Homeഉപ്പും മുളകും

സൈബറിടങ്ങൾ സ്ത്രീവിരുദ്ധമാകുന്നത്

          

കാലാകാലങ്ങളായി വീടകങ്ങളിലേക്ക് ഒതുക്കപ്പെടുകയും മെരുക്കപ്പെടുകയും ചെയ്ത സ്ത്രീകൾ അത്യപൂർവമായ കുതിച്ചു വരവാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയത്. നിഷേധിക്കപ്പെട്ട  യഥാർഥ ലോകത്തിനു പകരം അവിചാരിതമായി തുറന്നു കിട്ടിയ അതീത ലോകത്തിന്‍റെ വാതിലുകൾ തളളിത്തുറന്ന് അന്നോളം ഒളിപ്പിച്ച് അടക്കി നിർത്തിയിരുന്ന തങ്ങളെത്തന്നെ അവളുമാർ സ്വയം ആവിഷ്കരിച്ചു തുടങ്ങി. രക്ഷക ബിംബങ്ങളായ ദൈവപിതാക്കളുടെ – സമ്മതം നല്കുന്ന പുരുഷന്മാർ, പ്രസിദ്ധീകരണക്കാർ, ഞാൻ പഠിപ്പിച്ചു തരാം മട്ടിലുള്ള പ്രൊമോട്ടർമാർ എന്നിങ്ങനെ –  ആവശ്യമോ സമ്മതമോ അനുഗ്രഹമോ വേണ്ടാത്തവരായി മാറിയ പെണ്ണുങ്ങളെ ഒരല്പം ഭീതിയോടെയും സംശയത്തോടെയുമാണ് ആണധികാര വ്യവസ്ഥ കണ്ടത്. ആദ്യഘട്ട പകപ്പിൽ നിന്ന് മുക്തരായപ്പോൾ ഈ സ്ത്രീകളുടെ ദൃശ്യത തകർക്കാനുള്ള (അ) ബോധപൂർവവും അദമ്യവുമായ ത്വര പുരുഷന്മാരിൽ ശക്തമായി. സ്ത്രീക്കെതിരായുള്ള ഈ പുരുഷ പ്രതിരോധത്തിന്‍റെ ബഹുമുഖ പ്രതികരണങ്ങളാണ് ഇന്നു സൈബറിടങ്ങളിൽ നടമാടിക്കൊണ്ടിരിക്കുന്നത്.

പ്രതികരിക്കുന്ന സ്ത്രീയെപ്പറ്റി ചിന്തിക്കാൻ പോലും കേരളീയ പൗരുഷം എത്ര അശക്തമാണെന്ന് നമ്മെ അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്. യഥാർഥ ലോകത്തിൽ അശ്ലീലം പറഞ്ഞും അപവാദം പ്രചരിപ്പിച്ചും ശാരീരികമായി ആക്രമിച്ചും മദ്യപിച്ചും കയറിപ്പിടിച്ചും അവന്മാർ നടത്തിയ പേക്കൂത്തുകളുടെ അതേ മാതൃകകൾ തന്നെയാണ് അതീത ലോകത്തും അനുവർത്തിച്ചത്.

സ്ത്രീകളുടെ സ്വയം ആവിഷ്കാരങ്ങളുടെ വ്യത്യസ്തമാതൃകകൾ നമുക്കു സാമൂഹ്യ മാധ്യമ രംഗത്തു കാണാം. ഫേസ് ബുക്ക്, വാട്ട്സ്ആപ്പ് , ടെലഗ്രാം, ഇൻസ്റ്റഗ്രാം എന്നു തുടങ്ങി അവർക്കു സ്വയം പല മട്ടു പ്രത്യക്ഷപ്പെടാവുന്ന നിരവധി പ്ലാറ്റ്ഫോമുകൾ. ഏതു നേരവും ഏതു സ്ഥലവും ആകാം. സ്വന്തം വികാര വിചാരങ്ങളും കവിതകളും കഥകളും ഫോട്ടോകളും സാമൂഹിക രാഷ്ട്രീയ പ്രതികരണങ്ങളുമായി അവർ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായി. അതോടെ ഈ പൗരുഷം പതിന്മടങ്ങ് അസഹിഷ്ണുക്കളും അസ്വസ്ഥരുമായി. സ്വന്തം സ്വത്ത് കൈമോശം വന്ന പോലെ അവർ വിറളി പിടിച്ചു. വീടിനുള്ളിൽ സംശയ രോഗികളും അധമ ബോധമുള്ളവരുമായ പുരുഷന്മാർ അവരുമായി ബന്ധപ്പെട്ട സ്ത്രീകളെപ്പറ്റി ഉത്കണ്ഠാകുലരായി. തങ്ങളറിയാത്ത തങ്ങൾക്കു പരിശോധിച്ചറിയാൻ കഴിയാത്ത ദിക്കുകളിലെ സ്ത്രീദൃശ്യത അവരെ രോഗാതുരരാക്കി. സാമൂഹ്യ മാധ്യമങ്ങളിലെ സ്ത്രീമുഖത കുടുംബകോടതികൾ വരെയെത്തി. ഇതു കുടുംബത്തിനുളളിലെ കാര്യങ്ങൾ.

ഇനി സാമൂഹ്യ ജീവിതമുള്ള സ്ത്രീകളെ നേരിടാൻ പല പേരുകളിൽ ഒറ്റക്കും കൂട്ടായും പുരുഷസമൂഹം കച്ചകെട്ടിയിറങ്ങി. അതിനവർ പല വഴികളും ബാനറുകളും ഉപയോഗിച്ചു.

അതിൽ മുഖ്യമായത് രാഷ്ട്രീയ പാർട്ടികളുടെ സൈബർ പോരാളി സംഘങ്ങൾ ആണ്. വിമർശനപരമായി നിലപാടെടുക്കുന്ന സ്ത്രീകളെ അവർ കൂട്ടമായി ആക്രമിക്കും. വ്യക്തിഹത്യ, സ്വഭാവഹത്യ, തെറികൾ, അശ്ലീല അപവാദങ്ങൾ ഇങ്ങനെ ഏതു മാർഗമുപയോഗിച്ചും അവർ എതിർ നില്ക്കുന്ന സ്ത്രീയെ മാനസികവും വൈകാരികവുമായി തകർക്കാൻ ശ്രമിക്കും. എന്തും ആരോപിക്കും എങ്ങനെയും പറയും. അവളെ സാമൂഹ്യ മായി റദ്ദാക്കാൻ എത്ര ഹീനമായ ശ്രമവും നടത്തും. ഇത്തരത്തിൽ  രാഷ്ട്രീയ  സൈബർ മാഫിയയാൽ ഏറ്റവും നീചമായി ആക്രമിക്കപ്പെട്ട സ്ത്രീയാണ് കെ കെ രമ . രാഷ്ട്രീയ രംഗത്തുള്ള ഒട്ടുമിക്ക സ്ത്രീകളും പല തരം സൈബർ ആക്രമണങ്ങൾ നേരിടുന്നുണ്ട്.

സൈബർ രംഗത്തുള്ള മറ്റൊരു അക്രമിസംഘമാണ് ഫാൻസ് അസോസിയേഷനുകൾ എന്ന പേരിൽ പ്രവർത്തിക്കുന്ന ഒരു വിഭാഗം. ഇവർ ഏതെങ്കിലും ഒരു നടന്‍റെ പേരിലാണു പൊതുവേ കണ്ടു വരുന്നത്. ആ നടനെപ്പറ്റി അവർക്ക് അനഭിമതമെന്നു തോന്നുന്ന പരാമർശം, അതൊരു വിമർശനം പോലും ആകണമെന്നില്ല, ഒരു സ്ത്രീയിൽ നിന്നുണ്ടായാൽ വെട്ടുകിളിക്കൂട്ടം പോലെയെത്തി അവളെ കൊത്തി നുറുക്കിക്കളയും. സ്ത്രീ പുരുഷശരീരങ്ങളിലെ ലൈംഗിക അവയവങ്ങൾ, ലൈംഗിക ബന്ധം, വിസർജ്യങ്ങൾ എന്നിവയാണ് ഇവൾക്കു നേരെ സമൂഹമാധ്യമങ്ങളിലൂടെ വാരിയെറിയുക. ഒരു നിമിഷം കൊണ്ട് അനേകം ഫേയ്ക്ക് ഐഡികളിൽ നിന്ന് അവർ ആക്രമണം നടത്തും. എല്ലാം ഏതാണ്ട് ഒരേ ഭാഷയാവും. ഒരേ തരം പ്രയോഗങ്ങളുമാകും. മമ്മൂട്ടി ഫാൻസിൽ നിന്ന് പാർവതി തെരുവോത്തിനും അല്ലൂ അർജുൻ ഫാൻസിൽ നിന്ന് അപർണാ പ്രശാന്തിക്കും നേരിട്ട ആക്രമണങ്ങൾ ഉദാഹരണങ്ങൾ.

മൂന്നാമതൊരു വിഭാഗം കൂടുതൽ കപടവേഷധാരികളാണ്.
സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ എന്നാണ് ഇവർ സ്വയം വിശേഷിപ്പിക്കുക. തങ്ങളുടെ എതിരാളിയെപ്പറ്റി ഇവർ തെറികളൊന്നും പ്രത്യക്ഷത്തിൽ പറയുകയില്ല. അവളെയും അവളുടെ കുടുംബത്തെയും പറ്റി കൗണ്ടർ ടെക്സ്റ്റുകളുണ്ടാക്കി വ്യാപകമായി പ്രചരിപ്പിക്കുകയാണ് ഇവരുടെ വഴി. പരിഹാസം നട്ടാൽ കുരുക്കാത്ത നുണകൾ വസ്തുതകൾ വളച്ചൊടിക്കൽ, കുടുംബത്തെപ്പറ്റി മൊത്തമായി അപഖ്യാതി പരത്തൽ എന്നിവയാണ് ഇവരുടെ സ്മിയർ കാമ്പൈനിങ്ങിന്‍റെ മാർഗം. ഈ വൈറ്റ് കോളർ അക്രമണ മാർഗം മറ്റെല്ലാവരെയുംകാൾ സുരക്ഷിതവും ശക്തവുമാണ്. എതിരാളിയെ അസാധുവാക്കി റദ്ദുചെയ്യാനുള്ള എല്ലാ തരം ചതിപ്രയോഗങ്ങളുമടങ്ങിയ ഈ സ്മിയർ കാമ്പൈനിങ് മാന്യ പരിവേഷമുള്ള സൈബർ അക്രമികളുടെ വിഷലിപ്തമായ സ്ഥിരം രീതിയാണ്.  പുരുഷ ലിംഗം ബലപൂർവം യോനിയിലേക്കു പ്രവേശിപ്പിക്കൽ (പെനിട്രേഷൻ) മാത്രമല്ലല്ലോ ബലാത്സംഗത്തിന്‍റെ പരിധിയിൽ വരുന്നത്. അതുപോലെ തെറികൾ മാത്രമല്ല ഒരു പെണ്ണിനെ അപമാനിക്കാനുള്ള വഴിയെന്ന് ബുദ്ധിമാന്മാരായ ഇവർക്കു നന്നായറിയാം. അതിന് സെക്സ് റാക്കറ്റിലെ ഏജൻറ് സ് സ്ത്രീകളാക്കുന്നതു പോലെ സുരക്ഷിതമായ വഴി ഇവരും അവലംബിക്കും – വിശ്വസ്തതകളായ ചില പെൺ സുഹൃത്തുക്കളെ കൂടി ഈ പ്രചരണത്തിനു ചുമതലപ്പെടുത്തും.  സൈബർ നിയമത്തിൽ നിന്ന് 66 A എടുത്തു കളഞ്ഞതാണ് ഇക്കൂട്ടരുടെ പ്രത്യക്ഷ വീരവാദം.

മാന്യതയുടെ മുഖംമൂടിയണിഞ്ഞ ഈ വിഭാഗക്കാർ കൃത്യമായും പി ആർ ഏജൻസിക്കു കീഴിൽ പ്രവർത്തിക്കുന്ന അനുയായികളാവും. പലപ്പോഴും അതവർ തിരിച്ചറിയുന്നുണ്ടാവില്ലെങ്കിലും. നാട്ടിലും വീട്ടിലും കേറിക്കളിക്കുന്ന ഇത്തരം അക്രമിസംഘങ്ങൾക്ക് ഉദാഹരണങ്ങൾ എത്ര വേണമെങ്കിലുമുണ്ട്.

മറ്റൊരു പ്രബല വിഭാഗം മതത്തിന്‍റെയും വർഗീയ വാദത്തിന്‍റെയും പേരിൽ പ്രവർത്തിക്കുന്ന സൈബർ വിങ്ങുകളാണ്. അവരുടെ പ്രധാന ലക്ഷ്യം അവിശ്വാസിനികളോ യുക്തിവാദിനികളോ അന്ധവിശ്വാസിനികളല്ലാത്തവരോ ആയ സ്ത്രീകൾ ആണ്. ശബരിമല സ്ത്രീ പ്രവേശത്തിന്‍റെ സമയത്ത് ഹിന്ദു മതത്തിന്‍റെ അനുയായികൾ സ്ത്രീകൾക്കു നേരെ സൈബറിടത്തിൽ കടുത്ത അക്രമണങ്ങൾ തന്നെ അഴിച്ചുവിട്ടു. ബിന്ദു അമ്മിണിക്കും  കനക ദുർഗക്കുമെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്ന ആക്രമണങ്ങൾ ഉദാഹരണങ്ങൾ. ജസ്ലാമാടശ്ശേരിയും വി പി റജീനയും ഇസ്ലാം മതത്തിൽ നിന്നും തത്തുല്യമായ ആക്രമണങ്ങൾ നേരിട്ടു. കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്ത സിസ്റ്റർ ലൂസി ക്രിസ്ത്യൻ മതവിഭാഗത്തിൽ നിന്നും ഈദൃശമായ സൈബർ ആക്രമണങ്ങൾക്കു വിധേയയായി. എല്ലാ മതങ്ങളുടെയും ലക്ഷ്യം സ്വതന്ത്ര ബുദ്ധികളായ സ്ത്രീകൾ തന്നെയാണെന്നു കാണാം.

ഇനിയുള്ളൊരു വിഭാഗം അത്യാവശ്യം ഞരമ്പൻമാരായ വിജയൻ നായർമാരാണ്. സ്വന്തം യൂട്യൂബ് ചാനലിന്‍റെ പരസ്യത്തിനും  പ്രചരണത്തിനുമായി ഇവന്മാർ സ്ത്രീകളെപ്പറ്റി തെറികൾ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും. മറ്റു മൂന്നു വിഭാഗങ്ങളെ അപേക്ഷിച്ച് ദുർബലരും മനോവികലരുമാണ് ഇക്കൂട്ടർ. അതു കൊണ്ടു തന്നെ ഇവരുടെ ആഭാസത്തരങ്ങൾ പുറത്തു കൊണ്ടുവരാൻ താരതമ്യേന എളുപ്പമാണ്.

ഇത്തരം സൈബർ കുറ്റവാളികളെ നിയമത്തിനു മുമ്പാകെ കൊണ്ടുവരൽ വളരെ വിഷമകരമാണ്. അതിന് പല കാരണങ്ങൾ ഉണ്ട്. ഏറ്റവും പ്രധാനം സൈബർ നിയമങ്ങളുടെ അപര്യാപ്തത തന്നെയാണ്. ഉണ്ടായിരുന്ന 66 A എടുത്തുകളഞ്ഞത് അക്ഷരാർഥത്തിൽ പാരയായത് സ്ത്രീകൾക്കാണ്.

ഈ അപമാനം പോലീസിനെ പറഞ്ഞു ബോധ്യപ്പെടുത്തുകയെന്നത് സ്ത്രീകളെ സംബന്ധിച്ച് എത്രമാത്രം ക്ലേശകരമാണെന്നത് അനുഭവിച്ചവർക്കറിയാം. കാരണം യഥാർഥത്തിൽ സ്ത്രീകൾ നേരിട്ടു കൊണ്ടിരിക്കുന്ന അപമാനങ്ങളെക്കുറിച്ചു തന്നെ മനസിലാക്കാൻ ശേഷിയില്ലാത്ത പോലീസിങ് സംവിധാനമാണ് കേരളത്തിലുമുള്ളത്. നിങ്ങളെ അവർ തൊട്ടില്ലല്ലോ, തെറി വിളിച്ചില്ലല്ലോ, ഫേസ് ബുക്ക് വേണ്ടാന്നു വെച്ചാലെന്താ, കമൻറുകൾ ഡിലീറ്റു ചെയ്താൽപ്പോരെ, അപമാനിക്കുന്ന ആളെ ബ്ലോക്കു ചെയ്താൽ പ്പോരെ എന്നു തുടങ്ങി പല വിഡ്ഢിത്തങ്ങളും ഉയർന്ന പോലീസുദ്യോഗസ്ഥന്മാർ പോലും ചോദിക്കുമെന്നതാണ് രസകരം. അവരുടെ മറ്റൊരു പരിമിതി സാമൂഹ്യ മാധ്യമങ്ങളെപ്പറ്റിയുള്ള തെറ്റിദ്ധാരണകളും അജ്ഞതയും അതിന്‍റെ സാങ്കേതികതയുമാണ്. യഥാർഥ ഐ ഡി കൾ കണ്ടെത്തൽ, ഫേയ്ക്ക് ഐ ഡി കൾ തിരിച്ചറിയൽ, ഫേസ് ബുക്കുമായുള്ള കത്തിടപാടുകൾ എന്നിങ്ങനെ അത്ര പരിചിതമല്ലാത്ത വഴികളിലൂടെ അവർക്കു സഞ്ചരിക്കേണ്ടി വരുന്നു. അതിനു പര്യാപ്തമായ പരിശീലനങ്ങളൊന്നും അവർക്കു വേണ്ടത്ര കിട്ടിയിട്ടില്ല താനും. പിന്നെ ഏറ്റവും മുഖ്യമായത് സ്ത്രീപക്ഷതയുടെയും ജനാധിപത്യ ബോധത്തിന്‍റെയും അഭാവവും . അതു കൊണ്ടു തന്നെ നിയമങ്ങളുടെ അപര്യാപ്തത പോലെത്തന്നെ കേരളാ പോലീസിന്‍റെ സ്ത്രീവിരുദ്ധ മനോഭാവവും അജ്ഞതകളും സൈബർ കുറ്റവാളികളെ രക്ഷിക്കുന്ന പ്രധാന ഘടകമാണ്.

സൈബർ കുറ്റവാളികളെ സുരക്ഷിതരാക്കുന്ന മറ്റൊരു ഘടകം രാഷ്ട്രീയ, മത സംഘടനകളുമായി അവർക്കുള്ള ബന്ധമാണ്. സ്ത്രീകളെ അപമാനിച്ച കേസിൽ  ജാമ്യത്തിലിറങ്ങിയ പല  സൈബർ കുറ്റവാളികളെയും അക്ഷരാർഥത്തിൽ രക്ഷിക്കുന്നത് രാഷ്ട്രീയ, സംഘടനകൾ കൂടിയാണ് എന്നതാണ് യാഥാർഥ്യം.

കൃത്യമായ നിർവചനങ്ങളോടുകൂടി കൃത്യമായ നിയമങ്ങൾ സൈബർ മേഖലയിൽ സവിശേഷമായി ഉണ്ടാകേണ്ടിയിരിക്കുന്നു. 66 A പുന:സ്ഥാപിക്കാനുള്ള നടപടികളും സ്ത്രീസംഘടനകളുടെ ഭാഗത്തു നിന്നും ആവശ്യമാണ്. അതോടൊപ്പം പോലീസിങ്ങ് സംവിധാനത്തെ സ്ത്രീപക്ഷ ബോധമുള്ളവരാക്കാനുള്ള പരിശീലനവും അത്യാവശ്യമാണ്.

 

COMMENTS

COMMENT WITH EMAIL: 0