ഓര്‍മ്മയില്ലേ ചീരുവിനെ? അനേകം തലമുറകളിലൂടെ നമ്മോട് സംസാരിച്ച ആ പെണ്‍കുട്ടിക്കാലത്തെ? പെണ്‍കൗമാരത്തെ? അവളുടെ ഇന്നലെകളിലൂടെ, ഇന്നുകളിലൂടെ നമ്മള്‍ പല തവണ കടന്നു പോയതാണ്. ഇതാ ഒരു വലിയ ഇടവേളക്കു ശേഷം അവള്‍ നിങ്ങളുടെ അടുത്തേക്ക് വീണ്ടും എത്തുകയാണ്. ഒരുപാട് ആശയക്കുഴപ്പങ്ങളും, സന്ദേഹങ്ങളും, കുസൃതികളും അവള്‍ക്കു ഇപ്പോഴും കൂട്ടിനുണ്ട്. ജിജ്ഞാസയും പ്രസരിപ്പും തുളുമ്പുന്ന അവളുടെ മുഖം സംഗീതാ ദാമോദരന്‍ വീണ്ടും മിഴിവോടെ വരച്ചു വെച്ചിരിക്കുന്നു.
ആ ചിത്രം ഒന്ന് ശ്രദ്ധിച്ചു നോക്കൂ. അവളുടെ മൊബൈല്‍ സ്ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന ഒരു സ്ത്രീരൂപത്തില്‍ ചീരു എന്ന പതിനാലുകാരി പൂര്‍ണമായും മുഴുകിയിരിക്കുകയാണ്.ആരാണത്? തലമുടി നരച്ച പ്രായം ചെന്ന ഈ സുന്ദരി?ജീന്‍സും ടോപ്പുമിട്ടു ആത്മവിശ്വാസം സ്ഫുരിക്കുന്ന ആ പ്രൗഡമായ പ്രസന്നമായ സാന്നിധ്യം ഒരുപാട് ആളുകളെ അലോസരപ്പെടുത്തുണ്ട് എന്ന് വ്യക്തം. ധാരാളം ശകാരവാക്കുകള്‍ അവര്‍ക്കു മേലെ നിര്‍ലോഭം ചൊരിയുകയാണ് സ്ത്രീകളും പുരുഷന്മാരും. എന്താണവര്‍ ചെയ്ത മഹാപരാധം എന്ന് ചീരു മനസ്സിലാക്കുവാന്‍ ശ്രമിക്കുകയാണ്. വീട്ടില്‍ അമ്മയോട് പോയി ഇതൊന്നും സംസാരിക്കാന്‍ പറ്റില്ല.പഠിക്കാനുള്ളപ്പോള് തോന്ന്യാസം കാണിച്ചു നടക്കുകയാണെന്നേ പറയൂ. കൂട്ടുകാരോട് ചോദിച്ചപ്പോളൊക്കെ മിക്കവരും ഈ ‘മുത്തശ്ശി’ക്കു എതിരാണ്.കാരണം അവര്‍ക്കൊന്നും പരിചയമുള്ള മുത്തശ്ശിമാരുടെ രൂപഭാവങ്ങളല്ല രജനി ചാണ്ടി എന്ന ഈ സ്ത്രീയുടേത്. ജപമാലയുമായി വീട്ടില്‍ ഒരു കോണില്‍ പ്രാര്‍ത്ഥനയുമായി കഴിയുന്ന അമ്മൂമ്മമാരെ അവര്‍ക്കു ശീലമാണ്; അത്യാവശ്യം പരദൂഷണം പറയുന്ന അമ്മൂമ്മമാര്‍ സുപരിചിതരാണ് ; എപ്പോഴും ഉപദേശിക്കുന്ന ,സങ്കടപ്പെടുന്ന, പരാതിപറയുന്ന മുത്തശ്ശിമാരെയും അവര്‍ കണ്ടിട്ടുണ്ട്.പക്ഷെ ഇങ്ങിനെയൊരു മുത്തശ്ശി ആദ്യമായാണ്…ചില കൂട്ടുകാരികള്‍ ഈചിത്രത്തിന്‍റ പുതുമയില്‍ വലിയ ഉത്സാഹം കാണിക്കുന്നുണ്ട്.പക്ഷെ അവര്‍ പോലും സംശയിക്കുന്നുമുണ്ട് “എങ്കിലും നമ്മുടെ നാട്ടില്‍ ഇതൊക്കെ വേണോ?”
വര : സംഗീത ദാമോദരന്‍
പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ഘോരഘോരം വീട്ടില്‍ വഴക്കുണ്ടാക്കുന്ന മിടുക്കികള്‍ക്കു പോലും അമ്മൂമ്മമാരുടെ സ്വാതന്ത്ര്യത്തെകുറിച്ച് ഒരു വല്ലാത്ത ആശങ്ക ഉള്ളത് പോലെ!ചെറുപ്പക്കാരെ ആശ്രയിച്ചു കഴിയേണ്ട പ്രായത്തില്‍ ഇവരെന്തിനാണ് കീഴ് വഴക്കങ്ങളെ ചോദ്യം ചെയ്യുന്നത് ? അപകടങ്ങള്‍ വരുത്തി വെക്കുന്നത് ? ഇതൊന്നും പോരാതെ ചെറുപ്പത്തില്‍ നീന്തല്‍വസ്ത്രത്തിലുള്ള അവരുടെ ഉഗ്രന്‍ ചിത്രവും ഇന്ന് വൈറലായി കൊണ്ടിരിക്കുന്നു. ഇതൊക്കെ പലരെയും വല്ലാതെ പ്രകോപിപ്പിക്കുന്നുണ്ട്. അവര്‍ക്കു നേരെ ചൊരിയുന്ന സഭ്യമല്ലാത്ത വെറുപ്പും വിദ്വേഷവും നിറഞ്ഞ ശകാരവാക്കുകള്‍ ചീരുവിനെ നടുക്കുന്നുണ്ട്. തലമുതിര്‍ന്നവരെ ബഹുമാനിക്കുന്ന പാരമ്പര്യമല്ലേ ഭാരതത്തിന്‍റേത് ?
സത്യത്തില്‍ രജനി ചാണ്ടി ചീരുവിനെ അത്ഭുതപ്പെടുത്തുന്നില്ല.മനസ്സില്‍ യൗവ്വനത്തിന്‍റെ പൊട്ടിച്ചിരിയും തമാശകളും വാരിവിതറുന്ന ‘മുത്തശ്ശി’മാരെ അവള്‍ കണ്ടിട്ടുണ്ട്. അവരുടെ സാമീപ്യത്തിലെ സ്നേഹവും, വാത്സല്യവും, ഊര്‍ജ്ജവും സ്വസ്ഥതയും അവള്‍ ആവുവോളം നുകര്‍ന്നിട്ടുണ്ട്. അവര്‍ ജീന്‍സും ടോപ്പും അല്ലായിരിക്കാം ധരിച്ചിട്ടുള്ളത്. പക്ഷെ മുണ്ടും നേര്യതിനുമകത്തും തുറന്ന മനസ്സും, തന്‍റേടവും, ധൈര്യവും, വീറും വാശിയുമൊക്കെയുള്ള സ്ത്രീകളെ മാത്രമേ അവള്‍ കണ്ടിട്ടുള്ളു.ബാംഗ്ലൂര്‍ ഡേയ്സിലെ കല്പനയെ പോലെ ,മറ്റൊരു രീതിയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളാണവര്‍. അവര്‍ ആരും വീട്ടിനകത്തു ഒരു കോണില്‍ ചടഞ്ഞു കൂടി ഇരിക്കുന്നവരായിരുന്നില്ല.എണ്പത്തിമൂന്നാമത്തെ വയസ്സില്‍ മരിക്കുന്ന ആ ദിവസം പോലും സ്വന്തം വസ്ത്രങ്ങള്‍ കുളിക്കുന്നതിനു മുന്‍പ് അലക്കിയിട്ടു, സ്ഥലം വിടാന്‍ കാണിച്ച ഒരു മുത്തശ്ശിയുടെ സ്വയംപര്യാപ്തത അവളുടെ വീട്ടില്‍ ഒരു പഴങ്കഥ മാത്രമായിരുന്നില്ല. അതൊരു മാതൃകയായിരുന്നു.അങ്ങിനെ എത്രയെത്ര ഓര്‍മ്മകള്‍. മറക്കാനാവാത്ത ഒരനുഭവം അവളെ വീണ്ടും ചിരിപ്പിച്ചു കൊണ്ട് മനസ്സിലേക്ക് കയറി വരുന്നു.
അമൂല്യമായ ഒരു ബാല്യകാല ഓര്‍മ്മയിലേക്കാണ് രജനി ചാണ്ടി അവളെ കൂട്ടികൊണ്ടു പോകുന്നത്. ചീരു അന്ന് മൂന്നിലോ നാലിലോ പഠിക്കുന്ന കാലം.സ്കൂള്‍ ബെല്ലടിച്ചപ്പോള്‍ പൂര്‍വ്വാധികം ഉത്സാഹത്തോടെയാണ് പുസ്തകങ്ങള്‍ ബാഗിനുള്ളിലേക്കു തിരുകിക്കയറ്റി ചീരു ക്ളാസുമുറിയില്‍ നിന്നിറങ്ങി ഓടിയത്.എന്നും ഒപ്പം ഉണ്ടാകാറുള്ള രമണി അവള്‍ക്കൊപ്പം ഓടിയെത്തി ചെറിയൊരു പിണക്കഭാവത്തില്‍ ചോദിച്ചു “ഇതെന്തൊരു പോക്കാണ് ചീരു ?എന്താ ഇത്ര ധൃതി?” ഓടി കൊണ്ടു തന്നെയായിരുന്നു ചീരുവിന്‍റെ മറുപടിയും “അച്ചമ്മ വരുന്നുണ്ട്, നാട്ടില്‍ നിന്ന് .” രമണിയുടെ പിണക്കം പൊടുന്നനെ മാഞ്ഞു. കാരണം ആ അയല്പക്കത്തു ഏതൊരു കുട്ടിയുടെ അമ്മൂമ്മ വന്നാലും പരക്കെ ഉത്സവമാണ്.അവര്‍ എല്ലാ കുട്ടികളുടെയും അമ്മൂമ്മ ആയി മാറും.അവര്‍ എല്ലാവര്ക്കും കഥകള്‍ പറഞ്ഞു കൊടുക്കുകയും അവര്‍ കൊണ്ട് വരുന്ന പലഹാരങ്ങള്‍ എല്ലാ കുട്ടികളും പങ്കു വെച്ച് കഴിക്കുകയും ചെയ്യും.ഇതാദ്യമായാണ് ചീരുവിന്‍റെ അച്ചമ്മ വരുന്നത്.”അച്ചമ്മ കഥകളൊക്കെ പറഞ്ഞു തര്വോ ചീരു? ‘ ഓട്ടത്തിനിടയില്‍ വിലയേറിയ വിവരങ്ങള്‍ രണ്ടാളും കൈമാറുകയായിരുന്നു! ‘ പിന്നെ! അച്ഛമ്മക്ക് ധാരാളം പാട്ടും കഥകളും ഒക്കെ അറിയാം.” “ഞാന്‍ കാപ്പി കുടിച്ചിട്ട് വരാട്ടോ”രമണി ഉറപ്പു കൊടുത്തു.
കാലുകള്‍ നിലത്തുറക്കാത്ത മട്ടില്‍ വീട്ടിലേക്കു പറക്കുകയായിരുന്നു ചീരു.വാതില്‍ക്കല്‍ നിന്നിരുന്ന അമ്മയെപോലും തള്ളിയിട്ടു കൊണ്ടാണ് ഉമ്മറത്തെ മുറിയില്‍ ചാരുകസേരയില്‍ കിടന്നു, യാത്ര കഴിഞ്ഞു വിശ്രമിക്കുന്ന അച്ചമ്മയെ അവള്‍ കെട്ടിപ്പിടിച്ചതു. ‘മെല്ലെ മെല്ലെ” അച്ഛന്‍ പറഞ്ഞു.”ഗ്ലാസ് തട്ടി പോവണ്ട” അപ്പോഴാണ് ചീരു ശ്രദ്ധിച്ചത് അച്ച മ്മയുടെ ഒരു കയ്യില്‍ ഗ്ലാസും മറു കൈയ്യില്‍ ഒരു കുഞ്ഞു സിഗരറ്റും. അവള്‍ ഒന്ന് അമ്പരന്നു.പിന്നെ അമ്പരപ്പ് അദ്ഭുതമായി മാറി. അച്ഛന്‍ ചിരിക്കുന്നുണ്ട്. ‘ അച്ചമ്മ ഒന്ന് റിലാക്സ് ചെയ്തോട്ടെ.” ഇന്ത്യക്കു പുറത്തൊക്കെ യാത്ര ചെയ്യുകയും ജീവിക്കുകയും ചെയ്ത അച്ചമ്മക്ക് വൈനും സിഗററ്റുമൊന്നും അത്ര പുത്തരിയല്ല. ‘ ‘ചീരുവിനു വേണോ?” അച്ചമ്മ ഗ്ലാസ് അവള്‍ക്കു നേരെ നീട്ടി. പ്രതീക്ഷിച്ച പോലെ തന്നെ അമ്മ തടുത്തു. “അയ്യോ, വേണ്ടമ്മേ! അവള്‍ കുഞ്ഞല്ലേ!”
ആ സമയത്തു തന്നെ അമ്മയുടെ അടുത്ത സുഹൃത്തായ അപ്പുറത്തെ വീട്ടിലെ മാലതി ആന്‍റി വാതില്‍ തള്ളി തുറന്നു വന്നു.”‘അമ്മ വന്നൂന്ന് കേട്ടു.” ഒരു സാധാരണ അമ്മൂമ്മയെ പ്രതീക്ഷിച്ച അവരുടെ ഭാവം, അച്ചമ്മയുടെ ഇരിപ്പും കൈയിലെ ഗ്ലാസും പുകയും ഒക്കെ കണ്ടതോടെ ഞൊടിയിടയില്‍ മാഞ്ഞു പോയി.അച്ചമ്മയെക്കാള്‍ ജാള്യത ആന്‍റിക്കായിരുന്നു. എല്ലാവരും ചെറുതായി ഒന്ന് പകച്ചു. എന്തക്കെയോ ഭംഗിവാക്കുകള്‍ പറഞ്ഞു ആന്‍റി അപ്രത്യക്ഷയായി. വീട് വീണ്ടും പൂര്‍വസ്ഥിതിയിലായി.
പക്ഷെ രമണിയോ മറ്റു കുട്ടികളോ കഥകള്‍ കേള്‍ക്കാനോ പാട്ടുകള്‍ പാടാനോ വന്നില്ല. എന്നാല്‍ അവര്‍ ഇടയ്ക്കിടയ്ക്ക് ഗേറ്റില്‍ വന്നു എത്തിനോക്കും. തങ്ങള്‍ക്കു താണ്ടാനാവാത്ത ദൂരങ്ങള്‍ ചീരുവിനും തനിക്കും തമ്മില്‍ ഉണ്ടെന്നു രമണി തിരിച്ചറിഞ്ഞത് പോലെയായിരുന്നു അവളുടെ പിന്നീടുള്ള പെരുമാറ്റം.വിരോധമോ നീരസമോ ഇല്ല. ചെറിയൊരു അകല്‍ച്ച മാത്രം. അത് ക്രമേണ വലുതാവാന്‍ അവര്‍ പരസ്പരം സമ്മതിക്കുകയായിരുന്നു.മാലതി ആന്‍റി അടുക്കള ചുമരില്‍ ചാരി നിന്ന് അമ്മയോട് മന്ത്രിക്കുന്നത് പിന്നൊരു ദിവസം കേട്ടു “ക്രിസ്ത്യന്‍ കുടുംബങ്ങളിലൊക്കെ ഇതൊക്കെ സാധാരണമാണെന്നറിയാം. ന്നാലും… ഹിന്ദുക്കളുടെ ഇടയില്‍ ഇങ്ങനെയൊന്നും ഞാന്‍ കണ്ടിട്ടില്ല.”
“അങ്ങിനെയുള്ള ഹിന്ദുക്കളൊക്കെ ഇന്ന് ധാരാളമുണ്ട്. മാലതിക്ക് അറിയാത്തോണ്ടാണ്.” ചീനച്ചട്ടിയില്‍ പപ്പടം കാച്ചികൊണ്ടിരുന്ന അമ്മയുടെ ശാന്തമായ ചെറുചിരിയോടെയുള്ള മറുപടി കേട്ട് ചീരുവിനു അമ്മയെ കെട്ടിപ്പിടിക്കാന്‍ തോന്നി.
ആരെയും കൂസാത്ത അചമ്മ അവള്‍ക്കു വീണ്ടും കുറെ കഥകളും പാട്ടുകളും ചൊല്ലി കേള്‍പ്പിച്ചു.അച്ചാമ്മക്കറിയാമായിരുന്ന പുരാണകഥകളുടെ വൈവിധ്യത്തില്‍ അവള്‍ മതിമറന്നിരുന്നു.
അവര്‍ ഒരുമിച്ചു പോയി സിനിമകള്‍ കണ്ടു. ചെറിയ ചെറിയ കൂടിക്കാഴ്ചകളിലൂടെ അച്ചമ്മ പകര്‍ന്നു തന്ന ധൈര്യവും ആര്‍ജ്ജവവും തന്‍റേടവും വലുതായിരുന്നു. ആ ഓര്‍മ്മയുടെ പിന്‍ബലത്തില്‍ അവള്‍ തന്‍റെ മൊബൈല്‍ ഒന്ന് കൂടി ഓണ്‍ ആക്കി. വീണ്ടും തെളിഞ്ഞ രജനി ചാണ്ടിയുടെ ചിത്രത്തിലേക്ക് അവള്‍ പരിചയ ഭാവത്തോടെ നോക്കി, ഹൃദ്യമായി ഒന്ന് ചിരിച്ചു.
നിങ്ങളുടെ വിലപ്പെട്ട പ്രതികരണങ്ങള്‍ feedbackvazhithaarakal@gmail.com എന്ന മെയിലിലേക്ക് അയക്കുക
ജാനകി
കോഴിക്കോട് സര്‍വ്വകലാശാല
ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക
COMMENTS