Homeചർച്ചാവിഷയം

കഥ പറയുന്ന സ്ത്രീകൾ

ക്യാമറയുടെ നോട്ടം അതിനു പിന്നിലെ വ്യക്തിയുടെ നോട്ടം കൂടിയാണ്. ഇന്ത്യൻ സിനിമകളുടെ കൂടപ്പിറപ്പായ ആൺമേൽക്കോയ്മയുടെയും സ്ത്രീ
ദേവതാസങ്കല്പങ്ങളുടെയും വിശദീകരണം ഇതിൽ തന്നെ അടങ്ങിയിട്ടുണ്ട്. ക്യാമറയ്ക്കു പിന്നിൽ പുരുഷനായിരിക്കുന്നിടത്തോളം കാലം അതവന്‍റെ കാഴ്ചകളെയെ പകർത്തൂ. ജീവിതത്തെ, ചരിത്രത്തെ തുടർച്ചയായ കഥ പറച്ചിലുകളായി നാം കാണുമ്പോൾ ആരുടെ കഥയാണ് ആഖ്യാനം ചെയ്യപ്പെടുന്നത്, ആരാണ് ഈ കഥകൾ പറയുന്നത് എന്ന് പരിശോധിക്കേണ്ടതിന്‍റെ അനിവാര്യത വ്യക്തമാകുന്നു. മനുഷ്യൻ എന്ന വാക്കിന് പുരുഷൻ എന്ന പര്യായം മാത്രമുണ്ടായിരുന്ന കാലം മുതൽ, ജ്ഞാനികൾ അലമുറയിട്ട് സ്ഥാപിക്കാൻ ശ്രമിച്ച ഭൂമിയുടെ പരന്നരൂപത്തിലേക്ക്, മണ്ണിലേക്ക്, സമൂഹത്തിലേക്ക് ഇറങ്ങി വന്നാൽ അതപ്പാടെ പുരുഷന്‍റെ കഥാഖ്യാനങ്ങൾ മാത്രമാണ്. ലോകചരിത്രത്തിൽ സിനിമയുടെ മാധ്യമം ഉപയോഗിച്ചുള്ള സ്ത്രീകളുടെ കഥ പറച്ചിൽ തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. ഇന്ത്യൻ പശ്ചാത്തലത്തിൽ നോക്കുകയാണെങ്കിൽ അതിനു വീണ്ടും സമയമെടുത്തു. ക്യാമറയ്ക്കു പിന്നിലെ സ്ത്രീ, സിനിമ ഇതുവരെയും തുറന്നുകാട്ടിയിട്ടില്ലാത്ത ജീവിതങ്ങളെ തിരശീലയ്ക്കു മുന്നിലെത്തിച്ചു. ക്യാമറക്കണ്ണുകൾ സ്ത്രീയുടേതാകുമ്പോൾ അല്ലെങ്കിൽ പുരുഷന്‍റെ ദൃഷ്ടിയിൽ നിന്ന് മാറുമ്പോൾ എന്തെല്ലാം നമ്മുടെ മുന്നിലെത്തും എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് പുഷ്പ റാവത് ഡോക്യുമെന്‍ററി “നിർണയ്”.

പുഷ്പ റാവത്

യാഥാർഥ്യങ്ങളെ വസ്തുനിഷ്ഠമായി അവതരിപ്പിക്കുകയാണ് ഡോക്യുമെന്‍ററികൾ ചെയ്യുന്നത്. അവിടെ കെട്ടുകഥകൾക്കോ സാങ്കൽപ്പിക കഥാപാത്രങ്ങൾക്കോ പ്രാധാന്യമില്ല. പക്ഷെ പലപ്പോഴും കഥകളുടെ ആഴം കൊണ്ടും ജീവിതങ്ങളോടുള്ള അടുപ്പം കൊണ്ടും സിനിമയെക്കാളേറെ ആഘാതം ഇവ കാഴചക്കാരിലുണ്ടാക്കുന്നു. ഉത്തർ പ്രദേശിലെ ഘാസിയാബാദിൽ തൊഴിലാളി വർഗം തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശത്തെ താനുൾപ്പടെയുള്ള ഏതാനും സ്ത്രീകളുടെ ജീവിതമാണ് പുഷ്പ റാവത് ഈ ഡോക്യുമെന്‍ററിയിൽ ചിത്രീകരിച്ചിരിക്കുന്നത്. തന്നോടേറ്റവും അടുത്തു നിൽക്കുന്ന ഏതാനും മനുഷ്യർ, പരസ്പരം ബന്ധപ്പെട്ടു നിൽക്കുവാനും പഴക്കങ്ങളിലൂന്നി പാരമ്പര്യങ്ങൾക്ക് കോട്ടം തട്ടാതെ നിലവിലുള്ള സാമൂഹ്യസ്ഥിതി അതേപടി തുടർന്ന് പോരുന്നതിൽ ജീവിതത്തിന്‍റെ അർത്ഥത്തിനെയും വിജയത്തിനെയും കുറിച്ചിടാനുമായുള്ള അവരുടെ പരക്കപ്പാച്ചിലുകൾ, ഇത്തരത്തിലുള്ള ഒരു “അതിസാധാരണ” പശ്ചാത്തലത്തിലേക്കാണ് സംവിധായിക തന്‍റെ ക്യാമറയും ഒരു പിടി ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങളുമായി പ്രവേശിക്കുന്നത്. ഈവിധമുള്ള, സാധാരണം എന്ന് മുഖ്യധാരാ സിനിമകൾ കാലങ്ങളായി അടയാളപ്പെടുത്തിയ വ്യവസ്ഥാപിത മധ്യവർഗ/തൊഴിലാളി കുടുംബബോധങ്ങളിൽ ആരുടെ സ്വപ്നങ്ങളാണ്, സ്വത്വമാണ് ബലികൊടുക്കപ്പെടുന്നതെന്ന് “നിർണയ്” തുറന്നുകാട്ടുന്നു. ചോദ്യം ചോദിച്ചു തുടങ്ങുമ്പോഴാണ് അധികാരത്തിന്‍റെ രാഷ്ട്രീയം പലയിടങ്ങളിലും അനാവരണം ചെയ്യപ്പെടുന്നത്. തികച്ചും നിഷ്കളങ്കമായ ചില ചോദ്യങ്ങളാലാണ് റാവത്തും ഈ അധികാരവ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നത്. അതിൽ ലിംഗത്വവും ജാതിയും എല്ലാം പ്രതിപാദ്യവിഷയങ്ങളാകുന്നു.

പുഷ്പ റാവത്തിന്‍റെ ആദ്യ സിനിമാ സംരംഭമാണ് ഈ ഡോക്യുമെന്‍ററി. “നിർണയ്” എന്ന ഹിന്ദി വാക്കിന്‍റെ അർഥം തീരുമാനം,തീർച്ചപ്പെടുത്തൽ എന്നിങ്ങനെയാണ്. ചോദ്യങ്ങളും തിരഞ്ഞെടുപ്പുകളും ഉള്ള ഇടങ്ങളിലാണ് തീരുമാനങ്ങൾ ഉണ്ടാകുന്നത്. സ്വന്തം തിരഞ്ഞെടുക്കലുകൾക്കായുള്ള അവകാശമില്ലാത്ത ഒരു പറ്റം സ്ത്രീകളെയാണ് പുഷ്പ പ്രതിനിധാനം ചെയ്യുന്നത്. അങ്ങേ അറ്റം വ്യക്തിപരവും സ്വകാര്യവുമായുള്ള ഇടങ്ങളാണ് പുഷ്പയുടെ ക്യാമറക്കണ്ണുകൾ രാഷ്ട്രീയവൽക്കരിക്കുന്നത്. ജാതീയമായ വ്യത്യാസങ്ങൾ മൂലം ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിക്കാൻ സാധിക്കാത്ത തന്‍റെ കഥയിലൂടെ തുടങ്ങി, പാട്ടുകാരിയാകാൻ മോഹിച്ചു വിവാഹശേഷം ഭർത്താവിന്‍റെ തണലിൽ തന്‍റെ ആഗ്രഹങ്ങൾ പൂർത്തിയാകുമെന്ന് വിശ്വസിക്കുന്ന സുഹൃത്തിന്‍റെ കഥ വരെ അത് എത്തിനിൽക്കുന്നു. സുനിലിനെ താൻ വിവാഹം കഴിക്കുന്നത് എന്തുകൊണ്ട് ശരിയല്ല എന്ന് പുഷ്പ ഇരുവരുടെയും വീട്ടുകാരോട് ചോദിക്കുന്നുണ്ട്. ആദ്യമായ് ആയിരിക്കണം ആ സമൂഹത്തിൽ ഒരു സ്ത്രീയുടെ പക്ഷത്തുനിന്നും അത്തരത്തിലൊരു ചോദ്യം ഉന്നയിക്കപ്പെടുന്നത്. പുഷ്പയുടെ സഹോദരൻ ക്യാമറയുമായ് തന്‍റെ മുന്നിലിരിക്കുന്ന അവളെ ആട്ടിയോടിക്കുകയാണ്. അമ്മയാകട്ടെ ഒരുത്തരം കൊടുക്കാൻ പോലും തുനിയുന്നില്ല. പുഷ്പയുടെ അച്ഛൻ ശീലമെന്നോണം ന്യായമായ ഒരു മറുപടിക്കു പകരം തന്‍റെ അധികാരം വ്യക്തമാക്കുന്നു. വൈകാരികമായ ഒരു അനുഭവത്തിൽ തുടങ്ങി ചുറ്റുമുള്ള സ്ത്രീകളുടെ ജീവിതങ്ങളിലേക്ക് യാത്ര ചെയ്യുകയാണ് പുഷ്പയുടെ ക്യാമറ.

അഭ്യസ്തവിദ്യരായ ഒരുകൂട്ടം സ്ത്രീകളാണ് ഡോക്യൂമെന്‍ററിയിലുടനീളം. സമൂഹമേൽപ്പിക്കുന്ന പലവിധ വിലക്കുകളിൽ ശ്വാസം മുട്ടുന്ന മിഥിലേഷിന് തനിക്ക് ചുറ്റുമുള്ള ഈ ചങ്ങലകളെക്കുറിച്ചു ഉറച്ച ബോധ്യമുണ്ട്. വീടും പരിസരവുമായി മാത്രം ഒതുങ്ങുന്ന തന്‍റെ ജീവിതത്തെ അവൾ കയ്യിൽ ക്യാമറയുമായി ഇരിക്കുന്ന പുഷ്‌പയുടേതിനോട് താരതമ്യപ്പെടുത്തുന്നുണ്ട്. മൂന്ന് വർഷമെടുത്തു പൂർത്തിയാക്കിയ ഈ ഡോക്യൂമെന്‍ററിയുടെ അവസാനം വിവാഹം കഴിച്ച് ഉത്തമ ഭാര്യയും മരുമകളുമായി ജീവിക്കുന്നതിനിടയിൽ മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾ പരിഗണിച്ച് സ്വന്തം നിലനിൽപ്പ് മറന്നുപോയി എന്ന് പറയുന്ന മിഥിലേഷിനെ കാണാം. സ്ത്രീകൾക്ക് വിവാഹം എന്നത് മാത്രമാണ് സാമൂഹ്യവും ശാരീരികവുമായ ചലനത്തിനുള്ള ഏക വഴി. ഇതൊരു കെട്ടുകഥയോ സങ്കല്പമോ അല്ല മറിച്ച് ജീവിക്കുന്നതായ യാഥാർഥ്യമാണ്. 5 മിനിറ്റോളം നീണ്ട ഗീതയുടെ ചിത്രീ
കരണം മുഴുവനിലും അവൾ പലവിധ ജോലികളിൽ വ്യാപൃതയായിരുന്നു. വേതനമില്ലാത്ത ഗാർഹിക തൊഴിൽ എന്നും സ്ത്രീകളുടേതു മാത്രമായിരുന്നല്ലോ. ഇടങ്ങൾ എങ്ങനെ ലിംഗഭേദത്തിനു വിധേയമാകുന്നു എന്നതിൽ തന്നെ അടിച്ചമർത്തലിന്‍റെ ചരിത്രവും
രാഷ്ട്രീയവുമാണുള്ളത്. പൊതുവിടത്തിൽ ഒറ്റയ്ക്കിറങ്ങാൻ അറിയില്ലാത്ത പൂജ ഈ രാഷ്ട്രീയത്തിന്‍റെ ഇരയാണ്. സുനിലുമായ് വിവാഹം ഉറപ്പിച്ചിരിക്കുന്ന വിനിതയുമായുള്ള സംവിധായികയുടെ സംഭാഷണം പിതൃമേധാവിത്വ വ്യവസ്ഥിതിയുടെ അടിത്തറകളിലൊന്നായ അറേജ്ഡ് മാരേജ് സംവിധാനത്തെ തുറന്നുകാട്ടുന്നു. വിവാഹം ചെയ്യാൻ ആലോചിക്കുന്ന പുരുഷനുമായി സംവദിക്കാൻ ഒരാഴ്ച സമയം ചോദിച്ച വിനിതയ്ക്ക് അത് ലഭിക്കുന്നില്ല. മുതിർന്നവരുടെ സന്തോഷത്തിന് തന്‍റെ തീരുമാനത്തെ വിട്ടുകൊടുക്കുന്നു എന്ന് അവൾ പറയുന്നുണ്ട്. മറ്റുള്ളവരുടെ സന്തോഷങ്ങളുടെ വലിയ ഭാണ്ഡം സ്ത്രീകളുടെ ചുമമലിലേറ്റുന്നതും അടിച്ചമർത്തലിന്‍റെ വലിയൊരു ചട്ടക്കൂടാണ്. സ്വപ്നം കാണാൻ ധൈര്യപ്പെടുന്നയാളാണ് ലത. അറിയപ്പെടുന്ന പാട്ടുകാരിയാവണമെന്നുള്ള അവളുടെ മോഹത്തിന് പക്ഷെ വിവാഹം എന്ന സമൂഹം നൽകുന്ന യോഗ്യതാപത്രം കൂടെ വേണം. ഒരു സ്ത്രീ ആവുക എന്നാൽ ജീവിതം ദിനചര്യ പോലെ ചെയ്തു തീർക്കുക എന്നതാണ്. ഒരു വ്യക്തിയെ സ്ത്രീ ആക്കുന്നത് ലിംഗമല്ല മറിച്ച് പെർഫോമൻസ് ആണല്ലോ. ഈ ലിംഗനിർവഹണത്തിനു പുറത്തുള്ളത് ചെയ്യണമെങ്കിൽ സമൂഹത്തിന്‍റെ പ്രത്യേകാനുമതി കൂടിയേ തീരു.
ആൺമേൽക്കോയ്മയുടെ ഇത്തരത്തിലുള്ള ആശയങ്ങൾ
ആന്തരികവൽക്കരിച്ച ഒരു കൂട്ടം സ്ത്രീകളിൽ പെടുന്നതാണ് ലതയും. അതുകൊണ്ട് തന്നെ പരിമിതികൾക്കു മുകളിലുള്ള തന്‍റെ ആഗ്രഹം സഫലീകരിക്കാൻ ഭർത്താവ് എന്ന അംഗീകൃത വ്യക്തിയുടെ സഹായം കൂടിയേ തീരു. സിനിമയെടുത്ത 3 വർഷങ്ങൾക്കിടയിൽ വിവാഹം
കഴിക്കാത്തതായി കാണുന്നത് സംവിധായിക മാത്രമാണ്. മറ്റെല്ലാവരും മുൻപേ തന്നെ നിര്‍ണയിച്ചുവച്ചിരിക്കുന്ന അവരുടെ ജീവിതങ്ങളിലേക്ക് ഊളിയിട്ടിറങ്ങിയിരുന്നു. ഡോക്യൂമെന്‍ററിയുടെ അവസാനം വിദ്യാഭ്യാസവും തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള ബോധ്യവുമുള്ള ഒരു
പറ്റം സ്ത്രീകൾക്ക് ഘടനാപരമായി അതിനുള്ള അവകാശം നിഷേധിക്കപ്പെടുന്നത് കാണാനാകും. ഈ അടിച്ചമർത്തലിനോടുള്ള ഒരു സമൂഹത്തിന്‍റെ തന്ത്രപരമായ അവഗണനയെയാണ് പുഷ്പ റാവത് “നിർണയ്” യിലൂടെ പിടിച്ചുലയ്ക്കുന്നത്.

സംവിധായികയുടെ ജീവിതത്തിലേക്കൊരു കണ്ണാടി ആകുന്നതോടൊപ്പം സ്ത്രീസാഹോദര്യത്തിന്‍റെ കഥ കൂടിയാണ് “നിർണയ്” പങ്കിടുന്നത്. തന്‍റെ ജീവിതം തിരശ്ശീലയിൽ കാണിക്കാൻ മുതിരുന്നതിലൂടെ റാവത് ആ
സമൂഹത്തിലെ മുഴുവൻ സ്ത്രീകൾക്കുമാണ് അവരറിയാതെ തന്നെ ശബ്ദം നൽകുന്നത്. ക്യാമറ എന്ന ഉപകരണത്തിന്‍റെ ഏറ്റവും വിപ്ലവാത്മകമായ സാധ്യതയാണ് ഒരു സ്ത്രീ തന്‍റെ ഞെരുക്കുന്ന ചുറ്റുപാടിനെ, സമൂഹത്തിനെ എതിർക്കുവാനായി അതുപയോഗിച്ചപ്പോൾ വിളിച്ചുപറയപ്പെട്ടത്. മെയിൽ ഗെയ്‌സിന്‍റെ വസ്തുവൽക്കരണങ്ങൾ സാധിക്കുന്ന അദൃശ്യശക്തിയായല്ല മറിച്ച് പ്രത്യക്ഷമായ ഒരു പ്രതിരോധമാർഗമായാണ് സ്ത്രീയുടെ കൈക
ളിൽ ക്യാമറ പരിണമിക്കുന്നത്.

 

(തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഈ വർഷം എം എ പൂർത്തിയാക്കിയ വ്യക്തിയാണ് അന്ന ജ്യോതി ജെയിംസ്)

COMMENTS

COMMENT WITH EMAIL: 0