ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഏറെക്കുറെ കേരളത്തില്‍ നടപ്പിലാക്കി. ഇപ്പോള്‍ NEP 2020 യുമായി മുന്നോട്ട് പോകുന്ന കേന്ദ്ര ഗവണ്മെന്‍റിനെ ആണ് ഇന്ത്യ കാണുന്നത് അതാകട്ടെ പണം മുടക്കി വിദ്യാഭ്യാസം വിലയ്ക്ക് വാങ്ങാന്‍ കഴിയാത്ത ഏതൊരാള്‍ക്കും ദോഷകരവും. ഈ സാഹചര്യത്തില്‍ ഇ ലേര്‍ണിംഗ് എത്തരത്തില്‍ ഉള്ള പ്രതികരണം ആണ് വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാക്കിയതെന്ന് പരിശോധിക്കേണ്ടതുണ്ട്.
മിനിമം ലെവല്‍ ഓഫ് ലേണിങ് (MLL) ഡിപിഇപി (DPEP )എന്നീ സമ്പ്രദായങ്ങള്‍ കേരളത്തില്‍ നടപ്പില്‍ വരുത്തിയപ്പോള്‍ വന്ന പാളിച്ചകളും, ഇപ്പോള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം കടന്നു വന്നപ്പോഴുണ്ടായ അരക്ഷിതാവസ്ഥയും നേരിട്ട് ബാധിച്ചത് ദലിത് ആദിവാസി സമൂഹങ്ങളെയാണ്. പ്രളയം മുതല്‍ അനുഭവിക്കുന്ന സാമ്പത്തിക തകര്‍ച്ച മൂലം ഒരു ജനറല്‍ ട്യുഷന്‍ പോലും ഏര്‍പ്പാടാക്കാനുള്ള അവസ്ഥ ദലിത് കുടുംബങ്ങള്‍ക്കില്ല. അതുകൊണ്ടുതന്നെയാണ് ഇ ലേര്‍ണിംഗ് വിഷയത്തില്‍ മേല്‍ തുടക്കം മുതല്‍ തന്നെ ദലിത് സമൂഹം കരുതലോടെ ഇരുന്നത്.
യഥാര്‍ത്ഥത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഒരു ബദല്‍ സംവിധാനമായി മാത്രം ആണ് ഇപ്പോള്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. സ്ഥിരമായി നമ്മുടെ സിലബസുകളില്‍ അത് കടന്നു വന്നിട്ടില്ല. ഇത്തരം ഒരു വിദ്യാഭ്യാസപദ്ധതി കരിക്കുലത്തില്‍ ശാശ്വതമായി ഉള്‍പ്പെടുത്തണം എന്ന് തന്നെയാണ് ഇന്ത്യന്‍ ദലിത് സമൂഹങ്ങളുടെ ആവശ്യകത. ദലിത് ആദിവാസി പിന്നോക്ക വിഭാഗങ്ങള്‍ ദുരന്ത സാധ്യതാ പ്രദേശങ്ങളില്‍ അധിവസിക്കുന്നവരാണ്. ഇത്തരം പ്രദേശങ്ങളില്‍ താമസിച്ചു പഠനം നടത്തുന്നവരില്‍ കേബിള്‍ കണക്ഷന്‍ അടക്കം നെറ്റ് ആക്സസബിലിറ്റി അടക്കമുള്ള പ്രശ്നങ്ങള്‍ അവര്‍ അനുഭവിക്കേണ്ടി വരുന്നു. ആയതിനാല്‍ തന്നെ ഇതൊരു ഉറച്ച വിദ്യാഭ്യാസ പ്രക്രിയ ആയാല്‍ ഈ സമൂഹത്തെ ദുരന്ത സാധ്യതാ പ്രദേശങ്ങളില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കണം എന്നുള്ള വാദം ശക്തമാകും.
സമതലപ്രദേശങ്ങള്‍, ഫലഭൂയിഷ്ഠമായ ഏരിയകള്‍ ഒക്കെയും ദലിത് ആദിവാസി ജനവിഭാഗങ്ങളെ തുരത്തി കോര്‍പ്പറേറ്റുകള്‍ കൈയടക്കിയാണ് ഇന്ത്യ ഇന്നത്തെ ഇന്ത്യ ആയത്. അഭ്രം, ബോക്സൈറ്റ്, ഇരുമ്പയിര് തുടങ്ങിയ ധാതുക്കള്‍ അടങ്ങിയ ഭൂപ്രദേശങ്ങള്‍ വ്യവസായങ്ങള്‍ നടത്തുവാന്‍ വേണ്ടി കോര്‍പറേറ്റുകള്‍ സ്വന്തമാക്കിയത് ദലിത് ആദിവാസി വിഭാഗങ്ങളെ അവരുടെ ആവാസവ്യവസ്ഥയില്‍ നിന്നും ഒഴിപ്പിച്ചുകൊണ്ടായിരുന്നു.
(വേദാന്ത പ്രൊജക്റ്റ് ആയ ലഞ്ചിഗഡ് അലുമിന റിഫൈനറി പദ്ധതിക്കെതിരെ നിയാംഖില്‍ ഹില്‍ ആദിവാസികള്‍ നടത്തുന്ന പ്രക്ഷോഭം ഓര്‍ക്കേണ്ടതുണ്ട്. അതിനെതിരെ ശബ്ദമുയര്‍ത്തിയവര്‍ മിക്കവരും മാവോയിസ്റ്റ് ഭീഷണി നേരിടുന്നു.)
കരിക്കുലത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം സജീവമായാല്‍ ഈ സമൂഹത്തെ ദുരന്ത സാധ്യതാ പ്രദേശങ്ങളില്‍ നിന്നും മാറ്റേണ്ടി വരും. എന്ന് വച്ചാല്‍ ആ സമൂഹം ഭൂമിശാസ്ത്രപരമായി സുരക്ഷിതമായ മേഖലകളില്‍ വിതരണം ചെയ്യപ്പെടുകയും, സംസ്കാരിക സമൂഹത്തിന്‍റെ ഭാഗമാവുകയും ചെയ്യും. അങ്ങനെ വന്നാല്‍ ആ സമൂഹം വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ ശാക്തീകരിക്കപ്പെടുകയും, അക്കാദമിക്, പ്രൊഫഷണല്‍ മേഖലകളിലേക്ക് കൂടുതല്‍ കടന്നു വരികയും ചെയ്യും. സമ്പത്ത്, വിഭവാധികാരം, രാഷ്ട്രീയ പ്രാതിനിധ്യം എന്നിവയില്‍ തങ്ങള്‍ക്ക് കൃത്യമായ സ്ഥാനം ആവശ്യപ്പെടും.പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍റെ ഭാഗമാക്കേണ്ടി വരുമെന്നതിനാല്‍ തന്നെ ഇന്ത്യന്‍ ജാതി അധിഷ്ഠിത കോര്‍പ്പറേറ്റ് സമൂഹം അവരെ സാംസ്കാരിക സമൂഹത്തിന്‍റെ ഭാഗമാക്കാന്‍ സാധ്യതയില്ല.അതിനാല്‍ തന്നെ ഇ ലേണിംഗ് കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഭൂമാഫിയ, റിയല്‍ എസ്റ്റേറ്റ് അടക്കം നിരവധി വിവാദ വിഷയങ്ങള്‍ അതിനെത്തുടര്‍ന്നുണ്ടാകും. ദലിത് ആദിവാസി സമൂഹങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ തുടര്‍ന്നാല്‍ മാത്രമേ വോട്ട് ബാങ്ക് രാഷ്ട്രീയം ഉറപ്പാക്കാനും സാധിക്കൂ. ആയതിനാല്‍ ബദല്‍ സംവിധാനം ആയി മാത്രമേ ഇപ്പോള്‍ സര്‍ക്കാര്‍ ഇത് ഉള്‍ച്ചേര്‍ക്കുകയുള്ളൂ..
എപ്പോഴൊക്കെയും ദലിത് മുന്നേറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനു പിന്നില്‍ ഒരു ദലിത് വിദ്യാര്‍ത്ഥി ജീവിതം ഇല്ലാതാവുക അല്ലെങ്കില്‍ ഒരു ദലിത് മനുഷ്യജീവിതം പൊലിയുക എന്നുള്ളത് നിര്‍ഭാഗ്യകരമായ കാര്യമാണ്. രോഹിത് വെമുല ജീവിച്ചിരുന്നപ്പോഴല്ല മരിച്ചപ്പോഴാണ് പ്രസക്തനായത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു എല്ലാവരിലും അതിന്‍റെ ഗുണഫലം എത്തിച്ചേരണം എന്നതിനേക്കാള്‍ സര്‍ക്കാരിന് ഒന്നാം തീയതി തന്നെ പഠനം തുടങ്ങി എന്ന ക്രഡിറ്റിന് പ്രാധാന്യം കൊടുത്തപ്പോള്‍ പൊലിഞ്ഞതു ദേവിക എന്ന ദലിത് പെണ്‍കുട്ടിയുടെ ജീവിതം ആയിരുന്നു.
ആറു വയസ്സു മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കുക എന്നുള്ളത് കുട്ടികള്‍ക്ക് ലഭിക്കേണ്ട അവകാശമാണ് ഔദാര്യമല്ല.
ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്രക്രിയയില്‍ നിന്ന് പുറംതള്ളപ്പെട്ടതിന്‍റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു എന്ന് വിവാദമുണ്ടായി നില്‍ക്കുന്ന അവസരത്തില്‍ പഠനത്തിനായി മറ്റൊരാളുടെ മുന്‍പില്‍ കൈനീട്ടുന്ന തരത്തില്‍ പൗരസമൂഹത്തെ സൃഷ്ടിക്കുന്നത് ദേവികയുടെ മരണ ശേഷം കേരളത്തില്‍ കണ്ടു വരുന്ന പ്രവണതയാണ്. വിദ്യാര്‍ത്ഥികള്‍ക്കു കൈനീട്ടി വാങ്ങേണ്ടി വരുന്നത് അവരുടെ കുറ്റം കൊണ്ടല്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യ ഭരിച്ച രാഷ്ട്രീയ ബോധ്യങ്ങളുടെ പിടിപ്പുകേട് കൊണ്ടാണെന്നു മനസിലാക്കേണ്ടതുണ്ട്.
കോവിഡ്19 മായി ബന്ധപ്പെട്ട് ലോകമെമ്പാടും ആരോഗ്യപ്രവര്‍ത്തകരും, സര്‍ക്കാരും, പൊതുസമൂഹവും, പൊലീസ് സംവിധാനങ്ങളും വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ആയിരുന്നു. കേരളത്തില്‍ വളരെ ചിട്ടയായ ക്രമീകരണങ്ങളും പ്രവര്‍ത്തനങ്ങളും നടന്നു. പരമപ്രധാനമായി എല്ലാ സര്‍ക്കാരുകളും സര്‍ക്കാരിന്‍റെ പൗര ജനങ്ങളും മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്. സര്‍ക്കാര്‍ ഒരു പ്രത്യേക വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നു എന്നുവെച്ചാല്‍ പൗരസമൂഹത്തെ ബാധിക്കുന്ന മറ്റു വിഷയങ്ങളില്‍ അലംഭാവം കാണിക്കാമെന്ന നിസ്സംഗത പാടില്ല. സര്‍ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തനം കാര്യക്ഷമമാകുന്നത് മികച്ച പൗരബോധമുള്ള ജനത, മികച്ച പൗരബോധമുള്ള പ്രതിപക്ഷം ഇവര്‍ പകരുന്ന ആശയങ്ങള്‍ കൈകോര്‍ക്കുമ്പോളാണ്. ഇവിടെ കോവിഡ് 19 പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ മുതല്‍ വിവിധ വിഷയങ്ങളിലുള്ള വിയോജിപ്പുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഒക്കെ സര്‍ക്കാര്‍ അനുകൂല പി ആര്‍ വര്‍ക്കുകള്‍ ഈ സമയത്താണോ ഇത് ഉന്നയിക്കേണ്ടത്, പാന്‍ഡമിക് അവസ്ഥയില്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ ശരിയല്ല എന്നൊക്കെ തരത്തിലുള്ള പരസ്യപ്രചാരണങ്ങള്‍ നടത്തിയിരുന്നു. അദൃശ്യമായ ഒരു തരം ഭയം അടിസ്ഥാന ജനവിഭാഗങ്ങള്‍ ക്കിടയില്‍ നിഴലിച്ചു. ഇപ്പോള്‍ എന്‍റെ ആവലാതി ഞാന്‍ പറഞ്ഞാല്‍ ശരിയാകുമോ എന്ന ചിന്താഗതി ഏറ്റവും അടിത്തട്ടിലെ സമൂഹങ്ങള്‍ക്കുണ്ടായിരുന്നു.യഥാര്‍ത്ഥത്തില്‍ വിയോജിപ്പിന്‍റെ രാഷ്ട്രീയം കൂടി കേള്‍ക്കുമ്പോഴാണ് ജനാധിപത്യ പ്രക്രിയ പൂര്‍ത്തിയാകൂ എന്നുള്ളത് പൗര സമൂഹം ആര്‍ജ്ജിക്കേണ്ട അടിസ്ഥാന വിദ്യാഭ്യാസം ആണ്. ഇ ലേണിങ് സമ്പ്രദായം തുടങ്ങിയപ്പോള്‍ മുതല്‍ അതിന്‍റെ അപാകതകള്‍ ചൂണ്ടിക്കാട്ടിയത് വേണ്ട രീതിയില്‍ അദ്ദേഹത്തിലേക്ക് എത്തിക്കുവാന്‍ സൈബര്‍ അണികളുടെ പ്രവര്‍ത്തനം തടസ്സമായി എന്നുള്ളത് വേണം കരുതുവാന്‍.
ജനാധിപത്യ രാജ്യത്തില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിനെ ചൂണ്ടിക്കാട്ടുക എന്നുള്ളത് തന്നെയാണ് പ്രധാന ഇടപെടല്‍. ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ദലിത് ആദിവാസി സമൂഹം അത് കൃത്യമായി ചെയ്തിരുന്നു എന്നാല്‍ അധികാരത്തിന്‍റെ ഒരു ഇടങ്ങളിലും എത്തിപ്പെടാന്‍ ആകാത്തതിനാല്‍ തന്നെ അവരുടെ ശബ്ദം സര്‍ക്കാരില്‍ വേണ്ടരീതിയില്‍ എത്തിയിട്ടില്ല.
ദലിത് /ആദിവാസി വിഭാഗങ്ങളുടെ.അനുഭവ പരിസരങ്ങള്‍ ഇതര വിദ്യാര്‍ത്ഥികളില്‍ നിന്ന് വ്യത്യസ്തമായതിനാല്‍ ആ മേഖലയിലെ സമാന്തര വിദ്യാഭ്യാസ പദ്ധതികളുടെ പ്രവര്‍ത്തി പരിചയം ഉറപ്പാക്കേണ്ടതുണ്ടായിരുന്നു.
കൃത്യമായ വോട്ടുബാങ്ക് രാഷ്ട്രീയം നിര്‍ണയിക്കുന്ന ശക്തിയായിരുന്നു ദലിത് /ആദിവാസി വിഭാഗങ്ങള്‍ എന്ന തോന്നല്‍ സര്‍ക്കാരിന് ഉണ്ടായിരുന്നെങ്കില്‍ ദേവികയുടെ മരണം സംഭവിക്കില്ലായിരുന്നു. കോവിഡ് 19 മായി ബന്ധപ്പെട്ടു വന്ന എല്ലാ പ്രവര്‍ത്തങ്ങളും മുന്നോട്ട് പോകുമ്പോള്‍ തന്നെ കേരളത്തിലെ ദലിത് സമൂഹം ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹിക നീതിക്കായി കോടതിയില്‍ എത്തി.
ആര്‍ട്ടിക്കിള്‍ 46 ദുര്‍ബല വിഭാഗങ്ങള്‍ക്കും, എസ് സി /എസ് ടി വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസ സാമ്പത്തിക കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, സാമൂഹിക അനീതിയില്‍ നിന്നും എല്ലാത്തരം ചൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനും ഉള്ള ഉറപ്പു നല്‍കുന്നുണ്ട്.ഡോക്ടര്‍ ബി ആര്‍ അംബേദ്കര്‍ എഴുതിയ ഭരണഘടനയില്‍ നിന്ന് തന്നെ ആ നീതി ഇ ലേണിംഗ് വിദ്യാഭ്യാസ പ്രക്രിയ സുതാര്യവും, സാര്‍വ്വത്രികവുമാക്കാനായി ലഭ്യമാക്കേണ്ടതുണ്ട്. നടപ്പില്‍ വരുത്തിയപ്പോള്‍ വന്ന പാളിച്ചകളും , ഇപ്പോള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം കടന്നു വന്നപ്പോഴുണ്ടായ അരക്ഷിതാവസ്ഥയും നേരിട്ട് ബാധിച്ചത് ദലിത് ആദിവാസി സമൂഹങ്ങളെയാണ്. പ്രളയം മുതല്‍ അനുഭവിക്കുന്ന സാമ്പത്തിക തകര്‍ച്ച മൂലം ഒരു ജനറല്‍ ട്യുഷന്‍ പോലും ഏര്‍പ്പാടാക്കാനുള്ള അവസ്ഥ ദലിത് കുടുംബങ്ങള്‍ക്കില്ല. അതുകൊണ്ടുതന്നെയാണ് ഇ ലേര്‍ണിംഗ് വിഷയത്തില്‍ മേല്‍ തുടക്കം മുതല്‍ തന്നെ ദലിത് സമൂഹം കരുതലോടെ ഇരുന്നത്.
ഓണ്‍ലൈന്‍ വിദ്യാഭ്യാസം നാപ്പിലാക്കിയ ശേഷം :-
കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണും തുടര്‍ന്നുണ്ടായ പല സംഭവവികാസങ്ങളും നമ്മുടെ വിദ്യാര്‍ഥി സമൂഹത്തെ വീടിനകത്തേക്ക് ചുരുക്കിയിരിക്കുന്നു. സമ്മിശ്ര പ്രതികരണമാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. സ്കൂളില്‍ ആയിരുന്നപ്പോള്‍ അധ്യാപകരുടെയും, സുഹൃത്തുക്കളുടെയും സഹായത്തോടെ പങ്കുവെച്ച് പഠിച്ചിരുന്ന പാഠങ്ങള്‍ ഇപ്പോള്‍ ഒറ്റമുറിയിലെ ചെറിയ ലോകത്തേക്ക് ഒതുങ്ങിയപ്പോള്‍ ഒരു വിഷയം പഠിക്കുവാന്‍ വിദ്യാര്‍ത്ഥി തന്നെ സമഗ്രമായി ആശയങ്ങളുടെ ലോകത്തിലൂടെ കടന്നുപോകേണ്ടതുണ്ട് എന്ന അവസ്ഥ കൈവന്നു. കാലഘട്ടത്തിന്‍റെ ഏറ്റവും വലിയ തെറ്റ് എന്ന് നാം പഠിപ്പിച്ച ഫോണുകള്‍ കുട്ടികളുടെ സന്തത സഹചാരിയായി മാറിക്കഴിഞ്ഞിരിക്കുന്നു.
നിലവിലെ സാഹചര്യത്തില്‍ ട്യൂഷന്‍ സെന്‍ററുകളില്‍ പോകുവാന്‍ സാധിക്കാത്തതിനാല്‍ വീട്ടിലിരുന്ന് യു ട്യൂബ് ക്ലാസുകള്‍ ആശ്രയിച്ച് പഠിക്കുന്നു. വാട്സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി കൂട്ടുകാര്‍ക്കൊപ്പം കമ്പൈന്‍ഡ് സ്റ്റഡി നടത്തുന്നു. ഗൂഗിള്‍ മീറ്റ് ബെഞ്ച്, ഡെസ്ക് എന്നീ പദങ്ങള്‍ പോലെ അവര്‍ക്ക് പരിചയം ആയിക്കഴിഞ്ഞു.
പതിയെ പതിയെ ഒരുവിധം എല്ലായിടങ്ങളിലും ഇ ലേണിങ് ഡിവൈസസ് എത്തിയിരി
ക്കുന്നു. ചിലയിടങ്ങളില്‍ ഇപ്പോഴും ഇവ എത്തപ്പെട്ടിട്ടില്ല. ഈ സമയത്ത് പല സ്ഥലത്തുനിന്നും ചില തെറ്റായ വാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ദലിത് ആദിവാസി ജനവിഭാഗങ്ങളില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ദുര്‍ഗ്രാഹ്യം ആകുന്ന തിനാല്‍ ആ വിദ്യാഭ്യാസ സമ്പ്രദായം നിര്‍ത്തിവയ്ക്കുക എന്നുള്ളതായിരുന്നു അതിലൊന്ന്. യഥാര്‍ത്ഥത്തില്‍ പെന്‍/പേപ്പര്‍ ടെസ്റ്റിനേക്കാള്‍ ദലിത് ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് ഏറ്റവും വഴങ്ങുന്നത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം തന്നെയാണ്. ശബ്ദങ്ങളുടെ അനന്ത സാധ്യതകള്‍ പെട്ടെന്ന് തലച്ചോറിന് വഴങ്ങുന്ന ജനവിഭാഗങ്ങളാണ് ദലിത്/ ആദിവാസി വിഭാഗങ്ങള്‍. ശബ്ദം മറ്റൊരുതരത്തില്‍ ഉപയോഗിച്ചുകൊണ്ടുള്ള ടെക്നോളജി പഠന പ്രക്രിയയെ കൂടുതല്‍ ഉഷാര്‍ ആക്കുകയാണ് ചെയ്യുന്നത്.
കടന്നുവന്ന ബദല്‍ വിദ്യാഭ്യാസ പദ്ധതിയായ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ പെട്ടെന്നുള്ള അതി വൈകാരികതയില്‍ പടി ക്ക് പുറത്തേക്ക് അയക്കണം എന്ന് പറയുന്നതിന് മുന്‍പ് ഒരു വിഷയം കടന്നു വരികയാണെങ്കില്‍ ആ വിഷയത്തെ വേണ്ടരീതിയില്‍ സ്വീകരിക്കുകയാണ് വേണ്ടത്. മറിച്ച് അതില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ പുതിയ തലമുറയ്ക്ക് ഗുണപ്പെടുകയില്ല. പുതിയ ടെക്നോളജിയുടെ ലോകത്തേക്ക് ദലിത്/ആദിവാസി വിഭാഗങ്ങള്‍ എത്തേണ്ടതുണ്ട്. അവര്‍ താമസിക്കുന്ന ഇടങ്ങള്‍, അവിടത്തെ കാലാവസ്ഥ, അവിടത്തെ ഭൂപ്രകൃതി, അവര്‍ താമസിക്കുന്ന വാസസ്ഥലങ്ങള്‍, അവയുടെ ശോചനീയാവസ്ഥ, സമതലങ്ങളില്‍ നിന്നും വിട്ടുമാറി പരിസ്ഥിതി ആഘാത പ്രദേശങ്ങളില്‍ താമസിക്കുന്നു എന്നീ വിഷയങ്ങളാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് തടസ്സമായി ഇരിക്കുന്നത്. ചില ഭവനങ്ങളില്‍ ഇംഗ്ലീഷ് ഒരു ബോധനമാധ്യമം ആയി മാറിയപ്പോള്‍ വിദ്യാഭ്യാസം അധികം ഒന്നും ഇല്ലാത്ത കുറച്ച് മാതാപിതാക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ട്. പഠനത്തില്‍ കുട്ടിയെ സഹായിക്കുവാന്‍ പറ്റുന്നില്ല എന്നതിനേക്കാള്‍ കുട്ടി സ്വയം പഠിക്കുവാന്‍ കൂടുതല്‍ തലച്ചോറ് ഉപയോഗിക്കുന്നു എന്നുള്ളത് അവരുടെ ശ്രദ്ധയെ, ഏകാഗ്രതയെ വികസിപ്പിക്കുന്നു എന്നുള്ളത് ചിന്തിക്കുക. പതിയെ പതിയെ തുടക്കത്തില്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ മാറുകയും ഏതൊരു അവസ്ഥയോടും പൊരുത്തപ്പെട്ട് ചേര്‍ത്തുപിടിക്കുക, അതില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊള്ളുക എന്ന മനുഷ്യസഹജമായ ഭാവത്തോട് നമ്മുടെ വിദ്യാര്‍ത്ഥിസമൂഹം ഇണങ്ങി
ച്ചേരുകയും ചെയ്യും. അവര്‍ ഓണം ആഘോഷിച്ചത് ഓണാഘോഷപരിപാടികള്‍ നടത്തിയതും അത്തപ്പൂക്കളം ഇട്ടതും ഓണ്‍ലൈനില്‍ കൂടിയായിരുന്നു.
സാങ്കേതികതയുടെ പുതിയൊരു ലോകത്തിലേക്ക്, ഗ്ലോബല്‍ വിദ്യാഭ്യാസമേഖലയുടെ അനന്ത സാധ്യതകളിലേക്ക് ദലിത് സമൂഹവും വളര്‍ന്നുകൊണ്ടിരിക്കുന്നുപ്രതീക്ഷയോടെ പുത്തന്‍ വാതായനങ്ങള്‍ തുറന്നു അവര്‍ മുന്നേറുന്നത് കാണുക തന്നെ ചെയ്യാം.
മൃദുല ശശി
COMMENTS