Homeചർച്ചാവിഷയം

വിഗ്രഹഭഞ്ജകയുടെ നൃത്ത കലാപങ്ങള്‍

ഉമ കെ.പി.

ചോര പടരുന്ന കുങ്കുമപ്പൊട്ട്, ആവശ്യത്തിലും ഒരല്പമധികം എന്നു തോന്നിപ്പിക്കുന്ന രീതിയില്‍ കണ്‍മഷി വാരിത്തേച്ച തിളങ്ങുന്ന തീക്ഷ്ണമായ കണ്ണുകള്‍, അകാലത്തില്‍ നരച്ച്, വെഞ്ചാമരഭംഗി കലര്‍ന്ന മുടിയിഴകള്‍, തടഞ്ഞുവെച്ച ജലപ്രവാഹം പൊട്ടിച്ചിതറിയൊഴുകി ഭൂമിയെ മുഴുവന്‍ ജീവന്‍കൊണ്ട് നിറക്കുന്നതു പോലെയുള്ള പൊട്ടിച്ചിരി – ഇഷ്ട വര്‍ണ്ണങ്ങളായ കറുപ്പിന്‍റെയും ചുവപ്പിന്‍റെയും വെള്ളയുടെയും വ്യത്യസ്ത അനുപാതങ്ങള്‍ ഇഴകലര്‍ന്ന വസ്ത്രം (വെള്ള കറുപ്പ്- ചുവപ്പ് ചന്ദ്രയ്ക്കിവ മണ്ണിന്‍റെ, പെണ്ണിന്‍റെ, ചോരയുടെ നിറങ്ങളാണ്) ഒറ്റനോട്ടത്തില്‍ത്തന്നെ അതിശക്തവും അവിസ്മരണീയവുമായ ഒരു മുദ്രണം – ചന്ദ്രലേഖ. ചന്ദ്രലേഖ മരിച്ചപ്പോള്‍ ഒരു ലേഖനത്തില്‍ കുറിച്ചിട്ട വരികളാണ്. ഒന്നര പതിറ്റാണ്ടായിട്ടും ചന്ദ്രലേഖ എന്ന വാക്ക് പൊടുന്നനെ പഴയ തെളിമയോടെത്തന്നെ മനസ്സിലേയ്ക്ക് കൊണ്ടുവരുന്നത് ഇതേ ചിത്രമാണ്.

ചന്ദ്രലേഖയെക്കുറിച്ച് എഴുതുക എന്നാല്‍ സ്വാതന്ത്ര്യാനന്തരമുള്ള ‘ദേശരാഷ്ട്ര’ നിര്‍മ്മിതിയുടെ ഭാഗമായുള്ള ഒരു സാംസ്കാരിക ഭൂമികയില്‍ പിറന്ന ഒരു നവ-പാരമ്പര്യ-കലാ ഉല്പന്നത്തിന്‍റെ ഭാഗമാകാന്‍ വിസമ്മതിച്ച ഒരു കലാകാരിയെക്കുറിച്ച്, ഒരു വിഗ്രഹഭഞ്ജകയെക്കുറിച്ച് പറയുക എന്നാണ്; കലയും കലാപവും തമ്മിലുള്ള അതിര്‍വരമ്പ് വളരെ നേര്‍ത്തതാണെന്ന് തന്‍റെ ജീവിതംകൊണ്ട് വരച്ചു കാണിച്ച ഒരു ആക്റ്റിവിസ്റ്റിനെക്കുറിച്ച് എഴുതുക എന്നാണ്; ചുറ്റും നടക്കുന്ന ചവിട്ടിത്താഴ്ത്തലുകള്‍ക്കിടയില്‍ നിന്നും സ്വന്തം നട്ടെല്ല് തിരിച്ചുപിടിച്ച് അതില്‍ നിവര്‍ന്നു നില്‍ക്കാന്‍ പഠിക്കുക എന്നു പഠിപ്പിച്ചു തന്ന ഒരു പെണ്ണൊരുത്തിയെക്കുറിച്ച് പാടുക എന്നാണ്.
വിഗ്രഹഭഞ്ജക എന്നു പേരുകേട്ട ചന്ദ്രലേഖ ഒരിക്കലും സ്വയം വിഗ്രഹവല്‍ക്കരിക്കപ്പെടാന്‍ ആഗ്രഹിച്ചിരുന്നില്ല. തന്‍റെ നൃത്തപരിപാടികള്‍ പോലും ഡോക്യുമെന്‍റ് ചെയ്തു വെക്കാന്‍ അവര്‍ ഒട്ടും തന്നെ താല്പര്യം കാണിച്ചിരുന്നില്ല. അവരുമായി ഒരു അഭിമുഖം വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനായിട്ട് ആവശ്യപ്പെട്ട റിച്ചാര്‍ഡ് ട്രെംബ്ലെയോട് എന്തിനാണിപ്പോ റെക്കോര്‍ഡിംഗ് എന്നു ചോദിച്ചു ചന്ദ്ര. പിന്‍തലമുറയ്ക്കായി എന്നായിരുന്നു ട്രെംബ്ലെയുടെ ഉത്തരം. പിന്‍തലമുറയുമായി എനിക്കെന്ത് ! ഇന്ന് ഇപ്പോള്‍ – ഈ നിമിഷം – അതിനോടുള്ള സത്യസന്ധതയാണെനിക്കെല്ലാം എന്ന് പറഞ്ഞ് ചന്ദ്ര പൊട്ടിച്ചിരിച്ചപ്പോള്‍ ട്രെംബ്ലെയുടെ പരിപാടി ഒരു പുതിയ മാനം കണ്ടെത്തുകയായിരുന്നു.

സ്വന്തം അടയാളം, ഓര്‍മ്മ പുതുക്കല്‍, ഇതിലൊന്നും യാതൊരു അര്‍ത്ഥവുമില്ലെന്ന് കൂടെക്കൂടെ പറഞ്ഞുകൊണ്ടിരുന്ന ചന്ദ്രലേഖയെ വര്‍ഷങ്ങള്‍ക്കിപ്പുറവും പിന്മുറക്കാര്‍ തിരക്കിച്ചെല്ലുന്നത് – ദശരഥ് പട്ടേലും സദാനന്ദ് മേനോനുമെടുത്ത അവരുടെ ചിത്രങ്ങളില്‍ കുടുങ്ങി തിരിച്ചു പോരാന്‍ വഴി കാണാതെ ഉഴറുന്നത് എന്തായിരിക്കാം ഇതിനു കാരണം?  നര്‍ത്തകി, കോറിയോഗ്രാഫര്‍, ഫെമിനിസ്റ്റ്, ഗ്രാഫിക് ഡിസൈനര്‍, കവി, ചിത്രകാരി, ആക്റ്റിവിസ്റ്റ് ചന്ദ്രലേഖ എന്ന ഊര്‍ജം പ്രത്യക്ഷമായിരുന്ന രൂപങ്ങള്‍ പലതായിരുന്നു. ഇവയോരോന്നും ഏറ്റവും സ്വാഭാവികമായി, സര്‍ഗാത്മകമായി ചന്ദ്രയുടെ നിതാന്തമായി അസ്വസ്ഥമായ മനസ്സ് ഏറ്റെടുത്ത അവതാരങ്ങളായിരുന്നു. ഗുജറാത്തില്‍ നിറവിന്‍റെ മടിത്തട്ടില്‍ ജനിച്ച പെണ്‍കുട്ടി മദിരാശിയിലെത്തി, ലോകം അറിയുന്ന വിപ്ലവകാരിയായ നര്‍ത്തകിയായത് ചന്ദ്രയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ മുപ്പതു കൊല്ലത്തെ കഠിനമായ അദ്ധ്വാനത്തിലൂടെയും തീക്ഷ്ണമായ അനുഭവങ്ങളിലൂടെയുമാണ്.

ഗുജറാത്തിലെ വാധയില്‍ തികഞ്ഞ ഈശ്വരവിശ്വാസിയായ അമ്മയുടെയും ഈശ്വരനിഷേധിയായ അച്ഛന്‍റെയും മകളായി ജനിച്ച ചന്ദ്രലേഖയുടെ ജീവിതത്തിന്‍റെ ആദ്യകാലം വിശാലമായ പറമ്പും വലിയ ലൈബ്രറിയുമുള്ള ഒരു വീട്ടിലായിരുന്നു. വീട്, കുടുംബം എന്നീ അടയാളങ്ങളിലൊന്നും ഒരിക്കലും തന്നെ തളച്ചിട്ടിട്ടില്ലാത്ത ചന്ദ്ര ഈ വലിയ വീടിന്‍റെ പുറത്തായിരുന്നു അധികസമയവും ചിലവഴിച്ചത്. പറമ്പിലെ ചെടികളുടെ അടിയില്‍ ഉറങ്ങിക്കിടന്ന തന്നെ വീട്ടിലെ ജോലിക്കാരന്‍ റാന്തലുമായിവന്ന് എടുത്തുകൊണ്ടുപോയി അകത്തു കിടത്തിയ ഓര്‍മ്മകളെക്കുറിച്ച് അവര്‍ പറയുന്നുണ്ട്. വീടിനകത്തുള്ള സമയങ്ങളാവട്ടെ, അച്ഛന്‍റെ സമ്പന്നമായ ലൈബ്രറിയിലെ പുസ്തകങ്ങള്‍ ആക്രാന്തത്തോടെ വായിച്ചു തീര്‍ക്കുന്നതായിരുന്നു ഏറ്റവും വലിയ വിനോദം. എന്തിനേയും ചോദ്യം ചെയ്യാന്‍ പഠിപ്പിച്ച അച്ഛനുമായിത്തന്നെയാണ് ചന്ദ്രയുടെ ആദ്യത്തെ കാര്യമായ അഭിപ്രായവ്യത്യാസമുണ്ടാകുന്നതും. പതിമൂന്നാം വയസ്സില്‍ ലളിതകലാവിദ്യാര്‍ത്ഥിനിയാകണമെന്ന ചന്ദ്രയുടെ ആഗ്രഹത്തെ അച്ഛന്‍ എതിര്‍ത്തത് സര്‍വകലാശാലാ വിദ്യാഭ്യാസം നേടി ‘മാനസിക വികാസം’ പ്രാപിക്കുകയാണ് ആദ്യം വേണ്ടത് എന്നു പറഞ്ഞാണ്.

അങ്ങനെ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് വീട്ടുകാരുടെ അഭിപ്രായം മാനിക്കാതെ നിയമപഠനത്തിനായി മുംബൈയിലേക്ക് വണ്ടി കയറിയ കൗമാരക്കാരി അവസാനവര്‍ഷ പരീക്ഷ എഴുതാതെ അവിടെ നിന്നും വീണ്ടും മുങ്ങുന്നു. കവിയും പുരോഗമന ചിന്തകനുമായ ഹരീന്ദ്രനാഥ് ചതോപാധ്യായയോടൊപ്പം മദിരാശിയില്‍ എത്തുന്നതായാണ് പിന്നെ നമ്മള്‍ ചന്ദ്രയെ കാണുന്നത്. അവരുടെ ജീവിതദര്‍ശനത്തെ, രാഷ്ട്രീയാവബോധത്തെ സ്വാധീനിച്ച സുപ്രധാനമായ ഒരു സാന്നിദ്ധ്യമായിരുന്നു ഹരീന്ദ്രനാഥ്. അദ്ദേഹത്തെ ബാബാ എന്നായിരുന്നു അവര്‍ വിളിച്ചത്. ‘ബാബാ’യെപ്പോലെത്തന്നെ താനും ഒരു ‘നാഗരിക നാടോടി’ ആണെന്ന് ചന്ദ്ര പറയുമായിരുന്നു. ‘ഇവിടെ’ എന്നത് ‘എവിടെ’ വേണമെങ്കിലും ആകാമെന്നതുകൊണ്ട് ആ നാടോടിയ്ക്ക് ലോകത്തെവിടേയും വീടായിരുന്നു. എവിടെ പോയാലും സ്നേഹം നിറയ്ക്കുന്ന അവര്‍ക്ക് ലോകത്തെല്ലായിടത്തും കൂട്ടുകാരുണ്ടായിരുന്നു; ചന്ദ്രയുടെ വിശാലമായ കുടുംബനിര്‍വചനത്തില്‍ ഈ കൂട്ടുകാരെല്ലാം വീട്ടുകാരുമായിരുന്നു.

 


ഒരിക്കലും കുടുംബം, വീട് എന്നിങ്ങനെയുള്ള സങ്കല്പങ്ങള്‍ കാല്പനികമായ നൊസ്റ്റാള്‍ജിയയുടേയോ, മധുരസ്മരണകളുടേയോ, സുരക്ഷിതത്വത്തിന്‍റേയോ, ഭയത്തിന്‍റെ പോലുമോ അലകള്‍ അവരുടെ മനസ്സില്‍ സൃഷ്ടിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മദിരാശിയില്‍ ബാബായോടൊപ്പം എത്തിയ ചന്ദ്രയ്ക്ക് അവിടെ വേരിറക്കാനും പ്രയാസമുണ്ടായില്ല.
കുടുംബം, സമൂഹം ഒക്കെ ഒരു പെണ്‍കുട്ടിയെ പല ഘട്ടങ്ങളിലും അരുതുകളുടെ ഒരു ശൃംഖലയ്ക്കുള്ളില്‍ തളച്ചിടുന്നു. ഈ അരുതുകള്‍ അവളുടെ ജീവിതത്തില്‍ പലപ്പോഴും സുഗമമായ ജീവിതത്തില്‍ വരുന്ന ‘ബ്ലോക്കുകള്‍’ ആയി മാറുന്നു. ചന്ദ്രയെ സംബന്ധിച്ചിടത്തോളം ഈ ബ്ലോക്കുകളെ പൊട്ടിച്ചെറിയാനുള്ള ഒരു മാര്‍ഗമായിരുന്നു നൃത്തം. നൃത്തം മനസ്സിലും ശരീരത്തിലും കൊരുത്തുവെച്ച ചന്ദ്രയെ ഗുരു കാഞ്ചീപുരം എല്ലപ്പപിള്ളയുടെ ശിക്ഷണത്തില്‍ ഭരതനാട്യം അഭ്യസനത്തിനു ചേര്‍ത്തി ഹരീന്ദ്രനാഥ്. അപ്പോഴേയ്ക്കും ഭരതനാട്യം ഇന്ത്യന്‍ വേദികളില്‍ സംസ്കാരത്തിന്‍റെയും മാന്യതയുടെയും പ്രതീകമായി ഇടം പിടിച്ചു തുടങ്ങിയിരുന്നു. തലമുറകളായി ദേവദാസികളുടെ മെയ്യിലും മനസ്സിലും ആടിപ്പതിഞ്ഞ്, പകര്‍ന്ന് അരങ്ങേറിയിരുന്ന നൃത്തം പതിയെ അവരുടെ കയ്യില്‍നിന്നും കുലത്തില്‍ നിന്നും അപ്രത്യക്ഷമാക്കപ്പെട്ട , ഭരതനാട്യത്തിന്‍റെ പ്രശ്നഭരിതമായ ചരിത്രത്തെക്കുറിച്ച് ഇന്നെല്ലാവര്‍ക്കുമറിയാം. ദേവദാസി കുലത്തില്‍ ജനിച്ച ബാലസരസ്വതിയും, ബ്രാഹ്മണസ്ത്രീയായ രുഗ്മിണീദേവി അരുണ്ഡേലും ഭരതനാട്യം എന്ന ‘പുതിയ’ പരമ്പരാഗത നൃത്തരൂപത്തിന്‍റെ പ്രവാചകകളായി ലോകമൊട്ടുക്ക് സഞ്ചരിക്കാന്‍ തുടങ്ങിയ കാലം.

നൃത്തരംഗത്തെ ഈ രണ്ടു കുലദേവതകളും ചന്ദ്രയുടെ അരങ്ങേറ്റത്തിന് സന്നിഹിതരായിരുന്നു. ബാലസരസ്വതിയും രുഗ്മിണിദേവിയും ചന്ദ്രയുടെ നൃത്തത്തെക്കുറിച്ച് വാനോളം പുകഴ്ത്തിയപ്പോള്‍ ചന്ദ്രയിലെ നര്‍ത്തകി പുതിയ ഒരു പാതയിലേക്ക് തിരിയുകയായിരുന്നു.
തന്‍റെ ആദ്യത്തെ പൊതുപരിപാടി ചന്ദ്രലേഖയുടെ ജീവിതം തന്നെ മാറ്റിമറിച്ച ഒരനുഭവമായിരുന്നു. റായലസീമയിലെ ഒരു ഗ്രാമത്തില്‍ വരള്‍ച്ച മൂലം ദുരന്തമനുഭവിക്കുന്നവര്‍ക്കുവേണ്ടിയുള്ള ധനസമാഹരണാര്‍ത്ഥം നടത്തിയ ഒരു പരിപാടിയായിരുന്നു അത്. പരമ്പരാഗതമായി ഭരതനാട്യത്തില്‍ ചെയ്തുവരുന്ന ‘മധുരാ നഗരിലോ’ എന്ന ഇനം അവതരിപ്പിക്കുകയായിരുന്നു ചന്ദ്ര. നിറഞ്ഞുകവിഞ്ഞൊഴുകുന്ന യമുനാനദിയെയും അതില്‍ ജലക്രീഡയാടുന്ന ഗോപികമാരെയും രംഗത്ത് അവതരിപ്പിച്ചുകൊണ്ടിരുന്ന ചന്ദ്രക്ക് പെട്ടെന്ന് തന്‍റെ മുന്നിലെ വരണ്ടു വിണ്ടു കിടക്കുന്ന ഭൂമിയുടെ ചിത്രം തെളിഞ്ഞു വന്നു. വരള്‍ച്ചയുടെ രൂക്ഷതയനുഭവിക്കുന്ന ഗ്രാമത്തിലെ ജനങ്ങള്‍ക്കു മുമ്പില്‍ നിറഞ്ഞൊഴുകുന്ന യമുന എന്തു ക്രൂരമായ പരിഹാസം .നിമിഷാര്‍ദ്ധത്തില്‍ താന്‍ രണ്ടായി പിളര്‍ന്നുപോകുന്നതുപോലെ തോന്നി എന്നു ചന്ദ്ര പിന്നീടു പറഞ്ഞു.

യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും ഭരതനാട്യം എത്രത്തോളം അകന്നു നില്‍ക്കുന്നു എന്നത് അസഹനീയമായ ഒരു വേദനയായി ചന്ദ്രക്ക് അനുഭവപ്പെട്ടു. ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കലയുടെ പ്രസക്തിയെക്കുറിച്ച് ചന്ദ്ര ചിന്തിച്ചു തുടങ്ങിയത് ഇവിടെനിന്നുമാണ്.


അവരുടെ ജീവിതത്തിലുടനീളം അവരെ സ്വാധീനിക്കുകയും അവര്‍ പ്രബലസ്വാധീനവുമായിത്തീര്‍ന്ന സൗഹൃദങ്ങള്‍ ചന്ദ്രലേഖയുടെ ഈ ഒരു യാത്രയില്‍ കൂടെത്തന്നെ ഉണ്ടായിരുന്നു. ആദ്യമത് ഹരീന്ദ്രനാഥ് ആയിരുന്നുവെങ്കില്‍ പിന്നെ അത് ഗുരു എല്ലപ്പ പീള്ളയും കൂടി ആയിത്തീര്‍ന്നു. ഈ രണ്ടുപേരും പതിയെ ജീവിതത്തില്‍ നിന്നും മാറിയപ്പോഴേയ്ക്കും ഒന്നിനു പിറകേ ഒന്നായി ചന്ദ്രലേഖയെ പൂരിപ്പിച്ചിരുന്നത് ദശരഥ് പട്ടേലും സദാനന്ദ് മേനോനും ആയിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധത്തെ നിര്‍വചിക്കാനോ അതിനെ വിശകലനം ചെയ്യാനോ അവര്‍ ഒരുങ്ങിയിരുന്നില്ല. അതുകൊണ്ടുതന്നെ പുറമേയുള്ളവര്‍ ഇതിനെതിരേ പുരികം ചുളിച്ചപ്പോഴും പലതും പറഞ്ഞുണ്ടാക്കിയപ്പോഴും അത്തരം വിഷദംശമേല്‍ക്കാതെ ചന്ദ്രയും സുഹൃത്തുക്കളും അതിനെ മറികടക്കുക തന്നെ ചെയ്തു.

ഇതേ സമയത്തുതന്നെ പുരുഷകേന്ദ്രീകൃതമായ ഒരു കാഴ്ച-സമൂഹത്തിന്‍റെ നോട്ടത്തെ (ഏമ്വല) കുറിച്ച് ചന്ദ്ര ബോധവതിയാകുന്നുണ്ട്. ‘ഈ മുന്നിലിരിക്കുന്നവര്‍ ആസ്വദിക്കുന്നത് എന്‍റെ കലയെയാണോ അതോ എന്‍റെ ശരീരത്തെയോ’ എന്ന് അവര്‍ പലപ്പോഴും വ്യാകുലപ്പെടുന്നുണ്ട്. ‘അളവനുസരിച്ചുള്ള അരക്കെട്ടും മാറും എനിക്കുണ്ട്. അതാണവരെ സന്തോഷിപ്പിക്കുന്നത്. ഒരു ഹിന്ദി സിനിമാനടിയെ കാണുന്ന അതേ മനോഭാവത്തോടെയാണ് ഇവര്‍ ചന്ദ്രലേഖ എന്ന നര്‍ത്തകിയേയും നോക്കുന്നത്’ എന്ന് വിഷമിച്ച ചന്ദ്രലേഖയുടെ സൃഷ്ടികള്‍ പലതും സ്ത്രൈണതയെക്കുറിച്ചുള്ള അന്വേഷണങ്ങളായിരുന്നു. പ്രഖ്യാപനങ്ങളായിരുന്നു. ചുറ്റുമുള്ള ലോകത്തിലെ പ്രശ്നങ്ങള്‍ക്കു നേരെ മുഖം തിരിക്കാതെ, അവയെ നേരിട്ടുകൊണ്ടുതന്നെ, തന്‍റെ പ്രതിരോധം തന്‍റെ കലയിലൂടെത്തന്നെ പ്രകടമാക്കേണ്ടതുണ്ട് എന്ന തീരുമാനത്തിലേക്കവര്‍ എത്തിച്ചേരുന്നു. അങ്ങനെ ഭരതനാട്യത്തിന്‍റെ മക്കയായ മദിരാശിയില്‍ രുഗ്മിണീദേവിയുടേയും ബാലയുടേയും പ്രിയപ്പെട്ടവളായി പേരെടുത്തു തുടങ്ങിയ, പ്രശസ്തിയും പണവും വിളിപ്പുറത്തുള്ള ഒരു ചെറുപ്പക്കാരി അന്നത്തെ കാലത്ത് ആരും ആലോചിക്കപോലും ചെയ്യാതിരുന്ന ഒരു മാര്‍ഗത്തിലെയ്ക്ക് തിരിയുന്നു . ‘ജീവിതം നമ്മളെ അപമാനവീകരിക്കുമ്പോള്‍ അതിജീവനം കലയിലൂടെ സാധ്യമാക്കുന്നു’ എന്നാണ് ചന്ദ്ര ഇതേക്കുറിച്ചു പറയുന്നത്. അങ്ങനെയാണ് 1959ല്‍ ഭരതനാട്യത്തെ അതിന്‍റെ ചരിത്രപശ്ചാത്തലത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ടുള്ള ദേവദാസി എന്ന പ്രൊഡക്ഷന്‍ അവതരിപ്പിക്കുന്നത്. ഈ അവതരണത്തിന്‍റെ ഒടുവിലായി വരുന്ന തില്ലാന പതിവു തില്ലാനാ അവതരണങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയും, സാധാരണ നൃത്തപരിപാടികളില്‍ കാണാത്ത, എന്നാല്‍ പിന്നീട് ചന്ദ്രയുടെ എല്ലാ പ്രൊഡക്ഷനുകളിലും ശ്രദ്ധേയമായി കാണുന്ന സ്ഥല-വിനിയോഗത്തിന്‍റെ, ത്രിമാന ചലനക്കാഴ്ചകളുടെ, ആദ്യ സ്വാദു നല്‍കിയിരുന്നു. അപ്പോഴേയ്ക്കും ഇവിടെ തകൃതിയായി നടന്നിരുന്ന കലയുടെ കമ്പോളവല്‍ക്കരണം ചന്ദ്രയുടെ മനസ്സു മടുപ്പിച്ചു. 1972-ലെ ‘നവഗ്രഹ’യ്ക്കു ശേഷം അവര്‍ നൃത്തവേദിയോട് താല്‍ക്കാലികമായി വിട പറഞ്ഞു. എങ്കിലും ചന്ദ്രയുടെ ദിവസങ്ങള്‍ അലസങ്ങളോ മനസ്സ് അല്ലലറ്റതോ ആയിരുന്നില്ല.

ഏറ്റവും അടുത്ത സുഹൃത്തുക്കളും സഹവാസികളുമായ ദശരഥ് പട്ടേല്‍ , സദാനന്ദ് മേനോന്‍ എന്നിവരുടെ കൂടെ ചന്ദ്രലേഖയിലെ ഊര്‍ജ്ജം ആക്റ്റിവിസത്തിന്‍റെ പാതയിലൂടെ സമൂഹത്തില്‍ നിഷേധിക്കപ്പെടുന്ന നീതി തിരയുകയായിരുന്നു. അടിയന്തിരാവസ്ഥക്ക് മുന്‍പും പിന്‍പുമായി ഇന്ത്യയിലുടനീളം പൊട്ടിപ്പുറപ്പെട്ട കൊച്ചുകൊച്ച് എന്‍.ജി.ഒ.കളുടെ മാര്‍ഗ്ഗത്തില്‍ ചന്ദ്രയുടെ ‘സ്കില്‍സ്’ എന്ന ഗ്രൂപ്പും ഒരു പുതിയ രാഷ്ട്രീയത്തിനു വേണ്ടി അഹോരാത്രം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഈ കാലയളവില്‍ ചന്ദ്രലേഖ പോസ്റ്റര്‍ രചന മുതല്‍ തെരുവുനാടകം, ഗാനരചന എന്നീ മേഖലകളില്‍ വരെയുള്ള തന്‍റെ വാസനകളെ ഇതിലേക്കായി തിരിച്ചുവിട്ടു.

പൊതുജനഹിതം എന്നത് വെറുംവാക്കായി മാറിയ കാലത്ത് ജനാധിപത്യത്തിന്‍റെ മരണത്തെക്കുറിച്ച്, മുഖ്യധാരാരാഷ്ട്രീയ പാര്‍ട്ടികളുടെ അപചയത്തെക്കുറിച്ച് ഒരു തെരുവുനാടകം വമ്പിച്ച ജനപങ്കാളിത്തത്തോടെ പൊതു ഇടങ്ങളില്‍ നടക്കുന്നു എങ്കില്‍ അതെത്ര മാത്രം അപകടം പിടിച്ചതാണെന്ന് അതിലിടപെടുന്നവര്‍ക്കറിയാം. ഈ അപകടം ഭരണകൂടത്തിനുംകൂടി മണത്തറിയാനാവും എന്നതായിരുന്നു പ്രശ്നം.

ചന്ദ്രലേഖയും സദാനന്ദ് മെനോനും ‘സ്കില്‍സും’ റ്റാര്‍ഗറ്റ് ചെയ്യപ്പെടാന്‍ സത്യത്തില്‍ ഒരു തെരുവു നാടകത്തിന്‍റേയും ആവശ്യമുണ്ടായിരുന്നില്ല. സദാനന്ദ് മേനോന്‍ ‘ഇന്ത്യന്‍ എക്സ്പ്രെസി’ലും ‘തുഗ്ലഖി’ലും എഴുതിയിരുന്ന ചൂടന്‍ ലേഖനങ്ങള്‍ അദ്ദേഹത്തിനെതിരെ പറയാനുള്ള വെറും കാരണങ്ങളായിരുന്നു. സത്യം ഇതില്‍ നിന്നും ഒരുപാടു ദൂരെയായിരുന്നു. വര്‍ണ-വര്‍ഗ ഭേദമില്ലാതെ സമൂഹത്തിന്‍റെ എല്ലാ തുറകളിലും പെട്ട ആളുകള്‍ ഒരുമിച്ച് ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുന്ന ‘സ്കില്‍സ് ‘ എന്ന സ്ഥാപനം അധികാരികളുടെ ഉറക്കം കളഞ്ഞു തുടങ്ങിയിരുന്നു. അതിലുപരി അവര്‍ക്കു പേടിസ്വപ്നമായത് (പര)പുരുഷന്മാരോടൊപ്പം ജീവിക്കുകയും സ്വതന്ത്രമായി ഇടപെടുകയും ചെയ്യുന്ന, എന്തും വെട്ടിത്തുറന്നു പറയുന്ന, ആരേയും കൂസാത്ത, കണ്ണുകളില്‍ പ്രതിഷേധത്തിന്‍റെ തിളക്കം കെടാതെ സൂക്ഷിക്കുന്ന ചന്ദ്രലേഖ എന്ന അവിവാഹിതയായ സ്ത്രീയായിരുന്നു.

1982 ഓഗസ്റ്റില്‍ ‘സ്കില്‍സ് ‘ ന്‍റെ ഓഫീസ് റെയിഡ് ചെയ്യപ്പെട്ടു. ചന്ദ്രലേഖയുടേയും സദാനന്ദ് മേനോന്‍റേയും പേരില്‍ സെക്ഷന്‍ 124എ പ്രകാരം ദേശദ്രോഹക്കുറ്റം ചുമത്തപ്പെട്ടു. ദുരിതത്തിന്‍റെ നാളുകളായിരുന്നു പിന്നീട്. അവരുടെ ഫോണ്‍ ടാപ്പ് ചെയ്യപ്പെട്ടു, കത്തുകള്‍ പിടിച്ചെടുക്കപ്പെട്ടു, അവരുടെ സുഹൃത്തുക്കള്‍ നിരന്തരമായി ചോദ്യം ചെയ്യപ്പെട്ടു, പാസ്പോര്‍ട്ടുകള്‍ പിടിച്ചെടുത്തു, രണ്ടാഴ്ചയില്‍ ഒരിക്കല്‍ സ്ഥലം പൊലീസ് സ്റ്റേഷനില്‍ ചെന്ന് ഒപ്പിടണം എന്ന നിബന്ധനയോടെ യാത്രാസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിട്ടു. ഈ പീഡനങ്ങളില്‍ ചന്ദ്രയ്ക്ക് ഒരിക്കലും മറക്കാനും പൊറുക്കാനുമാകാത്തത് ‘സ്കില്‍ സി’ലെ റെയിഡിനിടയില്‍ ഒരു പഴയ കത്തെടുത്തു കാണിച്ച് ‘ആരാണിവന്‍ ഈ ഓറോ’, എന്നു ചോദിച്ചതാണ്. ആ കത്ത് ഹരീന്ദ്രനാഥ് ചതോപാധ്യായയ്ക്ക് അരവിന്ദഘോഷ് (ഒറൊബിന്ദൊ) എഴുതിയ കത്തായിരുന്നു. സദാചാരപ്പോലീസിംഗ്, രാജ്യദ്രോഹക്കുറ്റം ചുമത്തല്‍ – വിമതശബ്ദങ്ങളുടെ കഴുത്തു ഞെരിക്കാന്‍ അന്നുമിന്നും സമൂഹം ഉപയോഹിക്കുന്ന മാര്‍ഗങ്ങള്‍ ഒന്നുതന്നെ.

പിന്നീട് നൃത്തവേദിയില്‍ നമ്മള്‍ ചന്ദ്രയെ കാണുന്നത് എണ്‍പതുകളുടെ മധ്യത്തിലാണ്. അപ്പോഴേക്കും തന്‍റെ നൃത്തസങ്കല്പങ്ങളെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനാവുന്ന ഒരു സഹനര്‍ത്തകനെ കാമദേവ് എന്ന യുവാവില്‍ കണ്ടെത്തിയതോടെ ചന്ദ്രയുടെ നൃത്താന്വേഷണങ്ങള്‍ കുറെക്കൂടി ശക്തവും ധീരവുമായ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ തുടങ്ങി. അതിനിടയില്‍ ഭരതനാട്യത്തിന്‍റെ ലാവണ്യത്തില്‍ നിന്നും ചന്ദ്രയുടെ നൃത്തം കളരിപ്പയറ്റിന്‍റെ ദൃഡതയിലേയ്ക്കും യോഗയുടെ ധ്യാനാത്മകതയിലേയ്ക്കും കരുത്താര്‍ജിച്ചിരുന്നു. സ്ത്രീ ശരീരം എന്നത് സാധാരണ നൃത്തരൂപങ്ങളില്‍ അവതരിപ്പിക്കുന്നപോലെ, ആത്മീയതയിലേയ്ക്കുള്ള യാത്രയിലല്ലെന്നും, അത് ഇന്ദ്രിയകാമനകളും, ലൈംഗികതയും, ആത്മീയതയുമെല്ലാം കൂടിച്ചേര്‍ന്ന മനോഹരമായ ഒരു ഊര്‍ജപ്രവാഹമാണെന്നും ഉറക്കെ പ്രസ്താവിച്ചുകൊണ്ട്1984- ല്‍ ‘ആംഗിക’ എന്ന നൃത്തശില്പത്തോടെ ചന്ദ്ര വീണ്ടും നൃത്തരംഗത്ത് സജീവമായി. ‘ലീലാവതി’, ‘ശരീര’, ‘ശ്രീ’, ‘യന്ത്ര’ തുടങ്ങി ഓരോ ചുവടു മുന്നോട്ടുവെക്കുമ്പോഴും ഇന്ത്യന്‍ നൃത്തരംഗത്ത് ഒരു പുതിയ ശൈലി ഉണരുന്നതിനോടൊപ്പം ചന്ദ്രയ്ക്ക് ശത്രുക്കളുടെ എണ്ണവും പെരുകി. ‘നൃത്തം അമ്പലത്തില്‍ നിന്നോ, കൊട്ടാരങ്ങളില്‍ നിന്നോ, ഒരു രാഷ്ട്രത്തില്‍ നിന്നുപോലുമോ ജനിക്കുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അത് ജനങ്ങളിലേക്ക്, ശരീരത്തിലേക്ക്, തിരിച്ചുപോയേ പറ്റൂ’എന്ന് ചന്ദ്ര വിളിച്ചു പറഞ്ഞു. താന്‍ ചെയ്യുന്ന, തന്‍റെ ശരീരം ഏര്‍പ്പെടുന്ന നൃത്തം എന്ന പ്രക്രിയയെ ചരിത്രത്തില്‍ നിന്നും കാലത്തില്‍ നിന്നും അടര്‍ത്തി മാറ്റിയ വെറുമൊരു “പരമ്പരാഗത” അവതരണമായി കാണാന്‍ സാധിക്കുമായിരുന്നില്ല അവര്‍ക്ക്. പാരമ്പര്യം എന്നതു തന്നെ ഒരു മ്യൂസിയം പ്രദര്‍ശനവസ്തുവല്ല എന്നായിരുന്നു ചന്ദ്രയുടെ പക്ഷം. ഏതൊരു കലാരൂപവും അതു നിലനില്‍ക്കുന്ന കാലത്തോടും ഇടത്തോടും സംവദിക്കണം, അതിന്‍റെ സ്പന്ദനങ്ങള്‍ മനസ്സിലാക്കണം, ഉള്‍ക്കൊള്ളണം. പാരമ്പര്യം നിരന്തരമായി പകല്‍ വെളിച്ചത്തിന്‍റെ കാഴ്ചയില്‍ പരിശോധിക്കപ്പെടേണ്ടതുണ്ട് എന്ന് വിശ്വസിച്ചിരുന്നു. 19ാം നൂറ്റാണ്ടിന്‍റെ അവസാനം ജനിച്ച് ആധുനികതയിലേയ്ക്ക് പിറന്നു വീണ ബൊഹീമിയന്‍-ഓസ്ട്രിയന്‍ സംഗീതജ്ഞനായ ഗുസ്താവ് മാല്ലര്‍ പറഞ്ഞതുപോലെ, “പാരമ്പര്യം എന്നത് ഭൂതകാലത്തിന്‍റെ ചാരത്തെ പൂജിക്കലല്ല, മറിച്ച് അതിലെ തീപ്പൊരികളെ കെടാതെ കാത്തുസൂക്ഷിക്കലാണ്” എന്ന് തന്‍റെ പ്രൊഡക്ഷനുകളിലൂടെ തെളിയിച്ച കലാകാരിയായിരുന്നു ചന്ദ്ര. പരമ്പരാഗത നൃത്തശൈലിയുടെ മടുപ്പിക്കുന്ന അര്‍ത്ഥശൂന്യമായ ആവിഷ്കാരങ്ങളെ തള്ളിപ്പറഞ്ഞ ചന്ദ്ര പക്ഷേ തന്‍റെ നൃത്തത്തില്‍ സ്ത്രീ ശാക്തീകരണത്തെയും സ്ത്രൈണ ഊര്‍ജ്ജത്തെയും മറ്റും അവതരിപ്പിക്കാനുള്ള ചിഹ്നങ്ങളെ കണ്ടെടുത്തത് പുരാണങ്ങളില്‍ നിന്നാണെന്നുള്ളത് രസകരമായ വസ്തുതയാണ്. കാളി, ശാഖാംബരി, നവഗ്രഹങ്ങള്‍ തുടങ്ങിയ ബിംബങ്ങള്‍ ചന്ദ്രക്ക് സ്വയം പ്രകാശനത്തിനുള്ള പ്രതീകങ്ങളായി.പെണ്ണുടലിന്‍റെ ശക്തി താന്ത്രികബിംബങ്ങളിലൂടെ വീണ്ടെടുക്കുകയായിരുന്നു ചന്ദ്ര. ശരീരത്തില്‍ നിന്നും പൊട്ടിപ്പുറപ്പെടുന്ന അസംഖ്യം തൃകോണ ജ്യാമിതീയ രൂപങ്ങള്‍ വേദിയിലാടുന്ന പെണ്ണുടലിനെ ഒരു ഊര്‍ജപ്രസരണിയാക്കുന്നു എന്നവര്‍ തിരിച്ചറിഞ്ഞു. പുരുഷാധിപത്യസമൂഹത്തില്‍ ഒരു സ്ത്രീ ആദ്യം ചെയ്യേണ്ടത് തനിക്കു നിഷേധിക്കപ്പെട്ട, തകര്‍ക്കപ്പെട്ട, തന്‍റെ നട്ടെല്ലു തിരിച്ചു പിടിക്കുകയാണ് എന്നവര്‍ പറഞ്ഞുകൊണ്ടേയിരുന്നു.

“പലവട്ടം മുറിവേറ്റവളാണു ഞാന്‍ … നട്ടെല്ലിലൂടെ അരിച്ചിറങ്ങുന്ന ആ തണുപ്പിനെക്കുറിച്ച് നിങ്ങള്‍ പറയുമ്പോള്‍ അതെന്താണെന്ന് എനിക്കു മനസ്സിലാകും. കണ്ണുകളില്‍നിന്നും വെളിച്ചവും തെളിച്ചവും മാഞ്ഞുപോകുന്നതിന്‍റെ അമ്പരിപ്പിക്കുന്ന വ്യാകുലത എനിക്കു മനസ്സിലാകും. കണ്മുന്നിലുള്ളതിലേയ്ക്ക് ആഴത്തില്‍ തുളച്ചു കയറാന്‍ കെല്പുള്ള കണ്ണുകള്‍ക്ക് മങ്ങലേറ്റു തുടങ്ങിയെന്ന് തോന്നിയാല്‍ – ആ നിമിഷം, തകര്‍ന്ന ജീവിതശല്‍ക്കങ്ങളില്‍ നിന്നും പിടഞ്ഞെണീക്കണം. എന്നിട്ടു ചോദിക്കണം, കലയ്ക്ക് എന്നെ രക്ഷിക്കാനാവുമോ? അതിനെന്‍റെ മുറിവുകളെ ഉണക്കാനാവുമോ? അതിനെന്‍റെ നട്ടെല്ലു തിരിച്ചു തരാനാകുമോ? ഇതാണ് ഒരു കലാകാരി എന്ന നിലയില്‍ എന്‍റെ അന്വേഷണം” ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുക, ആ ചോദ്യങ്ങള്‍ക്കു പിറകെ അവ കൊണ്ടുപോകുന്നേടത്തേയ്ക്ക് പോവുക- ഉത്തരങ്ങള്‍ക്ക് ചന്ദ്രലേഖയുടെ വ്യവസ്ഥിതിയില്‍ യാതൊരു പ്രസക്തിയുമില്ല.

രോഷം സര്‍ഗാത്മകമാണ് എന്ന ചന്ദ്രയുടെ പരാമര്‍ശത്തെക്കുറിച്ച് ഒരിക്കല്‍ ഒരു പെണ്‍കുട്ടി കൗതുകത്തോടെ ചോദിച്ചപ്പോള്‍ ചന്ദ്ര പറഞ്ഞ മറുപടി ഇതായിരുന്നു ‘ശരിയാണ്. എന്‍റെയുള്ളില്‍ പക്ഷേ രോഷമല്ലാ, ധാര്‍മ്മികരോഷമാണ് ഉള്ളത്. ചുറ്റും നടക്കുന്നതൊക്കെ നിങ്ങള്‍ കാണുന്നില്ലേ. എങ്ങനെയാണ് ധാര്‍മികരോഷം വരാതിരിക്കുന്നത്! വേണം. നിങ്ങളുടെ മനസ്സില്‍, കണ്ണുകളില്‍, ഉടലില്‍, ചലനങ്ങളില്‍, നട്ടെല്ലില്‍ എല്ലാം ധാര്‍മികരോഷം അലയടിക്കണം. എന്‍റെയുള്ളിലെ രോഷം ഞാന്‍ എന്‍റെ സംഘത്തിലുള്ളവര്‍ക്കും പകര്‍ന്നു കൊടുക്കുന്നു. അതുകൊണ്ട് ഞാനൊരാളില്‍ അതൊതുങ്ങാതെ ഞങ്ങളുടെ അവതരണത്തിലൂടെ അത് പ്രകടിപ്പിക്കപ്പെടുന്നു.’
പത്തൊമ്പതാം വയസ്സില്‍ തന്‍റെ വീട്ടില്‍ നിന്നും ഇറങ്ങിത്തിരിച്ച ചന്ദ്ര ഭാരതീയ സ്ത്രീസങ്കല്പങ്ങള്‍ക്കനുസൃതമായ മകള്‍-സഹോദരി-ഭാര്യ-കാമുകി-അമ്മ ബിംബങ്ങളില്‍ ഒരിക്കലും സ്വത്വത്തെ കുടുക്കിയില്ല. ഈ നിര്‍വ്വചനങ്ങള്‍ക്ക് അതീതമായ ഒരു സ്ത്രീസങ്കല്പമായിരുന്നു അവരുടെ യാഥാര്‍ത്ഥ്യം. ലോകം മുഴുവനുമുള്ള കലയുടെയും സാഹസികതയുടെയും തിരച്ചിലുകളുടെയും കണ്ടെത്തലുകളുടെയും യാത്രകള്‍ക്കിടയില്‍ നേടിയെടുത്ത ഓരോ പരിചയങ്ങളും അവര്‍ക്ക് ആജീവനാന്ത സൗഹൃദങ്ങളായിരുന്നു. താല്‍ക്കാലികവും സൗകര്യാനുസൃതവുമായ സ്നേഹബന്ധങ്ങള്‍ ഇവര്‍ക്കജ്ഞാതമായിരുന്നു.

ഒരു മൊട്ട് വിരിയുന്നതെപ്പോള്‍, ഒരു പൂവ് കൂമ്പുന്നതെപ്പോള്‍ എന്നൊക്കെ കൃത്യമായി അറിയാനായി രാത്രി മുഴുവന്‍ ഉറക്കമിളച്ചിരിക്കുമായിരുന്ന ഒരു സ്ത്രീയ്ക്ക് വര്‍ദ്ധിച്ചു വരുന്ന യാന്ത്രികതയുടെ വേഗതയെ ചെറുക്കാന്‍ ഒരു പൂ വിരിയുന്ന പോലെ, മെല്ലെ, വളരെ മെല്ലെ, ഒരു പൂ വിരിയുന്ന സൗന്ദര്യത്തോടെ, ഒരു വാഗ്ദാനം നിറവേറ്റുന്ന ഭംഗിയോടെ, തന്‍റെ ശരീരത്തെ നിയന്ത്രിച്ചുകൊണ്ടുള്ള നൃത്തത്തിലൂടെയേ സാധിക്കുമായിരുന്നുള്ളു. ചുറ്റുമുള്ള പ്രശ്നങ്ങള്‍ക്കു നേരെ മുഖം തിരിക്കരുത് എന്നു പറയുമ്പോള്‍ത്തന്നെ ഈ പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരം നിര്‍ദ്ദേശിക്കുക/കണ്ടുപിടിക്കുക എന്നതൊന്നും തന്‍റെ നിയോഗമല്ലെന്നും, അതിനു താന്‍ അശക്തയാണെന്നും പറയുന്നു. ഈ നിസ്സഹായതയെ അംഗീകരിച്ചുകൊണ്ടുതന്നെ അതിനെ ചെറുത്തു നില്‍ക്കുകയാണു വേണ്ടത് എന്ന് ചന്ദ്ര പറഞ്ഞത് ഇന്നും അന്നത്തേപ്പോലെത്തന്നെ പ്രസക്തമാണ്.

ചന്ദ്രലേഖയെ ഉന്മാദി എന്നു വിളിച്ചവര്‍ ഹാംലറ്റിനെ ഓര്‍ക്കണം, പൊളോണിയസിനെ ഓര്‍ക്കണം എന്നിട്ട് തിരുത്തണം”Though this be madness, yet there is method in it” എന്ന്. 78-ാം വയസ്സില്‍ സെര്‍വിക്കല്‍ ക്യാന്‍സറിന് ആ ശരീരം കീഴടങ്ങിയപ്പോള്‍ ചെന്നൈയില്‍ ഇലിയറ്റ് ബീച്ചിലെ അവരുടെ വീട്ടില്‍ ഒരു കൂട്ടം സുഹൃത്തുക്കള്‍ അവരെ ശ്മശാനത്തിലേക്ക് അനുഗമിച്ചത് ഗാനാലാപനത്തോടെയായിരുന്നു. കുട്ടിക്കാലത്ത് തന്‍റെ വീടിനു ചുറ്റുമുള്ള പറമ്പിലെ ഏതെങ്കിലും ഒരു മരച്ചുവട്ടില്‍ ഉറക്കമുണര്‍ന്നിരുന്ന പെണ്‍കുട്ടി എന്നെന്നേക്കുമായി ഉറങ്ങിയപ്പോള്‍, അവള്‍ അവശേഷിപ്പിക്കുന്നത് പണ്ട് പാഴ്ഭൂമിയായിരുന്ന ഇലിയറ്റ് ബീച്ചിലെ ആലും വേപ്പും അശോകവും ബദാമും തിങ്ങിവളരുന്ന ഒരേക്കര്‍ ഹരിതാഭ, പിന്നെ മുപ്പതു വര്‍ഷത്തോളം അവരുടെ സുഖദുഃഖങ്ങള്‍ക്കയല്‍ നിന്ന സദാനന്ദ്മേനോന്‍ മടക്കിവെച്ച ആളൊഴിഞ്ഞ വീല്‍ ചെയര്‍ … പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷവും അവരെക്കുറിച്ചോര്‍ക്കുന്ന, പറയുന്ന, പാടുന്ന, അവരെ അന്വേഷിക്കുന്ന ഏതെല്ലാമോ മനുഷ്യരും.

തോറ്റു എന്ന് ഓരോ തവണ ജീവിതം ഉറപ്പിക്കുമ്പോഴും നട്ടെല്ലിലൂടെ ഊര്‍ന്നിറങ്ങുന്ന തണുപ്പിനെ വക വെയ്ക്കാതെ, കണ്ണിന്‍റെ മങ്ങലിനെ തിരുമ്മിക്കളഞ്ഞ്, അതിലൊഴുകുന്ന കണ്ണുനീരിനേയും ചോരയേയും ചിരികൊണ്ട് തൂത്തെറിയുമ്പോള്‍, തകര്‍ന്നുപോകുന്ന നട്ടെല്ലിനെ വീണ്ടെടുത്ത് നിവര്‍ന്നു നിന്ന് ജീവിതത്തിന്‍റെ കണ്ണുകളിലേയ്ക്കുറ്റു നോക്കുമ്പോള്‍ … എങ്ങിനെയാണ്, എങ്ങിനെയാണ് നമ്മള്‍ ചന്ദ്രലേഖയെ ഓര്‍ക്കാതിരിക്കുന്നത്.

സഹായക ഗ്രന്ഥം :
Rustom,Bharucha, Chandralekha: Woman, Dance, Resistance 

https://www.youtube.com/watch?v=2_DtWoPMgGchttps://www.youtube.com/watch?v=0_04K-uCtqYhttps://www.youtube.com/watch?v=vyXh_5dT0zw&t=1345shttps://www.youtube.com/watch?v=2_DtWoPMgGchttps://www.youtube.com/watch?v=5d7Br9Yvq10https://www.youtube.com/watch?v=OXCc10lBkIwhttps://www.youtube.com/watch?v=T-ClDsz6bi4https://www.youtube.com/watch?v=7SxRvo5eQ3shttps://www.youtube.com/watch?v=vyXh_5dT0zw&t=1345shttps://www.youtube.com/watch?v=vyXh_5dT0zw&feature=youtu.be&fbclid=IwAR2-QrAPx4LPbVHlRasy5FnxEmEYjeCiY32JJy3blpzf5Yb3_-iW6ZCV9Zg

COMMENTS

COMMENT WITH EMAIL: 0