Homeചർച്ചാവിഷയം

സ്ത്രീകള്‍ക്ക് സ്വന്തമാകേണ്ട ഭൂമികകള്‍

ജയശ്രീ. ഏ. കെ 

“പുരുഷ മേല്‍നോട്ടമില്ലാത്ത സ്ത്രീസൗഹാര്‍ദ്ദമാണ് ഫെമിനിസത്തിന്‍റെ കാതല്‍.” നീതിക്കായി നിയമങ്ങള്‍ ഉണ്ടാക്കിയെടുക്കുകയും നിയമത്തിനപ്പുറം നീതി തേടുകയും ചെയ്യുന്ന പ്രക്രിയയിലാണിന്ന് ലോകത്താകമാനമുള്ള സ്ത്രീകള്‍. കാല്‍നൂറ്റാണ്ട് മുമ്പ് രാജസ്ഥാനിലെ ബന്‍വാരിയിലൂടെ ഊര്‍ജ്ജം ഉണര്‍ത്തിയ സ്ത്രീനീതി മനീഷ വാല്മീകിയിലെത്തുമ്പോഴും നില നില്‍ക്കാന്‍ ഇടം തിരയുകയാണ്. സ്വന്തം ഇടം ഏതാണ് ? ചെയ്യേണ്ട തൊഴിലെന്താണ്? സുരക്ഷിതത്വം വീടിനുള്ളിലോ പുറത്തോ? എന്നിങ്ങനെ ഒടുങ്ങാത്ത ചോദ്യങ്ങളുമായി അലയുകയാണ് സ്ത്രീകള്‍  1992 ല്‍ ബന്‍വാരിയില്‍ നിന്ന് തുടങ്ങിയ, സ്ത്രീകളുടെ സുരക്ഷിതത്വത്തിനായുള്ള പോരാട്ടം 2013 ല്‍ ‘തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയുന്ന നിയമത്തില്‍ എത്തി. വിശാഖ കേസെന്ന് അറിയപ്പെട്ട നീണ്ട നിയമ പോരാട്ടത്തിന്‍റെ നേട്ടമാണത്. താഴ്ന്ന ജാതിയില്‍ പെട്ട ബന്‍വാരിയുടെ വിട്ടുവീഴ്ചയില്ലാത്തതും നിര്‍ഭയവുമായ പോരാട്ടമാണ് മൊത്തം സ്ത്രീകളുടെയും അവകാശസംരക്ഷണത്തിനുള്ള നിയമങ്ങള്‍ക്ക് ഇന്ത്യയില്‍ തുടക്കം കുറിച്ചതെന്നത് ശ്രദ്ധേയമാണ്.

അധഃസ്ഥിതാവസ്ഥയില്‍ നിന്നുള്ള മോചനത്തിനും, അഭിമാനത്തോടെയും അവകാശത്തോടെയും നിലയുറപ്പിക്കാനുമായുള്ള സ്ത്രീകളുടെ ഐക്യപ്പെടല്‍ ആരംഭിച്ചത് അതിനും എത്രയോ മുമ്പാണ്. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെല്ലായിടത്തും സ്ത്രീകള്‍ ഒരേ പോലെ അരക്ഷിതരാണെന്ന തിരിച്ചറിവ് വ്യാപകമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ഒരു ആശയത്തിന്‍റെയോ ഒരു വ്യക്തിയുടെയോ പിന്നില്‍ അണിനിരക്കുന്നതിന്ബദലായി, വ്യത്യസ്തരായ സ്ത്രീകള്‍ അവരവര്‍ നിലയുറപ്പിച്ചിട്ടുള്ള അതാതിടങ്ങളില്‍ നിന്ന് കണ്ണി ചേര്‍ന്ന് കരുത്താര്‍ജ്ജിക്കുന്നതാണ് സ്ത്രീ പക്ഷരാഷ്ട്രീയത്തിന്‍റെ സവിശേഷത. ജാതിയും വര്‍ണ്ണവും പോലെയുള്ള നീചവ്യവസ്ഥകളാല്‍ കെട്ടുപിണഞ്ഞ് അദൃശ്യവും സങ്കീര്‍ണ്ണമാകുന്ന സ്ത്രീ അവസ്ഥകളെക്കുറിച്ചുള്ള ബോദ്ധ്യവും സ്ത്രീപ്രസ്ഥാനങ്ങള്‍ക്കുണ്ട്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ ഉയര്‍ത്തുന്ന പ്രതിരോധവും, ജാതിവെറിക്കെതിരായ ദളിത് സ്ത്രീകളുടെ ശബ്ദവും ആഗോളമായ സ്ത്രീസാഹോദര്യത്തിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പുകളും തമ്മില്‍ ഐക്യദാര്‍ഢ്യപ്പെടുകയും വിയോജിപ്പുകള്‍ അടി വരയിടുകയും ചെയ്യുന്നതാണ് സ്ത്രീമുന്നേറ്റത്തിന്‍റെ ശക്തി.

എണ്‍പതുകളില്‍ കേരളത്തിലുണ്ടായ നവ സ്ത്രീവിമോചനപ്രസ്ഥാനം അക്കാലത്ത് തന്നെ സിനിമയില്‍ സ്ത്രീകള്‍ സഹിക്കുന്ന ശ്വാസം മുട്ടലിനെ പറ്റി സംസാരിക്കുകയും അവിടെ സ്ത്രീകള്‍ സംഘടിക്കുന്നത് ആഗ്രഹിക്കുകയും ചെയ്തിരുന്നു. മറ്റു പുരോഗമന പ്രസ്ഥാനങ്ങളില്‍ നിന്ന് സ്വയം വിഛേദിച്ച്കൊണ്ട് സ്ത്രീകളെ സാമൂഹ്യമായി രൂപപ്പെട്ട ഒരു ഗണമായി തിരിച്ചറിഞ്ഞ് സ്വതന്ത്രമായി സഘടിക്കുകയാണ് ഈ പ്രസ്ഥാനം ചെയ്തത്. അംഗ ബലത്തേക്കാള്‍ ആശയദാര്‍ഢ്യം കൊണ്ടാണ് അത് സമൂഹത്തില്‍ പ്രതിഷ്ഠ നേടിയത്. സിനിമ പോലെ വ്യത്യസ്ത മേഖലകളിലും ഒറ്റക്കും കൂട്ടായും സ്ത്രീകള്‍ നടത്തുന്ന ആത്മാഭിമാനസമരങ്ങള്‍ ഇത് തന്നെയാണ് പിന്തുടരുന്നത്. സ്ത്രീപ്രസ്ഥാനങ്ങള്‍ എപ്പോഴും പരമ്പരാഗതമായ ഒരു അധികാരഘടന വച്ച് പുലര്‍ത്താറില്ല. അധികാരകേന്ദ്രങ്ങളോട് ശക്തമായി ഏറ്റുമുട്ടേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ മാത്ര മാണ് അത് വേണ്ടി വരുന്നത്. വ്യക്തമായ നിലപാടില്‍ നിന്നും വൈകാരികമായ ഊര്‍ജ്ജത്തില്‍ നിന്നും സ്ത്രീകള്‍ സന്ദര്‍ഭോചിതമായി ഐക്യപ്പെടുകയാണ് ചെയ്യുന്നത്. അത് കൊണ്ട് എപ്പോള്‍ വേണമെങ്കിലും ഘടന രൂപപ്പെടും. അത് മുകളില്‍ നിന്ന് അടിച്ചേല്പിക്കേണ്ടതില്ല. സ്ത്രീകളുടെ ഉറക്കെയുള്ള ശബ്ദം, കൂട്ടായ ശബ്ദം അധികാര കേന്ദ്രങ്ങളെ കൂടുതല്‍ ബാദ്ധ്യസ്ഥവും  പ്രതിബദ്ധവുമാക്കും. അത് നിര്‍ണ്ണായക സാന്ദ്രത(Critical mass) യിലെത്തുമ്പോള്‍ പഴയ ഘടനകള്‍ പൊളിയുകയും പുതിയവ രൂപപ്പെടുകയും ചെയ്യും. നിര്‍ഭയ കേസ് ക്രിമിനല്‍ ലാ അമെന്‍റ്മെന്‍റിലേക്ക് നയിക്കപ്പെട്ടത് അങ്ങനെയാണ്.

സാധാരണ സ്ത്രീ പ്രസ്ഥാനങ്ങളിലുള്ളവര്‍ നിരന്തരം നേരിടേണ്ടി വരുന്ന ഒരു ചോദ്യം ഇപ്പോള്‍ സംഘടന ഇല്ലേ, പ്രവര്‍ത്തനങ്ങള്‍ ഇല്ലേ എന്നുള്ളതാണ്. അടിച്ചുറപ്പിക്കുന്ന ഘടന പുരുഷാധിപത്യസംസ്കാരത്തിന്‍റേതാണ്. കൂടുതല്‍ മാനവികവും സ്ത്രീസൗഹാര്‍ദ്ദപരവുമായ ഘടനകള്‍ സ്വയം  രൂപപ്പെടുന്നതും  ക്രമേണ ഏണി പോലെയുള്ള ഘടനകളെ  തുടച്ചു നീക്കാന്‍ ബലം ആര്‍ജ്ജിക്കുന്നതുമായിരിക്കും. വിയോജിപ്പുകള്‍ അടയാളപ്പെടുത്താനും അവ ചര്‍ച്ച ചെയ്യാനും വിയോജിപ്പില്‍ തുടരാനും വീണ്ടും ഐക്യപ്പെടാനും ഒക്കെയുള്ള തുറന്ന ഘടനയാണ്സ്ത്രീ പ്രസ്ഥാനം പിന്തുടരുന്നത്.

2017 ല്‍ വിമന്‍  ഇന്‍ സിനിമ കളക്ടീവ് രൂപപ്പെടുമ്പോഴേക്കും ഈ സ്ത്രീപ്രസ്ഥാനത്തിന്‍റെ സവിശേഷതകള്‍  അവര്‍ക്ക് ആവിഷ്കരിക്കാന്‍ കഴിഞ്ഞു.  അനിവാര്യമായ ഒരു സന്ദര്‍ഭത്തിലാണ് ഡ.ബ്ള്യു.സി.സി രൂപപ്പെടുന്നത്. കാലങ്ങളായി യാതൊരു വിധ  ചോദ്യങ്ങളുമില്ലാതെ നില നിര്‍ത്തിയിരുന്ന ഒരു തരം  മാടമ്പി സംസ്കാരം അതിന്‍റെ ജീര്‍ണ്ണതയുടെ ഉച്ചിയിലെത്തി നിലം പൊത്തുന്ന പോലത്തെ അവസ്ഥയാണ് കാണാന്‍ കഴിഞ്ഞത്. സ്ത്രീകളെ എങ്ങനെയും കൈകാര്യം ചെയ്യാമെന്ന ധാരണ പരക്കെ ഉണ്ടായിരുന്നിരിക്കണം.  മുമ്പ് എത്രയോ ഉന്നതരായ നടികള്‍ ആത്മഹത്യയിലേക്കെത്തി ചേര്‍ന്നു ? സ്ത്രീകളില്‍ അഭിമാനം വളരുന്ന കാര്യം അറിയുകയോ അവര്‍ പറയുന്നത് മനസ്സിലാക്കാനുള്ള മിനിമം ബോധം വളര്‍ത്തിയെടുക്കുകയോ ചെയ്യാത്ത ആള്‍ക്കാരാണ് ഇപ്പോഴും ഈ മേഖലയില്‍ ആധിപത്യം പുലര്‍ത്തി കൊണ്ടിരിക്കുന്നത് . ആണുങ്ങള്‍ ചെയ്യുന്ന വൃത്തികേടിന്‍റെ അപമാനം സ്ത്രീകള്‍ ചുമക്കേണ്ടി വരുന്ന വിരോധാഭാസം എന്നും സ്ത്രീകള്‍ ഏറ്റെടുത്തു നടക്കുമെന്ന വിചാരത്തിനേറ്റ അടിയായിരുന്നു സിനിമയിലെ സ്ത്രീകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും തുടര്‍ന്ന് രൂപപ്പെട്ട ഡ.ബ്ള്യു.സി.സിയും .

സാമ്പത്തികമായോ തൊഴില്‍ പരമായോ സാമൂഹ്യമായോ ഉണ്ടാകുന്ന ഒരു നഷ്ടങ്ങളും വക വെക്കാതെ കുറച്ച് സിനിമാ നടിമാര്‍, സിനിമയില്‍ ജോലി ചെയ്യുന്ന മറ്റ് സ്ത്രീകള്‍ക്ക് കൂടി ശബ്ദമാകുന്നത് സ്ത്രീപ്രസ്ഥാനങ്ങള്‍ക്ക്  അഭിമാനകരമായ അനുഭവമായിരുന്നു. ഇന്ത്യയില്‍ തന്നെ ഇങ്ങനെയൊരു മൂവ് ആദ്യമായിട്ടാണ്. മറ്റ് സംസ്ഥാനങ്ങളിലുള്ളവരെയും അത് പ്രചോദിപ്പിച്ചിട്ടുണ്ട്. അതിപ്പോഴും അവര്‍ തുടര്‍ന്ന് കൊണ്ട് പോകുന്നത് കാണുമ്പോള്‍ സ്ത്രീ പ്രസ്ഥാനത്തിനാകമാനം പ്രതീക്ഷയാണ്. എത്ര ആര്‍ജ്ജവത്തോടെയാണ് കുറച്ച് പേരേയുള്ളു എങ്കിലും, പാര്‍വ്വതിയും, രമ്യയും റിമയുമെല്ലാം നിലപാടെടുത്തു കൊണ്ട് ഫെമിനിസ്റ്റ് ധാര്‍മ്മികതയും സഖ്യവും പങ്കിടുന്നത്. നേരത്തെ തന്നെ പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്ന ബാക്കിയെല്ലാവരും അവരവരുടെ നിലപാടുകളില്‍ നിന്ന് സംവാദങ്ങളിലൂടെ ഉരുക്കിയെടുക്കുന്ന ഉറപ്പാണ്, ജീര്‍ണ്ണിച്ചതെങ്കിലും പന്തലിച്ചു കിടക്കുന്ന മാടമ്പി സംസ്കാരത്തെ കുടഞ്ഞു കളയാന്‍ പ്രാപ്തിയുണ്ടാക്കുന്നത്.

കൃത്യമായ സന്ദര്‍ഭത്തിലുള്ള രൂപപ്പെടല്‍, അയവോടെയുള്ള ഘടനയും ആശയപരമായ ഐക്യദാര്‍ഢ്യവും, വ്യത്യസ്ത നിലപാടുകളോടുള്ള പരസ്പര ബഹുമാനം ഇവയൊക്കെ ഡ.ബ്ള്യു.സി.സി യുടെ സവിശേഷതകളായി ഞാന്‍ മനസ്സിലാക്കുന്നു. ഘടനയെക്കുറിച്ച് സൂചിപ്പിച്ചത് എന്താണെന്ന് വച്ചാല്‍ , സ്ത്രീപക്ഷനിയമങ്ങള്‍ കൊണ്ട് വരുമ്പോള്‍ സാമൂഹ്യവ്യവസ്ഥിതിയിലേക്ക് കൂടി നീളുന്ന ഘടനാപരമായ മാറ്റങ്ങള്‍ നമ്മുടെ ഉള്ളിലുണ്ടാവണം എന്നത് കൊണ്ടാണ്.നിലവിലുള്ള നിയമ നടപ്പാക്കലുകളുടെ ബാഹ്യസ്വാധീനങ്ങളെ മനസ്സിലാക്കിയും അവയെ കുലുക്കിയും ചിലപ്പോള്‍ പിഴുതെറിഞ്ഞും ചിലപ്പോള്‍ പരാജയപ്പെട്ടും പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിച്ചും ഒക്കെയാണ് മുന്നോട്ടു പോകാനുള്ളത്. വിനോദ വ്യവസായമെന്ന പടര്‍ന്ന് പന്തലിച്ച  വലിയൊരു മണ്ഡലത്തില്‍ പ്പെടുന്ന ഒന്നാണ് സിനിമ. ജാതിപരമായ വേര്‍തിരിവ് പോലെ വ്യത്യസ്തമായി അടിച്ചമര്‍ത്തപ്പെട്ട  സ്ഥലങ്ങളില്‍ നിന്ന് വരുന്ന,  വിവിധ തരം തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ ഈ മേഖലയിലുമുണ്ട്. ഈ ഒരു ബോദ്ധ്യവും കളക്ടീവിനെ ആര്‍ജ്ജവമുള്ളതാക്കുന്നു. തൊഴിലിടങ്ങളിലെ സുരക്ഷിതത്വം ഒരു പ്രധാന അജണ്ടയാകുമ്പോള്‍ അത് ഈ മേഖലയിലെ എല്ലാ സ്ത്രീകള്‍ക്കും ഒരു പോലെ ആവശ്യമുള്ളതാണ്.

2013ല്‍ ഇന്ത്യ ഗവണ്മെന്‍റ് കൊണ്ട് വന്ന തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയാനുള്ള നിയമം സിനിമാ മേഖലയില്‍ പറ്റില്ല എന്ന് ആര്‍ക്കെങ്കിലും കരുതാനാവുമെങ്കില്‍ അത് ജീര്‍ണ്ണതക്കുമപ്പുറത്ത് സാമാന്യ ബുദ്ധിയില്ലായ്മ  കൂടിയാണ്. അല്ലെങ്കില്‍ ഈ നിയമം എന്താണെന്ന് അറിയാന്‍ പോലും കൂട്ടാക്കുന്നില്ല. തീര്‍ച്ചയായും നടപ്പാക്കുന്നതിന് ഇന്നത്തെ സമൂഹത്തില്‍ ഒട്ടേറെ വെല്ലുവിളികളുണ്ട്. എന്നാല്‍, എല്ലായിടത്തും ഇതുണ്ടാവണമെന്ന് അസന്ദിഗ്ധമായി നിയമത്തില്‍ പറയുന്നു.

‘ഭരണഘടന ഉറപ്പ് നല്‍കിയിട്ടുള്ള മൗലികാവകാശങ്ങളുടെ അര്‍ത്ഥവും ഉള്ളടക്കവും ലിംഗപരമായ സമത്വത്തിന്‍റെ എല്ലാ വശങ്ങളെയും  ഉള്‍ക്കൊള്ളാന്‍ പര്യാപ്തമാണ്.’ എന്ന് ജസ്റ്റിസ് വര്‍മ്മ പറയുന്നുണ്ട്.  ഇന്ത്യയുടെ ഭരണഘടനക്കനുസൃതമായും ‘കണ്‍വെന്‍ഷന്‍ റ്റു എലിമിനേറ്റ്  ആള്‍ ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് വിമന്‍(CEDAW)’എന്ന അന്താരാഷ്ട്ര ഉടമ്പടിയെ പിന്തുടര്‍ന്നുമാണ് 2013 ലെ നിയമം വിശാഖ കേസ് തുടങ്ങി പല സംഭവങ്ങളും സ്ത്രീപ്രസ്ഥാനങ്ങള്‍ പിന്തുടരുകയും രേഖപ്പെടുത്തുകയും അത് നിയമ മാറ്റത്തിനായി സമര്‍പ്പിക്കുകയും ചെയ്തതിന്‍റെ ഫലമാണത്.  ലൈംഗികാതിക്രമം ഇന്ത്യയില്‍ എവിടെ നടന്നാലും അത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. നിയമത്തിന് മുന്നില്‍ പൗരര്‍ക്കുള്ള തുല്യാവകാശം (Article 14), ലിംഗപദവി ഉള്‍പ്പെടെ എല്ലാ വിവേചനങ്ങള്‍ക്കും എതിരായ അവകാശം (Article 15), മൗലികസ്വാതന്ത്ര്യം (Article 19), അന്തസ്സോടെ ജീവിക്കാനുള്ള അവകാശം (Article 21) എന്നിവയെല്ലാം തന്നെ, പാരമ്പര്യത്തിന് വിരുദ്ധമായി കുടുംബത്തിനു പുറത്ത് സ്ത്രീകള്‍ക്ക് സ്വതന്ത്രമായി വരുമാനമുണ്ടാക്കുന്ന പണിയെടുക്കാനുള്ള അവകാശം കൂടിയാണ് ഉറപ്പ് ചെയ്യുന്നത്. ലൈംഗികാതിക്രമങ്ങളില്‍ നിന്ന് മുക്തി നേടുകയെന്നത് ഇതിന്‍റെ മുന്നുപാധിയാണ്. ശീലങ്ങളും മൂല്യങ്ങളും മാറ്റാത്തിടത്തോളം തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സാന്നിദ്ധ്യം  പുരുഷന്മാര്‍ക്ക് നല്‍കുന്നത് ലൈംഗികമായ ആഡംബരവും ആധിക്യവുമാണ്. ഇത് മാറ്റിയെടുക്കുക എന്നത് അവകാശങ്ങള്‍ അനുഭവിക്കുന്ന എല്ലാ പൗരരുടെയും ഉത്തരവാദിത്വം കൂടിയാണ്. തൊഴില്‍ ചെയ്യുന്നിടത്ത് നീതിപൂര്‍വമായ അന്തരീക്ഷം ഉണ്ടാക്കാന്‍ ആവശ്യമായ നിയമങ്ങളും നടപടികളും നിര്‍മ്മിച്ചെടുക്കാന്‍ ആര്‍ട്ടിക്കിള്‍ 42 അനുശാസിക്കുന്നുണ്ട്.

ലൈംഗികാതിക്രമം, ഭരണ ഘടന ഉറപ്പ് തരുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന തിരിച്ചറിവിന്‍റെ  പ്രയോഗതല പരിഹാരമാണ് വിശാഖ ഗയിഡ് ലൈനിലൂടെയും പിന്നീട് നിയമത്തിലൂടെയും കണ്ടത്. അത് തൊഴിലിടങ്ങളില്‍ പ്രാവര്‍ത്തികമാക്കുന്നതിന് ഓരോ സ്ഥലങ്ങളിലും നിതാന്ത പരിശ്രമം ആവശ്യമാണ്. നിയമം വ്യവഹാരത്തിന്‍റെ തുടക്കം മാത്രമേ ആയിട്ടുള്ളൂ. തൊഴിലിടങ്ങളിലെ ഇന്നത്തെ അവസ്ഥ പരിശോധിച്ചാല്‍ അത് വ്യക്തമാകും.

സ്ത്രീകളെ സംബന്ധിച്ച് എന്താണ് തൊഴില്‍? എന്താണ് തൊഴിലിടം? എന്നതിലൊക്കെ അവ്യക്തത നില്‍ക്കുന്നു എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. സ്ത്രീകള്‍ ചെയ്യുന്ന പല ജോലികളും ജോലിയായി കാണുന്നില്ല. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 20-25 ശതമാനം മാത്രം ജോലി ചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ 85 ശതമാനം സ്ത്രീകളും എന്തെങ്കിലും ജോലി ചെയ്യുന്നവരാണ്. ആരാണ് തൊഴിലെടുക്കുന്നവള്‍? സ്ത്രീകളുടെ സ്വയം തിരിച്ചറിവ് ഇതില്‍ പ്രധാനമാണ്. സാമൂഹ്യമായ സ്വന്തം അസ്തിത്വം ചിലപ്പോള്‍ സ്ത്രീകള്‍ തിരിച്ചറിയുന്നില്ല. എന്നാല്‍, അവരും സമൂഹത്തിന് വേണ്ടിയാണ് എല്ലാ പണിയും ചെയ്യുന്നത്. കുടുംബത്തിലേത് പോലും.  ആരാണ് തൊഴില്‍ ദാതാവ്? അത് എല്ലാ മേഖലയിലും വ്യക്തമാക്കാനുള്ള ഉത്തരവാദിത്വം ഗവണ്മെന്‍റ് ഏറ്റെടുക്കണം. തൊഴിലിന്‍റെ നിയന്ത്രണം കയ്യിലുണ്ടാവുകയും അതില്‍ നിന്ന് നേട്ടമുണ്ടാക്കുകയും ചെയ്യുന്നവര്‍ നേരിട്ട് തൊഴില്‍ ദാതാവല്ലെങ്കില്‍ പോലും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴിലിടം ഒരുക്കുന്നതില്‍ തൊഴില്‍ ദാതാക്കള്‍ മുന്‍ കയ്യെടുക്കേണ്ടതുണ്ട്. കമ്മിറ്റികള്‍ ഉണ്ടോ എന്ന പരിശോധിക്കുക,ڔവേണ്ട അവബോധം തൊഴില്‍ ചെയ്യുന്നവരിലുണ്ടാക്കുക, കാലാകാലങ്ങളില്‍ ഇവയുടെ പ്രവര്‍ത്തനങ്ങളെ പറ്റിയും  അവയുണ്ടാക്കുന്ന ഫലങ്ങളെ പറ്റിയും റിപ്പോര്‍ട്ട് തയാറാക്കുക എന്നതും അവര്‍ ചെയ്യേണ്ടതാണ്.
തൊഴിലിനും ലൈംഗികാതിക്രമത്തിനും നിര്‍വചനം കൊണ്ട് വരാന്‍ വിശാഖ വിധിക്കു കഴിഞ്ഞു. പരിഹാരത്തിനായി സ്ഥാപനവും നടപടികളും കൊണ്ട് വരുകയും ഉത്തരവാദിത്വം  വ്യക്തികളുടെ ചുമലില്‍ നിന്ന് സ്ഥാപനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. ഈ നിയമ പ്രകാരം തെളിവ് കൊണ്ട് വരാനുള്ള ബാദ്ധ്യത കുറ്റാരോപിതനാണ്.

സ്ത്രീകള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന എന്തും, അത് ലൈംഗികച്ചുവയുള്ള നോട്ടമോ പദപ്രയോഗമോ ആയാല്‍  പോലും അത് നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോലി സ്ഥലത്ത് അവള്‍ക്കുണ്ടാകുന്ന ഭീഷണികളെയും സമ്മര്‍ദ്ദങ്ങളെയും പരിഗണിക്കേണ്ടതുണ്ട്. പരാതി പരിഹാര കമ്മിറ്റിയുടെ അദ്ധ്യക്ഷ സ്ത്രീയാകണമെന്നും അംഗങ്ങളില്‍ പകുതിയിലധികം പേരും സ്ത്രീകളാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊതു മേഖലയിലും സ്വകാര്യ മേഖലയിലും സ്വയം തൊഴില്‍ ചെയ്യുന്നവരിലും സന്നദ്ധപ്രവര്‍ത്തനങ്ങളിലും കരാറില്‍ ജോലി ചെയ്യുന്നവര്‍, ട്രെയിനികള്‍, വിദ്യാര്‍ത്ഥിനികള്‍ എന്നവരിലുമെല്ലാം ഇത് ബാധകമാക്കിയിട്ടുണ്ട്.തൊഴിലിനായി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളും യാത്രാവഴികളും തൊഴിലിടത്തില്‍ പെടും. കായിക വിനോദം, കലാപ്രവര്‍ത്തനങ്ങള്‍ എന്നതെല്ലാം ഇതില്‍ പെടുമെന്ന് എടുത്ത് പറഞ്ഞിട്ടുണ്ട്.
ലൈംഗികാതിക്രമം എന്താണെന്നും പലര്‍ക്കും മനസ്സിലാകുന്നില്ല. ഞങ്ങള്‍ പ്രേമത്തോടെ നല്‍കുന്ന ലാളനകള്‍ എങ്ങനെ അതിക്രമമാകുമെന്നാണ് സംശയം. സ്ത്രീകളെ സ്വതന്ത്ര വ്യക്തികളായല്ലാതെ , ഏതെങ്കിലും ആണിന്‍റെ അനുബന്ധമായി മാത്രം കരുതുന്നത് കൊണ്ടാണ്.   സമ്മതം എന്ന സംഗതിക്ക് യാതൊരു വിലയുമില്ലാത്തത്. ആരുടെ അനുബന്ധമാണെന്നതില്‍ മാത്രമാണ് തര്‍ക്കമുള്ളത്. ലൈംഗികാതിക്രമത്തിന് വ്യത്യസ്ത നിര്‍വചനങ്ങള്‍ വേണ്ടിവരും. അവ വീണ്ടും വീണ്ടും പുതുക്കേണ്ടതായും വരും. അത് കടന്നു പിടിക്കല്‍, ശരീര ദ്രോഹം എന്നിവ മാത്രമല്ല, പരസ്പര പ്രേമത്തോടെയും സമ്മതത്തോടെയും അല്ലാത്ത വാക്കുകളോ നോട്ടമോ കൂടിയാണെന്ന് മനസ്സിലാക്കണം. സമ്മതമെന്നത് പറഞ്ഞാലും പറഞ്ഞാലും മനസ്സിലാകാത്ത കാര്യമാണ്. മൗനം സമ്മതമല്ലെന്നും, നോ പറഞ്ഞില്ലെങ്കിലും സമ്മതം തന്നിട്ടില്ലെന്നും തിരിച്ചറിയാനാവാത്ത വിധം ആണത്തംڔതള്ളി വരുകയാണ് പല സന്ദര്‍ഭങ്ങളിലും . പിന്നീട് ചുറ്റുമുള്ളവരുടെ മുഴുവന്‍ ന്യായീകരണങ്ങളും ഇതുറപ്പിക്കാനാണ്. പല മേഖലകളിലും ഇത് നില നില്‍ക്കുന്നെങ്കിലും, പരാതിപ്പെട്ടിട്ട് വലിയ കാര്യമെങ്കിലും, പരാതി സ്വീകരിക്കാന്‍ ഒരാളുണ്ടാവും. സിനിമാ മേഖലയില്‍ അതില്ലെന്ന് മാത്രമല്ല, അവിടേക്ക് വരുന്ന സ്ത്രീകള്‍ സമ്മതം മുമ്പേ തന്നെ  എറിഞ്ഞ് തന്നിട്ടാണ് വരുന്നതെന്ന ധാരണ കൂടി നില നില്‍ക്കുന്നുണ്ട്.

സ്ത്രീ പക്ഷ നിയമങ്ങള്‍ ഘടനാപരമായ മാറ്റങ്ങള്‍ കൂടി കൊണ്ട് വരാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. കടുത്ത ശിക്ഷ എന്നതിനേക്കാള്‍ സാംസ്കാരികമാറ്റമാവണം ഇതിന്‍റെ പരിണിതി. ഇളകാത്തതെന്നതിനേക്കാള്‍, അയവുള്ളതും എന്നാല്‍ ബലമുള്ളതുമായ ഘടന. ആശയ കൈമാറ്റത്തിലൂടെ ഉറപ്പ് കൈവരിക്കുന്നതും, നിരന്തരം നിരീക്ഷിച്ചും ചര്‍ച്ച ചെയ്തും മാറ്റാവുന്നതുമായ ഘടന. നിയമ പരിഹാര കമ്മിറ്റി തൊഴിലിടത്തില്‍ തന്നെ സ്ഥാപിക്കുകയാണിത് ചെയ്യുന്നത്. അത് പരാതിക്കാര്‍ക്ക് അലഞ്ഞു തിരിയാന്‍ ഇടവരുത്താതിരിക്കാനും എളുപ്പത്തില്‍ പ്രാപ്യമാക്കാനും വേണ്ടിയാണ്.എന്നാല്‍, ഉള്ളിലെ അധികാരതാല്‍പ്പര്യം ബാധിക്കാതിരിക്കാനായി, യോഗ്യതയുള്ള ഒരു ബാഹ്യഅംഗത്തെ ഇതില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ബ്ബന്ധവുമുണ്ട്.

നേരെ ശിക്ഷക്ക് പോകുന്നതിന് പകരം പ്രതിക്ക് തെറ്റു  മനസിലാക്കി മാപ്പപേക്ഷിക്കാനും മനം മാറ്റത്തിനും  ഒത്തു തീര്‍പ്പിനും നടപടിക്രമത്തിന്‍റെ ഭാഗമായി തന്നെ ഇത് അവസരം നല്‍കുന്നുണ്ട്. എന്നാല്‍, ഈ മാറ്റമുണ്ടാകാത്ത പക്ഷം ശിക്ഷക്ക് നിര്‍ദേശം കൊടുക്കുകയും ചെയ്യാം. തികച്ചും സ്ത്രീസൗഹാര്‍ദ്ദപരമായും ജനാധിപത്യപരമായും നീതി ന്യായ ഘടനയില്‍ വരുന്ന മാറ്റം കൂടിയാണിത്.

ഈ നിയമം തൊഴില്‍ ചെയ്യുന്ന എല്ലാڔസ്ത്രീകള്‍ക്കുമുള്ളതാണ്. സിനിമ എന്നത് സ്ത്രീകള്‍ വളരെ വൈവിദ്ധ്യമാര്‍ന്ന ജോലികള്‍ ചെയ്യുന്ന വ്യവസായമാണ്. പുരുഷ മേല്‍ കോയ്മയുള്ള, സ്ത്രീകളെ നന്നായി ചൂഷണം ചെയ്യുന്ന ഇടമാണ് സിനിമ എന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞതാണ്. എല്ലാ സ്ത്രീകള്‍ക്കും ഇത് ഉറക്കെ വിളിച്ച് പറയാന്‍ കഴിയുന്നില്ല എന്നത് കൊണ്ടു മാത്രം അവരുടെ അവകാശം ഇല്ലാതാകുന്നില്ല. മീ ടൂ ക്യാംപയിന്‍ തുടങ്ങിയത് സിനിമാ രംഗത്തു നിന്നായിരുന്നല്ലോ വളരെ മുതിര്‍ന്ന, ഉന്നത നിലയിലുള്ളവര്‍ പോലും വര്‍ഷങ്ങളായി കൊണ്ട് നടന്ന അസ്വസ്ഥതകള്‍ പുറത്ത് പറയാന്‍ തുടങ്ങി. സ്ത്രീകളുടെ ഉള്ളില്‍ നിന്നും ശക്തി പുറത്തേക്ക് ഒഴുകി ഐക്യ ദാര്‍ഢ്യമായി മാറുകയാണ്. ഒരാള്‍ പുറത്ത് പ്രശ്നം കൊണ്ടു വരുകയും മറ്റുള്ളവരുമായി പങ്ക് വക്കുകയും ചെയ്യുമ്പോള്‍ അനുഭവിക്കുന്ന വൈകാരികാനുഭവം രാഷ്ട്രീയവും കൂടിയാണ്. അങ്ങനെ വ്യക്തിപരമായത് കൂട്ടായ്മയുടെ ശക്തിയാകുന്നു. അനീതി അനുഭവിച്ച വ്യക്തിയുടെ അവകാശവാദത്തിന് കൂടുതല്‍ അംഗീകാരം കിട്ടുകയും ചെയ്യുന്നു. സിനിമയിലും അത്തരമൊരു അനിവാര്യമായ സന്ദര്‍ഭത്തിന്‍റെ സൃഷ്ടിയാണ് കളക്ടീവ്.

സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്നത് അംഗീകരിക്കാത്ത ഒരു സമൂഹത്തില്‍ തൊഴിലിടങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ ആരും കേള്‍ക്കില്ല. സ്ത്രീകളുടെ പുറത്തുള്ള ജോലി വിലയില്ലാത്തതായി കരുതുന്നത് മൂലം തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമത്തെക്കുറിച്ച് അവര്‍ക്ക് മിണ്ടാന്‍ പറ്റാതെയാകുന്നു. നൃത്തവും മറ്റു ആനന്ദസേവനങ്ങളും മതങ്ങളിലൂടെയും ആചാരങ്ങളിലൂടെയും സ്ത്രീകളുടെ കടമയായി നിലനിര്‍ത്തിയിരുന്നതിനാല്‍, അവ തൊഴിലായി കണക്കാക്കാന്‍ പൊതുവെ വൈമുഖ്യം കാണാം. ഈ മേഖലകളില്‍ പലപ്പോഴും കടന്നുകയറ്റമാണോ സ്വാഭാവികമായ പെരുമാറ്റമാണോ എന്ന് തിരിച്ചറിയാനും പ്രയാസമുണ്ടാകും. സ്ത്രീ ശരീരം തന്നെ ആനന്ദോപാധിയാക്കുന്ന തരത്തിലാണ് കലയും സംസ്കാരവും വിളങ്ങിയിരുന്നത്. അതില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പൊതുവെ പുരുഷസമൂഹത്തിന്കഴിയുന്നുമില്ല. ഒറ്റക്ക് ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ അവരുടെ തന്നെ കുഴപ്പം കൊണ്ടാണോ അതുണ്ടായത് എന്ന് സ്വയം സംശയിക്കുന്ന തരത്തില്‍ കണ്ടീഷന്‍ ചെയ്യപ്പെട്ടിരിക്കുകയാണ്. പുറത്ത് പറഞ്ഞാല്‍ പിന്തുണ കിട്ടാനുള്ള യാതൊരു അന്തരീക്ഷവും സ്ഥാപനങ്ങളിലോ പൊതുവിടത്തിലോ ഇല്ല. മീ റ്റു(Me Too) ക്യാംപയിനു ശേഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറയാന്‍ കഴിയാതെ പോയ സംഭവങ്ങള്‍ സ്ത്രീകള്‍ പറയാന്‍ മുതിരുന്നത്, അത്രത്തോളം അവര്‍ അസ്വസ്ഥരായി ജീവിച്ചത് കൊണ്ടാണ്. പോലീസും ജുഡീഷ്യറിയും മറ്റ് അധികാരകേന്ദ്രങ്ങളും ഇതില്‍ നിന്ന് മുക്തമല്ല. പല സ്ത്രീകളും ഒറ്റക്ക് വില കൊടുത്ത് പല സംഭവങ്ങളും പുറത്ത് കൊണ്ട് വരുകയും പരസ്പരം ചേര്‍ത്ത് പിടിക്കുകയും ഉണ്ടായി. അതില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ടു മറ്റു പലയിടത്തും അത് ആവര്‍ത്തിക്കപ്പെടുന്നു. ഇത്തരം ഒറ്റപ്പെട്ട ചേര്‍ത്തു നില്‍പ്പുകള്‍ കൂട്ടായ ബോധമായി ഉരുത്തിരിയുമ്പോഴാണ് ഘടനാപരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നത്. ഏകാന്തമായ തുരുത്തുകളില്‍ നിന്ന് പുറത്തേക്കു കടക്കാന്‍  ആഹ്വാനം ചെയ്യുന്നതും വ്യക്തിയും സ്ത്രീസമൂഹവും തമ്മിലുള്ള അതിര് വരമ്പ് മായ്ക്കുന്നതുമാണ് സ്ത്രീപക്ഷരാഷ്ട്രീയം. സ്ത്രീകള്‍ ഉള്ളിലെ ശക്തി തിരിച്ചറിയുകയും അത് പങ്ക് വക്കപ്പെടുകയും ചെയ്യുന്നത് വഴി സംഘടനകള്‍ രൂപപ്പെടുന്നു.

സിനിമയില്‍ മാത്രമല്ല, മറ്റ് പല മേഖലകളിലും ഇതേ അവസ്ഥ തന്നെയാണ് നില നില്‍ക്കുന്നത്. പൊതു മേഖലയില്‍ മാത്രമാണ് നിയമത്തിനനുസരിച്ച് കംപ്ലെയിന്‍റ് കമ്മിറ്റികള്‍ രൂപീകരിക്കപ്പെട്ടിട്ടുള്ളത്. അത് തന്നെ എല്ലായിടത്തുമില്ല. ഉള്ളയിടത്ത് തന്നെ സ്ത്രീകള്‍ക്ക് അതിനെക്കുറിച്ച് ഒന്നുമറിയില്ല. അറിഞ്ഞാല്‍ തന്നെ വെല്ലുവിളികള്‍ ഏറെയാണ്.  കമ്മിറ്റി ഉണ്ടായിട്ടും ആരും പരാതി കൊണ്ട് വരാത്തതെന്താണ്? ഒന്ന്, ഇതിനെ കുറിച്ച് അറിയാത്തതാണ്. രണ്ട്, സ്ത്രീകളുടെ വ്യക്തിപരവും തൊഴില്‍ പരവും സാമൂഹ്യവുമായ ബന്ധങ്ങള്‍ അധികാര ബന്ധങ്ങളുമായി ഇഴ ചേര്‍ന്ന് ഒട്ടും അനുകൂല സാഹചര്യമുണ്ടാക്കുന്നില്ല. സ്ത്രീ, ലൈംഗികത, ലൈംഗികാതിക്രമം, തൊഴില്‍, തൊഴിലിടം എന്നിവയെല്ലാം തന്നെ പുരുഷകേന്ദ്രിത സങ്കല്‍പ്പനങ്ങളാല്‍ ചുറ്റി വരിഞ്ഞു കിടക്കുന്നതു കൊണ്ട്, അവ ഇഴ പിരിച്ചെടുക്കുകയും പുതിയവ നിര്‍മ്മിക്കുകയുമൊക്കെ നിരന്തരം നിയമ പരിപാലനത്തില്‍ ആവശ്യമായി വരുന്നു.ڔസ്ത്രീകള്‍ ബലാല്‍സംഗം ക്ഷണിച്ചു വരുത്തുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു എന്ന കഥകള്‍ നില നില്‍ക്കുന്നിടത്ത്, തൊഴില്‍ സ്ഥലത്ത് സ്ത്രീകളെ കാണുമ്പോള്‍ അവരുടെ സൗന്ദര്യം പുകഴ്ത്തുന്നത് തങ്ങളുടെ ആണ്‍ധര്‍മ്മമാണെന്നു കരുതുന്നിടത്ത്, പഠനത്തിനോ, ജോലിക്കോ ആയി കീഴ്ജോലി ചെയ്യുന്ന പെണ്ണുങ്ങള്‍ സ്വന്തം ഉടമസ്ഥതയിലുള്ള ലൈംഗികവസ്തുക്കളാണെന്ന ആണ്‍ബോധം ഉറച്ച് പോയിടത്ത്, നിയമം കൊണ്ടുവരുകയും അത് നടപ്പാക്കുകയും ചെയ്യുന്നത് എത്രയും ദുഷ്കരമാണെന്ന് സ്ത്രീകള്‍ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്.

സ്ത്രീകള്‍ തൊഴിലെടുക്കുന്നത് തൊഴിലായി കാണാതിരിക്കുന്നതാണ് പൊതുമനോഭാവം. തൊഴിലെടുക്കുന്നെങ്കില്‍ തന്നെ വീട്ടിലെ പുരുഷനേക്കാള്‍ പദവി കുറഞ്ഞ തൊഴില്‍ മാത്രമാണ് സ്ത്രീക്കായി വിഭാവനം ചെയ്തിട്ടുള്ളത്. തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ അദ്ധ്വാനചൂഷണത്തോടൊപ്പം ലൈംഗികസേവനം കൂടിയാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുറത്തെ തൊഴില്‍ സ്ത്രീക്ക് പറഞ്ഞിട്ടുള്ളതല്ലാത്തതിനാല്‍ തൊഴിലിനു പോകുന്ന  സ്ത്രീകളുടെ ഉള്ളിലും ഒരു കുറ്റബോധം ഒളിഞ്ഞിരിക്കും. ഈ ബോധം കാരണമാണ് നിയമമുണ്ടായിട്ടും തൊഴിലിടങ്ങളില്‍ നീതി നടപ്പാക്കാന്‍ കഴിയാതെ വരുന്നത്.  കൃത്യമായ ഘടനയോടു കൂടിയ തൊഴിലുകളുടെ കാര്യം അങ്ങനെയാകുമ്പോള്‍ അസംഘടിതമേഖലയിലും സിനിമ പോലെ തൊഴില്‍ ദാതാവ് മാറി വരുന്ന ഇടങ്ങളിലും ഇത് കൂടുതല്‍ ദുര്ഘടമാകും. സാംസ്കാരിക ഘടനയാണ് ഇവിടെ മാറ്റിമറിക്കേണ്ടി വരുന്നത്.

പലപ്പോഴും കടുത്ത ശിക്ഷയെകുറിച്ചുള്ള ഭയമാണ് പരാതി നല്കുന്നവരെയും കുറ്റക്കാരുടെ അടുത്ത ആള്‍ക്കാരെയും ഇത് എങ്ങനെയെങ്കിലും ഇല്ലാതാക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍, അത് തുറന്ന് സമ്മതിച്ച് മാപ്പപേക്ഷിക്കാന്‍ ചുറ്റുമുള്ളവരില്‍ നിന്ന് പ്രേരണ ഉണ്ടാകുന്നില്ല. അതിന് ഇന്നത്തെ ആണത്ത ജീവിതം അനുവദിക്കുന്നില്ല എന്നതാണ്. കേസ് അട്ടിമറിക്കല്‍ ചെയ്യാനാണ് കൂടുതല്‍ സാഹചര്യമുള്ളത്.  സ്ത്രീകള്‍ക്ക് തന്നെ ഇത് മനസ്സിലാകാത്തതിനാലും പുരുഷാധിപത്യത്തിന് കീഴടങ്ങി ജീവിച്ച ശീലത്തില്‍ നിന്ന് വിടാന്‍ എളുപ്പമല്ലാത്തതിനാലും അവര്‍ സ്വയം പിന്‍വലിയുന്നു.  സ്ഥാപനത്തിലെ കൂടുതല്‍ സ്ത്രീകളും കുറ്റവാളിയെڔപിന്തുണക്കുകയോ മിണ്ടാതിരിക്കുകയോ ചെയ്യുന്നതായാണ് കാണുന്നത്. സ്ത്രീകള്‍ തൊഴിലെടുക്കുമ്പോഴും അത് അസംഘടിത മേഖലയിലായതു കൊണ്ടും സ്ഥിരവരുമാനമില്ലാത്തതു കൊണ്ടും  കുറഞ്ഞ വേതനം കിട്ടുന്നത് കൊണ്ടും സ്വതന്ത്ര ജീവിതം സാദ്ധ്യമാകുന്നുമില്ല. സ്ത്രീകളെ ഇങ്ങനെ അധ:സ്ഥിതരായി നില നിര്‍ത്തുന്ന ആണ്‍ബോധത്തില്‍ ബന്ധുക്കളായ പുരുഷന്മാരും അബോധതലത്തില്‍ പങ്കുവഹിക്കുന്നുണ്ട്. പരാതി കൊടുക്കുന്ന  സ്ത്രീകള്‍ക്കെതിരെ പലവിധ പ്രതിരോധതന്ത്രങ്ങളാണ് കൊണ്ടുവരുന്നത്. അവള്‍ മോശക്കാരിയാണെന്ന് തെളിയിക്കാനുള്ള വ്യഗ്രതയാണ് സാധാരണ കാണുന്നത്. കുറ്റക്കാരെ കേള്‍ക്കാന്‍ വിളിക്കുമ്പോള്‍ അവര്‍ ചോദ്യങ്ങള്‍ക്കുത്തരം തരുന്നതിന് പകരം പരാതിക്കാരിയുടെ സ്വഭാവദൂഷ്യം വിവരിക്കുന്നത് സാധാരണമാണ്. ചിലര്‍ അതിനുള്ള തെളിവുകള്‍ ശേഖരിച്ചായിരിക്കും വരുന്നത്. ഏതൊരു കുറ്റവാളിക്കും സ്ത്രീയുടെ ചാരിത്ര്യത്തിന് മേല്‍ പോലീസ് ചമയാമെന്നതാണ് നമ്മുടെ സംസ്കാരം. പ്രാദേശികതലത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയിലെയും  ജോലി സ്ഥലത്തെയും എല്ലാ തട്ടിലുമുള്ള പുരുഷന്മാര്‍, വീട്ടുകാര്‍, പോലീസ്, ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളിലുള്ളവര്‍,  അധികാരികള്‍, തുടങ്ങി വിവിധ കോണുകളില്‍ നിന്നും പരാതി പിന്‍വലിക്കാനുള്ള സമ്മര്‍ദ്ദമുണ്ടാവുന്നു.

തൊഴില്‍ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് അവര്‍ എത്തപെടുന്നത്. ചിലര്‍ക്ക് ജീവനു പോലും ഭീഷണി നേരിടുന്ന തരത്തില്‍ പ്രശ്നമുണ്ടാകും. ഇത് മാറ്റിയെടുക്കുക കൂടി ഇതോടൊപ്പം ആവശ്യമാണ്. നിയമം നിലവില്‍ വന്നിട്ടുണ്ടെങ്കില്‍ പോലും അതുപയോഗിക്കാന്‍ സാധാരണ സ്ത്രീകള്‍ തയാറാകുന്നില്ല എന്നത് ഗൗരവത്തോടെ നോക്കേണ്ടതാണ്. അത് കൊണ്ട് തന്നെ ഏതെങ്കിലും സ്ത്രീകള്‍ പരാതിപ്പെടാന്‍ തയാറാകുമ്പോള്‍ അത് വലിയ വാര്‍ത്തയാകും. ഇതിന് രണ്ട് വശങ്ങളുണ്ട്. ഒരു വശത്ത്, ഈ സ്ത്രീക്ക് കൂടുതല്‍ ഭീഷണിയും സമ്മര്‍ദ്ദവും അപമാനവുമൊക്കെ ഉണ്ടാകാം. അതെ സമയം തന്നെ ഇത് മറ്റുള്ളവര്‍ക്ക് പ്രേരണയാവുകയും ഘടനാപരമായ മാറ്റങ്ങള്‍ ഉണ്ടാകാത്തിടത്ത് അതുണ്ടാകാനുള്ള ത്വരകമാവുകയും ചെയ്യും. എന്നാല്‍, ഈ സ്ത്രീകള്‍ അവരുടെ ജീവിതത്തില്‍ എത്ര വലിയ വില കൊടുക്കേണ്ടി വരുന്നു എന്നുള്ളത് മറ്റുള്ള എല്ലാ സ്ത്രീകളും മനസ്സിലാക്കണം. ബഹുവിധമായ ആസന്നാപകടങ്ങളിലേക്ക് (vulnerabiltiy) വഴുതിക്കൊണ്ടിരിക്കുന്ന അവസ്ഥയിലായിരിക്കുമവര്‍. അവര്‍ക്ക് പരമാവധി പിന്തുണ അപ്പോള്‍ ആവശ്യമാണ്. പരാതിക്കാരുടെ സ്വാഭാവഹത്യ നടത്തുക എതിരാളികളുടെ സ്ഥിരം സ്വഭാവമാണ്. ഇവിടെ സമാനരായവരുടെ പിന്തുണ വളരെ വലുതാണ്. എല്ലാ സ്ത്രീപ്രസ്ഥാനങ്ങളും നിരുപാധികമായ പിന്തുണ നല്‍കുമ്പോള്‍ അത് സാമൂഹ്യബോധമായി പരിണമിക്കും. സാധാരണ നടത്തുന്ന ബോധവല്‍ക്കരണത്തെക്കാള്‍ വലിയ മാറ്റം അതുണ്ടാക്കും. വെല്ലുവിളികള്‍ പലതാണ്. ഇപ്പോഴത്തെ പുരുഷാധിപത്യവ്യവസ്ഥയോട് പൊരുത്തപ്പെട്ടാണ് സ്ത്രീകള്‍ അതിജീവനം നടത്തിക്കൊണ്ടിരിക്കുന്നത്. അതിനെതിരെ കലഹിച്ച് നില്‍ക്കുന്നത് ചുരുക്കം സ്ത്രീകള്‍ മാത്രമാണ്. പ്രിവിലേജുകള്‍ നഷ്ടപ്പെടുന്നതിനാല്‍ ഏതു തരത്തിലും ഇത് തടയാനുള്ള നീക്കങ്ങള്‍ അത് ലഭിക്കുന്നവരുടെ ഭാഗത്ത് നിന്നുണ്ടാകും. ചിലര്‍ അറിയാതെ തന്നെ ഈ മൂല്യബോധം ഉള്‍ക്കൊള്ളുന്നവരാണ്. സ്ത്രീകള്‍ ഇഷ്ടപ്പെട്ടു കൊണ്ടാണ് വിധേയരാകുന്നതെന്ന് ചിന്തിക്കുന്നവരുമുണ്ട്. സ്ത്രീയുടെ താല്പര്യത്തോടെയുള്ള ലൈംഗിക ഇടപെടലുകളും, ചൂഷണവും തമ്മില്‍ വേര്‍തിരിക്കാന്‍ പുരുഷാധിപത്യ കാഴ്ചക്ക് കഴിയുന്നില്ലെന്നത് വലിയ പരിമിതിയാണ്. ഈ കാഴ്ചയില്‍, സ്ത്രീകള്‍ക്ക് പ്രത്യേകമായ ലൈംഗിക താല്‍പ്പര്യമില്ല. അവര്‍ പുരുഷന്‍റെ ആവശ്യമനുസരിച്ച് സദാ സന്നദ്ധരാകണം. അല്ലെങ്കില്‍ ഒരിക്കലും അങ്ങനെയാകാന്‍ പാടില്ല. ഈ ധാരണയൊക്കെ മാറാന്‍ നല്ല വിദ്യാഭ്യാസം ആവശ്യമാണ്.വളരെ രൂക്ഷമായ പ്രതികരണങ്ങളാണ് എതിരെ നില്‍ക്കുന്നവരില്‍ നിന്ന് നേരിടേണ്ടി വരുന്നത്. ഉയര്‍ന്ന പദവിയിലുള്ള സ്ത്രീകള്‍ പോലും മാനസികമായി തകര്‍ന്നു പോകുന്നത് കാണാം.

സാമൂഹ്യമായി പിന്നോക്ക വിഭാഗങ്ങളിലെ സ്ത്രീകളുടെ കാര്യത്തില്‍, അവര്‍ക്ക് ശബ്ദിക്കാനുള്ള അവസരം പോലും പലപ്പോഴും നിഷേധിക്കപ്പെടുകയാണ്. ഓരോ സന്ദര്‍ഭവും തിരിച്ചറിഞ്ഞുള്ള, സവിശേഷമായ പ്രശ്നങ്ങളുള്ളവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കിക്കൊണ്ട് സ്ത്രീപ്രസ്ഥാനം ഐക്യപ്പെടേണ്ടതുണ്ട്. ജാതി വ്യത്യാസങ്ങളില്ലാതെ അക്രമങ്ങളുണ്ടാകുമെങ്കിലും പ്രതികരിക്കുമ്പോള്‍ വ്യത്യാസങ്ങളുണ്ടാകും. ചിലരുടെ ശബ്ദം കൂടുതല്‍ ശ്രവിക്കപ്പെട്ടെന്നു വരും. അങ്ങനെ വരുമ്പോള്‍ കേള്‍ക്കപ്പെടാത്തവരുടെ ശബ്ദം വേദികളിലെത്താന്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കണം. പൊതുലക്ഷ്യത്തില്‍ ഉറച്ച് നിന്നുള്ള സംവാദങ്ങള്‍ ഫെമിനിസ്റ്റ് ധാര്‍മ്മികത വളര്‍ത്തുകയും ദിശ ഉറപ്പിക്കുകയുമാണ് ചെയ്യുന്നത്.

പ്രസ്ഥാനത്തിനുള്ളില്‍ തന്നെ ജാതീയവും വര്‍ഗ്ഗപരവും ഒക്കെയായ വ്യത്യസ്തതകളെ പറ്റിയുള്ള ധാരണകള്‍ ഇന്ന് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുണ്ട്. എന്നാലും നിരന്തരം ഇതേ പറ്റി ജാഗരൂകരായിരിക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ സ്ഥലത്ത് പോയി അവരെ കേള്‍ക്കാന്‍ കഴിയണം. പരാതികള്‍ നല്കുന്നവര്‍ക്കും സംഘങ്ങള്‍ക്കും , വൈകാരികവും രാഷ്ട്രീയവുമായ ദീര്‍ഘകാലത്തെ നിരന്തരമായ പ്രവര്‍ത്തനം ആവശ്യമായി വരുന്നത് വലിയ വെല്ലുവിളിയാണ്. ഇതിനിടയില്‍ മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ പലരും നേരിടുന്നു. സാമ്പത്തികമായ ആവശ്യവും വലിയ പ്രതിബന്ധമാണുണ്ടാക്കുന്നത്. ദീര്‍ഘകാലം കൊണ്ട് നേടിയതെല്ലാം പ്രതിലോമകരമായ ചില നീക്കങ്ങളുടെ സന്ദര്‍ഭത്തില്‍ പിന്നോട്ടടിക്കുകയും ചെയ്യാം. എല്ലാ വ്യത്യസ്തതകളെയും അംഗീകരിച്ചു കൊണ്ട് തന്നെ ഒരുമിച്ച് നില്‍ക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണിതൊക്കെ വിരല്‍ ചൂണ്ടുന്നത്. എല്ലാവരും ഒരു സംഘടനയില്‍ തുടരേണ്ടതില്ല. മറ്റുള്ളവര്‍ പറയുന്നത് പോലെ അത് ദൗര്‍ബ്ബല്യമോ പരാജയമോ അല്ല. അതെ സമയം, ഒരുമിച്ച് ശബ്ദിക്കേണ്ടിടത്ത് ഒരുമിച്ച് ശബ്ദിക്കണം. ഡബ്ല്യുസിസിയെ സംബന്ധിച്ച് ഒറ്റക്കുള്ള വ്യക്തികള്‍, അതിനുള്ളിലുള്ളവര്‍, സമാനമായ മറ്റ് സംഘങ്ങളിലുള്ളവര്‍, മറ്റ് സ്ത്രീപ്രസ്ഥാനങ്ങള്‍ ഇതെല്ലാമായി ഹൃദയം കൊണ്ട് ഐക്യപ്പെടാന്‍ സാധിക്കേണ്ടതുണ്ട്. അങ്ങനെയാണെന്നാണ് അതിന്‍റെ വക്താക്കള്‍ എഴുതുന്നതില്‍ നിന്ന് മനസ്സിലാകുന്നത്. വിവിധ സ്ഥലത്ത് നിന്ന് വ്യത്യസ്തമായ സ്വരങ്ങളുണ്ടാകുന്നത് ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ശക്തിയാണ്, ദൗര്‍ബ്ബല്യമല്ല. അധികാരം കേന്ദ്രീകരിക്കുന്ന സംസ്കാരത്തിലാണ് അത് നഷ്ടമായി അറിയുന്നത്. സ്വതന്ത്രരായ വ്യക്തികളുടെ കൂട്ടായ്മ അതില്‍ നിന്ന് ഭിന്നമാണ്. ഗവണ്‍മെന്‍റുകള്‍ ബാദ്ധ്യസ്ഥമാകണം. നിയമത്തിന്‍റെ ഉദ്ദേശവും ഉള്ളടക്കവും വീണ്ടും വീണ്ടും അധികാരികള്‍ക്ക് ബോദ്ധ്യപ്പടുകയും അതിന് ബാദ്ധ്യതപ്പെടുകയും വേണം. ആ ഉത്തരവാദിത്വം അധികാരികളെ കൊണ്ട് ഏറ്റെടുപ്പിക്കുന്നതു വരെ, വിശ്രമമില്ലാതെ പണിയെടുക്കേണ്ടി വരും. 2013 നിയമം, അനുഛേദം 2 (പി) പത്ത് പേരില്‍ കുറഞ്ഞ് തൊഴിലെടുക്കുന്ന സ്ത്രീകളെ, ഒറ്റക്കാണെങ്കില്‍ പോലും നിയമപരിധിയില്‍ കൊണ്ട് വന്നിട്ടുണ്ട്. നടപടിക്രമങ്ങള്‍ക്ക് വ്യത്യാസമുണ്ടെന്ന് മാത്രം.  ഇന്ത്യയില്‍ തൊഴിലെടുക്കുന്ന സ്ത്രീകളില്‍ 95 ശതമാനവും അസംഘടിത മേഖലയിലാണെന്നുള്ളത് കൊണ്ട് തന്നെ എത്രയും വൈവിദ്ധ്യത്തോടെയാണ് ഈ നിയമം ഓരോ മേഖലയിലും പ്രവര്‍ത്തിപ്പിക്കേണ്ടത് എന്ന് ചിന്തിക്കേണ്ടതുണ്ട്. സാങ്കേതികതയെക്കാള്‍  അന്ത:സത്ത ചോര്‍ന്നു പോകാതെ പ്രയോഗിക്കുക എന്നത് മുന്‍ ഗണനയാകണം. അട്ടി മറിക്കാന്‍ അധികാരകേന്ദ്രങ്ങളുടെ ഇടപെടലുകളുണ്ടാകുമ്പോള്‍ അത് തടയാന്‍ പാകത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ ഗവണ്മെന്‍റിന്‍റെ ഭാഗത്ത് നിന്നുണ്ടാകണം. പ്രതികര്‍ത്താവില്‍ (Respondent) നിന്നും കൃത്യസമയത്ത് ഉത്തരം കിട്ടത്തക്ക വിധത്തില്‍ ബാദ്ധ്യസ്ഥത(accountability) കൊണ്ട് വരണം. സ്ത്രീകള്‍ പരാതി നല്കുന്നില്ലെങ്കില്‍ അതെന്തു കൊണ്ടാണെന്ന് കണ്ട് പിടിക്കുകയും ഇതിനെ പറ്റി തൊഴില്‍ സ്ഥലങ്ങളില്‍ ബോധവല്‍ക്കരണം നടത്തുകയും മനോഭാവം  മാറുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും വേണം.  ഓരോ കേസുകളിലും സംഭവിക്കുന്നത്, സാക്ഷികള്‍ ഘട്ടംഘട്ടമായി കൂറ് മാറുന്നത്, പരാതിക്കാരി തന്നെ അത് പിന്‍വലിക്കുന്നത്, ഇവക്ക് കാരണമായ ചുറ്റുപാടുകള്‍ എല്ലാം പഠനവിധേയമാക്കണം. ഇത് സ്ത്രീകളില്‍ ഏല്‍പ്പിക്കുന്ന മാനസികസമ്മര്‍ദ്ദവും അത് മൂലമുണ്ടാകുന്ന പലവിധ നഷ്ടങ്ങളും പരിഗണിക്കണം. പുരുഷന്മാരുടെ സ്വഭാവം എന്ന രീതിയില്‍ നിസ്സാരവല്‍ക്കരിക്കുകയും സ്ത്രീകള്‍ തന്നെ അത് പിന്തുണക്കുകയും ചെയ്യുന്നത് കാണാറുണ്ട്. ചിലപ്പോള്‍ പരാതിപ്പെട്ടവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകുന്നതും കാണാം. ഇതെല്ലാം കമ്മിറ്റികള്‍ രേഖപ്പെടുത്തേണ്ടതും ഗവണ്‍മെന്‍റുകള്‍ പരിശോധിക്കേണ്ടതുമാണ്.

സ്ത്രീകള്‍ക്ക് അന്തസ്സോടെ തൊഴിലെടുക്കാനുള്ള അവകാശം ഇന്ന് അന്താരാഷ്ട്രമായി അംഗീകരിക്കപ്പെട്ടതാണ്. അതുറപ്പാക്കാന്‍ ഗവണ്മെന്‍റുകള്‍ക്ക് ഉത്തരവാദിത്വമുള്ളതിനോടൊപ്പം അത് ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടതുമുണ്ട്. നിരീക്ഷിക്കാനും ജാഗ്രതയോടെയിരിക്കാനും ആവശ്യങ്ങള്‍ ഉയര്‍ത്താനും സംഘടനാരൂപവും നേതൃസ്ഥാനത്ത് ആളുകളും വേണ്ടി വരും. അതിനുള്ള കഴിവും കരുത്തും നമ്മുടെ സ്ത്രീപ്രസ്ഥാനങ്ങള്‍ക്കുണ്ട്. 2013 ലെ നിയമം അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് കൂടി ബാധകമാകണമെന്നത് ഊന്നി പറയുന്നുണ്ട്,( സെക്ഷന്‍ 7). ഇതെങ്ങനെ നടപ്പാക്കുന്നു എന്ന് നോക്കാനുള്ള ബാദ്ധ്യത  സ്റ്റേറ്റിനുണ്ട്. അതുറപ്പാക്കാന്‍ സ്ത്രീപ്രസ്ഥാനങ്ങള്‍ ശ്രമിക്കുകയും വേണം.

എല്ലായ്പോഴും എല്ലാ പ്രവര്‍ത്തനങ്ങളും ലക്ഷ്യത്തിലെത്തണമെന്നില്ല. അതിന്‍റെ അര്‍ത്ഥം പരാജയമല്ല. സാംസ്കാരികമാറ്റത്തില്‍ എല്ലാ ഇടപടലുകളും അതെത്ര ചെറുതായാലും പോലും പങ്കുചേരുന്നുണ്ട്. നയപരമായ മാറ്റമായി അത് പ്രതിഫലിക്കുന്നത് അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ മാത്രമായിരിക്കും. ദിശയില്‍ നിന്ന് വ്യതിചലിക്കാതിരിക്കുക എന്നതും എല്ലാവരെയും ഉള്‍ക്കൊള്ളിക്കുക എന്നതുമാണ് പ്രതിബദ്ധതയാണ് എണ്ണേണ്ടത്. വിവിധ തലങ്ങളില്‍ തുടര്‍ച്ചയായി നടത്തുന്ന ഇടപെടലുകള്‍ മാത്രമാണ് ഗവണ്‍മെന്‍റുകളെ ഉത്തരവാദിത്വത്തിലെത്തിക്കുന്നത്.

ഈ പശ്ചാത്തലം വെച്ചുകൊണ്ട് സിനിമാമേഖലയില്‍ തിരിച്ചറിഞ്ഞ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാകത്തില്‍  അടിയന്തിരമായി  കംപ്ലൈന്‍റ്സ് കമ്മിറ്റി രൂപീകരിക്കണം. സിനിമാ മേഖലയില്‍ പരാതി പരിഹാര കമ്മിറ്റിയുണ്ടാകാന്‍ ഇനി ഒട്ടും വൈകിക്കൂടാ. ജസ്റ്റിസ് ഹേമ കമ്മീഷന്‍ അതിനുള്ള തുടക്കമാണെന്ന് കരുതുന്നു. ഈ രംഗത്തെ ധാരാളം സ്ത്രീകളുടെ അനുഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടാകണം. വിലപ്പെട്ട രേഖകള്‍ സ്ത്രീസംഘടനകളും ശേഖരിക്കണം. അതാണ് നിയമ മാറ്റത്തിനായി സമര്‍പ്പിക്കാവുന്ന ശക്തമായ വക്കാലത്തുകള്‍.

വസ്തുതാപരമായ  തെളിവുകളെ  മറി കടന്നു പോകാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ അത് ഭരണഘടനയോടും മൗലികാവകാശങ്ങളോടുമുള്ള നിന്ദയായിരിക്കും. വെല്‍ഫെയര്‍ ബോര്‍ഡിനോ ഒരു റെഗുലേറ്ററി ബോര്‍ഡിനോ അത് ചെയ്യാവുന്നതാണ്.അത് ഇന്ത്യന്‍ നിയമത്തോടും ഭരണഘടനയോടും  അന്താരാഷ്ട്ര ഉടമ്പടികളോടും , അതിനെല്ലാമുപരി, ഈ  മേഖലയില്‍ ജോലി ചെയ്യുന്ന വിവിധ വിഭാഗം സ്ത്രീകളോടും  പുലര്‍ത്തേണ്ട ധാര്‍മ്മികതയും ഉത്തരവാദിത്വവുമാണ്. അത് നേടിയെടുക്കാന്‍,ഡബ്ല്യുസിസിയോടൊപ്പം എല്ലാ സ്ത്രീപ്രസ്ഥാനങ്ങളുമുണ്ടാകണം. മറ്റെല്ലാ മേഖലകളിലേക്കും ഇത് വ്യാപിപ്പിക്കേണ്ട കടമ കൂടി പ്രസ്ഥാനങ്ങള്‍ക്കുണ്ട്.

1987 ല്‍ തിരുവനന്തപുരം കേന്ദ്രമായ പ്രചോദന എന്ന സ്വതന്ത്ര സ്ത്രീവിമോചനസംഘടനയുടെ രൂപീകരണത്തില്‍ പങ്ക്, 1995 ല്‍ പിന്തള്ളപ്പെട്ടവരുടെ അവകാശങ്ങള്‍ക്കും ആരോഗ്യത്തിനുമായി Foundation for Integrated Research (FIRM)രൂപീകരിച്ചു. മാനസികപ്രശ്നങ്ങളുള്ളവര്‍, ലൈംഗികവിമതര്‍, ലൈംഗികത്തൊഴിലാളികള്‍, മായക്കുമരുന്നുപയോഗം മൂലം പ്രശ്നം അനുഭവിക്കുന്നവര്‍, എയ്ഡ്സ് ബാധിതര്‍ എന്നിവരുടെ ഇടയില്‍ പ്രവര്‍ത്തിച്ചു ആന്ധ്രയില്‍ ലൈംഗിക തൊഴിലാളികള്‍ക്കായി നാരീസക്ഷം, ഗോദാവരി മഹിളാ സമഖ്യ എന്ന സം ഘടനകള്‍ക്ക് രൂപം നല്‍കുന്നതില്‍ പങ്കുണ്ടായി. വിശാലമായ ശൃംഖല എന്ന തരത്തില്‍, National Network of Sex Workers Organizations, Voice against 377, Entertainment workers organization എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. കേരള സ്ത്രീവേദി, ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന സംഘടനകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

(പ്രൊഫസര്‍: കമ്മ്യുണിറ്റി മെഡിസിന്‍. പരിയാരം മെഡിക്കല്‍ കോളേജ്. പഠനം. എം ബി ബിഎസ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് 1985 എം. ഡി. കമ്മ്യുണിറ്റി മെഡിസിന്‍. ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോളേജ്. പൂനെ1993 ഫെലോഷിപ്പ് ഇന്‍ HIV മെഡിസിന് 2002 പ്രവര്‍ത്തന മേഖല: പൊതുജനാരോഗ്യം, മാനസികാരോഗ്യം, ലൈംഗികാരോഗ്യം.)

 

 

COMMENTS

COMMENT WITH EMAIL: 0