ഒരുപാട് സ്ത്രീകള്‍ ജോലി ചെയ്യുന്ന അസംഘടിത മേഖലയില്‍ നിയമങ്ങള്‍ക്കൊന്നും തന്നെ കുറവൊന്നുമില്ല .ഉള്ള നിയമങ്ങള്‍ നടപ്പിലാക്കപ്പെടാത്തതിന്റെ അവസ്ഥയുള്ളതുകൊണ്ടാണ് നമ്മള്‍ക്കുപോലും ഇവിടെ സംഘടനയുണ്ടാക്കേണ്ടി വന്നത്. നിയമം ഉണ്ടായാല്‍ മാത്രം പോരാ, തൊഴിലാളികള്‍ക്കനുകൂലമായി നിയമങ്ങള്‍ക്ക് ഭേദഗതികള്‍ ചെയ്യേണ്ടിവരും, അതിനുപോലും തൊഴിലാളികള്‍ ശബ്ദമുണ്ടാക്കേണ്ടി വരും. നിയമങ്ങള്‍ ഉണ്ടായിട്ടുപോലും അസംഘടിത മേഖലയില്‍ സ്ത്രീ തൊഴിലാളികളെ മനുഷ്യരായിട്ടുപോലും പരിഗണിക്കുകയോ, തൊഴിലാളിയായിട്ടു അംഗീകരിക്കുകയോ ചെയ്യുന്നില്ല.
നമ്മള് സംഘടിക്കുക. നിയമങ്ങള്‍ ഉണ്ടാക്കുവാനും, നടപ്പിലാക്കുവാനും നമ്മള് സംഘടിച്ചെ തീരു, സംഘടിതരായി നമ്മള് മുന്നോട്ടു വന്നേ പറ്റൂ. ഉള്ള നിയമങ്ങള്‍ നടപ്പിലാക്കാനും, ഇല്ലാത്ത നിയമങ്ങള്‍ ഉണ്ടാക്കുവാനും നമ്മള്‍ക്ക് പറ്റും .നിയമങ്ങള്‍ ഉണ്ടായിട്ടുപോലും ഞങ്ങള്‍ അനുഭവിച്ചത് അറിയാലോ, ഒന്ന് മൂത്രമൊഴിക്കാന്‍ പോലും സ്ഥലമില്ല, ഒന്നിരിക്കാന്‍ പോലും പറ്റില്ല, ജോലിസമയം നിജപ്പെടുത്തുന്നില്ല, നമ്മളും മനുഷ്യരാണല്ലോ. ഇന്ത്യയില്‍ അല്ലെങ്കില്‍ കേരളത്തില്‍ ജീവിക്കുന്ന മനുഷ്യരെന്ന നിലയില്‍ നമുക്കും അതിനുള്ള അവകാശങ്ങള്‍ ഉണ്ട്. ഏത് മേഖലയിലാണ് നമ്മള് ജോലിചെയ്യുന്നത്, നമ്മള് തൊഴിലുടമയാണോ, തൊഴിലാളിയാണോ, എല്ലാത്തിനും വേര്‍തിരിച്ച നിയമങ്ങള്‍ ഇവിടുണ്ട്, അവകാശങ്ങള്‍ ഉണ്ട്. അത് പ്രാബല്യത്തില്‍ വരുത്തുക എന്നതാണ്. സംഘടിച്ച് അത് നമ്മള്‍ക്ക് നേടിയെടുക്കാന്‍ പറ്റും.
സിനിമ മേഖലയിലാണെങ്കില്‍ ഞാന്‍ അറിഞ്ഞിടത്തോളം സംഘടിതമാണ്, അത് സംഘടിത മുതലാളിത്തമാവാം, അല്ലെങ്കില്‍ സംഘടിത പുരുഷാധിപത്യം ആവാം. സംഘടനകള്‍ക്കൊന്നും ഒരു കുറവുമില്ല. പക്ഷെ യഥാര്‍ത്ഥത്തില്‍ ഏതു തൊഴിലാളികള്‍ക്കാണ് അതില്‍ പങ്കാളിയാവാന്‍ കഴിയുന്നത്, ഏത് തൊഴിലാളികള്‍ക്കാണ് അത് ഉപയോഗപ്പെടുന്നത് എന്ന് നമ്മള് വേര്‍തിരിച്ചു മനസിലാക്കണം. തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ഒരു അവസ്ഥയുണ്ടെങ്കില്‍, സ്ത്രീകളാണെങ്കില്‍ തീര്‍ച്ചയായിട്ടും ഇരട്ട ചൂഷണത്തിന് വിധേയരാകും, അത് ഏത് മേഖലയിലാണെങ്കിലും. അപ്പൊ സ്ത്രീകള്‍ സംഘടിക്കുക, സംഘടിച്ചില്ലെങ്കില്‍ അവകാശങ്ങള്‍ നേടിയെടുക്കാനാവില്ല. നമ്മുടെ അവകാശങ്ങള്‍ പിടിച്ചു വാങ്ങാന്‍ നമുക്ക് പറ്റണം. അത് വേറാരും കൊണ്ടത്തരില്ല. ഉള്ളതുകൂടി പിടിച്ചുപറിക്കുന്നതാണ് കണ്ടോണ്ടിരിക്കുന്നത്. സിനിമമേഖലയിലാണേല് അസംഘടിത മേഖലയിലെ അവസ്ഥപോലെ തുല്യ വേതനമോ, മണിക്കൂറുകള്‍ നിജപ്പെടുത്തലോ ഒന്നുമില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത് . ഒരു തൊഴിലിടമെന്ന നിലയില്‍ തൊഴില്‍ നിയമങ്ങള്‍ ഉണ്ടാവണം. ഇല്ലെങ്കില്‍ ഉണ്ടാക്കണം , അതിനു സംഘടിതരാകണം. ഏത് മേഖലയിലായാലും മനുഷ്യരായിട്ടുപോലും പരിഗണിക്കപ്പെടാത്തതുകൊണ്ട് സ്ത്രീകള്‍ നിര്‍ബന്ധമായും സംഘടിക്കണം. കാരണം സിനിമ മേഖല ഏറ്റവും കഠിനമായ മുതലാളിത്ത, പുരുഷാധിപത്യ മേഖലയാണ് എന്ന് തിരിച്ചറിയണം, സംഘടിക്കണം.
(അധ:സ്ഥിതരുടെ അവകാശപ്പോരാട്ടങ്ങളില്‍ മുന്നണി പ്പടയാളിയാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള ട്രേഡ് യൂണിയനുകളോട് ചേര്‍ന്ന് എല്ലാ തുറകളിലുമുള്ള പൗരാ വകാശങ്ങള്ക്കായി പ്രവര്‍ത്തിക്കുന്നു. പെണ്‍കൂട്ട് എന്ന അസംഘടിത സ്ത്രീതൊഴിലാളികളുടെ സംഘടനയുടെ സ്ഥാപകാംഗം)