Homeചർച്ചാവിഷയം

‘ഇറ്റാദാകിമാസു’ റ്റോമോയിലെ ടോട്ടോ

ഡോ.വന്ദന ബി.

“കുട്ടികളെ നിങ്ങളെപ്പോലെ ആക്കാന്‍ ശ്രമിക്കാതിരിക്കുക. നിങ്ങള്‍ക്ക് ശ്രമിക്കാം; അവരെപ്പോലെ ആയിത്തീരാന്‍” (ഖലീല്‍ ജിബ്രാന്‍-മരുഭൂമിയിലെ പ്രവാചകന്‍)
ജപ്പാനിലെ പ്രശസ്തയായ ടെലിവിഷന്‍ പ്രതിഭയും യൂനിസെഫിന്‍റെ ഗുഡ് വില്‍ അംബാസഡറും ആയ തെത്സുകോ കുറയോനഗി എഴുതിയ പ്രശസ്തമായ ഗ്രന്ഥമാണ് ടോട്ടോചാന്‍, ദ ലിറ്റില്‍ ഗേള്‍ അറ്റ് ദ വിന്‍ഡോ (1981) ഇതില്‍ ടോമോ ഗാക്വെന്‍ എന്ന സ്ഥലത്തെ തന്‍റെ തന്നെ കുട്ടിക്കാലത്തെ അനുഭവങ്ങളാണ് വിവരിച്ചിരിക്കുന്നത്. ടോട്ടോചാന്‍ എന്ന വികൃതിയായ പെണ്‍കുട്ടിയുടെ അനുഭവങ്ങളിലൂടെ നമുക്ക് വിദ്യാഭ്യാസത്തിന്‍റെ പുതിയമാനങ്ങള്‍ ഈ കൃതികാട്ടിത്തരുന്നു. കൊബായാഷി മാസ്റ്ററുടെപ്രിയപ്പെട്ട വിദ്യാര്‍ത്ഥിയായി ടോട്ടോചാന്‍ ഈ അനുഭവകഥയില്‍ നിറഞ്ഞുനില്‍ക്കുന്നു.


ലോകമെമ്പാടുമുള്ള വായനക്കാര്‍ ടോട്ടോചാനെ നെഞ്ചിലേറ്റിയത് ഒരു സാധാരണ അനുഭവകഥ എന്ന നിലയ്ക്കായിരുന്നില്ല, മറിച്ച് വിദ്യാഭ്യാസത്തിന്‍റെ പുതിയ മാനങ്ങള്‍ നിറഞ്ഞ ഒരു വിദ്യാഭ്യാസ പുസ്തകം എന്ന നിലയ്ക്കാണ്. കേരളത്തില്‍ നടപ്പാക്കിയിരിക്കുന്ന പുതിയ വിദ്യാഭ്യാസരീതിയുമായി പൊരുത്തപ്പെടുന്ന പല ബോധനരീതികളും കൊബായാഷി മാസ്റ്റര്‍ ടോമോ എന്ന സ്കൂളില്‍ നടപ്പാക്കിയിരുന്നു. പല രാജ്യങ്ങളിലെയും അദ്ധ്യാപനപരിശീലന കോളേജുകളില്‍ ടോട്ടോചാന്‍ ഒരു പഠനവിഷയമാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ സാഹിത്യകേന്ദ്രിതമായ പുസ്തകങ്ങളുടെ പ്രസാധനവും വായനാവിഭവമെന്ന നിലയിലുള്ള അവയുടെ സ്വീകാര്യതയും വര്‍ദ്ധിക്കുന്നുണ്ട്. (രാജീവന്‍; ബി 20011:445)
അന്‍വര്‍അലി, ടോട്ടോചാന്‍, ജനാലക്കരികിലെ വികൃതിക്കുട്ടി എന്ന പേരില്‍ മലയാളത്തില്‍ തര്‍ജ്ജുമ ചെയ്തിട്ടുണ്ട്. 1992ല്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആണ് ഈ പുസ്തകത്തിന്‍റെ ആദ്യ മലയാള പരിഭാഷ പുറത്തിറക്കിയത്. 1997 മുതല്‍ നാഷണല്‍ബുക്ക് ട്രസ്റ്റ് മലയാളപരിഭാഷ പുറത്തിറക്കുന്നു. നിലവില്‍ പതിനഞ്ചോളം പതിപ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ടോട്ടോ.. ഇനി നീ ഈ സ്കൂളിലെ കുട്ടിയാണ്…. മാസ്റ്ററുടെ ആ വാക്കുകള്‍കേട്ട നിമിഷം മുതല്‍ എങ്ങനെയെങ്കിലും അടുത്ത പ്രഭാതം ഇങ്ങെത്തിയാല്‍ മതിയെന്നായി ടോട്ടോചാന്‍. ഒരു പകലിന് വേണ്ടി ഇത്രയേറെ ആഗ്രഹത്തോടെ അവള്‍ ഇന്നുവരെ കാത്തിരുന്നിട്ടില്ല – (അന്‍വര്‍ അലി, 17: 2012) അതായിരുന്നു ടോട്ടോചാന്‍ എന്ന വികൃതിപ്പെണ്‍കുട്ടിയുടെ ഹൃദയം കവര്‍ന്ന റ്റോമോ വിദ്യാലയം. ടോട്ടോചാനെ കാണുമ്പോഴെല്ലാം ദാ നോക്ക്, നേരായിട്ടും നീ ഒരു നല്ല കുട്ടിയാ എന്ന് ഓര്‍മിപ്പിച്ച, സ്നേഹനിധിയും ഭാവനാശാലിയുമായ ഹെഡ്മാസ്റ്റര്‍ കൊബായാഷി മാസ്റ്റര്‍.


ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന അതിവികൃതിയായ ടോട്ടോചാന്‍ എന്ന പെണ്‍കുട്ടിയെ സ്കൂളില്‍ നിന്നും പുറത്താക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. മറ്റൊരു സ്കൂളില്‍ പ്രവേശനത്തിന് സാധ്യത തേടി അവളുടെ അമ്മ എത്തുന്നത് റ്റോമോ എന്ന സ്കൂളിലായിരുന്നു. അവള്‍ പഠിച്ചിരുന്ന സ്കൂളുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു റ്റോമോ. ഗേറ്റിന് പകരം രണ്ട് മരങ്ങളും ട്രെയിനിന്‍റെ ബോഗികള്‍ പോലെയുള്ള ക്ലാസ് മുറികളുമുള്ള വേറിട്ട ഒരു ലോകം. കാടും കളിസ്ഥലങ്ങളും പോരാത്തതിന് ഒരു നീന്തല്‍ക്കുളവും. സ്കൂളില്‍ ആകെയുള്ളതോ അമ്പത് കുട്ടികള്‍ മാത്രവും. അവര്‍ പാട്ടുകള്‍ പഠിച്ചു. കായികമത്സരങ്ങളില്‍ ഏര്‍പ്പെട്ടു. ക്യാമ്പുകളും പഠനയാത്രകളും നടത്തി. നാടകം അവതരിപ്പിച്ചു. പാചകം ചെയ്തു. കൊബായാഷി മാസ്റ്ററുടെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയായി ടോട്ടോ ഈ അനുഭവകഥയില്‍ നിറഞ്ഞുനില്‍ക്കുന്നു. കൊബായാഷി മാസ്റ്റര്‍ പ്രത്യക്ഷത്തില്‍ കായികക്ഷമത ഏറ്റവും കുറഞ്ഞ കുട്ടിക്ക് പോലും ഒന്നാമതാവാന്‍ പറ്റുന്നതരത്തിലുള്ള മത്സരങ്ങള്‍ തിരഞ്ഞെടുത്തിരുന്നു. വളരെ ലളിതമായി രീതിയില്‍ ആശയങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഉദാഹരണമായി സമീകൃതാഹാരം, മലയില്‍ നിന്ന് എന്തെങ്കിലും?. കടലില്‍ നിന്ന് എന്തെങ്കിലും? (അന്‍വര്‍ അലി, 28:2012) അദ്ദേഹം വിദ്യാലയത്തെ വിജയികളെയും പരാജിതരെയും വേര്‍തിരിക്കാനുള്ള ഒരു അരിപ്പ ആയിട്ടല്ല, മറിച്ച് ഓരോ കുട്ടിക്കും താനാരാണെന്ന് സ്വയം മനസ്സിലാക്കാനുള്ള ഒരു കളരിയായിട്ടാണ് കണ്ടിരുന്നത്. അവള്‍ക്കും അവളുടെ സഹപാഠികള്‍ക്കും പ്രിയങ്കരമായിത്തീര്‍ന്ന ഒരു പരിസരമായി റ്റോമോ വിദ്യാലയം. വേഷവിധാനത്തിനോ പാഠ്യപദ്ധതികള്‍ക്കോ നല്‍കുന്നതിനേക്കാള്‍ വലിയ പരിഗണന, കുട്ടികള്‍ കഴിക്കേണ്ട സ്വാദിഷ്ഠമായ ഉച്ചയൂണിന് നല്‍കിയിരുന്ന ഒരു ഹെഡ്മാസ്റ്റര്‍. അവിടെ അവര്‍ സംഗീതം അഭ്യസിച്ചു. കായികമത്സരങ്ങളില്‍ പങ്കെടുത്തു. അവര്‍ക്കായി വേനല്‍ക്കാലത്ത് ക്യാമ്പുകള്‍, ചൂടുനീരുറവകളിലേക്ക് യാത്രകള്‍, നാടകാവതരണം. തുറസ്സിലെ പാചകശാല, അങ്ങനെയങ്ങനെ… നാടോടിക്കഥകളും കവിതകളും പാട്ടുകളും കടംകഥകളും പഴഞ്ചൊല്ലുകളുമൊക്കെ ഉള്‍പ്പെടുന്ന ഫോക് ലോര്‍ മുതിര്‍ന്നവരുടെതാണെങ്കിലും അവയില്‍ നല്ലൊരു ഭാഗം കുട്ടികള്‍ക്ക് യോജിക്കുന്നവയായിരുന്നു. മറ്റ് സാഹിത്യമേഖലകളെക്കാള്‍ വാചികപാരമ്പര്യം കുട്ടികള്‍ക്കുള്ള സാഹിത്യത്തിനാണവകാശപ്പെടാനുള്ളത്. മുത്തച്ഛന്മാരിലൂടെയും മുത്തശ്ശി മാരിലൂടെയും അമ്മമാരിലൂടെയും മറ്റും കര്‍ണാകര്‍ണികയായി കൈമാറിപ്പോന്ന ഒരുപാട് സാഹിത്യസൃഷ്ടികള്‍ ഓരോ ദേശത്തുമുണ്ടായിരിക്കും. (പ്രഭാകരന്‍, പഴശ്ശി, ഡോ 13:2013). ചിലര്‍ പാട്ട് പാടാന്‍ സമര്‍ത്ഥരായിരുന്നു, ചിലര്‍ കായികരംഗത്ത് വിദഗ്ധര്‍. എന്തിന്, വളര്‍ന്നുവരുന്ന ഒരു ഭൗതികശാസ്ത്രജ്ഞന്‍ പോലുമുണ്ടായിരുന്നു കൂട്ടത്തില്‍.
എല്ലാവരും കടപ്പെട്ടിരിക്കുന്നത് സ്നേഹനിധിയും ഭാവനാശാലിയായ ഹെഡ്മാസ്റ്റര്‍ കൊബായാഷിയോടായിരുന്നു. സമാനമായ പ്രോത്സാഹന വാക്കുകള്‍ തന്നെയാവും അദ്ദേഹം മറ്റ് വിദ്യാര്‍ത്ഥികളോടും പറഞ്ഞിരിക്കുക എന്നതിന് സംശയമില്ല. മാസ്റ്ററുടെ സ്നേഹം കുട്ടികള്‍ക്ക് ആവേശഭരിതമായ ജീവിതത്തിന് വേണ്ട അസ്ഥിവാരമായിരുന്നു. അദ്ദേഹമുള്ള പള്ളിക്കൂടമോ അവര്‍ക്ക് വീട്ടില്‍ നിന്ന് അകലെ ഒരു വീടും. പുതിയ സ്കൂള്‍ ടോട്ടോചാന്‍റെ ഹൃദയത്തെ കീഴടക്കിക്കളഞ്ഞിരുന്നു. എന്നും സ്കൂളില്‍ വരണം. അവധിയേ വേണ്ട. ആ സ്കൂളിലെ ക്ലാസ്മുറികള്‍ക്കുമുണ്ടായിരുന്നു പ്രത്യേകതകള്‍. ട്രെയിനിന്‍റെ രൂപത്തിലായിരുന്നു അവിടെയുള്ള ക്ലാസ്മുറികള്‍. അതായിരുന്നു ടോട്ടോയെ ആദ്യമായി ആകര്‍ഷിച്ചതും, അവള്‍ക്ക് സ്കൂളിനോടുള്ള താല്പര്യം വര്‍ദ്ധിപ്പിച്ചതും. അവളതിന് തീവണ്ടിപള്ളിക്കൂടം എന്ന് പേരിട്ടു. അവിടുത്തെ ഉച്ചയൂണിന് പോലും രസം കണ്ടെത്തുന്ന വിശേഷങ്ങള്‍ പറയാനുണ്ടായിരുന്നു. കടലില്‍ നിന്നും മലയില്‍ നിന്നുമുള്ള പങ്കിനെക്കുറിച്ചായിരുന്നു കുട്ടികളോടുള്ള ഹെഡ്മാസ്റ്ററുടെ ചോദ്യം. മത്സ്യം, കൊഞ്ച്, ചിപ്പിയും ഞണ്ടും പോലുള്ള കടല്‍ ജീവികളുടെ മാംസം എന്നിവയൊക്കെയാണ് കടലില്‍ നിന്നുള്ളവ. മലകളില്‍ നിന്നുള്ള വിഭവങ്ങള്‍ പച്ചക്കറികള്‍, ആട്, കോഴി, പന്നി എന്നിങ്ങനെ.
ജപ്പാനില്‍ ഊണ് കഴിക്കും മുമ്പ് പറയും ഇറ്റാദാകിമാസു ഞാന്‍ വിനയപൂര്‍വ്വം ഇതില്‍ പങ്കുചേരുന്നു എന്നര്‍ത്ഥം വരുന്ന ഉപചാരവാക്ക്. എന്നാല്‍ റ്റോമോഗാക്വെനിലെ ഉച്ചയൂണാരംഭിക്കുന്നത് ഒരു ഗാനത്തിലൂടെയാണ്. കൊബായാഷി മാസ്റ്റര്‍ പ്രത്യേകമായി രചിച്ച ഊണിന് മുമ്പുള്ള പാട്ട്. ഒരു സംഗീതജ്ഞന്‍ കൂടിയാണ് മാസ്റ്റര്‍. ഊണിന് മുമ്പുള്ള പാട്ട് അദ്ദേഹം ഒരു പഴഞ്ചൊല്ലിന്‍റെ താളത്തിലാണ് ഉണ്ടാക്കിയത്. ഊണിന് മുമ്പ് ജപ്പാന്‍കാര്‍ പാടിവരാറുള്ള ഒരു പഴമ്പാട്ട് എന്ന്തന്നെ ആ ശീലിനെക്കുറിച്ച് റ്റോമോയില്‍ പഠിച്ചകുട്ടികള്‍ മിക്കവരും വര്‍ഷങ്ങള്‍ക്ക് ശേഷവും ഉറച്ച് വിശ്വസിച്ചു. അത്രയേറെ സമര്‍ത്ഥമായാണ് പഴഞ്ചൊല്ലിന്‍റെ ഈണത്തില്‍ മാസ്റ്റര്‍ വരികളും വാക്കുകളും ചേര്‍ത്തുവച്ചത്. പാട്ട് ഇങ്ങനെയായിരുന്നു:
“ചവച്ചരച്ചിറക്കിടാം
കഴിച്ചിടുന്നതൊക്കെയും
ചവച്ചരച്ചുമെല്ലവേ
ഇറച്ചി ചോറുമീന്‍കറീം” – (അന്‍വര്‍ അലി, 30: 2012)
ഈ ഈരടികള്‍ പാടിയശേഷം മാത്രമേ കുട്ടികള്‍ സര്‍വസാധാരണമായ ഉപചാരവാക്കിലേക്ക് പ്രവേശിക്കുകയുള്ളൂ. ഇങ്ങനെ റ്റോമോയിലെ വിശേഷങ്ങളോരോന്നായി തെത്സുകോ വരച്ചുകാട്ടി.
തെത്സുകോ കുറിയോനഗിയായി വളര്‍ന്ന പഴയ ടോട്ടോചാന്‍, അവളുടെ സ്കൂളിനെക്കുറിച്ച് കൂമ്പാരക്കണക്കിന് വിശേഷങ്ങളാണ് നമ്മോട് പറയുന്നത്. കുട്ടികളുമായി ഇടപഴകിയ ഓരോരുത്തര്‍ക്കും നല്‍കാന്‍- അവര്‍ അദ്ധ്യാപകരോ രക്ഷകര്‍ത്താക്കളോ മുത്തശ്ശി മുത്തച്ഛന്മാരോ എന്നല്ല കുട്ടികള്‍ തന്നെയോ ആയിക്കൊള്ളട്ടെ- ഒരുപാടൊരുപാടുണ്ട്, കുറോയാനഗിയുടെ പക്കല്‍.
ടോട്ടോചാന് ഒരു ശീലമുണ്ടായിരുന്നു. ടോയ്ലെറ്റില്‍ പോയതിന് ശേഷം അവള്‍ കുഴിയിലേക്ക് എത്തി വലിഞ്ഞ് നോക്കും. തീരെ ചെറിയ കുട്ടിയായിരുന്നപ്പോള്‍ത്തന്നെ അവളിതു ചെയ്യുമായിരുന്നു. പള്ളിക്കൂടത്തില്‍ പോയി തുടങ്ങുന്നതിനും മുമ്പ്, അനേകം കുഞ്ഞ് തൊപ്പികള്‍ ഇത്തരത്തില്‍ അവള്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. വിലപിടിപ്പുള്ള പനമ്പുകൊണ്ട് നിര്‍മ്മിച്ച അപൂര്‍വ്വമായ ഒന്നും വെള്ളത്തൂവാല തുന്നിച്ചേര്‍ത്ത മറ്റൊന്നും ഉള്‍പ്പെടെ. അക്കാലത്തെ ടോയ്ലെറ്റുകള്‍ ആധുനികരീതിയില്‍ നിര്‍മ്മിച്ചവയായിരുന്നില്ല. സ്ലാബിനടിയില്‍ ഓവുകളോടുകൂടിയ വലിയ ഒരു കുഴിതയ്യാറാക്കുകയാണ് പതിവ്. ഈ കുഴിയില്‍ തന്‍റെ ഹാറ്റുകള്‍ ഒഴുകിനടക്കുന്നത് അവള്‍ക്ക് കാണാം. ടോയ്ലെറ്റ് ഉപയോഗിച്ചു കഴിഞ്ഞാല്‍ അതിലേക്ക് എത്തിവലിഞ്ഞ് നോക്കരുതെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു.
അന്നേ ദിവസം ക്ലാസ് തുടങ്ങുന്നതിന് മുമ്പ് ടോട്ടോചാന് ടോയ്ലെറ്റിലേക്ക് പോകേണ്ടിവന്നു. അമ്മയുടെ വിലക്ക് ഓര്‍ക്കാന്‍ കഴിയുന്നതിന് മുമ്പ് തന്നെ അറിയാതെ താഴേക്ക് നോക്കിപ്പോയി. ആ നിമിഷത്തില്‍ ഒരു നിമിഷം പഴ്സിലെ പിടി ഒന്ന് അയഞ്ഞിരിക്കണം. അത് കൈയില്‍ നിന്നും വഴുതിവീണു. വെള്ളം തെറിപ്പിച്ച് കുത്തനെ കുഴിയിലേക്ക്. യ്യോ! താഴെ ഇരുട്ടിലേക്ക് കണ്ണുംനട്ട് ഒരപശബ്ദം പുറപ്പെടുവിക്കാനേ അവള്‍ക്ക് കഴിഞ്ഞുള്ളൂ. പക്ഷേ കുത്തിയിരുന്ന് കരയാന്‍ ടോട്ടോ കൂട്ടാക്കിയില്ല. പഴ്സ് ഉപേക്ഷിക്കാനും. അവള്‍ നേരെ വാച്ചറുടെ ഷെഡ്ഡിലേക്കോടി. തോട്ടപ്പണിക്കുപയോഗിക്കുന്ന ഒരു മണ്‍വെട്ടി പണിപ്പെട്ട് എടുത്തുകൊണ്ടുവന്നു. തടിയില്‍ പണിത പിടിക്ക് തന്നെ അവളുടെ രണ്ടിരട്ടി നീളമുണ്ടായിരുന്നു. പക്ഷേ അതൊരു പ്രശ്നമേയല്ലെന്ന ഭാവത്തില്‍ മണ്‍വെട്ടിയും തോളിലേറ്റി അവള്‍ സ്കൂളിന്‍റെപിന്‍വശത്തേക്ക് നടന്നു. ഓവുചാല്‍ അവസാനിക്കുന്ന സ്ഥലം എത്ര ശ്രമിച്ചിട്ടും അവള്‍ക്ക് കണ്ടുപിടിക്കാനായില്ല. ടോയ്ലെറ്റിന്‍റെ പിന്മതിലിനു പുറത്തായിരിക്കും അത് ചെന്ന് നില്‍ക്കുന്നതെന്നായിരുന്നു അവളുടെ ധാരണ. കുറേ നേരത്തെ പരിശ്രമത്തിന് ശേഷം അവളത് കണ്ടെത്തി. അല്പം അകലെയായി കോണ്‍ക്രീറ്റിലുള്ള ഒരു ചെറിയ സ്ലാബ്. വളരെ കഷ്ടപ്പെട്ട് അവള്‍ സ്ലാബുയര്‍ത്തി. താന്‍ തിരഞ്ഞ സംഭവം തന്നെയാണിതെന്ന് അവള്‍ക്ക് ബോധ്യമായി. പതുക്കെ തല ഉള്ളിലേക്ക് കടത്തി.
യ്യോ! ഇത് കുഹോന്‍ബസതുകൊളത്തിന്‍റത്രയുണ്ടല്ലോ ടോട്ടോചാന്‍ അറിയാതെ പറഞ്ഞുപോയി (അന്‍വര്‍ അലി, 39:2012). അവള്‍ പണി ആരംഭിച്ചു. ആദ്യം പേഴ്സ് കണ്ടേക്കുമെന്ന് അവള്‍ക്ക് തോന്നിയ ഭാഗത്തു നിന്ന് അഴുക്കു കുറേശ്ശെ കോരി മാറ്റാന്‍ തുടങ്ങി. മൂന്ന് ടോയ്ലറ്റുകളിലേയും ഓവുകള്‍ ചെന്നു ചേരുന്ന കൂറ്റന്‍ ടാങ്ക്; ഇരുട്ട് നിറഞ്ഞതും ആഴമേറിയതും. ടോട്ടോയുടെ കുഞ്ഞുതല അപകടമാംവിധം ദ്വാരത്തിനുള്ളിലായിരുന്നു. അവള്‍ ഉള്ളില്‍ വീണു പോകാന്‍ തന്നെ ഇടയുണ്ട്. കുറേക്കൂടി സുരക്ഷിതമായ സ്ഥാനത്തിരുന്ന് കുറേശ്ശെയായി കോരുക മാത്രമേ നിര്‍വ്വാഹമുള്ളൂ എന്ന് അവള്‍ക്കു മനസ്സിലായി. ഉള്ളിലുള്ള പദാര്‍ത്ഥങ്ങള്‍ കോരിയെടുത്ത്, അവള്‍ ദ്വാരത്തിനു ചുറ്റുമായി നിക്ഷേപിച്ചുകൊണ്ടിരുന്നു. ഓരോ തവണയും ടോട്ടോചാന്‍ മണ്‍വെട്ടിയിലെ വസ്തുക്കള്‍ നന്നായി പരിശോധിച്ചു. പേഴ്സ് കണ്ടുപിടിക്കാന്‍ ഇത്രയേറെ കഷ്ടപ്പെടേണ്ടി വരുമെന്നവള്‍ കരുതിയിരുന്നില്ല. നേരം ഒരുപാടായി. അവള്‍ കോരിക്കൊണ്ടിരുന്നു. പേഴ്സ് പോയിട്ട് അതിന്‍റെ പൊടി പോലും കാണാനില്ല. ഒടുവില്‍ മണി മുഴങ്ങി. ക്ലാസ് ആരംഭിക്കാന്‍ സമയമായി. ഇനിയിപ്പൊ എന്താ ചെയ്ക? അവള്‍ക്ക് ഒരെത്തും പിടിയും കിട്ടിയില്ല. എന്തായാലും ഇത്രയുമായ സ്ഥിതിക്ക് കുറച്ചുകൂടി നോക്കുക തന്നെ. പൂര്‍വ്വാധികം വാശിയോടെ അവള്‍ തിരച്ചില്‍ തുടര്‍ന്നു. അതിനിടയില്‍ മാസ്റ്റര്‍ അതുവഴി വന്നു. അപ്പോഴേക്കും കുഴിക്കരികില്‍ അഴുക്കിന്‍റെ ഒരു കൂമ്പാരം തന്നെ ആയിക്കഴിഞ്ഞിരുന്നു. ടോട്ടോ, നീയെന്താ ചെയ്യണേ? മാസ്റ്റര്‍ ചോദിച്ചു. എന്‍റെ പേഴ്സ് ടോയ്ലറ്റില്‍ വീണു. തിരച്ചിലിനിടയില്‍ ഒരു നിമിഷം പോലും പാഴാക്കാതെ അവള്‍ പറഞ്ഞു.
ഉവ്വോ, നടക്കട്ടെ തന്‍റെ പതിവ് ശൈലിയില്‍ കൈകള്‍ പിന്നില്‍ കെട്ടി അദ്ദേഹം നടന്നകന്നു. അവള്‍ക്കിതുവരെയും പഴ്സ് കണ്ടെത്താനായില്ല. കൂനയുടെ ഉയരം കൂടികൂടി വന്നു. ഗന്ധവും. മാസ്റ്റര്‍ വീണ്ടും വന്നു. കിട്ടിയോ ഇല്ല്യ. കൂനകള്‍ക്കിടയില്‍ നിന്ന് ടോട്ടോ കഴുത്തുയര്‍ത്തി. മുഖം വിയര്‍ത്തൊലിക്കുന്നുണ്ടായിരുന്നു. കവിളുകള്‍ വല്ലാതെ ചുവന്നിരുന്നു. അവളുടെ അടുത്തേക്ക് സ്വല്പം കൂടെ നീങ്ങിനിന്ന് സൗഹൃദഭാവത്തില്‍ അദ്ദേഹം പറഞ്ഞു. തെരഞ്ഞു കഴിഞ്ഞാലേ, ഒക്കെം തിരികെ കോരിയിടണം എന്താ ഇട്വോ? ശേഷം പഴയമട്ടില്‍ അദ്ദേഹം നടന്നുമറഞ്ഞു. (അന്‍വര്‍ അലി,41 : 2012)
ജപ്പാന്‍കാരനായ ഫുക്കുവോക്കയുടെ ഒറ്റവൈക്കോല്‍ വിപ്ലവം എന്ന പുസ്തകത്തെയും ആശയത്തെയും പറ്റി നമ്മള്‍ കേട്ടിരുന്നു. സസ്യങ്ങളെ അതിന്‍റെ സ്വാഭാവിക വളര്‍ച്ചയ്ക്ക് വിടുക എന്ന സുന്ദരമായ സംഗതിയാണ് ഫുക്കുവോക്ക നിര്‍ദ്ദേശിക്കുന്നത്. സ്വാഭാവികമായ അന്തരീക്ഷത്തില്‍ സസ്യങ്ങള്‍ക്ക് പ്രതിരോധശേഷി ലഭിക്കുമെന്നും വളര്‍ച്ചയ്ക്ക് പ്രതികൂലമായി വരുന്ന അവസ്ഥകളെല്ലാം തന്നെ കാലക്രമേണ ഇല്ലാതായിക്കൊള്ളുകയോ, അതിനുതക്ക പ്രതിരോധം വിത്തിലും ചെടിയിലും ഉണ്ടായിവരികയും ചെയ്യുമെന്നും ഫുക്കുവോക്ക ചെയ്തുകാണിച്ചു തരികയായിരുന്നു. എന്നാല്‍ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസകാര്യത്തില്‍ ആശാവഹമായ രീതികള്‍ സ്വീകരിക്കാന്‍ നമുക്ക് സാധിക്കാതെ പോകുന്നുണ്ട്, പലപ്പോഴും. മനുഷ്യന്‍റെ സ്വാഭാവികമായ വളര്‍ച്ചയും പരിണാമവും വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ പദ്ധതിയുടെ ആവശ്യകതയെപ്പറ്റി നാം ചിന്തിക്കേണ്ടതിന്‍റെ ആവശ്യകത ടോട്ടോചാന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. അത്തരമൊരു വിദ്യാലയത്തില്‍ പഠിച്ച കുറയോനഗി എഴുതിയ ടോട്ടോചാന്‍ എന്ന കൃതിയില്‍ അങ്ങനെ ചിന്തിക്കുകയും ഉപേക്ഷിക്കപ്പെട്ട റെയില്‍ ബോഗികളില്‍ അധ്യയനം നടത്തുകയും ചെയ്ത ഫുക്കുവോക്കയുടെ നാട്ടുകാരനായ കൊബായാഷി മാസ്റ്ററെ പറ്റിയുള്ള ഓര്‍മ്മകള്‍ നമുക്ക് വായിക്കാം.
ഫ്രഞ്ച് തത്ത്വജ്ഞാനിയായ റൂസ്സോ, തന്‍റെ മിലി (ങശഹല) എന്ന നോവലില്‍ കുട്ടികളുടെ മനസ്സ് മുതിര്‍ന്നവരുടെ മനസ്സിന്‍റെ കൊച്ചുപതിപ്പല്ല എന്നും അവര്‍ക്ക് വ്യത്യസ്തവും സ്വതസിദ്ധവുമായ ഒരു മനസ്സാണുള്ളതെന്നും ചൂണ്ടിക്കാട്ടി. കുട്ടികള്‍ ജന്മനാവിവേകമുള്ളവരാണെന്നും അവര്‍ക്ക് അനുഭവങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും സ്വയം പഠിക്കാന്‍ കഴിയുമെന്നും ബുദ്ധിമാന്മാരായ മുതിര്‍ന്നവര്‍ക്ക് കുട്ടികളെ വഴികാട്ടാന്‍ കഴിയുമെന്നുമുള്ള റൂസ്സോയുടെ സിദ്ധാന്തത്തിന്‍റെ ചുവടുപിടിച്ച് ധാരാളം കഥകള്‍ അന്ന് പുറത്തുവരികയുണ്ടായി (പ്രഭാകരന്‍, പഴശ്ശി, ഡോ. :26:2013)
തെത്സുകോ കുറയൊനഗി എന്ന ടോട്ടോചാനെ ആദ്യം പഠിച്ച സ്കൂളില്‍ നിന്നും പറഞ്ഞയക്കുകയാണുണ്ടായത്. തുടരെ തുടരെ പെന്‍സില്‍ ബോക്സ് തുറന്നുമടച്ചും ജനാലയ്ക്കരികില്‍ ചെന്ന് നിന്ന് തെരുവിലെ പാട്ടുസംഘത്തിന് ചെവി കൊടുത്തും മറ്റും ശല്യപ്പെടുത്തുന്നുവെന്ന കാരണത്താല്‍ പുറത്താക്കപ്പെട്ട വിവരം ടോട്ടോയെ അറിയിക്കാതെ അമ്മ കൊബായാഷി മാസ്റ്ററുടെ റ്റോമോഗാക്വെന്‍ സ്കൂളില്‍ കൊണ്ടുചെല്ലുന്നു. കൊബായാഷി മാസ്റ്ററുടെ കുഞ്ഞുമായുള്ള അഭിമുഖം തന്നെ വളരെ രസകരമാണ്. സംസാരിച്ച് തുടങ്ങിയ ടോട്ടോ ഇനി ഒന്നും പറയാനില്ലാതെ നിര്‍ത്തുന്നതുവരെ മാസ്റ്റര്‍ അത് കേട്ടുകൊണ്ടേയിരുന്നു. ഏകദേശം നാലര മണിക്കൂര്‍. ഇന്‍റര്‍വ്യൂ അത്ര തന്നെ. സ്കൂളിലെ ഭക്ഷണീതികള്‍ കണിശമാണ്. കൃഷിയെക്കുറിച്ച് ക്ലാസെടുക്കാന്‍ വരുന്നത് ഒരു അഗ്രികള്‍ച്ചര്‍ ബിരുദധാരിയല്ല, മറിച്ച് ഒരു കൃഷിക്കാരനാണ്. ഇങ്ങനെ ഒട്ടനവധി വിശേഷങ്ങളുണ്ടീ വിദ്യാലയത്തില്‍.
1937ല്‍ ഒട്ടനവധി പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷമാണ് സൊസാകു കൊബായാഷി റ്റോമോഗാക്വെന്‍ ആരംഭിച്ചത്. ജപ്പാനിലെ വിദ്യാഭ്യസവിചക്ഷണന്മാരെ ഈ പുസ്തകം ഏറെ സ്വാധീനിച്ചിരുന്നതായി കാണാം. പുസ്തകത്തിന്‍റെ അവസാനത്തില്‍ ടോട്ടോയോടൊപ്പം ഈ സ്കൂളില്‍ പഠിച്ചവരില്‍ ചിലരുടെ വിവരങ്ങളും ചേര്‍ത്തിട്ടുണ്ട്. കുട്ടിയുടെ കാഴ്ചപ്പാടില്‍ നിന്നുള്ള രസകരമായ വിവരണം തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ടോട്ടോചാന്‍ മാത്രമല്ല മറ്റ് കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടേണ്ടവരാണ്. കഥയില്‍ ഉടനീളം പ്രത്യക്ഷപ്പെടുന്ന കൊച്ചുടോട്ടോയുടെ അച്ഛന്‍, മാസ്റ്ററുടെ മകളായ മിയോചാന്‍, പിന്നെ ടോട്ടോയുടെ വികൃതികളായ സുഹൃത്തുക്കള്‍, സാക്കോചാന്‍, തകാഹാഷി, കാസു ഓ അമാദേര, ക്യൂനിന്‍ ഒയെ, മിഗിത പിന്നെ പോളിയോ ബാധിച്ച യാസുകിചാനും. ചട്ടക്കൂടുകളുടെയും പാഠപുസ്തകങ്ങളുടെയും ലോകത്തിനപ്പുറം കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ പരിഷ്കരിക്കപ്പെടുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ ആവശ്യകത ഈ പുസ്തകം അനുവാചകനെ ചിന്തിപ്പിക്കുന്നു. പ്രകൃതിയുടെ ഭാഗമായി മാറാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം എന്ന് തുടങ്ങി നിരവധി സാരവത്തായ ആശയങ്ങള്‍ ഗ്രന്ഥകര്‍ത്താവ് അനുഭവത്തിലൂടെ കാണിച്ചു തരുന്നു. റ്റോമോ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് പ്രകൃതിയോടിണങ്ങി ജീവിക്കാനുള്ള അവസരം ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രകൃതിയില്‍ നിന്നും ഒരുപാട് ജീവിതപാഠങ്ങള്‍ സ്വന്തമാക്കാന്‍ അവര്‍ക്കു കഴിഞ്ഞു. സ്വതന്ത്രമായ അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിഷയങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന അധ്യാപകനായിരുന്നു കൊബായാഷി മാസ്റ്റര്‍. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്‍റെ പള്ളിക്കൂടം അവര്‍ക്ക് വീട്ടില്‍ നിന്നകലെ ഒരു വീടായി മാറിയതും. കുട്ടികളെ അവരുടെ നൈസര്‍ഗികതയ്ക്ക് വിട്ടു കൊടുത്ത റ്റോമോ എന്ന വിദ്യാലയത്തെയും കൊബോഷി എന്ന അദ്ധ്യാപകനെയും ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തി എന്നതിലുപരി മത്സരാധിഷ്ഠിത വിദ്യാഭ്യാസത്തിലുപരി, അതിന് ബദല്‍ തെരഞ്ഞെടുക്കുന്നവര്‍ക്കും അഭയമായി മാറി ടോട്ടോചാന്‍.
അങ്ങനെ കുഞ്ഞുടോട്ടോ വിദ്യാഭ്യസ രീതികളെ മാറ്റിമറിച്ച വികൃതി പ്പെണ്‍കുട്ടിയായി. കുഞ്ഞുങ്ങളുടെ സഹജമായ ഇച്ഛകളെ തുരങ്കം വയ്ക്കാതിരിക്കുക. അവരുടെ സ്വപ്നങ്ങള്‍ മഹത്തരമാണെന്ന് തിരിച്ചറിയുക. ഇതെല്ലാം ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളാണ്. ജപ്പാനിലെ ബെസ്റ്റ് സെല്ലറായ ടോട്ടോചാന്‍ എല്ലാവിധ ഊറ്റത്തോടെയും ഊട്ടിയുറപ്പിക്കുന്ന സന്ദേശം ഇതാകുന്നു.
“നൂറ് പൂക്കള്‍ വിരിയട്ടെ, ആയിരം ചിന്താപദ്ധതികള്‍ നമ്മിലുയരട്ടെ”
ലോകത്തിന്‍റെ നെഞ്ചില്‍ തൊടുക്കപ്പെട്ട ആറ്റംബോബിലാണ് ഈ സ്കൂളും അവസാനിക്കുന്നത്. വായിക്കാനും വിദ്യാഭ്യാസപദ്ധതിയുടെ അപര്യാപ്തതയെ കുറിച്ച് ചിന്തിക്കാനും ഉതകുന്ന ഒരു നല്ല പുസ്തകമാണിത്.

ഗ്രന്ഥസൂചി
അന്‍വര്‍ അലി 2012 ടോട്ടോചാന്‍ ജനാലയ്ക്കരികിലെ വികൃതിക്കുട്ടി, നാഷണല്‍ ബുക്ക് ട്രസ്റ്റ്, ഇന്ത്യ
പ്രഭാകരന്‍ പഴശ്ശി, ഡോ.2013 ബാലസാഹിത്യം മലയാളത്തില്‍ ഒരാമുഖം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
രാജീവന്‍, ബി 2011 വാക്കുകളും വസ്തുക്കളും, ഡി.സി.ബുക്സ്, കോട്ടയം
ശ്രീകുമാര്‍.എ.ജി (എഡി), 2014, ജനപ്രിയസാഹിത്യം മലയാളത്തില്‍, നാഷണല്‍ ബുക്ക് സ്റ്റാള്‍, കോട്ടയം.

 

 

 

 

 

ഡോ.വന്ദന ബി.
അസിസ്റ്റന്‍റ് പ്രൊഫസ്സര്‍
മലയാള വിഭാഗം,
എന്‍.എസ്.എസ്. വനിതാ കോളേജ്, നീറമണ്‍കര

COMMENTS

COMMENT WITH EMAIL: 0