Homeചർച്ചാവിഷയം

ഗന്ധത്തിന്‍റെ അധികാരം : ബോഡോ പ്രദേശങ്ങളിലെ സംഘര്‍ഷപൂര്‍വ ദൈനംദിനം

ഡോണ ബിസ്വാസ്

‘സംഘര്‍ഷപൂര്‍വ’ മേഖലയിലെ ദൈനംദിന അനുഭവം.
നിലവില്‍ ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ റീജിയന്‍ (തുടര്‍ന്ന് ബി.ടി.ആര്‍) എന്നറിയപ്പെടുന്ന ഭരണമേഖല, ദുര്‍ബലവും എന്നാല്‍ താരതമ്യേന ‘സമാധാനപരവുമായ’ അപൂര്‍വ വേളകളടങ്ങിയ രാഷ്ട്രീയ പ്രക്ഷുബ്ധതയുടെ നീണ്ട ഘട്ടങ്ങള്‍ക്ക് സാക്ഷിയാണ്, പ്രത്യേകിച്ച് 1988- 2003 കാലയളവില്‍.
ഈ പ്രബന്ധം, ബോഡോ ഭൂരിപക്ഷ പ്രദേശങ്ങളിലെ സംഘര്‍ഷ മേഖലയില്‍ കഴിയുന്നവരുടെ അനുഭവങ്ങളെ പഠിക്കുമ്പോള്‍ ഒരു പ്രത്യേക സംഘര്‍ഷ കാലഘട്ടത്തെയല്ല പരിശോധിക്കുന്നത്. എന്നാല്‍, ഒരു വെടിമരുന്നുപെട്ടിയെപ്പോലെ ഏത് നിമിഷവും രാഷ്ട്രീയ കലഹത്തിലേക്ക് പൊട്ടിത്തെറിക്കാവുന്ന പ്രതിച്ഛായയുള്ള പ്രദേശത്തിന്‍റെ ‘സമാധാന’ കാലയളവിലെ ദൈനംദിന അനുഭവത്തെയാണ് ഇവിടെ നിരീക്ഷിക്കുന്നത്. അതിനാല്‍ ഇത്, ഒരു ‘സംഘര്‍ഷ മേഖല’യുടെ പതിവായതെങ്കില്‍ അക്രമാനുഭവങ്ങളുമടങ്ങിയ നിത്യജീവിതത്തിന്‍റെ താളത്തെകുറിച്ചുള്ള പഠനമാണ്. അങ്ങനെ ഒരര്‍ത്ഥത്തില്‍, സംഘര്‍ഷത്തിന്‍റെ പശ്ചാത്തലം തന്നെ മനസിലാക്കാന്‍ ഞങ്ങളെ അനുവദിക്കുന്ന ‘സംഘര്‍ഷത്തിനു മുന്‍പുള്ള’ ‘പ്രീകോണ്‍ഫ്ളിക്ട്’ സാഹചര്യത്തിന്‍റെ ഒരു പരിശോധനയായി ഇത് മാറുന്നു.

ഈ പ്രബന്ധത്തിന്‍റെ ബംഗാളി ആയ രചയിതാവ്, പ്രദേശത്തെ ബോഡോ എന്നതിന്‍റെ പ്രതീകമായ ഡോഖൊന ധരിച്ച പങ്കാളികള്‍ക്കൊപ്പം (കൂടുതലും സ്ത്രീകള്‍) യാത്ര ചെയ്യുമ്പോഴെല്ലാം അവളുടെ സ്വത്വത്തെക്കുറിച്ചുള്ള ചോദ്യം ഉയര്‍ന്നു. അതിനാല്‍, പൊതുഗതാഗതം, ലോക്കല്‍ മാര്‍ക്കറ്റ്, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ പോയ അവസരങ്ങളില്‍, ഗവേഷക അസ്സമീസ് അഥവാ ബംഗാളി ഭാഷയില്‍ ആളുകളോട് സംസാരിച്ചപ്പോള്‍, അവള്‍ ആരാണെന്ന് ആളുകള്‍ ചോദിക്കുമായിരുന്നു (അതായത്, അവള്‍ ബംഗാളി ആണോ എന്ന്). അവള്‍ സന്ദര്‍ശിക്കുന്ന വീടിനെക്കുറിച്ചും എന്തിനാണ് അവിടെ പോയതെന്നും അവര്‍ക്ക് ജിജ്ഞാസയുണ്ടാകുമായിരുന്നു. അവളുടെ ഗവേഷണ പങ്കാളികള്‍ കൂടെയുണ്ടെങ്കില്‍, ചോദിക്കുന്നവരോട് അവള്‍ അവരുടെ അതിഥിയാണെന്ന് പറയും. ആ ചോദ്യത്തില്‍ മറ്റൊരു ചോദ്യം ഉറങ്ങിക്കിടക്കുന്നതായി ഗവേഷകക്ക് തോന്നി ആരുടെ വീട്ടിലേക്ക് ആര്‍ക്കൊക്കെ വരാമെന്ന് അന്വേഷിക്കാനും നിര്‍വചിക്കാനുമുള്ള ഒരു ചോദ്യം. അതിനര്‍ത്ഥം ആ പ്രദേശങ്ങളില്‍ ഒരു ബംഗാളി ഒരു ബോഡോവിനെ സന്ദര്‍ശിക്കാന്‍ പാടില്ല എന്നായിരുന്നു. (ബോഡോകളെ ‘അക്രമാസക്തര്‍’ എന്ന് കണക്കാക്കി ഒറ്റപ്പെടുത്തുകയും അവരുടെ ചെറുത്തുനില്‍പ്പ് പ്രസ്ഥാനത്തെ തള്ളിക്കളയുകയും ചെയ്യുന്ന സമൂഹങ്ങളുടെ മേധാവിത്വധാരണ ഉയര്‍ത്തിക്കാട്ടുന്ന ഈ ചോദ്യം അസ്സമീസ്, ബംഗാളി കടയുടമകളാണ് കൂടുതലും ചോദിച്ചത്.)
എന്നിരുന്നാലും, സംഘര്‍ഷ കാലഘട്ടങ്ങളില്‍ ഈ പ്രദേശത്തെ ബോഡോകളും നോണ്‍ബോഡോകളും തമ്മിലുള്ള ആതിഥ്യം വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു എന്ന് എടുത്തുപറയേണ്ടതുണ്ട്. 1980കളില്‍ ബോഡോ പ്രസ്ഥാനം അതിന്‍റെ ഉച്ചസ്ഥായിലെത്തി, മറ്റ് സമുദായങ്ങളും ബോഡോകളും തമ്മില്‍ അവിശ്വാസം നിലനില്‍ക്കെ ഈ സാഹചര്യം അചിന്തനീയമായിരുന്നു. അതിനാല്‍, ഗവേഷക ബോഡോ കൂട്ടരോടൊപ്പം ചിലവഴിച്ച ഫീല്‍ഡ് സന്ദര്‍ശനവേള താരതമ്യേന സമാധാനപരവും പരസ്പരവിശ്വാസവുമുള്ള സമയമായി കണക്കാക്കാം. അക്കാരണത്താല്‍, നമുക്ക് ഫീല്‍ഡ് വര്‍ക്ക് കാലം വിവിധ സമുദായങ്ങളെ ഏകീകരിക്കുന്ന സമയമായി കൂട്ടാം.

എന്നാല്‍, സമുദായങ്ങള്‍ തമ്മിലുള്ള ബന്ധം ഈ ‘സമാധാനകാലത്ത്’ പോലും തികച്ചും പരസ്പരവിശ്വാസത്തില്‍ അധിഷ്ടിതമല്ലായിരുന്നു എന്നു മനസ്സിലാക്കേണ്ടതുണ്ട്. ഇത് അവരുടെ പരസ്പര ധാരണകളിലും ഇടപെടലുകളിലും സംഭാഷണങ്ങളില്‍ നിന്നും നിരീക്ഷിക്കാനും അനുമാനിക്കാനും കഴിയുമായിരുന്നു. ഈ ദുര്‍ബലമായ അവസ്ഥ, ദേശീയ പൗരത്വരജിസ്റ്റര്‍ (തുടര്‍ന്ന് എന്‍.ആര്‍.സി) അടിച്ചേല്‍പ്പിക്കുന്നതിലൂടെ വിള്ളലുകള്‍ ഉണ്ടാക്കിയ വ്രണപ്പെട്ട ഭൂമിയിലെ അതിനുമുന്‍പുള്ള സമാധാനത്തിന്‍റെ ചെറിയൊരംശമാണെന്ന് തിരിച്ചറിയാന്‍ കഴിയും.

‘ഗോത്ര’ മേഖലയില്‍ ഇണങ്ങിച്ചേരല്‍ : ഒരു വിചിന്തനം
ഫീല്‍ഡ് സന്ദര്‍ശന വേളയില്‍, പങ്കാളിയും സഹവാസിയുമായ സോപ്ന ബാഗ്ലാരി (തുടര്‍ന്ന് സോപ്ന) ഗവേഷകയോട് ചോദിച്ച ആദ്യത്തെ ചോദ്യം, ഗ്രാമത്തിലെ ജീവിതശൈലിയില്‍ ‘ഇണങ്ങിച്ചേരാന്‍’ കഴിയുമോ എന്നായിരുന്നു. ഈ ‘ഇണങ്ങിച്ചേരലിലെ’, പ്രധാന ഘടകം ഗ്രാമീണ ജീവിതത്തിലെ ഭക്ഷണം ആയിരുന്നു താനും.

കൂടാതെ, ബോഡോ പ്രദേശങ്ങളില്‍, ‘ഇണങ്ങിച്ചേരലിന്‍റെ’ വ്യാഖ്യാനത്തിന് പ്രത്യേക രാഷ്ട്രീയ, സൈദ്ധാന്തിക വെല്ലുവിളികളാണുള്ളത്. ഫീല്‍ഡില്‍, ഭക്ഷണം ‘സാംസ്കാരിക വ്യത്യസ്തതയുടെ’ ആവര്‍ത്തിക്കപ്പെടുന്ന പ്രമേയമായി നിലകൊള്ളുന്നു. ഈ കേവലമായ ചോദ്യം മറ്റ് പ്രാദേശിക സമുദായങ്ങളിലെ അംഗങ്ങള്‍ ‘ഗോത്ര ഭക്ഷണത്തെ’ എങ്ങനെ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നുവെന്ന് എടുത്തുകാണിക്കുന്നു. അതിലുപരി, മറ്റുള്ളവര്‍ അവരെ ‘ഇതരരായി’ കാണുന്നു എന്ന ബോഡോ സമൂഹത്തിന്‍റെ അവബോധത്തെയും ഇത് സൂചിപ്പിക്കുന്നു.
ഈ പ്രബന്ധം, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ഗോത്ര സമൂഹത്തിന്‍റെ സംസ്കാരവും സ്വത്വവും എങ്ങനെയാണ് പ്രബലമായ ആഖ്യാനത്തെ ഉള്‍ക്കൊള്ളുകയും അതെ സമയം അതിനെ ചെറുത്തുനില്‍ക്കുകയും ചെയ്യുന്നതിന്‍റെ ഇടയില്‍ കുടുങ്ങുന്നതെന്ന് ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കും. നമ്മുടെ നിലവിലെ ഉദ്ദേശ്യമനുസരിച്ച് ഇത് ചൂണ്ടിക്കാട്ടുന്നത്, സംഘര്‍ഷപൂര്‍വ സാഹചര്യത്തിലെ നിത്യജീവിതത്തില്‍ സമുദായങ്ങളുടെ അന്തസ്സു സാംസ്കാരികമായാണു നിര്‍മിക്കപ്പെടുന്നത് എന്നാണു.

ഫീല്‍ഡ് അഥവാ ഗവേഷണ മേഖല
ഗവേഷക സന്ദര്‍ശിച്ച മേഖലയുടെ വിവിധ സമുദായങ്ങളെ വിവരിക്കേണ്ടതുണ്ടെങ്കില്‍, ആസാമിയുടെയും (രാഷ്ട്രീയമായി മേധാവിത്വം പുലര്‍ത്തുന്ന), ബംഗാളികളുടെയും (സാംസ്കാരികമായി മേധാവിത്വം പുലര്‍ത്തുന്ന) മേധാവിത ജനവിഭാങ്ങളെ നമുക്ക് കാണാം. മേധാവിത സമുദായങ്ങള്‍ ഒരു ഏകീകൃത ഭാഷാവിഭാഗമായി പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അങ്ങനെയായിരുന്നില്ല. ജാതി ഇവയില്‍ വിവേചനമുണ്ടാക്കിയിരുന്നു. അതിനാല്‍, സവര്‍ണ വിഭാഗക്കാര്‍ക്കു പുറമെ ബംഗാളി, അസ്സമീസ് സമുദായങ്ങളില്‍ ‘താഴ്ന്ന ജാതിക്കാരും’ ഉണ്ടായിരുന്നു. ഇപ്പോള്‍ ഭരണപരമായി പട്ടികജാതി (എ.സ്.സി) വിഭാഗത്തില്‍ തരംതിരിക്കപ്പെട്ട നമശൂദ്ര ബംഗാളികള്‍ ബംഗാളികള്‍ക്കിടയില്‍തന്നെ ഒരു വിധം വലിയ ജനസംഖ്യയുള്ളവരാണ്. യാദൃശ്ചികമായി, ഗവേഷക ഈ വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു. ശ്രദ്ധേയമായി, നിലവില്‍ (കൂടുതലും) അസ്സമിലെ ‘തരിശുഭൂമിയെന്നറിയപ്പെടുന്ന’, പ്രത്യേകിച്ചും കാലികമായി വെള്ളപ്പൊക്കമുണ്ടാകുന്ന ബ്രഹ്മപുത്ര നദിയുടെ തീരത്ത് താമസിക്കുന്ന, മുസ്ലീം ബംഗാളികളും ബംഗാളി സമുദായത്തില്‍ ഉള്‍പ്പെട്ടിരുന്നു. 1840കളില്‍ അസ്സമിലെ ‘ചായത്തൊഴിലാളികളായി’ ചോട്ട നാഗ്പൂര്‍ ഡിവിഷനില്‍ നിന്നുള്ള അധിനിവേശക്കാര്‍ കൊണ്ടുവന്ന സാന്താലിസ്, ഒറങ്ങ്, മുണ്ടാസ് ആദിവാസികളും (നോര്‍ത്ത് ഈസ്റ്റിലെ തദ്ദേശീയ വിഭാഗങ്ങളായ ഗോത്രവര്‍ഗ്ഗക്കാരില്‍ നിന്ന് വ്യത്യസ്തമായ) അവിടെ സഹവസിക്കുന്നുണ്ട്.

ഫീല്‍ഡിലെ ഗന്ധം
ഈ പേപ്പറില്‍ ഇന്ദ്രിയങ്ങളെ, പ്രത്യേകിച്ച് ഗന്ധമറിയാനുള്ള ഇന്ദ്രിയങ്ങളുടെ ഘ്രാണശക്തിയെ, എത്നോഗ്രാഫിക് ഉപകരണങ്ങളായി പ്രയോഗിച്ച് പഠനം നടത്താനാണ് ശ്രമിക്കുന്നത്. ഫീല്‍ഡില്‍ ഗന്ധം ഒരു മഹത്തായ പങ്കു വഹിച്ചിരുന്നു. ഗവേഷക, അവളുടെ ബോഡോ വിഭാഗത്തില്‍പ്പെട്ട പങ്കാളികളുടെയും തന്‍റെ ബന്ധുക്കളുടെയും കൂടെ മാറിമാറി താമസിച്ചാണ് ഫീല്‍ഡില്‍ പ്രവര്‍ത്തിച്ചത്. പ്രാദേശിക അധികാരഘടനയനുസരിച്ച്, ഗവേഷക ഉള്‍പ്പെട്ട ബംഗാളി ഭാഷ സംസാരിക്കുന്ന നമശൂദ്ര വിഭാഗം തങ്ങളെ പൊതുവായ ഹൈന്ദവ സമുദായത്തിന്‍റെ ഭാഗമായി കണക്കാക്കുമ്പോഴും ആധിപത്യം പുലര്‍ത്തുന്ന അസ്സമി/ബംഗാളി ഹിന്ദു വിഭാഗങ്ങളില്‍ നിന്ന് അവര്‍ വ്യത്യസ്തരാണെന്ന് നിലനിര്‍ത്തുന്നു. അസ്സമീസ്, ബംഗാളി ജാതി സമൂഹത്തില്‍ നിന്നുള്ള ‘തൊട്ടുകൂടായ്മ’യുടെ ഇരകളായ ബോഡോകള്‍ ബംഗാളികള്‍ക്കിടയിലുള്ള ജാതി ശ്രേണിയെക്കുറിച്ച് ബോധവാന്മാരായിരുന്നു ആരാണ് ബ്രാഹ്മണ ബംഗാളികളല്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു. ഗോത്രേതര വിഭാഗങ്ങള്‍ക്കിടയില്‍ ആധിപത്യം പുലര്‍ത്താത്തവരെക്കുറിച്ചുള്ള അവരുടെ ധാരണ ഇത് പ്രതിഫലിപ്പിക്കുന്നു. അതിനാല്‍, അവര്‍ മേധാവിത വിഭാഗങ്ങളുമായുള്ള ആശയവിനിമയത്തിന്‍റെ സംഭവങ്ങള്‍ പങ്കുവെക്കുകയും ഗവേഷകയുടെ സ്ഥാനം അറിയുന്നതിനാല്‍ അവരുടെ ഭക്ഷണ ശീലങ്ങളിലേക്ക് ആധിപത്യ ജാതിക്കാര്‍ ‘മലിനമായതെന്ന്’ മനസ്സിലാക്കുന്ന, പ്രത്യേകിച്ചും അവരുടെ പന്നിയിറച്ചി കഴിക്കാനുള്ള താല്‍പ്പര്യത്തെ സംഭാഷണം തുറന്നുകൊടുത്തു.

ഫീല്‍ഡിലെ അനൗപചാരികമായ സംഭാഷകളിലെല്ലാം ‘ഗന്ധം’ പ്രത്യേകിച്ചും ‘ദുര്‍ഗന്ധം’ ആവര്‍ത്തിച്ചുവന്നൊരു വിഷയമായിരുന്നു. ബോഡോകളും നമശൂദ്രരും ഭക്ഷണത്തിന്‍റെ ഗന്ധത്തെക്കുറിച്ചും പ്രത്യേക ശരീരങ്ങളുടെ ഗന്ധത്തെക്കുറിച്ചും (ബോഡോ, ആദിവാസി ശരീരങ്ങള്‍) സംസാരിക്കുന്നത് ഗവേഷക കേട്ടു. ആര് ആരുടെ ‘ദുര്‍ഗന്ധത്തെക്കുറിച്ചാണ്’ സംസാരിക്കുന്നതെന്നും അവരുടെ ദൈനംദിന ജീവിതത്തില്‍ അവര്‍ അത് എങ്ങനെ വ്യാഖ്യാനിക്കുന്നുവെന്നും മനസിലാക്കേണ്ടത് ഗവേഷകയുടെ പ്രധാന ദൗത്യമായിമാറി.
സമുദായങ്ങള്‍ തമ്മില്‍ വേര്‍തിരിച്ചറിയുന്നതില്‍ വാസന വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിരുന്നു. ഒരു മധ്യവര്‍ഗ്ഗ ദലിത് വ്യക്തിയായ ഗവേഷക, സാംസ്കാരിക വൈവിധ്യമുണ്ടാക്കുന്ന വിശിഷ്ടതയുടെയും അധികാരവാദത്തിന്‍റെയും ഇടയില്‍ പ്രയാസപ്പെട്ടു. അശ്ലീലര്‍ അല്ലെങ്കില്‍ സംസ്ക്കാരശൂന്യര്‍ എന്ന് അര്‍ഥം വരുന്നതും അപരിഷ്കൃതവേരുകളെ സൂചിപ്പിക്കുന്നതുമായ ധേക്കേരി എന്ന അസ്സമീസ് വാക്ക് ആളുകള്‍ക്കും അവരുടെ രീതികള്‍ക്കുമായി ഉപയോഗിച്ചു. ഭക്ഷണവും ഭക്ഷണത്തിന്‍റെ ഗന്ധവും അതിന്‍റെ ഭാഗമായിരുന്നു. അങ്ങനെ, തന്‍റെ ഫീല്‍ഡ് വര്‍ക്ക് ആസൂത്രണം ചെയ്യുകയായിരുന്ന ഗവേഷക കേട്ടത്, ‘നിങ്ങള്‍ക്ക് ബോഡോകളോടൊപ്പം പോകാനോ താമസിക്കാനോ കഴിയില്ല. ‘ബോഡോകള്‍ അക്രമാസക്തമാണെന്നും (ഗോത്രേതര ജനത മനസ്സിലാക്കുന്നതുപോലെ ‘സംസ്കാരമില്ലാത്തവര്‍’ എന്നതിന് സമം) അവരുടെ ചെറുത്തുനില്‍പ്പ് പ്രസ്ഥാനം ‘അക്രമം സൃഷ്ടിക്കുന്നു’ എന്നുമുള്ള മേധാവിത ധാരണയനുസരിച്ചായിരുന്നു ഇത്. സന്താലികളെയും മുണ്ടകളെയും ‘സംസ്കാരത്തിന് പുറത്തുള്ളവ’ എന്നും കണക്കാക്കപ്പെടുന്നു.
ഉദാഹരണത്തിന്, ഗവേഷകക്ക് അവളുടെ ബന്ധു വീട്ടില്‍വെച്ച് ഒരനുഭവമുണ്ടായി. ഒരു ആദിവാസി വനിതാതൊഴിലാളി തന്‍റെ അരികില്‍ ബസ്സില്‍ ഇരിക്കുമ്പോള്‍ തനിക്ക് ദേഷ്യം വന്നതായി അവളുടെ കസിന്‍ പങ്കുവെച്ചു. സ്ത്രീ വൃത്തിയില്ലാത്ത വസ്ത്രത്തിലായിരുന്നെന്നും അവരില്‍ നിന്ന് ദുര്‍ഗന്ധം ഉണ്ടായതായും വിവരിച്ചു. എന്തുകൊണ്ടാണ് ഈ ആളുകള്‍ക്ക് വൃത്തിയുള്ള വസ്ത്രം ധരിച്ച് പൊതുസ്ഥലത്ത് വരാന്‍ കഴിയാത്തത് എന്ന് കസിന്‍ പരാമര്‍ശിച്ചു. ഉടന്‍ തന്നെ സന്ദര്‍ഭം ഗംഭീരമാവുന്നതൊഴിവാക്കാന്‍ അവളുടെ അമ്മായി, കോളേജില്‍ പോയി വിദ്യാഭ്യാസം നേടിയ ആദിവാസികളുടെ യുവതലമുറ മാറുകയും സ്വയം വൃത്തിയായി സൂക്ഷിക്കയും ചെയ്യുന്നുവെന്ന് അഭിപ്രായപ്പെട്ടു.

എന്നിരുന്നാലും, ഒരു ദലിത്സ്ത്രീയെന്ന നിലയിലുള്ള തന്‍റെ സ്വത്വം മേധാവിത സമൂഹങ്ങളില്‍ വിശുദ്ധിയുടെയും മലിനീകരണത്തിന്‍റെയും പ്രതീകങ്ങളാണെന്ന് ഗവേഷകക്ക് അറിയാമായിരുന്നു. കര്‍ഷകനായ അമ്മാവന്‍ ഗുവാഹത്തി നഗരത്തില്‍ അവളെ സന്ദര്‍ശിച്ച ഒരു പഴയ സംഭവം അവള്‍ ഓര്‍ക്കുന്നു. ഒരു ഗ്രാമത്തില്‍ നിന്ന് (താഴ്ന്ന അസ്സമിലെ മോറിഗാവ്) വരുന്നയാള്‍ക്ക് റോഡ് മുറിച്ചുകടക്കാനോ പൊതുഗതാഗതം ഉപയോഗിക്കാനോ അറിയില്ലെന്ന് അമ്മാവന്‍ പറഞ്ഞു. ധോത്തിയും വിയര്‍പ്പില്‍കുതിര്‍ന്ന ഷര്‍ട്ടുമാണ് അദ്ദേഹം ധരിച്ചിരുന്നത്. അമ്മാവനോടൊപ്പം യാത്ര ചെയ്തിരുന്ന അമ്മായി നഗരവാസികള്‍ തങ്ങളെ അന്യഗ്രഹജീവികളായി പരിഗണിക്കുന്നുവെന്ന് പരാതിപ്പെട്ടു. ലേത്ര (അശുദ്ധമായ), ഗൗളിയ (ഗ്രാമീണന്‍), ചാഷ (കാര്‍ഷിക തൊഴിലാളി എന്നര്‍ത്ഥം വരുന്ന ബംഗാളി പദമായ ഇത് കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട നമശൂദ്രന്മാര്‍ക്ക് ഒരു ജാതി വിവേചനാരീതിയായി ഉപയോഗിക്കുന്നു. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളില്‍ ‘ചമാര്‍’ എന്ന് വിളിച്ച് ജാതിയെ അധിക്ഷേപിക്കുന്നതിന് സമമാണിത്) തുടങ്ങിയ ബംഗാളി വാക്കുകള്‍ അവര്‍ കേട്ടു. കാഴ്ചയില്‍ ഇരുണ്ട തൊലിയും പഴകിയ ഇസ്തിരിയില്ലാത്ത വസ്ത്രങ്ങളും ധരിച്ചതുകൊണ്ടാണ് ഈ വാക്കുകള്‍ അവര്‍ക്കെതിരെ ഉപയോഗിക്കുന്നതെന്ന് അവര്‍ കരുതി.

ഗവേഷകയുടെ, ഗന്ധത്തിന്‍റെയും വിവേചനത്തിന്‍റെയും വ്യക്തിപരമായ അനുഭവങ്ങള്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവളുടെ അടുത്തേക്ക് തിരികെയെത്തി. അവളുടെ ബോഡോ പങ്കാളിയായ ഗോപിനാഥ് ബ്രഹ്മയുമായുള്ള സംഭാഷണത്തില്‍, (ഗവേഷക ‘ഗോപിനാഥ് സര്‍’ എന്ന് വിളിച്ചിരുന്ന ബോഡോ എഴുത്തുകാരന്‍) ബോഡോകളുടെ ഭക്ഷണശീലത്തെക്കുറിച്ചും, ഒരു ബോഡോ എന്ന നിലയില്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്ന നാണക്കേടിനെക്കുറിച്ചും ചര്‍ച്ച ചെയ്തു. അവരുടെ അഭിപ്രായത്തില്‍:
കോസു പൂവുപയോഗിച്ച് ബോഡോകള്‍ ഒരു വിഭവം തയ്യാറാക്കാറുണ്ട്. അതിന് വളരെ വ്യത്യസ്തമായ രുചിയാണുള്ളത്. അത് നിങ്ങളുടെ ശരീരത്തിന് ചൂട് പകര്‍ന്നു തരും. കൂടാതെ, വേനല്‍ക്കാലത്ത് അത് കഴിക്കുമ്പോള്‍ പതിവിനേക്കാള്‍ ദുര്‍ഗന്ധമുള്ള വിയര്‍പ്പ് ഉണ്ടാക്കുന്നതുകൊണ്ട് ഇത് കഴിച്ച ഉടനെ അവര്‍ക്ക് പുറത്തുപോകാന്‍ കഴിയില്ല. ആളുകള്‍ അത് കഴിച്ച് ബസ്സുകളില്‍ യാത്ര ചെയ്യുമ്പോഴെല്ലാം (മുന്‍കാലങ്ങളില്‍), മറ്റുള്ളവരില്‍ നിന്ന് അലോസരപ്പെടുത്തുന്ന പെരുമാറ്റം അവര്‍ക്ക് നേരിടേണ്ടിവന്നു. അത് അവരെ പൊതുസ്ഥലങ്ങളില്‍ സചേതരുമാക്കുമായിരുന്നു.

ഈ പൂവ് ഭക്ഷിക്കുന്നത് ലജ്ജാവഹമായിരുന്നെങ്കിലും അതിന്‍റെ രുചി കാരണം കഴിക്കാതിരിക്കാനും പറ്റില്ല എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ, ഒരു പ്രത്യേക ഭക്ഷണം കഴിച്ച ശരീരത്തിന്‍റെ ഗന്ധം ‘പ്രശ്നകരമാവുകയാണ്’. എന്നാല്‍ ഈ വസ്തുക്കള്‍ ഇപ്പോള്‍’ സ്വകാര്യതയില്‍’ കഴിക്കപ്പെടുന്നുമുണ്ട് (കികോന്‍, ഈറ്റിംഗ് അഖൂനി ഇന്‍ ഇന്ത്യ). പാര്‍ശ്വവത്കരിക്കപ്പെട്ടവരെ ആധിപത്യത്തിലേക്ക് സാത്മീകരിക്കുന്നതായി ഇതിനെ കണക്കാക്കാന്‍ പറ്റുമോ? അല്ലെങ്കില്‍, ബോഡോകള്‍ ‘പ്രശ്നകരമായ’ ഭക്ഷണം സ്വകാര്യമായി കഴിക്കുന്നത് ചെറുത്തുനില്പിന്‍റെ ഒരു നയമായി പരിഗണിക്കാമോ? തന്നെയുമല്ല, ബോഡോകള്‍ക്കിടയില്‍ ‘സാത്മീകരിക്കപ്പെടുമെന്ന’ ഭയമെങ്കിലുമുണ്ടോ?

ബോഡോകള്‍ സ്വന്തം മണ്ണില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അവസ്ഥയെക്കുറിച്ച് സംസാരിക്കാന്‍ വേണ്ടി ഇവിടെ വിശകലനം ചെയ്യുന്നത് ഭക്ഷണവുമായി ബന്ധപ്പെട്ട ഗന്ധം പോലുള്ള അഭൗതികമായ അനുഭവങ്ങളുടെ ഭൗതികതയാണ്. ആധിപത്യമുള്ള സമുദായങ്ങളില്‍ നിന്ന് ഇവര്‍ നേരിടേണ്ടിവരുന്ന ഒറ്റപ്പെടുത്തലും നിരസനവുമാണ് ഇത്ചൂണ്ടിക്കാട്ടുന്നത്. വാസന അഥവാ ഗന്ധം, എല്ലാ വാദപ്രതിവാദങ്ങളിലും ‘ശുചിത്വത്തിന്‍റെ’ സൂചകമായും, മുഴുവന്‍ സമുദായങ്ങളുടെ പദവികള്‍ നിശ്ചയിക്കപ്പെടുന്ന ആസ്ഥാനമായും മാറുന്നു.
ഉപസംഹാരമായി, എങ്ങനെയാണ് ഒരു സംഘര്‍ഷമേഖലയെ ഗന്ധത്തിന്‍റെ അനുഭവം ബാധിക്കുന്നത്? സംഘര്‍ഷത്തിന്‍റെ സാക്ഷ്യം വഹിച്ച ഒരു പ്രദേശത്തിന്‍റെ അനുഭവങ്ങളാണിവിടെ വിസ്തരിച്ചത്. ഇത്തരം സമ്പര്‍ക്കങ്ങളുടെ അക്രമാസക്തമായ സ്വഭാവം പലപ്പോഴും നാം കാണാന്‍ ശ്രമിക്കുന്നില്ല. എന്നാല്‍, സംഘര്‍ഷങ്ങളിലെ ദൈനംദിന രീതികളെ നമ്മള്‍ കണ്ടില്ലെന്നു നടിച്ചാല്‍, സംഘര്‍ഷത്തിന്‍റെ ഉത്ഭവം തന്നെ പലപ്പോഴും തിരിച്ചറിയാതെ പോയെ ന്നുവരാം.

സഹായക ഗ്രന്ഥങ്ങള്‍
ബസുമതരി, ജൈഖ് ലോങ്. ക്വെസ്റ്റ് ഫോര്‍ പീസ് ഇന്‍ അസ്സം: എ സ്റ്റഡി ഓഫ് ദ ബോഡോലാന്‍ഡ് മൂവ്മെന്‍റ്. (അസ്സമിലെ സമാധാനത്തിനായുള്ള അന്വേഷണം:ബോഡോലാന്‍റ് പ്രസ്ഥാനത്തിന്‍റെ പഠനം). ന്യൂ ഡല്‍ഹി: സെന്‍റര്‍ ഫോര്‍ ലാന്‍ഡ് വാര്‍ഫെയര്‍ സ്റ്റഡി, 2014.
‘ബോഡോലാന്‍ഡ് അറ്റ് എ ക്രോസ്റോഡ്സ്’ (നാല്‍ക്കവലയില്‍ നില്‍ക്കുന്ന ബോഡോലാന്‍ഡ്) പ്രിന്‍റ്റബിള്‍ വേര്‍ഷന്‍. 13 മാര്‍ച്ച് 2012. ദ ഹിന്ദു. 22 ഡിസംബര്‍ 2020 <https://www.thehindu.com/opinion/editorial/bodoland-at-a crossroads article2988588.ece>.
<https://bodolandobserver.wordpress.com/2015 07/20/12-books-review-for-politics-of-identity-and-bodoland-movement-in-assam/comment-page-1/https://bodolandobserver.wordpress.com/2015/07/20/12-books-review-for-politics-of-identity-and-bodoland-movement-in-as>.

ബോഡോലാന്‍ഡ് ഒബ്സര്‍വര്‍. ബോഡോലാന്‍ഡ്ഒബ്സര്‍വര്‍. 20 ജൂലൈ 2015. 21 ഡിസംബര്‍ 2020.

<https://www.thehindu.com/opinion/editorial/bodoland-at-a crossroads article2988588.ece>.
<https://bodolandobserver.wordpress.com/2015 07/20/12-books-review-for-politics-of-identity-and-bodoland-movement-in-assam/comment-page-1/https://bodolandobserver.wordpress.com/2015/07/20/12-books-review-for-politics-of-identity-and-bodoland-movement-in-as>.

ബ്രഹ്മ, ഗോപിനാഥ്. അബ്വന്‍ഗ്ലവോറിനി ഫാവോ (ദൈവത്തിന്‍റെ വൃകൃതികള്‍). ന്യൂ ഡല്‍ഹി: സാഹിത്യ അക്കാദമി, 2017.
ആംഗ്നി അങ്ക ആംഗ്നി തങ്ഖായ് നോംഗ (എന്‍റെ അസ്തിത്വം എനിക്കുള്ളതല്ല). ഉഡല്‍ഗുരി: പ്രോക്രീയേറ്റ്ഓഫ്സെറ്റ് പ്രിന്‍റ്, 2011.
ക്വോമോ, ക്രിസ് ജെ. ‘വാര്‍ ഈസ് നോട്ട് ജസ്റ്റ് ആന്‍ ഈവന്‍റ്റ്: റിഫ്ലക്ഷന്‍സ് ഓണ്‍ ദ സിഗ്നിഫിക്കന്‍സ് ഓഫ് എവ്രിഡേ വയലെന്‍സ്’ (യുദ്ധം ഒരു സംഭവം മാത്രമല്ല: ദൈനംദിന അക്രമത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രതിഫലനങ്ങള്‍). ഹൈപേഷ്യ 11.4 (1996): 3045.
കികോന്‍, ഡോളി. ‘ഈറ്റിംഗ് അഖൂനി ഇന്‍ ഇന്ത്യ’ (ഇന്ത്യയില്‍ അഖുനി ഉപഭോഗം). ഭൂഷി, കിരണ്‍മയി. ഫാം ടു ഫിംഗേഴ്സ്: ദ കള്‍ചര്‍ ആന്‍ഡ് പൊളിറ്റിക്സ് ഓഫ് ഫുഡ് ഇന്‍ കണ്‍ടെമ്പററി ഇന്ത്യ (പാടങ്ങളില്‍ നിന്ന് വിരലുകളിലേക്ക്: സമകാലിക ഇന്ത്യയിലെ ഭക്ഷണത്തിന്‍റെ സംസ്കാരവും രാഷ്ട്രീയവും). യുണൈറ്റഡ് കിങ്ഡം: കേംബ്രിഡ്ജ്യൂണിവേഴ്സിറ്റി പ്രസ്സ്, 2018. 80102.
‘ഫെര്‍മെന്‍റിങ് മോഡേര്‍ണിറ്റി: പുട്ടിങ് അഖുനി ഓണ്‍ ദ നേഷന്‍സ് ടേബിള്‍ ഇന്‍ ഇന്ത്യ (ആധുനികതയെ പുളിപ്പിക്കല്‍: ഇന്ത്യയില്‍ അഖുനിയെ രാഷ്ട്ര മേശയില്‍ വെക്കുമ്പോള്‍). സൗത്ത് ഏഷ്യ: ജേര്‍ണല്‍ ഓഫ് സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് 38.2 (2015).
ലൗ, കെല്‍വിന്‍ ഇ. വൈ. ‘പ്രസന്‍റിങ് ദ സെല്‍ഫ്, ദ സോഷ്യല്‍ ബോഡി ആന്‍ഡ് ദി ഓള്‍ഫാക്ടറി: മാനേജിങ് സ്മെല്സ് ഇന്‍ എവ്രിഡേ ലൈഫ് എക്സ്പീറിയെന്‍സസ്’ (വ്യക്തിത്വത്തിന്‍റെയും, സാമൂഹിക ശരീരത്തിന്‍റെയും ഘ്രാണേന്ദ്രിയത്തിന്‍റെയും അവതരണം: ദൈനംദിന ജീവിതത്തില്‍ വാസനയുടെ പാലനം). സോഷ്യോളോജികല്‍ പേഴ്സ്പെക്ടീവ്സ് 49.4 (2006): 607631.
മൊസാഹാരി, പ്രേമാനന്ദ. പൊളിറ്റിക്കല്‍ ഐഡന്‍റിറ്റി ക്രെെസിസ് ഓഫ് ദ ബോഡോസ് ആന്‍ഡ് ദെയര്‍ ബോഡോലാന്‍ഡ് മൂവ്മെന്‍റ് (ബോഡോകളുടെ രാഷ്ട്രീയ വ്യക്തിത്വത്തിന്‍റെയും ബോഡോലാന്‍ഡ് പ്രസ്ഥാനത്തിന്‍റെയും പ്രതിസന്ധി). കൊക്രജാര്‍: എന്‍. എല്‍ പബ്ലിക്കേഷന്‍സ്, 2011.
റോയ്, അനിര്‍ബാന്‍. ‘ബോഡോ പീസ് അക്കോഡ് 2020: ജേര്‍ണി ഫ്രം ഓട്ടോണോമസ് കൗണ്‍സില്‍ ടു എ ടെറിട്ടോറിയല്‍ റീജിയന്‍.’ (ബോഡോ സമാധാന ഉടമ്പടി 2020: സ്വയംഭരണ സമിതിയില്‍ നിന്ന് ഒരു ഉപസംസ്ഥാന പ്രദേശമെന്നതിലേക്കുള്ള യാത്ര). 27 ജനുവരി 2020. നോര്‍ത്ത്ഈസ്റ്റ് നൗ. 22 ഡിസംബര്‍ 2020. <https://nenow.in/north-east-news/assam/bodo-peace-accord-2020-journey-from-autonomous-council-to-a-territorial-region.html>.

തോംപ്സണ്‍, മാര്‍ത്ത. ‘വിമെന്‍, ജെന്‍ഡര്‍ ആന്‍ഡ് കോണ്‍ഫ്ലിക്റ്: മേക്കിങ് ദ കണക്ഷന്‍സ്’ (സ്ത്രീകളും, ലിംഗഭേദവും സംഘര്‍ഷവും: കണ്ണികള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍). ഡെവലപ്മെന്‍റ് ഇന്‍ പ്രാക്ടീസ് 16.3 & 4 (2007): 342353.
വാന്‍ ബീക്, വാള്‍ട്ടര്‍ ഈ.എ. ‘ദ ടിര്‍ട്ടി സ്മിത്ത്: സ്മെല്‍ ആസ് എ സോഷ്യല്‍ ഫ്രോണ്ടിയര്‍ അമങ് ദ കാപ്സികി/ ഹിഗ്ഗി ഓഫ് നോര്‍ത്ത് കാമറൂണ്‍ ആന്‍ഡ് നോര്‍ത്ത്ഈസ്റ്റേണ്‍ നൈജീരിയ’ (അശുദ്ധനായ തട്ടാന്‍: ഗന്ധം ഒരു അതിര്‍ത്തിയായി വടക്കന്‍ കാമറൂണിലെയും വടക്കുകിഴക്കന്‍ നൈജീരിയയിലെയും കാപ്സികി/ഹിഗ്ഗികളുടെ ഇടയില്‍). ആഫ്രിക്ക: ജേര്‍ണല്‍ ഓഫ് ദി ഇന്‍റര്‍നാഷണല്‍ ആഫ്രിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 62.1 (1992).
വാംസ്ലി, എമിലി. ‘റേസ്, പ്ലേസ് ആന്‍ഡ് ടേസ്റ്റ്: മേക്കിങ് ഐഡെന്‍റിറ്റിസ് ത്രൂ സെന്‍സറി എക്സ്പീരിയന്‍സ് ഇന്‍ ഇക്വഡോര്‍’ (ഗോത്രം, സ്ഥലം, രുചി: ഇക്വഡോറിര്‍ ഇന്ദ്രിയാനുഭവങ്ങളിലൂടെയുള്ള സ്വത്വ നിര്‍മ്മാണം). ഏറ്റ്നോഫൂര്‍ 18.1 (2005): 4360.
‘വാട്ട് ഈസ് എന്‍.ആര്‍.സി ഹിയര്‍ ഈസ് വാട്ട് യു നീഡ് ടു നോ’ (എന്താണ് എന്‍.ആര്‍.സി? നിങ്ങള്‍ അറിയേണ്ടത് ഇവിടെയുണ്ട്). 20 ജൂണ്‍ 2019. ഇന്ത്യ ടുഡേ. 22 ഡിസംബര്‍ 2020

 

ഡോണ ബിസ്വാസ്
ഡല്‍ഹി അംബേദ്കര്‍ സര്‍വകലാശാല ഗവേഷക വിദ്യാര്‍ത്ഥി

 

 

വിവര്‍ത്തനം:
ഷംല മസ്തഫ മുഹമ്മദ്
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ഗവേഷക വിദ്യാര്‍ത്ഥി

COMMENTS

COMMENT WITH EMAIL: 0