Homeഅഭിമുഖം

വേട്ടയാടപ്പെടുന്ന സിനിമ, ജീവിതം

മിഴ് ഡോക്യുമെന്‍ററി സംവിധായികയെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തയിലൂടെയാണ് ദിവ്യാ ഭാരതിയെ പരിചയപ്പെടുന്നത്. അതിനു മുമ്പേ ‘കക്കൂസ്’ എന്ന ദിവ്യയുടെ ചിത്രത്തെ പറ്റി സുഹൃത്തുക്കള്‍ പറഞ്ഞു കേട്ടിരുന്നു. തമിഴ്നാട്ടിലെ തോട്ടിപ്പണിയെടുക്കുന്നവരുടെ  ജീവിതം വിഷയമാക്കുന്ന സിനിമക്കെതിരെ അതിനകം തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നുതുടങ്ങിയിരുന്നു. ചിത്രത്തെ എതിര്‍ക്കുന്നവരില്‍ ദലിത് സമുദായങ്ങളെ പ്രതിനിധാനം ചെയ്യുന്ന ചില പാര്‍ട്ടികളും ഉണ്ടെന്നതാണ് എന്നെ വാര്‍ത്തയിലേക്കാകര്‍ഷിച്ചത്. തമിഴ് ജനസമൂഹത്തിലെ ജാതിഹിംസ നമുക്കാര്‍ക്കും അപരിചിതമായ വിഷയമല്ലാത്തതിനാല്‍ തന്നെ എതിര്‍ക്കുന്നവരുടെ വീക്ഷണ കോണിലൂടെ ദിവ്യയുടെ സിനിമ കാണാമെന്ന് കരുതി.

ദിവ്യയെക്കുറിച്ചെഴുതാനായി കഴിഞ്ഞയാഴ്ചയാണ് ഞാന്‍ തമിഴ് നാട്ടിലേക്ക് പോയത്. മധുരൈയിലാണ് ദിവ്യയുടെ വീട്. പുറപ്പെടുന്നതിനു മുമ്പ്, ലഭ്യമായ മൂന്നു നമ്പറുകളിലും ഏറെത്തവണ ശ്രമിച്ചിട്ടും ദിവ്യയെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ സി പി ഐ (എം എൽ- ലിബറേഷന്‍) പ്രവർത്തകൻ സഖാവ് മതിവാണന്‍ ഫോണെടുത്തു, മധുരയിലേക്ക് വരാൻ പറഞ്ഞു. ട്രെയിൻ കയറി കുറച്ചു കഴിഞ്ഞപ്പോൾ യാത്ര ഡിണ്ടിഗലിലേക്കു നീട്ടാൻ പറഞ്ഞു. റെയിവേ സ്റ്റേഷനിൽ എന്നെ കാത്തുനിന്നത് ഡി. വൈ. എഫ്. ഐ യുടെ ജില്ലാ വൈസ് പ്രസിഡന്‍റ് ശരത് ആണ്. ശരത്തിെൻറ ബൈക്കിൽ ഒരു നാലഞ്ച് കിലോമീറ്റർ ദൂരെ ഒരു വീട്ടിലേക്ക്. ദിവ്യ അവിടെയാണ് ഉണ്ടായിരുന്നത്. കുട്ടികളുടെ ക്ഷേമത്തിന് വേണ്ടിയുള്ള സര്‍ക്കാരിതര സംഘടന നടത്തുന്ന ഒരു ഇടതു പക്ഷ അനുഭാവിയുടെ വീടാണ്. അവിടെ അകത്തു ഒരു മുറിയിലിരുന്നു സംസാരിച്ചു, കുറേ മണിക്കൂറുകൾ.

തമിഴ്‍നാട്ടിൽ ഇരുപത്തഞ്ചോളം സ്ഥലങ്ങളിൽ യാത്ര ചെയ്താണ് ദിവ്യ, ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ സിനിമ ചെയ്തത്. ഒന്നര വർഷമെടുത്താണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. തമിഴ്‌നാട്ടിൽ തോട്ടിപ്പണി ചെയ്യുന്നവർ എത്ര ഉണ്ടെന്നതിന് സര്‍ക്കാരിന്‍റെ കയ്യിൽ ഒരു കണക്കുമില്ല. ലക്ഷക്കണക്കിനുണ്ടാകും എന്ന് ദിവ്യ പറയുന്നു.

2017 ഫെബ്രുവരിയിലാണ് സിനിമ പുറത്തിറങ്ങിയത്. രാജ്യത്തൊട്ടാകെ നിരവധി കേന്ദ്രങ്ങളിൽ സിനിമ പ്രദർശിപ്പിച്ചു. പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്, കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ മാസം മുതൽ. അണ്ണാ സർവകലാശാലയിലെ ദലിതരായ പത്തൊമ്പത് ശുചീകരണ തൊഴിലാളികൾ സർവകലാശാല ഡീനിനെതിരെ പരാതി നൽകുന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഡീൻ അങ്ങേയറ്റം മനുഷ്യത്വഹീനമായ ജോലികൾ ചെയ്യിക്കുകയും ജാതീയമായി ആക്ഷേപിക്കുകയും ചെയ്യുന്നു എന്നായിരുന്നു പരാതി. സിനിമക്ക് വേണ്ടി നേരത്തെ തന്നെ ഇവരെയൊക്ക ദിവ്യ പരിചയപ്പെടുകയും അഭിമുഖമെടുക്കുകയും ചെയ്തിരുന്നു. പരാതിക്കു ശേഷം ദിവ്യ വീണ്ടും ഇവരുടെ അഭിമുഖമെടുത്ത് യൂറ്റ്യുബിൽ അപ്‌ലോഡ് ചെയ്തു. അതിന്‍റെ പിറ്റേന്ന് മുതൽ ഭീഷണി സന്ദേശങ്ങള്‍ വരാൻ തുടങ്ങി. മൂന്നു നാല് ദിവസത്തിനിടെ ആയിരക്കണക്കിന് കോളുകൾ. ബലാൽസംഗം ചെയ്യുമെന്നും കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നുമുള്ള ഭീഷണികൾ. ദിവ്യയുടെ സിനിമ പള്ളാർ സമുദായത്തെ അപമാനിക്കുന്നതാണ് എന്നാരോപിച്ച് ഒരു വിഭാഗം രംഗത്ത് വന്നു. ഇവരുടെ പ്രാതിനിധ്യം അവകാശപ്പെടുന്ന പുതിയ തമിഴകം എന്ന പാർട്ടിയും അതിന്‍റെ നേതാവ് ഡോ.കെകൃഷ്ണസ്വാമിയുമാണ് ദിവ്യക്കെതിരെ കടുത്ത ആക്ഷേപവുമായി രംഗത്ത് വന്നത്. പള്ളാര്‍ എന്നല്ല ദേവേന്ദ്രകുല വെള്ളാളര്‍ എന്നാണ് ഇവര്‍ സ്വസമുദായത്തെ വിളിക്കുന്നത്. സർവകലാശാല ഡീൻ പുതിയ തമിഴകം പാർട്ടിയുമായി അടുത്ത ബന്ധമുള്ളയാളാണെന്നു ദിവ്യ പറയുന്നു. പാര്‍ട്ടിയാകട്ടെ കഴിഞ്ഞ കുറേ നാളുകളായി ബിജെപി അനുകൂല നിലപാടുകളിലൂടെയാണ് ശ്രദ്ധ പിടിച്ചു പറ്റിയത്. ഗോവധ നിരോധനത്തെ വരെ ഇവര്‍ അനുകൂലിച്ചിരുന്നു. എന്തായാലും തന്നെ വേട്ടയാടുന്നത് പുതിയ തമിഴകം മാത്രമല്ല; ബി ജെ പിയും ആർ എസ് എസ്സും കൂടി ചേര്‍ന്നാണെന്ന് ദിവ്യ പറയുന്നു.

2009 ൽ ദിവ്യ നിയമവിദ്യാർത്ഥിയായിരിക്കെ നടത്തിയ ഒരു സമരത്തിന്‍റെ പേരിലാണ് കഴിഞ്ഞമാസം ദിവ്യയെ അറസ്റ്റ് ചെയ്തത്. ആ കേസിൽ, ദിവ്യ കോടതിയിൽ ഹാജരായില്ല എന്ന് കാണിച്ച് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരറസ്റ്റ്. എന്തായാലും അന്ന് തന്നെ ജാമ്യത്തിൽ ഇറങ്ങാൻ സാധിച്ചു.കുറച്ചു ദിവസങ്ങൾക്കുള്ളിൽ പുതിയ തമിഴകം ഭാരവാഹികൾ നൽകിയ പരാതിയിൽ അടുത്ത കേസ്. 153 A അടക്കമുള്ള വകുപ്പുകൾ. ദിവ്യയുടെ സിനിമ സാമുദായിക സൗഹാർദം തകർക്കുന്നുവെന്നാണ് പരാതി. ഇപ്പോൾ അഞ്ചു ജില്ലകളിലായി, പന്ത്രണ്ട് കേസുകൾ ദിവ്യക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. വീട്ടിലോ നാട്ടിലോ നിൽക്കാൻ പറ്റാത്ത അവസ്ഥ. എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യപ്പെടാം, അല്ലെങ്കിൽ ആക്രമിക്കപ്പെടാം എന്ന സ്ഥിതി. സി. പി.ഐ (എം. എൽ) ലിബറേഷൻ പ്രവർത്തകയാണ് ദിവ്യ. എന്നാല്‍ സി. പി. എമ്മും സി. പി. ഐ യും അടക്കം എല്ലാ ഇടതു പക്ഷ സംഘടനകളും ഒന്നിച്ച് നിന്നാണ് ദിവ്യയെ പിന്തുണക്കുന്നത്. (ചിത്രത്തില്‍ പക്ഷെ സിഐടിയു ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകളുടെ നിലപാടുകളേയും ദിവ്യവിമര്‍ശനവിധേയമാക്കുന്നുണ്ട്)

ദിവ്യാ ഭാരതി

ഡിണ്ടിഗലിലെ ആ വീട്ടിൽ നിന്നും ദിവ്യക്ക് അന്ന് ഇറങ്ങണമായിരുന്നു. ആ വീട് ഒരു ഓഫീസ് കൂടിയായതിനാൽ അവിടെ നിൽക്കാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല. അഭിമുഖം പൂർത്തിയാക്കി അവരെ അവിടെ വിട്ടിട്ടു പോരാൻ വയ്യായിരുന്നു. അന്നേ ദിവസം എന്‍റെ കൂടെ ഹോട്ടൽ മുറിയിലേക്ക് കൂട്ടി. രണ്ടു ദിവസത്തിനു ശേഷമാണ് വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ദിവ്യ കേരളത്തിലേക്കു വരുന്നത്. കേസുകളുടെ കാര്യത്തിലടക്കം കടുത്ത അനിശ്ചിതത്വമാണ്  നിലനില്‍ക്കുന്നത്. എല്ലാ കേസുകളിലെയും എഫ് ഐ ആർ സംഘടിപ്പിക്കാനും നിയമസഹായം നല്‍കാനും സഖാക്കള്‍ ശ്രമിക്കുന്നുണ്ട്.

ഒരു കോട്ടൺ മിൽ തൊഴിലാളിയുടെ മകളാണ് ദിവ്യ. ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത, കഷ്ടിച്ച് എഴുത്തും വായനയും മാത്രമറിയാവുന്ന തൊഴിലാളിയുടെ മകൾ.  ദിവ്യയുടെ കൂടെ പഠിച്ച മിക്ക പെൺകുട്ടികളും പത്താം ക്ലാസ്സ് പൂർത്തിയാക്കാതെ വിവാഹം ചെയ്യുകയോ കോട്ടൺ മില്ലിൽ തൊഴിലെടുക്കാന്‍ പോവുകയോ ചെയ്തു പോന്നു. പതിനാലാം വയസ്സിലാണ് ദിവ്യ സി പി ഐ (എം എൽ-ലിബറേഷൻ) അംഗമാവുന്നത്. മധുരൈ ലോ കോളേജിൽ പഠിക്കുന്ന കാലത്തും ദിവ്യയുടെ പ്രധാന പ്രവർത്തനം തൊഴിലാളികൾക്കിടയിൽ തന്നെയായിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് നിയമപ്രകാരമുള്ള കൂലി ലഭിക്കാൻ വേണ്ടി അവരെ സംഘടിപ്പിച്ച് നിരവധി സമരങ്ങൾ ചെയ്തു. നാല്പത്തഞ്ചും അൻപതും രൂപയായിരുന്നു കൂലി. ബാക്കി ഇടനിലക്കാർ കൊണ്ട് പോകും. 2015 ൽ മധുരയിൽ സെപ്റ്റിങ്ക് ടാങ്കിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചു മരിച്ച ഒരു തൊഴിലാളിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനും അവർക്കു നഷ്ടപരിഹാരം നേടിക്കൊടുക്കാനും ഒക്കെയായി നടത്തിയ ഇടപെടലുകളാണ് ദിവ്യയെ ഈ സിനിമയിലേക്ക് എത്തിച്ചത്. അന്ന് മുതൽ തോട്ടിപ്പണി എടുക്കുന്ന മനുഷ്യരോടൊപ്പം ക്യാമറയുമായും അല്ലാതെയും ദിവ്യ ജീവിച്ചു. അങ്ങനെ രണ്ടു വർഷത്തിന് ശേഷം ഈ സിനിമ ഉണ്ടായി. ഒരേ പ്രമേയത്തിൽ ഏതാണ്ട് ഒരേ കാലത്തു രണ്ടു സിനിമകൾ നിര്‍മ്മിക്കപ്പെടുന്നു. ഒന്ന് കേരളത്തിലും മറ്റേതു തമിഴ് നാട്ടിലും, ഒന്ന് ഫീച്ചറും മറ്റേത് ഡോക്യുമെന്‍ററിയും. വിധുവിന്‍സെന്‍റിന്‍റെ ‘മാന്‍ഹോളിന്’ കേരള സര്‍ക്കാര്‍ ഏറ്റവും നല്ല സിനിമക്കുള്ള പുരസ്‌കാരം നൽകി ആദരിച്ചു. ദിവ്യാഭാരതിയോ? നിർത്താതെ ഓടുകയാണ്. ഒന്നിന് പിറകെ ഒന്നായി കേസുകൾ, വധഭീഷണി, ബലാൽസംഗഭീഷണി. ചവിട്ടി നിൽക്കാൻ മണ്ണില്ല. മുന്നിൽ അനിശ്ചിതത്വം മാത്രം നാളെ എങ്ങോട്ടു പോകണമെന്നറിയില്ല.

2017 ഫെബ്രുവരി 26ന് ഡോക്യുമെന്‍ററി ‘കക്കൂസ്’ ചെന്നൈയിൽ റിലീസ് ചെയ്യപ്പെടുന്നു. ആദ്യ പ്രദർശനം മാർച്ച് നാലിന് ഒരു സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ നാഗർകോവിലിൽ നടക്കുമെന്നായിരുന്നു പ്രഖ്യാപനം. അതു പക്ഷേ, നടന്നില്ല. സിനിമ കാണിച്ചാൽ ക്രമസമാധാനം തകരുമെന്ന് പൊലീസ് സൂപ്രണ്ട് അറിയിക്കുകയായിരുന്നു. അന്തർദേശീയ വനിതാ ദിനത്തിൽ കോയമ്പത്തൂരിൽ പ്രദർശിപ്പിക്കാനായിരുന്നു അടുത്ത പദ്ധതി. അതേ കാരണം പറഞ്ഞ് ഒരിക്കലൂടെ തടയപ്പെട്ടു. സർട്ടിഫിക്കിറ്റ് ഇല്ലെന്നു തുടങ്ങി ദിവ്യയുടെ ‘നക്സൽ ബന്ധം’ വരെ നിരത്തി പിന്നെയും പ്രദർശനം അധികൃതർ വിലക്കിക്കൊണ്ടേയിരുന്നു. സിനിമയാലും യാഥാർഥ്യമായാലും ആർക്കു കാണണം, ഈ ജീവിതങ്ങളെ? നിയമം വിലക്കുന്ന ഒരു ജോലി ഇപ്പോഴും നിർബാധം തുടമ്പാൾ അധികൃതർ ഉത്തരവാദികളാകേണ്ടിവരുമെന്നതു തന്നെ പ്രശ്നം. (2013ലെ തോട്ടിവേലനിരോധ, പുനരധിവാസ നിയമ പ്രകാരം ഇതു നിരോധിക്കപ്പെട്ടതാണ്). പക്ഷേ, നിരന്തരമായ വിലക്ക് ഡോക്യുമെന്‍ററിക്ക് ഗുണമാണ് ചെയ്തത്. ടി.എം കൃഷ്ണ ‘കക്കൂസി’ന്‍റെ ട്രെയിലറും ഇതിലെ പാട്ടും ട്വിറ്ററിലിട്ടതോടെ ദിവ്യയുടെ ദൗത്യം തിരിച്ചറിഞ്ഞവരുടെ എണ്ണം കൂടി. തമിഴ്നാട്ടിലും പുറത്തും സിനിമക്ക് വ്യാപകമായ അംഗീകാരം ലഭിച്ചുതുടങ്ങി. ഡൽഹി, കൊൽക്കത്ത, ബംഗളുരു, മുംബൈ, ഹൈദരാബാദ് പട്ടണങ്ങളിലും ചില യൂനിവേഴ്സിറ്റികളിലും സിനിമ കാണിക്കപ്പെട്ടു. തോട്ടിപ്പണി ജീവിതമായിപ്പോയ മഹാപാവങ്ങളുടെ ദുരിതം പകർത്തിയ ദിവ്യയെ തേടി അംഗീകാരങ്ങളുമെത്തി, വിശിഷ്യാ തമിഴ്നാട്ടിലെ ദളിത് സമൂഹങ്ങളുടെ ഭാഗത്തു നിന്ന്. 2017 ജൂലൈ വരെ ഇതൊക്കെയായിരുന്നു സ്ഥിതി.

അവരുടെ  ജീവിതം കീഴ്മേൽ മറിച്ച് പിന്നെയെന്താകും സംഭവിച്ചത്? ദിവ്യ തന്നെ എല്ലാം പങ്കുവെക്കുന്നുണ്ട്:

‘‘ജൂലൈ 13ന് അണ്ണാ യൂനിവേഴ്സിറ്റിയിലെ 15 ശുചീകരണ തൊഴിലാളികൾ വാഴ്സിറ്റി ഡീനിനെതിരെ പൊലീസിനെ സമീപിക്കുന്നു. മോശം പെരുമാറ്റമായിരുന്നു ഇവർ ഉന്നയിച്ച പരാതി. പിറ്റേന്നു തന്നെ എല്ലാവരെയും വാഴ്സിറ്റി പുറത്താക്കി. പ്രതിഷേധവുമായി പ്രധാന കവാടത്തിൽ കുത്തിയിരുന്ന ഇവർക്കു നേരെ ബലപ്രയോഗവുമായി പൊലീസ് എത്തിയത് സ്ഥിതി വഷളാക്കി. വിഷയമറിഞ്ഞ ഞാൻ ഇവരെ കണ്ട് വിശദാംശങ്ങളെടുത്ത് ജൂലൈ 21ന് യൂട്യൂബിലിട്ടു. ദിവസങ്ങൾക്കുള്ളിൽ ഇതു കണ്ടത് 8,000 പേരാണ്’’. ദിവ്യയുടെ ജീവിതം അന്നു മുതലാണ് ശരിക്കും മാറുന്നത്. അണ്ണാ യൂനിവേഴ്സിറ്റി ഡീനിന്‍റെ ഗുണകാംക്ഷികളെന്ന് പരിചയപ്പെടുത്തി ചിലർ വിളിച്ച് വീഡിയോ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. സ്വാഭാവികമായും അവരതിന് വഴങ്ങിയില്ല. ജൂലൈ 26ന് മധുര പൊലീസ് കമ്മീഷണറുടെ ഓഫീസിൽനിന്ന് വിളിച്ച് ഉടൻ ഹാജരാകണമെന്ന് നിർദേശമെത്തി. 40 മിനിറ്റിനകം എത്താമെന്ന് അറിയിച്ചെങ്കിലും വകവെക്കാതെ മിനിറ്റുകൾക്കകം വൻ സന്നാഹവുമായി പൊലീസ് പട വീട്ടിൽ ഇരച്ചുകയറി അറസ്റ്റു ചെയ്തു. എന്തിനാണ് അറസ്റ്റെന്ന് പിടികിട്ടിയതേയില്ല, ദിവ്യക്ക്.  2009ൽ നടന്ന വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട കേസിലാണ് നടപടിയെന്നായിരുന്നു ആദ്യ വിശദീകരണം. മധുര ലോ കോളജിൽ പ്രഥമ വർഷ വിദ്യാർഥിയായിരുന്നു അക്കാലത്ത് ദിവ്യ. മധുരയിലെ മഡക്കുളത്തുള്ള ദലിത് ഹോസ്റ്റലിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് നടന്ന സമരത്തിൽ എല്ലാ വിദ്യാർഥി സംഘടനകളും പങ്കാളികളായിരുന്നു. മറ്റൊരിക്കൽ, ഹോസ്റ്റലിൽ ഒരു വിദ്യാർഥി പാമ്പുകടിയേറ്റ് മരിച്ച സംഭവമുണ്ടായി. കുടുംബത്തിന് നഷ്ടപരിഹാരമാവശ്യപ്പെട്ട് നടത്തിയ സമരത്തിന് നേതൃത്വം നൽകിയതിന് ദിവ്യക്കെതിരെ എഫ്.ഐ.ആറുണ്ടായിരുന്നു. ഈ കേസാണ് എട്ടു വർഷങ്ങൾക്കു ശേഷം പൊടിതട്ടിയെടുക്കുന്നതും അറസ്റ്റു നടക്കുന്നതും. എന്നാലും, അന്നുതന്നെ അവർക്ക് ജാമ്യം ലഭിച്ചു. ശേഷമാണ് ദിവ്യയുടെ ദുർവിധി തുടങ്ങുന്നത്. ജൂലൈ 27ന് ദലിത് വിഭാഗമായ പല്ലാർ സമുദായത്തെ പ്രതിനിധീകരിക്കുന്ന ‘പുതിയ തമിഴകം’ എന്ന രാഷ്ട്രീയ കക്ഷിയുടെ നേതാവ് ഡോ. കൃഷ്ണസ്വാമി ദിവ്യക്കും അവരുടെ ഡോക്യുമെന്‍ററിക്കുമെതിരെ ആഞ്ഞടിക്കുന്നു. പല്ലാർ സമുദായത്തിെന്‍റെ വികാരങ്ങളെ വൃണപ്പെടുത്തുന്നുവെന്നായിരുന്നു ആരോപണം. വിശദീകരണമാവശ്യപ്പെട്ട് ദിവ്യക്ക് തന്‍റെ പാർട്ടി നോട്ടീസ് അയക്കുമെന്നു കൂടി അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഇൗ വാർത്താ സമ്മേളനത്തിന്‍റെ പിറ്റേന്നു മുതലാണ് കടുത്ത അധിക്ഷേപവും ഭീഷണിയുമായി കോളുകൾ പ്രവഹിക്കുന്നത്. 29ന് പൊലീസിൽ പരാതി നല്‍കുന്പോഴേക്ക് തെറിയഭിഷേകവുമായി വിളികൾ 1200 കവിഞ്ഞിരുന്നു. പിന്നീട് എണ്ണൽ നിർത്തി. ‘‘ഫോൺ സ്വിച്ച് ഓഫ് ചെയ്യുന്നതിനു പകരം എടുത്ത് വിഷയം ബോധ്യപ്പെടുത്തി കൊടുക്കാനായി ശ്രമം. സിനിമ കണ്ടോയെന്ന് അവരോട് ചോദിച്ചു. പക്ഷേ, അവർക്കു സംഭാഷണം ഇഷ്ടമല്ലായിരുന്നു’’. സിനിമ കാണാതെയായിരുന്നു വൈകാരിക പ്രതികരണങ്ങൾ. ‘കക്കൂസ്’ എന്ന ഡോക്യുമെന്‍ററി തമിഴ്നാട്ടിൽ വ്യാപകമായ തോട്ടിവേലയുടെ ബീഭത്സമായ വസ്തുതകളിലേക്കുള്ള യാത്രയാണ്. സിനിമ ഒറ്റയിരിപ്പിൽ കണ്ടുതീർക്കാൻ നമുക്കാവില്ല. നിർഭാഗ്യം അടയാളപ്പെടുത്തിയ കുറെ മനുഷ്യർ മനുഷ്യവിസർജ്യത്തിൽ കുളിച്ചുനിൽക്കുന്നത് അത്ര സുഖകരമായ കാഴ്ചയൊന്നുമല്ല. സിനിമയെടുക്കൽ ദിവ്യക്കു ചെറുപ്പം മുതലേയുള്ള അഭിനിവേശമായിരുന്നുവെങ്കിലും തോട്ടിവേല പ്രമേയമായി ഒന്ന് അവരുടെ ചിന്തകളിലുണ്ടായിരുന്നില്ല. അവിചാരിതമായാണ് അതു സംഭവിച്ചത്.

2015 ഒക്ടോബറിൽ മധുരയിൽ വൃത്തിയാക്കുന്നതിനിടെ സെപ്റ്റിക് ടാങ്കിൽ വീണ് മുനിയാണ്ടി, വിശ്വനാഥൻ എന്നീ രണ്ടു പേർ മരിക്കുന്നു. മരിച്ചവരുടെ കുടുംബത്തിന് നീതിയാവശ്യപ്പെട്ട് ഇതേ തൊഴിൽ മേഖലയിലുള്ളവർ ദിവസങ്ങളോളം സമരത്തിനിറങ്ങുന്നു. രാഷ്ട്രീയ പ്രവർത്തകയായിരുന്ന ദിവ്യയും ഇൗ സമരത്തിെന്‍റെ ഭാഗമായി. ‘‘മൃതദേഹം മോർച്ചറിയിൽ നിന്ന് പുറത്തെടുക്കുേമ്പാൾ വൃത്തികെട്ട മണം സഹിക്കാൻ ആർക്കും ആകുമായിരുന്നില്ല. അത്രക്ക് ദുർഗന്ധമായിരുന്നു. കുടുംബാംഗങ്ങൾ പോലും മൂക്കുപൊത്തി പിറകിലേക്കുനിന്നു. പക്ഷേ, മുനിയാണ്ടിയുടെ പത്നി മഹാലക്ഷ്മി ഓടിവന്ന് മൃതദേഹത്തിൽ കമിഴ്ന്നടിച്ചുകിടന്ന് ചുംബിച്ചും മുത്തിയും വിലപിച്ചുകൊണ്ടിരുന്നു. അന്നേരം, എന്‍റെ സുഷുമ്നയിലൂടെ ഒരു വിറ പാഞ്ഞു. മുഖത്തേറ്റ അടിപോലെയായിരുന്നു ആ അനുഭവം. ആ നിമിഷത്തിലാണ് 109 മിനിറ്റ് നീളുന്ന ‘കക്കൂസ്’ ഡോക്യുമെന്‍ററിയുടെ പിറവി. നേരത്തെ സ്ക്രിപ്റ്റ് തയാറാക്കുകയായിരുന്നില്ല, ഞാൻ ചെയ്തത്. ഈ തൊഴിലുമായി കഴിയുന്നവരെ നേരിൽ കണ്ട് സംഭാഷണം നടത്തി. അവരുടെ കഥകൾ കേട്ടു. സിനിമ തുടങ്ങുംമുമ്പ് ചെയ്യാൻ കുറെയേറെ കിടക്കുന്നുവെന്ന് അതോടെ ബോധ്യമായി. തുടക്കത്തിൽ ശരിക്കും ബുദ്ധിമുട്ടി. മനുഷ്യവിസർജ്യത്തിൽ മൂക്കുപൊത്താതെ മണിക്കൂറുകളോളം കഴിയാൻ ശരിക്കും പരിശീലിക്കേണ്ടിവന്നു. ഒരു ചെറിയ നീരസം പോലും അവരിൽ പ്രയാസം സൃഷ്ടിക്കുമെന്നു മാത്രമല്ല, പിന്തിരിപ്പിക്കുകയും ചെയ്യും’’. അതോടെ, കാമറയെടുക്കൽ ദിവ്യ നിർത്തി. അവർക്കൊപ്പമുള്ള സഞ്ചാരങ്ങൾ മാത്രമായി. കൈകൊണ്ട് മലം കോരുേമ്പാൾ അവരുമായി സംസാരിച്ചുകൊണ്ടിരുന്നു. ഒപ്പം ഭക്ഷണം കഴിച്ചു. കുടുംബങ്ങളെ സന്ദർശിച്ചു. ഒഴിവു സമയങ്ങൾ അവരോടൊത്തു ചെലവിട്ടു. ചായ കഴിച്ചു. മലത്തിന്‍റെ സാമീപ്യം അസ്വസ്ഥമാകുന്നില്ലെന്ന് ബോധ്യംവന്ന നിമിഷത്തിൽ യഥാർഥ ഷൂട്ടിങ് തുടങ്ങി. കാമറ പിടിക്കലും ഫൂട്ടേ‍ജുകൾ എഡിറ്റ് ചെയ്യലുമൊന്നും ദിവ്യക്ക് പുതുമയുള്ളതായിരുന്നില്ല. ഭർത്താവ് ഗോപാൽകൃഷ്ണനുമൊപ്പം ഉപജീവനത്തിന് സ്റ്റുഡിയോ നടത്തിവരികയായിരുന്നു അവർ. വിവാഹ വിഡിയോകൾ എടുത്ത് ആൽബം ഉണ്ടാക്കിക്കൊടുക്കും. സിനിമ ഷൂട്ടിങ്ങിന് ഇത് തീർച്ചയായും സഹായമായിട്ടുണ്ട്. കൈയിൽ പക്ഷേ ഉണ്ടായിരുന്നത് 700ഡി കാനൺ കാമറയായിരുന്നു. ഒരു സിനിമയെടുക്കാൻ അതു മതിയാകില്ല. തൽക്കാലം സുഹൃത്തിൽ നിന്ന് 5ഡി കാമറ സംഘടിപ്പിച്ചു. പണമായിരുന്നു പിന്നെ പ്രശ്നം. അതും കൂട്ടുകാരിൽ നിന്ന് വായ്പ വാങ്ങി. ആൾക്കുട്ടത്തെ പരമാവധി ഉപയോഗിച്ചെടുത്ത സിനിമയാണ് ’കക്കൂസ്’. സിനിമ ഇത്ര വലുതാകുമെന്ന് സ്വപ്നം കണ്ടിരുന്നു പോലുമില്ലെന്ന് ദിവ്യ. ആറോ ആഴോ തോട്ടിവേലക്കാരുടെ ജീവിതം പകർത്താനായിരുന്നു തുടക്കത്തിൽ പദ്ധതി. പക്ഷേ, തമിഴ്നാട്ടിലെ പതിനാറ് ജില്ലകളിലായി ഇരുപത്തഞ്ച് നഗരങ്ങൾ കറങ്ങി ഒരു വർഷമെടുത്താണ് സിനിമ പൂർത്തിയാക്കിയത്. 92 മണിക്കൂർ ദൈർഘ്യമുണ്ടായിരുന്നു ഫൂട്ടേ‍ജുകൾക്ക്. ഇത് ഒരു സിനിമയാക്കി മാറ്റലായിരുന്നു ശരിക്കും വെല്ലുവിളി. അഞ്ചു മണിക്കൂറിലേക്ക് ചുരുക്കി ഫസ്റ്റ് കട്ട് തയാറായി. പ്രൊഫഷണല്‍ എഡിറ്റർ പകലവനായിരുന്നു അവസാന പ്രിന്‍റ് തയാറാക്കിയത്, ദൈർഘ്യം ഒരു മണിക്കൂർ 49 മിനിറ്റ്.

ഒരു കോട്ടൺ മിൽ തൊഴിലാളിയുടെ മകളായാണ് ദിവ്യയുടെ ജനനം. ‘‘ഞങ്ങളുടെ ജീവിതങ്ങൾക്ക് ഒരു വിലയുമില്ലായിരുന്നു. കമ്പനി അനുവദിച്ച കുടുസ്സുമുറികളിൽ കഴിച്ചുകൂട്ടും. ഇവക്കു പോലും 300 രൂപ വാടക നൽകണം. ശമ്പളം തീരെ തുഛം. 1983ൽ പിതാവിന്‍റെ തുടക്ക ശമ്പളം 120 രൂപയായിരുന്നു. ‘‘ഞാൻ ഒമ്പതിലെത്തുേമ്പാൾ അത് 4,500 രൂപയിലെത്തിയിട്ടുണ്ട്. 45 വർഷമാണ് അച്ഛൻ അവിടെ പണിയെടുത്തത്. 58ാം വയസ്സിൽ പിരിയുേമ്പാൾ കമ്പനി രണ്ടു ലക്ഷംരൂപ നൽകി. നിലവിൽ സർവീസ് പെൻഷനായി 1200 രൂപ ലഭിക്കും’’ ദിവ്യ പറയുന്നു. ‘‘അതു മാത്രമായിരുന്നില്ല, പ്രശ്നം. ഭൂവുടമ വരുേമ്പാഴൊക്കെ ഓഛാനിച്ചുനിൽക്കണം. ഊഞ്ഞാലിൽ കളിക്കുന്ന കുരുന്നുകൾ പോലും അതുനിർത്തി എഴുന്നേൽക്കണം. ആദരം കൊണ്ടൊന്നുമല്ല, ഭയംകൊണ്ടു മാത്രം എല്ലാവരും പാലിച്ചുപോന്നു. ഇതൊക്കെ കണ്ട് എനിക്ക് അരിശവും ലജ്ജയും തീവ്രതരമായി അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. കടുത്ത അടിച്ചമർത്തലിന്‍റെയും ചൂഷണത്തിെന്‍റെയും സാഹചര്യങ്ങൾ കണ്ടാകണം, ഇടതുപക്ഷ അനുഭാവം ഉള്ളിൽ മുള പൊട്ടിയതെന്ന് ദിവ്യ. “എന്‍റെ പ്രായക്കാരിലേറെയും ബാലവേലക്കോ ശൈശവ വിവാഹത്തിനോ നിർബന്ധിക്കപ്പെട്ട് ജീവിതം ഹോമിച്ചവരാണ്.  പക്ഷേ, പിതാവിന്‍റെ ശാഠ്യം എന്നെ വിദ്യാഭ്യാസ മേഖലയിൽ നിലനിർത്തി.” പതിനാലാം വയസ്സിൽ ദിവ്യ സി.പി.ഐ.എം.എൽ അംഗമായിരുന്നു. സ്കൂളിലെ അധ്യാപകരായിരുന്നു പ്രചോദനം. കടുത്ത വിവേചനത്തെയും ചൂഷണത്തെയും കുറിച്ച് അവർ ഞങ്ങളോടു സംസാരിച്ചുകൊണ്ടിരുന്നത് മുഴുവാനായല്ലെങ്കിലും ഞങ്ങളെ കുറിച്ചു തന്നെയാണെന്ന ബോധം ക്രമേണ വന്നുതുടങ്ങി. സിനിമാ പ്രദർശനം പോലുള്ള സാംസ്കാരിക പരിപാടികളും ആഴ്ചതോറും നടന്നു. ‘ബൈസിക്ക്ൾ തീവ്സ്’, ദി ബാറ്റ്ൽഷിപ് പൊട്ടെംകിന്‍’ പോലുള്ള സിനിമകൾ പതിമൂന്നാം വയസ്സിൽ ഞാൻ കണ്ടു.

അങ്ങനെയാണ് സിനിമാക്കൊതി ഉള്ളിൽ തീവ്രതരമാകുന്നത്. മകളുടെ ജീവിതത്തിലെ മാറ്റങ്ങൾ പിതാവ് മനസ്സിലാക്കി തുടങ്ങി. അത് അദ്ദേഹത്തെ ചകിതനുമാക്കി. മകൾ ഇപ്പോൾ തെരഞ്ഞെടുത്ത വഴിയിൽ സഞ്ചരിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടില്ല. നാട്ടിലെ മറ്റേതു പെൺകുട്ടിയെയും പോലെ ‘സാധാരണകുട്ടി’യായി മകളെ മാറ്റാനായിരുന്നു പിതാവിന് ഇഷ്ടം. മകൾ സിനിമ കാണുന്നത് അദ്ദേഹം വെറുത്തു. ‘അച്ഛൻ പണം നൽകുന്നത് നിർത്തി. സിനിമ കാണാൻ പോകലും അതോടെ പ്രതിസന്ധിയിലായി. ഏഴു കിലോമീറ്റർ അകലെയുള്ള തിയറ്ററിൽ സൈക്കിളെടുത്ത് ഏറെസമയമെടുത്ത് ചവിട്ടി പോയിത്തുടങ്ങി” ദിവ്യ പറയുന്നു.

പ്ലസ്ടു പഠനത്തിനു ശേഷം, സിനിമയിൽ കരിയർ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ മധുരയിലെ അമേരിക്കൻ കോളജ് ഓഫ് വിഷ്വൽ കമ്യൂണിക്കേഷനിൽ ചേർന്നു. അതു പക്ഷേ, പൂർത്തിയാക്കാനായില്ല. ‘‘സ്വകാര്യ സ്ഥാപനത്തിന്‍റെ മാനേജ്മെൻറിലെ രണ്ടു വിഭാഗങ്ങൾ തമ്മിലെ പ്രശ്നങ്ങളുടെ ഭാഗമായി ക്ലാസ് തുടർച്ചയായി മുടങ്ങി. കുട്ടികൾ ഇതിനെതിരെ സമരത്തിനിറങ്ങി’’. സ്വാഭാവികമായും മുന്നിൽ നിന്നു നയിക്കാൻ ദിവ്യയുണ്ടായിരുന്നു. ‘‘വൈരനിര്യാതനത്തിനിറങ്ങിയ മാനേജ്മെൻറ് 35,000 രൂപ പിഴയൊടുക്കാൻ ആവശ്യപ്പെട്ടു. അത്രയും നൽകാൻ ആകുമായിരുന്നില്ല’’ ദിവ്യ പറയുന്നു. ‘‘സ്ഥാപനത്തിൽ ചേരാൻ പോലും അമ്മയുടെ സ്വർണം വെച്ച് തുക വായ്പയെടുത്തതായിരുന്നു. കോഴ്സ് നിർത്താൻ തന്നെ തീരുമാനിച്ചു. പിന്നീട് മധുര ഗവ. ലോ കോളജിൽ നിയമം പഠിക്കാൻ ചേർന്നു. തുടക്കത്തിൽ ക്ലാസുകളിൽ പതിവായിരുന്നില്ല. പാർട്ടി ഉത്തരവാദിത്വങ്ങളിൽ പെട്ട് പലപ്പോഴും സമയത്ത് എത്താനാകുമായിരുന്നില്ല. ദേശീയ തൊഴിലുറപ്പ് പദ്ധതിക്കു കീഴിലെ തൊഴിലാളികളെ സംഘടിപ്പിക്കലായിരുന്നു ഏൽപിക്കപ്പെട്ട ഉത്തരവാദിത്വം. ഏറെയും സ്ത്രീകളായിരുന്നു. നിശ്ചയിച്ചതിന്‍റെ പകുതിയായിരുന്നു അവർക്കു കിട്ടിയ കൂലി. മറ്റേ പകുതി ചിലർ കൈക്കലാക്കിപോന്നു. വർഷം 200 തൊഴിൽദിനങ്ങളും 200 രൂപ കൂലിയും ആവശ്യപ്പെട്ട് അവരെ സമരമുഖത്ത് അണിനിരത്തി’’.

‘‘അക്കാലത്ത് ഐസ (സി.പി.ഐ.എം.എൽ വിദ്യാർഥി വിഭാഗം) ദളിത് വിദ്യാർഥികളുടെ ഹോസ്റ്റൽ സൗകര്യങ്ങൾ മെച്ചപ്പെടുത്താനാവശ്യപ്പെട്ട് നിരന്തരം കാമ്പയിനുകൾ നയിച്ചുവരികയായിരുന്നു. സംഘടനയുടെ മധുര ജില്ലാ സെക്രട്ടറിയായതിനാൽ എനിക്ക് മാറി നിൽക്കാനാകുമായിരുന്നില്ല. ഞങ്ങൾ നേരത്തെ തന്നെ സമരമുഖത്തായിരുന്നു. മടക്കുളം ദലിത് ഹോസ്റ്റലിൽ തീരെ സൗകര്യങ്ങളില്ലായിരുന്നു. അവിടെ കഴിയുന്ന വിദ്യാർഥികളുടെ സ്ഥിതി അതീവ ദയനീയം. ചുറ്റുമതിൽപോലുമില്ല. അതിനിടെയാണ് 2009 ഡിസംബറിൽ രണ്ടാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥി സുരേഷ് ഹോസ്റ്റൽ മുറിയിൽ പാമ്പുകടിയേറ്റ് മരിക്കുന്നത്. കുടുംബത്തിന് നഷ്ടപരിഹാരവും ചുറ്റുമതിൽ കെട്ടണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ സമരത്തിനിറങ്ങി. മുൻനിരയിലുണ്ടായിരുന്നു ഒട്ടുമിക്ക വിദ്യാർഥികളെയും പ്രതിചേർത്താണ് എഫ്.ഐ.ആർ തയാറാക്കിയത്. ഞങ്ങൾ മുൻകൂർ ജാമ്യം നേടി.’’ ദിവ്യ പറയുന്നു. വിദ്യാർഥി ജീവിതത്തിനിടെ ഇത്തരം കേസുകൾ സ്വാഭാവികമായതിനാൽ അത്ര കാര്യമാക്കിയിരുന്നില്ല. പക്ഷേ, എട്ടു വർഷം കഴിഞ്ഞ് ഒരു സമൻസ് പോലുമില്ലാതെ ഇതേ കേസിൽ അറസ്റ്റു ചെയ്യപ്പെട്ടു. ദിവ്യയുടെ അമ്മ 2010ൽ അർബുദ ബാധയെ തുടർന്ന് മരിച്ചു. ‘‘സ്തനാർബുദം മൂന്നാം ഘട്ടത്തിലാണ് തിരിച്ചറിഞ്ഞത്. പിന്നീട് കൂടുതൽ കാലം അവരുണ്ടായില്ല.’’ മധുര ഗവ. ഹോസ്പിറ്റലിലായിരുന്നു അവരെ അഡ്മിറ്റ് ചെയ്തത്. ഒരു സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകൽ കുടുംബത്തിെന്‍റെ പരിധിക്കു പുറത്തായിരുന്നു. അമ്മയുടെ വേർപാട് ദിവ്യയുടെ മനസ്സിൽ ഇപ്പോഴും ഒരു നൊമ്പരപ്പാടായി നിഴൽ വീഴ്ത്തുന്നുണ്ട്.

2016 ഏപ്രിൽ 20ന് രാമനാഥപുരം ജില്ലയിലെ കടലാടിയിൽ തോട്ടിവേലക്കാരനായിരുന്ന 28 കാരൻ ബാലമുരുഗൻ ജോലിക്കിടെ മരിക്കുന്നു. സെപ്റ്റിക് ടാങ്കിൽ ഇറങ്ങുന്നതിനിടെ വിഷവാതകം ശ്വസിച്ചായിരുന്നു മരണം. സിനിമാ ചിത്രീകരണത്തിലായിരുന്ന ദിവ്യ സംഭവ സ്ഥലത്തെത്തി ബാലമുരുകന്‍റെ കുടുംബാംഗങ്ങളെ കണ്ടു. തോട്ടിവേലക്കാരുടെ ജീവിതം പ്രമേയമായത് അവിചാരിതമെന്ന പോലെ സിനിമയുടെ പേരു വന്നതും അവിചാരിതമായിട്ടായിരുന്നു.

അക്കഥ അവർ തന്നെ പറയും: ‘‘ബാലമുരുഗന് ഇരട്ടകളായ രണ്ടു കുട്ടികളുണ്ടായിരുന്നു: മുനീശ്വരിയും മുരുകേശ്വരിയും. ഇരുവർക്കും എട്ടു വയസ്സു പ്രായം. ആദ്യം മുനീശ്വരിയെ കണ്ടു. പിന്നീട് യുവാവിനെ ഭാര്യയെ കാണാനായി വീടിന്‍റെ അകത്തു ചെന്നു. പുറത്തിറങ്ങി രണ്ടാമത്തെ മകളെ കണ്ട് മുനീശ്വരിയെന്നു പേരു വിളിച്ചപ്പോൾ മകൾ തിരുത്തി. എങ്കിൽ പേര് എന്തെന്നുചോദിച്ചപ്പോൾ യാദൃഛികമായി വന്ന മറുപടി കക്കൂസ് എന്നായിരുന്നു. പിന്നീട് അവൾ ശരിക്കുമുള്ള പേരു പറഞ്ഞു. തോട്ടിപ്പണിക്കാരുടെ മക്കളെ മറ്റുള്ളവർ കക്കൂസ് എന്നാണ് വിളിച്ചുവരുന്നത്. ഇതാണ് അവളുടെ ആദ്യമറുപടിയായി എത്തിയത്. എങ്കിൽ പിന്നെ, ആ പേര് സിനിമക്കുമാകാമെന്ന് ഞാൻ തീരുമാനിച്ചു’’.

‘‘തമിഴ്നാട്ടിൽ തോട്ടിപ്പണിക്കാരുടെ സമഗ്രമായ കണക്കുകൾ ലഭ്യമല്ല. ഏറെയും കരാർ ജോലിക്കാരാണ്. അതിനാൽ, കണക്കുകൾ സൂക്ഷിക്കാറില്ല’’ അവരുടെ കണക്ക് ശേഖരിക്കാൻ ദിവ്യ നടത്തിയ ശ്രമങ്ങളും വിജയം കണ്ടിട്ടില്ല. പത്രറിപ്പോർട്ടുകളും സുഹൃത്തുക്കള്‍ നൽകിയ വിവരങ്ങളും വെച്ച് 2015 ഒക്ടോബറിനും 2016 ഡിസംബറിനുമിടയിൽ ജോലിക്കിടെ മരിച്ചത് 27 തോട്ടിപ്പണിക്കാരാണ്.ഇവരുടെ ജീവിതവും മരണവും പ്രമേയമാക്കി സിനിമയെടുക്കുക മാത്രമായിരുന്നില്ല, ദിവ്യ ചെയ്തത്. 2013ൽ നിലവിൽവന്ന തോട്ടിവേല നിരോധ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് അവരെ സമരരംഗത്തിറക്കുക കൂടി ചെയ്തു. 2015നും 2017നുമിടയിൽ ഇത്തരം പത്തോളം മരണങ്ങളിൽ ദിവ്യ സമരങ്ങൾ സംഘടിപ്പിച്ചു.

സിനിമ കണ്ടുനോക്കൂ, അതിൽ സിനിമയുടെ അണിയറ പ്രവർത്തകർ ചേർന്ന് ഒരു തോട്ടിയുടെ മൃതദേഹം ചുമന്നുകൊണ്ടുപോകുന്ന അപൂർവ രംഗമുണ്ട്. 2016 മാർച്ചിൽ സത്തൂരിൽ ഒരു തൊഴിലാളി മരിച്ച വിവരം ലഭിക്കുന്നു. അവിടെയെത്തി നോക്കുേമ്പാൾ ആംബുലൻസ് ഡ്രൈവറും അയാളുടെ സഹായിയുമല്ലാതെ ഒരാളും സഹായിക്കാനില്ലാതെ പ്രയാസപ്പെടുകയാണ്. ഉത്തർപ്രദേശുകാരനായ തൊഴിലാളിയായിരുന്നു അയാൾ. മൃതദേഹം ചുമക്കാൻ പോലും ആളില്ല. അങ്ങനെയാണ് ഞങ്ങളത് ചെയ്തത്.’ ജീവിതങ്ങളെ വെച്ച് സിനിമയെടുത്തതോ അതല്ല, സിനിമയിലൂടെ ജീവിക്കുകയായിരുന്നോ ദിവ്യയെന്നത് ഇനി നാം തന്നെ തീരുമാനിക്കണം.

 

(ദ ഫെഡറലിലെ അസ്സോസിയറ്റ് എഡിറ്ററായ ഷാഹിന നഫീസ തയ്യാറാക്കിയതാണ് ഇത്. മാധ്യആഴ്ചപ്പതിപ്പിൽ 2017 ഓഗസ്റ്റിൽ   പ്രസിദ്ധീകരിച്ചത് ഈ സംഭാഷണം ചെറിയ തിരുത്തുകളോടെ പുനഃ പ്രസിദ്ധീകരിക്കുന്നു.) 

COMMENTS

COMMENT WITH EMAIL: 0