എന്‍റെ തലയ്ക്കു നേരേ
മൈലാഞ്ചി കുത്തുമ്പോള്‍
ശ്രദ്ധിക്കണം.
അതിനടുത്ത് തുമ്പികള്‍
പാറിക്കളിക്കുന്നുണ്ടാവും.
ദേഹത്ത് പറ്റിപ്പിടിച്ച
മണ്ണ് തുരന്ന് പുറത്തേയ്ക്കു വരുന്ന
കര്‍പ്പൂരവാസനയ്ക്ക്
കയ്പാണോ മധുരമാണോ എന്നറിയാതെ
ഉറുമ്പുകള്‍ പരക്കംപായുന്നുണ്ടാവും.
കുഴിക്കുമ്പോള്‍ പിഴുതുകളഞ്ഞ
പുല്ലുകളത്രയും
പിന്നെയും മുളച്ചുപൊന്താന്‍
മെനക്കെടുന്നുണ്ടാവും.
ഞാന്‍ നക്ഷത്രമോ
അമ്പിളിമാമനോ ആവില്ലെന്ന്
പറഞ്ഞുകൊടുക്കണം.
എനിക്ക് മേഘമായി,
കാറ്റിന്‍റെ ചുംബനങ്ങളേറ്റ്,
മഴയായ് ചില ഹൃദയങ്ങളിലേയ്ക്ക്
പെയ്തിറങ്ങാനാണിഷ്ടം.
പൂട്ടിയിട്ട ചിറകുകള്‍
കുത്തിത്തുറന്ന്
ആകാശത്തേക്ക് സ്വതന്ത്രമായി
സ്വര്‍ഗ്ഗം പരതുന്ന
എന്‍റെ ആത്മാവ്
ഒരു വൈകുന്നേരം
താഴേയ്ക്കുതന്നെ വീഴും….
എന്നിട്ട്,
ആ സ്കൂളിന്‍റെ
വേരില്ലാ മരച്ചോട്ടിലെ
ആറിക്കിടക്കുന്ന പടികളില്‍
ആരെയോ ചാരിയിരുന്ന്
മഴ കാണും.
യൂണിഫോം നനഞ്ഞതിന്
ചീത്ത കേള്‍ക്കോന്ന് പേടിയല്ലാതെ
പിണങ്ങിനടന്നപ്പോള്‍
നനയാതെപോയ മഴക്കാലങ്ങളത്രയും
ഒന്നിച്ചു നനഞ്ഞുതീര്‍ക്കും.
ഒരിക്കല്‍
ആര്‍ത്തിയോടെ നടന്നുതീര്‍ത്ത്
പിന്നെ കണ്ണു നനഞ്ഞ്
നോക്കിനിന്ന വഴികളിലേയ്ക്ക്
ഒന്നുകൂടി നടക്കാനിറങ്ങും.
ഒരു വൈകുന്നേരമൊന്നാകെ
വൈകിച്ചെന്നാല്‍
ഇന്നും ചോദ്യം ചെയ്യപ്പെടുമെന്നറിഞ്ഞിട്ടും
എന്നെ അറിയിക്കാതെ
ഒരു മഴക്കാലം മുഴുവന്‍ തന്നതിന്
മന്ദാരനിറമുള്ള ആ കുട്ടിയെ
പതിനൊന്നായിരം വട്ടം വാരിപ്പുണര്‍ന്നിട്ട്
അവസാനത്തെ ബസ്സിന്
വീട്ടിലേക്കു കയറും.
കരഞ്ഞുറങ്ങിപ്പോയവരോട്
മാപ്പു പറയാനാകാതെ
മുകളിലെ മുറിയിലേക്കോടി
അടഞ്ഞ ജനാലകള്‍ തുറക്കും.
കണ്ണീരു വറ്റാത്ത
കണക്ക് നോട്ടെടുത്ത്
പണ്ട് ഇവിടെവെച്ചെഴുതാന്‍ മറന്നതൊക്കെ
വീണ്ടുമെഴുതും.
ഞങ്ങള്‍ നനഞ്ഞ മഴയില്‍
എന്‍റെ മണ്ണ്
നനഞ്ഞുകുതിര്‍ന്നിരിക്കുന്നത് കണ്ടില്ലേ?
അതെ;
സ്വര്‍ഗ്ഗം കണ്ട നിര്‍വൃതിയില്‍
പറയട്ടെ.
പറിച്ചുനട്ടപ്പോള്‍ വാടിത്തൂങ്ങിയ
മൈലാഞ്ചിയിലയ്ക്ക്
ഇത്തിരി വെള്ളം നനച്ച്
ഇനി നിനക്ക് പോകാം.
ശേഷം,
ഞാന്‍ ജീവിക്കാന്‍ തുടങ്ങുകയാണ്!
ലിയ മുഹമ്മദ് ഇ.കെ.
പ്ലസ് – ടു, ജി.വി.എച്ച്.എസ്.എസ്.
കാരാകുര്‍ശ്ശി
COMMENTS