നടന്നുനോക്കുമ്പോള്‍ നിരന്ന ഇടം!

Homeചർച്ചാവിഷയം

നടന്നുനോക്കുമ്പോള്‍ നിരന്ന ഇടം!

ഗാര്‍ഗി ഹരിതകം

അസംഘടിത മേഖലാ തൊഴിലാളികളുടെ കോവിഡ് കാലത്തെക്കുറിച്ച്
വിജി പെണ്‍കൂട്ട് ഗാര്‍ഗിയോട് സംസാരിക്കുന്നു…

2009 മുതല്‍ കേരളത്തിന്‍റെ സമര ചരിത്രത്തെ മാറ്റിയെഴുതിയ, അക്കാദമിക ഫെമിനിസത്തിന്‍റെ അന്വേഷണങ്ങള്‍ക്കപ്പുറം ദരിദ്രരായ സ്ത്രീ തൊഴിലാളികളുടെ വിഷയം ഒരു പൊതുസമൂഹത്തിന്‍റെ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവന്ന സംഘടനയാണ് പെണ്‍കൂട്ട്. മൂത്രപ്പുര സമരം, ഇരിക്കല്‍ സമരം തുടങ്ങി പതിമൂന്നോളം പ്രധാനപ്പെട്ട സമരങ്ങള്‍ നടത്തി വിജയിക്കുകയും കേരള സര്‍ക്കാറിന്‍റെ തൊഴില്‍ നിയമങ്ങളില്‍ത്തന്നെ ‘തൊഴിലിടത്ത് ഇരിക്കാനുള്ള അവകാശം’ എഴുതിച്ചേര്‍ക്കേണ്ടി വരും വിധം സ്വാധീനമുണ്ടാക്കാന്‍ കഴിയുകയും ചെയ്ത സംഘടനയാണിത്. ടെക്സ്റ്റൈല്‍ സേല്‍സ് തൊഴിലാളികള്‍, ഖരമാലിന്യ തൊഴിലാളികള്‍, അലക്കു തൊഴിലാളികള്‍, തൂപ്പു തൊഴിലാളികള്‍, തയ്യല്‍ തൊഴിലാളികള്‍, വീട്ടു ജോലിക്കാര്‍, പമ്പു തൊഴിലാളികള്‍ തുടങ്ങി പല അസംഘടിത മേഖലകളിലെ തൊഴിലാളികളും ചേര്‍ന്ന് അസംഘടിത മേഖലാ തൊഴിലാളി യൂണിയന്‍ കേരള (AMTU Kerala) എന്ന തൊഴിലാളി യൂണിയന്‍ രൂപീകരിക്കാനും ശക്തമായി മുന്നോട്ടുപോകാനും ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

2018 ല്‍ ബി ബി സി ലോകത്തെ സ്വാധീനിച്ച 100 സ്ത്രീകളില്‍ ഒരാളായാണ് AMTU Kerala യുടെ സംസ്ഥാന സെക്രട്ടറി വിജി പെണ്‍കൂട്ടിനെ അടയാളപ്പെടുത്തിയത്. മിഠായിത്തെരുവിലെ ഒറ്റമുറി ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന അങഠഡവിന്‍റെ നേതാവ് ഈ കോവിഡ് കാലത്ത് കൂടുതല്‍ ശക്തമായി അവരുടെ ആവശ്യങ്ങള്‍ ഉന്നയിക്കുകയും പ്രശ്നങ്ങളെ മുന്നോട്ടു കൊണ്ടു വരികയും ചെയ്തു. സംഘടിതയ്ക്ക് വേണ്ടി അവര്‍ ഈ കോവിഡ് കാലത്ത് ഇടപെട്ട വിഷയങ്ങളെ കുറിച്ച് വിശദീകരിക്കുന്നു.

‘ലോക്ക്ഡൗണ്‍ തുടങ്ങിയ സമയത്ത് സര്‍ക്കാറില്‍ നിന്ന് പല വാഗ്ദാനങ്ങളും ഉണ്ടായിരുന്നു. ആദ്യത്തേത് എല്ലാ അസംഘടിത മേഖലാ തൊഴിലാളികള്‍ക്കും 1000 രൂപ അടിയന്തിര സഹായം എന്നായിരുന്നു. ഞങ്ങളില്‍ പലര്‍ക്കും അതാവശ്യമുള്ള സമയായിരുന്നു. അന്വേഷിച്ച് ചെന്നപ്പൊ 2017-18 ല്‍ രൂപീകരിക്കപ്പെട്ട കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്‍റെ ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്കു മാത്രമേ അതിനര്‍ഹതയുള്ളൂ എന്ന് പറഞ്ഞു… ഞങ്ങളോ കൂടെയുള്ള അസംഘടിത മേഖലാ തൊഴിലാളികളോ ആരും തന്നെ അങ്ങിനെ ഒരു ഓഫീസിനെക്കുറിച്ച് കേട്ടിട്ടില്ല. അപ്പോള്‍ പുതുതായി അംഗങ്ങളെ ചേരാനനനുവദിക്കണമെന്ന് തൊഴില്‍ മന്ത്രിക്ക് ഞങ്ങളന്ന് അയച്ച നിവേദനം ഫേസ്ബുക്കിലുണ്ട്. മന്ത്രി ഈ ആവശ്യം അംഗീകരിച്ചു, അതുമായി ബന്ധപ്പെട്ട് ഓര്‍ഡര്‍ കൊടുത്തു എന്നാണ് ഞങ്ങള്‍ അറിഞ്ഞത്. എന്നാല്‍ കോഴിക്കോട് ബന്ധപ്പെട്ട ഓഫീസര്‍ അങ്ങിനൊരു ഓര്‍ഡര്‍ വന്നിട്ടില്ലെന്നാണ് ഇന്നും പറയുന്നത്.

പിന്നെ പ്ലാനിംഗ് ബോര്‍ഡില്‍ നിന്ന് ഈ വിഷയം പരിഹരിക്കാന്‍ എന്തെങ്കിലും പോംവഴി നിര്‍ദേശിക്കാമോ എന്ന് ചോദിച്ചിരുന്നു. അന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടത് കുടുംബശ്രീയിലെ ഓരോരുത്തരുടെയും (ആ സ്ത്രീകള്‍ തന്നെ പല കാലങ്ങളില്‍ അടച്ചുണ്ടാക്കിയിട്ടുള്ള) ത്രിഫ്റ്റ് ഫണ്ടില്‍ നിന്ന് 1000 രൂപ വീതം നല്‍കാന്‍ ഓര്‍ഡര്‍ ഉണ്ടാക്കാമോ എന്നാണ്. അസംഘടിത മേഖലയിലെ മിക്ക സ്ത്രീ തൊഴിലാളികളും കുടുംബശ്രീയില്‍ ഉണ്ട്… അത് വളരെ ന്യായമായ ആവശ്യവും തുച്ഛമായ ഫണ്ടുമായിട്ടുപോലും നടപ്പാക്കപ്പെട്ടില്ല.

കുടുംബശ്രീ വഴി 20,000 രൂപ വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും സാദാ പലിശ നിരക്കില്‍ ഒരു ലോണാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചത് എന്നും മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് സമയമെടുത്തു.

ലോക്ക്ഡൗണ്‍ കാലം കഴിഞ്ഞ് മുന്നോട്ടു ചെല്ലുന്തോറും പുതിയ പുതിയ പ്രതിസന്ധികളാണ്. അസംഘടിത മേഖലയിലെ മിക്ക തൊഴിലാളികള്‍ക്കും തൊഴില്‍ തിരിച്ചു കിട്ടിയിട്ടില്ല. അതില്‍ 70 % ആളുകളും വാടക വീടുകളില്‍, മാസങ്ങളായി വാടകക്കുടിശ്ശിക നല്‍കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ചിലര്‍ക്ക് ഇപ്പോള്‍ത്തന്നെ വീടില്ലാതായി. പല തൊഴിലാളികളും കണ്ണുനീരിലാണ്. ഈ കോവിഡ് കാലത്ത് വാടക പകുതിയാക്കി ഒരു ഓര്‍ഡര്‍ ഉണ്ടാക്കാനുള്ള നിവേദനവും ഞങ്ങള്‍ തൊഴില്‍മന്ത്രിക്ക് കൊടുത്തിരുന്നു. ഒരു ഓണ്‍ലൈന്‍ മീറ്റിംഗ് സംഘടിപ്പിക്കാമെന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്ന് വിവരം ലഭിച്ചിട്ട് കുറച്ചു ദിവസങ്ങളായി… അടിയന്തിരമായി പരിഹരിക്കപ്പെടേണ്ട വിഷയമായതിനാല്‍ എങ്ങനെ മുന്നോട്ടു നീങ്ങണമെന്ന ചര്‍ച്ചയിലാണ് AMTU.

റേഷനരിയും ഉപ്പുമുണ്ട്… അതുകൊണ്ട് രാവിലത്തെ പലഹാരവും ഉച്ചക്കത്തെ ചോറും രാത്രിഭക്ഷണവും ഒപ്പിക്കാന്‍ ബുദ്ധിമുട്ടില്ല. പ്രമേഹരോഗികളായ തൊഴിലാളികളുണ്ട്. പ്രഷര്‍ രോഗമുള്ളവരുണ്ട്… ഈ അരിയും ഉപ്പും തന്നെ തിന്ന് കോവിഡിനെ നേരിടാനുള്ള പ്രതിരോധ ശക്തി എങ്ങിനെ ഉണ്ടാക്കും? ഇതാണ് ഈ തൊഴിലാളി സ്ത്രീകള്‍ പരസ്പരം ചോദിക്കുന്നത്. എല്ലാവരുടെയും വീടുകളില്‍ ഒരുപോലെ ദാരിദ്ര്യം… എന്നു തീരും? അറിയില്ല.

അഞ്ചുമണിക്കും ഒന്‍പതു മണിക്കുമൊക്കെ വാര്‍ത്തകള്‍ കാണാന്‍ തുടങ്ങി. അതാണൊരു പ്രധാനപ്പെട്ട വ്യത്യാസം…

ഈ കോവിഡ് കാലത്ത് തീവ്രമായി വേദനിച്ചുകൊണ്ടും മടുത്തും ഒക്കെ ഇരിക്കുമ്പോള്‍ ഒരു കാര്യത്തില്‍ ചെറിയ ആശ്വാസം തോന്നി. ഒരു ദിവസം മിട്ടായിത്തെരുവിലൂടെ പോവുമ്പൊ, എല്ലാരും അങ്ങോട്ടു പോവല്ലേ, പോവല്ലേ ന്ന് പറയുന്നുണ്ട് (ചിരിക്കുന്നു) അന്ന് ഞാനെന്‍റെ മനസ്സമാധാനത്തിന് പോയതാ… അപ്പൊ ഞാന്‍ കേട്ട ഒരാശ്വാസവാക്കിതാണ്. ഒരു തെരുവോരക്കച്ചവടക്കാരന്‍ പറയുന്നു, വിജിയേച്ചി, ഈ കോവിഡ് കാലത്ത് എന്‍റെ വീട്ടിലെ ഭക്ഷണം ഉണ്ടാക്കാന്‍ ഞാന്‍ പഠിച്ച്… അപ്പൊ ഞാന്‍ പറഞ്ഞു നന്നായി… ഭാര്യക്ക് സുഖമില്ലാതായാല് കുറച്ചുനേരം സമാധാനത്തോടെ കിടക്കാമല്ലോ… അപ്പൊ അയാള്‍, അല്ല വിജിയേച്ചി, ഞാനൊരു കാര്യം പഠിച്ച്… ന്‍റെ ഭാര്യ മാത്രം അടുക്കളേല് നിക്കണ്ട ആളല്ല… ഞാനും കിട്ടുന്ന സമയങ്ങളില്‍ അടുക്കളേന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത്ണ്ട്… സത്യം, എനിക്ക് രോമാഞ്ചം വന്നു. അയാള്‍ തുടര്‍ന്നു, ആളുകള് സ്ത്രീകളെ ലൈംഗിക വസ്തുവായിട്ടും ഭക്ഷണം ഉണ്ടാക്കിത്തരണ്ട ആളായിട്ടും ഒക്കെയാണ് കാണുന്നത്… ഇനിയെങ്കിലും മ്മള് മാറണ്ട സമയായി ലേ… അവര്‍ക്കൊരുപാട് കഴിവ്കള്ണ്ട്. ഇത്രേം പേര്ക്ക് ഭക്ഷണണ്ടാക്കുമ്പൊത്തന്നെ അവരെന്തൊക്കെ കാര്യങ്ങളാ ചെയ്യ്ന്നത്, എനിക്ക് അല്‍ഭുതായി… അന്ന് സത്യായിട്ടും ഞാന്‍ കോവിഡിന് നന്ദി പറഞ്ഞുപോയി. ഞാന്‍ സ്ത്രീകളുടെ ഭാഗത്ത് നിന്ന് പ്രവര്‍ത്തിക്കുന്നയാളാ ന്നവര്‍ക്കറിയാം, എന്തായാലും ഈ കാര്യം എന്നോട് വന്ന് പറയാന്‍ അയാള്‍ക്ക് തോന്നിയല്ലോ! എനിക്ക് സന്തോഷം വന്നതൊന്നും അവര് കണ്ടില്ല, ന്നാലും എനിക്ക് സന്തോഷായി. അത് അവനൊരാള് മാത്രമല്ല… അവിടെ തെരുവോരക്കച്ചവടക്കാരുടെ ഇടയില്‍ നടന്ന ചര്‍ച്ചയുടെ ഭാഗമായിട്ടാണ് ഈ പറയുന്നത്… ഈ തെരുവില് ജോലിക്ക് വരുന്ന ആളുകള്‍ക്ക് വെറ്തേ ഇരിക്കാന്‍ ഇഷ്ടല്ല. എപ്പോഴും അധ്വാനിക്കാന്‍ ഇഷ്ടപ്പെടുന്നോരാണ്. ഈ കോവിഡ് കാലത്ത് വീട്ടിലിരിക്കേണ്ടി വന്നപ്പം അവര് അടുക്കളേല് അദ്ധ്വാനിക്കാന്‍ തയ്യാറാവുകയാണ്. ആ അദ്ധ്വാനത്തിലൂടെ അവരെന്തൊക്കെയോ തിരിച്ചറിയുന്നു…

എല്ലാരും കഷ്ടത്തിലാണ്. ദാരിദ്ര്യ മേഖലയിലെ ആണിനും പെണ്ണിനുമൊക്കെ ഉപ്പും അരിയും മാത്രമേ ഉള്ളു. ഞങ്ങളൊക്കെ എങ്ങനെ ജീവിച്ചുപോവുന്നു എന്നുതന്നെ അല്‍ഭുതമാണ്. കോവിഡിനു മുന്‍പ് കൈയ്യില് പൈസ ണ്ട്, സിനിമക്ക് പോണ് ണ്ട്, കല്യാണങ്ങള്‍ക്ക് ഡ്രസ്സ് മാറി പോണ് ണ്ട്, ആഘോഷങ്ങള്‍ക്കൊക്കെ പങ്കെടുക്ക്ന്ന്ണ്ട്… എന്നിട്ടും ഈ വീടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തൃപ്തി ഇല്ലായിരുന്നു. എന്നാല് ഇതൊന്നുമില്ലാത്ത വീട്ടില് ഉപ്പും റേഷനരിയും കൊണ്ട് സംതൃപ്തിയായി ജീവിക്കാന്‍ പഠിച്ചു… അതിലൊരല്‍ഭുതമില്ലേ… വാറ്റൊക്കെ കിട്ടാനുണ്ട്, അതടിച്ച് ബഹളവും ണ്ട്… ന്നാലും ആദ്യമായി എന്ന പോലെ അച്ഛനും അമ്മയും മക്കളുമൊക്കെ പരസ്പരം മനസ്സിലാക്കുന്ന ഒരു കാലം കോവിഡുകൊണ്ടാണ് ഉണ്ടായത്…’

 

ഗാര്‍ഗി ഹരിതകം

കോഴിക്കോട് സ്വദേശി. എഴുത്തുകാരി, സ്വതന്ത്ര രാഷ്ട്രീയ പ്രവർത്തക. കഴിഞ്ഞ 5 കൊല്ലമായി പെൺകൂട്ടിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. ലിംഗ ലിംഗത്വ ന്യൂനപക്ഷ രാഷ്ട്രീയമാണ് മറ്റൊരു പ്രധാന മേഖല. 2014 ൽ ആദ്യത്തെ നോവൽ The Land of Lamp Bearers പ്രസിദ്ധീകരിച്ചു. പല English, മലയാളം പ്രസിദ്ധീകരണങ്ങളിലും കവിതകളും കഥകളും പ്രസിദ്ധീകരിച്ചു വരുന്നു.

COMMENTS

COMMENT WITH EMAIL: 0