട്ടിയെ സംബന്ധിച്ച ഒരു വ്യത്യാസം അതിന്‍റെ അയഞ്ഞ സംഘടനാ സംവിധാനമാണ്. അതുകൊണ്ടുതന്നെ തങ്ങള്‍ക്കു കൂടുതല്‍ സീറ്റു വേണമെന്നാവശ്യപ്പെടാന്‍ കോണ്‍ഗ്രസ്സിലെ സ്ത്രീകള്‍ക്കു കഴിയുന്നു. അതു നല്കപ്പെടുമോ എന്നുള്ളതു മറ്റൊരു കാര്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കാര്യം നമ്മള്‍ കണ്ടതുമാണ്.
ജയ സാധ്യത കുറഞ്ഞ മണ്ഡലങ്ങള്‍ സ്ത്രീകള്‍ക്കു കൊടുക്കുകയെന്നതാണ് രാഷ്ട്രീയ സംഘടനകള്‍ പൊതുവേ സ്വീകരിക്കുന്ന ഒരു തന്ത്രം. കൊടുത്തോ എന്നു ചോദിച്ചാല്‍ കൊടുത്തു. പക്ഷേ നിയമസഭയില്‍ ഈ സ്ത്രീകള്‍ എത്തുകയുമില്ല. വളരെ കൃത്യമായി പറഞ്ഞാല്‍ കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായ ആണ്‍കോയ്മയുടെ അബോധമായ ഇടപെടല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ വ്യക്തമാണ്. എതിര്‍കക്ഷിയില്‍പ്പെട്ട പുരുഷന്‍ ജയിച്ചു വന്നു കൂടെ ഇരുന്നാലും ഒരു സ്ത്രീ നിയമസഭയില്‍ തുല്യ പദവിയും അധികാരവുമുള്ളവളായി എത്തിച്ചേരരുത്. പരസ്പര ധാരണയില്‍ അല്ലെങ്കില്‍പ്പോലും ഇത്തരമൊരു ഘടകം സക്രിയവും സജീവവുമായി പ്രവൃത്തിക്കുന്നതു കാണാം. അവിടെ സ്ത്രീയും പുരുഷനും മാത്രമാണ് ഘടകങ്ങള്‍ .രാഷ്ട്രീയ നിലപാടുകളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ക്കതീതമായി പുരുഷ മനസുകള്‍ ഒറ്റക്കെട്ടായി ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും സ്വന്തം അധികാര പരിധിയില്‍ നിന്ന് സ്ത്രീകളെ നിഷ്കാസിതകളാക്കുകയും ചെയ്യുന്നു.
ഏതെങ്കിലും ചില പുരുഷന്മാര്‍ മുന്‍കൂട്ടി പദ്ധതിയിട്ട് ഇങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നൊന്നുമല്ല വിവക്ഷ. നൂറ്റാണ്ടുകളുടെ പുരുഷാധികാരബോധം ഏതു പുരുഷനെയും ഇത്തരത്തില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഊര്‍ജം നല്കാന്‍ തക്ക ശേഷിയുള്ളതാണ്. അതു കൊണ്ടു തന്നെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്ത്രീ സംവരണ മണ്ഡലങ്ങള്‍ തന്നെ പ്രഖ്യാപിക്കപ്പെടണം. അല്ലാതെ സമൂഹത്തിന് ഇത്തരമൊരു പ്രതിസന്ധിയെ മറികടക്കാന്‍ സാധ്യമല്ല.
അനുബന്ധം:
20 21 ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ പ്രതിജ്ഞയെടുക്കേണ്ടിയിരിക്കുന്നു – സ്ത്രീകള്‍ക്ക് ജയസാധ്യതയുള്ള മുപ്പതു ശതമാനം മണ്ഡലങ്ങളെങ്കിലും നല്കാന്‍ തയ്യാറാകാത്ത മുന്നണികള്‍ക്ക് വോട്ടു ചെയ്യേണ്ടതില്ല എന്ന്.

 

 

 

ഗീത

COMMENTS

COMMENT WITH EMAIL: 0