Homeവാസ്തവം
സിനിമയിലെ സ്ത്രീവിരുദ്ധതക്ക് ശക്തമായി കൈയടിക്കുന്നവരാണ് നമ്മള്‍ . സിനിമ മാത്രമല്ല, കലകളൊന്നിലും പെണ്ണിന് പെണ്ണിന്‍റെ സ്വത്വം അംഗീകരിച്ചു കിട്ടുന്നില്ല. ഇതു പറഞ്ഞാല്‍ തോന്നും ജീവിതത്തിലുണ്ടെന്ന് അല്ലേ? ഇല്ലേ ഇല്ല. ഈ പ്രപഞ്ചത്തിലാകെ ആണ്‍പ്രഭാവത്തിന്‍റെ കണ്ണഞ്ചിക്കുന്ന കിരണങ്ങള്‍ മാത്രമേ പടര്‍ന്നു പന്തലിക്കുന്നുള്ളൂ. പെണ്ണ് തന്‍റെ സ്വത്വം വീണ്ടെടുക്കാനുള്ള പ്രയത്നം ആരംഭിച്ചിട്ട് നൂറ്റാണ്ടുകളായിട്ടും, സ്വതന്ത്രയായി നില്‍ക്കാനുള്ള പോരാട്ടം ആരംഭിച്ചിട്ട് ശതകങ്ങളായിട്ടും എവിടെച്ചെന്നു നില്‍ക്കുന്നു എന്ന് ഇന്നു നാട്ടില്‍ നടക്കുന്ന പെണ്‍വിരുദ്ധ സംഭവങ്ങളിലൂടെ മനസിലാക്കാവുന്നതേയുള്ളൂ.ഏതു മേഖലയും സ്ത്രീവിരുദ്ധ നിലപാടുകളാല്‍ നിറഞ്ഞിരിക്കുകയാണ്. ആണ്‍ കാഴ്ചകളെയും ആണ്‍കോയ്മകളേയും പരിപാലിക്കാന്‍ മാത്രം ഇടം കണ്ടെത്തുന്ന സിനിമാലോകത്ത് സ്ത്രീകള്‍ക്ക് എന്തു സ്ഥാനം?

പഴയകാലത്തു നിന്നും വളരെ മുന്നോട്ടു പോയിരിക്കുന്നു  എന്ന് ഊറ്റം കൊള്ളുമ്പോഴും സിനിമാലോകത്ത് നടക്കുന്ന സ്ത്രീവിരുദ്ധത നമ്മോടു പറയുന്നത് ഇന്നും പെണ്ണിനെ ആസ്വാദന സ്രോതസ്സായി മാത്രം കണ്ടു വരുന്ന വലിയൊരു വിഭാഗത്തെക്കുറിച്ചാണ് .ഒരു പക്ഷേ നമ്മുടെ ചരിത്രത്തിലില്ലാത്ത തരത്തിലാണല്ലോ പെൺവേട്ട നടന്നത്. ക്വട്ടേഷൻ എന്ന വാക്കോ പ്രവൃത്തിയോ ആദ്യമായല്ല നമ്മുടെ നാട്ടിൽ വരുന്നത്. എന്നാൽ ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുക്കുന്ന ഏർപ്പാട് ആദ്യമായിത്തന്നെയാണ് നാം കേൾക്കുന്നത്. ബലാത്സംഗ സീനുകൾ ആസ്വദിക്കുന്ന മനസ്സുള്ള സമൂഹം തന്നെയാണ് ഇവിടേയും പെണ്ണിന് പ്രതികൂലമായി നിൽക്കുന്നത്.

സിനിമയിൽ എത്ര മികവു തെളിയിച്ചവരാണെങ്കിലും പെണ്ണാണെങ്കിൽ എന്തും ചെയ്യാം എന്ന് കരുതുന്ന ഒരു മനോഭാവം നിലനിൽക്കുന്നതു കൊണ്ടു തന്നെ താരസംഘടനയും പ്രതിക്കനുകൂലമാകുന്നു എന്നത് മറന്നു കൂടാ. മാത്രമല്ല കലയും സംസ്കാരവും തോളോടുതോൾ ചേർന്നു നിൽക്കേണ്ടതാണെകിലും സിനിമ എന്ന കലയിൽ സംസ്കാര ശൂന്യത ആടിത്തിമിർക്കുന്നതു കാണാം. സിനിമയിലേക്കു വരുന്ന എല്ലാ പെണ്ണുങ്ങളും വിളിച്ചാൽ വരും എന്നാണ് സിനിമക്കകത്തുള്ളവരും പുറത്തുള്ളവരും കരുതുന്നത്. പീഡിപ്പിക്കപ്പെട്ട നടിക്കൊപ്പം നിൽക്കാത്തതുപോലെ തന്നെ അപമാനിക്കപ്പെടുന്ന ഒരു പെണ്ണിനൊപ്പവും പുരുഷമൂല്യബോധമുള്ള ആരും നിൽക്കുന്നില്ല എന്നത് സിനിമയിലെ സംസ്ക്കാരശൂന്യത തന്നെയാണ് കാണിക്കുന്നത്.ഇതിനെ പ്രതിരോധിക്കാൻ പെണ്ണുങ്ങൾ തന്നെ മുന്നോട്ടിറങ്ങേണ്ടി വരും.തത്വങ്ങൾക്കും സംഹിതകൾക്കൊന്നിനും തന്നെ ആൺബോധത്തെ തിരുത്താൻ കഴിയുമെന്നു തോന്നുന്നില്ല. അതു കൊണ്ടു തന്നെയാവണം നിയമം കൈയിലെടുത്തതു തെറ്റാണെന്ന് ബോധ്യമുണ്ടായിട്ടും തന്നെ തെറി പറഞ്ഞ വിദ്വാനെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മിയുടെ പക്ഷത്ത് നിൽക്കുന്ന സ്ത്രീപക്ഷവാദികളെ നമുക്ക് കാണാൻ കഴിഞ്ഞത് എനിക്കൊന്നേ പറയാനുള്ളൂ.സംസക്കാരം കൈമോശം വന്ന കല കലയാകുന്നില്ല; കൊലയ്ക്കു സമാനമാകുന്നേയുള്ളൂ.

COMMENTS

COMMENT WITH EMAIL: 0