വൈശാഖ് അങ്ങനെയാണ്. ആരുമായും വലിയ അടുപ്പമില്ല. കൂട്ടുകൂടുന്നതോ സഹപാഠികളായാലും കസിന്‍സായാലും പെണ്‍കുട്ടികളോടുമാത്രം. ഒരു ആണകലം എന്നും അവന് സൂക്ഷിച്ചിരുന്നു.
വീട്ടില്‍ വേനലവധിക്കു വരുന്ന കസിന്‍സിന്റെ ഡ്രസ്സുകള്‍ കാണാതാവുന്നത് പതിവായിരുന്നു. അതിന് പാവം വീട്ടുവേലക്കാരി വഴക്കു കേള്‍ക്കും. ഒരു ഓണക്കാലം. അവധിക്കാലമായതിനാല്‍ ശോഭ ടീച്ചര്‍ വീടുവൃത്തിയാക്കാന്‍ തുടങ്ങി. വൈശാഖിന്റെ മുറി പൂട്ടിയിട്ടിരുന്നു. ഏഴാം ക്ലാസില്‍ എത്തിയതോടെ അവന് സ്വന്തം ലോകം എന്ന പോലെ ആ മുറി പൂട്ടി സൂക്ഷിച്ചിരുന്നു. ശോഭ ടീച്ചര്‍ സ്പെയര്‍ കീ തപ്പിയെടുത്തു മുറി തുറന്നു. അടുക്കും ചിട്ടയുമുള്ള പരിചരണം കണ്ടു അവര്‍ക്ക് മകനെപ്പറ്റി അഭിമാനം തോന്നി. കിടയ്ക്ക വിരി ഒന്നു വലിച്ചിട്ടു തലയിണയുടെ സ്ഥാനം ശരിയാക്കി അവര്‍ അലമാരയുടെ കണ്ണാടിവാതിലും ഒന്നു തുടച്ചു. പിന്നെ ചാരിയിട്ടിരുന്ന അലമാരയുടെ കതകു തുറന്നു. മുകള്‍ തട്ടുകളില്‍ നിരതെറ്റാതെ ഒതുക്കിവെച്ച ഇസ്തിരി ഇട്ട വസ്ത്രങ്ങള്‍. എന്നാല്‍ ഏറ്റവും താഴെ കുത്തിനിറച്ച പോലെ ഡ്രസ്സുകള്‍. അവര്‍ താഴെ ഇരുന്നു അവ ഒന്നാകെ പുറത്തേക്ക് വലിച്ചിട്ടു. വര്‍ണ്ണ വൈവിധ്യങ്ങളുടെ വൈരപ്പൊടികള് കണ്ണില്‍ തടഞ്ഞപ്പോള്‍ അമ്പരപ്പോടെ ഓരോന്നായി കുടഞ്ഞു നിവര്‍ത്തി നോക്കി. മൈനയുടെ നീല ഫ്രോക്ക്, നീരജയുടെ പട്ടുപാവാടയും ജമ്പറും, അനുവിന്റെ വിദേശിയായ ബ്രാകള്‍ കേതാരയുടെ പട്ടുസാരിയുടെ മാച്ചിങ്ങ് ബ്ലൗസ് തന്റെ സെറ്റ് മുണ്ട്! ഈ ചെക്കന് എന്തിനാ ഇങ്ങിനെ….
വേവലാതി ചിലന്തി വലകെട്ടിയ നെഞ്ചൊടെ ശോഭ ടീച്ചര്‍ മുറി അടച്ചു പൂട്ടി.
ട്യൂഷന് കഴിഞ്ഞു വൈശാഖ് തിരിച്ചെത്തിയപ്പോഴേക്കും ശോഭ ടീച്ചര്‍ അടക്കാനാവാത്ത ക്ഷോഭത്തിലായിരുന്നു.
‘എന്താ വൈശാഖ് നിന്റെ ഉദ്ദേശം. കുട്ടികളുടെ കാണാതായ അടിവസ്ത്രങ്ങള്‍വരെ നിന്റെ അലമാരയില്‍ നിന്നാണ് കിട്ടിയത്. എന്തിന്? എന്തിനാ നിനക്ക് ഇതൊക്കെ? എടാ നീ ചെറിയ കുട്ടിയല്ല. പത്തിലാ പഠിക്കുന്നത്. അതിനിടെ ഇങ്ങനെ ഒക്കെ.’ ‘ഞാന്‍ നല്ല മാര്‍ക്ക് വാങ്ങിക്കുന്നുണ്ടല്ലോ. ഡ്രോയിംഗ് ഡാന്‍സ് സംഗീതം വയലിന് എല്ലാത്തിലും മികച്ച് കലാതിലകവുമായി. ഇനീപ്പോ അമ്മക്കെന്താ വേണ്ടേ. അടിയുണ്ടാക്കുന്നില്ല രാഷ്ട്രീയത്തിലില്ല കൂട്ടുകൂടി പേരുചീത്തയാക്കി അമ്മയ്ക്കും അച്ഛനും തലവേദന ഉണ്ടാക്കുന്നില്ല. അതോണ്ട് എന്നെ എന്റെ പാട്ടിനു വിട്ടാമതി ശോഭ ടീച്ചര്‍ കരഞ്ഞുപോയി ‘ടാ നീ ഒന്ന് ആങ്കുട്ടികളെപോലെ ജീവിക്ക്. നീ ആണ്‍കുട്ടികളുമായി കൂട്ടുകൂട് വല്ല സ്പോര്‍ട്സിലും ചേര്‍ന്നു പേരെടുക്ക്. ഇത് ഒരുമാതിരി എപ്പോ നോക്കിയാലും പെണ്‍കുട്ടികളുടെ കൂട്ടത്തില്‍. ന്താ നിനക്ക് പ്രണയിക്കണം എന്നുണ്ടോ അതെങ്കിലും ചെയ്യ്. അല്ല കല്ല്യാണം കഴിക്കണംന്ന് ണ്ടോ അതിനും ഒരു ഇരുപതു വയസ്സെങ്കിലും ആവണ്ടേ ‘
‘ അമ്മേ വീണ്ടും വീണ്ടും പറയിക്കല്ലേ. ഞാന്‍ ആണ്‍കുട്ടി അല്ല ‘
കയ്യില്‍ ഇരുന്ന കനത്ത പുസ്തകം കൊണ്ട് അവര്‍ അവന്റെ തലയ്ക്കടിച്ചു.
‘ നിന്നെ പ്രസവിച്ചതും ഊട്ടിയും ഉറക്കിയും കുളിപ്പിച്ചും വളര്‍ത്തിയതും ഞാനാ. നിന്നെ ആണാണ് എന്നറിഞ്ഞിട്ടുതന്നാ വളര്‍ത്തിയത്. അതുകഴിഞ്ഞ് എപ്പഴാ ടാ നീ പെണ്ണാവാന്‍ തുടങ്ങിയത്? ‘
അവര്‍ കണ്ടു അവന് കൈ നഖം കടിച്ചു കാലിന്റെ പെരുവിരല്‍ കൊണ്ട് നിലത്തെഴുതുന്നു.
‘വൈശഖേ വേണ്ട എന്റെ മുന്നില്‍ നിന്ന് ഗോഷ്ടി കാണിക്കല്ലേ. അച്ഛന് അടുത്ത ആഴ്ച വരും ആ മനുഷ്യന് ജീവന് പണയം വെച്ച് അതിര്‍ത്തിയില്‍ കിടന്നു ജോലി ചെയ്യണത് നിന്റെ പെണ്‍വേഷം കെട്ടലു കാണാനാണോ എന്ന് അറിയണോലോ. അച്ഛന് തീരുമാനിച്ചോളും നീ ആണാണോ പെണ്ണാണോ എന്ന്’
അച്ഛന് വരുമ്പോഴേക്കും പരീക്ഷ തീരും. എങ്ങനെയും പിടിച്ചു നില്‍ക്കണം. ഒരു ഡിഗ്രി ഒരു ജോലി. അതുകഴിഞ്ഞ്….. വൈശാഖ് മെല്ലെ ടേബളിന്റെ വാതില്‍ തുറന്നു. വിവിധ വര്‍ണ്ണങ്ങള്‍ ചുരത്തുന്ന നഖചായങ്ങളുടെ കൊച്ചു കുപ്പികള്‍. ഇളം നിറങ്ങളുള്ള ലിപ്സ്റ്റിക്കുകള്‍. മുടി പിന്നുകള്‍. തിലകങ്ങള്‍. അത്തര്‍. അവന് അവയിലേക്ക് മുഖം ചേര്‍ത്തു.
വാക്സിങ്ങ് ചെയ്തു തിളക്കം വരുത്തിയ കൈകളെ അവന് സ്വയം തലോടി. ആ കൈകള്‍ മറ്റുളളവരില്‍ ചിരി പടര്‍ത്തുന്നത് എപ്പോഴും കണ്ടില്ല എന്നു നടിക്കുന്നു. എക്സാം കഴിഞ്ഞു വേണം മുടിവളര്‍ത്താന്‍..
സ്വന്തം ശരീരത്തെ അവന് സ്നേഹിക്കുകയും അതേസമയം വെറുക്കുകയുമായിരുന്നു. ഒരു പെണ്ണുടലുമായി ജനിച്ചിരുന്നെങ്കില്‍….
ആവും. ആയേപറ്റു. ബാത്ത്റുമില്‍ പോകാനവനു മടിയായിരുന്നു. തന്റെ ശരീരത്തില്‍ ഏതോ വൈകൃതം പിടികൂടി എന്ന ധാരണ ആയിരുന്നു. ‘മുറിച്ചു നീക്കും അവിടെ സ്ത്രീത്വത്തിന്റ കാമനകള്‍ വിടര്‍ത്തും. കൂടെ ചേരുന്ന കൂട്ടുകാരന് അലൗകീകമായ അനുഭൂതികള്‍ സമ്മാനിക്കാനാകും…. പക്ഷേ, അവിടെ എത്തിച്ചേരാന്‍ പണം വേണം. ശരിയായ ചികിത്സകളും പരിചരണവും വേണം. അച്ഛന് എത്തി. അമ്മയുടെ പരാതികള്‍ അതിരുകടന്നിരുന്നു. അച്ഛന് അവന്റെ മുറിതുറന്നു. അദ്ദേഹത്തിന് കത്തിച്ചു നശിപ്പിക്കാന്‍ ഒരു പാട് വകകളുണ്ടായിരുന്നു അവിടെ. ചാമ്പലായ സ്വപ്നങ്ങള്‍ക്കു മുന്നില്‍ അടക്കിപ്പിടിച്ച അമര്‍ഷവുമായി അവന് നിന്നു. അടുത്ത ചാന്‍സ് സ്കൂളില്‍ നിന്നും. അച്ഛന് നിസ്സഹായതയോടെ മദ്യപിക്കുന്നതു നോക്കി അവന് നിന്നു. വേച്ചുവേച്ച് അയാള്‍ എഴുന്നേറ്റു. കയ്യില്‍ പാതി നിറച്ച ഗ്ലാസുമായി വൈശാഖിന്റെ മുന്നില്‍ നിന്നു ‘ദാ മദ്യമാണ്. നമ്മുടെ സമൂഹത്തില്‍ ആണുങ്ങള് കുടിക്കുന്ന സാധനം. കുടിക്കെടാ’
അവന് മുഖം തിരിച്ചു. ‘എടാ കുടിക്കാന്‍. നീ ആണ്‍കുട്ടി ആയ ടെന്‍ഷന്‍ അല്ലെ. ഇതുകുടിച്ചാല്‍ എല്ലാ ടെന്‍ഷനും പമ്പകടക്കും. മിലിട്ടറിയാടാ. കുടി’ അവന് പതിയെ സിറ്റിങ്ങ് റൂം വിടാന്‍ നോക്കി. അയാള്‍ അവന്റെ കവിളുകള്‍ വിരല്‍ കുത്തി പിടിച്ചു വാ പിളര്‍ത്തി മദ്യം ഒഴിച്ചു കൊടുത്തു. ഒരു ചീറ്റലോടെ വൈശാഖ് ഒഴിഞ്ഞുമാറി അവന്റെ മുറിയിലേക്കുനടന്നു. താളാത്മകമായ ആ നടപ്പ് അദ്ദേഹത്തില്‍ കോപം ആളിക്കത്തിച്ചു. ഒറ്റ കുതിപ്പിന് അവനെ കയറിപ്പിടിച്ച് മുറിയിലേക്ക് കൂടെ കയറി. ‘നീ ആണാണോ പെണ്ണാണോ ഇന്ന് ഞാന്‍ തിരുമാനിക്കും.’ അവന്റെ വസ്ത്രങ്ങള്‍ വലിച്ചു പറിച്ചു കളയവേ അയാള്‍ കണ്ടു മകന്റെ അടിവസ്ത്രങ്ങള്‍ ലേഡീസ് പാന്റീസായിരുന്നു. ബനിയനു പകരം സ്പോര്‍ട്സ് ബ്രാ ആയിരുന്നു. ശരീരം മുഴുവനും വാക്സിങ്ങ് ചെയ്തു മിനുക്കിയിരുന്നു. ചുണ്ടുകള്‍ കടിച്ചുപിടിച്ച് കണ്ണടച്ചു തന്റെ മുന്നില്‍ നില്ക്കുന്ന രൂപത്തില്‍ നിന്ന് മകന് ഇറങ്ങിപ്പോകുന്നത് അയാളറിഞ്ഞു. തിരികെ വരാനാവാത്തവണ്ണം.
വൈശാഖിന്റെ റിസള്‍ട്ട് വന്നു. എല്ലാ വിഷയത്തിലും സ്കൂളില്‍ ടോപ്പായിരുന്നു. അവന് ആഗ്രഹിച്ച വിഷയത്തിനുതന്നെ ചേര്‍ന്നു പ്ലസ് ടു പൂര്‍ത്തിയാക്കി. ദുരിതപൂര്‍ണ്ണമായിരുന്നു ആ രണ്ടു വര്‍ഷങ്ങള്‍. കുറ്റപ്പെടുത്തലും കളിയാക്കലും അനാവശ്യ സ്പര്‍ശനങ്ങളും സഹിച്ച് ആണ്ബെഞ്ചില് ഒതുങ്ങിക്കൂടി അവന് പഠിച്ചു. മാര്‍ഗ്ഗം എത്ര ദുരന്തപൂര്‍ണ്ണമെങ്കിലും
അവന് ആ വഴിക്കപ്പൂറം ഒരു ലക്ഷ്യമുണ്ടായിരുന്നു.
ഡിഗ്രിക്ക് തമിഴ്നാട്ടില്‍ ഒരു കോളേജില്‍ തന്നെ ചേരണം എന്നത് അവനു വാശിയായിരുന്നു. ശോഭ ടീച്ചര്‍ അവന്റെ ഭാഗം ചേര്‍ന്നു ഭര്‍ത്താവിനോടു സംസാരിച്ചു.
‘ഇവിടെ എല്ലാവരും അവനെ കോമാളിയാക്കിയിരിക്കയാണ്. അവന് നന്നായി പഠിക്കുന്നുണ്ടല്ലോ. ദൂരെ ആണെങ്കിലും അതുകൊണ്ട് ഗുണമേ ഉണ്ടാകു. ചിലപ്പോള്‍ പട്ടണജീവിതം അവനെ നന്നാക്കാനും മതി.’
കോളേജു വിട്ടുകഴിഞ്ഞാല്‍ മനോഹരിയായി ചമഞ്ഞൊരുങ്ങി തെരുവുകളിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യം പരമാവധി അവന് ആസ്വദിച്ചു.
ഒരു സായാഹ്നസവാരിക്കിടയിലാണ് അത് സംഭവിച്ചത്. തൊട്ടരികെ ഒരു കാര്‍ വന്നു നിന്നതും അതിനകത്തായതും എങ്ങനെയെന്ന് അവനറിഞ്ഞില്ല.
‘ഞാന്‍… എന്തിനാണ് എന്നെ പിടിച്ചു കൊണ്ട് പോകുന്നത്. വിട്. ഞാന്‍ നിങ്ങള്‍ കരുതും പോലെ അല്ല’ മറുപടി ചുണ്ടുകളില്‍ കനത്ത ഒരു ടേപ്പ് ആയി ഒട്ടിപ്പിടിച്ചിരുന്നു.
മിനിറ്റുകള്‍ക്കകം കാര്‍ ഒരു മാളികവീടിന് മുന്നില്‍ നിന്നു. അവന് രാജകീയമായി അലങ്കരിച്ച ഒരു കിടപ്പറയിലെത്തി. അവിടെ ഇരട്ടകട്ടിലിന് ഓരം ചേര്‍ന്നു അഗ്നിവേശ് റാവുത്തര്‍ ഇരിപ്പുണ്ടായിരുന്നു.
അവന്റെ എതിര്‍പ്പ് വകവെക്കാതെ അഗ്നിവേശ് മേലുടുപ്പ് വലിച്ചു മാറ്റി അവനെ മടിയിലേക്കു കിടത്തി. അവന്റെ പുരുഷത്വം കയ്യില്‍ തട്ടിയ അയാള്‍ ക്രുദ്ധനായി മുഖമടച്ച് അവനെ പ്രഹരിച്ചു.
അഗ്നിവേശ് കുപ്രസിദ്ധനായിരുന്നു ലൈംഗിക കാര്യത്തില്‍. അയാള്‍ക്ക് സ്ത്രീയും പുരുഷനും വേണ്ട. ഒരു സുന്ദരി രൂപമുള്ള ശിഖണ്ഡിയെ പ്രാപിക്കാനാണ് ഇഷ്ടം. പക്ഷേ, കോപം തണുത്തപ്പോള്‍ തന്റെ കിടക്കയില്‍ കിടന്നു കരയുന്ന ചെറുക്കന്റെ രൂപം അവഗണിക്കാനായില്ല. വൈരൂപ്യവും ഓക്കാനവും വേദനകളും നിറഞ്ഞ വഴികള്‍ തീര്‍ന്നപ്പോള്‍ വൈശാഖിനു പോകാന്‍ അനുമതി കിട്ടി. അതിനു മുമ്പ് അവനെ അടുത്തിരുത്തി അയാള്‍ അവന്റെ ഗതികേടുകള്‍ കേട്ടു.
‘ നീ ഓപ്പറേഷന് ചെയ്യണം. നീ ആഗ്രഹിച്ചത് നേടിയെടുക്കണം. പക്ഷേ, അതിനു പണം വേണം. ഇവിടെ ഈ പട്ടണത്തില്‍ എന്റെ ഒരു പാട് പരിചയക്കാരുണ്ട്. എന്നെ പോലെ വൈവിധ്യം ഇഷ്ടമായവര്‍. വാരിക്കോരി കാശുതരും ദാ ഇതുപോലെ’ അഗ്നിവേശ് അലമാര തുറന്നു ഒരു കെട്ട് നോട്ടുകള്‍ അവന്റെ മടിയിലേക്കിട്ടുകൊടുത്തു.
അവധി ദിവസങ്ങളില്‍ അതു പതിവായി. അഗ്നിവേശിനും അയാളുടെ സുഹൃത്തുക്കള്‍ക്കും വൈശാഖ് പ്രിയപ്പെട്ടവനായി. ആ കൂട്ടത്തില്‍ സ്ത്രീകളും ഉണ്ടായിരുന്നു. സ്ത്രീശരീരത്തിന്റെ മനോഹാരിതയില്‍ മത്തുപിടിപ്പിക്കുമ്പോള്‍ അവന്റെ ലാളന ഏറ്റു സ്ത്രീകള്‍ മതിമയങ്ങിയിരുന്നു. ഒരു വര്‍ഷം കഴിഞ്ഞ് വൈശാഖ് ബാങ്ക് പാസ്ബുക്കുമായി അഗ്നിവേശിനെ തേടി എത്തി.
പ്രസിദ്ധമായ ഒരു ആശുപത്രിയില്‍ വെച്ച് അവന്റെ ആഗ്രഹസഫലമായി. മുറിച്ചു മാറ്റലും കൂട്ടിചേര്‍ക്കലും പ്ളാസ്റ്റിക് സര്‍ജറികളും ഹോര്‍മോണ്‍ തെറാപ്പികളും അവന് ആസ്വദിച്ചു കാത്തിരുന്നു.
തന്നില്‍ സ്ത്രീവസന്തം വിടരുന്നതും ആത്മാവുമായി കൂടിച്ചേരുന്നതുമായ അനുഭൂതി അവനറിഞ്ഞു. അഗ്നിവേശും കൂട്ടുകാരും അവനോടൊപ്പം അത് ആഘോഷമാക്കി. അവര്‍ അവനു പുതിയ പേരു നല്കി വൈശാഖശോഭ. വൈശാഖശോഭ മാസങ്ങള്‍ക്കുശേഷം നാട്ടിലേക്ക് മടങ്ങി. സുന്ദരിയായ ആ യുവതിയെ ആരും തിരിച്ചറിഞ്ഞില്ല. അമ്മ ഒഴികെ. പക്ഷേ, അമ്മ അവസാനമായി അവനു നേരെ വാതില്‍ അടച്ചു കുറ്റിയിട്ടു.
വൈശാഖശോഭ അഗ്നിവേശിന്റെ അടുത്തേക്ക് തിരിച്ചു വന്നു. പഠനം തുടങ്ങി. അവളുടെ സ്ത്രീത്വം അഭിമാനപൂര്‍വ്വം അഗ്നിവേശിന്റെ സ്വപത്നിത്വം സ്വീകരിച്ചു.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ
അന്നാണ് അഗ്നിവേശ് അറ്റാക്ക് വന്നു മരിക്കുന്നത്.
തനിക്കായി നീക്കിവെച്ച ഭീമമായ ബാങ്ക് ബാലന്‍സും ഒരു പിടി ഓര്‍മ്മകളുമായി അവള് കേരളത്തിന്റെ തലസ്ഥാന നഗരിയിലെത്തി. പഴമയുടെ ചീഞ്ഞ കുപ്പായകീശയില്‍ ഇനിയും തന്നെ കല്ലെറിയാന്‍ ജനങ്ങള്‍ ചരല്‍ക്കല്ലുകള്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന് വളരെ വേഗം തന്നെ വൈശാഖശോഭ തിരിച്ചറിഞ്ഞു. തന്റെ മുപ്പതാം വയസ്സില്‍ അവള് ഇംഗ്ലീഷ് സാഹിത്യവുമായി പ്രസിദ്ധയായി തുടങ്ങി. സെമിനാര്‍, ക്ലാസുകള്‍, പ്രസംഗവേദികള്‍, ചാനലുകളില്‍ മുഖാമുഖം. എന്നും തിരക്ക്.
ആ തിരക്കിലേക്ക് ഓരം ചേര്‍ന്നു ഒരു അവ്യക്ത രൂപം. അവള് അതു ശ്രദ്ധിക്കാന്‍ തുടങ്ങി. എല്ലാ പൊതുപരിപാടികളിലും അവന്റെ സാന്നിധ്യം ഉറപ്പായിരുന്നു. തന്നെക്കാള്‍ ഇളയവനെന്ന് തോന്നിക്കുന്ന അവനെ ഒരു സാഹോദര്യ വാത്സല്ല്യത്തോടെ വൈശാഖശോഭ ചേര്‍ത്തുനിര്‍ത്തി. ആയിടെ അവള്‍ക്ക് മുബൈയില്‍ ഒരു പരിപാടിയും കൂടെ ഒരു കമ്പനിയുടെ പരസ്യചിത്രത്തില്‍ അഭിനയിക്കാനും അവസരം വന്നു. കൂടെ പോകാന്‍ പുതിയ കൂട്ടുകാരന് സന്നദ്ധനായി.
ഹാരിസ് ഖാന് കൂടെ വരാം എന്നു പറഞ്ഞത് അവള്‍ക്ക് ആശ്വാസമായി. ഹാരിസ് കുറേക്കാലം വടക്കേ ഇന്ത്യയിലായിരുന്നു. ഹിന്ദി നന്നായി അറിയാം. അവിടെ അവനു സുഹൃത്തുക്കളുണ്ട്. അതുകൊണ്ട് ഹോട്ടലിലെ വിരസതയില്‍ രാപാര്ക്കേണ്ട.
അവന്റെ കൂട്ടുകാരന് ഹൈദര്‍ ഷേക്കിന്റെ ബംഗ്ലാവിലായിരുന്നു താമസം. ഹൈദറിന്റെ ഭാര്യ സഖീന വൈശാഖയുടെ കൈകളില്ചാരുതയോടെ മെഹന്തിയുടെ നിറവും ഹൈദരാബാദ് ശൈലിയിലെ രൂപരേഖകളും ചാര്‍ത്തി കൊടുത്തു. കല്ലുകളും മുത്തുകളും പതിപ്പിച്ച വിലകൂടിയ ഇസ്ലാമിക വസ്ത്രങ്ങളും ധരിച്ച് ഹൈദറിന്റെ കുടുംബത്തോടൊപ്പം ഒരു വിരുന്നിന് പോയ സന്ധ്യയിലാണ് വൈശാഖശോഭ അസ്കര്‍ അലി ഷേക്കിനെ കാണുന്നത്. അയാളുടെ സുഭഗത ഏതൊരു സ്ത്രീയുടെയും ഹൃദയത്തിന്റെ ജാലകപ്പൊളി തുറക്കുന്നതായിരുന്നു. വൈശാഖശോഭ തുറന്നുപോയ ജാലകത്തിലൂടെ അസ്കറിനെ നോക്കിയിരുന്നു. അയാള്‍ അടുത്തുവരികയും അവളുടെ കൈകള്‍ ചേര്‍ത്തുപിടിച്ചു സംസാരിക്കയും ചെയ്തു.
പിന്നീട് ഹൈദര്ഷേക്കിന്റെ വീട്ടിലെ നിത്യ സായാഹ്ന അതിഥിയായി അസ്കര്‍. ദിവസങ്ങള്‍ക്കകം അസ്കറിന്റെ വിദേശ കാറിലേറി അവള് മുംബൈ കണ്ടു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ അവര്‍ ഉടലറിഞ്ഞു. അഗ്നിവേശ് ഒഴിച്ചിട്ടുപോയ ഇടം അസ്കര്‍ കയ്യേറുകയായിരുന്നു.
കേരളത്തിലേക്ക് അസ്കര്‍ അവളോടൊപ്പം വന്നു. അവളുടെ കൊച്ചു ഫ്ലാറ്റ് വിട്ട് അസ്കര്‍ ഒരു ആഡംബര ഫ്ലാറ്റ് അവളുടെ പേരില്‍ വാങ്ങി.മാസങ്ങള്‍ പിന്നിട്ടു.
ഒരു ദിവസം വൈശാഖശോഭയുടെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും സന്ദേശം എത്തി. വൈശാഖശോഭ വിവാഹം കഴിക്കുന്നു. നാളെ ഉച്ച ഭക്ഷണം ദമ്പതികളുടെ കൂടെ. ആരാണ് വരന് എന്നാര്‍ക്കും അറിയില്ല. അറിഞ്ഞവര്‍ മൗനം പാലിച്ചു.
തലസ്ഥാനത്തെ പഞ്ചനക്ഷത്രഹോട്ടലിലെ അങ്കണം വിവാഹ പന്തലായി അണിഞ്ഞൊരുങ്ങി. കൃത്യം പതിനൊന്ന് മണിക്ക് ഓഡിറ്റോറിയം തുറന്നു അവിടെ വിവാഹമണ്ഡപം ഒരുങ്ങിയിരുന്നു. ചന്ദ്രശോഭയോടെ തിളങ്ങുന്ന മുഖം മാത്രം വെളിയില്‍ കാണാം, കറുത്ത ബുര്‍ഖക്കുളളില്‍ വൈശാഖശോഭ. ഇടിമുഴങ്ങിയ പ്രതീതിയോടെ ഏവരും എഴുന്നേറ്റു ആ കറുത്ത നീണ്ട കുപ്പായത്തിലേക്ക് ഭീതിയോടെ നോക്കി. പക്ഷെ, വധു ആഹ്ലാദവതിയായി ഇവന്റ് മാനേജര്ക്കുനേരേ കൈനീട്ടി മൈക്ക് വാങ്ങി. അവളുടെ പുരുഷരസം കലര്‍ന്ന ശബ്ദം സ്പീക്കറിലൂടെ ഒഴുകി എത്തി.
‘പ്രിയരേ എന്റെ വിവാഹത്തിന് ഏവര്‍ക്കും സ്വാഗതം. ഞാന്‍ അസ്കര്‍ അലി ഷേക്ക് എന്ന ഉറുദു എഴുത്തുകാരനെ വിവാഹം കഴിക്കുന്നു. മതവും ജാതിയും നോക്കി അല്ല ഞങ്ങള്‍ പ്രണയിച്ചത്. പക്ഷേ, ഞാന്‍ അസ്കര്‍ വിശ്വസിക്കുന്ന അനുഷ്ഠിക്കുന്ന പ്രമാണത്തിലേക്ക് മാറിയിരിക്കുന്നു. ഇനിയും ഏകാന്ത ജീവിതം വയ്യ. ചേര്‍ത്തുപിടിക്കാന്‍ ഒരു കുടുംബമില്ലാതെ മുന്നോട്ടു നീങ്ങാന്‍ വയ്യ. അതുകൊണ്ട് അനുഗ്രഹിക്കണം. കൂടെ നില്‍ക്കണം ‘അവള് കൈകൂപ്പി. അതു കാണാന്‍ നില്‍ക്കാതെ ഉപഹാരപ്പെട്ടികള്‍ പോലും അവിടെ ഇട്ട് ഒരു വിഭാഗം ഇറങ്ങിപ്പോയി. വിദ്യാര്‍ഥികളും എഴുത്തുകാരും അധ്യാപകരും നിയമപാലകരും രാഷ്ട്രീയക്കാരും എല്ലാം അതില്‍ പെടുമായിരുന്നു. പിറ്റേന്ന് എല്ലാ പ്രമുഖ പത്രങ്ങളിലും വൈശാഖശോഭ എന്ന ഫാത്തിമവൈശാഖയുടെ പടവും വാര്‍ത്തയും ആയിരുന്നു. അവള് ലോകത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ആയ മതം മാറിയവളായി ലോകം അറിഞ്ഞു.
അസ്കര്‍ മഹര്‍ ആയി അവളുടെ മൈലാഞ്ചി കൈകളില്‍ നൂറ്റൊന്നു പവന്റെ കാപ്പുകള് അണിയിച്ചു. വേദിയില്‍ നിന്നും അവര്‍ നേരെ മധ്യകേരളത്തിലെ ഒരു ഉള്‍നാടന്‍ പട്ടണത്തിലേക്ക് വരികയായിരുന്നു.
ഒരു മാസം അടച്ചിട്ട മുറിയില്‍ മത അച്ചടക്ക പഠനവും ആരാധനാക്രമങ്ങളും പഠിപ്പിക്കലായിരുന്നു. എല്ലാം അതിജീവിച്ച് അവള് പുറത്തിറങ്ങി. തന്റെ പൂജാമുറിയിനിന്നും പരമേശ്വരന് പടിയിറക്കപ്പെട്ടിരിക്കുന്നു എന്നും നിലവിളക്കുകള്‍ തിരിയണക്കപ്പെട്ടിരിക്കുന്നുവെന്ന് അവളറിഞ്ഞു. നിലത്തുവിരിച്ചിട്ട കബളവും തുറന്നു വെച്ച തടിച്ച പുസ്തകവും ആണ് തനിക്ക് അസ്കറിന്റെ ദീര്‍ഘായുസ്സിനും തന്റെ നെടുമംഗല്യത്തിനും ദൈവത്തോട് തേടാനുള്ള വഴി തുറക്കുക
അവളുടെ ലോകം അസ്കറിലേക്ക് ചുരുങ്ങികൂടുകയായിരുന്നു. അധികം പൊതുപരിപാടികള്‍ പങ്കെടുക്കാതെ അഭിമുഖങ്ങള്‍ക്കു മുഖം കൊടുക്കാതെ ഫാത്തിമവൈശാഖി ഒതുങ്ങി കൂടി. അതോ എഴുത്തിന്റെ ലോകത്തോടു ചെയ്ത അനീതിക്കെതിരെ ലോകം മുഖം തിരിച്ചതോ! പതിനേഴാം രാവുകള്‍ പലതവണ പുലര്ന്നസ്തമിച്ചു. അസ്കര്‍ ഫാത്തിമവൈശാഖിയെ സന്ദര്‍ശിക്കുന്ന ഇടവേളകള്‍ നീണ്ടു പോയി. ജാലകതിരശീലനീക്കി കാരക്കയും ഏലവും ചവച്ചു അവള് കാത്തുനിന്നു. ഒരിക്കല്‍ക്കൂടി അവനെത്തി. കൂടെ പള്ളി അധികാരികളും.
നീണ്ട ഗ്ലാസില്‍ ഏഴു വര്‍ണ്ണങ്ങള്‍ വിടര്‍ത്തിയ ഫലൂദ നല്കി. അവള് അവരെ സല്ക്കരിച്ചു. അവള് സെറ്റിയില്‍ ഇരുന്നു. കണ്‍നിറയെ അസ്കറിനെ കാണുകയായിരുന്നു. അവന് പറയാന്‍ തുടങ്ങിയത് ഹൃദയത്തിന്റെ കാത് തുറന്നു കേള്‍ക്കാനവള്‍ വെമ്പി. അവന് പറഞ്ഞുതുടങ്ങി ‘ഞാന്‍ അസ്കര്‍ അലി ഷേക്ക് എന്റെ മൂന്നാമത്തെ വധുവായ ഫാത്തിമ വൈശാഖി എന്ന സ്ത്രീയെ മൊഴിചൊല്ലുന്നു. മസ്ജിദ് അധികാരികള്‍ സാക്ഷി. തലാഖ് തലാഖ് തലാഖ്.
ഒന്നും തിരിച്ചറിയാതെ അവള് പകച്ചിരുന്നു. പളളി അധികാരി എഴുന്നേറ്റു വിശദീകരിച്ചു’ ഫാത്തിമാ നിങ്ങളെ അസ്കര്‍ മൊഴിചൊല്ലിയിരിക്കുന്നു. അതും നിങ്ങളുടെ മുന്നില്‍ വെച്ച്. നിങ്ങളുടെ ശാരീരികാവസ്ഥയും മാനസികനിലയുമായി ഇനിയും പൊരുത്തപ്പെടാനാകാത്തതില്
കാരണം ബോധിപ്പിച്ചു മൂന്ന് തവണ തലാഖ് ചൊല്ലിയിരിക്കുന്നു. ഇനിയും അസ്കര്‍ അലിഷേക്കിന്റെ യാതൊരുവിധ സ്വത്തിനും അയാളുമായി ഒരു ബന്ധത്തിനും നിങ്ങള്‍ അര്‍ഹയല്ല. ‘
അവര്‍ ഇറങ്ങിപ്പോയ വാതിലിനുമുന്നില്‍ അവള് വീണ്ടും അമ്പരപ്പോടെ നിന്നു. ആരോ പ്രചരിപ്പിച്ചു ഫാത്തിമ വൈശാഖി വീണ്ടുമൊരു തിരിച്ചു പോക്കിന് ഒരുങ്ങുകയാണ് എന്ന്. അതോടെ
ഭീഷണിയുടെ കാലങ്ങളായി പിന്നെ. വാചാലമായി ജീവിതത്തെ കൂടെ കൊണ്ടുനടന്നിരുന്ന അവള്‍ക്ക് ഏകാന്തത അരോചകമായിരുന്നു. ജീവിതം തികച്ചും നിശബ്ദമായി. അരങ്ങുകളില്ല പ്രസംഗങ്ങളില്ല, ക്ലാസ് മുറികളിലെ സാന്നിധ്യമില്ല. ഒരു വരുമാന മാര്‍ഗം പോലും മുന്നിലില്ല. ബാങ്ക് ബാലന്‍സു തീര്‍ന്നു. ആരും കടംതരാനില്ല. ഫാത്തിമ വൈശാഖി ഫ്ലാറ്റ് വില്ക്കാന് തിരുമാനിച്ചു. അപ്പോഴാണ് അറിയുന്നത് ആ ഫ്ലാറ്റ് അസ്കറിന്റെ പേരിലാണ്. ഭീമമായ തുക ടാക്സിന്റെ പേരില്‍ വന്നപ്പോള്‍ അവള് വീടുവിട്ട് ഇറങ്ങി. അസ്കര്‍ മഹര്‍ ഇട്ടിരുന്ന സ്വര്‍ണ്ണ കാപ്പുകളില്‍ പലതും ഓരോ കാര്യങ്ങള്‍ക്കായി അയാള്‍ തിരികെ വാങ്ങിയിരുന്നു. അവശേഷിക്കുന്ന നാല് കാപ്പുകള് നല്ല ഭാരമുള്ളവയാണ്. വിറ്റാല്‍ ഒരു കൊച്ചു ഫ്ലാറ്റ് വാടകക്കെടുക്കാം. അവള് സ്വര്‍ണ്ണക്കടയിലെത്തി. കാപ്പുകള് ചെക്കിങ്ങിനുകൊണ്ടുപോയ ആള് തിരിച്ചു വന്നു മാനേജറുടെ ചെവിയിലെന്തോ രഹസ്യം പറയുന്നു. അയാള്‍ ചോദിച്ചു ‘മാഡം ഈ വളകള്‍ എവിടെ നിന്ന് കിട്ടി’
‘ഞാന്‍ ഫാത്തിമ വൈശാഖി. എന്റെ ഭര്‍ത്താവ് അസ്കര്‍ മെഹറായി തന്നതാണ് ഈ വളകള്‍. എന്താ കാര്യം?’
‘മാഡം നിങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു. ഇത് സ്വര്‍ണ്ണമല്ല’
എന്റെ മകള്‍ ഞായറാഴ്ച അവധിക്കു വന്നപ്പോഴാണ് പറയുന്നത് ‘അമ്മാ അമ്മയുടെ ഒക്കെ എഴുത്തുകാലത്ത് ഒരു ട്രാന്‍സ്ജെന്‍ഡര്‍ ഇല്ലായിരുന്നോ. മതം മാറ്റവും ഒക്കെ വിവാദങ്ങളായിട്ട്? ‘
‘ അതേ ഫാത്തിമ വൈശാഖി. എന്താ’
‘അവര്‍ എന്റെ ഓഫീസിനടുത്തുളള ഒരു ഭാരതീയം എന്ന അനാഥാലയത്തിലുണ്ട്’
‘പോടി പെണ്ണേ അവര്‍ ഉപേക്ഷിക്കപ്പെട്ടെങ്കിലും ധനികയാണ്’
‘അല്ല. എല്ലാവരും പറയുന്നത് അവരാണ് എന്നാ’
എന്നില്‍ ഉറങ്ങിക്കിടന്നിരുന്ന പത്രപ്രവര്‍ത്തക തലയുയര്‍ത്തി. തിങ്കളാഴ്ച അവളോടൊപ്പം ആലുവയിലേക്ക് ഞാനും പുറപ്പെട്ടു.
സിമന്റ് അടര്‍ന്ന തറയില്‍ ശൂന്യതയിലേക്ക് കണ്ണും നട്ട് ഒരു മെലിഞ്ഞുണങ്ങിയ മുഷിഞ്ഞ തുണി ചുറ്റിയ രൂപം. സ്ത്രീരുപം ലഭിച്ചു കഴിഞ്ഞു തിരുവനന്തപുരം നഗരത്തിലെ തുണിക്കടകളില്‍ ഏറ്റവും മുന്തിയ സാരി തിരഞ്ഞെടുത്തിരുന്നു വൈശാഖി ശോഭ. മൈക്കിനുമുന്നില്‍ ഇംഗ്ലീഷ് ഭാഷാ സംഗീതസരണി പോലെ പ്രസംഗിച്ചിരുന്നു അവര്‍. അതിബുദ്ധി മതി ആയിരുന്നു. മോഹങ്ങളുടെ പ്രണയത്തിന്റെ കുത്തൊഴുക്കില്‍ തുഴനഷ്ടം വന്ന തോണിക്കാരിയായി. തിരിച്ചിറങ്ങുമ്പോള്‍ ആ കണ്ണുകളില്‍ സ്വപ്നങ്ങള്‍ ചാരമായി കിടക്കുന്നത് ഒരു നോക്കു കണ്ടു. അപ്പോള്‍ ആശ്വസിച്ചു, നഷ്ടപ്പെട്ട സ്വന്തം പ്രണയം ദുരന്തമാകാതിരുന്നതിന്.
COMMENTS