Homeകവിത

പുനര്‍ജ്ജന്മം

വിജയലക്ഷ്മി

നക്കമറ്റ വീടിന്‍റെ
തടവില്‍ത്താന്ത ചിത്തയായ്
ഇരുട്ടുവീണ ദിക്കില്‍ച്ചെ-
ന്നിരിക്കുന്നവളാരിവള്‍?

നിഴലില്‍വീണു നിസ്തേജം
നീറുംവെണ്മതിയെന്നപോല്‍
നിറംകെട്ട മുഖം കാണാം
നീലകേശത്തഴപ്പിലായ്.

വിളിക്കുന്നുണ്ടോടിയെത്തും
കുളിര്‍കാറ്റിന്‍റെ കൈവിരല്‍
ഒളിക്കുന്നു മുഖംപൊത്തി-
ക്കരച്ചില്‍ കെട്ടകണ്മണി.

അഗ്നിപര്‍വതമാകാം നീ
വിഴുങ്ങിപ്പോയ സങ്കടം
അതിനെക്കൈവെടിഞ്ഞാലു-
മകലെസ്സാഗരോര്‍മ്മയില്‍.

കല്ലെറിഞ്ഞീടുവാന്‍ കൊല്ലാ-
നെല്ലാരും വന്നടുക്കിലും
അവരില്‍പ്പാപിയല്ലാത്തോ-
നാരുള്ളൂ കല്ലെടുക്കുവാന്‍?

ഉറയൂരിപ്പുത്തനാകു-
മുയിര്‍നേടുന്ന പാമ്പുപോല്‍
ഉരച്ചു മാറ്റുകിന്നേ നി-
ന്നവസാദങ്ങളൊക്കെയും

സര്‍പ്പമഞ്ചം വിരിച്ചിട്ടു
പുഞ്ചിരിക്കൊണ്ടു നില്‍ക്കയായ്
അധര്‍മ്മം പാതവക്കത്തി-
ന്നതിനെക്കണ്ടിടായ്ക നീ.

അണുബോംബിന്നകത്താഗ്നേ-
യാസ്ത്രമെന്നതു മാതിരി
വസിക്കുന്നു സര്‍വ്വശക്ത-
യായ ചണ്ഡിക നിന്നിലും.

വിഷാദത്തിന്‍ കൊടും കായല്‍-
പ്പരപ്പില്‍പ്പെട്ട തോണിയെ
വീണ്ടെടുക്കുക ജന്മത്തിന്‍
വിധാതാവാത്മശക്തിയെ.

നിത്യദുഃസ്വപ്ന സങ്കീര്‍ണ്ണ
കാളരാത്രിയില്‍ നിന്നു നീ
ഉണര്‍ന്നാവൂ പ്രഭാതത്തെ-
ക്കണക്കുന്നതശീര്‍ഷയായ്!

 

(40 വർഷമായി മലയാള കവിതാരംഗത്ത് സജീവം.അടിച്ചമർത്തപ്പെട്ട സ്വതന്ത്രചേതനയുടെ അമർഷമാവിഷ്കരിക്കുന്ന കവിയത്രി. മൃഗശിക്ഷകൻ, തച്ചന്‍റെ മകൾ , ഊഴം, ജ്ഞാനമഗ്ദലന , സീതാദർശനം എന്നിവയാണ് ചില മുഖ്യരചനകൾ . ആദ്യ സമാഹാരത്തിന് ബാലാമണിയമ്മയും രണ്ടാമത്തേതിന് സുഗതകുമാരിയും അവതാരിക നൽകി.)

COMMENTS

COMMENT WITH EMAIL: 0