Homeചർച്ചാവിഷയം

വിഷമയമാകുന്ന ക്ലാസ് മുറികള്‍

ഡോ.വി. ബിന്ദു

നിശബ്ദമായിരുന്നു ക്ലാസ് അധ്യാപകന്‍ ചോദ്യം ചോദിക്കുവാന്‍ തുടങ്ങുകയാണ് . എല്ലാ മുഖങ്ങളിലും തങ്ങിനില്‍ക്കുന്ന ഭയാനകത. ഉറക്കെ ഒരു ചോദ്യം മുഴങ്ങുന്നു. ചില കൈകള്‍ പതിയെ ഉയരാന്‍ ശ്രമിക്കുന്നുണ്ട്. ടീച്ചറുടെ തറച്ച നോട്ടം പല മുഖങ്ങളില്‍ നിന്നും തെന്നിമാറി ഒരു കുട്ടിയില്‍ ഉടക്കി. അവള്‍ താഴേക്ക് നോക്കിയിരിക്കുകയാണ്.
‘രോഷ്നീ’ നീട്ടിയൊരു വിളി.
സകലരും ഞെട്ടി. ഒരു വിറയലോടെ. രോഷ്നി നിവര്‍ന്നു.
‘നീ ഉത്തരം പറ”
“എനിക്ക് അറിയില്ല സാര്‍.”
അവളുടെ നെഞ്ചിടിപ്പ് ഇപ്പോള്‍ എല്ലാവര്‍ക്കും കേള്‍ക്കാം.
“നിന്നെയൊക്കെ പറഞ്ഞിട്ട് എന്താ കാര്യം. വീട്ടില്‍ ഇരിക്കുന്നവരെ വേണം പറയാന്‍. യൂസ് ലെസ്സ് ഫെലോ.”
ചുണ്ട് കോട്ടി പുച്ഛത്തോടെ ടീച്ചര്‍ പിറുപിറുത്തു. രോഷ്നിയുടെ മനസ്സില്‍ ഒരു വല്ലാത്ത നീറ്റല്‍. ഈ മുറിവ് ചിലപ്പോള്‍ കാലത്തിനു പോലും മായ്ക്കാന്‍ കഴിയില്ല എന്നതാണ് സത്യം. ഞീയലൃേ ങലൃീിേ പറഞ്ഞത് ഇങ്ങനെയാണ് “We get our social image in part by the way others see us and if we think others are seeing us as some stupid loser that is how we are going to see ourselves.”
ശാരീരികമായ ഉപദ്രവത്തെക്കാള്‍ വാക്കാലുള്ള മുറിപ്പെടുത്തല്‍, നിരന്തരമായി വിമര്‍ശനം, ഭയപ്പെടുത്തല്‍, പരിഹാസം, താരതമ്യം ചെയ്യല്‍, താഴ്ത്തി കെട്ടലുകള്‍, മുദ്രചാര്‍ത്തല്‍ ഇവയെല്ലാം തന്നെ വൈകാരികമായി കുട്ടികളെ മാത്രമല്ല ഏതു പ്രായക്കാരെയും തളര്‍ത്താറുണ്ട്. ശാരീരികമായ ഉപദ്രവമൊന്നും നടക്കാത്തതിനാല്‍ മറ്റുള്ളവര്‍ക്ക് ഇത് പലപ്പോഴും നിസ്സാരമായി തോന്നിയേക്കാം. എന്നാല്‍ ഇത്തരത്തിലുള്ള മാനസികവും വൈകാരികവുമായ പീഡനം പലപ്പോഴും ഒരാളെ ഭ്രാന്തിന്‍റെ വക്കിലേക്ക് വലിച്ചിട്ടേക്കാം. ഡിപ്രഷന്‍, അപകര്‍ഷതാബോധം, ഉള്‍വലിയല്‍, ആത്മഹത്യ, പുകവലി, മദ്യപാനം, ലഹരി ഉപയോഗം, വീട് വിട്ട് ഇറങ്ങിപ്പോകല്‍, ആക്രമണ സ്വഭാവം, ബന്ധങ്ങളില്‍ സംഭവിക്കുന്ന വിടവ് ഇങ്ങനെ പലതും വൈകാരികപീഡനത്തിന്‍റെ അനന്തരഫലങ്ങളായി കാണാന്‍ സാധിക്കും. ക്ലാസ് മുറികളിലെ ഇമോഷണല്‍ അബ്യൂസ് ഏറ്റവും വലിയ ദുരന്തമായി പല പഠനങ്ങളും പറയുന്നുണ്ട്. കുട്ടികളുടെ മനസ്സ് വളരെ ദുര്‍ബലമാണ്. അംഗീകാരവും അനുമോദനവും വേണ്ട കാലങ്ങളില്‍ അവരെ തളര്‍ത്തുന്ന വാക്കുകള്‍ കുട്ടികളെ പഠനത്തില്‍ വളരെ പുറകിലേക്ക് കൊണ്ട് പോകും എന്നതില്‍ ഒരു സംശയവുമില്ല. പലതരം മാനസിക പെരുമാറ്റ വൈകല്യങ്ങള്‍ക്കൊപ്പം തന്നെ സൈക്കോ രോഗങ്ങള്‍ക്കും ഇവര്‍ അടിമപ്പെട്ട് കാണാറുണ്ട്. അവരുടെ വ്യക്തിത്വത്തിന് അവര്‍ക്ക് യാതൊരു മതിപ്പും കാണുകയില്ല. ആത്മവിശ്വാസം ഇല്ലാതെ ജീവിതം മുഴുവന്‍ ഇവര്‍ക്ക് തള്ളി നീക്കേണ്ടി വരും. മറ്റുള്ളവരുടെ മുന്നില്‍ വച്ച് കുട്ടികളെ കൊച്ചാക്കുക, ഒറ്റപ്പെടുത്തുക, വാക്കുകൊണ്ടോ പെരുമാറ്റം കണ്ടോ അംഗവിക്ഷേപങ്ങള്‍ കൊണ്ടോ അപമാനിക്കുക എന്നത് പല അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും ഒരു ക്രൂരവിനോദം ആയി തോന്നിയിട്ടുണ്ട് പലപ്പോഴും. ഇത് പലപ്പോഴും മുതിര്‍ന്നവരുടെ തന്നെ വികലമായ വ്യക്തിത്വം കൊണ്ടോ അവരുടെ തന്നെ മാനസിക രോഗങ്ങള്‍ മൂലമോ ആകാം. ഇത്തരത്തില്‍ കുട്ടികളെ മാനസികമായി തകര്‍ക്കാന്‍ ശ്രമിക്കുന്നത് കുട്ടികളില്‍ അച്ചടക്കബോധം ഉണ്ടാക്കാനാണ് എന്നുള്ള വ്യാജേനയാണ് പല അധ്യാപകരും ഈ രീതി പിന്തുടരുന്നത്. കുട്ടികളെ പരിഹസിച്ചും ഭയപ്പെടുത്തിയും പഠിപ്പിക്കാമെന്നും അനുസരിപ്പിക്കാമെന്നും ഇക്കൂട്ടര്‍ വിശ്വസിക്കുന്നു . എന്നാല്‍ അറിഞ്ഞോ അറിയാതെയോ അവര്‍ തകര്‍ത്തു താറുമാറാക്കുന്നത് ഒരു ജീവിതം മാത്രമാവില്ല. ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന പല ജീവിതങ്ങള്‍ കൂടിയാണ്. ഒരിക്കല്‍ ഒരു അച്ഛനും അമ്മയും എന്‍റെ മുറിയില്‍ വന്നു . അവരുടെ മകള്‍ പതിനൊന്നാം ക്ലാസ്സിലാണ്. പരീക്ഷയില്‍ മാര്‍ക്ക് അല്പം കുറവാണ് കിട്ടാറുള്ളത് .അവളെ ഞാന്‍ മുറിയിലേക്ക് വിളിപ്പിച്ചു. “നിനക്ക് ആരാകണം ഭാവിയില്‍” “എനിക്ക് ഒരു പൈലറ്റ് ആകാന്‍ ആണ് ആഗ്രഹം.” അവള്‍ പറഞ്ഞു തീരും മുന്‍പേ അച്ഛനും അമ്മയും കൂടെ പൊട്ടിച്ചിരിച്ചു. ഇവളോ പൈലറ്റോ വല്ല ഓട്ടോയും ഓടിച്ചു പഠിക്കാന്‍ പറ മാഡം. അവരെ ഞാന്‍ വളരെ രൂക്ഷമായി തന്നെ നോക്കി. എല്ലാം നഷ്ടപ്പെട്ടവളെപ്പോലെ നിന്ന അവളോട് ക്ലാസിലേക്ക് തിരിച്ചു പോകാന്‍ ഞാന്‍ പറഞ്ഞു. നിങ്ങള്‍ക്ക് സ്വന്തം കുട്ടിയില്‍ വിശ്വാസമില്ലെങ്കില്‍ ഈ ലോകത്ത് ഒരാള്‍ക്കും അവളെ രക്ഷിക്കാനോ ഉയര്‍ത്താനോ കഴിയില്ല. അവളിലുള്ള വിശ്വാസം നഷ്ടപ്പെട്ട് നിങ്ങള്‍ പറയുന്നതാണ് അവള്‍ വിശ്വസിക്കുക . മാതാപിതാക്കള്‍ എന്ന നിലയില്‍ നമുക്ക് കൊടുക്കാന്‍ കഴിയുന്നത് സന്തോഷം വിശ്വാസം ഇവയൊക്കെയാണ്. മാര്‍ക്ക് അല്ല ജീവിതവിജയത്തിനു വേണ്ടത് . അവളെ വിശ്വസിക്കൂ. ഒരുനാള്‍ പൈലറ്റായി അവള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. ഞാന്‍ പറഞ്ഞു നിര്‍ത്തി. അവരുടെ കണ്ണുകള്‍ നിറയുന്നതു പോലെ തോന്നി. മറ്റുള്ളവരുടെ പ്രത്യേകിച്ച് അധ്യാപകരുടെ അല്ലെങ്കില്‍ രക്ഷാകര്‍ത്താക്കളുടെ വാക്കുകള്‍ക്ക് ഹിപ്നോട്ടൈസ് ചെയ്യാനുള്ള കഴിവുണ്ടെന്ന് പലര്‍ക്കുമറിയില്ല . പലപ്പോഴും കൗണ്‍സിലിംഗ് സെഷനുകളില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ളത് പെരുമാറ്റ വൈകല്യങ്ങളും മാനസിക പ്രശ്നങ്ങള്‍ക്കും പിന്നില്‍ വളരെ പണ്ട് അധ്യാപകരും രക്ഷാകര്‍ത്താക്കളും പറഞ്ഞ വാക്കുകളോ പെരുമാറ്റമോ ആകാം എന്നുള്ളതാണ് . അവരോടുള്ള സ്നേഹം കൊണ്ടാണ് ‘ചീത്ത’ പറഞ്ഞത് എന്നാണ് മിക്കവരുടെയും ന്യായീകരണം. സ്നേഹംകൊണ്ട് എങ്ങനെ പുച്ഛിക്കാനും മനസ്സില്‍ മുറിപ്പെടുത്താനും കഴിയുമെന്നത് എല്ലാവരും ആലോചിക്കേണ്ട വിഷയമാണ്. മറ്റുള്ളവരോട് നന്നായി പെരുമാറാന്‍ കഴിയുന്നവര്‍ തന്നെയാണ് ഏറ്റവും വേണ്ടപ്പെട്ടവരോട് മോശമായി പെരുമാറുന്നതും സംസാരിക്കുന്നതും. നീ എപ്പോഴും വൈകിയേ വരൂ. ഇരുപത്തിനാലു മണിക്കൂറും കളിയാണ്. നീ ഒരിക്കലും വീട് വൃത്തിയാക്കി വെക്കില്ല. നീ എപ്പോഴും തര്‍ക്കുത്തരം പറയും. നീ ഒരിക്കലും എന്നെ സ്നേഹിച്ചിട്ടില്ല. എപ്പോഴും എല്ലാവരും ഇങ്ങനെയൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. ‘എപ്പോഴും’ ‘ഒരിക്കലും’ ഈ രണ്ടു വാക്കുകള്‍ അപകടകാരികളാണ് . ഇങ്ങനെ പൊതുവായി പറയുമ്പോള്‍ ഒന്ന് ഓര്‍ത്തു നോക്കൂ ഒരാള്‍ക്ക് എപ്പോഴും മൊബൈല്‍ നോക്കി ഇരിക്കാന്‍ പറ്റുമോ. എപ്പോഴെങ്കിലും നേരത്തെ ക്ലാസ്സില്‍ വരണമെന്ന് കുട്ടിക്കു തോന്നിക്കൂടെ . ശാരീരിക പോരായ്മകള്‍, പൊക്കം, പഠനവൈകല്യങ്ങള്‍, നിറം, ശരീരത്തിലെ വണ്ണം, കുടുംബപശ്ചാത്തലം, ജാതിപ്പേര്, വ്യക്തിയുടെ പേര് ഇതെല്ലാം മാനസികവും വൈകാരികവുമായ പീഡനത്തിന് ഇരകളാകാന്‍ ചെറുപ്രായത്തിലെ കുട്ടികള്‍ക്കു കാരണങ്ങള്‍ ആയി മാറാറുണ്ട്. അധ്യാപക രക്ഷാകര്‍ത്തൃ മീറ്റിംഗുകള്‍ പലപ്പോഴും കുട്ടികള്‍ക്ക് മാനസിക പീഡനാനുഭവം ആയി മാറുന്നത് കണ്ടിട്ടുണ്ട്. ഡല്‍ഹിയില്‍ ഒരു സ്കൂളില്‍ തന്നെ നടന്ന കൊലപാതകം പോലും ഇത്തരത്തിലുള്ള ഒരു മീറ്റിംഗ് ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു എന്നറിയുമ്പോള്‍ ഈ വിഷയം സ്കൂളുകള്‍ എത്ര ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടി ഇരിക്കുന്നു എന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. അധ്യാപകര്‍ക്ക് ഈ വിഷയത്തില്‍ വേണ്ട രീതിയില്‍ അവബോധം കൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അവരുടെ വാക്കുകളും പെരുമാറ്റവും എങ്ങനെ ആകണം എങ്ങനെ ആയിക്കൂടാ എന്ന് അവര്‍ തിരിച്ചറിയണം. സ്കൂളിലെ പ്രധാനാധ്യാപകര്‍ വളരെ പ്രാധാന്യത്തോടെ ഈ വിഷയങ്ങള്‍ ചോദിച്ചറിയുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ് . ക്ലാസ് മുറികളില്‍ എന്തു നടക്കുന്നു എന്ന് അവര്‍ നേരിട്ട് അറിയണം . കുട്ടികളും രക്ഷാകര്‍ത്താക്കളും ആയി തുറന്ന് ആശയവിനിമയത്തിന് തയ്യാറാകണം .അവരെയും ഈ വിഷയത്തില്‍ ബോധവല്‍ക്കരണം ചെയ്യണം .ക്ലാസ് പിടിഎ രൂപീകരിച്ച ഒത്തുചേരുകയും സുതാര്യമായി എല്ലാം തുറന്നു സംസാരിക്കുവാന്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും അവസരം കൊടുക്കേണ്ടതുമാണ്. ഓര്‍ക്കുക കുട്ടികള്‍ മാത്രമല്ല നമ്മള്‍ ഓരോരുത്തരും കേള്‍ക്കേണ്ട വാക്കുകള്‍ ഉണ്ട് . നമ്മുടെ ജീവിതത്തിന് ഊര്‍ജ്ജം നല്‍കുന്ന നമ്മളെ തട്ടിയുണര്‍ത്താന്‍ കെല്‍പ്പുള്ള വാക്കുകള്‍. അനുമോദനത്തിന്‍റേയും അംഗീകാരത്തിന്‍റേയും അടുപ്പത്തിന്‍റേയും വാക്കുകള്‍.

 

 

 

 

 

ഡോ.വി. ബിന്ദു
പ്രിന്‍സിപ്പല്‍,
ഹോസര്‍ പബ്ലിക് സ്കൂള്‍, തമിഴ്നാട്

COMMENTS

COMMENT WITH EMAIL: 0