1980 കളിലാണ് കേരളത്തില്‍ ‘സമൂഹ സദാചാരത്തിനു നിരക്കാത്ത, യുവാക്കളെ വഴിതെറ്റിക്കുന്ന’ ഈ നൃത്തരൂപത്തിന് നിരോധനം ഏര്‍പ്പെടുത്തപ്പെട്ടത്. വലിയ ചര്‍ച്ചകള്‍ക്കും സമരങ്ങള്‍ക്കും ശേഷമാണ് സ്ത്രീകളെ വെറും ശരീരങ്ങളായി കാഴ്ചവയ്ക്കപ്പെടുന്ന ഈ ഏര്‍പ്പാടിന് അറുതി വരുത്താന്‍ പൊതുജനത്തിന് സാധിച്ചത്. എന്നാല്‍ ഇങ്ങനെയുള്ള എല്ലാ വിഷയങ്ങളിലുമെന്നപോലെ ഒരു പിതൃമേധാവിത്ത സമൂഹത്തിലെ കോടതിയ്ക്ക് കാണാന്‍ കഴിഞ്ഞത് യുവാക്കളെ മാത്രമാണ്. ഈ നര്‍ത്തകരുടെ പുനരധിവാസത്തെക്കുറിച്ചോ, നിരോധനത്തിനു ശേഷമുള്ള ജീവിതത്തെക്കുറിച്ചോ ആലോചിക്കാതെയുള്ള ഇത്തരം വിധികള്‍ ഇവരുടെ ജീവിതങ്ങളെ കൂടുതല്‍ പ്രശ്നത്തിലാക്കി. ഇവരില്‍ പലര്‍ക്കും ലൈംഗികത്തൊഴിലാളികളായി മാറേണ്ടി വന്നു. 2005 ലാണ് പ്രധാന കാബറേ കേന്ദ്രങ്ങള്‍ നിലനിന്നിരുന്ന ബോംബേയില്‍ ഇത്തരമൊരു നിരോധനം വന്നത്.
ഈ വിഷയത്തെ ആസ്പദമാക്കി പല സിനിമകളും കലാരൂപങ്ങളുമുണ്ടായിട്ടുണ്ട്. അതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് മീരാ നായര്‍ 1985 ല്‍ പുറത്തിറക്കിയ ‘ഇന്ത്യാ കാബറേ’ എന്ന ഡോക്യുമെന്ററി. ‘ബഹുമാന്യര്‍’ / ‘വിലകുറഞ്ഞവര്‍’ എന്ന ദ്വന്ദ്വത്തിനെക്കുറിച്ച് രണ്ടു കാബറേ നര്‍ത്തകിമാരുടെ കാഴ്ചപ്പാടിനെ ആസ്പദമാക്കിയാണ് പടം മുന്നോട്ടുപോകുന്നത്. സ്വന്തം ജീവിതത്തിലെ ആണുങ്ങളുടെ കരുണയിലല്ല അവര്‍ എന്നതായിരുന്നു ഈ സ്ത്രീകള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടത്. ആണുങ്ങളോ സമൂഹമോ ഉണ്ടാക്കിയ നിയമങ്ങള്‍ അവര്‍ക്കു ബാധകമായിരുന്നില്ല. ഒരു നര്‍ത്തകി, അവര്‍ക്ക് ‘ശുദ്ധ’യാവാനുള്ള അവസരമുണ്ടാവുന്നു – ഒരാണ് അവരോടുള്ള പ്രണയം വെളിപ്പെടുത്തുകയും അവിടെനിന്ന് രക്ഷപ്പെടുത്താമെന്ന വാക്കുകൊടുക്കുകയും ചെയ്യുന്നു. എന്നാല്‍ അവര്‍ നിരാകരിക്കുകയാണ് ചെയ്യുന്നത്. സ്വാതന്ത്ര്യവും നിത്യ വരുമാനവുമാണ് അവര്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഈ സിനിമ ഇവരുടെ ക്ലയന്റുകളിലേക്ക്, നിത്യം ഈ നൃത്തം കാണാന്‍ വന്നിരുന്ന പുരുഷന്മാരിലേക്ക് തിരിയുമ്പോള്‍, ഈ സ്ത്രീകളെ എത്ര വിലകുറച്ചാണ് അവര്‍ കാണുന്നതെന്ന് സാക്ഷ്യപ്പെടുന്നു. പിതൃമേധാവിത്ത സമൂഹത്തിന്റെ ഇരട്ടമുഖം വ്യക്തമാക്കുന്ന ഒരു സിനിമയാണിത്.
1970 കളില്‍ കല്‍ക്കത്തയിലെ ഒബെറോയ് ഗ്രാന്റില്‍ കാബറേ നര്‍ത്തകിയായിരുന്ന ഷെഫാലിയ്ക്ക് മറ്റു ചില കഥകള്‍ കൂടി പറയാനുണ്ട്. അവരുടെ നൃത്തത്തെ ഒരു കലാരൂപമായും സ്വയം പ്രകാശനമായുമൊക്കെയാണ് അവര്‍ സ്വയം കണ്ടത്. സത്യജിത് റേയുടെ പടങ്ങളിലും ആ കാലത്തെ പ്രധാനപ്പെട്ട നാടകങ്ങളിലുമൊക്കെ അഭിനയിക്കാന്‍ അവസരം ലഭിച്ച ഒരു കലാകാരിയാണവര്‍. ഇന്നും അഭിമാനത്തോടെ തന്റെ നൃത്തങ്ങളെക്കുറിച്ചു സംസാരിക്കുന്നവര്‍.
സമൂഹ കപടസദാചാരത്തിന്റെ ഇരകളായും മറ്റും പെട്ടുപോകുന്നവര്‍ എന്ന ഏകമാനമായ ഒരു കാഴ്ചയില്‍ നിന്ന് സ്ത്രീകളെ മോചിപ്പിക്കേണ്ടതിന്റെ ആവശ്യം നിരന്തരം ഉന്നയിക്കുന്ന ജീവിതങ്ങളാണ് ഇവരുടെയൊക്കെ. പിതൃമേധാവിത്തത്തിന്റെ ഏകവര്‍ണ്ണത്തില്‍ ഇവരെ വരയ്ക്കുമ്പോഴും മനുഷ്യരുടെ ജീവിക്കാനുള്ള തൃഷ്ണയുടെ, സ്വാഭിമാനത്തിനുള്ള അവകാശത്തിന്റെ സങ്കീര്ണതയില് അദൃശ്യരാക്കപ്പെടുന്നവര്‍.
COMMENTS