Homeചർച്ചാവിഷയം

വൈകാരിക പീഡനം എങ്ങനെ തിരിച്ചറിയാം? പരിഹാരമെന്ത്?

വാണിദേവി

കള്‍, ഭാര്യ, അമ്മ എന്നിങ്ങനെ എല്ലാ തലങ്ങളിലും നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവരുന്നവരാണ് സ്ത്രീകള്‍. നമുക്ക് ചുറ്റുമുള്ള സ്ത്രീകളില്‍ പലരും ലൈംഗിക ചൂഷണങ്ങള്‍ക്കും സ്ത്രീധന ഗാര്‍ഹിക പീഡനങ്ങള്‍ക്കും ഇരയായവരും ഇരകളായി ഇപ്പോഴും തുടരുന്നവരുമാണ്. സ്വന്തം കുടുംബത്തിനുള്ളില്‍ തന്നെ സ്ത്രീകള്‍ വൈകാരിക അധിക്ഷേപങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാക്കപ്പെടുന്നത് മറ്റെല്ലാം പീഡനങ്ങളും പോലെ ഏറെ ഗൗരവതരമാണ്. ഞാന്‍ അടുത്തിടെ പരിചയപ്പെട്ട, ഒരു യുവതിയുടെ യാഥാര്‍ത്ഥ ജീവിതകഥയിലൂടെ വിഷയത്തിലേക്ക് കടക്കാം;
സ്വന്തമായി സംരംഭം പടുത്തുയര്‍ത്തി സമൂഹത്തില്‍ ഏറെ അഭിമാനത്തോടെ ജീവിക്കുന്ന 36 കാരിയാണ് രാജി (പേര് സാങ്കല്‍പ്പികം). ഉന്നത ഉദ്യോഗസ്ഥ ദമ്പതികളുടെ രണ്ടു മക്കളില്‍ ഏക പെണ്‍കുട്ടിയായാണ് രാജി ജനിച്ചു വളര്‍ന്നത്. പ്ലസ് ടു കാലഘട്ടത്തില്‍ തന്നെ ഇടത്തരം കുടുംബത്തിലെ യുവാവായ രമേശുമായി രാജി ഇഷ്ടത്തിലായി. ഡിഗ്രി പഠനത്തിന്‍റെ അവസാനകാലത്തോടെ ഇവര്‍ വിവാഹിതരാകുകയും ചെയ്തു. ഇവരുവര്‍ക്കും ഒരു മകളുമുണ്ടായി. ഇതിനിടെ രമേശിന്‍റെ ഡല്‍ഹിയിലെ ജോലി സ്ഥലത്തേക്ക് ഇവര്‍ താമസം മാറി.
ക്രമേണ രമേശിന്‍റെ സ്വഭാവത്തിലുണ്ടായ മാറ്റം രാജി ശ്രദ്ധിക്കാന്‍ തുടങ്ങി. കുട്ടിയെ ഒന്ന് എടുക്കാന്‍ പോലും അയാള്‍ പലപ്പോഴും തയാറായിരുന്നില്ല. മര്‍ദ്ദനവും ശകാരവുമൊക്കെ പതിവായി. അവഗണനയും പീഡനങ്ങളും വര്‍ധിച്ചതോടെ രാജി മകളുമായി സ്വന്തം വീട്ടിലേക്ക് മടങ്ങി.
വീട്ടിലെത്തിയ രാജി പഠനം തുടര്‍ന്നു. ഇതിനിടെ രമേശിന്‍റെ ഭാഗത്ത് നിന്നുള്ള ഫോണ്‍ വിളികളും ക്രമേണ കുറഞ്ഞു. വര്‍ഷത്തില്‍ ഒന്നോ, ഏറിയാല്‍ രണ്ടു തവണ മാത്രമായിരുന്നു രമേശ് നാട്ടില്‍ എത്തിയിരുന്നത്. ഇതിനിടെ പല സ്ത്രീകളുമായും രമേശ് അടുപ്പം പുലര്‍ത്തിയിരുന്നതായി അയാളുടെ തന്നെ സുഹൃത്തുക്കള്‍ വഴി രാജി അറിഞ്ഞു. ഡല്‍ഹിയില്‍ നിന്നും എറണാകുളത്തെ വീട്ടിലേക്ക് എത്തേണ്ട രമേശ്, തിരുവനന്തപുരത്ത് വിമാനം ഇറങ്ങി വിവാഹിതയായ മറ്റൊരു സ്ത്രീക്കൊപ്പം രണ്ടു ദിവസം ചെലവഴിച്ച ശേഷമാണ് വീട്ടിലെത്തുന്നത്. രമേശിനുണ്ടായിരുന്ന ഒന്നിലധികം വിവാഹേതര ബന്ധങ്ങള്‍ തെളിവ് സഹിതം പലപ്പോഴും കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഇക്കാര്യം അയാളോട് നേരിട്ട് ചോദിക്കാന്‍ രാജിക്ക് ഭയമായിരുന്നു.
പത്ത് ദിവസത്തെ അവധിക്കാണ് രമേശ് വീട്ടില്‍ എത്തുന്നതെങ്കിലും ആ ദിവസങ്ങളില്‍ ശാരീരികവും മാനസികവുമായ കൊടിയ പീഡനമാണ് രാജിക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. രാജിയുടെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും മുന്നില്‍ വളരെ സൗമ്യനായി ഇടപെട്ടിരുന്ന രമേശ്, പക്ഷെ രാജിയോട് അങ്ങനെ ആയിരുന്നില്ല. രമേശ് പുറത്ത് നല്ലൊരു ഇമേജ് ഉണ്ടാക്കിയെടുത്തിട്ടുള്ളതിനാല്‍ താന്‍ അനുഭവിക്കുന്ന പീഡനം രാജിക്ക് സ്വന്തം മാതാപിതാക്കളോട് പോലും തുറന്നു പറയാനായില്ല. രമേശിനെക്കുറിച്ച് എന്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ലെന്നതു തന്നെയായിരുന്നു കാരണം.
രാജി ഒറ്റയ്ക്കുള്ള അവസരങ്ങളില്‍ ഇടതടവില്ലാതെ മാനസികവും വൈകാരികവുമായി പീഡിപ്പിക്കുക എന്നതാണ് ഇയാളുടെ രീതി. ഇതിനിടെ രമേശ് രാജിയെ സംശയിക്കാനും തുടങ്ങി. രാജിയുമായി സൗഹൃദമുള്ള എല്ലാവരിലേക്കും ആ സംശയം നീണ്ടു. രാജി ആരോടൊക്കെ സംസാരിക്കുന്നു എന്നറിയാന്‍ ഫോണില്‍ സോഫ്ട് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷമാണ് ഇയാള്‍ ജോലി സ്ഥലത്തേക്ക് മടങ്ങുന്നത്. ഒരിക്കല്‍ രാജിയുടെ വാട്സാപ് സ്വന്തം ലാപ്പില്‍ തുറന്ന ശേഷമാണ് രമേശ് ഡല്‍ഹിയിലേക്ക് പോയത്.
വിളിക്കുന്നത് വല്ലപ്പോഴുമാണെങ്കിലും അപ്പോഴൊക്കെ കുറ്റപ്പെടുത്തലുകള്‍ മാത്രമാണ് രമേശിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. ഇതിനിടെ ഒരു ആണ്‍കുട്ടി കൂടി ഇവര്‍ക്കുണ്ടായി. എന്നാല്‍ ഈ കുട്ടികള്‍ എങ്ങനെ വളരുന്നുവെന്ന് അന്വേഷിക്കാനോ അവരോടു ഫോണില്‍ സംസാരിക്കാനോ രമേശിന് സമയമില്ല. നാട്ടില്‍ എത്തിയാല്‍ രാവിലെയും വൈകുന്നേരവുംڔ അമ്പലത്തില്‍ പോകുന്നത് രമേശിന് നിര്‍ബന്ധമാണ്. എന്നാല്‍ ഭാര്യയെയോ മക്കളെയോ ഒപ്പം കൂട്ടാന്‍ തയാറല്ല. സ്വസ്ഥമായി പ്രാര്‍ഥിക്കാന്‍ സാധിക്കില്ലെന്നതാണ് ഇതിനു നല്‍കുന്ന ന്യായീകരണം.
ഇതിനിടെ ആറു വര്‍ഷത്തിനു ശേഷം രമേശിന് നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടി.ഡല്‍ഹിയില്‍ڔ ഒപ്പമുണ്ടായിരുന്ന പെണ്‍സുഹൃത്ത് ഭര്‍ത്താവിനൊപ്പം വീണ്ടും പോയത് കോവിഡ് കാലത്ത് രമേശിനെ അസ്വസ്ഥനാക്കി. ലോക് ഡൗണ്‍ കാലത്ത് മറ്റു പെണ്‍സുഹൃത്തുക്കളും പല കാരണങ്ങള്‍ കൊ ണ്ടും രമേശുമായുള്ള ബന്ധം മുറിച്ചു. കോവിഡ് ഭീതിയും ഒറ്റപ്പെടലും രമേശിനെ അസ്വസ്ഥനാക്കി. ഇതോടെ നാട്ടിലേക്ക് വരാന്‍ തീരുമാനിക്കു കയായിരുന്നു.
ഇതിനിടെ രാജി 2016 മുതല്‍ നാട്ടില്‍ സ്വന്തമായി ഒരു സംരംഭം ആരംഭിച്ചിരുന്നു. രമേശ് ഡല്‍ഹിയില്‍ ആയിരുന്ന കാലത്ത് കുട്ടികളുടെ ചെലവിന് പോലും പണം നല്‍കാന്‍ തയാറാകാത്തതാണ് സ്വന്തം കാലില്‍ നില്‍ക്കണമെന്ന ദൃഢനിശ്ചയത്തില്‍ എത്താന്‍ രാജിയെ പ്രേരിപ്പിച്ചത്. രമേശ് വീണ്ടും നാട്ടിലേക്ക് മടങ്ങി എത്തുമെന്നത് രാജിയെയും അസ്വസ്ഥയാക്കി. ആദ്യ ദിവസങ്ങളില്‍ സ്നേഹത്തോടെയായിരുന്നു രമേശിന്‍റെ പെരുമാറ്റം. തനിക്ക് ഒരുപാട് തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും ഇനിയെങ്കിലും എനിക്ക് ഭാര്യയെ സ്നേഹിക്കണമെന്നുമാണ് രമേശ് രാജിയോട് ഇടയ്ക്കിടെ പറഞ്ഞിരുന്നത്. ഇതിനു പിന്നാലെ ഇനി ഡല്‍ഹിയിലേക്ക് ഇല്ലെന്നു തീരുമാനിച്ച രമേശ് നാട്ടിലേക്ക് സ്ഥലം മാറ്റം സംഘടപ്പിക്കുകയും ചെയ്തു. എന്നാല്‍ രമേശിന്‍റെ സ്വഭാവം ക്രമേണ മാറാന്‍ തുടങ്ങി. വീണ്ടും രാജിയെ സംശയമായി. ഫോണ്‍ പരിശോധിക്കലും പതിവാക്കി. ഇതിനു പിന്നാലെ രമേശും രാജിക്കൊപ്പം അവളുടെ ഓഫീസില്‍ എത്തുന്നത് പതിവാക്കി. കുത്തു വാക്കുകള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും പുറമെ ഓഫീസില്‍ പോലും അങ്ങോട്ടോ ഇങ്ങോട്ടോ രാജിയെ അനങ്ങാന്‍ സമ്മതിക്കാത്ത രീതിയിലായിരുന്നു രമേശിന്‍റെ പെരുമാറ്റം. ഓഫീസും വീടും ഒന്നാക്കാന്‍ പറ്റില്ലെന്ന് രാജി പറഞ്ഞെങ്കിലും രമേശ് നിഴലു പോലെ രാജിയെ വീര്‍പ്പുമുട്ടിക്കാന്‍ തുടങ്ങി. ഇതിനിടെ രാജിയുടെ ഓഫീസിലെ കമ്പ്യൂട്ടറില്‍ സംഭഷണങ്ങള്‍ റെക്കോഡ് ചെയ്യാനുള്ള ഫോണും രമേശ് രഹസ്യമായി ഘടിപ്പിച്ചു. താന്‍ എപ്പോഴെങ്കിലുമൊക്കെ പുറത്തു പോകുമ്പോള്‍ രാജി ആരോടൊക്കെ എന്തൊക്കെ സംസാരിക്കും എന്നതു കണ്ടെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഈ രഹസ്യ ഫോണ്‍ രാജിയും സഹപ്രവര്‍ത്തകരും കണ്ടെടുത്തതോടെ രമേശ് ഓഫീസിലേക്കുള്ള പതിവ് വരവ് അവസാനിപ്പിച്ചു.
എങ്കിലും വീട്ടില്‍ ഇരുന്ന് പണി തുടര്‍ന്ന രമേശ്, രാജിയെ ഓരോ മിനിട്ടും ഇടവിട്ട് ഫോണില്‍ വിളിക്കാന്‍ തുടങ്ങി. സ്നേഹത്തോടെയാണ് സംഭാഷണം തുടങ്ങുന്നതെങ്കിലും രാജിയെ മാനസികമായി തകര്‍ക്കുന്ന രീതിയിലാണ് അവ അവസാനിക്കുന്നത്. തുടര്‍ച്ചയായി ഭര്‍ത്താവ് വിളി തുടങ്ങിയതോടെ രാജിക്കും ജോലിയില്‍ ശ്രദ്ധിക്കാന്‍ പറ്റാതെയായി. ഇതോടെ പലപ്പോഴും രാജി രമേശിന്‍റെ ഫോണ്‍ കോള്‍ കണ്ടില്ലെന്നു നടിക്കും. വൈകുന്നേരം വീട്ടില്‍ എത്തുമ്പോള്‍ അതേച്ചൊല്ലിയാകും രമേശിന്‍റെ സംസാരം. രാജിയെ വൈകാരികമായി പീഡിപ്പിച്ച് മാനസികമായി തകര്‍ക്കുക എന്നത് മാത്രാണ് അയാളുടെ ലക്ഷ്യം. ഇതിനിടെ രാജിയുടെ സ്ഥാപനം അടയ്ക്കണമെന്ന ആവശ്യവും രമേശ് മുന്നോട്ടു വച്ചു. എന്നാല്‍ രാജി അതിനു തയാറായില്ല.
രമേശ് അടിസ്ഥാനപരമായി ഒരു ഫ്രോഡ് ആണെന്നു മനസിലാക്കിയ രാജി ഇപ്പോള്‍ എന്തും നേരിടാന്‍ ഏറെ ശക്തയാണ്. വീട്ടിലുണ്ടെങ്കിലും കുട്ടികള്‍ക്കു വേണ്ടി പോലും ഒന്നും ചെയ്യാന്‍ തയാറാകാത്ത രമേശ് തനിക്കും കുട്ടികള്‍ക്കും ജീവിതകാലം മുഴുവന്‍ ഒരു ബാധ്യതയാണെന്ന് രാജിക്ക് അറിയാം. രമേശിനൊപ്പമുള്ള ജീവിതത്തില്‍ തനിക്കും ഒരിക്കലും സമാധാനം കിട്ടില്ലെന്നും രാജി പറയുന്നു. ഒരിക്കല്‍ സ്നേഹമായിരുന്ന രമേശിനോട് തനിക്ക് ഇപ്പോള്‍ പുച്ഛവും വെറുപ്പും മാത്രമാണ് തോന്നുന്നത്. ഇത്തരം മനോവൈകൃതമുള്ള ഒരാളെ നന്നാക്കിയെടുക്കാന്‍ ഒരിക്കലും പറ്റില്ലെന്നും രാജിക്ക് അറിയാം. എതായാലും സ്വന്തം ആത്മാഭിമാനവും കുട്ടികളുടെ ഭാവിജീവിതവും പണയപ്പെടുത്തി ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തില്‍ എത്തിയിരിക്കുകയാണ് രാജി.
ഈ ജീവിത കഥയില്‍ ഗാര്‍ഹിക ലൈംഗിക പീഡനങ്ങളേക്കാള്‍ രാജി എന്ന സ്ത്രീയെ ഏറെ തകര്‍ത്തത് വൈകാരിക പീഡനമാണെന്നതു വ്യക്തം. ലൈംഗികവും ശാരീരികവും ഗാര്‍ഹികവുമായ പീഡനങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാം. അതുകൊണ്ടു തന്നെ പലരും ഇത്തരം പീഡനങ്ങള്‍ക്ക് നിയമപരമായ പരിഹാരം ഉണ്ടെന്ന് ബോധ്യമുള്ളവരും ന്യൂനപക്ഷമെങ്കിലും അതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുന്നവരുമാണ്. എന്നാല്‍ വൈകാരിക പീഡനങ്ങള്‍ക്ക് നിയമപരിഹാരം ഉണ്ടെന്നോ അത് വലിയൊരു കുറ്റമാണെന്നോ വൈകാരിക പീഡനമെന്നത് ഉണ്ടെന്നോ അത് അനുഭവിക്കുന്ന പലരും ഇന്നും തിരിച്ചറിയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.വൈകാരിക പീഡനത്തിന് ഇരയാകുന്നവര്‍ ക്രമേണ എല്ലാ തെറ്റുകളും തന്‍റേതാണെന്ന ചിന്തയില്‍ മാനസികമായി തകര്‍ന്ന് ആത്മാഭിമാനം പോലും തകരുന്ന അവസ്ഥയിലേക്കാണ് എത്താറുള്ളത്. എന്നാല്‍ രാജിയെ പോലെ ചില സ്ത്രീകളെങ്കിലും ഇതിനെതിരെ ശക്തമായി പ്രതികരിക്കുന്നുണ്ടെന്നത് ആശാവഹമാണ്.

വൈകാരിക പീഡകരുടെ പെരുമാറ്റങ്ങളും ശീലങ്ങളും; അപമാനിക്കല്‍, അവഗണന, കുറ്റപ്പെടുത്തല്‍
നിസ്സാരപ്രശ്നങ്ങളുടെ പേരില്‍ പോലും മാനസികമായി അവഹേളിച്ചും അഭിപ്രായങ്ങളെ പരിഹസിച്ചു തള്ളിയും കുറ്റപ്പെടുത്തിയുമാണ് ഇത്തരം പീഡകര്‍ ഇരയ്ക്കു മേല്‍ മാനസിക മേധാവിത്വം നേടുന്നത്.
ഉദാഹരണമായി നീ ഒരു ലോക പരാജയമാണെന്നോ, ദുരന്തമെന്നോ ഇടയ്ക്കിടെ പറഞ്ഞ് ഇരകളെ മാനസികമായി അടിച്ചമര്‍ത്തും. എപ്പോഴും കുറ്റപ്പെടുത്തും. നീ ഒരിക്കലും നന്നാകില്ലെന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കും. നീ നന്നാകാന്‍ ശ്രമിക്കുന്നുണ്ട് പക്ഷെ നിന്നെക്കൊണ്ട് അതിന് സാധിക്കില്ലെന്നു പറഞ്ഞും ഇത്തരക്കാര്‍ ഇരകളെ തളര്‍ത്തും. അതുമല്ലെങ്കില്‍ നിങ്ങളെ സംബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം പറയാന്‍ ശ്രമിക്കുമ്പോള്‍ കണ്ണുരുട്ടിയോ മറ്റെന്തെങ്കിലും തരത്തിലോ അതിനെ തടയും. ഇനി നിങ്ങളെ പരിഹസിക്കുന്നത് ചോദ്യം ചെയ്താല്‍ ഞാന്‍ അത് തമാശയ്ക്ക് പറഞ്ഞതല്ലേയെന്നു പറഞ്ഞ് ഒഴിഞ്ഞു മാറും. പുറത്തേക്ക് പോകാന്‍ ഒരുങ്ങി ഇറങ്ങിയാല്‍, നിന്‍റെ മുടി ശരിയല്ല അല്ലെങ്കിലും നീ കൊള്ളില്ല എന്ന തരത്തിലുള്ള കുറ്റപ്പെടുത്തലുകളും പതിവായി നടത്തും. നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്നു പറയുന്നതിനൊപ്പം എന്തെങ്കിലും നേട്ടമുണ്ടെങ്കില്‍ അതെല്ലാം താന്‍ കാരണമാണെന്നും ഇത്തരം പീഡകര്‍ പറയും. നിങ്ങള്‍ക്ക് ഇഷ്ടമുള്ള എന്തുകാര്യത്തെയും ഇവര്‍ പരിഹസിച്ചുകൊണ്ടേയിരിക്കും. നിങ്ങള്‍ക്ക് വിഷമമുണ്ടാക്കാക്കുന്ന ഏതെങ്കിലും ഒരു കാര്യം തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ ഇടയ്ക്കിടെ അതു പറഞ്ഞ് നിങ്ങളെ മാനസികമായി തളര്‍ത്തിക്കളയും.

നാണംകെടുത്തി ആധിപത്യം സ്ഥാപിക്കും
നിങ്ങളുടെ കുറവുകള്‍ കണ്ടെത്തി നിങ്ങള്‍ക്കു മേല്‍ മാനസിക ആധിപത്യം സ്ഥാപിക്കാന്‍ ഇത്തരക്കാര്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളിലൊന്നാണ് പരസ്യമായി നാണം കെടുത്തല്‍. കുട്ടികളെയും കൊണ്ട് എങ്ങോട്ടെങ്കിലും പോകുമെന്നും എനിക്ക് ഇഷ്ടമുള്ളത് ചെയ്യുമെന്നുമൊക്കെ ഭീഷണിപ്പെടുത്തിയും ഇവര്‍ ആധിപത്യം സ്ഥാപിക്കുക. അയാള്‍ ഫോണ്‍ ചെയ്യുമ്പോഴോ മെസേജ് അയയ്ക്കുമ്പോഴോ അപ്പോള്‍ തന്നെ പ്രതികരിക്കണമെന്ന് ശഠിക്കും. നിങ്ങളുടെ ഫോണിലെ സെര്‍ച്ച് ഹിസ്റ്ററി, ആര്‍ക്കൊക്കെ മെസേജുകള്‍ അയച്ചു, ആരെയൊക്കെ വിളിച്ചു, ഏതൊക്കെ മെയിലുകള്‍ വന്നു ഇതൊക്കെ ഇവര്‍ ഇടയ്ക്കിടെ പരിശോധിച്ചുകൊണ്ടേയിരിക്കും. നിങ്ങളുടെ എല്ലാ കാര്യങ്ങളിലും അയാളാകും തീരുമാനം എടുക്കുക. പണം വേണമെങ്കില്‍ പോലും അപേക്ഷിക്കേണ്ട അവസ്ഥയുണ്ടാക്കും.
ഭക്ഷണം എടുത്തു വയ്ക്കൂ, കിടക്ക വിരിക്കൂ തുടങ്ങിയ ആജ്ഞകളും ഇത്തരക്കാരുടെ ഭാഗത്ത് നിന്നുണ്ടാകും. നിങ്ങള്‍ എന്ത് ധരിക്കണമെന്നു തീരുമാനിക്കുന്നതു പോലും അയാളായിരിക്കും. കുട്ടികളെ പേടിപ്പിക്കുന്നതു പോലെ നിങ്ങളെയും അയാള്‍ ഭയപ്പെടുത്തും. പൊതുസമൂഹത്തില്‍ ഇത്തരക്കാര്‍ മാന്യന്‍മാരായി പെരുമാറുമെങ്കിലും വീടിനുള്ളിലെത്തിയാല്‍ എല്ലാം പഴയതു പോലെയാകും. എല്ലാവരും പറയുന്നു നീ ശരിയല്ല, അല്ലെങ്കില്‍ മോശക്കാരിയാണ് തുടങ്ങിയ കുറ്റപ്പെടുത്തലുകളും ഇടയ്ക്കിടെയുണ്ടാകും.
നിങ്ങളെ കുറ്റവാളിയാക്കും സ്വന്തം കുറ്റം സമ്മതിക്കില്ലڔ
ഒരു തര്‍ക്കം സൃഷ്ടിക്കുന്നതിനു വേണ്ടി മാത്രം തര്‍ക്കിക്കാന്‍ തുടങ്ങുകയും പരസ്പരവിരുദ്ധമായ വാചകങ്ങള്‍ പറയുകയും സ്വയം ന്യായീകരിച്ച് നിങ്ങളെ നിസ്സാരകാര്യങ്ങള്‍ക്കു പോലും കുറ്റപ്പെടുത്തും. ഉണ്ടായ പ്രശ്നങ്ങളെല്ലാം നിങ്ങള്‍ കാരണമാണെന്ന വിധത്തില്‍ മറ്റുള്ളവരുടെ മുന്നില്‍ വരുത്തിതീര്‍ത്ത് നിങ്ങളെ കുറ്റപ്പെടുത്തി, സ്വയം ന്യായീകരിച്ച് അനുകമ്പ പിടിച്ചുപറ്റും. നിങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങളോ (മൊബൈല്‍, ലാപ്ടോപ്, ആഭരണങ്ങള്‍) അത്യാവശ്യ സാധനങ്ങളോ (കാറിന്‍റെ താക്കോല്‍, , മേക്കപ്പ് സാധനങ്ങള്‍) നശിപ്പിക്കുകയോ ഒളിപ്പിക്കുകയോ ചെയ്തശേഷം നിങ്ങളുടെ അശ്രദ്ധയാണെന്നു പറഞ്ഞ് കുറ്റപ്പെടുത്തും. അവര്‍ ചെയ്ത തെറ്റുകള്‍ ഒരിക്കലും ഒരുകാലത്തും സമ്മതിക്കില്ല.

വൈകാരികമായി തളര്‍ത്തി സമൂഹത്തില്‍ ഒറ്റപ്പെടുത്തും
നിങ്ങളെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പൂര്‍ണമായും ഒറ്റപ്പെടുത്തും. ഇതിന്‍റെ ഭാഗമായി നിങ്ങളുടെ മൊബൈലും സമൂഹമാധ്യമങ്ങളുടെ ഉപയോഗവും നിരീക്ഷിക്കുകയും അതിലെ നിങ്ങളുടെ ഓരോ പ്രവര്‍ത്തനങ്ങളെയും ചോദ്യം ചെയ്യുകയും കുറ്റപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്ത് സമൂഹവുമായി ബന്ധപ്പെടുന്നതിനുള്ള എല്ലാ സാധ്യതകളും അടയ്ക്കും. സദാ സംശയാലുക്കളായ ഇവര്‍ നിങ്ങളുടെ മൊബൈലിലോ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളിലോ സ്പൈ വെയറുകള്‍ പോലുള്ളവ ഇന്‍സ്റ്റാള്‍ ചെയ്ത് നിങ്ങളെ നിരീക്ഷണവലയത്തില്‍പ്പെടുത്താം. ഇത്തരക്കാര്‍ പൊതുവെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കേണ്ടെന്ന് നേരിട്ട് നിങ്ങളോട് പറയുന്നതിനു പകരം വൈകാരികമായി തളര്‍ത്തി നിങ്ങളെക്കൊണ്ടു തന്നെ ഇത്തരമൊരു തീരുമാനത്തില്‍ എത്തിക്കും.
നിങ്ങള്‍ വീടിനു പുറത്ത് ഇറങ്ങിയാല്‍ ഓരോ നിമിഷവും എവിടെയാണെന്ന് അന്വേഷിക്കുകയും എങ്ങോട്ടൊക്കെ പോകുന്നുവെന്ന് അറിയിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യും. ഇനി നിങ്ങള്‍ കാറോ മറ്റു വാഹനങ്ങളോ ഉപയോഗിക്കുന്നവരാണെങ്കില്‍ ജി.പി.എസ് പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് നിങ്ങളെ ട്രാക്ക് ചെയ്യാനും ശ്രമിക്കും.
യാഥാര്‍ഥ്യബോധമില്ലാത്ത പ്രതീക്ഷകള്‍ നിങ്ങളുടെ ബന്ധത്തില്‍ വച്ചു പുലര്‍ത്തി അവരുടെ ആവശ്യങ്ങള്‍ മാത്രം നടത്തുന്നതിനു വേണ്ടി നിങ്ങളുടെ എല്ലാ കാര്യങ്ങളും മാറ്റി വയ്ക്കണമെന്ന് വാശി പിടിക്കുകയും ഏത് സമയവും നിങ്ങള്‍ അവരുടെ കൂടെ ചെലവഴിക്കണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്യാം. എതിര്‍ത്താല്‍ ഭീഷണിപ്പെടുത്തിയോ ശാരീരികമായി ഉപദ്രവിച്ചോ അവരുടെ വരുതിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കും. ഇനി എത്ര നന്നായി നിങ്ങള്‍ പെരുമാറിയാലും അതിലൊന്നും അവര്‍ക്ക് തൃപ്തിയുണ്ടാകാതെ വൈകാരിക പീഡനം തുടരും.

വൈകാരിക പീഡനത്തിന്‍റെ പരിണിത ഫലം
ഇരയുടെ ആത്മാഭിമാനത്തെ നശിപ്പിക്കാന്‍ ശേഷിയുള്ളവയാണ് വൈകാരികമായ പീഡനങ്ങള്‍. നിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന തിരിച്ചറിയലാണ് വൈകാരിക പീഡനത്തിന് പരിഹാരം കാണുന്നതിനുള്ള ആദ്യ നടപടി.
തിരിച്ചറിയപ്പെടാന്‍ ഏറ്റവും ബുദ്ധിമൂട്ടുള്ളതും മറ്റുള്ളവരെ പറഞ്ഞ് മനസിലാക്കാന്‍ പ്രയാസുമുള്ളതുമായ ഒന്നാണ് വൈകാരിക പീഡനം. കാരണം പീഡകന്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരോട് മാന്യമായാണ് പെരുമാറുന്നത് എന്നതു തന്നെ. സ്വയം ഇരയെ സംശയങ്ങളിലേക്ക് കൊണ്ടെത്തിക്കുകയും തന്‍റേതാണ് പ്രശ്നമെന്നു ചിന്തിപ്പിക്കുകയും ചെയ്ത്, വൈകാരിക പീഡനത്തിലൂടെ ആത്മാഭിമാനം തന്നെ നശിപ്പിച്ച് വിഷാദ രോഗം, ഉത്കണ്ഠ എന്നീ അവസ്ഥകളിലേക്ക് എത്തിക്കാം.
അടിച്ചമര്‍ത്തിയും ഒറ്റപ്പെടുത്തിയും അപമാനിച്ചും നിശബ്ദയാക്കിയും മാനസികമായി മേധാവിത്വം സ്ഥാപിക്കുകയെന്നതാണ് വൈകാരിക പീഡകരുടെ ഉദ്ദേശ്യം. ഇരയ്ക്കാകട്ടെ താന്‍ ഒരു കെണിയില്‍ അകപ്പെട്ടതു പോലെ അനുഭവപ്പെടുകയും ബന്ധം തുടര്‍ന്നു കൊണ്ടു പോകാന്‍ ബുദ്ധിമുട്ട് നേരിടുകയും എന്നാല്‍ അതില്‍ നിന്നും മോചിതയാകാന്‍ ഭയക്കുകയും ചെയ്ത് പഞ്ചസാര വെള്ളത്തില്‍ വീണ ഈച്ചയുടെ അവസ്ഥയിലാകും.
നമ്മുടെ ബന്ധങ്ങളെ വിശകലനം ചെയ്യുമ്പോള്‍ വൈകാരിക പീഡനങ്ങള്‍ക്ക് നാം വിധേയരാകുന്നുണ്ടോയെന്ന് തിരിച്ചറിയാനുള്ള സൂചകങ്ങളാണ് വിശദീകരിച്ചത്. ഇവയില്‍ ചിലതെങ്കിലും ഏതെങ്കിലും ബന്ധങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍, അതിനര്‍ത്ഥം നിങ്ങള്‍ വൈകാരിക പീഡനത്തിന് ഇരയാണ് എന്നതു തന്നെയാണ്.
വൈകാരികമായ പീഡനത്തെ എങ്ങനെ നേരിടാം?
മേല്‍ പറഞ്ഞതു പോലെ വൈകാരികമായി നിങ്ങളെ പീഡിപ്പിക്കുന്ന ബന്ധം നിങ്ങള്‍ തിരിച്ചറിയുക എന്നതു തന്നെയാണ് പീഡന പരിഹാരത്തിനുള്ള ആദ്യപടി. പ്രശ്നപരിഹാരത്തിനായി നിങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാം;
ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം അവനവനു തന്നെയാണെന്ന് ആദ്യം തിരിച്ചറിയുക.
വൈകാരികമായി നിങ്ങളെ പീഡിപ്പിക്കുന്ന വ്യക്തിയെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നത് അവസാനിപ്പിച്ച്, നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനു മുന്‍ഗണന നല്‍കുക.
അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയില്‍ ഉച്ചത്തില്‍ സംസാരിക്കുകയോ അപമാനിക്കുകയോ ചെയ്യുന്ന രീതിയില്‍ ഇനി മുതല്‍ നിങ്ങളോട് സംസാരിക്കാന്‍ പറ്റില്ലെന്നു ശക്തമായി തന്നെ പറയുക. ഇനി അത് ആവര്‍ത്തിച്ചാല്‍ നിങ്ങള്‍ എന്തു ചെയ്യുമെന്നും കൃത്യമായ മുന്നറിയിപ്പ് നല്‍കുക. പറയുന്ന കാര്യങ്ങള്‍ ചെയ്യണം, അല്ലാത്തവ പറയരുത്.
സ്വയം കുറ്റപ്പെടുത്തുന്നത് ഒഴിവാക്കുക. കുഴപ്പമെല്ലാം നിങ്ങളുടേതാണെന്ന തോന്നല്‍ വൈകാരിക പീഡനം അനുഭവിക്കുന്നവര്‍ക്കിടയില്‍ ഉണ്ടാകുക സ്വാഭാവികമാണ്. എന്നാല്‍ പ്രശ്നം നിങ്ങളുടെ ഭാഗത്തല്ലെന്നു തിരിച്ചറിയുകയും സ്വയം കുറ്റപ്പെടുത്താതിരിക്കുകയും ചെയ്യുക.
നിങ്ങളുടെ സ്വഭാവമോ രീതികളോ മാറ്റുന്നതു കൊണ്ട് ഒരു പീഡകന്‍റെ സ്വഭാവത്തില്‍ മാറ്റം വരില്ലെന്ന് തിരിച്ചറിയുക. അയാള്‍ എപ്പോഴും മോശമായി തന്നെ പെരുമാറിക്കൊണ്ടിരിക്കും. നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ പറ്റുന്നത് നിങ്ങളുടെ പ്രതികരണങ്ങള്‍ മാത്രമാണ്.
വൈകാരികമായി നിങ്ങളെ നിരന്തരം പീഡിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റവും സ്നേഹപ്രകടനവും ഒഴിവാക്കുക. അവര്‍ നിങ്ങളെ കുറ്റപ്പെടുത്തുകയോ അപമാനിക്കുകയോ നാണംകെടുത്തുകയോ ഒരു തര്‍ക്കത്തിനു മുതിരുകയോ ചെയ്യുമ്പോള്‍ തര്‍ക്ക വിഷയത്തെ കുറിച്ച് ന്യായീകരണങ്ങള്‍ നല്‍കിയും മാപ്പ് അപേക്ഷിച്ചും അവരെ സമാധാനിപ്പിക്കുന്ന വിധത്തില്‍ പെരുമാറി തര്‍ക്കം അവസാനിപ്പിക്കാനോ പ്രശ്നം പരിഹരിക്കാനോ ശ്രമിക്കരുത്. കഴിയുമെങ്കില്‍ ആ സാഹചര്യത്തില്‍ നിന്നും മാറിപ്പോകുക. നിങ്ങള്‍ എത്രതന്നെ ശ്രമിച്ചാലും അവരെ സന്തോഷിപ്പിക്കാനോ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്താനോ സാധിക്കില്ല. നിങ്ങള്‍ കൂടുതല്‍ വൈകാരിക പീഡനത്തിന് ഇരയാകുകയും മാനസികവ്യഥ അനുഭവിക്കേണ്ടി വരികയും ചെയ്യും.
നിങ്ങള്‍ക്ക് വിശ്വാസമുള്ള ഒരു സുഹൃത്തിനോടോ കുടുംബാംഗത്തോടോ മാനസികാരോഗ്യ വിദഗ്ധനോടോ നിങ്ങള്‍ അനുഭവിക്കുന്നത് എന്താണെന്ന് തുറന്നു പറയുന്നത്, ഒറ്റപ്പെട്ടു എന്ന തോന്നല്‍ ഇല്ലാതാക്കാനും സത്യം അറിയുന്ന ആരെങ്കിലും ഉണ്ടല്ലോ എന്ന സമാധാനം സ്വയം ഉണ്ടാകാനും സഹായിക്കും.
എങ്ങനെയും ആ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുക. ഇത്തരമൊരു ബന്ധം തുടരുന്നത് നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കും മാനസികമായും ശാരീരികമായും പ്രശ്നങ്ങള്‍ മാത്രമെ സൃഷ്ടിക്കൂ. വിശ്വാസമുള്ള ഒരു സുഹൃത്തിനോടോ കുടുംബാംഗത്തിനോടോ ഈ ബന്ധത്തില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തുക. ഒരോരുത്തരുടെയും സാഹചര്യങ്ങള്‍ വ്യത്യസ്തമായതിനാല്‍ ഈ ബന്ധം അവസാനിപ്പിക്കാന്‍ അതിനനുസരിച്ചുള്ള മാര്‍ഗം സ്വീകരിക്കുക.
നിങ്ങള്‍ വൈകാരിക പീഡനത്തിന് ഇരയാകുന്നെന്ന് തിരിച്ചറിഞ്ഞാലുടന്‍, അത് ഇന്നല്ലെങ്കില്‍ നാളെ പരിഹരിക്കപ്പെടുമെന്നു കരുതുന്നത് തെറ്റായ ധാരണയാണ്. വൈകാരിക പീഡകര്‍ ആത്മസംതൃപ്തി അടയുന്നതു തന്നെ ഇരകളെ വേദനിപ്പിച്ചു കൊണ്ടാണെന്നതിനാല്‍, അവരെ നേര്‍വഴിക്കു നടത്തുക അസാധ്യവും. എത്രയും വേഗം പരസ്പരം സംസാരിച്ച് ആ ബന്ധം ഉപേക്ഷിക്കുന്നതാകും തുടര്‍ന്നുള്ള നിങ്ങളുടെ ജീവിതത്തിന് കുറച്ചെങ്കിലും നിറം പകരുന്നത്. ലേഖനത്തിന്‍റെ തുടക്കത്തില്‍ വിവരിച്ച ജീവിതകഥയില്‍, കൊടിയ യാതനകള്‍ക്കൊടുവില്‍ ഉചിതമായ തീരുമാനം എടുത്ത സ്ത്രീയുടെ ജീവിതം നിങ്ങള്‍ക്കും പ്രചോദമാകട്ടെ.

വാണിദേവി
സൈക്കോളജിസ്റ്റ്, എന്‍ലൈറ്റ് സെന്‍റര്‍ ഫോര്‍ ഹോളിസ്റ്റിക്
ഡവലപ്മെന്‍റ്, തിരുവനന്തപുരം

COMMENTS

COMMENT WITH EMAIL: 0