ഒന്ന് നുണഞ്ഞു തുപ്പികളായുന്നതാകരുത് നല്ല സാഹിത്യം..വായനക്കാരന്‍റെ ഗ്രഹണതക്കപുറം ചിന്തിക്കാനും കണ്ടെത്താനും പിന്നെയും കഥകളില്‍ പലതും ഉണ്ടാകണം.പ്രത്യേകിച്ച് ബാലസാഹിത്യത്തില്‍.’ബാല ഭാവനയെ തട്ടിയുണര്‍ത്തുന്നതും അവരുടെ വൈകാരികവും ധിഷണാ പരവുമായ വികാസത്തിന് ഉതകുന്നതുമായ സാഹിത്യ കൃതികളെല്ലാം ബാല സാഹിത്യമാണ്’ (അഖില വിജ്ഞാന കോശം.ഡിസി ബുക്ക്സ് പുറം 69).
കുട്ടിക്കഥകളിലെ കഥാപാത്രങ്ങള്‍ വൈവിധ്യം നിറഞ്ഞവയാണ്.ആകര്‍ഷണീയമായ വേഷവിധാനങ്ങളും ചിത്രീകരണങ്ങളും അതില്‍ ഉണ്ടായിരിക്കും.ഭിന്ന രൂപങ്ങളിലുള്ള മനുഷ്യര്‍, പക്ഷികള്‍, മൃഗങ്ങള്‍, ദേവന്മാര്‍,യക്ഷികള്‍, പിശാചുക്കള്‍,അസുരന്മാര്‍, രാക്ഷസന്മാര്‍, രാജാക്കന്മാര്‍, അതി സുന്ദരികളായ സ്ത്രീകള്‍, ഭീകരസ്വത്വങ്ങള്‍, വൈരൂപ്യങ്ങള്‍, തുടങ്ങീ മുന്‍വിധികള്‍ ഇല്ലാതെ ഏതു കഥാപാത്രങ്ങളും നിറഞ്ഞു നില്‍ക്കും ബാല സാഹിത്യത്തില്‍.ഫാന്‍റ സിയുടെയും ഭ്രമാത്മതയുടെയും കഥകളാണ് പല കുട്ടികഥകളും .യാഥാര്‍ത്ഥ്യത്തില്‍ നിന്നും അത്ഭുതത്തിലേക്കും, അവയില്‍ നിന്നും സഹസികതയിലേക്കും സ്വപ്ന ദൃശ്യങ്ങളെക്കും അവ നമ്മെ നയിക്കുന്നു.
വൈരൂപ്യവും ഭീകരതയും നിറഞ്ഞ സ്ത്രീ കഥാപാത്രങ്ങള്‍ കുട്ടിക്കഥകളില്‍ ധാരാളം കാണാന്‍ സാധിക്കും. ശൂര്‍പണഖ, താടക, പൂതന, മന്ഥര തുടങ്ങിയവരെല്ലാം ഈ ഗണത്തില്‍ പെടുന്ന കഥാപാത്രങ്ങളാണ്.നന്മക്കു നേരെ പുറം തിരിഞ്ഞു നില്‍ക്കുന്നവരാണ് പലപ്പോഴും വൈരൂപ്യത്തിലൂടെ ചിത്രീകരിക്കപ്പെടുന്നത്. ഇങ്ങനെയുള്ള മിക്കവാറും കഥാപാത്രങ്ങള്‍ അസുര രാക്ഷസ ഗണത്തില്‍ പെടുന്നവരുമാകും.
നമ്മുടെ സൗന്ദര്യ പൊതു ബോധത്തിന് ദഹിക്കാത്ത രൂപവും പ്രവര്‍ത്തിയുമാണ് ഇവര്‍ക്ക്.നമ്മുടെ സൗന്ദര്യ സംസ്കാര സങ്കല്പം സ്ത്രീയെ അടിസ്ഥാന പെടുതിയിരിക്കുന്നത് ഉഭയ വ്യക്തിത്വത്തിലാണ്.ഇത് മൂലം ബാല സാഹിത്യത്തില്‍ മാത്രമല്ല മൊത്തം സാഹിത്യത്തില്‍ തന്നെ സ്ത്രൈണാനുഭവത്തിന്‍റെ പരസ്പര വിരുദ്ധമായ വ്യവഹാരങ്ങള്‍ നിലനില്‍ക്കുന്നു.തന്‍റെ കാര്‍ത്തൃത്വം ഉറപ്പുവരുത്തുന്നതും തന്‍റെ അസ്തിത്വം നിഷേധിക്കുന്നതുമായ പരസ്പര വിരുദ്ധമായ സൗന്ദര്യ വ്യവഹാരവുമാണത്.പുരുഷാധികാരത്തില്‍ നിന്നും മാറി നടക്കാനും സ്വന്തം ഭാഗധേയം നിര്ണയിക്കാനും സ്വാതന്ത്രം നേടിയവരാണ് യഥാര്‍ത്ഥത്തില്‍ താടകയേയും ഹിഡുംബിയെയും പോലുള്ളവര്‍.
മൂക്ക് ചെത്തി ചെവി അറുക്കപ്പെട്ട ശൂര്‍പ്പണഖ കാലാ കാലമായി പുരുഷാധികാരം അടക്കിവെച്ച സ്വാതന്ത്ര്യം തിരിച്ചറിഞ്ഞവളാണ്. ഇഷ്ട ജീവിതം തിരഞ്ഞെടുക്കാനും ലൈഗീകമായ സ്വാതന്ത്ര്യവുമാണ് ബോധപൂര്‍വ്വം ശൂര്‍പണഖ വെളിപ്പെടുത്താന്‍ ശ്രമിക്കുന്നത്.ശരീര സൗന്ദര്യത്തെക്കാള്‍ വ്യക്തിത്വത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും സ്വത്വബോധത്തിന്‍റെയും സൗന്ദര്യമാണ് ശൂര്‍പണഖയ്ക്കുള്ളത്.
അവഹേളനവും നിന്ദയും ഏറ്റുവാങ്ങുന്ന സ്ത്രീ ഉടലുകള്‍ എല്ലാ സാഹിത്യത്തിലും കാണാന്‍ സാധിക്കും.സുന്ദര രൂപമെടുക്കാന്‍ കഴിയുമായിയുന്ന സ്വൈര്യ ജീവിതം നടത്തിയ ശൂര്‍പ ണഖക്കു തോന്നിയ പ്രണയം വിവാഹാഭ്യര്‍ത്ഥനയിലൂടെ പ്രകടിപ്പിക്കുമ്പോള്‍ രാമലക്ഷ്മണന്മാര്‍ പരിഹസിക്കുന്നതായി സുമംഗലയുടെ ആര്‍ഷ ഭാരത സ്ത്രീകള്‍ എന്ന പുസ്തകത്തിലെ ശൂര്‍പണഖ എന്ന കഥയില്‍ പറയുന്നുണ്ട്.ശൂര്‍പണഖ എന്ന സ്ത്രീയോട് നീചമായാണ് രാമലക്ഷ്മണന്മാര്‍ പെരുമാറുന്നത്.അംഗ ഭംഗം വരുത്തി അപമാനിച്ചയാക്കുന്ന ശൂര്‍പണഖ കീഴാള സൗന്ദര്യ പ്രതിനിധി ആണ്.വരേണ്യ ബോധത്തിന്‍റെ അധികാര സൃഷ്ടി ആണിത്.പുരുഷന് സ്വന്തം ഇഷ്ട പ്രകാരം ആരോടും കാമവും ലൈഗീകകതയും തോന്നുന്നത് തെറ്റല്ലാതാവുകയും അതില്‍ ദൈവികത കടത്തി വിടുകയും ചെയ്യുന്നു.എന്നാല്‍ ശൂര്‍പ്പണഖക്ക് ആ ജന്മത്തില്‍ മാത്രല്ല വൈരൂപ്യം. അടുത്ത ജന്മത്തിലും വിരൂപിയായ കൂനി ആയി ജീവിക്കേണ്ടി വരുന്നു.
പൊതുവെ കഥകളില്‍ രണ്ടു തരത്തിലുള്ള സ്ത്രീകള്‍ ആണ് ഉള്ളത്. ഒരാള്‍ ദേവി ആണേല്‍ മറ്റേ ആള്‍ ദാസി ആയിരിക്കും.സ്വതന്ത്രരും ഇഛക്കനുസരിച്ചു പ്രവര്‍ത്തിക്കുന്നവരുമായ സ്ത്രീകള്‍ ഭീകരസ്വത്വങ്ങളാകും.സമൂഹത്തിന്‍റെ പൊതു ബോധത്തിന് പുറത്തു നില്കുന്നവരാണിവര്‍.ബാലകഥകളില്‍ തുടങ്ങുന്നു ഇത്തരം പ്രവണതകള്‍.പഞ്ചതന്ത്രം കഥകളിലും പുരാണങ്ങളിലും എല്ലാം ഇത്തരത്തില്‍ പൊതുമണ്ഡലങ്ങളിലെ കാഴ്ചപാടിനനുസരിച്ച തിന്മയുള്ളവരായി ചിത്രീകരിക്കപ്പെടുന്ന കഥാപാത്ര സൃഷ്ടികള്‍ കാണാന്‍ കഴിയും.
പുരുഷ താല്പര്യമാണ് ഈ വൈരൂപ്യത്തിനു പിന്നില്‍.യതു വംശത്തില്‍ പിറന്ന പൂതനയും ഭീകര രൂപിയാണ്.പൂര്‍വ്വജന്മ പാപമാണ് പൂതനയെ ഭീകരി ആക്കിയതെന്നു സുമംഗല ആര്‍ഷ ഭാരത സ്ത്രീകള്‍ എന്ന കൃതിയില്‍ പറയുന്നത്.അതി സുന്ദരി ആയി മാറി പുരുഷനെ വശീകരിച്ചു കൊല്ലുന്ന രാക്ഷസ സ്വഭാവവും ആകൃതിയും ഉള്ള ഭീകരിയായാണ് പൂതന ചിത്രീകര്‍ക്കപ്പെടുന്നത്.താടക ആണെങ്കിലോ തന്‍റെ ഭര്‍ത്താവിന്‍റെ കൊലക്ക് കാരണക്കാരനായ മുനിയോട് ചോദ്യം ചെയ്യാനായി പോയ സമയത്തു നഗ്നയായി സന്ദര്‍ശിച്ചു എന്നതിന്‍റെ പേരില്‍ മുനി ശാപം മൂലമാണ് രാക്ഷസ രൂപിയായി മാറുന്നത്. സുന്ദരിയായ താടക സ്ഥൂല ഗാത്രയും ഭയങ്കര മുഖവും കൂര്‍ത്ത പല്ലും ദംഷ്ട്രകളും ഉള്ള രാക്ഷസിയായി താടകമാറുന്നു. വരേണ്യ സങ്കല്‍പ്പങ്ങളെ ബാല കഥയിലൂടെ ഊട്ടി ഉറപ്പിക്കപ്പെടുകയാണ് ഇവിടെ ചെയ്യുന്നത്. ഭര്‍ത്താവിന്‍റെ ഘാതകര്‍ക്കു നേരെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ശക്തയായ സ്ത്രീ കഥാപാത്രം ആണ് യഥാര്‍ത്ഥത്തില്‍ താടക.
ഏഷണി കഥാ പാത്രമായ മന്ഥരയുടെ ശരീര പ്രകൃതിയും കൂനിയായിട്ടാണ്.
പുരുഷ വരേണ്യ താത്പര്യങ്ങള്‍ ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്നവര്‍ നല്ല സ്വഭാവ ഗുണമുള്ളവരും അതി സുന്ദരികളുമായും ചിത്രീകരിക്കപ്പെടുമ്പോള്‍ ഇതിനെതിരെ സഞ്ചരിക്കുന്നവര്‍ ഭീകര സ്വത്വങ്ങളായി ചിത്രീകരിക്കപ്പെടുന്നു. മുടിയഴിച്ചിട്ടു, സ്വന്തം ഇഷ്ടപ്രകാരം യഥേഷ്ടം സഞ്ചരിക്കുന്ന സ്വാതന്ത്ര്യ ബോധത്തോടെ നടക്കുന്ന വൈരൂപ്യ കഥാപാത്രങ്ങള്‍ സ്വത്വം, ആത്മാഭിമാന ബോധം, ശക്തി എന്നിവയുടെ പ്രതീകങ്ങളാണെന്നതില്‍ സംശയമില്ല.
ഫെബിനറാഫി പി.കെ.
ഗവേഷക
മഹാത്മാഗാന്ധി കോളേജ്
തിരുവനന്തപുരം
COMMENTS