Homeപെൺപക്ഷം

സിസ്റ്റര്‍ അഭയ കേസ് നമ്മളോട് പറയുന്നതെന്ത്?

അജിത കെ.

ഡിസംബറിലെ ചില നാഴികക്കല്ലുകള്‍ 2020 കഴിഞ്ഞ് 2021 ലേക്ക് സമയം കടന്നു പോകുന്നതിനു മുന്‍പ് കേരളത്തില്‍ പ്രധാനപ്പെട്ട ഒരു ചരിത്ര സംഭവമുണ്ടായി. കഴിഞ്ഞ 28 വര്‍ഷങ്ങളായി നീതി തേടിക്കൊണ്ടിരുന്ന സിസ്റ്റര്‍ അഭയ കൊലപാതക കേസിലെ സിബിഐ കോടതി വിധി ആയിരുന്നു അത്. കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെന്‍റ് അന്തേവാസി ആയിരുന്ന ആ 19കാരി സിസ്റ്റര്‍ അഭയ (നേരത്തെ ബീനാമോള്‍ )1992 മാര്‍ച്ച് 27 ന് പുലര്‍ച്ചെ 4.30ന് ശേഷം അതിദുരൂഹമായ സാഹചര്യങ്ങളില്‍ കൊലചെയ്യപ്പെട്ടു. ഈ കേസിന്‍റെ നാള്‍വഴികള്‍ പരിശോധിച്ചാലറിയാം അറിയാം എത്രമാത്രം സ്വാധീന ശക്തിയാണ് കത്തോലിക്കാസഭ ഈ കേസ് തേച്ചു മായ്ച്ചു ഇല്ലാതാക്കാന്‍ ഉപയോഗിച്ചതെന്ന് . കോട്ടയത്തെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലും അടയ്ക്ക രാജു എന്ന സാക്ഷിയും ഈ കേസ് തെളിയിക്കുന്നതില്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്. തുടക്കത്തില്‍ ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതിത്തള്ളിയ ഈ സംഭവം പിന്നീട് സിബിഐ ആണ് തുറന്നത്. സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടായിട്ടുപോലും നിസ്സാരമായി ആത്മഹത്യയെന്ന് എഴുതിത്തള്ളിയ ഈ കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു. സത്യസന്ധനായ അന്നത്തെ ഒരു സിബിഐ ഉദ്യോഗസ്ഥന്‍ ഇത് കൃത്യമായ കൊലപാതകമാണെന്ന് പ്രഖ്യാപിച്ച ഉടനെതന്നെ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി. പിന്നെയും പുതിയ ഉദ്യോഗസ്ഥന്മാര്‍ വന്നു . പലതവണ സിബിഐ തന്നെ കേസന്വേഷണം നിര്‍ത്തിവെക്കാന്‍ കോടതിയില്‍ അപേക്ഷ കൊടുത്തു. എങ്കിലും കോടതി കേസന്വേഷണം തുടരാന്‍ തന്നെയാണ് ഉത്തരവ് കൊടുത്തത്. അവസാനം 2008ല്‍, 16 വര്‍ഷങ്ങള്‍ക്കു ശേഷം ഫാദര്‍ തോമസ് കോട്ടൂരും ഫാദര്‍ ജോസ് പുതൃക്കയിലും സിസ്റ്റര്‍ സെഫിയും അറസ്റ്റുചെയ്യപ്പെട്ടു. എന്നിട്ടും വര്‍ഷങ്ങള്‍ 12 കഴിഞ്ഞു പ്രതികളില്‍ രണ്ടുപേര്‍ കുറ്റക്കാരാണെന്ന വിധി വരാനും രണ്ടുപേരും ജീവപര്യന്തം ശിക്ഷിക്കപ്പെടാനും. ഈ കേസിന്‍റെ സാമൂഹ്യ പശ്ചാത്തലവും രാഷ്ട്രീയ മാനങ്ങളും എല്ലാം വളരെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. പക്ഷെ എനിക്ക് പറയാനുള്ളത് അതല്ല. കത്തോലിക്കാസഭയുടെ ഈ കേസിലെ പങ്കാളിത്തം ഇന്നും വ്യംഗമായേ ചര്‍ച്ചചെയ്യപ്പെടുന്നുള്ളൂ. അതിനുശേഷം കന്യാസ്ത്രീ പട്ടം കെട്ടിയ പാവപ്പെട്ട എത്രയെത്ര പെണ്‍കുട്ടികളാണ് ഭീകരമായ പീഡനങ്ങള്‍ക്കും ജീവ ത്യാഗത്തിനും വിധേയരായെന്നതിന് കണക്കില്ല. ബിഷപ്പ് ഫ്രാങ്കോയുടെ കേസും താരതമ്യപ്പെടുത്തി നോക്കിയാലറിയാം ഈ പീഡന പരമ്പരകളുടെ പിറകിലുള്ള അധികാരശക്തി എത്രമാത്രം പാപപങ്കിലമാണെന്ന്. അഭയയുടെ അപ്പനും അമ്മയും നീതി കിട്ടാതെ കണ്ണടച്ചു. സഹോദരനും കുടുംബവും മാത്രമാണ് ഇന്നുള്ളത്. ഇത്ര വൈകി വന്ന നീതിക്ക് ചരിത്രപരമായ അര്‍ത്ഥമല്ലാതെ മറ്റെന്താണുള്ളത് . ഈ 28 വര്‍ഷങ്ങളത്രയും ഈ പ്രതികള്‍ കത്തോലിക്കാസഭയിലെ താന്താങ്ങളുടെ അധികാരസ്ഥാനങ്ങളിലിരുന്ന് മതത്തിന്‍റെ പരിവേഷത്തോടെ സാധാരണ ജനങ്ങളെ പ്രതികള്‍ കബളിപ്പിക്കുകയായിരുന്നില്ലേ? ഒരു പ്രതി ശിക്ഷ കിട്ടാതെ പുറത്തു തന്നെ കഴിയുകയും ചെയ്യുന്നു.

ബിഷപ്പ് ഫ്രാങ്കോയുടെ കേസും ഇതുപോലെതന്നെ വര്‍ഷങ്ങളോളം പൊടി പിടിച്ച് കിടന്ന് അവസാനം ആവിയായി പോകുമെന്ന ആശങ്ക സ്വാഭാവികമായും കേരളത്തിലെ സ്ത്രീ സമൂഹത്തിനുണ്ട്. മതവും രാഷ്ട്രീയവും ചേര്‍ന്നുള്ള ഈ ജനവിരുദ്ധ അവിശുദ്ധ കൂട്ടുകെട്ട് തിരിച്ചറിയുകയും തകര്‍ക്കുകയും ചെയ്യേണ്ടത് കാലത്തിന്‍റെ ആവശ്യമാണ്.

 

 

അജിത കെ.

COMMENTS

COMMENT WITH EMAIL: 0