Homeവാർത്തകൾ

ലക്ഷം പ്രതിഷേധ ജ്വാല

ഡോ.പി.സ്മിത

കേരളത്തിന്‍റെ ചരിത്രത്തില്‍ നാളിതു വരെ ദര്‍ശിച്ചിട്ടില്ലാത്ത വിപുലമായ ഒരു പൊതുജന ഐക്യപ്പെടല്‍ കൊണ്ട് അടയാളപ്പെടുത്തപ്പെട്ട ഒരു പ്രതിഷേധ പരിപാടി ആണ് ഈ മാസം നവംബര്‍ 1 കേരളപിറവി ദിനത്തില്‍ നടന്ന ലക്ഷം പ്രതിഷേധ ജ്വാല.സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കും ദളിത് -ആദിവാസി- മുസ്ലിം- ലൈംഗിക ന്യൂനപക്ഷ പീഡനങ്ങള്‍ക്കുമെതിരെ കേരളത്തിലെമ്പാടും ഉയര്‍ന്ന പ്രതിഷേധ ജ്വാലകള്‍ കേരളത്തിലെ സ്ത്രീപക്ഷ മുന്നേറ്റങ്ങളില്‍ ശ്രദ്ധേയമായ ഒരു അധ്യായം കൂടി എഴുതി ചേര്‍ത്തിരിക്കുന്നു. കേരളത്തിലും ,ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും വര്‍ദ്ധിച്ചു വരുന്ന സ്ത്രീപീഡന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെയും ,ലൈംഗിക ന്യൂനപക്ഷങ്ങളുടെയും നേതൃത്വത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുക എന്നതായിരുന്നു പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യം. കേരളത്തിലെ ചെറുതും ,വലുതുമായ എല്ലാ സ്ത്രീ സംഘടനകളുടെയും മറ്റു സാമൂഹിക- സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും പ്രമുഖ വ്യക്തികളുടെയും സംയുക്ത പങ്കാളിത്തത്തോടെയാണ് കേരളത്തിന്‍റെ എല്ലാ ജില്ലകളിലുമായി 2020 നവംബര്‍ 1 നു വൈകുന്നേരം 6 – 7 മണിക്കുള്ളില്‍ നഗരങ്ങളിലും ഗ്രാമങ്ങളിലുമായി തെരുവുകളിലും വീടുകളിലും തൊഴില്‍ ഇടങ്ങളിലും പ്രതിഷേധ ജ്വാലകള്‍ തെളിഞ്ഞത് . സ്ത്രീകളും ,കുട്ടികളും ഉള്‍പ്പെടെ നിരവധി കുടുംബങ്ങളും പന്തമേന്തി പ്രതിഷേധ ജ്വാലയെ സമാനതകള്‍ ഇല്ലാത്ത വിധം ഒരു പ്രതിഷേധ മുന്നേറ്റമാക്കി മാറ്റി.

1973 ലെ അരുണ ഷാന്‍ബാഗ് കേസ് മുതല്‍ 2020 ലെ ഹഥ്റാസ് വരെ തുടര്‍ന്നുകൊണ്ടിരിക്കുന്ന നിരവധി ക്രൂരവും ,മൃഗീയവുമായ ലൈംഗികാതിക്രമങ്ങള്‍ ഒട്ടും സ്ത്രീ സുരക്ഷ അവകാശപ്പെടാന്‍ തന്നെ സാധിക്കാത്ത ഒരു രാജ്യമാക്കി ഇന്ത്യയെ മാറ്റികൊണ്ടിരിക്കുകയാണ് . മാധ്യമ ശ്രദ്ധ നേടുന്ന സ്ത്രീപീഡന സംഭവങ്ങള്‍ക്കപ്പുറം ധാരാളം ആക്രമണങ്ങള്‍ ദിവസവും സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്നുണ്ട്. ഇന്ത്യയില്‍ വിവിധ ഇടങ്ങളിലായി ഒരു ദിവസം കുറഞ്ഞത് 87 ബലാത്സംഗ കേസുകള്‍ എങ്കിലും ഉണ്ടാകുന്നു എന്നാണ് ഈ വര്‍ഷം സെപ്റ്റംബറില്‍ പുറത്തു വന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യുറോ കണക്കുകള്‍ സൂചിപ്പിക്കുന്നത് . 2019 ല്‍ 32,033 ലൈംഗികാതിക്രമ കേസുകള്‍ ആണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് . ഓരോ വര്‍ഷവും മുന്‍ വര്‍ഷങ്ങളിലേക്കാള്‍ പീഡന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നത് ഗൗരവകരമായ സംഗതിയാണ് . ഡല്‍ഹി ഉന്നാവോ ഹഥ്റാസ് എന്നീ സംഭവങ്ങള്‍ ദേശീയ തലത്തില്‍ തന്നെ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കു എതിരെ വിപുലമായ പൊതുജനരോഷം ഉയരുവാന്‍ ഇടയാക്കിയിട്ടുണ്ട് . കേരളത്തില്‍ വാളയാര്‍ കുഞ്ഞുങ്ങള്‍ക്ക് നേരെ ഉണ്ടായ പീഡനങ്ങള്‍ സമാനമായ വിധത്തില്‍ അതിക്രൂരമായിരുന്നിട്ടും ഇന്നും ഭരണകൂട നീതിക്കായി തെരുവില്‍ സമരം ചെയ്യേണ്ടിവരുന്ന അവസ്ഥയാണ് ഉള്ളത് . നമ്മുടെ കുഞ്ഞുങ്ങള്‍ വിദ്യാലയങ്ങളില്‍ പോലും സുരക്ഷിതരല്ലെന്നു പാലത്തായി സംഭവം ചൂണ്ടി കാണിക്കുന്നു. വീടുകളിലും തൊഴിലിടങ്ങളിലും പൊതുവിടങ്ങളിലും സൈബര്‍ ഇടങ്ങളിലും ,എന്തിനു ആംബുലന്‍സില്‍ വരെ സ്ത്രീകളെ അധിക്ഷേപിക്കുകയും ,ലൈംഗികമായി ആക്രമിക്കുകയും ചെയ്യുന്ന പ്രവണത വ്യാപമാവുന്നു. ലൈംഗിക പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ക്കു നിയമ പരിരക്ഷ കിട്ടാതെ വീണ്ടും അവര്‍ ഭരണകൂട പീഡനത്തിനും കൂടി ഇരകളാവുകയാണ്. സൈബര്‍ ഇടങ്ങളില്‍ ലൈംഗികാധിക്ഷേപങ്ങളിലൂടെ സ്ത്രീകളെ വ്യക്തിഹത്യ നടത്തുന്നത് നിത്യസംഭവമാവുമ്പോഴും അതിനു നേരെ കണ്ണടക്കുന്ന പോലീസ് സംവിധാനവും ,ദുര്‍ബലമായ സൈബര്‍ ആക്രമണ നിയന്ത്രണ നിയമങ്ങളും സ്ത്രീകളെ കൂടുതല്‍ അരക്ഷിതരാക്കുന്നു. ദളിത് സ്ത്രീകള്‍ സാമൂഹ്യമായ മറ്റ് അവകാശ നിഷേധങ്ങള്‍ക്കൊപ്പം സ്ത്രീകളെന്ന നിലയിലുള്ള അതിക്രമങ്ങളെയും അവഗണകളെയും കൂടി നേരിടേണ്ടിവരുന്ന അവസ്ഥ ഹഥ്റാസ് ,വാളയാര്‍ സംഭവങ്ങളില്‍ നമ്മുക്ക് കാണാന്‍ സാധിക്കും. ഇവിടെയെല്ലാം നീതി നടപ്പിലാക്കേണ്ട ഭരണ സംവിധാനങ്ങള്‍ നിഷ്ക്രിയരായിരിക്കുകയോ കുറ്റവാളികള്‍ക്കൊപ്പം കൂടി അവരെ സംരക്ഷിക്കുവാനോ ആണ് താല്‍പര്യപ്പെടുന്നത്. രാഷ്ട്രീയ നേതൃത്വങ്ങള്‍ തന്നെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളും ,അധിക്ഷേപ വാക്കുകളും കൊണ്ട് സ്ത്രീകളെ അപമാനിക്കുന്ന സാഹചര്യവും തുടര്‍ന്ന് കൊണ്ടിരിക്കുന്നു .

സംഘപരിവാര്‍ ഫാസിസത്തിന്‍റെ വ്യാപനം നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ജാതി വിവേചനവും സ്ത്രീകള്‍ക്കെതിരായ വിവേചനവും ഊട്ടിയുറപ്പിക്കുവാന്‍ അവസരമുണ്ടാക്കുന്നു. ദളിതുകള്‍ക്കും ആദിവാസികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ഭരണകൂട പിന്തുണയോടെ ശക്തിപ്പെടുന്നതും നമ്മുക്ക് കാണാവുന്നതാണ്.ദളിതര്‍ക്കു നേരെയുള്ള അതിക്രമങ്ങളില്‍ ഭൂരിഭാഗവും സവര്‍ണ്ണ വിഭാഗങ്ങളില്‍പെട്ടവരില്‍ നിന്നാണ് ഉണ്ടാവുന്നത്. ഇന്ത്യയില്‍ ഒരു ദിവസം കുറഞ്ഞത് നാലു ദളിത് സ്ത്രീകളെങ്കിലും ലൈംഗികാതിക്രമങ്ങള്‍ക്കു ഇരയാകുന്നുണ്ട്. പലരും ഒന്നിലധികം തവണ പീഡനങ്ങള്‍ക്കു ഇരയാകുന്നുവെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മത ന്യൂന പക്ഷങ്ങളും ,ലൈംഗിക ന്യൂനപക്ഷങ്ങളും കൂടുതല്‍ അരക്ഷിതരായിക്കൊണ്ടിരിക്കുന്നു. ആണധികാര വ്യവസ്ഥിതിയെ ന്യായീകരിച്ചും ,അവര്‍ണ്ണ വിഭാഗത്തിന്‍റെ അടിച്ചമര്‍ത്തലിനായി ലൈംഗികാതിക്രമങ്ങളെ വരെ ആയുധമായി ഉപയോഗിക്കാമെന്ന പ്രത്യയശാസ്ത്ര പിന്‍ബലത്തെ പ്രയോഗവല്‍ക്കരിച്ചും ഫാസിസ്റ്റുകള്‍ ബലാത്സംഗ സംസ്കാരത്തെ നോര്‍മ്മലൈസ് ചെയ്തെടുക്കുകയാണ് ചെയ്യുന്നത്. സംഘപരിവാര്‍ ഫാസിസം അപരവല്‍ക്കരിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യാന്‍ ശ്രമിക്കുന്ന സാമൂഹിക വിഭാഗങ്ങള്‍ എന്ന നിലയ്ക്ക് ദളിത് -ആദിവാസി -മുസ്ലിം മത ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അതിക്രമങ്ങളെ, നീതി നിഷേധങ്ങളെ അഭിസംബോധന ചെയ്യേണ്ടത് നമ്മുടെ സാമൂഹിക ഉത്തരവാദിത്വവും സമകാലിക രാഷ്ട്രീയ സാഹചര്യത്തിലെ ജനാധിപത്യ വിശ്വാസികളുടെ ആവശ്യകതയുമായി തീര്‍ന്നിരിക്കുന്നു . ഈ സാഹചര്യങ്ങളെ മുഴുവന്‍ ഉള്‍കൊള്ളുന്ന ഒരു പ്രതിഷേധ പരിപാടിയായാണ് പ്രതിഷേധ ജ്വാല രൂപപ്പെടുത്തിയത്.

ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വത്തില്‍ അധിഷ്ഠിതമായ തുല്യ നീതി പങ്കു വെക്കപ്പെടുന്ന പൊതു ബോധം ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിവരേണ്ടതുണ്ട് എന്ന് ഓരോ സംഭവ വികാസങ്ങളും നമ്മളോട് ആവശ്യപ്പെടുന്നുണ്ട്. ജനസംഖ്യയില്‍ പാതിയിലധികം സ്ത്രീകള്‍ ആയിരിക്കുമ്പോഴും ഇന്ത്യയിലെ രാഷ്ട്രീയ -സാമൂഹിക രംഗങ്ങളില്‍ ഇന്നും സ്ത്രീകളുടെ ദൃശ്യത വളരെ കുറവാണെന്നു കാണാം .സ്ത്രീകളുടെ ചരിത്രപരമായ പിന്നോക്കാവസ്ഥയെ ആ വിധം തന്നെ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ആണ്‍കോയ്മയുടെ തത്വശാസ്ത്രങ്ങളും ,നീതിന്യായവ്യവസ്ഥകളെയും അപനിര്‍മ്മാണത്തിനു വിധേയമാക്കാന്‍ ഭരണകൂടത്തെ നിര്‍ബന്ധിതരാക്കുവാന്‍ നാം മുന്നിട്ടു ഇറങ്ങേണ്ടതുണ്ട് .സ്ത്രീകളുടെ നേരെയുള്ള അതിക്രമങ്ങളെ ചെറുക്കുന്ന ,അവര്‍ക്കു വേണ്ട നീതി ഉറപ്പു വരുത്തുന്ന വിപുലമായ ഒരു ജനകീയ ഐക്യം കേരളത്തില്‍ രൂപപ്പെടുത്തുക എന്നതിന്‍റെ ആദ്യ പടിയായാണ് കേരളപ്പിറവി ദിനത്തില്‍ പ്രതിഷേധ ജ്വാലയുയര്‍ത്തുക എന്ന ആശയം മുന്‍പോട്ടു വെക്കപ്പെട്ടതു.

പ്രതിഷേധ ജ്വാലയുടെ പരിപാടികള്‍ക്കായി സംസ്ഥാനതലത്തില്‍ ഒരു സംഘടക സമിതിയും ,ജില്ലാതല കണ്‍വീനര്‍മാരെയും നിശ്ചയിച്ചിരുന്നു. പരിപാടിയുടെ ആശയ രൂപീകരണവും പ്രവര്‍ത്തന പദ്ധതിയും സ്ത്രീകളും,ലൈംഗിക ന്യൂനപക്ഷങ്ങളും ഉള്‍പ്പെട്ട ആദ്യ ആലോചനയോഗത്തില്‍ ചര്‍ച്ച ചെയ്യുകയും ,പിന്നീട് എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള പൊതു ആലോചനയോഗത്തില്‍ പ്രതിഷേധ പരിപാടിയുടെ പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുകയും ചെയ്തു. പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത് കെ അജിത ,ശീതള്‍ ശ്യാം ,ബാല്‍കീസ് ഭാനു ,അഡ്വ.രമ,ഗോമതി ജി ,ഭദ്രകുമാരി,അമ്മിണി കെ വയനാട് ,എം സുല്‍ഫത്, വിജി പെണ്‍കൂട്ട്, സുഹ്റ , റംസീന ഉമൈബ ,ജ്യോതി നാരായണന്‍ ,സോണിയ ജോര്‍ജ് ,പ്രൊഫ.കുസുമം ജോസഫ് ,ശ്രീജ നെയ്യാറ്റിന്‍കര, ഡോ.സ്മിത പി കുമാര്‍ ,തസ്നി ബാനു,അമ്പിളി ഓമനക്കുട്ടന്‍,പ്രസന്ന പാര്‍വതി ,ചിത്ര നിലമ്പൂര്‍ ,അമൃത കെ എസ് ,ബിന്ദു തങ്കം കല്യാണി ,സീന യു ടി കെ ,സൂര്യ ഇഷാന്‍ ,സാവിത്രി കെ കെ ,റിന്‍സ തസ്നി ,അഖില്‍ വൈ എസ് ,നിഷി ജോര്‍ജ്, മാനസി ദേവാനി എന്നിവര്‍ അടങ്ങിയ കണ്‍വീനേഴ്സ് ഫോറം ആയിരുന്നു .

സംഘപരിവാര്‍ ഫാസിസത്തെ എതിര്‍ക്കുന്ന സ്ത്രീ ,ദളിത് ,ആദിവാസി ,ക്വിയര്‍ ,മുസ്ലിം ,ന്യൂനപക്ഷ അവകാശങ്ങളെ അംഗീകരിക്കുന്ന ആര്‍ക്കും പങ്കാളിയാകാവുന്ന തരത്തിലുള്ള ഒന്നായാണ് പ്രതിഷേധ ജ്വാല സംഘടിപ്പിക്കപ്പെട്ടിരുന്നത്. പ്രതിഷേധ ജ്വാല പരിപാടിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളത്തിലെയും ,ദേശീയ തലത്തിലെയും നൂറോളം വരുന്ന പ്രമുഖരായ സാമൂഹിക -സാംസ്കാരിക പ്രവര്‍ത്തകര്‍ മുന്‍പോട്ടു വന്നിരുന്നു . വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ സ്ത്രീ സംഘടനകളിലെ അംഗങ്ങള്‍ പരിപാടിയുടെ പ്രചരണത്തിലടക്കം സജീവ പങ്കാളിത്തം വഹിച്ചു . ദളിത് -ആദിവാസി -മുസ്ലിം -ലൈംഗിക ന്യൂനപക്ഷ സംഘനകളും,വിവിധ സാമൂഹിക -സാംസ്കാരിക-രാഷ്ട്രീയ സംഘടനകള്‍ അടക്കം ഇരുനൂറോളം സംഘടനകള്‍ പ്രതിഷേധ ജ്വാലയുടെ ഭാഗഭാക്കായി. കാസര്‍ക്കോട് തൊട്ടു തിരുവനന്തപുരം വരെ കേരളത്തിലെ എല്ലാ ജില്ലകളിലും വമ്പിച്ച പൊതുജന പങ്കാളിത്തത്തോടെ നവംബര്‍ 1 നു വൈകുന്നേരം പ്രതിഷേധ ജ്വാലകള്‍ ഉയരുകയുണ്ടായി . പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടാണ് നഗരങ്ങളിലെയും ,ഗ്രാമങ്ങളിലെയും തെരുവുകളിലും ,വീടുകളിലും ,തൊഴിലിടങ്ങളിലും പ്രതിഷേധ ജ്വാലകള്‍ സംഘടിപ്പിക്കപ്പെട്ടത്. ജില്ലാ ആസ്ഥാനങ്ങളില്‍ ഔദ്യോഗികമായ ഉത്ഘാടന ചടങ്ങുകളും ,പ്രമുഖരുടെ പങ്കാളിത്തവും ഉണ്ടായിരുന്നു . പ്രതിഷേധ ജ്വാലയില്‍ ഉണ്ടായ വ്യാപകമായ പൊതുജന പങ്കാളിത്തം സൂചിപ്പിക്കുന്ന വളരെ പ്രധാനപ്പെട്ട സംഗതി എന്നത് കേരളത്തില്‍ ഇത്തരം ഒരു പ്രതിഷേധ മുന്നേറ്റത്തെ ആവശ്യപ്പെടുന്ന സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നുള്ളത് തന്നെയാണ് . ആയതുകൊണ്ട് തന്നെ ഈ കൊളുത്തപ്പെട്ട പന്തങ്ങള്‍ അണയാതിരിക്കാനും ,കൂടുതല്‍ പന്തങ്ങള്‍ ജ്വലിച്ചുയരാനും വേണ്ട രാഷ്ട്രീയ ജാഗ്രത കൂടി കാലം ആവശ്യപ്പെടുന്നു.

ആദിവാസി ഗോത്രജനസഭ

ഗീതാനന്ദന്‍ സംസാരിക്കുന്നു

കെ.അജിത കുടുംബത്തോടൊപ്പം

കുസുമം ജോസഫ്

കെ.കെ.രമ

സുശീല മറ്റു അംഗങ്ങളോടൊപ്പം, നെടുമ്പാശ്ശേരി

അമ്പലപ്പുഴ, ആലപ്പുഴ

എന്‍.ജി.ഒ.ക്വാര്‍ട്ടേഴ്സ്, എറണാകുളം

രാജലക്ഷ്മി, കോഴിക്കോട്

ആലപ്പുഴ

കുട്ടികളും പ്രതിഷേധിക്കുന്നു

മനുഷ്യാവകാശ കൂട്ടായ്മ, കൊടുങ്ങല്ലൂര്‍

ഷീബ, അനീഷ, കോഴിക്കോട്

സലീംകുമാറും കുടുംബവും

കുറ്റിക്കലില്‍ പഞ്ചായത്ത്, കാസറഗോഡ്

ഗീതയും മറ്റ് അംഗങ്ങളും, എടപ്പാള്‍

ഗണേഷ് കുഞ്ഞിമംഗലം കുടുംബത്തോടൊപ്പം

നാടിന്‍റെ പല ഭാഗങ്ങളില്‍ നിന്നുള്ള പ്രതിഷേധ ജ്വാലകള്‍

(റിപ്പോര്‍ട്ട്:  ഡോ.പി.സ്മിത
പ്രിന്‍സിപ്പല്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്‍ററ്റര്‍, കണിയാമ്പറ്റ, വയനാട്)

COMMENTS

COMMENT WITH EMAIL: 0