Homeചർച്ചാവിഷയം

കല്യാണിക്കുട്ടിയമ്മ: നടനത്തിലെ ധൈഷണികത

അണിമ

കേരളം കണ്ട അസാധാരണ പ്രതിഭകളിലൊരാളായിരുന്നു കല്യാണിക്കുട്ടിയമ്മ, എങ്കിലും കേരളത്തിലുണ്ടായ പ്രഗത്ഭകളെക്കുറിച്ചോ മോഹിനിയാട്ടക്കാരെക്കുറിച്ചോ ഉള്ള ഓരംചേര്‍ന്ന അന്വേഷണങ്ങളില്‍ മാത്രമാണ് മിക്കവാറും നമ്മള്‍ കല്യാണിക്കുട്ടിയമ്മയെ കണ്ടുമുട്ടുക. കല്യാണിക്കുട്ടിയമ്മയുടെ മുഖ്യ കര്‍മ്മമേഖല മോഹിനിയാട്ടമായിരുന്നുവെങ്കിലും സാഹിത്യം, നാടകം, സിനിമ, റേഡിയോനാടകങ്ങള്‍, രാഷ്ട്രീയം, സാംസ്കാരിക പ്രവര്‍ത്തനം തുടങ്ങി വ്യത്യസ്ത മേഖലകളെ സ്പര്‍ശിച്ചുകൊണ്ടായിരുന്നു അവരുടെ ജീവിതയാത്ര. ഒരു മോഹിനിയാട്ടക്കാരിയെന്ന നിലയില്‍ ക്ലാസിക്കല്‍ നൃത്തത്തിന്‍റെ സൗന്ദര്യത്തിലും ആനന്ദത്തിലും അഭിരമിച്ച് അതില്‍ മുങ്ങിക്കിടക്കുകയായിരുന്നില്ല, മറിച്ച് അവരുടെ രാഷ്ട്രീയ ബോദ്ധ്യത്തിന്‍റെ, ജീവിതബോദ്ധ്യത്തിന്‍റെ നീട്ടെഴുത്തുതന്നെയായിരുന്നു അവര്‍ക്ക് മോഹിനിയാട്ടവും.

യാദൃശ്ചികമായി കലാമണ്ഡലം സന്ദര്‍ശിക്കാനെത്തിയ കല്യാണിക്കുട്ടിയമ്മ അവിടത്തെ നൃത്തവിദ്യാര്‍ത്ഥികളിലൊരാളായി മാറുകയായിരുന്നു. നിര്‍ന്നിമേഷയായി നൃത്തക്ലാസുകള്‍ നോക്കിനിന്ന കല്യാണിക്കുട്ടിയമ്മയെ കണ്ട് ڇഉയര്‍ന്ന തറവാട്ടില്‍ നിന്നൊരു പെണ്‍കുട്ടി നൃത്തമഭ്യസിക്കാന്‍ കലാമണ്ഡലത്തിലുണ്ടെന്നറിഞ്ഞാല്‍ കൂടുതല്‍ കുട്ടികള്‍ നൃത്താഭ്യാസത്തിനു തയ്യാറാകുڈമെന്നു പറഞ്ഞ് വള്ളത്തോള്‍ നിര്‍ബന്ധിച്ച് സമ്മതിപ്പിക്കുകയായിരുന്നുവെന്ന് അവരുടെ ഓര്‍മ്മക്കുറിപ്പില്‍ പറയുന്നുണ്ട് (കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, 1992: 55). എന്നാല്‍ തറവാടിത്തത്തിന്‍റെ പടിഞ്ഞാറ്റയ്ക്കകത്തുനിന്നല്ല, ദേശീയപ്രസ്ഥാനത്തിന്‍റെ സമരതീക്ഷ്ണമായ സന്ദര്‍ഭത്തില്‍ നിന്നാണ് കല്യാണിക്കുട്ടിയമ്മ കലാമണ്ഡലത്തിലെ നൃത്തവിദ്യാര്‍ത്ഥിയായി ചേരുന്നത്. ആ കാലഘട്ടത്തെക്കുറിച്ച് കല്യാണിക്കുട്ടിയമ്മ ഇങ്ങനെയെഴുതുന്നു. ڇ…സ്വകാര്യമായി ഒരല്പം കളരിപ്പയറ്റ് പഠിച്ചു. നാട്ടുകാരുടെ പരിഹാസത്തെ തൃണവല്ഗണിച്ച് രാഷ്ട്രീയനേതാക്കളുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ പോയി – കോണ്‍ഗ്രസ്സംഗമായി – കോഴിക്കോട്ടെ ഉപ്പുസത്യാഗ്രഹത്തിന് സമരഗാനങ്ങളെഴുതിക്കൊടുത്തു. സ്വന്തം കൈകളാല്‍ തക്ലിയില്‍ നെയ്തെടുത്ത നൂലുകൊണ്ട് നിര്‍മ്മിച്ച വസ്ത്രം ധരിച്ചു.ڈ (വേണു.ജി, നിര്‍മ്മലാ പണിക്കര്‍, 2004 : 203). ഈയൊരു രാഷ്ട്രീയ ബോദ്ധ്യം അവരുടെ ജീവിതത്തിലുടനീളം അവര്‍ സൂക്ഷിക്കുന്നുണ്ട്. ആലുവയ്ക്കടുത്ത് വെള്ളാരപ്പള്ളിയില്‍ താമസിച്ചകാലത്ത് അവിടെ ഒരു സ്ത്രീസമാജം സ്ഥാപിച്ചതിനെക്കുറിച്ച് ഓര്‍മ്മക്കുറിപ്പുകളില്‍ പറയുന്നതിപ്രകാരമാണ്. ڇജോലിയില്ലാതിരിക്കുന്ന സ്ത്രീകളെ പായനെയ്ത്ത്, പനമ്പുനെയ്ത്ത്, റേന്തനിര്‍മ്മാണം, നൂല്‍നൂല്പ്പ്, വര്‍ണ്ണക്കടലാസുകൊണ്ട് പൂക്കളും ചെടികളും ഉണ്ടാക്കുക തുടങ്ങിയവയെല്ലാം അവിടെ പഠിപ്പിച്ചിരുന്നു. കൂടാതെ നൃത്തവും സംഗീതവുംകൂടി പെണ്‍കുട്ടികളെ അഭ്യസിപ്പിച്ചുവന്നുڈ (കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, 1992: 67). ഇവരുടെ ഇത്തരത്തിലുള്ള ഇടപെടലുകള്‍ വളരെ വിരളമായേ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ. ഈവിധത്തില്‍ സമൂഹത്തിന്‍റെ താഴേത്തട്ടിലുള്ള രാഷ്ട്രീയ- സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ച മറ്റൊരു നര്‍ത്തകിയെ ഇന്ത്യ കണ്ടിട്ടുണ്ടോയെന്ന് സംശയമാണ്.

ജീവിതത്തെക്കുറിച്ച് അവര്‍ വളരെ അഭിമാനത്തോടെയും പ്രാധാന്യത്തോടെയും പറഞ്ഞ സംഭവങ്ങളിലൊന്ന് ഇന്ത്യന്‍ റെയില്‍വേ വാഗ്ദാനംചെയ്ത ഇന്‍ഷുറന്‍സ് നിരസിച്ചുവെന്നതാണ്. ആ സന്ദര്‍ഭത്തെ കല്യാണിക്കുട്ടിയമ്മ ഓര്‍ത്തെടുക്കുന്നതിങ്ങനെയാണ്. ഒരുദിവസം കലാമണ്ഡലത്തില്‍നിന്ന് മഹാകവി അയച്ച ഒരാള്‍വന്ന് കൂടെ ചെല്ലാന്‍ പറഞ്ഞു. അവിടെ റെയില്‍വേക്കാര്‍ ഒരു ഡോക്യുമെന്‍ററി ഫിലിമെടുക്കാന്‍ വന്നിട്ടുണ്ടായിരുന്നു. അവര്‍ക്ക് എന്‍റെ നൃത്തം പകര്‍ത്തണം. നൃത്തം കഴിഞ്ഞപ്പോള്‍ വള്ളത്തോള്‍ പറഞ്ഞു. ڇനീ നൃത്തവിദ്യയില്‍ വളരെ തെളിഞ്ഞിട്ടുണ്ട്. നിന്‍റെ കണ്ണുകളും കാലുകളും ഇന്‍ഷുര്‍ ചെയ്യിക്കട്ടെ എന്നവര്‍ ചോദിക്കുന്നു.ڈ ഞാന്‍ നിരസിച്ചു; മടങ്ങിപ്പോന്നുڈ(കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, 1992: 66). ഉറച്ചനിലപാടിനെ പ്രകാശിപ്പിക്കുന്ന ലളിതമായ ഭാഷയില്‍ ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും അവര്‍ രേഖപ്പെടുത്തുന്ന ഈ നിരാസം കല്യാണിക്കുട്ടിയമ്മ പിന്തുടര്‍ന്ന ഗാന്ധിയന്‍ മൂല്യബോധത്തെയാണ് പറയാതെ പറഞ്ഞുവയ്ക്കുന്നത്. തന്‍റെ ശരീരത്തിനും നൃത്തംചെയ്യാനുള്ള കഴിവിനും വിലയിടേണ്ടതില്ലെന്ന ഗാന്ധിയന്‍ ആദര്‍ശം തന്നെയാവാം ഇവരില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാവുക.

1985ല്‍ കല്യാണിക്കുട്ടിയമ്മ നിര്‍മ്മലാ പണിക്കര്‍ക്കെഴുതിയ കത്തിലെ അവസാന വരികളിലിങ്ങനെ കാണാം. ڇജീവന്‍ നിലനിര്‍ത്താന്‍ മാത്രം ഭക്ഷണം കഴിക്കുന്നു. അലങ്കാരങ്ങളും ആര്‍ഭാടങ്ങളും കുട്ടിക്കാലം മുതല്‍ക്കെ എനിക്കിഷ്ടമില്ല, ആശയുമില്ലڈ (വേണു.ജി, നിര്‍മ്മലാ പണിക്കര്‍, 2004 : 203). ഫ്യൂഡല്‍മിച്ചമൂല്യത്തില്‍ നിന്നുണ്ടായ കലാരൂപത്തിന്‍റെ സൗന്ദര്യ സങ്കല്പങ്ങളെ ജീവിതത്തിലിവര്‍ സ്വീകരിച്ചിട്ടില്ല, വെള്ളവസ്ത്രവും രുദ്രാക്ഷമാലയുമാണവസാനം വരെ ധരിച്ചത്. ഭക്ഷണത്തോടും അലങ്കാരത്തോടുമെല്ലാമുള്ള ഗാന്ധിയന്‍ സമീപനവും, കമ്യൂണിസ്റ്റ്പ്രസ്ഥാനമുയര്‍ത്തിക്കൊണ്ടുവന്ന കലാസങ്കല്പവും1, ഫ്യൂഡല്‍ പാരമ്പര്യത്തില്‍ നിന്നുവന്ന മോഹിനിയാട്ടത്തിനെ ശാസ്ത്രീയ നൃത്തകലയായുയര്‍ത്തുകയെന്ന ദൗത്യത്തെക്കുറിച്ചുള്ള ബോദ്ധ്യവുമെല്ലാം ഇവരിലിടകലര്‍ന്നു നില്ക്കുന്നതായി കാണാം.

യൂറോപ്പിലും അമേരിക്കയിലും ആധുനിക നൃത്തമുണ്ടാകുന്ന സന്ദര്‍ഭത്തിലാണ് ഇന്ത്യയില്‍ ശാസ്ത്രീയ നൃത്തരൂപങ്ങളെ കണ്ടെടുക്കുന്നത്. ഈ കലകളുടെ ചിട്ടപ്പെടലെന്നത് ദേശരാഷ്ട്രരൂപീകരണവുമായി ബന്ധപ്പെട്ടുകിടക്കുന്നു. മോഹിനിയാട്ടത്തെ ഒരു തികഞ്ഞ ശാസ്ത്രീയനൃത്തമായി രൂപപ്പെടുത്തുകയും പ്രചരിപ്പിക്കുകയും സ്ഥാനപ്പെടുത്തുകയും ചെയ്യുകയെന്നത് തന്‍റെ ജീവിതദൗത്യമായി കല്യാണിക്കുട്ടിയമ്മ കരുതുന്നുണ്ട്. കലാമണ്ഡലസ്ഥാപകനായ വള്ളത്തോള്‍ മോഹിനിയാട്ടത്തെ നിന്‍റെ കയ്യിലേല്‍പ്പിക്കുന്നു എന്നുപറഞ്ഞ് നിയോഗിച്ചതനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചതെന്നവരവകാശപ്പെടുന്നുണ്ട് (കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, 1992: 69). 1958ല്‍ മരണാസന്നനായി കിടക്കുന്ന വള്ളത്തോള്‍ കല്യാണിക്കുട്ടിയമ്മയെ വിളിച്ചുവരുത്തി പറഞ്ഞകാര്യങ്ങള്‍ ഓര്‍മ്മക്കുറിപ്പിലവര്‍ വിവരിക്കുന്നതിങ്ങനെയാണ്. “ഞാന്‍ നിന്നെ കാണണമെന്നു പറഞ്ഞത് ഒരു പ്രത്യേക കാര്യത്തിനാണ്. കഥകളി ഞാനാഗ്രഹിച്ച സ്ഥാനത്തെത്തിച്ചു. എന്നാല്‍ മോഹിനിയാട്ടത്തിനുവേണ്ടി അധികമൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അതില്‍നിന്ന് ഒട്ടേറെ ഭാഗങ്ങള്‍ വിട്ടുപോയിട്ടുണ്ട്. അതു കണ്ടെടുത്ത് കൂട്ടിച്ചേര്‍ക്കണം. മിഴിവും പ്രചാരവും വരുത്തി അതിനെ ഒരു നല്ല സ്ഥാനത്തെത്തിക്കണം. അതിന്‍റെ ചുമതല ഞാന്‍ നിന്നെ ഏല്പിക്കുന്നു” (കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, 1992: 69).

പ്രാദേശികരൂപമായ മോഹിനിയാട്ടത്തെ ശാസ്ത്രീയനൃത്തകലയായി ചിട്ടപ്പെടുത്തി ഒരു ദേശീയമാനം നല്കുന്നതിന്‍റെ ഭാഗമായ യാത്രയാരംഭിക്കുന്നത് څവിട്ടുപോയഭാഗങ്ങളെ കണ്ടെടുത്തു കൂട്ടിച്ചേര്‍ക്കുകچയെന്ന ഈയൊരു സങ്കല്പത്തില്‍നിന്നുകൊണ്ടാണ്. ദേവദാസീചരിത്രത്തിലും ശാസ്ത്രഗ്രന്ഥങ്ങളിലും ഇതരകലാരൂപങ്ങളുടെ ഘടനയിലുമെല്ലാം ഈ വിട്ടുപോയഭാഗങ്ങളെ തിരയുന്നതായി കാണാം. ദേശീയതയുടെ ഘട്ടത്തില്‍ വളരെ സര്‍ഗ്ഗാത്മകമായിരുന്ന നൃത്താന്വേഷണങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിന്‍റെ പ്രതീതി നല്കിക്കൊണ്ട് തികച്ചും യാഥാസ്ഥിതികവും മാനകീകൃതവുമായ ഒറ്റരൂപമായി, ഇന്ത്യയുടെ ഔദ്യോഗിക ശാസ്ത്രീയനൃത്തപദവിയിലേക്ക് നിര്‍മ്മിച്ചെടുക്കുന്ന പ്രപര്‍ത്തനങ്ങള്‍ക്ക് പിന്‍ബലമായിനിന്നത് ഈയൊരു ആശയമാണ്.

കല്യാണിക്കുട്ടിയമ്മയുടെ കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥിജീവിതം 1930കളുടെ അവസാനത്തിലായിരുന്നുവെന്ന് അവരുടെ ജീവിതക്കുറിപ്പുകളില്‍ പറയുന്നുണ്ട്. മൂന്നുവര്‍ഷക്കാലയളവില്‍ അവര്‍ കലാമണ്ഡലം മാധവന്‍, മാധവിയമ്മ, അപ്പേക്കാട്ട് കൃഷ്ണപ്പണിക്കര്‍ എന്നിവരുടെ കീഴിലാണ് പ്രധാനമായും നൃത്തമഭ്യസിച്ചത്. പ്രിയാഗോപാല്‍സിങ്ങില്‍നിന്നും മണിപ്പുരിയും പട്ടിക്കാംതൊടി രാവുണ്ണിമേനോനില്‍നിന്നും കഥകളിയുമെല്ലാം ഇവരിതിനിടയിലഭ്യസിക്കുന്നുണ്ട്2. കല്യാണിക്കുട്ടിയമ്മയെ പഠിപ്പിച്ചവരില്‍ കലാമണ്ഡലം മാധവന്‍ നൃത്തവും മാധവിയമ്മയും കൃഷ്ണപ്പണിക്കരാശാനും മോഹിനിയാട്ടവുമാണ് അഭ്യസിപ്പിച്ചതെന്ന് ഓര്‍മ്മക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കലാമണ്ഡലത്തിലെ തുടക്കകാലത്തെ വിദ്യാര്‍ത്ഥികളിലൊരാളായിരുന്നു മാധവന്‍. മാധവനെക്കുറിച്ച് കല്യാണിക്കുട്ടിയമ്മ ഇങ്ങനെ പറയുന്നു.
വള്ളത്തോളിന് അദ്ദേഹത്തെ വലിയപഥ്യമായിരുന്നു. വിശ്വനര്‍ത്തകനായ ഉദയശങ്കറുമൊന്നിച്ച് പാശ്ചാത്യപര്യടനം നടത്തി കീര്‍ത്തിപത്രങ്ങളും സ്വര്‍ണ്ണമുദ്രകളും നേടിവന്ന കാലം. അദ്ദേഹം കലാമണ്ഡലത്തിന് വിലമതിക്കാന്‍ കഴിയാത്ത ഒരു രത്നമായിരുന്നുڈ (കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, 1992: 56).

ഉദയശങ്കര്‍, രാഗിണീദേവി, മേഡം മേനക തുടങ്ങിയ ഓറിയന്‍റല്‍ നര്‍ത്തകര്‍ കലാമണ്ഡലത്തിന്‍റെ തുടക്കകാലം മുതല്‍തന്നെ ഇവിടം സന്ദര്‍ശിക്കുന്നുണ്ട്. ഇവരുടെ സംഘങ്ങള്‍ കലാമണ്ഡലത്തില്‍ നൃത്താവതരണം നടത്തുകയും അതോടൊപ്പം ഇവരുടെ നൃത്തസംഘത്തില്‍ ഇവിടെയുള്ള കഥകളിവിദ്യാര്‍ത്ഥികള്‍ ചേരുകയും ചെയ്യുന്നുണ്ട്. ഗുരുഗോപിനാഥും ആനന്ദശിവറാമും കലാമണ്ഡലം മാധവനുമെല്ലാം ഇങ്ങനെ ഇവരോടൊപ്പം പര്യടനം നടത്തുകയും, ഓറിയന്‍റല്‍ നൃത്തമെന്നും ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സെന്നുമെല്ലാം പലപേരുകളില്‍ വിളിക്കപ്പെട്ട സര്‍ഗ്ഗാത്മകനൃത്തത്തിലേക്ക് ചുവടുവയ്ക്കുകയും ചെയ്തു. കഥകളിയുടെ കളരിബലവും ഉദയശങ്കറിനൊപ്പം പ്രവര്‍ത്തിച്ചുള്ള പരിചയവും മുതല്‍ക്കൂട്ടായുള്ള മാധവന്‍ കലാമണ്ഡലത്തില്‍ പഠിപ്പിച്ച സര്‍ഗ്ഗാത്മകനൃത്തത്തിന്‍റെ സ്വരൂപമോ സ്വഭാവമോ എന്തായിരുന്നുവെന്ന് എവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. എങ്കിലും മാധവിയമ്മയുടെയും കൃഷ്ണപ്പണിക്കരാശാന്‍റെയും കളരിയില്‍നിന്ന് സ്വായത്തമാക്കിയ അഞ്ച് നൃത്തയിനങ്ങളില്‍നിന്ന്3 മോഹിനിയാട്ടത്തെ ഇന്ത്യയുടെ ശാസ്ത്രീയനൃത്തരൂപമായി വളര്‍ത്തിയെടുക്കുന്നതില്‍ മാധവനില്‍നിന്നുമഭ്യസിച്ചതും ഉദയശങ്കറും ഗുരുഗോപിനാഥുമുള്‍പ്പെടെയുള്ള നര്‍ത്തകരില്‍നിന്നു കണ്ടുപരിചയിച്ചതുമായ സര്‍ഗ്ഗാത്മകനൃത്തങ്ങള്‍ കല്യാണിക്കുട്ടിയമ്മയ്ക്ക് തീര്‍ച്ചയായും മുതല്‍ക്കൂട്ടായിട്ടുണ്ടാകും.
മോഹിനിയാട്ടത്തിന് അടവുകളുണ്ടാക്കുകയാണ് അമ്മ ആദ്യം ചെയ്തതെന്ന് കല്യാണിക്കുട്ടിയമ്മയുടെ മകളായ കലാവിജയന്‍ മോഹിനിയാട്ടചരിത്രത്തെ ചുരുക്കിവിവരിക്കുന്ന തന്‍റെ യുട്യൂബ് വീഡിയോയില്‍ പറയുന്നുണ്ട്4. ഭരതനാട്യത്തിന് തഞ്ചാവൂര്‍സഹോദരന്മാര്‍ അടവുകള്‍ ചിട്ടപ്പെടുത്തിയപോലെ ഇതിനുംവേണം എന്ന ബോദ്ധ്യമാണിതിനുപിന്നിലെന്നിവര്‍ സൂചിപ്പിക്കുന്നു. ഇതിനായി പുതിയ ചുവടുകളുണ്ടാക്കുമ്പോള്‍ കൈകൊട്ടിക്കളിയുടെയും കഥകളിയുടെയും ചുവടുകളെ ഉള്ളിലേക്കാവാഹിച്ച് മോഹിനിയാട്ടരൂപത്തിലേക്ക് വാര്‍ത്തെടുക്കുകയാണ് കല്യാണിക്കുട്ടിയമ്മ ചെയ്തതെന്നാണ് കലാവിജയന്‍ പറയുന്നത ്5. കൈകൊട്ടിക്കളിയുടെയും കഥകളിയുടെയും ചുവടുകളില്‍നിന്ന് മോഹിനിയാട്ടത്തിലെ ചുവടുകളുണ്ടാക്കിയതെങ്ങനെയെന്ന് ഉദാഹരണസഹിതം അവര്‍ ഈ വീഡിയോയില്‍ വിവരിച്ചുകാട്ടുന്നുമുണ്ട്. കഥകളിയിലെയും മറ്റും ചുവടുകളെ ലളിതമാക്കുകയോ അനുകരിക്കുകയോ ചെയ്തുകൊണ്ടല്ല, വളരെ സര്‍ഗ്ഗാത്മകമായി പിന്‍തുടര്‍ന്നുകൊണ്ടാണ് കല്യാണിക്കുട്ടിയമ്മ അടവുകള്‍ നിര്‍മ്മിച്ചെടുത്തതെന്ന് ഈ ഉദാഹരണങ്ങള്‍ കാണുമ്പോള്‍ മനസ്സിലാവും. ഈ അടവുകള്‍ക്ക് കല്യാണിക്കുട്ടിയമ്മ ചൊല്ലുകളുണ്ടാക്കിയതായി കലാവിജയന്‍ പറയുന്നുണ്ട്6. ഇങ്ങനെയുള്ള ചൊല്ലുകളും അവ പറയുന്നതിന്‍റെ ഈണവും നോക്കിയാല്‍ ഈ നൃത്തരൂപത്തിന്‍റെ ചലനസ്വഭാവത്തെയും ഊര്‍ജ്ജപ്രവാഹത്തെയും വെളിപ്പെടുത്തുന്നവയാണിവയെന്നു കാണാം.

കല്യാണിക്കുട്ടിയമ്മയുടെ 1978ലിറങ്ങിയ പുസ്തകത്തില്‍ 29 അടവുകളുടെ ചൊല്ലുകളും അവ ചെയ്യുന്നതിന്‍റെ ചിത്രങ്ങളുമാണ് നല്കിയതെങ്കില്‍ രണ്ടാമത്തെ പുസ്തകത്തില്‍ 36 അടവുകളുടെ ചൊല്ലുകളും ചെയ്യേണ്ടവിധവും ചിത്രസഹിതം വിവരിച്ചിട്ടുണ്ട്. ആദ്യപുസ്തകത്തില്‍ ഈ അടവുകളെ തഗണം, ജഗണം, ധഗണം, സമ്മിശ്രം എന്നിങ്ങനെ നാല് ഗണങ്ങളായി വിഭജിക്കുകയും ക്രമപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കില്‍ രണ്ടാമത്തെ പുസ്തകത്തില്‍ ഇതോടൊപ്പം തീര്‍മാന അടവുകള്‍ എന്ന ഒരു വിഭാഗംകൂടി കൂട്ടിച്ചേര്‍ത്തിരിക്കുന്നു. കല്യാണിക്കുട്ടിയമ്മയുടെ ആദ്യപുസ്തകത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന സന്ദര്‍ഭത്തില്‍ അവര്‍ അടവുകളെ ഉണ്ടാക്കുകയും ക്രമപ്പെടുത്തുകയും ചെയ്തതിനെക്കുറിച്ച് കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട് ഇങ്ങനെ പറയുന്നുണ്ട്. പല അടവുകളും പുതുതായി ചിട്ടപ്പെടുത്തുകയും വൃത്തശാസ്ത്രത്തിന്‍റെ ഗണസമ്പ്രദായത്തിന്‍റെ രീതിയില്‍ തരംതിരിക്കുകയും അങ്ങനെ ആകപ്പാടെ ശാസ്ത്രീയത തന്‍റെ പുസ്തകത്തിന് കൈവരുത്തുകയും ചെയ്തിട്ടുണ്ട് (കലാമണ്ഡലം സത്യഭാമ, കലാമണ്ഡലം ലതികാ മോഹന്‍ദാസ്, 2014:vii). കിള്ളിമംഗലത്തിന്‍റെ നിരീക്ഷണത്തെ അടിസ്ഥാനപ്പെടുത്തി നോക്കുകയാണെങ്കില്‍ കവിതയിലുള്ള ജ്ഞാനം തന്നെയാണ് ഭരതനാട്യത്തിന്‍റെ മാതൃകയില്‍ ഇവിടെ അടവുകളെ ക്രമപ്പെടുത്തുന്നതില്‍ ഇവര്‍ക്ക് തുണയാവുന്നത്. വളരെ നിയതമായ ഘടനയെ നിര്‍മ്മിച്ചെടുക്കുകയെന്ന ആധുനികതയുടെ ബോദ്ധ്യം കല്യാണിക്കുട്ടിയമ്മയില്‍ പ്രവര്‍ത്തിക്കുന്നത് ഭരതനാട്യമുള്‍പ്പെടെയുള്ള മാതൃകകളെ ദുര്‍ബലമായി അനുകരിക്കുകയോ ലളിതവല്‍ക്കരിച്ച് സ്വീകരിക്കുകയോ ചെയ്യുക എന്ന രീതിയിലല്ല, സാഹിത്യത്തിലും നൃത്തത്തിലും ഇതരകലകളിലുമുള്ള പലതരം അറിവുകളെ സൂക്ഷ്മമായി നിരീക്ഷിച്ച് പുതിയൊരു മാതൃകയെ നിര്‍മ്മിച്ചെടുക്കുക എന്നനിലയ്ക്കാണ്. അടവുകള്‍ മാത്രമല്ല, പാദങ്ങള്‍, ചാരികള്‍, കരണങ്ങള്‍, എന്നിങ്ങനെ പാഠ്യപദ്ധതിയിലേക്ക് നിരവധി സങ്കേതങ്ങളെ കല്യാണിക്കുട്ടിയമ്മ നിര്‍മ്മിച്ചെടുക്കുന്നുണ്ട്. മോഹിനിയാട്ടത്തിന്‍റെ ചലനസ്വഭാവത്തെയും അടിസ്ഥാന നിയമങ്ങളെയും വിശദീകരിച്ചുകൊണ്ട് ലളിതമധുരമായ മലയാളത്തില്‍ കൊച്ചുകൊച്ചു ശ്ലോകങ്ങള്‍ ശാസ്ത്രഗ്രന്ഥങ്ങള്‍ക്ക് സമാനമായി രചിക്കുകയും ചെയ്യുന്നുണ്ട്.

മോഹിനിയാട്ടത്തിന്‍റെ ചലനനിയമങ്ങളെക്കുറിച്ച് കല്യാണിക്കുട്ടിയമ്മ രചിച്ച ശ്ലോകങ്ങളിലും ശാസ്ത്രീയനൃത്തകലയെന്നനിലയ്ക്ക് ഇവര്‍ ചിട്ടചെയ്തെടുത്ത സങ്കേതങ്ങളായ പാദങ്ങളുടെയും കരണങ്ങളുടെയും പേരുകളിലും കേരളീയപ്രകൃതിയുടെ സൂക്ഷ്മസൗന്ദര്യത്തെ കാണാം. മോഹിനിയാട്ടത്തിന്‍റെ ചലനഭംഗിയെക്കുറിച്ചുള്ള കല്യാണിക്കുട്ടിയമ്മയുടെ നിര്‍ദ്ദേശം ഇങ്ങനെയാണ്.
“ഇളംകാറ്റിലുലഞ്ഞീടും
പിഞ്ചുനെല്‍ച്ചെടിപോലവെ
മൃദുവായ് വരണം ദേഹ-
ചലനം നര്‍ത്തകിക്കയെ” (കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, 1978: 20)
മോഹിനിയാട്ട നര്‍ത്തകി/കന്‍റെ ചലനലാവണ്യത്തെ ഇതിലുമേറെ മനോഹരമായി വാക്കുകളാലെങ്ങനെയാവിഷ്കരിക്കുമെന്ന് തോന്നുംവിധം പിഞ്ചുനെല്‍ച്ചെടിയുടെ ചലനഭംഗികളോട് ചേര്‍ത്തുനിര്‍ത്തി പറഞ്ഞുവച്ചിരിക്കുന്നു. ഭരതന്‍റെ നാട്യശാസ്ത്രത്തെ പിന്‍തുടര്‍ന്ന് മോഹിനിയാട്ടത്തില്‍ കല്യാണിക്കുട്ടിയമ്മ കരണങ്ങളുണ്ടാക്കുമ്പോള്‍ ശലഭയെന്നും മൃഗാംഗിയെന്നുമൊക്കെ പേരുകളിടുന്നതായി കാണാം. ഒരു ശലഭം ചിറകുവിടര്‍ത്തി പറന്നുപോണപോലെയുള്ള ഭാവമായതുകൊണ്ട് ശലഭയെന്നും ചാടാന്‍തുടങ്ങുന്ന മാനിന്‍റെ സ്വഭാവത്തോടു കൂടിയതായതുകൊണ്ട് മൃഗാംഗിയെന്നും പേരുകള്‍ നല്കിയതായി കലാവിജയന്‍ പറയുന്നുണ്ട്7. ഇതേപോലെതന്നെ കല്യാണിക്കുട്ടിയമ്മ അഞ്ച് പാദങ്ങള്‍ (നര്‍ത്തകി അരങ്ങത്തുനടക്കുന്ന രീതിക്കാണ് കല്യാണിക്കുട്ടിയമ്മ പാദങ്ങള്‍ എന്നു പറയുന്നത്) ചിട്ടചെയ്തപ്പോള്‍ ഇവയുടെ സ്വഭാവമനുസരിച്ച് ഹംസപാദം, കുക്കുടപാദം, മയൂരപാദം, മണ്ഡൂകപാദം എന്നിങ്ങനെയുള്ള പേരുകളാണ് നല്കിയത്. തികച്ചും നൈസര്‍ഗ്ഗികതയുള്ള നൃത്തചലനഭംഗികള്‍ തിരഞ്ഞ് ഇസഡോറ ഡങ്കന്‍ കടലിലെ തിരമാലകളിലേക്കുനോക്കിനിന്നപ്പോള്‍8 കേരളത്തിന്‍റെ പ്രകൃതിയുടെ സൂക്ഷ്മസൗന്ദര്യങ്ങളെ മോഹിനിയാട്ടത്തില്‍ കണ്ടെടുക്കുകയായിരുന്നു കല്യാണിക്കുട്ടിയമ്മ.

ഒരു ക്ലാസിക്കല്‍ നൃത്തരൂപമെന്ന നിലയ്ക്ക് എന്തായിരിക്കണം മോഹിനിയാട്ടമെന്നതിനെക്കുറിച്ച് വ്യക്തമായൊരു കാഴ്ചപ്പാട് അവരുടെ പ്രവര്‍ത്തനങ്ങളിലുണ്ടായിരുന്നു. മോഹിനിയാട്ടത്തിന്‍റെ പ്രാദേശിക അസ്ഥിത്വത്തെക്കുറിച്ച് തികഞ്ഞ ബോദ്ധ്യത്തോടെയാണ് ഒരു ദേശീയരൂപമായി ഇതിനെ ചിട്ടപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ കല്യാണിക്കുട്ടിയമ്മ നടത്തിയത്. കേരളകലാമണ്ഡലത്തോട് സംവാദാത്മകവും ചിലപ്പോഴൊക്കെ സംഘര്‍ഷഭരിതവുമായ ഒരു ബന്ധം ഈ പ്രവര്‍ത്തനങ്ങളിലവര്‍ സൂക്ഷിക്കുന്നുണ്ട്.

കലയെന്നത് സാര്‍വ്വകാലികമായും സാര്‍വ്വലൗകികമായും ആസ്വദിക്കപ്പെടുന്ന ഒന്നല്ല. അറിവും ആസ്വാദനശേഷിയും ഇതിനെ നിര്‍ണ്ണയിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ സാമൂഹികമായും സാംസ്കാരികമായും വൈകാരികമായുമുള്ള രൂപപ്പെടല്‍ ആസ്വാദനശേഷിയിലിടപെടുന്നുമുണ്ട്.
തന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ കല്യാണിക്കുട്ടിയമ്മ ഒരു നൃത്തരൂപത്തെ പുനര്‍നിര്‍മ്മിച്ചെടുക്കുക മാത്രമായിരുന്നില്ല, ഒരു കാലഘട്ടത്തിന്‍റെ ഭാവുകത്വത്തെ രൂപപ്പെടുത്തിയെടുക്കുക കൂടിയാണ് ചെയ്തത്. പുരസ്കാരശോഭകള്‍ വളരെ അപൂര്‍വ്വമായി ആ ജീവിതത്തില്‍ കടന്നുവന്നിട്ടുണ്ട്. ലഭിച്ച ദേശീയപുരസ്കാരങ്ങളേക്കാളും മഹത്വമാര്‍ന്നതായിരുന്നു ആ പ്രതിഭ. തന്‍റെ കലയിലൂടെയും കലാപങ്ങളിലൂടെയും ഒരു സമൂഹത്തില്‍ സൗന്ദര്യാനുഭവംനിറച്ച വ്യക്തിത്വം. ആക്ഷേപങ്ങളുടെയും അവഹേളനങ്ങളുടെയും അവമതികളുടെയും തീയില്‍കുരുത്ത ആ ജീവിതം സപ്തര്‍ഷിമണ്ഡലത്തിലരുന്ധതീതാരകംപോലെ ശോഭയാര്‍ന്നുനില്ക്കുന്നു.
കുറിപ്പുകള്‍
1. കല്യാണിക്കുട്ടിയമ്മയുടെ നമ്മളൊന്നായാല്‍ എന്ന നൃത്തനാടകത്തില്‍ ജന്‍മി-കുടിയാന്‍ ബന്ധവും കര്‍ഷകരുടെ ജീവിതവുമാണ് ആവിഷ്കരിച്ചിരിക്കുന്നത്.
2. കലാമണ്ഡലത്തിലെ അഭ്യസനത്തെക്കുറിച്ച് കല്യാണിക്കുട്ടിയമ്മ മോഹിനിയാട്ടം: ചരിത്രവും ആട്ടപ്രകാരവും എന്ന പുസ്തകത്തിലെഴുതിയ ഓര്‍മ്മക്കുറിപ്പുകളില്‍ വിവരിക്കുന്നുണ്ട്. പുറം 55-65
3. ചൊല്‍ക്കെട്ട്, ഭൈരവി ജതിസ്വരം, യദുകുലകാംബോജി വര്‍ണ്ണം, പുന്നാഗവരാളി പദം, ആരഭിതില്ലാന, എന്നിവയാണ് കൃഷ്ണപ്പണിക്കരാശാനില്‍നിന്നും പഠിച്ച ഇനങ്ങളെന്ന് കല്യാണിക്കുട്ടിയമ്മ പറയുന്നുണ്ട്(കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, 1992: 59).
4. https://youtu.be/VcxyFB7I7pE
5. അതേ ലിങ്ക്.
6. അതേ ലിങ്ക്.
7. അതേ ലിങ്ക്.
8. ഇസഡോറ ഡങ്കന്‍റെ എഴുത്തുകളില്‍ എപ്പോഴും ആവര്‍ത്തിച്ചുവരുന്ന അനുഭവവും രൂപകവുമാണ് കടല്‍. തന്‍റെ വിഖ്യാതമായ ആത്മകഥയിലുടനീളം അവര്‍ കടലിന്‍റെ അനുഭവങ്ങളെഴുതുന്നുണ്ട്. ഭാവിയുടെ നര്‍ത്തകി/കന്‍ എന്ന ലേഖനം ഡങ്കനാരംഭിക്കുന്നതുതന്നെ കടല്‍ എന്ന രൂപകത്തില്‍ നിന്നാണ്. കടലിന്‍റെയും കാറ്റിന്‍റെയും ജന്തുജാലങ്ങളുടെയും നൈസര്‍ഗ്ഗികമായ ചലനവിശേഷങ്ങളെ ഇവരിതില്‍ നിരീക്ഷിക്കുന്നു.

ഗ്രന്ഥസൂചി :

ആനി ജോണ്‍സന്‍, 2012, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
2. കല്യാണിക്കുട്ടിയമ്മ, കലാമണ്ഡലം,1978, മോഹിനിയാട്ടം, കോട്ടയം: സാഹിത്യപ്രവര്‍ത്തക സഹകരണസംഘം.
3. കല്യാണിക്കുട്ടിയമ്മ, കലാമണ്ഡലം,1992, മോഹിനിയാട്ടം : ചരിത്രവും ആട്ടപ്രകാരവും, കോട്ടയം: ഡി.സി. ബുക്സ്.
4. വേണു. ജി, നിര്‍മ്മലാ പണിക്കര്‍, 2004, മോഹിനിയാട്ടം : ആട്ടപ്രകാരവും മുദ്രകളും, ഇരിങ്ങാലക്കുട:  നടനകൈരളി.
5. സത്യഭാമ, കലാമണ്ഡലം, ലതിക, കലാമണ്ഡലം, മോഹിനിയാട്ടം : ചരിത്രം സിദ്ധാന്തം പ്രയോഗം, കോഴിക്കോട് : മാതൃഭൂമി ബുക്സ്.
6.Duncan, Isadora,1996(2002), ‘The Dancer of the Future’in Teresa Brayshaw and Novel Witts (eds.), The Twentienth Century Performance Reader, New York:  Routledge.

 

കാലടി സംസ്കൃതസര്‍വ്വകലാശാല മോഹിനിയാട്ടം അദ്ധ്യാപിക

COMMENTS

COMMENT WITH EMAIL: 0