‘റിയല്‍’ കഥ പറയുമ്പോള്‍

Homeഅതിഥിപത്രാധിപക്കുറിപ്പ്

‘റിയല്‍’ കഥ പറയുമ്പോള്‍

അശ്വതി സേനൻ

കോവിഡ് കാലത്തെ മാറ്റത്തെ ഉൾക്കൊണ്ട് ഓൺലൈൻ പതിപ്പിലേക്കു മാറിയിരിക്കുന്നു സംഘടിത ഇന്ന്. ആ പ്രത്യേക ഘട്ടത്തിലാണ് ഈ പതിപ്പ് ഇറങ്ങുന്നത്. പഴയ ലക്കങ്ങളിൽ പലതും വായിക്കാൻ സാധിക്കാത്ത ഞാനടക്കം പലർക്കും ഒരു വലിയ സന്തോഷം തന്നെയാണത്. ഈ ചുരുങ്ങിയ കാലയളവിൽ ഇതൊക്കെ ഓൺലൈൻ പതിപ്പിലേക്കു രൂപമാറ്റം ചെയ്ത സംഘടിത ടീമിന് ആദ്യം തന്നെ  അഭിനന്ദനങ്ങൾ! ഉർവശി ഭുട്ടാലിയ നടത്തിയ ഓൺലൈൻ ഉദ്ഘാടനത്തിൽ പങ്കു ചേർന്ന് കേരളത്തിലെ പല തലമുറയിലുള്ള ഫെമിനിസ്റ്റ് സ്ത്രീകളെ കാണാൻ സാധിച്ചത് വളരെ വലിയ സന്തോഷം തന്നെ ആയിരുന്നു. സംഘടിതയ്ക്കു കൂടുതൽ എഴുത്തുകാരെയും, നിരൂപകരും, രാഷ്ട്രീയ നിരീക്ഷകരെയും, ചിത്രകാരെയും ഒക്കെ മലയാളത്തിനു സംഭാവന ചെയ്യാൻ കഴിയട്ടെ എന്നും ആശംസിക്കുന്നു. അനേകം വരിക്കാരും അതോടൊപ്പം ഉണ്ടാവട്ടെ!

ഡോക്യുമെന്‍ററി  എന്ന വിഷയത്തെ കുറിച്ച് ഒരു പതിപ്പ് ചെയ്യണമെന്ന് പല തവണ ആലോചിച്ചതാണ്. ഇന്ത്യയിലെ ജനകീയ സമരങ്ങളുടെ ഒപ്പം പ്രവർത്തിക്കുന്ന ഒരു മീഡിയ ഗ്രുപ്പിന്‍റെ ഒപ്പം ജോലി ചെയ്യുമ്പോഴും,  ചില ഡോക്യുമെന്‍ററികളുടെ നിർമാണത്തിൽ പ്രവർത്തിച്ചപ്പോഴും, ചൽതീ തസ്‌വീരേ എന്ന യാത്രാ സിനിമാ ഫെസ്റ്റിവലിന്‍റെ ഭാഗമായി വടക്കേ ഇന്ത്യയിലെ പല ഭാഗത്തു ചിത്ര പ്രദർശനം നടത്തുമ്പോഴുമൊക്കെ കണ്ട ഡോക്യുമെന്‍ററി സിനിമകളെ കുറിച്ച് എഴുതണമെന്നു ആലോചിച്ചതാണ്. അങ്ങനെ തോന്നാറുള്ള പല ആഗ്രഹങ്ങളും പലപ്പോഴും പല കാരണങ്ങളാൽ ആലോചനായി തന്നെ കിടക്കും! പക്ഷെ അതിന് ഒരു ദിശ നൽകാൻ സംഘടിതയിലെ ഇത്തരം പരീക്ഷണങ്ങൾ സഹായിക്കാറുണ്ട്‌. എന്‍റെ നാലാമത്തെ എഡിറ്റഡ് ലക്കം അഥവാ പരീക്ഷണം!

 

ഇന്ത്യയിലെ പ്രഗത്ഭ  ഡോക്യുമെന്‍ററി   പ്രവർത്തകർ എന്ന് പറയുമ്പോൾ എപ്പോഴും ആദ്യ പേരുകൾ വരിക പുരുഷന്മാരുടേതാണ്.  ആനന്ദ് പഥ്വർദ്ധൻ, സഞ്ചയ് കാക്, അമുദൻ ആർ പി, അമർ കൻവർ   കെ പി ശശി, രാകേഷ് ശർമ്മ അങ്ങനെ പല പേരുകളും ചിലർക്കെങ്കിലും പരിചിതമായതാവാം. ചരിത്രപരമായും, രാഷ്ട്രീയപരമായും വളരെ പ്രാധാന്യമർഹിക്കുന്ന, മുഖ്യധാരാ മാധ്യമങ്ങൾ പറയാതെ  പോയ വിഷയങ്ങളോ,  അവയുടെ പല വശങ്ങളോ ആണ്  ഇവർ ഒക്കെ ചെയ്തിരുന്ന   ഡോക്യുമെന്‍ററികളുടെ ഇതിവൃത്തം.  ഇത് കൂടാതെ പഠനോപകാരമായും ഡോക്യുമെന്‍ററികൾ പലപ്പോഴും ഉപയോഗിക്കപ്പെടുന്നു. 1950-60 കാലയളവിൽ ഇന്ത്യൻ സർക്കാരിന്‍റെ ഒരു പ്രധാന ഘടകമായ  ഫിലിംസ് ഡിവിഷൻ നിർമിച്ച പല ഡോക്യുമെന്‍ററികളും ഇത്തരത്തിൽ ഉള്ളവ ആയിരുന്നു. പക്ഷെ ഒരു സർക്കാർ നിർമിത സിനിമ ഏതൊക്കെയോ തലത്തിൽ ചലചിത്രകാരന് പരിമിതികൾ  നിർദ്ദേശിച്ചു. അത് തന്നെയാണ് എഴുപതുകളിൽ ‘സ്വതന്ത്ര ഡോക്യുമെന്‍ററി’ നിർമാണത്തിന് ഫിലിംമേക്കേഴ്സിനെ പ്രേരിപ്പിച്ചത്. ഇതോടൊപ്പം  പല തരത്തിലുള്ള മനുഷ്യാവകാശ ലംഘനത്തിന്‍റെ, സ്റ്റേറ്റ് വയലെന്‍സിന്‍റെയും,  ഘടനാപരമായ അസമത്വങ്ങളേയും കഥാതന്തു ആക്കി ഡോക്യുമെന്‍ററികള്‍ വന്നു തുടങ്ങി. ആനന്ദ് പഥ്വർദ്ധന്‍റെ പ്രിസണർ ഓഫ് കോൻഷിയെൻസ്, തപൻ ബോസിന്‍റെ ഭോപ്പാൽ: ബിയോണ്ട് ജെനോസൈഡ് എന്നിവ ഇതിനു ഉത്തമ ഉദാഹരണമാണ്.

 

1980 കളിൽ ഇന്ത്യയുടെ പല ഭാഗത്തായി സ്ത്രീധനം, ഗാർഹിക പീഡനം, റേപ്പ്, എന്നിവയ്‌ക്കെതിരെ ഉയർന്ന സ്ത്രീപക്ഷ സമരങ്ങളുടെ  പശ്ചാത്തലത്തിലാണ്  ദീപ ധൻരാജ്, ശബ്നം വീർമാണി എന്നവർ സിനിമ നിർമിക്കുന്നത്. തുടർന്നു പ്രസരിച്ച ഫെമിനിസ്റ്റ് ചിന്താഗതിയുടെ പശ്ചാത്തലത്തിൽ തൊഴിലിടം, വർഗ്ഗീയ കലാപം, ലൈംഗികത, ശരീരം, തിരഞ്ഞെടുപ്പ്/ ചോയിസ്, പേട്രിയാർക്കി, സ്വത്വം, വിവാഹം  എന്നിവ സ്ത്രീകൾ നിർമിക്കുന്ന ഡോക്യുമെന്‍ററികളുടെ പ്രധാന വിഷയമായി. അതോടൊപ്പം ഇന്ത്യയിൽ ആകെ ഒട്ടനവധി മാധ്യമ സ്‌കൂളുകളും, മീഡിയ കോഴ്‌സുകളും, സിനിമാ നിർമാണ അവസരങ്ങളും ഉണ്ടായതും, ടെക്നോളജിയിൽ വന്ന മാറ്റങ്ങളും, ആക്‌സസിന്‍റെ സ്വഭാവത്തിൽ വന്ന മാറ്റവും ഒക്കെയും ഈ ദൃശ്യ കലാരൂപത്തെ ഒട്ടാകെ ജനകീയവത്ക്കരിച്ചു എന്ന് തന്നെ പറയാം.

 

ഡോക്യുമെന്‍ററി നിർമാണം എത്ര തന്നെ വിഷമകരമാണോ അത് പോലെ തന്നെ ബുദ്ധിമുട്ടാണ് അവ കാണാനാവുക എന്നത്. പലപ്പോഴും ഫെസ്റ്റിവലുകളിലും, യൂണിവേഴ്സിറ്റികളികളും, ചിലപ്പോൾ ദൂരദർശനിൽ മാത്രം ആവും നമ്മൾ എല്ലാം അവ കണ്ടിട്ടുണ്ടാവുക.വളരെ അടുത്ത കാലം വരെ CD രൂപത്തിലും ഇത്തരം ഫെസ്റ്റിവലുകളിൽ അവ വില്പന ചെയ്തിരുന്നു. സ്വതന്ത്ര നിർമിതികളായ ഈ ഡോക്യുമെന്‍ററികളെ സംബന്ധിച്ചിടത്തോളം മുതൽമുടക്കിന്‍റെ ഒരു ചെറിയ ശതമാനം പോലും ഇത് മൂലം ലഭ്യമായിരുന്നു എന്നു വ്യക്തമല്ല. ഇന്ന് പക്ഷെ പല  പ്രധാന   ഡോക്യുമെന്‍ററികളും യൂട്യൂബിലും നെറ്റ്ഫ്‌ളെക്സിലും  മറ്റും ലഭ്യമാണ്.  പക്ഷെ എന്‍റെ അനുഭവത്തിൽ  ഏറ്റവുമധികം  ഡോക്യുമെന്‍ററികൾ ആരുടെയൊക്കെയോ ഹാർഡ് ഡിസ്ക്കിലും, യുണേഴ്സിറ്റി അസൈന്മെന്‍റ് ആയും ഒക്കെയായി ഫിലിംമേക്കറിനോ  അവർക്കു പരിചയമുള്ളവർക്കോ കാണാനുള്ള ഒരു വസ്തുവായി മാത്രം അവശേഷിക്കുന്നു.

 

സംഘടിതയുടെ ഈ ലക്കത്തിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുള്ളത്  സ്ത്രീകൾ സംവിധാനം ചെയ്തതോ, അവരുടെ ആസ്വാദന അനുഭവമായതോ ആയ ഡോക്യുമെന്‍ററികളാണ്. അതുകൊണ്ട് തന്നെ ഡോക്യുമെന്‍ററി നിർമാണവും അതിന്‍റെ സാമ്പത്തിക പ്രായോഗിക  ബുദ്ധിമുട്ടികളും ഇതിലെ ചില കുറിപ്പുകളിൽ വിഷയമാവുന്നു. ഈ ലക്കത്തിൽ എഴുതിയിരിക്കുന്നവർ പലരും ഈ വിഷയത്തിൽ എഴുതിയോ വായിച്ചോ അധികം പരിചയമില്ലാത്തവർ ആണെന്ന് മുൻ‌കൂർ തന്നെ പറയട്ടെ. പക്ഷെ ഈ കുറിപ്പുകളിലൂടെ അവർ കണ്ട, ആസ്വദിച്ച, അവരെ സ്വാധീനിച്ച ചില ഡോക്യുമെന്‍ററികൾ വായനക്കാരെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യവും ഈ കുറിപ്പുകൾക്ക് ഉണ്ട്. സമയ പരിധി കൊണ്ടും, ഇന്നിന്‍റെ ആശങ്കൾ കൊണ്ടും ചുരുക്കം ചില സ്ത്രീ നിർമിത ഡോക്യുമെന്‍ററികളെ ഇതിൽ പ്രതിപാദിച്ച സാധിച്ചിട്ടുള്ളു. ഈ വിഷയത്തിലേക്കുള്ള ഒരു തുടക്കമായി മാത്രം ഇതിനെ കാണാനപേക്ഷ. ഈ ലക്കത്തിൽ വിട്ടുപോയ പ്രഗത്ഭരായ സ്ത്രീ സംവിധായകരായ ഷോഹിനി ഘോഷ്, അനുപമ ശ്രീനിവാസൻ, അഞ്ജലി മോണ്ടറിയോ, സുരഭി ശർമ്മ, പറോമിത വോഹ്ര, റീന മോഹൻ, പ്രിയ തുവരശ്ശേരി, എന്നിവരെയൊക്കെ പറ്റിയുള്ള പഠനങ്ങൾ ചേർത്തു മറ്റൊരിക്കൽ എഴുതാമെന്ന് കരുതുന്നു. അതുപോലെ തന്നെ, ഇന്ത്യയിലെ ഡോക്യുമെന്‍ററി സിനിമ ആസ്വാദന കൂട്ടങ്ങളും, സിനിമാ പ്രദർശന സംരംഭങ്ങളും.

 

ഓൺലൈൻ പതിപ്പിനോടൊപ്പം ലഭ്യമായ  ഡോക്യുമെന്‍ററികളുടെ ലിങ്കുകൾ ചേർത്തിട്ടുണ്ട്.
കാണുമെന്ന പ്രതീക്ഷയോടെ….’
(ഡൽഹിയിൽ ഗവേഷക)

COMMENTS

COMMENT WITH EMAIL: 0