ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജൂറിസ്റ്റുകള്‍, ആക്ടിവിസ്റ്റുകള്‍, അഭിഭാഷകര്‍, എഴുത്തുകാര്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവരടങ്ങിയ, ഇന്‍റര്‍നാഷണല്‍ ഇനിഷ്യറ്റിവ് ഫോര്‍ ജസ്റ്റിസ് ഇന്‍ ഗുജറാത്ത് എന്ന സംഘടനയുടെ 9 അംഗ വനിതാ പാനലിന്‍റെ ഭാഗമായിരുന്നു ഞാന്‍. സുനില അബീസേകര (ഡയറക്ടര്‍ ഓഫ് ഇന്‍ഫോം, കൊളംബോ, ശ്രീലങ്ക), റോണ്ട കോപ്ലോണ്‍ (പ്രൊഫസര്‍ ഓഫ് ലോ, സിറ്റി യുനിവെഴ്സിറ്റി ഓഫ് ന്യൂയോര്‍ക്ക്), അനിസ ഹെലി (അള്‍ജീരിയ / ഫ്രാന്‍സ് മുസ്ലീം നിയമങ്ങള്‍ക്ക് കീഴിലുള്ള സ്ത്രീകള്‍), ഗബ്രിയേല മിഷ്കോവ്സ്കി (ചരിത്രകാരി, ജര്‍മ്മനിയിലെ മെഡിക്ക മൊണ്ടിയാലെയുടെ സഹസ്ഥാപക), നീര യുവാല്‍-ഡേവിസ് (യുകെയിലെ ഗ്രീന്‍വിച്ച് സര്‍വകലാശാലയിലെ ലിംഗ – വംശീയ പഠന പ്രൊഫസര്‍), പ്രൊഫ. ഉമാ ചക്രവര്‍ത്തി, ഡോ. മീര വേലായുധന്‍, ഫറാ നഖ് വി എന്നിവരടങ്ങുന്നതായിരുന്നു ആ പാനല്‍. ഞങ്ങള്‍ അഹമ്മദാബാദ്, ബറോഡ, പഞ്ചമഹല്‍സ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുകയും ദുരിതബാധിതര്‍, തൊഴിലാളികളെ പിന്‍തുണയ്ക്കുന്നവര്‍, അഭിഭാഷകര്‍ എന്നിവരുമായി സംസാരിക്കുകയും ദുരിതബാധിതരായ സ്ത്രീകളുമായി രഹസ്യ കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്തു. അന്ന് ഗുജറാത്തില്‍ താമസിച്ചിരുന്ന ഒരേയൊരു പാനല്‍ അംഗം ഞാനായിരുന്നു.
സ്വതന്ത്ര ഏജന്‍സികളുടെയും സ്റ്റാറ്റ്യൂട്ടറി ബോഡികളുടെയും നിരവധി റിപ്പോര്‍ട്ടുകള്‍ മനസ്സില്‍ വച്ചുകൊണ്ട്, ഗുജറാത്ത് സന്ദര്‍ശിച്ച പാനല്‍, നിലവിലുള്ള അന്താരാഷ്ട്ര നിയമങ്ങള്‍, കണ്‍വെന്‍ഷനുകള്‍, മാനദണ്ഡങ്ങള്‍ എന്നിവയുടെ വെളിച്ചത്തില്‍ അക്രമത്തെക്കുറിച്ച് അന്വേഷിച്ചു. പ്രത്യേകിച്ച് 2002 ഫെബ്രുവരി 27 മുതല്‍ സ്ത്രീകള്‍ക്ക് നേരെ ഉണ്ടായ ശാരീരികവും ലൈംഗികവുമായ അതിക്രമങ്ങള്‍, അക്രമത്തില്‍ ഭരണകൂടത്തിന്‍റെ പങ്കാളിത്തം,ഇരകള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ഫലപ്രദമായ പരിഹാരത്തിന്‍റെ അഭാവം, സംസ്ഥാനത്ത് അടുത്തിടെ നടന്ന ബിജെപിയുടെ വിജയം നല്‍കിയ സൂചനകള്‍ എന്നിവയും പാനല്‍ പരിഗണിച്ചിരുന്നു. ഈ പാനല്‍ കേവലം ഒരു വസ്തുതാന്വേഷണ ദൗത്യസംഘമായിരുന്നില്ല. 2002 ഫെബ്രുവരി 27 മുതല്‍ ഇങ്ങോട്ട്, ഈ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് നീതി കൈവരിക്കാനുള്ള ശ്രമങ്ങളെയും സ്ത്രീന്യൂനപക്ഷങ്ങള്‍ക്ക് – വിശിഷ്യാ ഗുജറാത്തിലെ മുസ്ലീം സ്ത്രീകള്‍ – എതിരായി ഉണ്ടായേക്കാവുന്ന ആക്രമണങ്ങള്‍ തടയുന്നതിനെയും പിന്തുണയ്ക്കുക എന്നിവയും ഇതിന്‍റെ ദൗത്യങ്ങളില്‍ പെട്ടിരുന്നു. സിറ്റിസണ്‍സ് ഇനിഷ്യേറ്റീവ് (അഹമ്മദാബാദ്), പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍) – ശാന്തി അഭിയാന്‍ (വഡോദര), കമ്യൂണലിസം കോംബാറ്റ്, ആവാസ്-ഇ-നിസ്വാന്‍, ഫോറം എഗൈന്‍സ്റ്റ് ഒപ്രഷന്‍ ഒഫ് വിമെന്‍ (FAOW), സ്ത്രീ സംഘം (മുംബൈ), സഹേലി, ജാഗോരി, സമാ, നിരന്തര്‍ (ദില്ലി), സംഘടിത ലെസ്ബിയന്‍ അലയന്‍സ് (പൂനെ) എന്നീ സംഘടനകളും മറ്റ് വനിതാ സംഘടനകളും ചേര്‍ന്നാണ് ഗുജറാത്തിലെ ഇന്‍റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ജസ്റ്റിസ് സംഘടിപ്പിച്ചത്.
1971 ലെ ബംഗ്ലാദേശിലെയും റുവാണ്ട, ബോസ്നിയ, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളിലെയും സ്ത്രീകളുടെ അനുഭവങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒന്നാണ് സംഘര്‍ഷസാഹചര്യങ്ങളില്‍ സ്ത്രീകളെ ഭയപ്പെടുത്തുന്നതിനും ക്രൂരമായി പീഡിപ്പിക്കുന്നതിനുമുള്ള ഒരു തന്ത്രമായി ആസൂത്രിതമായ ബലാത്സംഗവും ലൈംഗിക അതിക്രമവും ഉപയോഗിച്ചത്. മറ്റെല്ലാ രാജ്യങ്ങളിലെയും പോലെ ഗുജറാത്തിലും മറ്റ് സമുദായത്തിലെ അംഗങ്ങളായും, സമുദായത്തിലെ ബഹുമാനത്തിന്‍റെ പ്രതീകമായും, സമൂഹത്തെ നിലനിര്‍ത്തുകയും അടുത്ത തലമുറയെ പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്നവരുമായി സ്ത്രീകള്‍ ലക്ഷ്യം വയ്ക്കപ്പെട്ടു. വംശഹത്യ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍, കീഴ്പ്പെടുത്തല്‍ എന്നിങ്ങനെയുള്ള വലിയ രാഷ്ട്രീയ പദ്ധതികളുടെ ഒരു സാധാരണ വശം മാത്രമായി ഇത് മാറിയിരിക്കുന്നു. ഗുജറാത്തില്‍, ഹിന്ദുത്വത്തിന്‍റെ സംഘടിത രാഷ്ട്രീയ പദ്ധതിയുടെ കേന്ദ്രബിന്ദു എന്ന നിലയ്ക്ക് മുസ്ലീം സ്ത്രീകള്‍ക്കെതിരെയും മിശ്ര മതവിവാഹം ചെയ്ത സ്ത്രീകള്‍ക്കെതിരെയും ലൈംഗിക അതിക്രമങ്ങള്‍ നടന്നിരുന്നു. അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഉപകരണമായും മുസ്ലീം സമുദായത്തിന്മേല്‍ ഹിന്ദു ആധിപത്യം അടിച്ചേല്‍പ്പിക്കുന്നതിനുള്ള ഉപാധിയായും പുരുഷ ലൈംഗികതയെ ഉപയോഗിച്ചത് സന്ദര്‍ശന വേളയില്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു. 2002 ഫെബ്രുവരി / മാര്‍ച്ച് മാസങ്ങളിലെ അക്രമത്തിന് മുമ്പും ശേഷവും നടന്ന ഹിന്ദുത്വശക്തികളുടെ രാഷ്ട്രീയ പ്രചാരണത്തില്‍ പ്രതിഫലിച്ചതുപോലെ, ഹിന്ദു പുരുഷന്‍റെ പുരുഷത്വം തെളിയിക്കാനുള്ള ഉപാധിയായി ലൈംഗിക അതിക്രമത്തിന് പ്രേരിപ്പിക്കുന്ന, ആക്രമണാത്മകവും ഭീഷണിപ്പെടുത്തുന്നതുമായ രീതിയില്‍ പുരുഷന്മാര്‍ സ്ത്രീകള്‍ക്ക് മുന്നില്‍ സ്വയം വിവസ്ത്രരാകുന്ന, കൂട്ട ബലാത്സംഗം നടത്തുന്ന, ഇരകളെ ചുട്ടുകൊല്ലുന്ന മാതൃകകളിലൂടെ ഇത് നടപ്പിലാക്കുന്ന ഒരു ഭയാനകമായ പ്രവണത ഞങ്ങള്‍ കണ്ടെത്തി.
ഞങ്ങളുടെ സന്ദര്‍ശന വേളയില്‍ കണ്ടതുപോലെ ഗുജറാത്തിലെ മുസ്ലീം സ്ത്രീകള്‍ അനുഭവിക്കുന്ന ലൈംഗിക അതിക്രമങ്ങളുടെ ആഘാതം തുടരുകയായിരുന്നു. ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള അക്രമങ്ങള്‍ക്ക് ഇരയായ സ്ത്രീകളുടെ ആവശ്യങ്ങളോട് മെഡിക്കല്‍ സംവിധാനം പ്രതികരിക്കുന്നില്ലെന്ന് തെളിഞ്ഞു. ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ക്ക് കൗണ്‍സിലിംഗിന് പ്രവേശനമില്ല, മാത്രമല്ല അവരുടെ ലൈംഗിക/പ്രത്യുല്‍പാദന ആരോഗ്യം, അവകാശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവഗണിക്കപ്പെട്ടു. ലൈംഗിക അതിക്രമത്തിന്‍റെ അനന്തരഫലമായുണ്ടായുണ്ടാകുന്നڔ ഗര്‍ഭാവസ്ഥ, ഗര്‍ഭച്ഛിദ്രം, ലൈംഗികമായി പകരുന്ന അണുബാധകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉണ്ടായിരുന്ന അശ്രദ്ധയിലും, സ്ത്രീകള്‍ക്ക് സ്വയം വീണ്ടെടുക്കാനും പ്രതിരോധിക്കാനുമുള്ള സുരക്ഷിതമായ ഇടങ്ങളുടെ അഭാവത്തിലും ഞങ്ങള്‍ പരിഭ്രാന്തരായി.
ലൈംഗിക അതിക്രമ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ച ചുരുക്കം ചില സ്ത്രീകളുടെ ആവശ്യങ്ങളോട് പോലും നിയമപരവും അന്വേഷണാത്മകവുമായ സംവിധാനങ്ങള്‍ ഒട്ടും പ്രതികരിക്കുന്നില്ലെന്ന് ഞങ്ങള്‍ കണ്ടെത്തി. പല കേസുകളിലും മുസ്ലീം സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമത്തിന് പ്രേരിപ്പിച്ചവരും കുറ്റവാളികളുമായത് പോലീസാണ്. മാനവികതയ്ക്കെതിരായ കുറ്റകൃത്യമായി ലൈംഗിക അതിക്രമത്തെ കണക്കാക്കുന്നതില്‍ നിന്നു വ്യതിചലിപ്പിക്കാന്‍ മുഴുവന്‍ സംവിധാനവും ഗൂഢാലോചന നടത്തുന്നു. കൂടാതെ, സാമൂഹിക ഘടനയിലുടനീളം നിലനില്‍ക്കുന്ന പുരുഷാധിപത്യ മനോഭാവം പോലീസിന്‍റെയും അഭിഭാഷകരുടെയും നിക്ഷ്പക്ഷപരമായ സമീപനത്തെ തടയുന്നു. പൊലീസിലെ നിരവധി അംഗങ്ങള്‍, പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ജുഡീഷ്യറി എന്നിവരുള്‍പ്പെടെയുള്ള നിയമവ്യവസ്ഥയ്ക്കുള്ളിലെ ഉദ്യോഗസ്ഥരുടെ സംഘപരിവാര്‍ സംഘടനകളുമായുള്ള ബന്ധം നീതിഗതികളെ ദുര്‍ബലപ്പെടുത്തുന്നത് വ്യക്തമായി. കൊലപാതകവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങളില്‍, ബലാത്സംഗത്തെക്കാള്‍ കൊലപാതകത്തിന് മുന്‍ഗണന നല്‍കുന്ന ദാരുണമായ പ്രവണതയുണ്ട്. ഇന്ത്യയില്‍ നിലവിലുള്ള ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയ്ക്ക് ലൈംഗിക അതിക്രമങ്ങളും മറ്റ് അക്രമങ്ങളും, സാമുദായിക സ്വഭാവമുള്ള സംഭവങ്ങള്‍ പ്രത്യേകിച്ചും കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്ന് ഈ സാഹചര്യം വ്യക്തമാക്കുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, മറ്റ് സ്ഥിരീകരിക്കുന്ന തെളിവുകള്‍ തുടങ്ങി പ്രോസിക്യൂഷനെ തടയുന്ന അന്യായമായ ഉപാധികള്‍ ഇല്ലാതാക്കേണ്ടതിന്‍റെ ആവശ്യകതയാണ് ഗുജറാത്തിന്‍റെ അനുഭവങ്ങള്‍ എന്നത്തേക്കാളും വ്യക്തമായി തുറന്നു കാട്ടുന്നത്.
പോലീസിന്‍റെയും മെഡിക്കല്‍, നിയമ സംവിധാനങ്ങളുടെയും തലത്തില്‍ അവര്‍ക്കെതിരായി നടക്കുന്ന നഗ്നമായ പക്ഷപാതങ്ങളിലൂടെ മാത്രമല്ല, അപമാനം മറയ്ക്കാന്‍ ശ്രമിക്കുന്ന അവരുടെ കുടുംബങ്ങളുടെയും സമുദായത്തിന്‍റെയും ഇടപെടലുകളുലൂടെയും ലൈംഗിക അതിക്രമത്തിന് ഇരയായ നിരവധി സ്ത്രീകള്‍ നിശബ്ദരാക്കപ്പെട്ടു. ഒന്നുകില്‍ ബലാല്‍സംഗത്തിന് ഇരയായി എന്ന വസ്തുത മറച്ചുവെക്കാനുള്ള ശ്രമത്തില്‍ അല്ലെങ്കില്‍ ഒരു പ്രതിരോധ നടപടി എന്ന നിലയ്ക്ക് പെണ്‍കുട്ടികളെ നിര്‍ബന്ധിതമായി വിവാഹം ചെയ്യിക്കുന്നത് ഈ സാഹചര്യത്തിന്‍റെ ഭയാനകമായ ഒരു പരിണിതഫലമാണ്. പെണ്‍മക്കളെ ദൂര ദേശങ്ങളിലേയ്ക്ക് പറഞ്ഞയക്കാനോ അവരെ അനുയോജ്യരല്ലെന്ന് അറിയാവുന്ന പുരുഷന്മാരുമായി വിവാഹം കഴിപ്പിക്കാനോ തങ്ങള്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്ന് സമ്മതിച്ച നിരവധി അമ്മമാരെ ഞങ്ങള്‍ കണ്ടുമുട്ടി. സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതിനും നിന്ദിക്കുന്നതിനും റേപ്പിസ്റ്റുകള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു എന്നാണ് അക്രമകാരികളെ പ്രോസിക്യൂട്ട് ചെയ്യുന്നതില്‍ സ്റ്റേറ്റ് ഏജന്‍സികള്‍ പരാജയപ്പെടുന്നത് വ്യക്തമാക്കുന്നത്.
അന്താരാഷ്ട്ര തലത്തില്‍ കൈവരിച്ച പുരോഗതിയുടെ പശ്ചാത്തലത്തില്‍ വിചിന്തനം ചെയ്യുമ്പോള്‍, ബലാത്സംഗവും ലൈംഗിക അതിക്രമവും ഒരു പീഡനമായി, ഒരു യുദ്ധക്കുറ്റമായി, മനുഷ്യരാശിക്കെതിരായുള്ള കുറ്റകൃത്യമായി, വംശഹത്യയായി കണക്കാക്കിക്കൊണ്ട് യുഗോസ്ലാവിയയിലെയും റുവാണ്ടയിലേയും താല്‍ക്കാലിക മുന്‍ ട്രൈബ്യൂണലുകളില്‍ വിചാരണ ചെയ്ത പശ്ചാത്തലത്തില്‍, ഈ സാഹചര്യം ഒട്ടും സ്വീകാര്യമല്ല. . ഈ മുന്നേറ്റങ്ങള്‍ ഇപ്പോള്‍ ഇന്‍റര്‍നാഷണല്‍ ക്രിമിനല്‍ കോടതിയുടെ (ഐസിസി) റോം സ്റ്റാറ്റ്യൂട്ടില്‍ വിപുലീകരിച്ച് ക്രോഡീകരിച്ചിട്ടുമുണ്ട്.
കൂടാതെ, ഗുജറാത്തിലെ അക്രമത്തെ പ്രേരിപ്പിക്കുന്നവരായും അക്രമത്തിലെ കുറ്റവാളികളായും ബിജെപി, വിഎച്ച്പി, ബജ്രംഗ്ദള്‍ നേതാക്കളെ ഉള്‍പ്പെടുത്തണമെന്ന് നിരവധി സാക്ഷ്യപത്രങ്ങള്‍ നിര്‍ദ്ദേശിച്ചു. ജനാധിപത്യ മാനദണ്ഡങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിന് ഒരു പ്രത്യേക ഉത്തരവാദിത്തം വഹിക്കുന്ന പൊതു വ്യക്തികള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമായ ഒരു നടപടിയാണ് എന്ന് നീതിക്കായുള്ള അന്വേഷണത്തില്‍ മനസ്സിലായി. യുഗോസ്ലാവിയയിലെയും റുവാണ്ടയിലേയും മുന്‍ ട്രൈബ്യൂണലുകളില്‍ ഈ ഉത്തരവാദിത്തം പ്രകടമാക്കിയിട്ടുണ്ട്. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള വംശഹത്യകള്‍ക്കും പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും അവര്‍ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. സാധാരണ നില പുനസ്ഥാപിച്ചുവെന്ന് വാജ്പേയി സര്‍ക്കാരിന്‍റെ അവകാശവാദങ്ങള്‍ ഉണ്ടായിരുന്നിട്ടും മുസ്ലിം സമുദായത്തെ പൂര്‍ണ്ണമായും പാര്‍ശ്വവത്കരിക്കുന്ന അക്രമത്തിന്‍റെ രീതികള്‍ സന്ദര്‍ശനങ്ങളില്‍ ഞങ്ങള്‍ കണ്ടു, മാത്രമല്ല അവര്‍ക്ക് ഇനി ഇന്ത്യ എന്ന രാജ്യത്തില്‍ സ്ഥാനമില്ലെന്ന ആശയത്തെ അവരിലേക്ക് അത് കൈമാറുക കൂടി ചെയ്യുന്നു.
ഗ്രാമങ്ങള്‍ക്കെതിരായ ആക്രമണത്തെത്തുടര്‍ന്ന് പലായനം ചെയ്ത പല മുസ്ലിംകളെയും അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കുന്നില്ല. അവര്‍ക്ക് ജോലിചെയ്യാനോ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാനോ കഴിയുന്നില്ല. ശാരീരികവും മാനസികവുമായ അരക്ഷിതാവസ്ഥയുടെ ആഴമുള്ള ബോധ്യത്തോടെയാണ് അവര്‍ ജീവിക്കുന്നത്. സ്വന്തം ഗ്രാമങ്ങളിലും വീടുകളിലും താമസിച്ചവരോ മടങ്ങിയെത്തിയവരോ പോലും നിരന്തരമായ ഭീഷണികളും അപമാനങ്ങളും നേരിടുന്നു. കുട്ടികളെ കളിക്കാനായി വീട്ടില്‍ നിന്ന് പുറത്തു വിടാന്‍ പോലും ഭയപ്പെടുന്ന അവര്‍, രണ്ടാം നിര പൗരന്മാരും നിയന്ത്രിത അസ്തിത്വവുമായാണ് ജീവിക്കുന്നത്. താമസസ്ഥലത്തും തൊഴിലിടങ്ങളിലും അവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു.
പല കേസുകളിലും, മുസ്ലീങ്ങള്‍ സാമ്പത്തിക ബഹിഷ്കരണത്തെ നേരിട്ടു. അവര്‍ക്ക് അവരുടെ കൃഷിസ്ഥലങ്ങളില്‍ കൃഷിചെയ്യാനോ വാണിജ്യ വാഹനങ്ങള്‍ ഓടിക്കാനോ ബിസിനസ്സിലേക്ക് മടങ്ങാനോ കഴിഞ്ഞില്ല. പൊതു മാര്‍ക്കറ്റുകളിലോ മേളകളിലോ സ്റ്റാളുകള്‍ വാടകയ്ക്ക് എടുക്കാന്‍ അവരെ അനുവദിച്ചില്ല, പൊതുമേഖലയുള്‍പ്പെടെയുള്ള തൊഴിലിടങ്ങളില്‍ നിന്ന് അവരെ പുറത്താക്കി. സമുദായത്തിന്‍റെ പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും മുസ്ലിംകളെ വിലക്കിയിരുന്നു. അവയില്‍ പലതും മറ്റുള്ളവര്‍ ഏറ്റെടുത്തു. നാസി ജര്‍മ്മനിയിലെ ജൂത സമൂഹം നേരിടുന്ന ഗെറ്റോയിസേഷനും സാമ്പത്തിക പീഡനത്തിനും സമാന്തരമാണ് ഈ സാഹചര്യം
അക്രമത്തിന് ഇരയായവര്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ പരാജയപ്പെട്ടുവെന്ന് സാക്ഷ്യപത്രങ്ങള്‍ തെളിയിച്ചു. വളച്ചൊടിച്ചതും തെറ്റായതും അപൂര്‍ണ്ണവുമായ പരാതികള്‍ പോലീസ് നിരന്തരം ഹാജരാക്കുകയോ യഥാര്‍ത്ഥപരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുകയോ ചെയ്തു. അന്വേഷണം എല്ലായ്പ്പോഴും പക്ഷപാതപരമായിരുന്നു, ചില കേസുകളില്‍ ഇരകള്‍ക്കെതിരെ വ്യാജ കുറ്റപത്രങ്ങള്‍ ഫയല്‍ ചെയ്യപ്പെട്ടു. കുറ്റവാളികള്‍ ശിക്ഷാ ഇളവുകള്‍ നേടിക്കൊണ്ടിരിക്കെ, നൂറുകണക്കിന് മുസ്ലിംകള്‍ വ്യാജ ആരോപണങ്ങളില്‍ ജയിലിലായിരുന്നു. സമുദായങ്ങള്‍ താമസിച്ചിരുന്ന പ്രദേശങ്ങള്‍ക്കിടയില്‍ ഒരു ‘അതിര്‍ത്തി’ ഉള്ള ഗോദ്ര എന്ന പട്ടണത്തെ രണ്ടായി വിഭജിച്ചു. ന്യൂനപക്ഷ സമൂഹം താമസിച്ചിരുന്ന പ്രദേശത്ത്, പുരുഷ അംഗങ്ങളെയൊന്നും കാണാനില്ല, സ്ത്രീകളും കുട്ടികളും ദുര്‍ബലവും സുരക്ഷിതമല്ലാത്തതുമായ അന്തരീക്ഷത്തില്‍ ജീവിക്കുന്നു.
ഞങ്ങള്‍ പോയ എല്ലായിടത്തും, പട്ടണങ്ങളിലും ഗ്രാമങ്ങളിലും, “വിട്ടുവീഴ്ച” ചെയ്യാന്‍ നിര്‍ബന്ധിതരായ, മുസ്ലീങ്ങളെ കണ്ടുമുട്ടി.ഈ അവസ്ഥയുടെ പോലീസ് പദം “കോംപ്രോ” എന്നാണ്. വീടുകളിലേക്ക് മടങ്ങാന്‍ അനുവദിച്ചതിന് പകരമായി പരാതികള്‍ പിന്‍വലിക്കാനുള്ള നിരന്തരമായ സമ്മര്‍ദ്ദത്തിന് അവര്‍ വിധേയരായിരുന്നു. സാമൂഹികവും സാംസ്കാരികവുമായ ജീവിതരീതിക്കിടയില്‍ പോലും കീഴടങ്ങുന്നതിനെക്കുറിച്ചും പ്രാര്‍ത്ഥനയെ നിരോധിക്കുന്നതിനെക്കുറിച്ചും അവര്‍ സംസാരിച്ചു. ആരാധനാലയങ്ങള്‍, ശവക്കുഴികള്‍, കമ്മ്യൂണിറ്റി കെട്ടിടങ്ങള്‍ എന്നിവയുടെ നാശവും സമുദായത്തിന് നേരെയുള്ള ആക്രമണം എന്ന രീതിയില്‍ അവര്‍ അനുഭവിച്ചു.
അക്രമത്തിനുശേഷമുള്ള അതിജീവന ആവശ്യങ്ങള്‍, പുനരധിവാസം, പുനര്‍നിര്‍മ്മാണം എന്നിവയ്ക്കുള്ള പിന്തുണയുടെ കാര്യത്തില്‍ സംസ്ഥാനം ഗുജറാത്തിലെ മുസ്ലിം പൗരന്മാരോടുള്ള ഉത്തരവാദിത്തങ്ങള്‍ ഉപേക്ഷിക്കുന്നത് ഞങ്ങള്‍ കണ്ടു. ഈ പ്രക്രിയ ഏതാണ്ട് പൂര്‍ണ്ണമായും എന്‍ജിഒകളുടെയും ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുകളുടെയും കൈകളിലാണ്. ഗുജറാത്തില്‍ ദുരിതാശ്വാസത്തിനും പുനര്‍നിര്‍മ്മാണത്തിനുമായി വിഭവങ്ങള്‍ നല്‍കുന്നത് മുസ്ലിം സംഘടനകളാണ് എന്ന വസ്തുത, മതേതര ഇടങ്ങള്‍ ചുരുങ്ങുന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു. അതേ സമയം പ്രസ്തുത അവസ്ഥ, തങ്ങളെ ഭരണകൂടവും അയല്‍വാസികളുമടക്കം നിരവധി സഹപൗരന്മാരും ഉപേക്ഷിച്ചതിനാല്‍ സ്വന്തം സമുദായത്തില്‍ നിന്ന് പിന്തുണയും സുരക്ഷയും തേടേണ്ടതുണ്ടെന്നുള്ള വികാരം ന്യൂനപക്ഷ സമുദായത്തിനുള്ളില്‍ ഉയര്‍ത്തുക കൂടി ചെയ്യുന്നുണ്ട്.
അഡ്മിനിസ്ട്രേറ്റീവ് നടപടിക്രമങ്ങള്‍ വിധവയുടെ പെന്‍ഷനുകള്‍, സ്കൂള്‍ പ്രവേശനം, കാണാതായവര്‍ക്കുള്ള ഡോക്യുമെന്‍റേഷന്‍ എന്നിവ പോലുള്ള ഇരകള്‍ക്കുള്ള പ്രശ്നപരിഹാരത്തിനുള്ള അവകാശങ്ങള്‍ തടസ്സപ്പെടുത്തപ്പെടുന്നു. പരമ്പരാഗത പിന്തുണാ സംവിധാനങ്ങള്‍ തകര്‍ന്ന സാഹചര്യത്തില്‍ അവിവാഹിതരായ സ്ത്രീകള്‍, വിധവകള്‍, വനിതാ ജീവനക്കാര്‍ എന്നിവര്‍ അഭിമുഖീകരിക്കുന്ന പ്രത്യേക പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നില്ല. തുടര്‍ച്ചയായ അക്രമങ്ങളെ വിശകലനം ചെയ്യുന്നതും നേരിടുന്നതും ഗുജറാത്ത് സംസ്ഥാന തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിര്‍ണ്ണായകമാ യിരുന്നു. മറ്റെല്ലാ ജനാധിപത്യസ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ഗുജറാത്തിലെ മുസ്ലിംകള്‍ തിരഞ്ഞെടുപ്പിനെ തങ്ങളുടെ അവസാന പ്രതീക്ഷയായി കണ്ടു. വിദ്വേഷഭാഷണം, പോളിംഗ് സമയത്ത് നേരിട്ടുള്ള ഭീഷണികള്‍ എന്നിവ ഉള്‍പ്പെടെ വ്യാപകമായ ഭീഷണികള്‍ക്കിടയിലും പൗരന്മാരായി തങ്ങളുടെ വോട്ടവകാശം ഉപയോഗിക്കാന്‍ അവര്‍ ധാരാളം പേര്‍ രംഗത്തെത്തി. ഭാവിയെക്കുറിച്ചുള്ള അവരുടെ ധാരണയില്‍ തിരഞ്ഞെടുപ്പ് ഒരു നിര്‍ണായക വഴിത്തിരിവായി മാറുമെന്ന വിശ്വാസത്തിനാല്‍ തങ്ങളുടെ വീടുകളിലേക്ക് മടങ്ങാനും തങ്ങളുടെ ജീവിതം പുനര്‍നിര്‍മ്മിക്കാനും ഉള്ള പദ്ധതികള്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അറിയുന്നതുവരെ അവര്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും എല്ലാ അഭിമുഖങ്ങളിലും ഞങ്ങള്‍ കണ്ടെത്തി.
ബിജെപി വിജയിച്ച തിരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യത്തില്‍, അക്രമങ്ങള്‍ വ്യാപകമായിരുന്ന എല്ലാ മേഖലകളിലും നീതിക്ക് പ്രാതിനിധ്യത്തിനുമുള്ള എല്ലാ ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങളും അടക്കപ്പെട്ടതായി മുസ്ലിംകള്‍ കരുതുന്നു. ഒരു വശത്ത്, ഗുജറാത്തിലെ അക്രമകാരികള്‍ക്ക് ഈ തോതിലുള്ള അക്രമം എപ്പോഴെങ്കിലും സംഭവിച്ചിട്ടില്ലെന്ന് നിഷേധിക്കുന്നതിനുള്ള ഒരു നിയമാനുസൃത വേദി നല്‍കുന്നുണ്ട് ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍; മറുവശത്താകട്ടെ, പ്രാദേശിക തലത്തില്‍ പോലും തിരഞ്ഞെടുപ്പിന് മുമ്പുള്ളതും തിരഞ്ഞെടുപ്പിന് ശേഷമുള്ളതുമായ വിജയ മുദ്രാവാക്യങ്ങള്‍ അക്രമത്തെ വ്യക്തമായി അംഗീകരിക്കുക മാത്രമല്ല അതിന്‍റെ തുടര്‍ച്ചയുടെ ഭീഷണി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. അക്രമം അഴിച്ചുവിട്ടവരുടെ നിയമവിരുദ്ധത തിരഞ്ഞെടുപ്പ് ഫലം വീണ്ടും ഊട്ടിയുറപ്പിച്ചു. അവരുടെ പൂര്‍വാര്‍ജ്ജിത ശക്തി മുസ്ലിം സമൂഹത്തില്‍ ഭയം വര്‍ദ്ധിപ്പിച്ചു. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ ഭാവിയിലെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാകുമെന്ന് വിജയ് യാത്രയിലെ മുദ്രാവാക്യങ്ങള്‍ നേരിട്ട് പറഞ്ഞിട്ടുണ്ടെന്ന് മുസ്ലീം സ്ത്രീകള്‍ ഞങ്ങളോട് പറഞ്ഞു: ഇനിയും അനേകം അക്രമങ്ങള്‍ വരാനിരിക്കുന്നു.(ആഗെ ഓര്‍ ധമാല്‍ ഹൈ). ഒരു ജനാധിപത്യ രാഷ്ട്രത്തിന്‍റെ ഉപകരണങ്ങള്‍ സ്വന്തം പൗരന്മാരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന രീതികളും ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി നിര്‍വചിക്കാനുള്ള പോരാട്ടത്തില്‍ സ്ത്രീകളുടെ മൃതദേഹങ്ങള്‍ യുദ്ധക്കളമായി ഉപയോഗിക്കുന്ന രീതികളും ഞങ്ങളെ ഞെട്ടിച്ചു.
ഗുജറാത്തിലെ മുസ്ലീം സമുദായത്തിന്‍റെ അവസ്ഥയിലേക്ക് ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിച്ച എല്ലാവരെയും ഗുജറാത്തിന്‍റെ പ്രതിച്ഛായ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ‘കപട-മതേതരവാദികള്‍’ എന്ന് മുദ്രകുത്തി ഗുജറാത്ത്ڔ സംസ്ഥാന തിരഞ്ഞെടുപ്പിന് ശേഷമുള്ള വിജയ പ്രസംഗങ്ങളും പ്രസ്താവനകളും ഭീഷണിപ്പെടുത്തി. (ദി ഹിന്ദു, 18 ഡിസംബര്‍, 2002). ഇത്തരം പ്രസ്താവനകള്‍ എന്‍ജിഒകള്‍, കമ്മ്യൂണിറ്റി നേതാക്കള്‍, പുരോഗമന മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരില്‍ ഭയവും അരക്ഷിതാവസ്ഥയും വര്‍ദ്ധിപ്പിക്കുന്നു. പല ഗ്രാമങ്ങളിലും, വനിതാ പ്രവര്‍ത്തകടക്ക് നേരെ ‘നിങ്ങള്‍ എവിടെയാണ് താമസിക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയാം, നിങ്ങള്‍ ഒറ്റയ്ക്ക് വയലിലേക്ക് പോകുന്നുവെന്ന് ഞങ്ങള്‍ക്കറിയാം, മുസ്ലീം സ്ത്രീകള്‍ക്ക് സംഭവിച്ചത് നിങ്ങള്‍ക്ക് സംഭവിക്കാം’ എന്ന ഭീഷണി ഉയരുന്നു. ഒരു സമുദായത്തിനെതിരെ വിദ്വേഷം വളര്‍ത്തുന്നത് നിരോധിക്കുന്ന ദേശീയ അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍, വംശഹത്യയ്ക്കെതിരായ കണ്‍വെന്‍ഷനിലും സിവില്‍, പൊളിറ്റിക്കല്‍ റൈറ്റ്സ് സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിയിലും വ്യക്തമാക്കപ്പെട്ട ഒന്നാണ്. ഇതിന്‍റെ സുവ്യക്തമായ ലംഘനമായിരുന്നു ഇത്തരം വിദ്വേഷ പ്രചാരണം.
ഗുജറാത്തിലെ അക്രമത്തിന് ഇരയായവര്‍ക്ക്, വ്യക്തിഗതവും കൂട്ടായതുമായ തലങ്ങളിലുള്ള സുരക്ഷയ്ക്കൊപ്പം നിയമപരവും സാമൂഹികവുമായ നീതി ഉറപ്പുനല്‍കുന്നതിനുള്ള ഏറ്റവും അടിയന്തിര ആവശ്യം അവശേഷിക്കുന്നുവെന്ന് ഞങ്ങളുടെ സന്ദര്‍ശനത്തിന്‍റെ അവസാനത്തില്‍ ഞങ്ങള്‍ക്ക് തോന്നി. അക്രമത്തിന്‍റെ പ്രത്യേക സ്വഭാവത്തിന്‍റെയും രൂപത്തിന്‍റെയും പശ്ചാത്തലത്തില്‍ നീതിയുടെയും നിയമത്തിന്‍റെയും വ്യവസ്ഥയെ പുനര്‍നിര്‍വചിക്കേണ്ടതുണ്ട്. അതുവഴി ദുരിതമനുഭവിക്കുന്ന വ്യക്തികള്‍ക്ക് നീതി ലഭിക്കേണ്ടതുണ്ട്. മാത്രമല്ല, രാഷ്ട്രീയപരമായും മറ്റ് പ്രവര്‍ത്തനങ്ങളിലൂടെയും അക്രമം പ്രചരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഉത്തരവാദിത്തം വഹിക്കുന്ന എല്ലാവരും ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിനും അന്താരാഷ്ട്ര, ദേശീയ മനുഷ്യാവകാശ മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനത്തിനും ഉത്തരവാദികളായിരിക്കണം.
ഡോ. മീര വേലായുധന്‍
പോളിസി അനലിസ്റ്റ്, കൊച്ചി
വിവര്‍ത്തനം:
അഥീന രാജീവ്
എംഫില്‍ സ്കോളര്‍,
ഇകണോമിക്സ്, കേരള യൂണിവേഴ്സിറ്റി