ബിരുദതലത്തില്‍ എത്താത്ത പ്രായത്തിലാണ് ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍ നടന്നുവന്ന സ്ത്രീകളിലെ ചേലാകര്‍മ്മം എന്ന നീച ആചാരത്തെക്കുറിച്ച് താന്‍ അറിയുന്നതെന്ന് നിവിന്‍ സുല്‍ത്താന്‍ എന്ന യുവതി എന്നോട് പറഞ്ഞു. ചേലാകര്‍മ്മം എന്ന് പരക്കെ അറിയപ്പെടുന്ന ഈ അനാചാരത്തില്‍ പാരമ്പര്യത്തിന്‍റെയും അനുഷ്ഠാനത്തിന്‍റെയും പേരില്‍ കൊച്ചു പെണ്‍കുട്ടികളുടെ ബാഹ്യ ജനനേന്ദ്രിയങ്ങളുടെ മുറിച്ചുകളയലാണ് നടക്കുന്നത്.
ഈ അനാചാരത്തെ കുറിച്ചുള്ള വിവരണം കേട്ട് സ്തബ്ധയായ നെവിന്‍ തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയ തന്‍റെ ഉമ്മയോട് ഇത് പറഞ്ഞു. അമ്മയുടെ പ്രതികരണം മറ്റൊരു ആഘാതമായി അവള്‍ക്ക് . അതെ എനിക്കും നിനക്കും എല്ലാം ഈ അനാചാരം നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് പറഞ്ഞു. നെവിന് ഒന്നും മനസ്സിലായില്ല. ലേഖനത്തില്‍ പറഞ്ഞിട്ടുള്ള പെണ്‍കുട്ടികളിലെ ചേലാകര്‍മ്മം ആഫ്രിക്കയില്‍ മാത്രം നടക്കുന്ന ഒന്നായാണ് വിവരിക്കപ്പെടുന്നത്. ഇന്ത്യയില്‍, ഈ കേരളത്തില്‍ അതെങ്ങനെ നടന്നു?
ഉമ്മ മുഴുവന്‍ കഥയും പറഞ്ഞുകൊടുത്തു. നാല്പതു ദിവസം പ്രായമുള്ള കുടുംബനാഥന്‍ ഒസ്സാന്‍ സമുദായത്തില്‍പ്പെട്ട ഒരു സ്ത്രീയെ പാരമ്പര്യവിധിയനുസരിച്ച് മുടി മുറിക്കാനായി വിളിച്ചുവരുത്തി. ആണ്‍കുട്ടികള്‍ക്കാണെങ്കില്‍ ഈ ഒസ്സാന്‍ പ്രതിനിധി മുടിമുറിക്കല്‍ മാത്രമല്ല സുന്നത്തും നിര്‍വഹിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. അതിനു ശേഷം കുറച്ചു കഴിഞ്ഞു കുഞ്ഞു നെവിന്‍ വാവിട്ടു കരയുന്നതു കേട്ട് ഉമ്മ ചെന്നപ്പോള്‍ കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ ഒരു പുഞ്ചിരിയോടെ സുന്നത്തിന് സമാനമായ ക്രിയ പെണ്‍കുട്ടികള്‍ക്കും ചെയ്യുമെന്ന് വിവരിച്ചുവത്രെ. നെവിന്‍റെ ഉമ്മയ്ക്കും ഈ മുറിക്കല്‍ പ്രക്രിയ നടന്നിട്ടുണ്ട് . ഇപ്പോള്‍ നെവിനും. തന്‍റെ സമ്മതം കൂടാതെ ശരീരത്തിന്‍റെ ഒരു ഭാഗം ആരൊക്കെയോ ചേര്‍ന്നു മുറിച്ചു കളഞ്ഞു. നെവിനു കലശലായ ദേഷ്യവും നിസ്സഹായതയും ധര്‍മ്മരോഷവും അനുഭവപ്പെട്ടു.
ഗുജറാത്തിലെ ഷിയാ മുസ്ലിം വിഭാഗത്തിലെ ദാവൂദി ബോറാ സമുദായത്തില്‍പ്പെട്ട ഒരാളാണ് ഞാന്‍. നൂറ്റാണ്ടുകളായി ഞങ്ങളുടെ സമുദായത്തില്‍ ഖട്ന എന്ന പേരിലറിയപ്പെടുന്ന സ്ത്രീകളിലെ സുന്നത്ത് ആചരിക്കപ്പെട്ടു വരുന്നുണ്ട് . മറ്റുപല ദാവൂദി ബോറാ പെണ്‍കുട്ടികളെയും പോലെ തന്നെ ഏതാണ്ട് ഏഴു വയസ്സുള്ളപ്പോള്‍ ഉമ്മ എന്നെ ഒരു അപരിചിത സ്ത്രീയുടെ വീട്ടിലേക്ക് കൊണ്ടുപോയി. അവര്‍ എന്‍റെ പാന്‍റീസ് അഴിച്ചുമാറ്റി കാലുകളകത്തി വെപ്പിച്ച് സ്വകാര്യഭാഗം ഒരു ബ്ലേഡ് കൊണ്ട് മുറിച്ചു. വിശദമായി ഓര്‍ക്കുന്നില്ല. എങ്കിലും അപ്പോള്‍ അനുഭവിച്ച വേദനയും ഇപ്പോഴും വിറയ്ക്കുന്ന ഓര്‍മകളാണെനിക്ക്.
മനുഷ്യാവകാശത്തിന്‍റെയും ബാലാവകാശത്തിന്‍റെയും സ്ത്രീ അവകാശത്തിന്‍റെയും ലംഘനമെന്ന് ലോകാരോഗ്യസംഘടന വിവരിച്ചിട്ടുള്ള ഈ അനാചാരത്തിന് ഒരു കുഞ്ഞും വിധേയയായിക്കൂട.
2011ലാണ് സ്ത്രീകളിലെ ഖട്നയെക്കുറിച്ച് ഞാന്‍ പരസ്യമായി സംസാരിക്കാന്‍ തുടങ്ങിയത് . ദാവൂദി ബോറ സമുദായത്തില്‍ അനാചാരത്തിനെതിരെ ഒരു വന്‍ മുന്നേറ്റമാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തേക്ക് ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്. തങ്ങളുടെ വേദനയുടെയും മനസംഘര്‍ഷത്തിന്‍റെയും കഥകള്‍ പങ്കുവെച്ചുകൊണ്ട് ഒരുപാട് സ്ത്രീകള്‍ മുന്നോട്ടു വരുന്നുണ്ട് . ഈ അനാചാരം അവസാനിപ്പിക്കണമെന്നും അവര്‍ക്ക് അദമ്യമായ ആഗ്രഹമുണ്ട്.
ഇന്ത്യയില്‍ ഈ അനാചാരം നിലവിലുള്ള ദാവൂദി ബോറകളിലും മറ്റു ചെറിയ ചില വിഭാഗങ്ങളിലും മാത്രമാണെന്നാണ് ഒരുപാട് കാലം ഞങ്ങള്‍ ധരിച്ചിരുന്നത്. പക്ഷെ 2017ല്‍ ഞാന്‍ രൂപം നല്‍കിയ സഹിയോ എന്ന സംഘടന കേരളത്തിലും ഇത് നടക്കുന്നതായി മനസ്സിലാക്കി. തുടര്‍ന്ന് ഞങ്ങള്‍ നടത്തിയ ഒരന്വേഷണത്തില്‍ കോഴിക്കോട്ടും പരിസരത്തും എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെ ജനനേന്ദ്രിയങ്ങള്‍ മുറിച്ചു നീക്കുന്ന ഡോക്ടര്‍മാരുള്ള ഓരോ ക്ലിനിക്കുകള്‍ എങ്കിലും ഉള്ളതായി കണ്ടെത്തി.
കേരളത്തിലെ പ്രാദേശിക വാര്‍ത്താ ചാനലുകള്‍ ഞങ്ങളുടെ അന്വേഷണം തുടര്‍ന്നു പിടിച്ചത് സമൂഹത്തില്‍ ഒച്ചപ്പാടുണ്ടാക്കി. സ്ത്രീകളിലെ സുന്നത്തുകര്‍മ്മത്തെ തള്ളിപ്പറഞ്ഞുകൊണ്ട് രാഷ്ട്രീയ മത സ്ഥാപനങ്ങള്‍ പ്രസ്താവനകളിറക്കി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ കേരള ശാഖ ഈ അനാചാരത്തെ അശാസ്ത്രീയവും വൈദ്യ ധര്‍മ്മത്തിന് നിരക്കാത്തതും എന്ന് വിശേഷിപ്പിച്ചു. ആരോഗ്യമന്ത്രി ശ്രീമതി കെ. കെ. ശൈലജ ടീച്ചര്‍ ഈ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
പക്ഷെ, ഇന്ത്യയിലിപ്പോഴും കേരളത്തിലെ ചില സമുദായങ്ങളും ദാവൂദി ബോറ സമുദായവും ഈ അനാചാരം തുടരുന്നു. സ്ത്രീകളിലെ സുന്നത്ത് ചേലാകര്‍മ്മം (FGC) എന്നതിനെക്കുറിച്ച് നിങ്ങളില്‍ പലര്‍ക്കും ഇപ്പോള്‍ മനസ്സില്‍ സംശയങ്ങള്‍ ഉണ്ടായിരിക്കാം. ഞാന്‍ അത് വിശദീകരിക്കാന്‍ ശ്രമിക്കാം.
ആദ്യമായി, എന്താണ് മുറിച്ചുമാറ്റുന്നത്?
പലതരത്തില്‍ ഈ ഫീമെയില്‍ ജെനിറ്റല്‍ കട്ടിംഗ് നടന്നുവരുന്നുണ്ട്. പലതും ഭീകരമാണ് . ഇന്ത്യയില്‍ നടന്നുവരുന്നത് അതില്‍ ഏറ്റവും മൃദുവായ ഒരു രീതിയാണ്. ഒരു കൊച്ചു പെണ്‍കുട്ടിയുടെ ഭഗശിശ്നികാദളങ്ങള്‍ (clitoral hood) മുറിച്ചുകളയുന്നതാണ് ഇത്.
എന്താണ് ഭഗശിശ്നിക
യോനീഭിത്തി കളുടെ ചുറ്റുമായി സ്ഥിതിചെയ്യുന്ന ഒരു അവയവമാണ് ഭഗശിശ്നിക. പുറത്തേക്ക് പ്രകടമാകുന്നത് അതിന്‍റെ അഗ്രം മാത്രം ആയിരക്കണക്കിന് സിരാഗ്രങ്ങളുള്ള ഒരു ബട്ടണ്‍ പോലുള്ള മാംസക്കഷ്ണം. ഒരു സ്ത്രീയുടെ ലൈംഗികാനുഭൂതി പ്രദാനം ചെയ്യുക എന്ന ഒരേ ഒരു ധര്‍മ്മമാണ് ഇതിനുള്ളത്. ലൈംഗികാഭിനിവേശം ഉണരുമ്പോള്‍ ഇത് വികസിക്കുന്നു. വളരെ സംവേദനക്ഷമമായ ഒരു അവയവമാ കയാല്‍ ദളങ്ങള്‍ കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു അത്.
എന്തുകൊണ്ടാണ് എഫ് .ജി.സി ആചരിക്കപ്പെടുന്നത്
ചേലാകര്‍മ്മം ആദരിക്കുന്ന സമുദായങ്ങള്‍ തങ്ങളുടെ പാരമ്പര്യ ആചാരം എന്ന നിലയില്‍ ഒരു ചോദ്യം ചെയ്യലിനും വിധേയമാക്കാതെ കണ്ണുമടച്ചു പിന്തുടരുകയാണതിനെ. പൊതുവേ പരക്കെ പറഞ്ഞു കേട്ടിട്ടുള്ള കാരണം സ്ത്രീകളിലെ ലൈംഗികാസക്തിക്ക് തടയിടുക എന്നതാണ്. നെവിന്‍ എന്നോട് പറഞ്ഞത് ഒരു മതപണ്ഡിതനോട് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് സ്ത്രീകള്‍ക്ക് പൊതുവേ കൂടിയതോതില്‍ ലൈംഗികാസക്തി ഉണ്ടെന്നും ജനനേന്ദ്രിയങ്ങള്‍ മുറിച്ചു പാകപ്പെടുത്തുക വഴി ഈ പാപത്തില്‍ നിന്നും രക്ഷനേടാനാകും എന്നുമാണ്. ഈ ന്യായീകരണത്തിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ല. സ്ത്രീ ലൈംഗികതയെ നിയന്ത്രിക്കാന്‍ പുരുഷമേധാവിത്വം ഉപയോഗിക്കുന്ന ഒരുവടി മാത്രം. ഒരു ഇസ്ലാമിക ആചാരം ആണോ ഇത് ഒരിക്കലും അല്ല. യഥാര്‍ത്ഥത്തില്‍ ഒരുതരത്തിലുമുള്ള സുന്നത്ത് കര്‍മ്മങ്ങളെക്കുറിച്ചും ഖുര്‍ആനില്‍ പരാമര്‍ശമില്ല. മുസ്ലീങ്ങളില്‍ എല്ലാവര്‍ക്കും ഈ ആചാരമില്ലതാനും. ആഗോള തലത്തില്‍ വിവിധ മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ മുസ്ലിം, ക്രിസ്ത്യന്‍, ജൂതര്‍ ഇത് ആചരിക്കുന്നുമുണ്ട്.
എന്താണ് എഫ്.ജി.സി യുടെ സ്വാധീനം
മുറിപ്പെടുത്തലിന്‍റെ ഭയങ്കരതയ് ക്കനുസരിച്ച് ഒരു പെണ്‍കുട്ടിയുടെ കായിക, മാനസിക ,ലൈംഗിക ആരോഗ്യം പലവിധത്തില്‍ ബാധിക്കപ്പെടാം. ഏറ്റവും മൃദുവായ ഗുഹ്യഭാഗം മുറിച്ചെടുത്താല്‍ ഭയങ്കര വേദനയുളവാക്കാം. ചുട്ടുനീറ്റലും രക്തസ്രാവവും ഉണ്ടാകാം. ചിലപ്പോള്‍ മുതിര്‍ന്നാലും നില്‍ക്കുന്ന വേദനയും മുറിപ്പാടുകളും ഉണ്ടാകും . ലൈംഗിക ചോദനകള്‍ കാര്യമായി കുറയുന്നതിനും ശാരീരിക വേഴ്ചകള്‍ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ താക്കുന്നതിനും ഇടയാകാം. തീര്‍ച്ചയായും ചേലാകര്‍മ്മത്തിലൂടെ കടന്നുപോരേണ്ടിവന്ന മിക്ക സ്ത്രീകള്‍ക്കും മാനസികസംഘര്‍ഷവും പ്രിയപ്പെട്ടവരാല്‍ വഞ്ചിക്കപ്പെട്ടു എന്ന തോന്നലും ഉണ്ടായിട്ടുണ്ട്.
സ്ത്രീകളിലെ ചേലാകര്‍മ്മത്തിനെതിരെ ഒരു നിയമ വ്യവസ്ഥയുണ്ടോ?
നാല്പതിലേറെ രാഷ്ട്രങ്ങള്‍ ഫീമെയില്‍ ജെനിറ്റല്‍ കട്ടിംഗ് നിയമവിരുദ്ധമാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പെറ്റീഷന്‍ സുപ്രീം കോടതിക്ക് മുന്നില്‍ നിലവിലുണ്ട്. കേസ് എവിടെയും എത്തിയിട്ടില്ല.
പക്ഷേ എഫ്.ജി.സിക്ക് എതിരായ ഒരു നിയമം കിട്ടിയാലും ഈ അനാചാരം തുടച്ചുനീക്കാന്‍ ആവില്ല എന്നതാണ്. ഗാര്‍ഹിക പീഡനവും സ്ത്രീധനവും ബാല വിവാഹവും എല്ലാം ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. പക്ഷേ പലരും അവയെല്ലാം ഇപ്പോഴും പിന്തുടരുന്നു. അത്രയ്ക്ക് ആഴത്തില്‍ വേരുകളുള്ള അനാചാരങ്ങളാണ് ഇവയെല്ലാം. സമുദായങ്ങളില്‍ നിന്നുള്ള ശക്തമായ ഇച്ഛാശക്തികളിലൂടെ മാത്രമേ അതില്‍ മാറ്റം വരുത്താനാകൂ. അതിനുള്ള വഴികള്‍ വിദ്യാഭ്യാസവും അവബോധവും താഴെത്തട്ടിലുള്ള സംഭാഷണങ്ങളും ചര്‍ച്ചകളുമാണ്.
സഹിയോ എന്ന ഞങ്ങളുടെ സംഘടന കഴിഞ്ഞ 5 വര്‍ഷങ്ങളായി ദാവൂദി ബോറ മറ്റു ഏഷ്യന്‍ സമുദായങ്ങള്‍ തുടങ്ങിയവയുമായി ഈ വിഷയത്തില്‍ തുറന്ന ചര്‍ച്ചകള്‍ക്കായി സുരക്ഷിത ഇടങ്ങളൊരുക്കുന്നുണ്ട്. എന്‍റെ സഹസ്ഥാപക പ്രിയാഗോസ്വാമിയും ഞാനും ചേര്‍ന്നു മാം കിന്‍ എന്ന ഒരു ആപ്പിന് രൂപം കൊടുത്തിട്ടുണ്ട്. എഫ് ജി സി പോലുള്ള ബുദ്ധിമുട്ടേറിയ വിഷയങ്ങളെ കുറിച്ച് പഠിക്കാന്‍ ജനങ്ങളെ സഹായിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.
കേരളത്തില്‍ എഫ്.ജി.സിക്കെതിരെ തുറന്നു സംസാരിക്കാന്‍ മറ്റു പലരും മുന്നോട്ടു വരുന്നു എന്നത് എനിക്ക് സന്തോഷം തരുന്ന കാര്യമാണ്. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തെ മരയ്ക്കാര്‍ സമുദായത്തില്‍പ്പെട്ട റഷാദ് അതിലൊരാളാണ്.
കഴിഞ്ഞവര്‍ഷം റഷാദിന്‍റെ സഹോദരിക്ക് ഒരു പെണ്‍കുഞ്ഞു പിറന്നു. ആ കുഞ്ഞിനെ സുന്നത്ത് ചെയ്യാനൊരുങ്ങുകയാണ് അവളെന്ന് റഷാദ് മനസ്സിലാക്കി.
“യുക്തിക്ക് നിരക്കാത്ത മതത്തിന്‍റെ പേര് പറഞ്ഞുള്ള ഇത്തരം ആചാരങ്ങള്‍ക്കെല്ലാം ഞാനെതിരാണ്. ഇവയെല്ലാം മനുഷ്യരുണ്ടാക്കിയതാണ്. ഇതൊന്നും ചെയ്യാന്‍ ഒരു ദൈവവും ആവശ്യപ്പെട്ടിട്ടില്ല.” റഷാദ് എന്നോട് പറഞ്ഞു.
തന്‍റെ മരുമകളെ ഇത്തരം നീചപ്രവര്‍ത്തിയില്‍ നിന്ന് രക്ഷിക്കാന്‍ റഷീദിന് സഹോദരിയുമായി അവരുടെ ഭര്‍തൃ മാതാപിതാക്കളുമായും സ്വ മാതാപിതാക്കളുമായും മറ്റു നിരവധി പേരുമായും നിരന്തര തീക്ഷ്ണ സംഭാഷണങ്ങളിലേര്‍പ്പെടേണ്ടി വന്നു.
ഇത്തരം കര്‍മ്മങ്ങള്‍ ചെയ്തില്ലെങ്കില്‍ പിന്നീട് സമൂഹത്തില്‍ മുഖം കാണിക്കാന്‍ പറ്റുമായിരുന്നില്ല എന്നാണ് സമുദായാംഗങ്ങളുടെ തോന്നല്‍. അതൊരു വലിയ യുദ്ധം തന്നെയായിരുന്നു . ഒടുവില്‍ സഹോദരി ഭര്‍ത്താവ് സമ്മതിച്ചു. തന്‍റെ മകളെ ഇത്തരമൊരു അനാചാരത്തിനു ബലിയാടാക്കേണ്ടതില്ല എന്ന് തീരുമാനിച്ചു . റഷാദ് പറഞ്ഞു.
ചര്‍ച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും ഒടുവില്‍ തന്‍റെ മരുമകളെ രക്ഷിക്കാനായി. ചേലാകര്‍മ്മം എന്ന ദൂഷിത വലയത്തില്‍ നിന്ന് കുടുംബത്തെ മോചിപ്പിക്കാനുമായി. എല്ലാ കുടുംബങ്ങളിലും ഇതെല്ലാം ചെയ്യാന്‍ ശ്രമിക്കാം. സ്ത്രീകളിലെ ചേലാ കര്‍മ്മം എന്ന അനാചാരം അവസാനിപ്പിക്കാം.
ആരിഫ ജോഹാരി
മുംബൈ കേന്ദ്രീകരിച്ച് പത്ര പ്രവര്‍ത്തനം നടത്തുന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ FGC ഉന്മൂലനം ചെയ്യാന്‍ വേണ്ടി സഹിയോ എന്ന സംഘടന സ്ഥാപിച്ചിട്ടുണ്ട്.
വിവര്‍ത്തനം :
ഗൗരി എം.കെ.
മുൻ ബിഎസ്എൻഎൽ ജീവനക്കാരിയാണ് (VRS 2011). ഇപ്പൊൾ പരിഭാഷ കൾ ചെയ്യുന്നു. മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് തിരിച്ചും പന്ത്രണ്ടോളം പുസ്തകങ്ങൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന ഗാർഹിക അതിക്രമങ്ങൾ എന്ന വിഷയത്തിൽ ആണ് താല്പര്യം.