ലോകഗതിയെ കടിഞ്ഞാണിട്ട് നിര്‍ത്തിയ കോവിഡ്19 മഹാമാരി. ഇപ്പോഴും കൊറോണയുടെ താളത്തിന് അനുസരിച്ചു മാത്രം ചലിക്കുന്ന ജീവിതങ്ങള്‍. മരണത്തിനും അതിജീവനത്തിനും ഇടയിലൂടെ ഉള്ള സഞ്ചാരങ്ങള്‍. അപ്രതീക്ഷിതമായി ലോകം തന്നെ അകപ്പെട്ട് പോയ ഒരു കാലത്ത് നിലനിന്നിരുന്ന ലിംഗാധിഷ്ഠിത അസമത്വ സ്ഥിതിവിശേഷം സ്ത്രീകളെ പുതുതായി കൊണ്ടെത്തിച്ച അവസ്ഥകളിലേക്കാണ് സംഘടിതയുടെ ഈ ലക്കം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മനുഷ്യ വംശത്തെ ചകിതരാക്കുന്ന ഓരോ പ്രതിസന്ധിയിലും, യുദ്ധമാകട്ടെ, മഹാമാരികളാകട്ടെ, പ്രകൃതി ദുരന്തങ്ങളാകട്ടെ, സ്ത്രീകളുടെ അനുഭവതലം വേറിട്ടതായിരിക്കും.നിലനില്‍ക്കുന്ന സാമ്പത്തിക, മത, വര്‍ഗ, ജാതി അവസ്ഥകള്‍ സൃഷ്ടിച്ചെടുത്ത തലങ്ങള്‍ക്കൊപ്പം ലിംഗപരമായ വിവേചനങ്ങളും കൂടെ ചേരുമ്പോള്‍ കൊറോണ കാലത്തെ ജീവിതം എന്ന സാമാന്യവത്കരണത്തില്‍ ഉടക്കി നില്‍ക്കാതെ മഹാമാരിക്കാലത്തെ സ്ത്രീജീവിതത്തെ ഇഴകീറി തന്നെ വ്യവച്ഛേദിക്കേണ്ടതുണ്ട്.
മഹാമാരിയുടെ തുടക്കത്തില്‍ പ്രതീക്ഷിക്കപ്പെട്ടത് തൊഴിലിടം വീട്ടിലേക്ക് പറിച്ചു നടപ്പെടുമ്പോള്‍ വീട്ടുകാര്യങ്ങളും കുട്ടികളുടെ പരിപാലനവും കുറെ കൂടെ പങ്കാളികളുടെ കൂട്ടുത്തരവാദിത്വമാകുമെന്നായിരുന്നു. എന്നാല്‍ ലോകമെമ്പാടും നിന്നുള്ള വാര്‍ത്തകള്‍ ചൂണ്ടികാണിക്കുന്നത് സ്ത്രീകളില്‍ വന്നു വീണ അമിത ഉത്തരവാദിത്വങ്ങളും അതുണ്ടാക്കിയ മാനസിക സംഘര്‍ഷങ്ങളും ആണ്. കൊറോണ ചുരുക്കിയ സ്ത്രീ ഇടങ്ങള്‍, തൊഴില്‍ സംബന്ധിയായ ഉത്തരവാദിത്വങ്ങള്‍ക്കും കുടുംബത്തിനും ഇടയില്‍ ഞെരിഞ്ഞമരുന്ന അവസ്ഥയിലേക്ക് സ്ത്രീ ജീവിതങ്ങളെ എടുത്തെറിഞ്ഞു. വീട്ടകങ്ങളില്‍ കൂടുതല്‍ ഒതുങ്ങിയതോടെ വര്‍ധിച്ച തോതിലുള്ള ലൈംഗിക പീഡനങ്ങള്‍ക്കും മറ്റു ശാരീരിക മാനസിക പീഡനങ്ങള്‍ക്കും ഇരയാക്കപ്പെടുന്നവരുടെ എണ്ണം കൂടി. കൊറോണ കാലം വരുത്തി വെച്ച സാമ്പത്തിക പ്രതിസന്ധി, ജീവിതാവസ്ഥകളിലെ മാറ്റങ്ങള്‍, ചുരുങ്ങിയ തൊഴില്‍സാധ്യതകള്‍, വറ്റിയവരുമാന സ്രോതസ്സുകള്‍ എന്നിവ ഉണ്ടാക്കിയ യാതനകള്‍ക്കൊപ്പം പുരുഷന്റെ എല്ലാ തരത്തിലുള്ള നിരാശകളും അസ്വസ്ഥതകളും ഏറ്റുവാങ്ങേണ്ട അവസ്ഥയിലേക്ക് കൂടെ സ്ത്രീകള്‍ എത്തിപ്പെട്ടു. തൊഴിലും സാമ്പത്തിക ഭദ്രതയുമുള്ള സ്ത്രീകളുടെ അവസ്ഥ ഇതാണെങ്കില്‍ അതിനേക്കാള്‍ ദയനീയമായി ജോലി ചെയ്ത് അന്നന്നത്തേക്കുള്ള വകകള്‍ കണ്ടെത്തിയിരുന്ന സ്ത്രീകളുടെ ജീവിതം. കൊറോണ കാലം കുടുംബ ബന്ധങ്ങളെ പരിപോഷിപ്പിക്കുന്ന കഥകള്‍ പറയാത്ത ഒരു പീഡന, പട്ടിണി പര്‍വ്വം കൂടെ സ്ത്രീകള്‍ താണ്ടേണ്ടി വന്നു. വീട്ടിലെ പണികളും കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റലും എല്ലാം നടത്തികൊണ്ട് പോയിരുന്ന സ്ത്രീകള്‍ക്ക് പെട്ടന്ന് ഉണ്ടായ തൊഴില്‍ നഷ്ടവും വേതന കുറവും ഉണ്ടാക്കിയ ദുരിതങ്ങള്‍ വാക്കുകള്‍ക്ക് വരച്ചിടാന്‍ കഴിയുന്നതിനപ്പുറം ആണ്.
ലോകത്തിന്റെ ഓരോ ഭാഗത്തും ഓരോ മേഖലയിലും സ്ത്രീകള്‍ പലതരം പ്രശ്നങ്ങള്‍ക്ക് ഇരകളാകുകയാണ്. ആഗോള തലത്തില്‍ ആരോഗ്യ, സാമൂഹിക സേവന ഉദ്യോഗസ്ഥരില്‍ 70% സ്ത്രീകളാണ്. അത് കൊണ്ട് തന്നെ അവരുടെ അവസ്ഥയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. ആരോഗ്യപരമായും സാമ്പത്തികപരമായും അവരെ സംരക്ഷിക്കേണ്ടതുണ്ട്.
ലൈംഗിക, പ്രത്യുല്പാദനആരോഗ്യ സേവനങ്ങള്‍, ഗര്‍ഭ കാലത്തും പ്രസവാനന്തരവുമുള്ള പരിചരണങ്ങള്‍, ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ പലപ്പോഴും പ്രതിസന്ധി ഘട്ടത്തില്‍ മാറ്റിവെക്കപ്പെടുന്ന അവസ്ഥ പലരാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് . അത്തരം വീഴ്ചകള്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇന്ത്യയില്‍ പോഷകാഹാര കുറവ് ഏറ്റവുമധികം നേരിടുന്നതും സ്ത്രീകളാണ്. കൊറോണകാലത്തെ വിഭവ ദൗര്‍ലഭ്യം സ്ത്രീകളുടെ ആരോഗ്യ പ്രതിസന്ധിയും കൂട്ടുന്നുണ്ട്.
ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് ജേര്‍ണലിസ്റ്റ്സ് അമ്പത്തിരണ്ട് രാജ്യങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ കൊറോണ കാലം വനിതാ മാധ്യമ പ്രവര്‍ത്തകരുടെ ശമ്പളത്തിലും, പ്രൊമോഷനിലും, വര്‍ക്ക് ഡിവിഷനിലും ഉണ്ടാക്കിയ വിവേചനം ചൂണ്ടിക്കാട്ടിയിരുന്നു. ഓരോ മേഖലയിലും ഇത്തരം അസമത്വങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കൂടാതെ സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വം പുരുഷന്മാരുടേതിനോട് താരതമ്യപ്പെടുത്തിയാല്‍ തുലോം കുറവാണ്. മാത്രമല്ല തൊഴില്‍ രംഗത്തും സാമ്പത്തിക അരക്ഷിതാവസ്ഥ നേരിടുന്നത് കൂടുതലും സ്ത്രീകളാണ്.
ഇന്ത്യന്‍ അവസ്ഥ പ്രത്യേകം എടുത്ത് പറയുകയാണെങ്കില്‍ അസംഘടിത മേഖലയുടെ നട്ടെല്ലൊടിക്കുന്ന സാമ്പത്തിക നയങ്ങള്‍ കൊണ്ട് വലഞ്ഞ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികള്‍, ചെറുകിട കര്‍ഷകര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ക്ക് കൊറോണ കാലം ഭീകരമായ പ്രതിസന്ധി ആണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയില്‍ അസംഘടിത മേഖലയില്‍ പതിനഞ്ച് കോടിയോളം സ്ത്രീകള്‍ തൊഴിലെടുക്കുന്നുണ്ട് എന്നാണു ലഭ്യമായ കണക്കുകള്‍ പറയുന്നത്. മേഖലയിലുണ്ടായ സാമ്പത്തിക മാന്ദ്യം ഈ സ്ത്രീ ജീവിതങ്ങളെ ഞെരിച്ചു കളയുന്നുണ്ട്.
ട്രാന്‍സ് സമൂഹവും ഈ കാലത്ത് കടുത്ത പരീക്ഷണങ്ങളെയാണ് അതിജീവിക്കേണ്ടി വരുന്നത്. ആരോഗ്യ പ്രതിസന്ധികളും തൊഴിലില്ലായ്മയും അവഹേളനങ്ങളും എല്ലാം അവരെ പൂര്‍വാധികം അലട്ടുന്നുണ്ട്.
ചുരുക്കത്തില്‍, ലിംഗ നീതിക്കായുള്ള നാളിതുവരെ നടന്ന പ്രയത്നങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ് കൊറോണ ഉയര്‍ത്തുന്നത്. സ്ത്രീയുടെ അധ്വാനങ്ങള്‍ക്ക് മൂല്യം കല്പിക്കാത്ത പുരുഷാധിപത്യ വ്യവസ്ഥിതി സ്ത്രീയോട് കാണിക്കുന്ന അനീതികള്‍ കൊറോണകാലത്ത് മറയേതുമില്ലാതെ തന്നെ പുറത്തു വരുന്നുണ്ട്. സ്ത്രീ നേരിടുന്ന പ്രയാസങ്ങളെ സാധാരണീകരിക്കുന്ന പ്രവണത ഈ അസാധാരണ കാലത്ത് പതിന്മടങ് വര്‍ധിക്കുകയാണ്. സ്ത്രീകളുടെ സവിശേഷമായ അവസ്ഥകള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അഡ്രസ് ചെയ്യാത്തിടത്തോളം ലിംഗ നീതിക്കായുള്ള പോരാട്ടങ്ങളിലൂടെ ഇന്നേ വരെ നേടിയെടുത്ത നേട്ടങ്ങള്‍ റദ്ദ് ചെയ്യപ്പെടുന്ന അവസ്ഥ ഉണ്ടാകും. മഹാമാരിയെ നേരിടുന്നതിനൊപ്പം മഹാമാരി കൊണ്ട് വരുന്ന ഇത്തരം പ്രത്യാഘാതങ്ങളെയും അഭിമുഖീകരിക്കാന്‍ സമൂഹം സജ്ജമാകേണ്ടതുണ്ട്. ആ വിഷയങ്ങളാണ് സംഘടിത ഈ ലക്കത്തില്‍ ചര്‍ച്ചയ്ക്കു വെക്കുന്നത്.
ദളിത്, ആദിവാസി വിഭാഗങ്ങളുടെ ഇക്കാലത്തെ അതിജീവന അനുഭവങ്ങള്‍ തുടങ്ങി വിവിധ മേഖലയിലുള്ള സ്ത്രീകള്‍ നേരിടുന്ന പ്രയാസങ്ങളിലേക്ക് കണ്ണോടിക്കുന്നതിനൊപ്പം തന്നെ പ്രതിസന്ധി ഘട്ടത്തില്‍ ദൃശ്യമാകുന്ന അസാമാന്യ സ്ത്രീ കരുത്തിന്റെ ചിത്രങ്ങളും സംഘടിത പങ്കു വെക്കുന്നുണ്ട്. വൈറസിന്റെ ഭീഷണി നേരിടുന്നതില്‍ സ്ത്രീകള്‍ അധികാരതലപ്പത്തുള്ള രാജ്യങ്ങള്‍ കാണിക്കുന്ന മികവ്, കോവിഡിനെ തുരത്താനുള്ള യജ്ഞത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീ ഗവേഷകരുടെ പ്രയത്നങ്ങള്‍ തുടങ്ങിയവയും ഈ ലക്കം ചര്‍ച്ച ചെയ്യുന്നു.
പകര്‍ച്ചവ്യാധിയും ആണധികാര വ്യവസ്ഥയും മുതലാളിത്ത ലോകവും കൈകോര്‍ക്കുമ്പോഴും പതറാതെ മുന്നോട്ട പോകുന്ന സ്ത്രീ യോദ്ധാക്കളുടെ നേര് അനുഭവങ്ങളും വിജി പെണ്‍കൂട്ടിന്റെ വാക്കുകളിലൂടെ വായനക്കാരിലേക്ക് എത്തുന്നുണ്ട്.
അതെ, സംഘടിതയുടെ ഈ ലക്കം ഇതുവരെ പരിചിതമല്ലാതിരുന്ന ഒരു പ്രതിസന്ധി ഘട്ടത്തെ, പെട്ടന്നുണ്ടായ പകപ്പുകളെ നേരിടുന്ന പെണ്‍കരുത്തിന്റെ സാക്ഷ്യമാണ്.
ഡോ. അമീറ വി.യു.
പൊന്നാനി എം. ഇ .എസ് . കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, വകുപ്പ് മേധാവി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ്. ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും ലേഖനങ്ങൾ എഴുതാറുണ്ട്
COMMENTS