വര്‍ക്ക് ഫ്രം ഹോം അല്ലെങ്കില്‍ വീടും ജോലിയും : ചില കോവിഡ്കാല നിരീക്ഷണങ്ങള്‍

Homeചർച്ചാവിഷയം

വര്‍ക്ക് ഫ്രം ഹോം അല്ലെങ്കില്‍ വീടും ജോലിയും : ചില കോവിഡ്കാല നിരീക്ഷണങ്ങള്‍

ഷീബ കെ.

കോവിഡ് -19 എന്ന മഹാമാരി ആഗോളതലത്തില്‍ തന്നെ ഉണ്ടാക്കി കൊണ്ടിരിക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. ലോകം മുഴുവന്‍ നിശ്ചലമാവുകയും ഈ മഹാമാരിക്കു മുമ്പില്‍ പകച്ച് നില്ക്കുകയും ചെയ്യുന്ന ഭീകരാവസ്ഥയെക്കുറിച്ചുള്ള സമഗ്രമായ പഠനങ്ങളും ചര്‍ച്ചകളും സ്ഥിതിവിവരക്കണക്കുകളും കോവിഡ് അതിജീവനത്തിനു ശേഷം വരാനിരിക്കുന്നതേ ഉള്ളു. കോവിഡ് -19 നമ്മുടെ നിത്യ ജീവിത വ്യവഹാരത്തില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. വ്യക്തി ശുചിത്വം, ശാരീരിക-മാനസിക ആരോഗ്യം, സാമൂഹിക അകലം, സാമൂഹിക ഉത്തരവാദിത്തം, ഓണ്‍ലൈന്‍ വിദ്യാഭ്യാസം, വര്‍ക്ക് ഫ്രം ഹോം എന്നിവ അവയില്‍ ചിലതാണ്. ഇതില്‍ നമുക്ക് അധികം പരിചിതമല്ലാത്ത എന്നാല്‍ കുറച്ചു പേര്‍ക്കെങ്കിലും അറിയാവുന്ന ഒരു അവസ്ഥയാണ് വര്‍ക്ക് ഫ്രം ഹോം എന്നത്.കോവിഡ് കാലത്തെ വര്‍ക്ക് ഫ്രം ഹോം (WFH) അല്ലെങ്കില്‍ വീട്ടിലിരുന്നുള്ള ജോലി, സ്ത്രീകളും വര്‍ക്ക് ഫ്രം ഹോമും, അതിന്‍റെ സവിശേഷതകള്‍, ന്യൂനതകള്‍ എന്നിങ്ങനെ വര്‍ക്ക് ഫ്രം ഹോമിന്‍റെ നാനാവശങ്ങളെ കുറിച്ചുള്ള ചില നിരീക്ഷണങ്ങളാണ് ഇവിടെ പങ്കു വെക്കുന്നത്.

കോവിഡ് മനുഷ്യ ജീവിതത്തില്‍ ഉണ്ടാക്കിയ പരിവര്‍ത്തനങ്ങളില്‍ വളരെയേറെ നമ്മെ സ്വാധീനിക്കുന്ന ഒന്നാണ് ണഎഒ എന്ന യാഥാര്‍ഥ്യം. മെട്രോ നഗരങ്ങളില്‍ പ്രത്യേകിച്ച് ഐ ടി മേഖലകളില്‍ ഇതൊരു പുതിയ അനുഭവമായിരിക്കില്ല. എന്നാല്‍ ചില പ്രത്യേക ജോലികളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന വര്‍ക്ക് ഫ്രം ഹോം, കോവിഡിനോടൊപ്പം ഇന്ന് രാജ്യത്തെ ഒട്ടുമിക്ക തൊഴിലിടങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം മാറി നമ്മുടെയിടയില്‍ വളരെയേറെ പ്രചാരമുള്ള ഒരു വര്‍ക്ക് ഫ്രം ഹോം കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. പക്ഷെ ഇത്തരം വര്‍ക്ക് ഫ്രം ഹോം ജോലികളെ ആരും ഈ പേര് നല്‍കി വിളിച്ചിട്ടില്ല. വീടിനോടു ചേര്‍ന്ന് നടത്തുന്ന കടകള്‍, വീട്ടില്‍ തന്നെ ഉണ്ടാക്കി കമ്പോളത്തില്‍ വില്‍ക്കുന്ന ഭക്ഷണ സാധനങ്ങളായ അച്ചാര്‍, പപ്പടം, കൊണ്ടാട്ടം, മുറുക്ക് എന്നിവയും, ദൈനംദിന ഉപയോഗവസ്തുക്കളായ പായ, കൊട്ട, ബീഡി തെറുക്കല്‍ എന്നിവയും ഇത്തരം വര്‍ക്ക് ഫ്രം ഹോമിന്‍റെ ഉദാഹരണങ്ങളാണ്. പക്ഷെ നമ്മള്‍ ഒരിക്കലും ഇത് പോലെ ഉള്ള ജോലികളെ അല്ല വര്‍ക്ക് ഫ്രം ഹോം ഗണത്തില്‍ പെടുത്തുന്നത്.

വര്‍ക്ക് ഫ്രം ഹോം എന്താണെന്ന് കൂടുതല്‍ വിശദീകരിക്കണമെങ്കില്‍ തൊഴിലിനെക്കുറിച്ചും, നമ്മുടെ ഇന്നത്തെ തൊഴിലിടങ്ങളെക്കുറിച്ചും, അവിടങ്ങളിലെ ലിംഗ പങ്കാളിത്തത്തെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമായി വരുന്നു. അമേരിക്കന്‍ തൊഴില്‍ വകുപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്‍ സാമ്പത്തികശാസ്ത്ര വിദഗ്ധ ബെറ്റ്സി സ്റ്റീവന്‍സണ്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നു: കോവിഡ് മഹാമാരി അമേരിക്കന്‍ സമൂഹത്തില്‍ എക്കാലവും നിലനിന്നിരുന്ന ചില ന്യൂനതകളെ തുറന്നു കാട്ടുന്നു. തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് തുല്യ പങ്കാളിത്തം ലഭിക്കുന്നില്ലെന്നും, തൊഴില്‍ സമത്വത്തിലേക്കുള്ള പരിവര്‍ത്തനം അപൂര്‍ണമാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ പരാമര്‍ശത്തില്‍ പ്രധാനമായും രണ്ടു കാര്യങ്ങളാണ് മുന്നോട്ടു വെക്കുന്നത്. ഒന്നാമതായി തൊഴില്‍ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തക്കുറവും അത് കാലാകാലങ്ങളായി അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ഒരു യാഥാര്‍ഥ്യവുമാണ് എന്ന വസ്തുതയാണ്. രണ്ടാമതായി തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന ലിംഗ അസമത്വം എങ്ങനെ പൊതു സാമ്പത്തിക രംഗത്തെ സ്വാധീനിക്കുന്നു എന്നതിലേക്ക് ഈ അഭിപ്രായം വിരല്‍ ചൂണ്ടുന്നു എന്നതാണ്. വികസിത രാജ്യമായ അമേരിക്ക ഇങ്ങനെ ഒരു മഹാമാരിയെ അഭിമുഖീകരിച്ചു കൊണ്ട് ലിംഗ സമത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുന്നത് അതിന്‍റെ ഗൗരവസ്വഭാവം പരിഗണിച്ചു കൊണ്ട് തന്നെയാണ്. തൊഴില്‍ മേഖലയിലെ ലിംഗ അസമത്വ ചര്‍ച്ചകള്‍ നമ്മുടെ സാമൂഹിക വ്യവഹാരങ്ങളിലും വന്നിട്ടു അധികം കാലം ആയിട്ടില്ല. കുറെ നീണ്ട അധ്വാനങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ശേഷമാണ് ഇന്നു മഹാമാരിക്ക് മുന്‍പുള്ള സമൂഹമായി നാം പരിണമിച്ചെത്തിയത്. ഇങ്ങനെ രൂപം കൊണ്ട തൊഴിലിടങ്ങളില്‍ എത്രമാത്രം ലിംഗസമത്വം കൈവരിച്ചു എന്നത് ഓരോ പ്രദേശത്തിനും, രാജ്യത്തിനും സംസ്കാരത്തിനും അനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കുന്നു.

2020 ഏപ്രിലില്‍ യുണൈറ്റഡ്നേഷന്‍സ് (UN) പുറത്തിറക്കിയ ‘സ്ത്രീകളുടെ മേല്‍ കോവിഡ് -19 ന്‍റെ ആഘാതം ‘(UN Secretary General’s Policy Brief: The Impact of COVID-19 on Women) എന്ന പോളിസി സംഗ്രഹത്തില്‍ പങ്കുവെക്കുന്നത്, കഴിഞ്ഞ ദശകങ്ങളില്‍ നാം കൈവരിച്ച പരിമിതമായ മുന്നേറ്റങ്ങളെല്ലാം നഷ്ടപ്പെടുന്നതിലെ സന്ദേഹമാണ്. മാത്രമല്ല, നമ്മള്‍ കുറെ കാലം പുറകിലേക്ക് തള്ളപ്പെടാനുള്ള സാധ്യതയും മുന്നില്‍ കാണുന്നു. ഇന്നു സമൂഹത്തില്‍ നിലനില്‍
ക്കുന്ന അസമത്വങ്ങള്‍ വര്‍ദ്ധിക്കാനും നിലവിലുള്ള സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ന്യൂനതകള്‍ കുറെ കൂടി അധികരിക്കാനും ഈ മഹാമാരി കാരണമാകുന്നു. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ കോവിഡ്-19 എന്ന ആഗോള പ്രതിസന്ധി ലോകത്തിന്‍റെ സാമ്പത്തിക രംഗവും നമ്മുടെ ദൈനംദിന ഉപജീവനവും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വേതനമില്ലാത്ത അധ്വാനത്തിലൂടെ (unpaid labour) പടുത്തുയര്‍ത്തിയ ഒന്നാണെന്നു കൂടുതല്‍ പ്രകടമായി ദൃശ്യപ്പെടുത്താന്‍ സഹായിക്കുകയാണ് ചെയ്തത്.

2020 മാര്‍ച്ച് പകുതിയോടെയും ഏപ്രില്‍ ആദ്യവാരത്തോടെയും ലോകം സമ്പൂര്‍ണ അടച്ചുപൂട്ടലിലേക്ക് നീങ്ങുകയുണ്ടായി. കോവിഡ് ഉയര്‍ത്തിയ ആശങ്കകള്‍ക്കും അവ്യക്തതകള്‍ക്കും ഇടയില്‍ ഭരണകൂടവും സ്ഥാപനങ്ങളും വ്യക്തികളും തിരഞ്ഞെടുത്ത അല്ലെങ്കില്‍ നിര്‍ബന്ധിതാവസ്ഥയില്‍ തിരഞ്ഞെടുക്കപ്പെട്ട മുന്‍കരുതലില്‍ പ്രധാനപ്പെട്ട ഒന്നാണ് വര്‍ക്ക് ഫ്രം ഹോം എന്നത്. കേരളസമൂഹത്തില്‍ ജോലി എന്ന് പറയുമ്പോള്‍ തന്നെ വീട്ടില്‍ നിന്ന് മാറി ഒരു ജോലി സ്ഥലവും രാവിലെ 10 മുതല്‍ 5 വരെ എന്ന കൃത്യമായതും സമയസ്ഥല ബന്ധിതവുമായ ഒരു സങ്കല്‍പ്പമായാണ് നിലനിന്നു പോരുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായാണ് WFH എന്ന ആശയം ഉടലെടുക്കുന്നത്. കോവിഡ് -19 നു ശേഷം ഒരു നവസ്വാഭാവികത ഉടലെടുക്കുമെന്നത് പലരും പറഞ്ഞു വെച്ചിട്ടുണ്ട്. നിലനില്‍ക്കുന്ന ജീവിത സങ്കല്‍പങ്ങളിലും ദര്‍ശനങ്ങളിലും മഹാമാരി ഒരു വിപ്ലവകരമായ മാറ്റം ഉണ്ടാക്കിയതിന്‍റെ ഒരു തുടര്‍ച്ചയായി വര്‍ക്ക് ഫ്രം ഹോം നെ കാണേണ്ടതുണ്ട്.

WFH സ്ത്രീകളെ സംബന്ധിച്ചിടത്തോളം അസാധാരണവും വിഭിന്നവുമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ ആശയം ഒരര്‍ത്ഥത്തില്‍ നിരവധി പേര്‍ക്ക്, പ്രത്യേകിച്ച് ചെറിയ കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്കും, ദുര്‍ബലവിഭാഗങ്ങളില്‍ പെടുന്നവര്‍ക്കും, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും അവരവരുടെ ഇടങ്ങളിലിരുന്ന് ജോലി ചെയ്യുവാനുള്ള അവസരമൊരുക്കുന്നു. ഇങ്ങനെ തൊഴില്‍ മേഖലയില്‍ നിന്നും അത് വഴി ലേബര്‍ ഫോഴ്സില്‍ നിന്നും പുറത്തു പോകാതെ തൊഴിലില്‍ പങ്കാളികളാവാനുള്ള അവസരം ലഭിക്കുന്നു. കൃത്യമായ സമയ ചട്ടക്കൂടുകളെയും ഓഫീസ് അല്ലെങ്കില്‍ ‘സ്ഥലം’ കൊണ്ട് പരിമിതപ്പെടുത്തിയ പരമ്പരാഗത തൊഴില്‍ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുകയുമാണ് വര്‍ക്ക് ഫ്രം ഹോം എന്ന് പറയാം. ഏതിടത്തു വെച്ചും, ഏതു സമയത്തും ചെയ്യാവുന്ന ഒന്നായി ജോലി മാറുന്നു എന്നത് അഭിലഷണീയമായ കാര്യം തന്നെ. ജോലി സ്ഥലത്തേക്കുള്ള യാത്ര ഒഴിവാക്കിക്കൊണ്ട് സമയവും, ഊര്‍ജ്ജവും, സാമ്പത്തിക ചെലവും വീട്ടിലിരുന്ന് അതേ ജോലി ചെയ്തു കൊണ്ട് ലാഭിക്കാം എന്നതും ഏറെ പേര്‍ ചൂണ്ടിക്കാണിക്കുന്ന വസ്തുതയാണ്. മെയ് 1ന് ഇറങ്ങിയ ദി ഇക്കണോമിക് ടൈംസ് പങ്കുവെക്കുന്ന ഒരു വാര്‍ത്തയും ഈ സാധ്യതയെ ബലപ്പെടുത്തുന്നു. ലോക്ക്ഡൗണിനു ശേഷം നമ്മുടെ ജോലിസ്ഥലങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന പ്രകടമായ ഒരു മാറ്റത്തെ കുറിച്ചാണ് ഈ വാര്‍ത്ത പ്രതിപാദിക്കുന്നത്. ഓണ്‍ലൈന്‍ തൊഴിലവസര വേദികള്‍ ആയ JobsForHer ചൂണ്ടിക്കാണിച്ചുകൊണ്ട് പറയുന്നത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഈ വര്‍ഷം മാര്‍ച്ച് അവസാനത്തോടെ ജോലിക്കായുള്ള സ്ത്രീ അപേക്ഷകരില്‍ 50% വര്‍ദ്ധനവ് ഉണ്ടായെന്നാണ്. കണക്കുകള്‍ കാണിക്കുന്നത് മെട്രോ നഗരങ്ങളായ ഡല്‍ഹി, ബെംഗളൂരു, ചെന്നൈ, മുംബൈ, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ കൂടുതലായി ജോലിക്ക് അപേക്ഷിക്കുന്നു എന്നതാണ്. വര്‍ക്ക് ഫ്രം ഹോമിലേക്ക് ചുവടുമാറിയതിനു ശേഷമാണ് ഈ വര്‍ദ്ധനവ് എന്നത് ശ്രദ്ധേയമാണ്. ഇത് വരെ പലകാരണങ്ങള്‍ കൊണ്ട് അദ്ധ്വാനവിഭാഗത്തില്‍ നിന്ന് പുറത്തു നിന്നിരുന്ന കുറെ സ്ത്രീകള്‍ക്ക് ണഎഒ ഒരു അവസരമാവുകയാണ്.

വീട്ടില്‍ ഇരുന്നു കൊണ്ട് ജോലി ചെയ്യാം എന്നത് ഇത്തരത്തിലുള്ള ആനുകൂല്യങ്ങള്‍ ചിലര്‍ക്കെങ്കിലും നേടി കൊടുക്കുന്നുണ്ട്. എന്നാല്‍ മഹാഭൂരിപക്ഷം വരുന്ന, ജോലി ചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ചു ഗാര്‍ഹികാന്തരീക്ഷവും ഔദ്യോഗികസ്ഥലവും ഒരേയിടത്തില്‍ ആവുമ്പോള്‍ ജോലിഭാരം കൂടുകയാണ് ചെയ്യുന്നത്. ഇതിനു കാരണങ്ങള്‍ പലതാണ്. പ്രധാനമായും നമ്മുടെ സമൂഹത്തില്‍ ആഴത്തില്‍ സ്ഥാനം ഉറപ്പിച്ച ലിംഗ സങ്കല്‍പ്പങ്ങള്‍ അഥവാ സാമൂഹിക ക്രമങ്ങളാണ്. ഗൃഹാന്തരീക്ഷം അല്ലെങ്കില്‍ ‘അകം’ എന്നും സ്ത്രീയുടെ ഉത്തരവാദിത്തവും, സമയവും സംരക്ഷണവും ആവശ്യപ്പെടുന്ന ഒന്നായി തന്നെ ഇന്നും നിലനില്‍ക്കുന്നു എന്നതാണ്. അതേ സമയം സ്ത്രീകള്‍ പുറത്തിറങ്ങി ജോലിക്ക് പോയി സമ്പാദിക്കാന്‍ തുടങ്ങിയിട്ടും പുറം ലോകം ഇപ്പോഴും പുരുഷന്‍റെ അധീനതയിലാണ്. കോവിഡ് മാറ്റിയെടുത്ത ജീവിതചര്യകളും ചിട്ടകളും ഇത്തരം ലിംഗ വിവേചനത്തില്‍ അധിഷ്ഠിതമായ സമൂഹത്തിന്‍റെ പോരായ്മകളെ ചൂണ്ടി കാണിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നു എന്നത് ആശാവഹമാണ്.

വര്‍ക്ക് ഫ്രം ഹോമിലൂടെ അകം/പുറം എന്ന ദ്വന്ദ്വത്തിന്‍റെ അതിരുകള്‍ ഇല്ലാതാവുകയോ കൂടുതല്‍ അസ്പഷ്ടമാവുകയോ ചെയ്യുന്നുണ്ട്. കോവിഡിനു ശേഷമുള്ള കാലഘട്ടം അല്ലെങ്കില്‍ ഇനി ഉണ്ടാവാന്‍ പോകുന്ന നവസ്വഭാവികത നമ്മളുടെ ചിന്തകളേയും പ്രവര്‍ത്തികളേയും മാറ്റണമെങ്കില്‍ ഇന്നു നിലനില്‍ക്കുന്ന ലിംഗചിട്ടകളെ അഥവാ സാമൂഹികക്രമത്തെ ചോദ്യം ചെയ്തേ പറ്റൂ. ഇത്തരം ഒരു പ്രതിസന്ധിയില്‍ ആണ് നമ്മുടെ ഇടയില്‍ കാലാകാലങ്ങളായി വേതനമില്ലാത്ത ഗാര്‍ഹിക ജോലികളിലും (domestic  chores), പരിചരണ പ്രവര്‍ത്തികളിലും (care jobs) നിലനില്‍ക്കുന്ന ലിംഗപരമായ അസന്തുലിതാവസ്ഥയെ വെളിച്ചത്തു കൊണ്ട് വരുവാന്‍ സാധിച്ചത്. ഇത് വരെ നമ്മള്‍ ശ്രദ്ധിക്കാതെ പോയ അല്ലെങ്കില്‍ അദൃശ്യവത്കരിക്കപ്പെട്ട ഒരു സമ്പദ് വ്യവസ്ഥാ സാധ്യത ഇവിടെ നിലനില്‍ക്കുന്നു എന്നത് അക്കാദമിക ചര്‍ച്ചകള്‍ക്കും അപ്പുറം കൂടുതല്‍ പ്രകടമാവുകയാണ് ചെയ്തത്. ഇത്തരം അദൃശ്യമാക്കപ്പെട്ട ഒരു സമ്പത് വ്യവസ്ഥ സ്ത്രീകളുടെ ജീവിതത്തിലും വ്യക്തിത്വത്തിലും അത് പോലെ തന്നെ ഔപചാരികമായ അല്ലെങ്കില്‍ പ്രകടമായ സമ്പദ് വ്യവസ്ഥയിലും ഏറെ പ്രഭാവം ചെലുത്തുന്നു.

യുനെസ്കോയുടെ കണക്ക് പ്രകാരം കോവിഡ് -19 ന്‍റെ പ്രഹരമേറ്റു ലോകം അടച്ചുപൂട്ടലിലേക്ക് നീങ്ങിയപ്പോള്‍ 1.52 ബില്യണ്‍ വിദ്യാര്‍ത്ഥികളാണ് സ്കൂള്‍ അടച്ചിടലിലൂടെ വീടുകളിലായത്. വേതനമില്ലാത്ത ശിശു പരിപാലന ഉത്തരവാദിത്തവും സ്കൂളുകളില്‍ നിന്ന് മാറി ഹോം-സ്കൂളിംഗ് എന്ന സമ്പ്രദായത്തിന്‍റെ ഭാരവും ഭൂരിഭാഗം ഇടങ്ങളിലും സ്ത്രീകളുടെ ചുമലിലാണ് വരുന്നത്. ഇതെല്ലാം ഗാര്‍ഹിക ജോലികള്‍ക്കും അത് പോലെ തന്നെ കോവിഡ് കാലഘട്ടത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ പ്രത്യേക പരിചരണത്തിന്‍റെയും കൂടെയാണ് സ്ത്രീകള്‍ ചെയ്യേണ്ടി വരുന്നത്. മേല്‍ പറഞ്ഞ എല്ലാ ഉത്തരവാദിത്തങ്ങളും ജോലികളും നമ്മുടെ സാമൂഹിക ക്രമത്തിന്‍റെ ഭാഗമായി സ്ത്രീകളുടെ ഉത്തരവാദിത്തമായി കാലങ്ങളായി അടിച്ചേല്പിക്കപ്പെട്ടതുമാണ്.

2020 ല്‍ Oxfam India പുറത്തിറക്കിയ ഇന്ത്യയിലെ അസമത്വത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ്. ഇന്ത്യയില്‍ ഒരു നാഗരിക സ്ത്രീ ശരാശരി ഒരു ദിവസം 312 മിനിറ്റുകളും, ഗ്രാമീണ സ്ത്രീ 297 മിനിറ്റുകളും ഗാര്‍ഹിക ജോലികള്‍ക്കായും വേതനമില്ലാത്ത പരിചരണ ജോലികള്‍ക്കായും (unpaid domestic and  care  work) ചെലവഴിക്കുന്നു. അതേ സമയം പുരുഷന്മാര്‍ ഇത്തരം ജോലികള്‍ക്കായി ചിലവഴിക്കുന്നത് 29 മിനിറ്റുകളും (നഗരം), 31 മിനിറ്റുകളും (ഗ്രാമം) ആണ്. 2020ലെ റിപ്പോര്‍ട്ട് പ്രധാനമായും ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍റെ (ILO) 1998-99 കാലയളവില്‍ നടത്തിയ പഠനങ്ങളേയും കണക്കുകളെയും അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്. ലിംഗ അസമത്വത്തിലും പ്രത്യേകിച്ച് സ്ത്രീകളുടെ വേതനമില്ലാ ജോലികള്‍ എങ്ങനെ ഒരു സാമ്പത്തിക കര്‍തൃത്വം (financial  agency) നേടിയെടുക്കുന്നതിന് പ്രാപ്തരാക്കാം എന്നതിലുമാണ് ഛഃളമാ ഇന്ത്യയുടെ റിപ്പോര്‍ട്ട് ഊന്നല്‍ കൊടുക്കുന്നത്.

സാമ്പത്തിക വളര്‍ച്ചക്ക് മുഖ്യമായ പങ്കു വഹിക്കുന്നതില്‍ എങ്ങനെ സ്ത്രീകളുടെ അദൃശ്യവത്കരിക്കപ്പെട്ട ഗാര്‍ഹിക ജോലികള്‍ മാറ്റിയെടുക്കാം എന്നത് ണ. അ. ഘലംശെ നെ പോലുള്ള സാമ്പത്തിക വിദഗ്ദര്‍ മുന്‍പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2020 ലെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന 153 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 112 ആണ് എന്നത് ഏറെ ഖേദകരമാണ്. അധ്വാനശേഷി വിഭാഗത്തിലുള്ള പങ്കാളിത്തവും ലിംഗസമത്വവും എങ്ങനെ ഒരു രാജ്യത്തിന്‍റെ ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്റ്റിനെ (GDP) ബാധിക്കുന്നുവന്നതിനെ കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇന്‍റര്‍നാഷണല്‍ മോനിറ്ററി ഫണ്ട് (IMF), വേള്‍ഡ് ഇക്കണോമിക് ഫോറം തുടങ്ങിയ സംഘടനകള്‍ നടത്തിയ പഠനങ്ങള്‍, ലിംഗ അസമത്വം കുറയുന്തോറും ഉയര്‍ന്ന ജിഡിപി നിരക്ക് ലഭിക്കുന്നു എന്ന് വ്യക്തമാക്കുന്നു. വേള്‍ഡ് ഇക്കണോമിക് ഫോറം നിരീക്ഷിക്കുന്നത് അധ്വാനവിഭാഗത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം കൂടുകയാണെങ്കില്‍ ഇന്ത്യയുടെ ജിഡിപി നിരക്ക് 27 ശതമാനത്തോളം വര്‍ധിക്കുമെന്നാണ് (The Economic Times,  21, Jan 2018). തൊഴിലിടങ്ങളിലെ ലിംഗ സമത്വം ഒരു ലക്ഷ്യമായിട്ടല്ല വിഭാവനം ചെയ്യപ്പെടുന്നത്. മറിച്ചു കൂടുതല്‍ ഉയര്‍ന്ന മാനുഷിക വികാസ ലക്ഷ്യങ്ങളായ പട്ടിണി അകറ്റല്‍, ശൈശവമരണ നിരക്ക് കുറക്കല്‍ തുടങ്ങിയവ നേടുന്നതിനുള്ള ഉപാധിയായിട്ടാണ്.

എല്ലാ തരത്തിലും ഉള്ള ഗാര്‍ഹിക ജോലികളും, കുഞ്ഞുങ്ങളെയും അസുഖം ബാധിച്ചവരെയും വൃദ്ധരെയും പരിപാലിക്കലും, സംരക്ഷിക്കലും വേതനമില്ലാത്ത ജോലികളുടെ പരിധിയില്‍ വരുന്നു. സമൂഹം ഇപ്പോഴും ഇത്തരം ജോലികളെ കടമ / ഉത്തരവാദിത്തം എന്ന രീതിയിലാണ് കണക്കാക്കുന്നത്. എന്നാല്‍ സ്ത്രീവാദ സാമ്പത്തികവിദഗ്ദ്ധര്‍ ഇത്തരം പ്രവര്‍ത്തികളെ ‘ജോലി’യായി കണക്കാക്കുന്നതിന്‍റെ കാരണം ഇവ ആവശ്യപ്പെടുന്ന മാനസികവും വൈകാരികവും ശാരീരികവുമായ അധ്വാനത്തെ മുന്‍ നിര്‍ത്തിയാണ്. ഇതേ ജോലികള്‍ പുറത്തു നിന്ന് ആളെ നിയമിച്ചു ചെയ്യുമ്പോള്‍ ഇതെല്ലാം തന്നെ വേതനമുള്ള ജോലിയായി മാറുന്നു. മിക്കപ്പോഴും ഇത്തരം പ്രവര്‍ത്തികള്‍ സ്ത്രീകളുടെ സഹജമായതും ധാര്‍മികമായതുമായ ഉത്തരവാദിത്തമായാണ് സമൂഹം ചിട്ടപ്പെടുത്തി വെച്ചിരിക്കുന്നത്. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ ഇത്തരം ജോലികളെ സ്നേഹത്തോടെയുള്ള പ്രവൃത്തികളായാണ് (‘act  of  love’) അടയാളപ്പെടുത്തുന്നത്. ഇതൊരു വേതനമില്ലാത്ത ജോലിയായി പോലും അംഗീകരിക്കാന്‍ നമ്മുടെ സമൂഹം ഇപ്പോഴും തയ്യാറല്ല എന്നതാണ്. അശ്വിനി ദേശ്പാണ്ഡെ സ്ത്രീവാദ സാമ്പത്തികവിദഗ്ദ്ധരുടെ പഠനങ്ങള്‍ ചൂണ്ടി കാട്ടി തന്‍റെ ലേഖനത്തില്‍ ‘പ്രത്യുല്പാദന അധ്വാനം’ (reproductive  labour) കൂടി വേതനമില്ലാത്ത ജോലികളുടെ കൂടെ കണക്കാക്കുന്നുണ്ട്. സമൂഹത്തിന്‍റെ സുഗമമായ നടത്തിപ്പിന് വേണ്ടിയും അടുത്തൊരു അദ്ധ്വാന തലമുറ (labour force) സൃഷ്ടിക്കുന്നതിന് വേണ്ടിയും ഉള്ള പ്രത്യുത്പാദന ചുമതലയുടെയും സിംഹപങ്കും വഹിക്കേണ്ടി വരുന്നത് സ്ത്രീകളാണ് (Economic and Political Weekly,  Vol 55/21,  23 May 2020). ആഗോള തലത്തിലും രാഷ്ട്രതലത്തിലും പ്രസവാവധി, കുഞ്ഞുങ്ങളെ പരിചരിക്കാനുള്ള അവധി തുടങ്ങിയവ പലഘട്ടങ്ങളിലായി സ്ത്രീകളെ തൊഴില്‍ രംഗത്ത് നിന്ന് ഗര്‍ഭകാലത്തോ പ്രസവത്തിനു ശേഷമോ മാറ്റി നിര്‍ത്തുന്ന പ്രവണത കുറച്ചു കൊണ്ട് വന്നതായി കാണാം. പക്ഷെ ഇപ്പോഴും സേവന വേതന വ്യവസ്ഥകള്‍ പാലിക്കാത്ത ഭൂരിപക്ഷം തൊഴിലിടങ്ങളിലും ഗര്‍ഭം ധരിക്കുന്നത് തന്നെ ഒരു അയോഗ്യതയായി കാണുന്നു എന്നത് വസ്തുതയാണ്.

ഇതെങ്ങെനെയാണ് തൊഴിലിടങ്ങളിലെ സ്ത്രീ പങ്കാളിത്തത്തെ ബാധിക്കുന്നുവെന്നത് പരിശോധിക്കാം. ഒന്നാമതായി സ്ത്രീകളെ സംബന്ധിച്ച് പുരുഷ കേന്ദ്രിത സമൂഹം ചിട്ടപ്പെടുത്തിയെടുത്ത ലിംഗ പെരുമാറ്റ രീതികളില്‍ നിന്ന് കൊണ്ട് ഗാര്‍ഹിക ചുമതലകള്‍ അവനവന്‍റെ വ്യക്തിപരമായ തിരഞ്ഞെടുപ്പ് ആവുന്നില്ല എന്നതാണ്. പലപ്പോഴും പുരുഷന്മാര്‍ അടുക്കളയില്‍ പാചകം ചെയ്യുന്നത് ഒരു വിനോദമായാണ്, ഉത്തരവാദിത്തമായല്ല. ഇതിനു തീര്‍ച്ചയായും അപവാദങ്ങളുണ്ടാവാം. ഇവിടെ പുരുഷന്‍റെ തിരഞ്ഞെടുപ്പാവുന്നു ഗാര്‍ഹിക ജോലികള്‍. അത് കൊണ്ട് തന്നെ അത്തരം പ്രവൃത്തികള്‍ പൂര്‍ണമായും വേണ്ടെന്നു വെക്കുവാനോ തല്‍ക്കാലത്തേക്ക് ഒഴിവാക്കാനോ പുരുഷന് താരതമ്യേന എളുപ്പമായി തീരുന്നു. അവനു അത് കൊണ്ട് പുറത്തുള്ള വേതനമുള്ള ജോലികളില്‍ പങ്കെടുക്കുന്നതിനു സമയവും, ഊര്‍ജവും ലഭിക്കുന്നു. അങ്ങനെ രണ്ടിടങ്ങളിലും അതായത് അകത്തും പുറത്തും ഒരു പോലെ അസമത്വം വ്യാപിക്കുന്നു. ജനസംഖ്യയില്‍ പകുതിയോളം വരുന്ന സ്ത്രീകളെ ഇത്തരം അസമത്വങ്ങള്‍, കുറഞ്ഞ ഉത്പാദനക്ഷമതയുള്ളവരാക്കി (low  productivity) മാറ്റുന്നു. ഒരു രാജ്യത്തിന്‍റെ തന്നെ സാമ്പത്തിക സാമൂഹിക വളര്‍ച്ചക്ക് അനുകൂലമായ സ്രോതസ്സ് ആവുന്നതിനു പകരമാണ് ഇത് സംഭവിക്കുന്നത്.

ഇനി സ്ത്രീകള്‍ പുറത്തു പോയി ജോലി നേടിയാലും വേതനമില്ലാത്ത ഗാര്‍ഹിക ജോലികളുടെ കൂടെ വേതനമുള്ള പുറത്തെ ജോലി കൂടി ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഭൂരിപക്ഷം കുടുംബങ്ങളിലും കാണുന്നത്. ഇതിന്‍റെ കൂടി അനന്തരഫലമായാണ് സ്ത്രീകള്‍ പലപ്പോഴും ചെറിയ വരുമാനമുള്ള കുറഞ്ഞ ഉല്പാദനക്ഷമതയുള്ള ജോലികളില്‍ വ്യാപൃതരാവുന്നത്. സ്ത്രീകളെ കൂടുതല്‍ ഉല്പാദനക്ഷമതയുള്ളവരാക്കുവാന്‍ ഭരണകൂടം പ്രത്യേകം ശ്രദ്ധ ചെലുത്തി വേതനമില്ലാത്ത ജോലികള്‍ പങ്കുവെക്കുന്നുവെന്നു ഉറപ്പു വരുത്തേണ്ടതുമാണ്. കേരളത്തില്‍ കോവിഡിന്‍റെ ആഘാതത്തിന്‍റെ നാള്‍വഴികളും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍റെ പ്രസ്സ് മീറ്റും പരിശോധിക്കുകയാണെങ്കില്‍ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ക്രമങ്ങളെ കുറിച്ചു വളരെ വ്യക്തമായ ഭാഷയില്‍ സൂചിപ്പിക്കുകയുണ്ടായി.

‘സ്ത്രീകളാണ് കൂടുതല്‍ വീട്ടുജോലികള്‍ ചെയ്യുന്നത്. പുരുഷന്മാര്‍ കൂടി അല്പസ്വല്പം സഹായിച്ചാല്‍ അവര്‍ക്കു ആശ്വാസമാകും. എല്ലാവരും വീടുകളില്‍ കഴിയുന്ന സാഹചര്യത്തില്‍ കുടുംബത്തില്‍ ആരോഗ്യകരമായ ബന്ധവും ജനാധിപത്യപരവുമായ സാഹചര്യവും വളര്‍ത്തി കൊണ്ട് വരുവാന്‍ ശ്രദ്ധിക്കണം’ എന്ന് അദ്ദേഹം പറഞ്ഞു വെച്ചു. എടുത്തു സൂചിപ്പിച്ച ഒരു കാര്യം വേതനമില്ലാത്ത ജോലികളില്‍ വ്യാപൃതരാവുന്ന സ്ത്രീകളെ സഹായിക്കാനും ഗാര്‍ഹികാന്തരീക്ഷം കുറെ കൂടി സമത്വവത്കരിക്കാനുമാണ്. ‘സഹായിക്കുക’ എന്ന വാക്കിനെ കേന്ദ്രീകരിച്ച് നിരവധി വാദപ്രതിവാദങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പിന്നീട് നടന്നു. അത്തരം ഒരു പ്രയോഗത്തിന്‍റെ ശരിയോ ശരികേടോ പരിശോധിക്കുന്നതിനുമുപരി അദ്ദേഹം പറഞ്ഞ ആശയങ്ങളോട് പൂര്‍ണമായി യോജിച്ചു കൊണ്ട് തന്നെ പറയട്ടെ, ഗാര്‍ഹിക ജോലികള്‍ ഉത്തരവാദിത്തത്തോടെ പങ്കു വെക്കുന്ന ഒരു ചിന്താഗതിയിലേക്ക് നമ്മള്‍ മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഇത്രയും പറയുമ്പോഴാണ് വര്‍ക്ക് ഫ്രം ഹോം എന്ന ആശയത്തിന്‍റെ ആശങ്കകള്‍ ഏറുന്നത്. നമ്മുടെയിടയില്‍ WFH പ്രചരിക്കുമ്പോഴും വീടും ജോലിസ്ഥലവും തമ്മിലുള്ള അകലം കുറയുമ്പോള്‍ അത് ചിലരിലെങ്കിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. രണ്ടു വ്യത്യസ്ത മണ്ഡലങ്ങളായി പ്രവര്‍ത്തിച്ചു പോന്നിരുന്ന സ്ഥാപനങ്ങള്‍ ഇഴുകിചേരുമ്പോള്‍ കുറച്ചു പേര്‍ക്കെങ്കിലും അസ്വസ്ഥത ഉണ്ടായേക്കാം. സ്ഥലവും സമയവും എന്ന ചട്ടക്കൂടുകളില്‍ നിന്ന് ഓഫീസിനെ അല്ലെങ്കില്‍ ജോലിയെ മോചിപ്പിക്കുമ്പോഴും സ്ത്രീകളെ സംബന്ധിച്ചു അത് വേതനമില്ലാത്തതും വേതനമുള്ളതുമായ ജോലികളുടെ കൂട്ടികുഴച്ചിലാണ്. അവിടെ സമൂഹം നിഷ്കര്‍ഷിക്കുന്ന സ്നേഹത്തോടെയുള്ള പ്രവൃത്തിക്കാണോ (act of love) അതോ ജോലി ആവശ്യപ്പെടുന്ന ഉത്തരവാദിത്തത്തോടെ ചെയ്യുന്ന പ്രവൃത്തിക്കാണോ (act of responsibility) മുന്‍തൂക്കം ലഭിക്കുക എന്നത് ചിന്തിക്കേണ്ട വസ്തുതയാണ്.

അകം/പുറം അതിരുകള്‍ ഇല്ലാതാവുന്നതിലൂടെ വീടിന്‍റെ സ്വകാര്യതയിലേക്ക് ഓഫീസും, ഫയലും, ഓണ്‍ലൈന്‍ മീറ്റിങ്ങും കയറി വരുന്ന സാഹചര്യം ഇന്നു അന്യമല്ല. വീട്ടില്‍ ചിലവഴിക്കുന്ന സമയവും ഓഫീസ് ടൈമും കൂടി കലര്‍ന്നുവെന്നു പറയാം. ഇതിലൂടെ രണ്ടിടങ്ങളിലും നമ്മള്‍ ചിലവഴിക്കുന്ന ഗുണമേന്മയുള്ള സമയം (quality time) കുറഞ്ഞു എന്നതും കാണാം. അതുണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദവും പിരിമുറുക്കവും വ്യക്തികളെയും കുടുംബങ്ങളെയും സാരമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു. വീടും ജോലിസ്ഥലവും ഒന്നായി മാറുമ്പോള്‍ പലപ്പോഴും മാനസിക പിരിമുറുക്കങ്ങളില്‍ നിന്ന് വ്യക്തികള്‍ മോചിതരാവുന്നില്ല എന്നത് ഉത്കണ്ഠ ഉണ്ടാക്കുന്ന വസ്തുതയാണ്. പലര്‍ക്കും വീട് ഓഫീസിന്‍റെ ഭാരം ഇറക്കി വെക്കുന്ന ഒരു ഇടമാണ്, അത് പോലെ തിരിച്ചും. WFH ലൂടെ ഇത് രണ്ടും സാധ്യമല്ലാതെ വരുന്നു.

ഇന്നത്തെ WFH ഒരു സാമൂഹിക അകലത്തിന്‍റെ സൃഷ്ടിയാണ്. അപ്പോള്‍ അത് സ്വാഭാവികമായും ഇല്ലായ്മ ചെയ്യുന്നതും സാമൂഹികമായ കൂടിച്ചേരലുകള്‍ തന്നെയാണ്. പലര്‍ക്കും ഓഫീസ് എന്നത് വീടിന്‍റെ പുറത്തു സുഹൃത്തുക്കളും മറ്റുമായി ഒത്തുചേരലിന്‍റെയും പങ്കുവെക്കലിന്‍റെയും വേദി കൂടിയാണ്. അതെല്ലാം നഷ്ടപ്പെടുന്ന ഒരു വ്യക്തി തീര്‍ച്ചയായും ണഎഒ എന്നത് താത്കാലിക ക്രമീകരണം മാത്രമായേ കാണുകയുള്ളു. ഇത് പോലെ തന്നെ പ്രധാനപ്പെട്ട മറ്റൊരു വസ്തുതയാണ് വീടകങ്ങള്‍ എല്ലാ മനുഷ്യര്‍ക്കും ഒരു സുരക്ഷിത അഭയകേന്ദ്രങ്ങളല്ല എന്നത്. കോവിഡ് കാലം കഴിഞ്ഞാലേ ഗാര്‍ഹിക പീഡനങ്ങളുടെ തോതും നിരക്കും സമഗ്രമായ പഠനത്തിലൂടെ പുറത്തു വരൂ.

സ്കൂളുകള്‍ അടച്ചുപൂട്ടിയതിലൂടെ പുതിയതായി വന്ന അധിക ചുമതലയാണ് ‘homeschooling’ എന്നത്. തല്‍ക്കാലത്തേക്ക് ഓണ്‍ലൈന്‍ പഠനരീതിയിലേക്ക് പൂര്‍ണ്ണമായി ചുവടുമാറ്റം നടന്നതോടെ ഒട്ടു മിക്ക വീടുകളിലും സ്ത്രീകള്‍ക്ക് കുട്ടികളെ പഠിപ്പിക്കുക എന്ന ഉത്തരവാദിത്തം കൂടി വന്നു ചേര്‍ന്നു. മുന്‍പ് സ്കൂളില്‍ പരിശീലനം നേടിയ അദ്ധ്യാപകര്‍ ചെയ്തിരുന്ന ജോലിയാണ് ഇപ്പോള്‍ വീടുകളില്‍ ഓരോ രക്ഷിതാവും ചെയ്യേണ്ടി വരുന്നത്.

ഇതിനെല്ലാം ഇടയില്‍ വര്‍ക്ക് ഫ്രം ഹോം പലപ്പോഴും ഒരു അനുഗ്രഹമായി തീരുന്നത് ചെറിയ കുട്ടികളുള്ള അമ്മമാര്‍ക്കും, പ്ലേ സ്കൂളും/day care സെന്‍ററും അടച്ചു പൂട്ടിയപ്പോള്‍ സ്വയം അധ്വാനവിഭാഗത്തില്‍ നിന്ന് പുറത്തു നില്‍ക്കേണ്ടി വന്നവര്‍ക്കുമാണ്. പക്ഷെ അപ്പോഴും മഹാഭൂരിപക്ഷം വരുന്ന സ്ത്രീകളും ചെറിയ വരുമാനമുള്ള ജോലികളില്‍ വ്യാപൃതരാവുന്നത് WFH ഇല്‍ നിന്ന് ഇവരെ അകറ്റി നിര്‍ത്തും. കാരണം ഇത്തരം കുറഞ്ഞ വരുമാനം ലഭിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിലെയോ, പെട്രോള്‍ പമ്പിലെയോ, തുണിക്കടയിലെയോ ജോലികള്‍ WFH ആയി ചെയ്യാന്‍ സാധിക്കുന്നതല്ല. 2017-18 ലെ Labour  Force Participation Rate അനുസരിച്ചു ഇന്ത്യയില്‍ 23.3 % സ്ത്രീകള്‍ മാത്രമേ അധ്വാനവിഭാഗത്തില്‍ പങ്കാളികളാവുന്നുള്ളു. അതായത്, 16നും 64നും ഇടയില്‍ പ്രായമുള്ള നാലില്‍ മൂന്നില്‍ കൂടുതല്‍ സ്ത്രീകളും വേതനം ലഭിക്കുന്ന ജോലി ചെയ്യുന്നില്ല അല്ലെങ്കില്‍ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍ പങ്കാളികളാവുന്നില്ല എന്ന് വ്യക്തം.

ഇന്നത്തെ കോവിഡ് സൃഷ്ടിച്ച പ്രത്യേക സാഹചര്യത്തെ കുറിച്ച് നിരീക്ഷിക്കുമ്പോള്‍ നല്ലൊരു ശതമാനം കുടുംബങ്ങള്‍ ഒരു പക്ഷെ മാതൃകകള്‍ ആവുന്നുണ്ടാവാം. പ്രത്യേകിച്ചു ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്ന ഭൂരിപക്ഷം വരുന്ന സ്ത്രീകളുടെ വീടുകളിലും പുരുഷന്മാരായിരിക്കും മേല്‍ പറഞ്ഞ എല്ലാ വേതനമില്ലാത്ത ഗാര്‍ഹിക ജോലികളും ചെയ്യുന്നത്. അത് വിസ്മരിച്ചു കൊണ്ടല്ല ഈ നിരീക്ഷണങ്ങള്‍.

കോവിഡ് കാലം കഴിഞ്ഞാലും ചില WFH ജോലികളെങ്കിലും ചില മാറ്റങ്ങളോടെ നമുക്കിടയില്‍ നിലനില്‍ക്കാനാണ് സാധ്യത. കോവിഡ് ശീലിപ്പിച്ച പുതിയ ചിട്ടക്രമങ്ങളില്‍ നിന്ന് ചില നല്ല പാഠങ്ങള്‍ നമ്മുടെ സമൂഹം ഉള്‍കൊള്ളുമെന്നു പ്രതീക്ഷിക്കാം, പ്രത്യേകിച്ച്, വേതനമില്ലാത്ത ഗാര്‍ഹിക പരിപാലന ജോലികളില്‍ തുല്യ പങ്കാളിത്തം, അതിന്‍റെ തുടര്‍ച്ചയെന്നോണം വേതനമുള്ള ജോലികളില്‍ സ്ത്രീകളുടെ കാര്യക്ഷമമായ പങ്കാളിത്തം എന്നിവ ഉറപ്പാക്കല്‍.

 

 

 

ഷീബ കെ.

COMMENTS

COMMENT WITH EMAIL: 0