കോവിഡ് ചികിത്സാരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന വയനാട് ജില്ലയുടെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പുതിയ മാനം നല്‍കിയത് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ആരംഭിച്ച പ്ലാസ്മ ബാങ്കാണ്. പ്ലാസ്മ ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാഭരണകൂടത്തോടൊപ്പം ചുക്കാന്‍ പിടിക്കുന്നത് ഒരു വനിതയാണ് ഡോ.ബിനിജ മെറിന്‍ ജോയ്. വയനാടിന്‍റെ കോവിഡ് പ്രതിരോധത്തിന് പുതിയ മാതൃകകള്‍ സൃഷ്ടിച്ച ഡോ. ബിനിജ മെറിന്‍ ജോയിയുമായി നടത്തിയ അഭിമുഖം.
കേരളത്തിലെ രണ്ടാമത്തെ പ്ലാസ്മ ബാങ്ക് ആണ് മാനന്തവാടി ജില്ലാ ആശുപത്രിയിലെ പ്ലാസ്മ ബാങ്ക്. ഇത്തരമൊരു പ്ലാസ്മ ബാങ്ക് ആരംഭിക്കേണ്ടതിന്‍റെ ആവശ്യകതയിലേക്ക് എത്തിച്ചേര്‍ന്നത് എങ്ങനെയാണ്. ?
ഏപ്രില്‍-മെയ് മാസങ്ങളില്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് വയനാട്ടില്‍ കോവിഡ്- 19 കേസുകള്‍ വളരെ കുറവായിരുന്നു. 3നും 5നും ഇടയില്‍ കേസുകള്‍ മാത്രമായിരുന്നു അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കാര്യമായ രോഗലക്ഷണങ്ങള്‍ അന്നത്തെ രോഗികളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുമില്ല. പക്ഷേ ജൂലൈ ആയപ്പോള്‍ വന്‍തോതില്‍ വയനാട്ടില്‍ രോഗികള്‍ വര്‍ദ്ധിക്കുകയുണ്ടായി. ഈ ഘട്ടത്തില്‍ സങ്കീര്‍ണമായ രോഗാവസ്ഥയിലുള്ളവരുടെ എണ്ണവും വര്‍ദ്ധിച്ചു. ഇത് വളരെയധികം ശ്രദ്ധ രോഗികള്‍ക്ക് ആവശ്യമായ ഒരു സാഹചര്യം സൃഷ്ടിക്കുകയുണ്ടായി. വയനാട്ടില്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിന്‍റെ അഭാവം എല്ലാവര്‍ക്കും അറിയാമല്ലോ. വയനാട്ടുകാര്‍ ചികിത്സയ്ക്കായി ആശ്രയിച്ചിരുന്ന കോഴിക്കോട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിലേക്ക് ഗുരുതരാവസ്ഥയിലുള്ള രോഗികളെ റഫര്‍ ചെയ്യുന്നത് ഒരു ഘട്ടത്തില്‍ പ്രായോഗികമല്ല എന്ന അവസ്ഥ സംജാതമായി. ഇതര ജില്ലകളിലും കോവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതായിരുന്നു ഇതിനു കാരണം. ഈ സാഹചര്യത്തിലാണ് മറ്റു ജില്ലകളെ പോലെ കോണ്‍വാലസെന്‍റ് പ്ലാസ്മ തെറാപ്പി ചികിത്സ എന്തുകൊണ്ട് ഇവിടെയും ആരംഭിച്ചുകൂടാ എന്ന ചിന്ത വരുന്നത്. ഈ ഘട്ടത്തില്‍ തന്നെയാണ് മറ്റുജില്ലകളില്‍ പ്ലാസ്മ തെറാപ്പി വിജയകരമായി നടത്തി എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതും.
വയനാട് ഗവണ്‍മെന്‍റ് ജില്ലാ ആശുപത്രിയിലെ പ്ലാസ്മ ബാങ്കിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് ചുരുക്കി വിവരിക്കാമോ.?
ഉപകരണങ്ങള്‍ ഉപയോഗിച്ച് ദാതാക്കളുടെ രക്തത്തില്‍ നിന്ന് പ്ലാസ്മ മാത്രം വേര്‍തിരിച്ച് ബാക്കി രക്തം അവരിലേക്ക് തന്നെ തിരികെ നല്‍കുന്ന രീതിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ പിന്തുടരുന്ന രീതി.എന്നാല്‍ മറ്റിടങ്ങളിലെന്നതുപോലെ പ്ലാസ്മ മാത്രം വേര്‍തിരിച്ചെടുക്കാനുള്ള സൗകര്യങ്ങള്‍ വയനാട് ജില്ലാ ആശുപത്രിയില്‍ ലഭ്യമല്ലാത്ത ഒരു സാഹചര്യമാണ് ഉള്ളത്. ഈ ഘട്ടത്തിലാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ ഡോ.ബിനിജ മെറിന്‍ ജോയ് നേതൃത്വത്തില്‍ രക്തം മുഴുവനായി ശേഖരിച്ച് അതില്‍ നിന്നും പ്ലാസ്മ വേര്‍തിരിച്ച് രോഗികള്‍ക്ക് ചികിത്സ നല്‍കി വിജയംകണ്ടു എന്ന വാര്‍ത്ത പുറത്തുവരുന്നത്. അതിനെ തുടര്‍ന്ന് ഒരു പരീക്ഷണ അടിസ്ഥാനത്തില്‍ വയനാട്ടിലും പ്ലാസ്മ ശേഖരിച്ചുതുടങ്ങി. വിവിധ തലങ്ങളില്‍ നിന്നുള്ള അനുമതിയും ഇതിന് ലഭിക്കുകയുണ്ടായി. രാഷ്ട്രീയനേതൃത്വവും ഭരണനേതൃത്വവും വളരെ നന്നായി സഹകരിച്ചു.
ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേണുക, കോവിഡ് 19 ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ചന്ദ്രശേഖരന്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ദിനേശ്കുമാര്‍, ആര്‍. എം. ഓ ഡോ. സക്കീര്‍, ഫിസിഷ്യന്‍ ഡോ. സജേഷ്, രക്തബാങ്ക് ടീം, ജില്ലാ ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാര്‍ ഇവരുടെയൊക്കെ പങ്ക് വളരെ വലുതാണ്.
എന്താണ് ഈ പ്ലാസ്മ ചികിത്സ.?
ലളിതമായി പറഞ്ഞാല്‍ ഏത് വയറല്‍രോഗം വന്നാലും അതിനെ നമ്മുടെ ശരീരം ചെറുക്കുമ്പോഴാണ് നമുക്ക് രോഗവിമുക്തി സംഭവിക്കുന്നത്. ശരീരം ആന്‍റിബോഡികളിലൂടെയാണ് വൈറല്‍ രോഗങ്ങള്‍ ചെറുത്തുതോല്‍പ്പിക്കുന്നത്. സാധാരണയായി ആന്‍റിജന്‍-ആന്‍റിബോഡി റിയാക്ഷന്‍ എന്ന് ഇതിനെ പറയും. ആന്‍റിജനെതിരെ ശരീരം പുറപ്പെടുവിക്കുന്നതാണ് ആന്‍റിബോഡി. കോവിഡ് 19 എന്ന ആന്‍റിജനെതിരായിട്ട് ഈ രോഗം വന്ന് ഭേദമായവരില്‍ ആന്‍റിബോഡി തീര്‍ച്ചയായും ഉണ്ടാകും. ഈ ആന്‍റിബോഡി ശേഖരിച്ച് ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. രോഗം മൂര്‍ച്ഛിച്ച് ഒരാള്‍ക്ക് ആന്‍റിബോഡി നല്‍കുന്നതിലൂടെ അവരുടെ അപകടസാധ്യത വള്ളരെയധികം കുറക്കാന്‍ കഴിയുന്നു എന്നതാണ് പ്രധാനം.
പ്ലാസ്മ ബാങ്കിന്‍റെയും കോവിഡ് 19 ന് എതിരായ ചികിത്സയുടെയും വയനാട്ടിലെ സാധ്യതകള്‍ എത്രത്തോളമാണ് ..?
ആദ്യഘട്ടത്തില്‍ തന്നെ 7 രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ കഴിഞ്ഞു. എല്ലാവര്‍ക്കും വളരെ നല്ല പ്രതികരണമാണ് ഉണ്ടായത്. സാധാരണ 200 ങഘന്‍റെ രണ്ട് ഡോസ് ആണ് കൊടുക്കുക. ആദ്യ ഡോസ് നല്‍കുമ്പോള്‍ തന്നെ ശുഭകരമായ പ്രതികരണമാണ് പല രോഗികളുടെയും കാര്യത്തില്‍ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ തീര്‍ച്ചയായും മുന്നോട്ടുപോകേണ്ടതുണ്ട്. ഇതിനു വേണ്ട സൗകര്യങ്ങള്‍ വയനാട് ജില്ലാ ആശുപത്രിയില്‍ സജ്ജമായി കഴിഞ്ഞു. ജില്ലാ ആശുപത്രിയിലെ ലാബ് അടക്കം ഇതിനു വേണ്ടി ചുരുങ്ങിയ സമയം കൊണ്ട് സര്‍വസജ്ജമാക്കിയത് എല്ലാവരുടെയും സഹകരണം കൊണ്ടാണ്.
പ്ലാസ്മ ചികിത്സയോട് ഇതിന് വിധേയരായ രോഗികളുടെ പ്രതികരണം എങ്ങനെയാണ്…..?
ശ്വാസതടസം വളരെയധികം മൂര്‍ച്ഛിച്ച ഒരാള്‍ക്കാണ് ആദ്യം പ്ലാസ്മ ചികിത്സ ഇവിടെ നല്‍കുന്നത്. അദ്ദേഹം അതിനോട് പൂര്‍ണ്ണമായും സഹകരിക്കുകയാണ് ഉണ്ടായത്. പ്ലാസ്മ കൊടുത്ത് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം രോഗമുക്തനായി എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. തുടര്‍ന്ന് അദ്ദേഹം പ്ലാസ്മ ദാനം ചെയ്യുകയും ഒപ്പം മറ്റുള്ളവരെ ഇതിനായി ബോധവല്‍ക്കരിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തു. ഒപ്പം ആദ്യ ദിവസം തന്നെ ഒന്‍പതുപേര്‍ പ്ലാസ്മ നല്‍കുവാന്‍ തയ്യാറായി എന്നതും വളരെയധികം പ്രശംസനീയമാണ്. മാത്രമല്ല പ്ലാസ്മ ബാങ്ക് എന്ന വാട്സപ്പ് ഗ്രൂപ്പിലൂടെ പ്ലാസ്മ ദാനം ചെയ്തവര്‍തന്നെ മറ്റുള്ളവരെ കൂടി ഇതിന്‍റെ ഭാഗമാകുവാന്‍ പ്രേരിപ്പിക്കുകയും, ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്നുണ്ട്.
പ്ലാസ്മ ദാനത്തെക്കുറിച്ചും കോവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും എന്താണ് സമൂഹത്തോട് പറയാനുള്ളത്….?
രോഗികളോടും രോഗവിമുക്തരായവരോടും സമൂഹം ഒരു അകലം സൂക്ഷിക്കുന്നുണ്ട്. പക്ഷേ അത് അത്ര ശുഭകരമല്ല. ആരോഗ്യപരമായി ഈ അവസ്ഥയെ സമൂഹം നോക്കിക്കാണണം. ബോധവല്‍ക്കരണത്തിലൂടെയാണ് സാമൂഹിക-സന്തുലിതാവസ്ഥ കൈവരിക്കുവാന്‍ കഴിയുക. വരും ദിവസങ്ങളില്‍ വയനാട്ടില്‍ സങ്കീര്‍ണമായ സാഹചര്യമായിരിക്കും സൃഷ്ടിക്കപ്പെടാന്‍ സാധ്യതയുള്ളത്. അതുകൊണ്ടുതന്നെ നമുക്ക് ധാരാളം പ്ലാസ്മ ദാതാക്കളെ ആവശ്യമുണ്ട്. രക്തദാനം ആര്‍ക്കും ചെയ്യാന്‍ കഴിയും. പക്ഷേ കോവിഡ് രോഗവിമുക്തരാണ് പ്ലാസ്മ നല്‍കുന്നത്. അവര്‍ക്ക് സമൂഹത്തിന് ചെയ്യാന്‍ കഴിയുന്ന ഒരു വലിയ സഹായമാണിത്. അനാവശ്യമായ ഭയത്തിന് ഇവിടെ സ്ഥാനമില്ല എന്നതാണ് വസ്തുത.
MBBS പഠനമൊക്കെ എവിടെ നിന്നായിരുന്നു….?
ഞാന്‍ എംബിബിഎസ് ചെയ്തത് കോലഞ്ചേരി M0SE മെഡിക്കല്‍ കോളേജില്‍ നിന്നാണ്. 2004 ബാച്ചായിരുന്നു. PG പഠനം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഡോക്ടറായി എത്തുന്നത്..
തന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുന്നത് കുടുംബമാണെന്ന് ഡോക്ടര്‍ പല വേദികളിലും പറഞ്ഞിട്ടുണ്ട്. കുടുംബത്തെ ഞങ്ങള്‍ക്ക് വേണ്ടി ഒന്ന് പരിചയപ്പെടുത്താമോ..?
ഞാനിപ്പോള്‍ മാനന്തവാടിയില്‍ ആണ് താമസം. ഭര്‍ത്താവും രണ്ട് മക്കളും അച്ഛനും അമ്മയും ആണ് കൂടെയുള്ളത്. മാനന്തവാടി MGM സ്കൂളിലെ പ്രിന്‍സിപ്പളായി സേവനമനുഷ്ഠിക്കുകയാണ് ഭര്‍ത്താവ്. മൂന്നാം ക്ലാസിലും LKG യിലും പഠിക്കുന്ന രണ്ട് പെണ്‍മക്കളാണ് കൂടെയുള്ളത്. ഞാന്‍ എപ്പോഴും പറയാറുള്ളതുപോലെ എന്‍റെ കുടുംബത്തിന്‍റെ പിന്തുണയാണ് ഓരോ പ്രവര്‍ത്തനത്തിനും ഊര്‍ജ്ജം ആകുന്നത് എന്ന് പറയാതെ വയ്യ….
ജംഷീന
COMMENTS