ഫൈസര്‍ കോവിഡ് വാക്സിന്‍ ലോകത്തിനു മുഴുവന്‍ പ്രതീക്ഷയും ആശ്വാസവുമായി എത്തുമ്പോള്‍ ഒരു വനിതയുടെ നാലു പതിറ്റാണ്ടുകാലത്തെ ഗവേഷണ ഫലങ്ങളാണ് ഈ വാക്സിന്‍ വികസന ഗവേഷണത്തിനു കരുത്തു പകര്‍ന്നതെന്ന് എത്ര പേര്‍ക്കറിയാം? ആ കോവിഡ് വാക്സിന്‍ കാതലീന്‍ സ്വീകരിച്ച നിമിഷം ലോകത്തിന് കൈയടിക്കാതിരിക്കാന്‍ ആവുമായിരുന്നില്ല. പരിഹാസങ്ങളും അവഗണകളും വെല്ലുവിളികളുമൊക്കെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ തന്‍റെ ഗവേഷണങ്ങളില്‍ ഉറച്ചു നിന്നു വിസ്മയ നേട്ടം കൈയെത്തിപ്പിടിച്ച കാതലിന്‍ കാരിക്കോ എന്ന ശാസ്ത്രജ്ഞയുടെ ജീവിതം സംഭവബഹുലമാണ്. ഗവേഷണരംഗത്തെ വനിതകള്‍ക്കൊരു പാഠപുസ്തകം തന്നെയാണാ ജീവിതം.
1955 ജനുവരി 17 ന് ഹംഗറിയിലാണ് കാതലീന്‍ ജനിച്ചത്. ഡോക്റ്ററേറ്റ് നേടിയ ശേഷം ആര്‍എന്‍എ ഗവേഷണങ്ങളിലായിരുന്നു കാതലീന്‍റെ ശ്രദ്ധ മുഴുവന്‍. ആര്‍ എന്‍ എ യുടെ രഹസ്യങ്ങള്‍ക്കു പുറകെയായി കാതലീന്‍റെ യാത്ര. ആര്‍ എന്‍ എ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന റൈബോ ന്യൂക്ലിക് ആസിഡ് എന്ന ഒറ്റ ഇഴ മാത്രമുള്ള, കോശങ്ങളിലെ പ്രധാന ജനിതക ഘടകത്തെ രോഗപ്രതിരോധത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിയും എന്ന ഉറച്ച വിശ്വാസം മാത്രമായിരുന്നു കാതലീന്‍റെ കൈമുതല്‍. ജീവന്‍റെ ചുരുളുകള്‍ എന്ന വിശേഷണമുള്ള ഡി.എന്‍.എ യുടെ രഹസ്യങ്ങളിലേക്ക് മിഴിനട്ടിരിക്കുകയായിരുന്നു അക്കാലത്ത് ശാസ്ത്രലോകം. അപ്പോഴതാ ഒരു വനിത ആര്‍.എന്‍.എ ഗവേഷണങ്ങള്‍ വിസ്മയങ്ങള്‍ വിരിയിക്കുമെന്ന അവകാശവാദവുമായി നടക്കുന്നു. പരിഹാസങ്ങളും അവഗണനകളുമൊന്നും കാതലീനെ തളര്‍ത്തിയില്ല. തന്‍റെ ധാരണ ശരിയാണെന്ന ഉറച്ച വിശ്വാസം അവര്‍ക്കുണ്ടായിരുന്നു.
ജനിതക വിവരങ്ങളെ ഡി.എന്‍.എ യില്‍ നിന്ന് റൈബോസോമിലേക്ക് എത്തിക്കുന്നത് മെസഞ്ചര്‍ ആര്‍ എന്‍ എ ആണ്. പ്രോട്ടീന്‍ നിര്‍മ്മാണത്തിനു സഹായിക്കുന്ന സുപ്രധാന പ്രക്രിയയാണിത്. അങ്ങനെയെങ്കില്‍ അഭിലഷണീയമായ വ്യതിയാനങ്ങള്‍ വരുത്തിയ സന്ദേശക ആര്‍ എന്‍ എ കള്‍ മനുഷ്യശരീരത്തില്‍ പ്രയോഗിച്ചാല്‍ അവ ആന്‍റിബോഡികള്‍ നിര്‍മ്മിക്കും. അങ്ങനെ പല മാരകരോഗങ്ങളില്‍ നിന്നും പകര്‍ച്ച വ്യാധികളില്‍ നിന്നും മനുഷ്യനെ രക്ഷിക്കാം! ഈ വിസ്മയ സാധ്യതയാണ് കാതലീന്‍റെ ഗവേഷണങ്ങള്‍ക്ക് എന്നും ഊര്‍ജ്ജം പകര്‍ന്നുകൊണ്ടിരുന്നത്. ഹംഗറിയിലെ സര്‍വ്വകലാശാലയില്‍ സ്ഥാപന മേധാവിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് 1985-ല്‍ കാതലീന്‍ അവിടെ നിന്നു പുറത്താക്കപ്പെട്ടു. നാടുവിടേണ്ട അവസ്ഥയിലേക്കു വരെ എത്തിയപ്പോഴും കാതലീന്‍ തന്‍റെ ഗവേഷണങ്ങളെ പ്രാണവായു പോലെ ചേര്‍ത്തുപിടിച്ചു. അങ്ങനെ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം അമേരിക്കയിലേക്ക് ചേക്കേറുകയും ഫിലാഡല്‍ഫിയയിലെ ടെമ്പിള്‍ സര്‍വ്വകലാശാലയിലെ ബയോകെമിസ്ട്രി വിഭാഗത്തില്‍ ചേരുകയും ചെയ്തു. തന്‍റെ ഗവേഷണ സ്വപ്നങ്ങള്‍ക്ക് പുതിയ ചിറകുകള്‍ മുളയ്ക്കുമെന്ന് പ്രതീക്ഷിച്ച കാതലീന് അവിടെയും പ്രതിസന്ധികളുടെ ഒരു നിര തന്നെ മറികടക്കേണ്ടി വന്നു. ഫണ്ടിങ്ങിന്‍റെയും ലാബ് സൗകര്യങ്ങളുടെയും അപര്യാപ്തത, ആര്‍ എന്‍ എ ഗവേഷണങ്ങളോടുള്ള അവഗണന , ഇതൊന്നും ഫലം കാണാന്‍ പോവുന്നില്ലെന്ന പരിഹാസം ഇതൊക്കെ കാതലീന്‍റെ വാശി വര്‍ദ്ധിപ്പിച്ചതേയുള്ളൂ. സ്ഥാപന മേധാവിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം ടെമ്പിള്‍ സര്‍വ്വകലാശാല വിടേണ്ട സാഹചര്യവും വന്നു.
കാതലീന്‍
1990-ല്‍ പെനിസില്‍വാനിയ സര്‍വ്വകലാശാലയില്‍ ചേര്‍ന്നു ഗവേഷണങ്ങള്‍ തുടര്‍ന്നെങ്കിലും അവിടെയും പ്രോല്‍സാഹനമൊന്നും ലഭിച്ചില്ല. മെസ്സഞ്ചര്‍ ആര്‍.എന്‍.എ അധിഷ്ടിത ജീന്‍ തെറാപ്പി ഗവേഷണങ്ങള്‍ ഒരു ഭ്രാന്തന്‍ സങ്കല്പം മാത്രമാണെന്ന് അധിക്ഷേപിച്ച് അവിടെയും ഗ്രാന്‍റ് നിഷേധിക്കുകയായിരുന്നു സ്ഥാപന മേധാവികള്‍. സമയം വെറുതെ പാഴാക്കുന്ന ഈ ഗവേഷണം നിര്‍ത്തുന്നതാണു നല്ലതെന്ന ഉപദേശം വേറെ! അവിടുത്തെ ഗവേഷകയായിരുന്നിട്ടും ആദ്യമൊക്കെ തൊട്ടു താഴെയുള്ള തസ്തികക്കാര്‍ക്കു നല്‍കിയിരുന്നതിനെക്കാള്‍ കുറഞ്ഞ വേതനമാണ് കാതലീനു നല്‍കിക്കൊണ്ടിരുന്നത്.
ഗവേഷണങ്ങള്‍ തുടര്‍ന്ന കാതലീന്‍ 2005-ല്‍ വീസ്സ്മാനുമായിച്ചേര്‍ന്ന് സന്ദേശക ആര്‍ എന്‍ എ സംബന്ധമായ ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും കണ്ടെത്തലുകള്‍ക്ക് പേറ്റന്‍റ് എടുക്കുകയും ചെയ്തു. എന്നാല്‍ വലിയ കമ്പനികളൊന്നും തന്നെ ഇതില്‍ ആകൃഷ്ടരായില്ല. ഒടുവില്‍ തങ്ങളുടെ ടെക്നോളജി ബയോണ്‍ടെക് എന്ന ചെറിയ ജര്‍മ്മന്‍ കമ്പനിക്കു കൈമാറുകയായിരുന്നു അവര്‍. ഇപ്പോള്‍ ഫൈസറുമായി ചേര്‍ന്ന് കോവിഡ്-19 വാക്സിന്‍ ഉണ്ടാക്കിയ ബയോണ്‍ടെക് തന്നെ! മൊഡേണ കോവിഡ് വാക്സിന്‍റെ അടിസ്ഥാനവും ഇവരുടെ കണ്ടെത്തലുകള്‍ തന്നെ. തിരസ്ക്കാരങ്ങളുടെയും അവഗണനകളുടെയും വെല്ലുവിളികളുടെയും കടല്‍ നീന്തിക്കടന്ന കാതലീന്‍ ഇപ്പോള്‍ ലോകത്തിന്‍റെ പ്രതീക്ഷയും അഭിമാനവുമാണ്. ബയോണ്‍ടെക്കിന്‍റെ സീനിയര്‍ വൈസ് പ്രസിഡന്‍റാണ് ഇപ്പോള്‍ കാതലീന്‍. ലോകത്തെ നിശ്ചലമാക്കിയ ഒരു മഹാമാരിയില്‍ നിന്ന് മനുഷ്യനെ കരകയറ്റാനുള്ള ശ്രമങ്ങളില്‍ തന്‍റെ നാല്പതു വര്‍ഷത്തെ ഗവേഷണങ്ങള്‍ നിര്‍ണ്ണായകമായതിന്‍റെ ആഹ്ലാദത്തിലാണിപ്പോള്‍ കാതലീന്‍. കാതലീന്‍റെ മകള്‍ സുസാന്‍ ഫ്രാന്‍സിയ ഒളിമ്പിക്സില്‍ റോവിങ് ഇനത്തില്‍ രണ്ടു തവണ സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുണ്ട്.
സീമ ശ്രീലയം
പ്രമുഖ ശാസ്ത്ര ലേഖിക,
നിരവധി ബഹുമതികള്‍ക്ക് ഉടമ
COMMENTS