ഫെബ്രുവരി 2017 ഞങ്ങളുടെ മനസ്സില്‍ പതിഞ്ഞ മാസമാണ്. ചലച്ചിത്രമേഖലയില്‍ ജോലി ചെയ്യുന്ന നമ്മളില്‍ പലരും കൂട്ടമായ നിശബ്ദതയില്‍ നിന്ന് കുലുങ്ങി പുറത്തുവരാന്‍ നിര്‍ബന്ധിതരായ മാസം. കുറ്റകൃത്യത്തെ തുടര്‍ന്നുള്ള ആഴ്ചകളില്‍ ഒരു ഭയാനകമായ നാടകം അനാവരണം ചെയ്യപ്പെടുന്നതാണ് ഞങ്ങള്‍ കണ്ടത്. അന്ന് ഞങ്ങളില്‍ ചിലര്‍ ആദ്യമായാണ് മനോഭാവത്തിലും എണ്ണത്തിലും പുരുഷാധിപത്യം നിലനില്‍ക്കുന്ന ഒരു വ്യവസായത്തിലെ സ്ത്രീകളായിരിക്കുന്നതിനെക്കുറിച്ച് അര്‍ത്ഥവത്തായ സംഭാഷണങ്ങള്‍ നടത്തി തുടങ്ങുന്നത്. സ്വാഭാവികമായി, മറ്റു ആധുനിക സാമൂഹിക പ്രസ്ഥാനങ്ങളെപ്പോലെ ഞങ്ങളുടെ തുടക്കവും സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായിരുന്നു – ആദ്യം ഉണ്ടായത് ഒരു watsapp ഗ്രൂപ്പാണ്. നമ്മളെല്ലാവരും ചെറിയ ദ്വീപുകളായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത് എന്ന തിരിച്ചറിവാണ് ആദ്യമുണ്ടായത്… ഞങ്ങളുടെ പ്രൊഫഷണല്‍ പ്രശ്നങ്ങളെക്കുറിച്ച് സ്വകാര്യ രഹസ്യങ്ങള്‍ എന്ന മട്ടിലാണ് ഞങ്ങളോരുരുത്തരും കരുതിയിരുന്നത്. പരസ്പരം സംസാരിച്ചപ്പോഴാണ് ഒറ്റപ്പെടല്‍ കുറയുന്നതായി തോന്നിയതും ഇവയിലെ സാമാന്യത ഞങ്ങള്‍ക്ക് കണ്ടെത്താനായതും.
ഞാന്‍ മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഈ മൂന്ന് പതിറ്റാണ്ടു കാലത്ത് അനുഭവിച്ച ഏകാന്തതയെക്കുറിച്ചും അത് അതിസാധാരണമായി കണക്കാപ്പെടുന്നതില് എന്റെ അതിശയത്തെ കുറിച്ചും അവിടെ സംസാരിച്ചു.
ഈ സംഭാഷണങ്ങളില്‍ നിന്ന് വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് ഉയര്‍ന്നുവന്നു. പൂര്‍ണ്ണമായും രൂപപ്പെട്ട ആശയങ്ങളല്ല, ആശയക്കുഴപ്പത്തിലായ പര്യവേക്ഷണങ്ങളായിരുന്നു ആദ്യം ഉണ്ടായത്. ഞങ്ങള്‍ അക്കാലത്ത് ഞങ്ങളുടെ സഹപ്രവര്‍ത്തകയെ പിന്തുണയ്ക്കാനും ഈ സംഭാഷണങ്ങളില്‍നിന്ന് പുതിയ അര്ത്ഥങ്ങളുണ്ടാക്കാനും ആഗ്രഹിച്ചു. വലിയ ചലച്ചിത്ര സമൂഹത്തിന്റെ പിന്തുണ ഞങ്ങള്‍ക്ക് ആവശ്യമായിരുന്നു. കൂടാതെ ഈ വിഷയങ്ങളുടെ അടിയന്തിരാവസ്ഥയെക്കുറിച്ച് ബോദ്ധ്യപ്പെടുത്താന്‍ സര്‍ക്കാരിനെ സമീപിക്കുക എന്ന തീരുമാനത്തിലെത്തി.
ഗ്രൂപ്പിന്റെ ഘടന ജൈവികമായി ഉണ്ടായി വന്നു. സ്ത്രീകള്‍ പതുക്കെ ഇടപെട്ടു തുടങ്ങി. കാവല്ക്കാരില്ലായിരുന്നെങ്കിലും, ഒരിക്കലും ചര്‍ച്ച ചെയ്യപ്പെടാതിരുന്ന പ്രശ്നങ്ങളെക്കുറിച്ചും ആശങ്കകളെക്കുറിച്ചും പലരും സംസാരിച്ചുതുടങ്ങിയതിനാല് പരസ്പര വിശ്വാസത്തിന്റെ ആവശ്യമുണ്ടായിരുന്നു. സെറ്റുകളിലെ സുരക്ഷയെക്കുറിച്ചും ഓണ്‍ലൈന്‍ അബ്യൂസുകളെക്കുറിച്ചും എന്നു തുടങ്ങി അതുവരെ ചര്‍ച്ചചെയ്യപ്പെടാത്ത പല പ്രശ്നങ്ങളില്‍ ഒന്നു മാത്രമായിരുന്നു ലൈംഗിക ചൂഷണം. സ്വന്തം തൊഴിലിലുള്ള ചങ്ങാതിമാരുടെ കൂട്ടായ്മ ഉണ്ടാക്കാന്‍ പറ്റിയതിന്റെ സന്തോഷവും ഉണ്ടായി.
ചലച്ചിത്രമേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ കാര്യത്തില്‍ ഒരു കണക്കും നിലവില്‍ ലഭ്യമല്ല എന്ന് ഈ സംഭാഷണങ്ങളില്‍ ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പറ്റി. സിനിമകളുടെ ഉള്ളടക്കത്തെക്കുറിച്ച് അത്രയധികം പഠനങ്ങള്‍ നിലവിലുള്ളപ്പോള്‍ സെലിബ്രിറ്റികളോ മറ്റു പ്രത്യേകതകളില്ലാത്തവരോ ആയ ഈ വ്യവസായത്തിലെ സ്ത്രീ തൊഴിലാളികള്‍ മിക്കവാറും അദൃശ്യരാണ്. യൂണിയനോ മറ്റു അസോസിയേഷനുകളോ കൂടുന്ന മീറ്റിംഗുകളില്‍ ഞങ്ങളുടെ പ്രശ്നങ്ങളോ ആശങ്കകളോ ഒരിക്കലും അഭിസംബോധന ചെയ്യപ്പെട്ടിട്ടില്ല.
കേസന്വേഷണവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്കുണ്ടായിരുന്ന ആശങ്കകളെക്കുറിച്ചും ഈ തൊഴില്‍ രംഗത്തെ സ്ത്രീതൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിക്കേണ്ടതിന്റെ അടിയന്തിരമായ ആവശ്യത്തെക്കുറിച്ചും കേരള മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് രേഖാമൂലം സമര്‍പ്പിക്കാനുള്ള തീരുമാനം ഒരു കൂട്ടായ്മ എന്ന നിലയിലും സിനിമാവ്യവസായത്തെ സംബന്ധിച്ചും ഒരു നാഴികക്കല്ലായിരുന്നു.
അന്നുണ്ടായിവന്ന മാധ്യമശ്രദ്ധയും വ്യവസായത്തിനുള്ളില്‍ നിന്നുള്ള പ്രതികരണവും ഞങ്ങള്‍ക്ക് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നില്ല. ഓര്‍ത്തുനോക്കുമ്പോള്‍ ആ പെട്ടന്നുണ്ടായ പൊതുജന ശ്രദ്ധ, സംഭവിക്കേണ്ടിയിരുന്ന ഒരു നിമിഷമാണെന്ന് മനസ്സിലാവുന്നു… ഞങ്ങള്‍ ചരിത്രപരമായ ഒരു നിമിഷത്തിലേക്ക് എത്തിപ്പെട്ടിരുന്നു… മലയാള സിനിമ വീണ്ടും മുന്‍നിരയില്‍!
ഞങ്ങളുടെ ചിന്തകളുടെ ആദ്യത്തെ ദൃഢമായ ആവിഷ്കാരമായിരുന്നു മുഖ്യമന്ത്രിക്കുള്ള കത്ത്. ആ കത്തില്‍ നടന്നുകൊണ്ടിരുന്ന അന്വേഷണത്തില്‍ സമയബന്ധിതമായി നടപടിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മലയാള ചലച്ചിത്ര വ്യവസായത്തിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു കമ്മീഷന്റെ ആവശ്യകതയെക്കുറിച്ചുമാണ് ഉണ്ടായിരുന്നത്. ചില അടിസ്ഥാന തൊഴില്‍ ആനുകൂല്യങ്ങള്‍ സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ടുവെന്ന് ഞങ്ങള്‍ ചൂണ്ടിക്കാട്ടി. ഈ വ്യവസായത്തില്‍ നിലവിലുള്ള ഓഴിവാക്കല് മനോഭാവത്തെക്കുറിച്ചും സ്ത്രീകള്‍ക്ക് സുരക്ഷിതമായി പ്രവര്‍ത്തിക്കാനുള്ള ചില സംവിധാനങ്ങളുടെയും സുരക്ഷിതമായ പരിസ്ഥിതിയുടെയും അഭാവത്തെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു.
മലയാള ചലച്ചിത്ര വ്യവസായത്തിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ മൂന്ന് അംഗങ്ങളുള്ള ഹേമ കമ്മീഷന് രൂപീകരിച്ചു. അത് ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് തന്നത്. ജസ്റ്റിസ് ഹേമയും മറ്റ് രണ്ട് അംഗങ്ങളും വ്യവസായത്തില്‍ നിന്നുള്ള നിരവധി സ്ത്രീകളെ സന്ദര്‍ശിച്ച് വളരെ വിശദമായി സാക്ഷ്യങ്ങളും മറ്റു വിവരങ്ങളും രേഖപ്പെടുത്തി. ഡബ്ല്യു.സി.സിക്ക് ഇത് വലിയ പ്രതീക്ഷയുടെ കാലഘട്ടമായിരുന്നു. ഈ റിപ്പോര്‍ട്ട് കാണുമ്പോള്‍ സര്‍ക്കാര്‍ ചില സംവിധാനങ്ങള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും എന്ന് ഞങ്ങള്‍ വിശ്വസിച്ചു.
കേസിലെ നാടകീയമായ വഴിത്തിരിവുകളുമായി ഏതാണ്ട് പൊരുത്തപ്പെടുന്ന രീതിയില്‍ ‘വെളിപ്പെടുത്തലു’കളും പുരുഷ സഹപ്രവര്‍ത്തകരുടെ പൂര്‍ണ്ണ അവിശ്വാസവും തുടര്‍ന്നുകൊണ്ടിരുന്നു. വ്യവസായത്തിലെ പ്രതികരണം ആദ്യം ഊഹക്കച്ചവടമായിരുന്നു, പിന്നീടത് പൂര്‍ണമായ ഒഴിവാക്കലായി. വ്യവസായം ആരെയാണ് ഇഷ്ടപ്പെടുന്നതെന്നും പിന്തുണയ്ക്കുന്നതെന്നും വ്യക്തമായിരുന്നു.
ഡബ്ല്യുസിസിയില്‍ നിന്നുള്ള അംഗങ്ങള്‍ ആദ്യമായി വ്യവസായത്തിലെ പുരുഷ മേധാവിത്വത്തെ ചോദ്യം ചെയ്തു. രണ്ട് അംഗങ്ങള്‍ ‘അമ്മ’യില്‍ നിന്ന് രാജിവച്ചു, ചിലര്‍ നീണ്ട ചര്‍ച്ച മുന്നോട്ടുകൊണ്ടുപോയി. എന്നാല്‍ ആഴത്തിലുള്ള ചോദ്യങ്ങള്‍ക്ക് ഇന്നും ഉത്തരം ലഭിച്ചിട്ടില്ല. അംഗങ്ങളെപ്പോലും അറിയിക്കാതെ ഒരു ഐസി (ഇന്റര്‍ണല്‍ കമ്മിറ്റി) ഉണ്ടാക്കികൊണ്ട് അമ്മ പ്രതികരിച്ചു. മാധ്യമങ്ങള്‍ ഈ ആശയത്തെ ഇത്തിരി മസാല ചേര്‍ത്താണ് സ്വാഗതം ചെയ്തത്. എങ്കിലും ഞങ്ങള്‍ എന്താണെന്ന് മനസിലാക്കുന്ന ധാരാളം പേരുണ്ടായിരുന്നു, സമാനമായ പോരാട്ടങ്ങളിലൂടെ കടന്നുപോയവരുണ്ടായിരുന്നു.
ഞങ്ങള്‍ തുടങ്ങിയ ‘അവള്‍ക്കൊപ്പം’ കാമ്പെയ്നിനായി ഞങ്ങള്‍ സാധ്യമായ എല്ലാ ഫോറങ്ങളിലും പിന്തുണ ഉണ്ടാക്കാന്‍ ആരംഭിച്ചു. അംഗങ്ങള്‍ പലയിടങ്ങളിലും എഴുന്നേറ്റു നിന്ന് സംസാരിച്ചു. കേസ് എങ്ങനെയാണ് മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് ഞങ്ങള്‍ നിരന്തരം ജാഗരൂകരായിരുന്നു. അപകീര്‍ത്തിപ്പെടുത്തുന്നതോ അവഹേളിക്കുന്നതോ ആയ പല സന്ദര്‍ഭങ്ങളിലും ഞങ്ങള്‍ വനിതാ കമ്മീഷനെ അറിയിച്ചു. അതുവരെ അവഗണിക്കപ്പെട്ട പല ആശങ്കകളും ശക്തമായി ഞങ്ങള്‍ ഉന്നയിച്ചു. കേരളത്തിലെ ചലച്ചിത്ര വ്യവസായം അതിന്റെ 90ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പോലും ലിംഗപരമായ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിലുണ്ടായിട്ടുള്ള അഭാവം വ്യക്തമാണ്.
ഞങ്ങള്‍ ഒരു ഓര്‍ഗനൈസേഷനായി 2017 നവംബറില്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്തു. ഞങ്ങളുടെ ദൗത്യവും ദര്‍ശനവും ഞങ്ങളുടെ മെമ്മോറാണ്ടത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
അംഗത്വ പരിപാടിയിലൂടെ മലയാള ചലച്ചിത്ര വ്യവസായത്തിലെ ലിംഗസമത്വവുമായി ബന്ധപ്പെട്ട് അവബോധം വളര്‍ത്തുക, പ്രചരണം നടത്തുക, വാദിക്കുക എന്നതായിരുന്നു പ്രധാന കാര്യങ്ങള്‍. ഞങ്ങള്‍ ആവേശഭരിതരും മുന്നോട്ടുപോകാന്‍ തയ്യാറായവരുമായിരുന്നു!
ആ ഡിസംബറിലെ 22-ാമത് ഐ.എഫ്.എഫ്.കെ. രജിസ്ട്രേഷനു ശേഷമുള്ള ഞങ്ങളുടെ ആദ്യത്തെ പൊതുപരിപാടി ആയിരുന്നു. ഞങ്ങള്‍ ഒരു സ്റ്റാളിനായി പണം സ്വരൂപിച്ചു, ലിംഗഭേദം സംബന്ധിച്ച് ഒരു ചെറിയ ലഘുലേഖ തയ്യാറാക്കി, ഒരു സിഗ്നേച്ചര്‍ കാമ്പെയ്നും നടത്തി. ഞങ്ങള്‍ വ്യവസായത്തിലെ “ലിംഗപരമായ പ്രശ്നങ്ങള്‍” സംബന്ധിച്ച് ഒരു ഓപ്പണ്‍ ഫോറവും നടത്തി.
ഫോറത്തിന് ശേഷം എല്ലാ നരകവും അഴിഞ്ഞുവീണു. ഫിലിമിലെ ഉള്ളടക്കത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൂര്‍ണ്ണമായും തെറ്റിദ്ധരിപ്പിക്കപ്പെടുകയും തെറ്റായി ചിത്രീകരിക്കപ്പെടുകയും ചെയ്തു. വ്യവസായത്തെത്തന്നെ രണ്ടായി വിഭജിച്ച പോലെയായിരുന്നു അത്! അശ്ലീല വ്യക്തിഗത ട്രോളിംഗിനും വിമര്‍ശനത്തിനും പുറമെ ഓര്‍ഗനൈസേഷനെ അവഹേളനത്തോടും സംശയത്തോടും കൂടി പലരും കണ്ടു. ഈ ചോദ്യങ്ങള്‍ മുമ്പൊരിക്കലും ഉന്നയിക്കപ്പെട്ടിട്ടില്ലേ? പിന്നെ എന്തിനാണ് ഞങ്ങള്‍ക്ക് ഇത്രയും അപമാനം ഏല്‍ക്കേണ്ടിവന്നത് ?
ഞങ്ങള്‍ ഒരു ഐവറി ടവറില്‍ നിന്ന് സംസാരിക്കുന്ന, വ്യവസായത്തില്‍ പ്രത്യേക പദവിയുള്ള വരേണ്യ സ്ത്രീകളാണെന്നായിരുന്നു കടുത്ത വിമര്‍ശനം. സത്യത്തില്‍ നിന്ന് വളരെ അകലെയായിരുന്നു അത്. ഞങ്ങളും മറ്റ് സഹപ്രവര്‍ത്തകരെപ്പോലെ നിരന്തരം സമരം, കഠിനാധ്വാനം, പ്രതികൂല സാഹചര്യങ്ങള്‍ എന്നിവയിലൂടെ വ്യക്തിഗത സ്ഥലങ്ങള്‍ ഉണ്ടാക്കിയവരാണ്. ഞങ്ങളില്‍ പലരും സുരക്ഷിതരായിരുന്നില്ല, പലരും ആശയക്കുഴപ്പത്തിലായിരുന്നു. പക്ഷെ ചങ്ങാതിമാരുമായി ഇത്തരം വിഷയങ്ങള്‍ സംസാരിക്കാനും പങ്കിടാനും ഏത് ഫോറത്തിലും ചര്‍ച്ചചെയ്യാനുമുള്ള തിരഞ്ഞെടുപ്പാണ് ഞങ്ങളെ വ്യത്യസ്ഥരാക്കിയത്. ഞങ്ങള്‍ക്ക് ധാരാളം പിന്തുണക്കാര് ഉണ്ടായിരുന്നു, പക്ഷേ എല്ലായ്പ്പോഴും എതിരാളികളുടെ ശബ്ദങ്ങളാണ് ഉച്ചത്തില്‍ കേട്ടതും കേള്‍ക്കപ്പെട്ടതും.
കൂട്ടായ്മയുടെ രൂപവത്കരണത്തെ പലരും പിറുപിറുത്തുകൊണ്ട് സ്വാഗതം ചെയ്തു. കേസ് പിന്തുണയ്ക്കേണ്ടതുണ്ട്, സൗകര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്, അത് അംഗീകരിക്കപ്പെടാന്‍ താരതമ്യേന എളുപ്പമായിരുന്നു. എന്നാല്‍ ആണ്‍മനോഭാവം ചോദ്യം ചെയ്യപ്പെട്ടത് പലര്‍ക്കും ഭീഷണിയായി. ഇതിനൊരുപാട് ദോഷങ്ങളുണ്ടായി. കൂട്ടായ്മയുടെ രൂപീകരണം കൊണ്ട് എല്ലാവര്ക്കും വ്യക്തിഗതമായ നഷ്ടങ്ങളുണ്ടായി.
സുരക്ഷയും പരിഹാര സംവിധാനങ്ങളും ആയിരുന്നു അടിയന്തര പ്രശ്നങ്ങള്‍. ഈ തൊഴില്‍ ശൃംഖലയില്‍ ആരാണ് എല്ലാ തൊഴിലാളികളുടെയും, പ്രത്യേകിച്ചും സ്ത്രീകളുടെ സുരക്ഷയ്ക്ക് ഉത്തരവാദി? ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഇടങ്ങളുണ്ടോ, സംവിധാനങ്ങളുണ്ടോ? വ്യവസായത്തില്‍ സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് വിവിധ തരത്തിലുള്ള പരാതികള്‍ ഞങ്ങള്‍ക്ക് വീണ്ടും വീണ്ടും ലഭിച്ചുകൊണ്ടിരുന്നു. ഇവ ‘നിസ്സാരമായ’, വിചിത്രമായി സ്പര്‍ശിക്കുന്നതിനെക്കുറിച്ചുള്ള പ്രശ്നങ്ങള്‍, അനാവശ്യമായ എസ് എം എസ് ലഭിക്കുന്നതിനെക്കുറിച്ചുള്ള വിഷയങ്ങള്‍ എന്നിവയില്‍ തുടങ്ങി കൂടുതല്‍ ഗുരുതരമായ ലൈംഗിക പീഡന പരാതികള്‍ വരെ പലതുമായിരുന്നു.
Sexual Harassment of Women at Workplace (Prevention, Prohibition and Redressal) Act,, 2013 ന്റെ സുപ്രീംകോടതി വിധി പ്രകാരം സ്ത്രീകള്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലിടങ്ങളിലും
ആഭ്യന്തര സമിതികള്‍ (IC) നിര്‍ബന്ധമാണ്. അത്തരമൊന്ന് നിലവിലില്ലാത്ത സാഹചര്യത്തില്‍ തൊഴില്‍ സ്ഥലത്തിന്റെ ജില്ലാ ഭരണകൂടത്തിനാണ് ഈ വിഷയങ്ങളില്‍ ഉത്തരവാദിത്തം.
ഇത്തരം വിഷയങ്ങളില്‍ ഒരു വ്യവസ്ഥ ഉണ്ടാക്കാനായി ഈ വ്യവസായത്തിലെ നിലവിലുള്ള യൂണിയനുകളുമായും അസോസിയേഷനുകളുമായും ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ ആഗ്രഹിച്ചു.
ഈ ആഗ്രഹത്തെ ഇല്ലാതാക്കിയത് ഒരു പ്രത്യേക ആരോപണത്തിനു ശേഷമാണ്… മലയാള സിനിമയുടെ “നല്ല” പേര് ഡബ്ല്യുസിസി ചെളിയിലൂടെ വലിച്ചിടുകയായിരുന്നു എന്നതാണത്! ഒരു കോടതിയെ സമീപിക്കുക എന്നതായിരുന്നു ഏക പോംവഴി. സിനിമവ്യവസായത്തില് പോഷ് ആക്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യു.സി.സി 2019 ല്‍ പൊതുതാല്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. കേസ് നടന്നുകൊണ്ടിരിക്കുന്നു.
പല സംഭവങ്ങളും സംഘടനയുടെ ജനനത്തെ വളരെയധികം പ്രക്ഷുബ്ധമാക്കി. എന്നാല്‍ ഗ്രൂപ്പിനുള്ളിലെ ഞങ്ങളുടെ ബന്ധങ്ങളെ അത് ശക്തമാക്കി. ശക്തരായ സ്ത്രീ പ്രൊഫഷണലുകള്‍ സമ്മര്‍ദ്ദത്തില്‍ ഒത്തുചേര്‍ന്നതിനാല്‍ ഞങ്ങള്‍ക്ക് പര്യവേക്ഷണങ്ങള്‍ ഞങ്ങളുടെതാക്കേണ്ടതുണ്ടായിരുന്നു.. പരസ്പരം അഭിപ്രായങ്ങളും വിശ്വാസവും ഉണ്ടാക്കേണ്ടതുണ്ടായിരുന്നു.. ലിംഗപരമായ പ്രശ്നങ്ങള്‍ മുമ്പത്തേക്കാള്‍ വളരെ ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ടായിരുന്നു… പിന്തുടരാന് ഉദാഹരണങ്ങളൊന്നുമില്ല, ഉപദേശിക്കാനും ആരുമില്ല. ഒരു പിന്തുണാ ഗ്രൂപ്പാകണോ? നാമെല്ലാവരും ഒരേ രാഷ്ട്രീയം പങ്കിടുന്നുണ്ടോ? ഒരു ബഹുജന അധിഷ്ഠിത സംഘടനയാവണോ? എന്താണ് സംഘടനയുടെ ദൗത്യം / ദര്‍ശനം? ഞങ്ങള്‍ ഒരു ട്രസ്റ്റായി അല്ലെങ്കില്‍ ഒരു അസോസിയേഷനായി രജിസ്റ്റര്‍ ചെയ്യണോ? പ്രായോഗികതയ്ക്ക് പുറമെ ആഴത്തിലുള്ള ചോദ്യങ്ങളായിരുന്നു കൂടെയുള്ളത്… സ്ത്രീ ശബ്ദങ്ങള്‍ക്കുള്ള ഇടം വേണം… ഞങ്ങള്‍ പ്രവര്‍ത്തിച്ച സിനിമകളുടെ ഉള്ളടക്കത്തോടുള്ള ഉത്തരവാദിത്തം… ഒരു ഫെമിനിസ്റ്റ് എന്നതിന്റെ അര്‍ത്ഥം… അനന്തമായ ചോദ്യം ചെയ്യലും ചര്‍ച്ചകളും ആയിരുന്നു. പരിഹാരത്തിനും പരാതി സംവിധാനങ്ങള്‍ക്കും പുറമെ ധാരാളം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു…സെറ്റുകളിലെ സൗകര്യങ്ങളുടെ പ്രശ്നം, സ്ത്രീകളോടുള്ള മനോഭാവം, സഹപ്രവര്‍ത്തകര്‍, കരാറുകള്‍, പ്രതിഫലം, നയത്തിലെ പ്രാതിനിധ്യം. കമ്മിറ്റികളോ തിരഞ്ഞെടുക്കപ്പെട്ട ബോഡികളോ അവരുടെ കാഴ്ചപ്പാടുകള്‍ കേള്‍ക്കുന്നതിന് വളരെ കുറച്ച് വനിതാ അംഗങ്ങള്‍ക്ക് മാത്രമേ അവസരം ലഭിക്കൂ. ചലച്ചിത്ര വ്യവസായത്തിലെ എല്ലാ സ്ഥാപനങ്ങളിലും ഒരു നിര്‍ബന്ധിത ശതമാനം സ്ത്രീപ്രാതിനിധ്യമാണ് ഡബ്ല്യു.സി.സി ആവശ്യപ്പെടുന്നത്.
മലയാളത്തില്‍ ചലച്ചിത്ര വ്യവസായത്തില്‍ സ്ത്രീകളുടെ അഭാവത്തെക്കുറിച്ചും ഞങ്ങള്‍ വളരെയധികം ആശങ്കാകുലരായിരുന്നു. വളരെ കുറച്ച് സ്ത്രീകള്‍ മാത്രമാണ് ഈ തൊഴില്‍ ഏറ്റെടുക്കുന്നത്, മുന്നോട്ടു പോവുന്നത്. മറ്റ് ഭാഷാ ഫിലിം ഇന്‍ഡസ്ട്രീസ് പ്രത്യേകിച്ച് ബംഗാളിയിലും ഹിന്ദിയിലുമൊക്കെ കൂടുതല്‍ കൂടുതല്‍ സ്ത്രീകള്‍ പ്രവേശിക്കുന്ന കാലത്ത്
മലയാള വ്യവസായം കൂടുതല്‍ യാഥാസ്ഥിതികമായാണ് കാണപ്പെടുന്നത്.
അഥവാ ഉണ്ടെങ്കില്‍ത്തന്നെ ആര്‍ട്ടിസ്റ്റ്, മേക്കപ്പ്, വസ്ത്രധാരണം മുതലായ സാമ്പ്രദായിക ‘പെണ്’ ജോലികളിലാണ് കൂടുതല്‍ പേരുമുള്ളത്. ഞങ്ങളുടെ കുറച്ച് അംഗങ്ങള്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിലര്‍ സാങ്കേതിക വിദഗ്ധരാണ്. പക്ഷേ നിര്‍ണായക ജോലികളില്‍, മലയാള ഫിലിം പ്രൊഡക്ഷനിലും പോസ്റ്റ് പ്രൊഡക്ഷനിലും പുരുഷന്മാരാണ് ആധിപത്യം പുലര്‍ത്തുന്നത്. ഇത് അടിസ്ഥാനപരമായ ഒരു പ്രശ്നമായാണ് ഞങ്ങള്‍ മനസിലാക്കുന്നത്. കൂടുതല്‍ സ്ത്രീകളില്ലെങ്കില്‍ മാറ്റം ബുദ്ധിമുട്ടായിരിക്കും. മാറ്റേണ്ട മനോഭാവങ്ങളെ തിരിച്ചറിഞ്ഞ് ഞങ്ങള്‍ തൊഴിലില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് പ്രോത്സാഹനം നല്കുന്നു. പരിശീലനം വഴിയും, വ്യക്തിപരമായ പ്രോത്സാഹനം വഴിയും, സര്‍ക്കാര്‍ ഇടപെടലോടുകൂടിയും ഈ വിഷയത്തില്‍ ഒരു മാറ്റമുണ്ടാക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് ഡബ്ല്യുസിസിയുടെ ജാലകമാണ്, പലപ്പോഴും എഫ്ബി ഗ്രൂപ്പിനുള്ളില്‍ നടന്നതെല്ലാം പ്രതിഫലിപ്പിക്കുന്നില്ല.
2018 ലും 2019 ലും ഡബ്ല്യുസിസി രണ്ട് പ്രധാന കോണ്‍ഫറന്‍സുകള്‍ നടത്തി. ആദ്യമായി മലയാള സിനിമയുടെ എല്ലാ മേഖലകളില്‍ നിന്നുമുള്ള സ്ത്രീകള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വന്ന് ആഖ്യാനം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ, അവരുടെ മാറ്റത്തിനുള്ള കാര്‍മികത്വം ഏറ്റെടുത്തുകൊണ്ട് അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. ഇത് മാറ്റത്തെക്കുറിച്ചുള്ള ശുപാര്‍ശകളോടെ വിശദമായി റിപ്പോര്‍ട്ടുണ്ടാക്കുക എന്ന ഒരു ഫലത്തിന് കാരണമായി. രണ്ടു സമ്മേളനങ്ങളും സാഹോദര്യത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്ന പ്രധാന സംഭവങ്ങളായിരുന്നു. ഫിലിം ഇന്‍ഡസ്ട്രിയില്‍ മുമ്പ് നടന്ന ഒന്നുപോലെയുമായിരുന്നില്ല.
ഹേമ കമ്മീഷന് 2020 ആദ്യ ആഴ്ചയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അവരുടെ പഠനം എന്താണെന്ന് അറിയാനും മനസിലാക്കാനും ഞങ്ങള്‍ ആകാംഷയോടെ കാത്തിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്നുവരെ, ആവര്‍ത്തിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ക്കു ശേഷവും ഡബ്ല്യുസിസിയുമായി അവര്‍ റിപ്പോര്‍ട്ട് പങ്കിട്ടിട്ടില്ല. ഈ സുതാര്യതയുടെ അഭാവത്തില്‍ ഞങ്ങള്‍ അമ്പരന്നു.
ഡബ്ല്യു.സി.സി പി.കെ റോസി ഫിലിം സൊസൈറ്റിയും ഫാത്തിമ ബീഗം റിസര്‍ച്ച് കേന്ദ്രവും സ്ഥാപിച്ചു. ഇവ രണ്ടും സ്ത്രീകളുടെ ചരിത്രപരമായ അവസരങ്ങളെ ഗൗരവമായി മനസ്സിലാക്കാന്‍ സഹായിച്ചിട്ടുണ്ട്.
ഞങ്ങളോരോരുത്തരെയും ഇപ്പോള്‍ വ്യക്തിപരമായും തൊഴില്‍പരമായും ടാര്‍ഗെറ്റുചെയ്യുന്നത് പതിവാണ്. ഇത് പലപ്പോഴും ഗ്രൂപ്പില്‍ നിരവധി പിരിമുറുക്കങ്ങളും ചര്‍ച്ചകളും സൃഷ്ടിച്ചിട്ടുണ്ട്.
ഞങ്ങള്‍ ഓരോരുത്തരും പരസ്പരം കൈകോര്‍ത്ത് പിടിക്കുന്നു, കാര്യങ്ങള്‍ ചെയ്യുന്നു. ഡബ്ല്യുസിസി എന്താണ് ചെയ്തത്? ഞങ്ങളോട് പലപ്പോഴും പലരും ചോദിക്കാറുണ്ട്… ഇത് എളുപ്പമുള്ള ചോദ്യമാണ്. ഇന്ന് മലയാള സിനിമയില്‍ ജോലി ചെയ്യുന്ന ഏതൊരു സ്ത്രീയും, ഇതില്‍ അംഗമായവരും അല്ലാത്തവരും ഒരു മാറ്റത്തിന് സാക്ഷ്യം വഹിക്കും എന്നതാണുത്തരം. സെറ്റിലുള്ള സ്ത്രീകളെ ആരും നിസ്സാരമായി കാണാന്‍ ഇനി അനുവദിക്കില്ല. ജോലി ചെയ്യുന്ന സ്ത്രീകള്‍ സ്വന്തം കാര്‍മികത്വവും അവകാശങ്ങളും തിരിച്ചറിയണം എന്നതാണ്.. ഒരാള്‍ ഒരു അംഗം ആയിരിക്കണമെന്നില്ല, ഡബ്ല്യുസിസി നിലവിലുണ്ടെന്ന വസ്തുത മതി ഇത്തരം മാറ്റങ്ങള്‍ക്ക്.
‘Refuse the Abuse’ എന്ന ഓണ്‍ലൈന്‍ കാമ്പെയ്നില്‍ വ്യവസായത്തിലുടനീളമുള്ള സ്ത്രീകളുടെ പങ്കാളിത്തമുണ്ട്. അതിന്റെ ഭാഗമാകാന്‍ നിങ്ങള്‍ ഒരു സ്ത്രീ മാത്രമായാല്‍ മതി.
ഡബ്ല്യു.സി.സി. അംഗത്വം ഉണ്ടാവുക, പുരുഷാധിപത്യ അധികാര പോരാട്ടങ്ങള്‍ നമുക്കിടയില്‍ ഉണ്ടാവുക എന്നതല്ല… ആരാണ് നേതാവ്? എല്ലാവരും…
മലയാള ചലച്ചിത്ര വ്യവസായത്തിലെ യൂണിയന് ഫെഫ്ക ഒരു വനിതാ വിഭാഗത്തിന്റെ രൂപീകരണം പ്രഖ്യാപിച്ചത് ഒരു പ്രധാന തുടക്കമായിരുന്നു. ഇത് ആദ്യമായാണ് ഫിലിം ഇന്‍ഡസ്ട്രിയില്‍ സംഭവിക്കുന്നത്… വനിതാ യൂണിയന് അംഗങ്ങള്‍ നിര്‍ബന്ധമായും അംഗങ്ങള്‍, വനിതാ ജീവനക്കാര്‍ക്കു മാത്രമായി ഒരു വിഭാഗം. സ്ത്രീകളുടെ സംഘാടനം ഒരു വലിയ കാല്‍വെയ്പ്പാണ്.
ഡബ്ല്യുസിസി എല്ലായ്പ്പോഴും പലതും ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നു. മലയാള സിനിമയിലെ സ്ത്രീകളെ അഭിനന്ദിക്കുക! ഞങ്ങള്‍ സ്ത്രീകളും ജോലി ചെയ്യുകയും സംഭാവന നല്‍കുകയും ചെയ്തിട്ടുണ്ട് എന്ന് അംഗീകരിക്കപ്പെടണം. ജന്മദിനങ്ങള്, അവാര്‍ഡുകള്‍, വാര്‍ഷികങ്ങള്‍ എന്നിവ പലതുമുണ്ട് ആഘോഷിക്കേണ്ടവ! പിന്തുണയ്ക്കുന്നവര്‍ മാത്രമല്ല
സെന്റര്‍ സ്റ്റേജ് സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ക്കും ഇതൊക്കെ അവകാശപ്പെട്ടതാണ്.
മാറ്റം മന്ദഗതിയിലാണ്, വ്യവസായത്തിലെ വനിതകള്‍ക്കായുള്ള ഗ്രൂപ്പ് എന്ന നിലയില്‍ നമുക്കറിയാം… എന്നാല്‍, കുളിപ്പിച്ച വെള്ളത്തിന്റെ കൂടെ കുഞ്ഞിനെ കളഞ്ഞാല്‍ പറ്റില്ലല്ലോ. അത് മലയാള സിനിമയെ പിന്നിലേക്കല്ലേ തള്ളുക… എല്ലാവരോടും നീതിപൂര്‍വകമായ ഭാവിയിലേക്ക് കുതിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
COMMENTS