Homeചർച്ചാവിഷയം

അറബിക്കഥകളിലെ പെണ്‍മാതൃകകള്‍

സുമയ്യ സുമം

സ്ത്രീയും പുരുഷനും ഒരേ വ്യവസ്ഥിതിയുടെ ഭാഗമാണെന്നിരിക്കെ അവര്‍ക്കിടയിലുള്ള ശാരീരിക-മാനസിക ബന്ധങ്ങളേയും കാഴ്ച്ചപ്പാടുകളേയും അസന്തുലിതമായ ചരടിലാണ് പലപ്പോഴും കോര്‍ക്കാറുള്ളത്.ജീവിക്കുന്ന ചുറ്റുപാടുകളില്‍ നിന്നും സ്വാംശീകരിക്കുന്ന അവ്യക്തമായ അറിവുകള്‍ വെച്ച് സ്ത്രീയെ രണ്ടാം തരമാക്കി ചിത്രീകരിക്കാറുണ്ട്.നമ്മുടെ ഈ സമൂഹ്യ ജീവിതത്തില്‍ ആണും പെണ്ണും വ്യക്തിപരമായും സംഘടിതമായും ചെയ്യേണ്ട ഒത്തിരി കാര്യങ്ങളുണ്ട്.. മാര്‍ജിനലൈസ് ചെയ്ത് വിമര്‍ശനാത്മകമായി മാത്രം കാണേണ്ട ഒന്നല്ല ആ പ്രവര്‍ത്തനങ്ങള്‍. സ്ത്രീക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളുണ്ട്. അതുപോലെ പുരുഷനും. ഇവര്‍ക്കിടയിലുള്ള ആശയ സന്തുലനത്തില്‍ ചുറ്റുപാടിനെ നിലനിര്‍ത്തണമെന്നുണ്ടെങ്കില്‍ ഒന്നൊന്നിനുമേലുള്ള വിരോധവും, ആധിപത്യവും നിര്‍ബന്ധമായും അവസാനിപ്പിക്കേണ്ടതുണ്ട്. മനുഷ്യര്‍ക്കിടയിലെ സഹവര്‍ത്തിത്വവും സമാനചിന്താഗതിയും പെട്ടെന്ന് കുത്തിവെച്ചുണ്ടാക്കാനാവുന്ന ഒന്നല്ല. ജനനം മുതല്‍ മരണം വരെ കുടുംബവും, വിദ്യാലയയും, പഠന സമ്പ്രദായങ്ങളും, സൗഹൃദങ്ങളും സ്വഭാവരൂപീകരണത്തില്‍ വ്യക്തമായ പങ്കുവഹിക്കുന്നുണ്ട്.. ഒരു വിദ്യാര്‍ത്ഥി നേടിയെടുക്കുന്ന പെരുമാറ്റശീലങ്ങളും താല്‍പര്യങ്ങളും ഏറെക്കുറെ അവന്‍റെ/ളുടെ വായനയുടെ തെരഞ്ഞെടുപ്പിനനുസരിച്ചിരിക്കും. ചുട്ടയിലേ സമത്വബോധമുണ്ടാവാന്‍ ബാലകാല സാഹിത്യത്തിനുള്ള പങ്ക് ചെറുതല്ല.
വായനക്കാരെ ഏറെ സ്വാധീനിച്ച സാഹിത്യ ശാഖയാണ് പേര്‍ഷ്യന്‍ – അറേബ്യന്‍ സാഹിത്യങ്ങള്‍. അറബിഭാഷയാസ്വദിക്കാനാവാത്തവര്‍ക്ക് അവയുടേയെല്ലാം ട്രാന്‍സലേറ്റഡ് വേര്‍ഷന്‍സ് ഇപ്പോള്‍ ധാരാളം ലഭ്യമായതിനാല്‍ വായനക്കാര്‍ക്ക് അവയെല്ലാം എളുപ്പത്തില്‍ മനസ്സിലാക്കിയെടുക്കാനാവുന്നുണ്ട്. ഏത് നാട്ടിലെ രചനകളെടുത്താലും സ്ത്രീ പുരുഷ ബന്ധത്തെ ചിത്രീകരിക്കുന്നതില്‍ വലിയ സാമ്യതയുണ്ടാവാറുണ്ട്. സ്ത്രീകളെയെല്ലായ്പ്പോഴും പുരുഷാധിപത്യത്തിനടിയറവ് പറയിപ്പിക്കുന്ന അടിമകളായിട്ടോ, ഉപഭോഗവസ്തുവായിട്ടോ മാറ്റാറാണ് പതിവ്. അഥവാ, സ്ത്രീയുടെ ജീവിതം ഭാഷാമാറ്റം കൊണ്ടോ അതിര്‍ത്തി മാറ്റം കൊണ്ടോ വ്യത്യസ്തപ്പെടുത്താനാവില്ല. അവള്‍ ജീവിക്കുന്ന സംസ്കാരത്തിലുള്ള വ്യതിയാനങ്ങള്‍ ചിലപ്പോള്‍ അവള്‍ക്ക് ലഭിക്കാവുന്ന സ്വാതന്ത്ര്യത്തിന്‍റെ അളവില്‍ മാറ്റം വരുത്തിയേക്കാം .. എന്നാലും ചൂഷണങ്ങളും, അവഗണനകളുമെല്ലാം എല്ലായിടത്തും ഒന്നു തന്നെ.എന്നാല്‍ അറബി സാഹിത്യത്തിലെ പെണ്ണുങ്ങള്‍ക്ക് കുറച്ചു കൂടി അനുഭവ തീക്ഷ്ണത കാണും. മുസ്ലിം യാഥാസ്ഥികതയുടെ നോവും വേവും കാണും.കൃത്യമായ ചട്ടക്കൂടിനുള്ളിലാണ് അറേബ്യന്‍ സ്ത്രീജീവിതമുള്ളത്. എത്രയേറെ കഴിവും ആര്‍ജ്ജവവും ഉണ്ടെങ്കിലും അവര്‍ക്ക് പരക്കാനുള്ള ഇടം അവിടത്തെ പുരുഷന്‍മാര്‍ വേലികെട്ടി തിരിച്ചിട്ടുമുണ്ടാവും.. എന്നാല്‍ വളരെ ചുരുക്കം സ്ത്രീകള്‍ കെട്ടിപ്പൂട്ടലുകളെ അതിജീവിച്ച് ഉയര്‍ന്നു വന്നിട്ടുമുണ്ട്. (ആമിന വദൂദ്, അമീറ, ലൈല അഹമ്മദ്, ഫാതിമ മെര്‍നീസി സാദിയ ശൈഖ് എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം)ഇങ്ങനെയുള്ള ഒരിടത്തെ സാഹിത്യത്തില്‍ പെണ്ണിന്‍റെ നോവുകള്‍ കുറച്ചധികം തന്നെയാവും. അറേബ്യന്‍ സ്ത്രീ സാഹിത്യത്തിന്‍റെ പ്രസക്തിയെത്രത്തോളം ഉണ്ടാവാമെന്ന് തിരിച്ചറിയാനാണ് ഇത്രയും പറഞ്ഞത്.സ്ത്രീവേദനകളെയും, വിവേചനങ്ങളേയും, അസമത്വങ്ങളേയും കുറിച്ച് ഓരോ ആണ്‍കുട്ടിയും പെണ്‍കുട്ടിയും അവരുടെ ബാല്യകാലം തൊട്ടേ മനസ്സിലാക്കി വെക്കേണ്ടതുണ്ടെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ.. അതിനായി സ്വഭാഷയിലുള്ള പുസ്തകങ്ങള്‍ക്കു പുറമേ ഇതര സാഹിത്യങ്ങള്‍ കൂടി വായനയില്‍ ഉള്‍പ്പെടുത്തിയാല്‍ നാടു കടന്നും പെണ്ണ് അനുഭവിക്കുന്ന വേര്‍തിരിവുകളെ കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാനാവും.കൂടാതെ ഒരു സ്ത്രീയോട് എങ്ങനെ മാന്യതയോടെപെരുമാറണമെന്നു കൂടി ഓരോ വായനകളും കുട്ടിയെ പഠിപ്പിച്ചു കൊടുക്കും. നൂറ്റാണ്ടുകള്‍ തിരസ്കരിക്കപ്പെട്ട് കഴിഞ്ഞിരുന്ന അറേബ്യന്‍ സ്ത്രീ സാഹിത്യത്തിന്‍റെയും, അതിന്‍റെ ബാലസാഹിത്യത്തിന്‍റെയും പ്രസക്തി ഇക്കാരണങ്ങള്‍ കൊണ്ടാണ് വര്‍ധിക്കുന്നത്.
അറബി സാഹിത്യത്തില്‍ ആയിരത്തൊന്നു രാവുകള്‍ എന്ന പേരില്‍ രൂപംകൊണ്ട നാടോടിക്കഥാ പരമ്പര ലോക കഥാസാഹിത്യത്തില്‍ തന്നെ ഏറ്റവും പ്രചുരപ്രചാരവുമുള്ള വായന മേഖലയാണ്.പല ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യപ്പെട്ടതിനാല്‍ ലോകത്തിലേറ്റവുമധികം വായിക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങളിലൊന്ന് തീര്‍ച്ചയായും ആയിരത്തൊന്ന് രാവുകളായിരിക്കും.മലയത്ത് അപ്പുണ്ണിയടക്കം കുറേപേര്‍ ഇതിലെ ആയിരത്തൊന്ന് കഥകളില്‍ നിന്നും ബാലസാഹിത്യ രൂപേണെ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുമുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലുടലെടുത്ത നാടോടിക്കഥകളാണിതിലുള്ളത് . ഷഹരിയാര്‍ രാജാവിന്‍റെ രാജ്ഞി അദ്ദേഹത്തോട് ചെയ്ത വിശ്വാസവഞ്ചന കാരണം അന്നാട്ടിലെ കന്യകമാരെയെല്ലാം വിവാഹം ചെയ്യുകയും, വധിക്കുകയും ചെയ്തു, മൂന്ന് വര്‍ഷത്തിന് ശേഷം നാട്ടിലെ കന്യകമാരെല്ലാം ഇല്ലാതെയായപ്പോള്‍ മന്ത്രിപുത്രിയായ ഷഹറാസാദ് രാജാവിന്‍റെ പത്നിയാകാമെന്ന് സ്വമേധയാ തീരുമാനിക്കുകയും, രാജാവിനൊപ്പമുള്ള രതിക്കു ശേഷം കൊല്ലപ്പെടുമെന്ന് ഉറപ്പുള്ളതിനാല്‍ തന്‍റെയും നാട്ടിലെ മറ്റു കന്യകമാരെയും രക്ഷിക്കാനെന്നോണം തുടര്‍ച്ചയായ ആയിരത്തൊന്ന് രാവുകളില്‍ വ്യത്യസ്തങ്ങളായ കഥ പറഞ്ഞ് ഷെഹരിയാര്‍ രാജാവിന്‍റെ ദുഷ്പ്രവര്‍ത്തിയില്ലാതെയാക്കുന്നതാണ് ആയിരത്തൊന്ന് രാവുകളെന്ന ഇതിഹാസ സാഹിത്യത്തിന്‍റെ ചരിത്രം. പെണ്‍ജീവിതങ്ങളെ സംരക്ഷിക്കാന്‍ മറ്റൊരുപെണ്ണിന്‍റെ ബുദ്ധിയും കൂര്‍മ്മതയും ഉപകാരപ്പെട്ടുവെന്നതിലപ്പുറം അതിന്‍റെ രചയിതാവിന് സ്ത്രീയുടെ പക്ഷം ചേര്‍ന്ന് ചിന്തിക്കാനായി എന്നതാണ് വിജയം.പെണ്ണിനെ അടിച്ചമര്‍ത്തുന്ന ഒരു നാട്ടില്‍ നിന്ന് തന്നെ ഇത്തരമൊരു രചനയുണ്ടായതും, അതിന്‍റെ തര്‍ജ്ജമകള്‍ വ്യാപിച്ചതും, പല അടരുകള്‍ ബാലസാഹിത്യമാക്കി പ്രസിദ്ധീകരിച്ചതും ഏറെയേറെ വായിക്കപ്പെട്ടതും പേര്‍ഷ്യന്‍സ്ത്രീ ജീവിതത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇടവരുത്തിയിട്ടുണ്ടെന്ന് നിസ്സംശയം പറയാം. അതിന്‍റെ ബാലസാഹിത്യ വ്യാപനം സ്ത്രീ സൗഹൃദത്തേയും, മഹത്വത്തേയും കുട്ടികളിലേക്ക് എത്തിക്കാനും ഏറെക്കുറെ സാധിച്ചിട്ടുണ്ട്.


ബാജാ മുഈനുദ്ധീന്‍ ശാഹ്ശീറാസിയുടെ പ്രണയ നോവലായ ബദറുല്‍ മുനീറും ഹുസ്നുല്‍ ജമാലും മുസ്ലിം സാഹിത്യത്തില്‍ ഏറെ വിപ്ലവം സൃഷ്ടിച്ച കൃതിയാണ്.. വാഴ്ത്തുപാട്ടുകള്‍ക്കൊപ്പം തന്നെ ഏറെ വിമര്‍ശനങ്ങളും നേരിട്ടുണ്ട് ഇത്. ബദറുല്‍ മുനീര്‍, ഹുസ്നുല്‍ ജമാല്‍ എന്നീ രണ്ട് വ്യക്തികള്‍ക്കിടയിലുള്ള പ്രണയമായിരുന്നിട്ടും, പ്രണയമെന്നാല്‍ രണ്ടാത്മാക്കള്‍ ഒന്നിച്ചൊന്നാകുന്നതായിട്ടും പുരുഷ കേന്ദ്രീകൃതം തന്നെയെന്ന് ഉറപ്പിക്കാവുന്ന ശൈലിയാണതിലുള്ളത്. പ്രണയസംഹിതയെപ്പോലും രണ്ടു തട്ടുകളിലേക്ക് മാറ്റപ്പെടുന്ന വാര്‍പ്പുമാതൃകയാണ് അതിനേറെ വിമര്‍ശനപാത്രമാക്കിയതും..യഥാര്‍ത്ഥത്തില്‍ കല്പിതകഥയാണെങ്കില്‍ കൂടി ഹുസ്നുല്‍ ജമാലിനെക്കാള്‍ ബദറുല്‍ മുനീറാണ് സംഭവപരമ്പരകളില്‍ കൂടുതല്‍ പ്രത്യക്ഷപ്പെടുന്നത്. മാപ്പിളസാഹിത്യ കുലപതി മോയിന്‍കുട്ടി വൈദ്യര്‍ മലയാളത്തിലേക്ക് കാവ്യവല്‍ക്കരിച്ചിട്ടുണ്ടെങ്കിലും അതിലെ പുരുഷാധിപത്യം കുറഞ്ഞിട്ടില്ല എന്ന് തന്നെയാണ് തോന്നുക.എന്നാല്‍ ഡി.വിനയചന്ദ്രന്‍റെയും എം എന്‍ കാരശ്ശേരിയുടേയും ബാലസാഹിത്യ വേര്‍ഷനില്‍ അല്‍പമൊക്കെ തുല്യത കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് പറയാനാവും. പ്രണയത്തില്‍, സ്നേഹത്തില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് / പങ്കാളിത്തം പുരുഷനോടൊപ്പം തന്നെയാണെന്ന് വായനക്കാരായ കുട്ടികള്‍ക്ക് കുറേയേറെ മനസിലാക്കാനാവും.പരസ്പരമുള്ള സ്നേഹത്തിന്‍റെ മാറ്റ് കൂടുന്നത് സമത്വവല്‍ക്കരിക്കുമ്പോള്‍ തന്നെയാണ്. ഇളം തലമുറകള്‍ക്കായി ഒരു പുസ്തകത്തെ പുനരാഖ്യാനം ചെയ്യുമ്പോള്‍ ഈയൊരു പോളിസി പാലിക്കേണ്ടതുമുണ്ട്..
അതുപോലെത്തന്നെ മറ്റൊരു ഇതിഹാസമായ രാമായണത്തിന്‍റെ അറേബ്യന്‍ പുനരാഖ്യാനമായ കാമില്‍ കീലാനിയുടെ ഫീ ഗാബതിശ്വയാതീനില്‍ (ചെകുത്താന്‍റെ കാട്) രാവണനെ കൊന്ന് സീതയെ വീണ്ടെടുത്ത്, ദീര്‍ഘകാലം പ്രജാതല്പരനായൊരു ഭരണാധികാരിയായി രാമന്‍ രാജ്യം ഭരിക്കുന്നതോടെ കഥയവസാനിപ്പിക്കുന്നുണ്ട്.. ഗര്‍ഭിണിയായ സീതയെ കാട്ടിലെറിയുന്ന ഭാഗമോ,സീതയെ കുറിച്ച രാമന്‍റെ സംശയമോ ഒറിജിനല്‍ രാമായണത്തില്‍ സീതക്കെതിരെ പ്രയോഗിക്കുന്ന കുത്തു വാക്കോ, സീതയുടെ അഗ്നിപ്രവേശമോ കൃതിയിലില്ല. ശൂര്‍പണകയെന്ന കഥാപാത്രമേയില്ല. സുഗ്രീവനെയാണ് കിഷ്കിന്ധയുടെ രാജാവ്.സഹോദരന്‍ ബാലി സുഗ്രീവനെ സ്ഥാനഭൃഷ്ടനാക്കാന്‍ ശ്രമം നടത്തുകയും ശക്തിയും, മനോധൈര്യവും നഷ്ടപ്പെട്ട് സ്വമേധയാ സിംഹാസനം ഉപേക്ഷിക്കുകയായിരുന്നു സുഗ്രീവന്‍. ബാലിയെ കൊന്ന് രാജ്യം യഥാര്‍ത്ഥ ഭരണാധികാരിക്ക് കൈമാറുന്നതാണ് ഫീ ഗാബതിശ്വയാതീനില്‍ രാമന്‍ ചെയ്യുന്നത്.മാരീചനെ കൊന്നതിന് ശേഷം രാമന്‍ നിലവിളിക്കുന്നത് കേട്ടപ്പോള്‍ സീത അദ്ദേഹത്തെ രക്ഷപ്പെടുത്താനായി’ നീ ഭീരുവാണോ?’ എന്നു ചോദിച്ചു ലക്ഷ്മണനെ പ്രകോപിപ്പിക്കുകയും അത് സഹിക്കാനാകാതെ ലക്ഷ്മണന്‍ ഓടുകയും ചെയ്യുന്നുണ്ട് ഈ രാമായണത്തില്‍.. ഒരിക്കല്‍ പോലും ലക്ഷ്മണന്‍ തന്‍റെ ശരീരം കൊതിക്കുന്നുണ്ടോ എന്ന സംശയം സീതക്കുണ്ടാവുന്നുമില്ല. രാമായണത്തിന്‍റെ അറബിയിലേക്കുള്ള മൊഴിമാറ്റത്തില്‍ വരുത്തിയ ഈ മാറ്റങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഈ ഗ്രന്ഥത്തിന്‍റെ പുരുഷമേധാവിത്വം നന്നായി കുറച്ചിട്ടുണ്ട്. കുട്ടി വായനക്കാര്‍ക്കുള്ള രചനയായതിനാല്‍ സ്ത്രീകളെ ഇകഴ്ത്തിക്കാണിക്കാതിരിക്കുക തന്നെയാണ് വേണ്ടത്.സമൂഹത്തിന്‍റെ സാംസ്കാര നവീകരണത്തിന് യുവാക്കള്‍ക്കും കുട്ടികള്‍ക്കും വ്യക്തമായ പങ്കാളിത്തമുണ്ടെന്നിരിക്കെ അവരുടെ പഠന – വായന മേഖലകളില്‍ തീര്‍ച്ചയായും സമത്വബോധം നിറക്കേണ്ടതുമുണ്ട്. എങ്കിലേ സ്ത്രീപുരുഷ ബന്ധത്തിലെ യഥാര്‍ത്ഥ തീവ്രതയും, പവിത്രതയും എന്താണെന് പുതുതലമുറക്ക് വ്യക്തമാവുകയൊള്ളു…

 

 

 

 

 

സുമയ്യ സുമം
മലപ്പുറം, മഞ്ചേരിയിലെ
യു.പി സ്കൂള്‍ അധ്യാപിക

COMMENTS

COMMENT WITH EMAIL: 0