മുഖവുര-ജനുവരി ലക്കം

Homeമുഖവുര

മുഖവുര-ജനുവരി ലക്കം

ഡോ.ഷീബ കെ.എം.

ദില്ലി അതിര്‍ത്തിയില്‍ കര്‍ഷക വിരുദ്ധനിയമങ്ങള്‍ക്കെതിരെ നടക്കുന്ന അതിജീവനസമരത്തെക്കുറിച്ച് കഴിഞ്ഞ ലക്കം മുഖവുരയില്‍ എഴുതിയതില്‍ പിന്നെ ഒരു മാസം കടന്നുപോയി.സമരമുഖത്തിരിക്കുന്നവര്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വന്ന പ്രതികൂലസാഹചര്യങ്ങളെ വകവയ്ക്കാതെ ചെറുത്തുനില്‍പ്പ് തുടരുകയാണെങ്കിലും ഭരണത്തിലിരിക്കുന്നവര്‍ക്ക് പ്രത്യേകിച്ച് കുലുക്കമൊന്നും കണ്ടില്ല. മരണങ്ങളും ആത്മഹത്യകളും വരെയുണ്ടായി.ഏറെ യാതനകള്‍ സഹിച്ച് കൊടും തണുപ്പില്‍ വൃദ്ധരും കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ നിരായുധരായി സഹനസമരത്തിലായിട്ടും കണ്ടില്ലെന്ന് നടിക്കാന്‍ ശ്രമിക്കുകയായിരുന്നു കോര്‍പ്പറേറ്റ് അനുകൂല സര്‍ക്കാര്‍. ഖാലിസ്ഥാനിയെന്നും ഭീകരവാദിയെന്നുമൊക്കെ മുദ്രകുത്താന്‍ ശ്രമിച്ചും ഐക്യദാര്‍ഢ്യവുമായെത്തിയ മുസ്ലീം സഹോദരങ്ങളെ മുഗള്‍ സിഖ് ശത്രുതകളുടെ ചരിത്രമോര്‍മ്മിപ്പിച്ച് അകറ്റി നിര്‍ത്താന്‍ ശ്രമിച്ചും സമരത്തെ തകര്‍ക്കാനുള്ള കുല്‍സിത ശ്രമങ്ങളുണ്ടായി. ഒടുവിലിപ്പോള്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്. വീറോടെ പൊരുതി നില്‍ക്കുന്നവര്‍ ചരിത്രവിജയം നേടട്ടെ എന്ന് ആശംസിക്കുകയും ആഗ്രഹിക്കുകയും ചെയ്യാം. അനീതിക്കും ദുരധികാരത്തിനും മുതലാളിത്ത ദുര്‍വ്യവസ്ഥയ്ക്കുമെതിരെയുള്ള ഈ ചരിത്രഗംഭീര സംഘാടനത്തിന് വീണ്ടും ഉശിരുള്ള ഐക്യദാര്‍ഢ്യം !
നീണ്ട 28 വര്‍ഷങ്ങളുടെ നിര്‍ണ്ണായക പോരാട്ടത്തിനുശേഷം അഭയകേസില്‍ നീതിയുടെ പക്ഷത്ത് നിയമവിധി. ആണധികാര മതമേലാളര്‍ പണവും സ്വാധീനവുമുപയോഗിച്ച് തേച്ചുമാച്ചു കളയാന്‍ ഇത്രയും ദീര്‍ഘനാള്‍ പ്രയത്നിച്ച സമാന സംഭവങ്ങള്‍ അധികമുണ്ടാകില്ല. വൈകിയെത്തിയ നീതി നീതിനിഷേധമാണെന്ന് പൊതുവെ പറയുമെങ്കിലും അഭയയുടെ ഉറ്റവരെ സംബന്ധിച്ച് ഇത് ശരിയാണെങ്കിലും സാമൂഹ്യാര്‍ത്ഥത്തില്‍ ഇതൊരു നിര്‍ണ്ണായകവിജയം തന്നെ. സത്യവും നീതിയും പുലരുമെന്ന് പ്രത്യാശിക്കാനും അതിനായി പ്രയത്നിക്കാനും പ്രേരിപ്പിക്കുന്ന വിധിന്യായം. തളരാതെ ഇതിനു വേണ്ടി പ്രയത്നിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍!
കവിത്വത്തിന്‍റെ സൗന്ദര്യബോധത്തെ സാമൂഹിക ഉത്തരവാദിത്വത്തിന്‍റേയും കൂടി പ്രേരണയാക്കിയ പ്രിയ കവി സുഗതകുമാരി നമ്മെ വിട്ടു പിരിഞ്ഞു. സൈലന്‍റ് വാലി സമരവിജയത്തിന്‍റെ പരിശ്രമീരൂപമായി അവര്‍ ഇന്നും എന്നും നിലനില്‍ക്കും . ഹിന്ദുത്വത്തോടുള്ള ചായ്വിന്‍റെ പേരിലും വിതുര പെണ്‍വാണിഭക്കേസിലുള്‍പ്പെട്ടു പോയ പെണ്‍കുട്ടിയോടെടുത്ത നിലപാടുകളുടെ പേരിലുമൊക്കെ ഏറെ വിവാദങ്ങളും വിയോജിപ്പുകളും സൃഷ്ടിച്ചിരുന്നുവെങ്കിലും അവരുടെ സമരജീവിതവും അവര്‍ അവശേഷിപ്പിച്ചുപോയ കവിതകളും ആദരണീയവും സ്മരണീയവുമാണ്. സംഘടിതയുടെ ആദ്യനാളുകള്‍ തൊട്ട് കൂടെയുണ്ടാവുകയും ഉപദേശകസമിതി അംഗമായി തുടരുകയും ചെയ്ത സുഗതകുമാരിക്ക് നമ്രശിരസ്സോടെ ആദരാഞ്ജലികള്‍.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഏറെ ആഹ്ളാദം തോന്നാന്‍ വകയുള്ളതായി കണ്ടു. ഹിന്ദുത്വത്തെ വീണ്ടും ദൂരെ നിര്‍ത്തുന്നതില്‍ നമ്മള്‍ വിജയിച്ചതിലും ഒരുപാട് സ്ത്രീകള്‍ ഭരണസാരഥ്യത്തിലെത്തിയതിലും ഏറെ സന്തോഷമുണ്ട്. ജയിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ , മെമ്പര്‍ എന്ന പേരില്‍ വാഴ്ത്തിയും ഇകഴ്ത്തിയുമെല്ലാം അഭിപ്രായങ്ങള്‍ കാണാനായി. സ്ത്രീകള്‍ പൊതുരംഗത്ത് എത്തുമ്പോള്‍ മാത്രം ഉയരുന്ന പ്രായവിഷയം ഒരു ആണ്‍നോട്ട ഉല്‍പ്പന്നം തന്നെയെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. കല്യാണം കഴിപ്പിച്ച് വീടിന്‍റെയും കുടുംബത്തിന്‍റെയും ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുമ്പോള്‍ പരിഗണനയ്ക്ക് വരാത്ത പ്രായം നാടിന്‍റെ ഉത്തരവാദിത്വത്തിന്‍റെ കാര്യത്തില്‍ മാത്രം ഉയര്‍ത്തുന്നതില്‍ ഇരട്ടത്താപ്പുണ്ട്. ഭരണത്തിലേക്ക് സ്വമേധയാ എത്തിച്ചേരാന്‍ സാധിക്കാതായ സ്ത്രീകള്‍ക്ക് സംവരണം വഴി എത്താനും മികവ് തെളിയിക്കാനും കഴിയുന്നതില്‍ സന്തോഷമുണ്ട്. കര്‍മ്മനിരതമായി ഭരണത്തെ സ്ത്രീപക്ഷമാക്കുന്നതിന് ഇവര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട് മനുഷ്യര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കും. വലുതും ചെറുതുമായ യുദ്ധങ്ങളും സംഘട്ടനങ്ങളും രക്തച്ചൊരിച്ചിലുകളും ദൈനംദിനമായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കുടിയൊഴുപ്പിക്കലുകളും കെടുതികളും വേദനകളും ക്രൂരവും ഭയാനകവുമാണ്. മനുഷ്യത്ത്വത്തിനും മനുഷ്യാന്തസ്സിനും നിരക്കാത്ത മട്ടില്‍ സംഘര്‍ഷങ്ങളുണ്ടാക്കപ്പെടുമ്പോള്‍ ഈ വേദനാന്ധകാരത്തില്‍ അകപ്പെട്ടു പോകുന്നവരുടെ അവസ്ഥകളെന്താണ്? തങ്ങളുടെ ശരീരത്തിനുമേലുള്ള ഹിംസാപ്രയോഗങ്ങളിലൂടെ ശത്രു വിജയക്കൊടി നാട്ടുമ്പോഴും ജീവിതത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി പൊരുതേണ്ടിവരുമ്പോഴും സ്ത്രീകള്‍ സംഘര്‍ഷഭൂമികളിലെ ഏറ്റവും പീഡിതരാവുന്നു. എന്നാല്‍ വീറുള്ള ചെറുത്തു നില്‍പ്പുകളും ഈ ഇടങ്ങളില്‍ നിന്നും ഉടലടുക്കുന്നുണ്ടുതാനും. വ്യത്യസ്ത സംഘര്‍ഷസ്വഭാവമുള്ള പ്രദേശങ്ങളില്‍ നിന്നുമുള്ള അനുഭവങ്ങള്‍ സമാഹരിക്കുകയാണ് ഹമീദ സി.കെ. അതിഥിപത്രാധിപയായ ജനുവരി ലക്കം സംഘടിത. ഗൗരവവായനയ്ക്കായി സമര്‍പ്പിക്കുന്നു.
പ്രസിദ്ധീകരണത്തിന്‍റെ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ സംഘടിതയുടെ അഭിമാന നിമിഷം കൂടിയാണിത് എന്ന് സസന്തോഷം അറിയിക്കട്ടെ.

COMMENTS

COMMENT WITH EMAIL: 0