Homeചർച്ചാവിഷയം

സ്ത്രീയും സായുധകലാപവും: ഉള്‍ഫയിലെ സ്ത്രീ അനുഭവങ്ങള്‍

മുന്‍മി പഥക്

ഴിഞ്ഞ കുറെ ദശകങ്ങളായി വിവിധ സംഘങ്ങളുടെ നേതൃത്വത്തിലുള്ള സായുധകലാപത്തിന് വേദിയാണ് ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍. സ്വയംഭരണാവകാശം മുതല്‍ പരമാധികാരം വരെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തികൊണ്ടുള്ള പോരാട്ടങ്ങള്‍ക്ക് നേരെയുള്ള ഭരണകൂടത്തിന്‍റെ പ്രത്യാക്രമണങ്ങളും ചെറുതല്ല. സുദീര്‍ഘമായ ഈ സംഘര്‍ഷാവസ്ഥ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ വളരെയധികം ബാധിച്ചിട്ടുണ്ട്.
1980കള്‍ മുതലാണ് സംഘര്‍ഷ മേഖലയിലെ സ്ത്രീകളുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളില്‍ സുപ്രധാനമായ വര്‍ദ്ധനവ് ഉണ്ടാകുന്നത്. എന്നാല്‍ ഈ കാലഘട്ടത്തിലെ രചനകളില്‍ ഏറിയപങ്കും സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം മുന്‍നിര്‍ത്തി യുദ്ധം നയിക്കുന്ന നായകപരിവേഷമുള്ള പുരുഷന്മാരെയും ശാരീരിക അതിക്രമത്തിന്‍റെയും ലൈംഗികപീഡനന്‍റെയും ഇരകളാക്കപ്പെട്ട സ്ത്രീകളെയും കുറിച്ച് വിവരിക്കുന്നവയായിരുന്നു. സിന്ത്യڔഎന്‍ലോയെ പോലെയുള്ള എഴുത്തുകാരുടെ കാഴ്ചപ്പാടില്‍ പുരുഷനെ സമര്‍ത്ഥനായ യോദ്ധാവും സ്ത്രീയെ നിരായുധയും തന്‍റെ സംരക്ഷണത്തിനായി പുരുഷനെ ആശ്രയിക്കുന്നവളുമായി ആവിഷ്കരിക്കുന്നത് സൈനികവത്കരിക്കപ്പെട്ട സമൂഹത്തിന്‍റെ സൃഷ്ടിയാണ്.

വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലെ സംഘര്‍ഷമേഖലയില്‍ നിന്നുള്ള സ്ത്രീകളുടെ വിവിധ തലങ്ങളിലുള്ള ആഖ്യാനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇരയാക്കപ്പെട്ട സ്ത്രീകള്‍, സാമൂഹ്യ പ്രവര്‍ത്തകന്‍, സമാധാന നടപടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ധാര്‍മിക പിന്തുണ നല്‍കുന്ന സ്ത്രീകള്‍, സായുധ കലാപത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ ഇവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. United Liberation Front of Assam (ULFA) യെ കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും, പൊതുസമൂഹത്തില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന, ഉള്‍ഫയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനാണ് ഈ ലേഖനം ശ്രമിക്കുന്നത്.1979 ഏപ്രില്‍ 7 നാണ് ഉള്‍ഫ രൂപീകരിക്കപ്പെടുന്നത്. അഹോം രാജവംശം പണികഴിപ്പിച്ച രംഗാര്‍ എന്ന് അറിയപ്പെടുത്ത രംഗവേദിയില്‍വെച്ച് (amphitheater)  ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തിലാണ് ഉള്‍ഫ രൂപംകൊണ്ടത്. സായുധപോരാട്ടത്തിലൂടെ, ഇന്ത്യയുടെ നിയമവിരുദ്ധമായ കൈവശപ്പെടുത്തലില്‍ നിന്ന് ആസ്സാമിനെ മോചിപ്പിച്ചു, പരമാധികാരമുള്ള സ്വതന്ത്ര്യ ഭരണം നടപ്പിലാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് ഈ സംഘടന രൂപംകൊണ്ടത്.

ഉള്‍ഫയുടെ പോരാട്ടങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിച്ചുതുടങ്ങിയ 1990 കളിലാണ് സംഘടനയില്‍ڔ സ്ത്രീ സാന്നിദ്ധ്യമുണ്ടാകുന്നത്. ഇന്ത്യന്‍ സ്വാതന്ത്യ്രസമരകാലത്തും 1979 ലെ അസം പ്രക്ഷോഭകാലത്തും രാഷ്രീയ-സാമൂഹിക പൊതുമണ്ഡലത്തിലെ സ്ത്രീ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. അസം പ്രക്ഷോഭകാലത്ത്ڔഅസം മാതാവിനെ പ്രകീര്‍ത്തിച്ചുകൊണ്ട് ആയിരകണക്കിന് സ്ത്രീകളാണ് തെരുവിലേക്ക് ഇറങ്ങിയത്. എന്നാല്‍ ഉള്‍ഫയിലേക്കുള്ള സ്ത്രീകളുടെ കടന്നു വരവ് ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒന്നാണ്. സ്ത്രീകള്‍ ആദ്യമായി വീടുവിട്ടിറങ്ങി, ആയുധം കയ്യിലേന്തി, ഒളിവില്‍ പോയി. അവര്‍ക്കത് പുതിയ ജീവിത രീതിക്കും മറ്റൊരു സ്വത്വരൂപീകരണത്തിനും അവസരമൊരുക്കി. കുടുംബാന്തരീക്ഷത്തില്‍ നിന്നുമാറി നില്‍ക്കേണ്ടിവന്ന ഒളിവ് ദിനങ്ങള്‍ സ്ത്രീ പ്രവര്‍ത്തകരുടെ ജീവിതകാഴ്ചപ്പാടിലും ഗതിയിലും മാറ്റങ്ങള്‍ സൃഷ്ടിച്ചു. സ്വന്തം ജീവിതത്തെക്കുറിച്ച് ശക്തമായ നിലപാടുകള്‍ കൈക്കൊള്ളാന്‍ ഈ കാലഘട്ടം പലരേയും പ്രപ്തരാക്കി.

അസം പ്രക്ഷോഭത്തിലൂടെ ഉള്‍ഫയിലേക്ക് എത്തി, അസം ദേശീയതക്കും പരമാധികാരത്തിനും വേണ്ടി നിലകൊണ്ടവരാണ് ഭൂരിഭാഗം സംഘടനപ്രവര്‍ത്തകരും. സംഘടനയുടെ പ്രാരംഭകാലഘട്ടത്തില്‍, നാടിന്‍റെ പരമാധികാരം വീണ്ടെടുക്കാന്‍ തങ്ങളുടെ മകനേയോ മകളേയോ ഉള്‍ഫയിലേക്ക് അയയ്ക്കുന്നത് മുതിര്‍ന്നവരില്‍ അഭിമാനം ജനിപ്പിച്ചിരുന്നു. കീഴടങ്ങിയ ഒരു ഉള്‍ഫ പ്രവര്‍ത്തകയുടെ വാക്കുകളില്‍ നിന്ന് ഇത് വ്യക്തമാണ്, ‘നാട്ടില്‍ എല്ലായിടവും ഞങ്ങള്‍ക്ക് സ്വന്തം വീട് പോലെ അനുഭവപെട്ടു. ഏത് വീട്ടിലും ഭക്ഷണവും വിശ്രമവുമാകാം. രോഗാവസ്ഥയിലാണെങ്കില്‍ പോലും സ്വന്തം കുടുംബാംഗത്തെ പോലെ കണ്ട് നാട്ടുകാര്‍ ചികിത്സയും പരിചരണവും ഉറപ്പുവരുത്തും’.

‘ഓപ്പറേഷന്‍ റൈനോ’ യുടേയും ‘ഓപ്പറേഷന്‍ ബജ്റംഗ്’ന്‍റെയും (1990 കളുടെ തുടക്കത്തില്‍ ഉള്‍ഫ കലാപകാരികള്‍ക്കെതിരെ ഇന്‍ഡ്യന്‍ ഭരണകൂടം നടപ്പിലാക്കിയ പ്രത്യാക്രമണ നീക്കങ്ങള്‍ ) സമയത്ത് ഉള്‍ഫയെ സജീവമായി നിലനിര്‍ത്താന്‍ സ്ത്രീകള്‍ മുന്നോട്ടുവന്നു. ഭരണകൂട അടിച്ചമര്‍ത്തലിന്‍റെ ഭാഗമായി പുരുഷന്മാരായ ഉള്‍ഫ പ്രവര്‍ത്തകര്‍ക്കെല്ലാം ഒളിവില്‍ പോകേണ്ടി വന്ന കാലയളവില്‍ സംഘടനയുടെ സേഫ്റ്റിവാല്‍വ് ആയി സ്ത്രീകള്‍ പ്രവര്‍ത്തിച്ചു.അവര്‍ പുരുഷപ്രവര്‍ത്തകര്‍ക്ക് മറയായും സന്ദേശ വാഹകരായും പ്രവര്‍ത്തിക്കുകയും പലവിധ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടി കാണിച്ചുകൊണ്ട് വിവിധ ബാനറുകള്‍ക്ക് കീഴില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.

സ്ത്രീകളെ സംഘടനയുടെ സൈനിക വിഭാഗങ്ങളിലേക്ക് തെരഞ്ഞെടുത്തിരുന്നത്ڔڔവളരെ സൂക്ഷിച്ചായിരുന്നു. ‘നാരി ബാഹിനി’ എന്ന പേരില്‍ സംഘടനക്ക് ഒരു സ്ത്രീ വിഭാഗം ഉണ്ടായിരുന്നു. വാര്‍ത്താവിനിമയ നിര്‍വഹണം, ചികിത്സ , ഗതാഗതം, അറസ്റ്റിലായ നേതാക്കള്‍ തമ്മിലുള്ള പരസ്പര ബന്ധം നിലനിര്‍ത്തല്‍ എന്നിങ്ങനെ സ്ത്രീ പ്രവര്‍ത്തകരുടെ ജോലികള്‍ വിഭജിക്കപ്പെട്ടിരുന്നു. മിക്കവാറും എല്ലാ സ്ത്രീ പ്രവര്‍ത്തകരും ഗറില്ലായുദ്ധമുറകളില്‍ പരിശീലനം ലഭിച്ചവരാണെങ്കിലും വളരെ കുറച്ചുപേര്‍ മാത്രമേ ഒളിപ്പോര്‍ സംഘങ്ങളുടെ ഭാഗമായിട്ടുള്ളൂ . സ്ത്രീകള്‍ മിക്കവാറും പോരാളികള്‍ ആയിട്ടല്ല, വാര്‍ത്താവിനിമയവും കാര്യ നിര്‍വഹണവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവരായാണ് പ്രവര്‍ത്തിച്ചിരുന്നത്. ബി സി പറയുന്നത്, ‘ സ്ത്രീകള്‍ വാര്‍ത്താവിനിമയവും അംഗങ്ങള്‍ തമ്മിലുള്ള അന്യോന്യ ബന്ധവും നിലനിര്‍ത്താനുള്ള പ്രവര്‍ത്തികളാണ് പ്രധാനമായും ചെയ്തിരുന്നത്. സ്ത്രീകള്‍ സന്ദേശങ്ങളോ സ്ഫോടക വസ്തുക്കളോ കൊണ്ടുപോകുമ്പോള്‍ പൊതുവെ സൈനികര്‍ക്ക് സംശയം തോന്നാറില്ല ‘. വീട്ടില്‍ڔ തന്നെ താമസിച്ചുകൊണ്ട് വിവിധ ഗ്രൂപ്പുകള്‍ തമ്മിലും പ്രവര്‍ത്തകര്‍ തമ്മിലുമുള്ള ആശയ വിനിമയം ഏകോപിപ്പിക്കുയാണ് ചെയ്തിരുന്നത്. ആയുധങ്ങളും ഭക്ഷണ റേഷനും വിതരണം ചെയ്യാനും സ്ത്രീകളെ ഉപയോഗിച്ചിരുന്നു. സ്ത്രീകളെ അവരുടെ സ്ത്രൈണമായ രീതികള്‍ കാരണം പൊതുവില്‍ സൈനികര്‍ സംശയിക്കില്ലെന്നും അതിനാല്‍ അവര്‍ക്ക് പുരുഷന്മാരേക്കാള്‍ എളുപ്പത്തില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്നുമുള്ള പൊതു ധാരണ തന്നെയാണ് ഈ കാര്യങ്ങള്‍ക്ക് സ്ത്രീകളെ നിയോഗിക്കാന്‍ കാരണം .

സംഘടനയുടെ പ്രത്യയ ശാസ്ത്രവും, പ്രവര്‍ത്തനങ്ങളും മറ്റും നാട്ടുകാരെ അറിയിക്കാനായി സ്ത്രീകളെ രാഷ്ട്രീയ പ്രവര്‍ത്തകരായി ഗ്രാമങ്ങളിലേക്ക് അയച്ചിരുന്നു. സ്ത്രീകള്‍ക്കിടയില്‍ ആശയപ്രചാരണത്തിന് സ്ത്രീകളെ മാത്രമായി നിയോഗിക്കുന്നത് സംഘടനക്ക് എളുപ്പമായിരുന്നു. ഗ്രാമീണരുടെ വീടുകളില്‍ താമസിച്ചു കൊണ്ട് കുടുംബാംഗങ്ങളില്‍ ഒരാളെന്നവണ്ണം ഇടപഴകിڔഅവരുടെ വിശ്വാസം നേടിയെടുക്കാന്‍ സ്ത്രീകള്‍ക്ക് സാദ്ധ്യമായിരുന്നു. ക്യാമ്പുകളില്‍ നേഴ്സുമാരായി സേവനം അനുഷ്ടിച്ചു കൊണ്ട് ക്യാമ്പുകളുടെ നിലനില്‍പ്പിന് ഏറ്റവും പ്രധാനമായ പ്രവര്‍ത്തിയാണ് സ്ത്രീകള്‍ ചെയ്തത്. വളരെ പാവപ്പെട്ട ഒരു കുടുംബത്തില്‍ നിന്നും വരുന്ന എസ് ആര്‍, ഒരുകൂട്ടം പെണ്‍കുട്ടികളോടൊപ്പം തന്‍റെ ഗ്രാമം വിട്ടു ഉള്‍ഫയില്‍ ചേര്‍ന്നതാണ്. അവരെ നേഴ്സിംഗ് ട്രെയിനിങ് നല്‍കി ക്യാംപുകളില്‍ നിയോഗിച്ചു. അവള്‍ പറയുന്നു, ‘എനിക്ക് ആയുധ പരിശീലനം ലഭിച്ചിട്ടില്ല. എന്നാല്‍ സംഘടനയുടെ സുപ്രധാന ലക്ഷ്യങ്ങളെക്കുറിച്ചുള്ള രാഷ്ട്രീയ പരിശീലനവും എന്‍റെ ജോലിയുടെ ഭാഗമായ മെഡിക്കല്‍ പരിശീലനവും ലഭിച്ചിട്ടുണ്ട്. ട്രെയിനിങ് ക്യാമ്പുകളില്‍ മുറിവേറ്റവരെ ശുശ്രൂഷിക്കുന്ന മെഡിക്കല്‍ വിഭാഗത്തിന്‍റെ ഭാഗമായിരുന്നു ഞാന്‍ . ഭൂട്ടാന്‍ ഭാഗത്ത് മലേറിയ ഒരു മാരക രോഗമായിരുന്നു . അതിനാല്‍ നാട്ടുകാരുടെ ആരോഗ്യ സംരക്ഷണത്തിനായി എന്‍റെ നേതൃത്വത്തില്‍ ഒരു സംഘം പ്രവര്‍ത്തിച്ചു.’
സ്ത്രീകള്‍ക്കായി നീക്കിവെച്ചിരുന്ന ഈڔ ദൗത്യങ്ങള്‍ ചെയ്യുന്ന സൈനിക സ്വഭാവമില്ലാത്തڔ ഒരു പ്രത്യേക ‘ഇടം’ ഇതിലൂടെ സംഘടനയില്‍ രൂപംകൊണ്ടു. ആയുധ പരിശീലനത്തിന് ശേഷം സ്ത്രീകള്‍ അവര്‍ക്ക് നിശ്ചയിക്കപ്പെട്ട പലതരം പ്രവര്‍ത്തനങ്ങള്‍ക്കായി – മിക്കവാറും സൈനിക സ്വഭാവമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കായി- വിവിധ ഗ്രാമങ്ങളിലേക്കും നഗരകേന്ദ്രങ്ങളിലേക്കും അയക്കപ്പെട്ടു. സുരക്ഷാ കാരണങ്ങളാല്‍ തിരക്കുള്ള ഗ്രാമങ്ങളും നഗരങ്ങളുമാണ് സ്ത്രീകള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ‘സ്ത്രീകളുടെ ഇടങ്ങള്‍’ എന്ന് കരുതപ്പെട്ട ഇടങ്ങളിലായി അവരുടെ സഞ്ചാരങ്ങള്‍ പരിമിതപ്പെട്ടു. ജീവശാസ്ത്രപരമായ ആണ്‍-പെണ്‍ വ്യത്യാസങ്ങള്‍ സ്ത്രീകളുടെ രാഷ്ട്രീയ ഇടങ്ങളെ പരിമിതപ്പെടുത്തി. സ്ത്രീ ശരീരത്തെ ‘ലൈംഗിക ശരീരമായി ‘ കാണുന്നതുകൊണ്ട് ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്കുള്ള സ്ത്രീകളുടെ സഞ്ചാരം പ്രയാസമായിരുന്നു.

സംഘടനയുടെ അധികാര ഘടന പരിശോധിക്കുമ്പോള്‍ അതില്‍ സ്ത്രീകള്‍ എവിടെയാണ് ? ഉയര്‍ന്ന തലങ്ങളിലൊന്നും സ്ത്രീകള്‍ ദൃശ്യരല്ല. അവര്‍ തീരുമാനമെടുക്കുന്ന പ്രക്രിയയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുകയും അധികാര ഘടനയുടെ ഏറ്റവും താഴത്തെ തട്ടില്‍ ഉള്‍പ്പെടുകയും ചെയ്തിരിക്കുന്നു. പ്രണതി ഡേകായാണ്ڔഉള്‍ഫയുടെ കേന്ദ്രകമ്മിറ്റില്‍ അംഗത്വമുള്ളഏക സ്ത്രീ. അവര്‍ സംഘടനയുടെ സൈനിക സ്വഭാവമില്ലാത്ത വിഭാഗമായڔ സാംസ്കാരിക വിഭാഗത്തെ നയിക്കുന്ന കള്‍ച്ചറല്‍ സെക്രട്ടറിയാണ്. ഉള്‍ഫയുടെ ധനകാര്യ സെക്രട്ടറിയായ ചിത്രബെന്‍ ഹസാരികയുടെ ഭാര്യയാണ് ഇവര്‍ എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഉള്‍ഫയുടെ സ്ത്രീ വിഭാഗത്തിന്‍റെ നേതാവായ കാവേരി കച്ചരി , സംഘടനയുടെ ചെയര്‍മാനായ അരബിന്ദ രാജ്കോവ്വയുടെ ഭാര്യയാണ്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം സ്ത്രീകള്‍ സംഘടനയുടെ തലപ്പത്ത് ദൃശ്യരാണെങ്കിലും അവരെല്ലാം സംഘടനാ നേതാക്കളുടെ ഭാര്യമാരാണ് എന്നതാണ്. സ്ത്രീകളുടെ സ്വത്വം അവരുടെ വൈവാഹിക പദവിയുമായി ബന്ധപ്പെട്ടിരിക്കുന്നു , മാത്രമല്ലڔസംഘടനില്‍ അവര്‍ക്ക് ലഭിക്കുന്ന അംഗീകാരവും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകള്‍ക്ക് ലഭിക്കുന്ന അംഗീകാരം അവര്‍ എപ്രകാരം മുഖ്യ സ്ഥാനങ്ങളിലുള്ളവരുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് എന്ന വെന്‍ഡി ബ്രൗണിന്‍റെ വാദത്തെ ഇത് സാധുകരിക്കുന്നു. ഇവിടെ മുഖ്യസ്ഥാനങ്ങളിലുള്ളവര്‍ നേതാക്കളും അവരോട് ബന്ധപ്പെട്ട സ്ത്രീകള്‍ അവരുടെ അപരങ്ങളും (others)  ആണ്. നിരവധി ഉത്തരവാദിത്വങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കുമെങ്കിലും സ്ത്രീകള്‍ക്ക് ദൃശ്യമാകാത്തവിധം ഒരു ‘സ്ഫടിക മച്ച്'(glass ceiling)  സ്ത്രീകള്‍ക്കുമേല്‍ സംഘടനയില്‍ നിലനില്‍ക്കുന്നു.

എന്നാല്‍, സ്ത്രീകള്‍ നിരന്തരമായി പിതൃമേധാവിത്ത ഘടനകളോടും സൈന്യത്തോടും വിവിധ തരത്തിലുള്ള നീക്കുപോക്കുകള്‍ നടത്തിയും അവയെ എതിര്‍ത്തുനിന്നുകൊണ്ടുമാണ് അവരുടെ സ്വന്തമായ ഇടങ്ങള്‍ ഉണ്ടാക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നത്. സ്വന്തം കഴിവുകൊണ്ട് വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് സംഘടനയുടെ ഉയര്‍ന്ന തലങ്ങളില്‍ എത്താനായിട്ടുള്ളത്. ഉള്‍ഫയുടെ ലിംഗാധികാര ഘടനകളെയൊന്നും മാറ്റിമറിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കിലും സായുധ സമരത്തിന്‍റെ അധികാരപ്രയോഗങ്ങളെ പ്രതിരോധിക്കാനുള്ള കര്‍തൃത്വം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

സഹായകഗ്രന്ഥങ്ങള്‍
Brown, Wendy, “Where is the sex in Political Theory?” Women and Politics, 1987, 7(1):3-23
Enloe, Cynthia, Does Khaki Become You? Militarization of Women’s Lives, 1983, London: Pluto Press.
Mahanta, N.G, Confronting the State: ULFA’s Quest for Sovereignty, 2013, New Delhi. Sage Publication.
Rajkonwar, Kaberi Kachari, Issa anissa swotteo Kisu Kotha, 2013, Guwahati: Alibat Publication.

 

മുന്‍മി പഥക്
അസി.പ്രൊഫസര്‍, ചരിത്ര വിഭാഗം,
ടെറ്റ്സൊ കോളേജ്, ദിമാപുര്‍, നാഗാലാന്‍റ്

 

 

വിവര്‍ത്തനം
അന്ന മിനി
കേരള സർവകലാശാല, പൊളിറ്റിക്കൽ സയൻസ് ഗവേഷക

COMMENTS

COMMENT WITH EMAIL: 0