Homeകവിത

പണയമുതല്‍

സിതാര അഷ്റഫ്

 

വിതയേടില്‍
പടരും മുമ്പു, ഞാന്‍
നനയാ മഴയില്‍
മതിമറന്നാടാറുണ്ട്.

പണ്ടു നീയെന്നെ
പുണരും മുമ്പെന്ന പോല്‍,
ഹൃദയമാകെ
നുരഞ്ഞു പതയാറുണ്ട്.

അതിഗൂഢമേതോ
‘മതി’മൂര്‍ഛയില്‍
ഉള്ളം
മദിച്ചുലയാറുണ്ട്.

ഒടുവിലെന്നെയാറ്റിക്കുറുക്കി
കവിതയായ്
നിന്നിലേക്കൊഴുക്കാന്‍
മനം വെമ്പാറുണ്ട്.

എന്നിട്ടോ,
വായിക്കാതെ വായിച്ചെന്നും
കേള്‍ക്കാതെ കേട്ടെന്നും
നീ പറയുമ്പോള്‍
ഞാനറിയാറുണ്ട്,
നിന്‍റെ കണ്ണിനും കാതിനുമൊപ്പം
എന്‍റെ പ്രണയവും നീ
ലാപ്ടോപ്പിനും സായിപ്പിനും
പണയപ്പെടുത്തിയെന്ന്!

 

തൃശ്ശൂര്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ സേവനമനുഷ്ഠിച്ചു വരുന്നു