Homeവാസ്തവം

പ്രണയം-ജീവിതം, ജീവിതം-പ്രണയം

ഡോ.ജാന്‍സി ജോസ്

പ്രണയം അപാരസാധ്യതകളുള്ള ഒന്നാണ്. ജീവിതത്തിലേക്കും മരണത്തിലേക്കും നയിക്കാന്‍ പ്രണയത്തിനു കഴിയുന്നുണ്ട്. പ്രണയിച്ചു മരിക്കുന്നവരും പ്രണയിച്ചു ജീവിക്കുന്നവരും നമ്മുടെയിടയിലുണ്ട്. പക്ഷേ നമ്മളറിഞ്ഞിരിക്കേണ്ട ഒരു കാര്യം പ്രണയവും വിവാഹവും രണ്ടാണ് എന്നുള്ളതാണ്. കാരണം വിവാഹം പ്രണയം ആവശ്യപ്പെടുന്നുണ്ട്. പക്ഷേ പ്രണയം ഒരിക്കലും വിവാഹം ആവശ്യപ്പെടുന്നില്ല.
ഞാനിതു പറയുന്നത് വിവാഹവും പ്രണയവുമൊന്നും ഇവിടെ വിഷയമായിട്ടല്ല. നമ്മുടെ കൗമാര ചാപല്യങ്ങളുടെ കൂട്ടത്തില്‍ പ്രണയത്തെത്തുടര്‍ന്നുണ്ടായ എടുത്തു ചാട്ടം അനേകം പേരുടെ ജീവിതം തകര്‍ത്തതിന്‍റെ ചിത്രം പങ്കുവെയ്ക്കുവാനാണ്. പ്രണയം ജീവിതത്തിന്‍റെ അനിവാര്യതയാണ്. അതില്ലാത്തിടത്തു നിന്ന് ഉള്ള ഇടത്തിലേക്ക് തേടിപ്പോവുന്നത് മനുഷ്യസഹജവും ആണ്.കൗമാര ഘട്ടം പ്രണയത്തിന്‍റെ കൂടി ഘട്ടമാണ് എന്നാണ് പറയുന്നത്. എന്നാല്‍ ഇന്ന് കുട്ടികളെ സംബന്ധിച്ചിടത്തോളം കൗമാരം പ്രണയത്തിന്‍റെ മാത്രം കാലഘട്ടമാണ്. ‘പ്രണയം ഇത്ര പൂത്തുലഞ്ഞു നില്‍ക്കുന്നതില്‍ നമുക്കഭിമാനം മാത്രമാണുള്ളത്. പ്രണയിക്കാന്‍ ആരും പഠിപ്പിച്ചു വിടേണ്ട എന്നതും അതിന്‍റെ ഒരു പ്രത്യേകതയാണ്. വേറൊരു പ്രത്യേകത നമുക്കനിഷ്ടമുള്ള സ്ഥലത്ത് നന്നായിരിക്കും കുട്ടികളിലേക്ക് പ്രണയം വന്നു നിറയുക എന്നതാണ്. അതു കൊണ്ട് നമുക്ക് ചെയ്യാന്‍ പറ്റുന്നത് പ്രണയമുള്ള ഇടം നാം ഇഷ്ടപ്പെടുക എന്നതു തന്നെയാണ്.
ഇതൊന്നുമല്ല കേട്ടോ എന്‍റെ വിഷയം. അതായത് കുട്ടികള്‍ ആരെ, എപ്പോള്‍, എവിടുന്ന് പ്രണയിക്കണം എന്നതല്ല എന്നര്‍ത്ഥം. പ്രണയത്തില്‍ പെട്ട കുട്ടികളെ എങ്ങനെ നേരിടണം, അവരെ എങ്ങനെ ബോധവല്‍ക്കരിക്കണം, പ്രണയത്തെ എങ്ങനെ കാണണം, സ്വീകരിക്കണം നിരാകരിക്കണം, നമുക്കു തന്നെ പ്രണയം തോന്നിയാല്‍ എങ്ങനെയായിരിക്കണം എന്നിവയെക്കുറിച്ചൊക്കെ ചില നേര്‍ക്കാഴ്ചകളില്‍ നിന്നുള്ള ചിന്തകള്‍ പങ്കുവെയ്ക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇതൊരു പക്ഷേ എന്തെങ്കിലുമൊരു തീരുമാനത്തിലേക്കെത്തിക്കാനോ, അഭിപ്രായം രൂപപ്പെടുന്നത്തു നോ ആര്‍ക്കെങ്കിലും സഹായകരമാവും എന്നതാണ് ഞാന്‍ കാണുന്ന മെച്ചം. അതു കൊണ്ട് പ്രണയത്തിന്‍റെ ബാക്കിപത്രത്തെക്കുറിച്ച് അടുത്ത ചില ലക്കങ്ങളില്‍ ഞാന്‍ പ്രത്യക്ഷപ്പെടുന്നതായിരിക്കും.

 

 

 

 

 

ഡോ.ജാന്‍സി ജോസ്

എഴുത്തുകാരി

COMMENTS

COMMENT WITH EMAIL: 0