പുതിയ നോര്‍മല്‍ – അസംഘടിതമേഖല സ്ത്രീത്തൊഴിലാളി യാഥാര്‍ത്ഥ്യങ്ങള്‍,  പരിമിതികള്‍, സാദ്ധ്യതകള്‍

Homeചർച്ചാവിഷയം

പുതിയ നോര്‍മല്‍ – അസംഘടിതമേഖല സ്ത്രീത്തൊഴിലാളി യാഥാര്‍ത്ഥ്യങ്ങള്‍, പരിമിതികള്‍, സാദ്ധ്യതകള്‍

ഡോ. സോണിയ ജോര്‍ജ്

 

കൊറോണ വെളിവാക്കിയ അസമത്വങ്ങള്‍

കോവിഡ് കാലത്തിലെ സ്ത്രീ തൊഴിലാളി അനുഭവങ്ങളെ കുറിച്ച് എഴുതാന്‍ ശ്രമിക്കുക ഒട്ടും ശാന്തത തരുന്ന അനുഭവമല്ല. തൊഴില്‍ നഷ്ടത്തിന്‍റെയും ദാരിദ്ര്യത്തിന്‍റേയും ബാധ്യതകളുടേയും ഉത്തരവാദിത്വങ്ങളുടേയും സംഘര്‍ഷം നിറഞ്ഞ യാഥാര്‍ത്ഥ്യങ്ങളാണവ. കേരളത്തിലെ വിവിധ ജില്ലകളിലെ അസംഘടിത തൊഴിലാളികളോട് സംസാരിക്കുമ്പോള്‍ ദുരിതങ്ങളുടെ മാത്രം അനുഭവങ്ങളാണ് അവര്‍ക്ക് പങ്കുവയ്ക്കാനുള്ളത്. 15 വര്‍ഷത്തിലേറെയായി എറണാകുളത്ത് ഒരു ഡോക്ടറുടെ വീട്ടില്‍ ഗാര്‍ഹിക തൊഴില്‍ ചെയ്യുന്ന തൊഴിലാളിയായ സക്കീന പറയുന്നു ‘കൊറോണ വൈറസിനെ കുറിച്ച് കേട്ട് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ അവര്‍ പറഞ്ഞു ഇനി ഞങ്ങള്‍ പറഞ്ഞിട്ട് സക്കീന ജോലിക്ക് വന്നാല്‍ മതി. ഒന്നും ചോദിക്കാതെ ചെയ്ത ദിവസത്തെ കൂലിയും തന്ന് ഇറക്കി വിട്ടതാണ്. ഇന്നിപ്പോള്‍ നാലര മാസം ആയി, അവരാരും ഞങ്ങള്‍ എങ്ങനെ ജീവിക്കുന്നു, എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന് അന്വേഷിക്കുന്നില്ല. ജോലിക്കാര്യം ചോദിക്കുമ്പോള്‍ പറയാം എന്ന് പറയുന്നു. മറ്റൊരിടത്ത് ഈ മാസം മുതല്‍ രണ്ട് ദിവസം പുറം പണിക്ക് പോകുന്നുണ്ട്. വീടിന്‍റെ അകത്തു കയറ്റില്ല’. ഇത്തരം കഥകളാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മുഴുവനായി പറയാറുള്ളത്. മാനസിക ബുദ്ധിമുട്ടുള്ള ഭര്‍ത്താവിനും കുഞ്ഞു മകനും ഏക അത്താണിയായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിസരത്ത് പൊതിച്ചോറ് വിറ്റ് തന്‍റെ ഉപജീവനം കണ്ടെത്തിയിരുന്ന മിനിയുടെ അവസ്ഥ ദയനീയമാണ്. രണ്ട് നേരം റേഷന്‍ അരി കൊണ്ട് കഞ്ഞി വച്ച് രസവും മാത്രം കൂട്ടി കഴിച്ച് ദിവസങ്ങള്‍ തള്ളി നീക്കുന്നു. വേറെ വരുമാന മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലാതെ എങ്ങനെ ദിവസങ്ങള്‍ ഇനി മുന്നോട്ടു നീക്കും എന്ന ചിന്തയിലാണവര്‍. ഒറീസയിലെ ഗജപതി ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്ന് അരൂരിലെ മത്സ്യ സംസ്ക്കരണ ഫാക്ടറിയിലെത്തിയ ബിനാനി ലോക്ക് ഡൗണ്‍ ആയി കമ്പനി അടച്ചതിനു ശേഷം കിട്ടിയ ഏതോ ട്രയിനില്‍ കയറി വീട്ടില്‍ മടങ്ങിയെത്തി. ദാരിദ്ര്യവും പട്ടിണിയും നിറഞ്ഞ കുടുംബത്തിനുള്ളില്‍ നിന്ന് രക്ഷപ്പെടലിന്‍റെ ഭാഗമായാണ് ഈ പെണ്‍കുട്ടികളെല്ലാം ഏജന്‍റുകള്‍ വഴി കേരളത്തിലെത്തുന്നത്. ഒരു വിവാഹം വരെയാണ് പലപ്പോഴും ഈ പെണ്‍
കുട്ടികള്‍ക്ക് ഈ തൊഴില്‍. വിവാഹം കഴിക്കുന്ന ആള്‍ തങ്ങളെ സംരക്ഷിക്കുമെന്ന പ്രതീക്ഷയാണവരില്‍ ഭൂരിഭാഗം പേര്‍ക്കും. ബിനാനി വീട്ടിലെത്തി അവിടുത്തെ ദുരിതത്തില്‍ നിവൃത്തിയില്ലാതെ വിളിക്കുകയാണ് ‘ചേച്ചി, എനിക്ക് കഴിഞ്ഞ 2 മാസത്തെ ശമ്പളം കമ്പനിയില്‍ നിന്ന് കിട്ടാനുണ്ട്. ഉടമസ്ഥന്‍ ഇപ്പോള്‍ ഫോണ്‍ പോലും എടുക്കുന്നില്ല. എങ്ങനെയെങ്കിലും സഹായിക്കാനാവുമോ? ‘.

ഇങ്ങനെ ഒരു പാട് അനുഭവങ്ങള്‍ എല്ലാ ദിവസവും കാതില്‍ തുളച്ചു കയറി കൊണ്ടേയിരിക്കുന്നു. എന്താണ് അവരോട് പറയാനാനാവുക? എന്ത് പറഞ്ഞ് സമാധാനിപ്പിക്കും? ആരുണ്ട് അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍? ഇന്ത്യയിലെ അസംഘടിത തൊഴിലാളികളുടെ ജീവിതാവസ്ഥ ഇന്ന് ആരുടെ ശ്രദ്ധയിലുണ്ട്? 2020 ന്‍റെ ആരംഭം മുതല്‍ ലോകത്തെ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി കൊണ്ട് പടര്‍ന്നു പിടിക്കുന്ന കോവിഡ്19 എന്ന മഹാമാരി ഇന്ന് വരെ അജയ്യരാണെന്നഹങ്കരിച്ചിരുന്ന മനുഷ്യരുടെ നിസ്സഹായയും ആശങ്കയുമാണ് തുറന്നു കാട്ടുന്നത്. ലോകമാകമാനം 8 ലക്ഷത്തോളം പേരുടെ മരണവും 2 കോടിയിലധികം പേര്‍ക്ക് വൈറസ് ബാധയും വെളിവാക്കുന്നത് ലോകത്തിന്‍റെ മുഴുവന്‍ നിയന്ത്രണവും തങ്ങളുടെ കൈയ്യിലാണ് എന്ന് നിര്‍ബാധം അഹങ്കരിച്ചിരുന്ന രാജ്യങ്ങളുടെ പരാജയം കൂടിയാണ്. മാര്‍ച്ചില്‍ ഇന്ത്യയിലേക്ക് പടര്‍ന്നു പിടിച്ച ഈ മഹാമാരിയുടെ മുമ്പില്‍ ഇന്ത്യന്‍ ഭരണകൂടവും സ്തബധരായി നിന്നു. അപ്രതീക്ഷിത ലോക്ക് ഡൗണ്‍ പ്രഖ്യാപനം വഴിയാധാരമാക്കിയത് ഈ രാജ്യത്തെ ഏറ്റവും സാധാരണക്കാരായ തൊഴിലാളികളെയാണെന്നത് എല്ലാവരും കണ്ടു കൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യമാണ്. ദൈനംദിനം അദ്ധ്വാനിച്ച് തങ്ങളുടെ ജീവിതം മുമ്പോട്ട് കൊണ്ടു പോകുന്നവരായ 50 കോടിയിലേറെ വരുന്ന അസംഘടിത തൊഴിലാളികളാണ് ഇന്ന് ജീവിതം മുന്നോട്ടു കൊണ്ട് പോകാന്‍ വഴിയില്ലാതെ നിര്‍ന്നിമേഷരായി നില്ക്കുന്നത്. സ്ഥിരമായ തൊഴിലോ തൊഴിലിടമോ ഇല്ലാതെ ലഭ്യമായ തൊഴിലുകളില്‍ ഏര്‍പ്പെട്ട് ഉപജീവനം കണ്ടെത്തുന്നവരാണിവര്‍. തുടക്കത്തില്‍ സൂചിപ്പിച്ച അനുഭവങ്ങള്‍ ഇവരുടെ പ്രതിനിധാനങ്ങളാണ്. ഇന്ത്യയിലെ തൊഴിലാളി ജീവിതങ്ങളുടെ യഥാര്‍ത്ഥ മുഖം. ജീവിക്കാനും തൊഴില്‍ ചെയ്ത് ജീവിക്കാനും സ്ത്രീ-പുരുഷ ഭേദമെന്യേ ഭരണഘടന ഉറപ്പ് നല്കുന്ന രാജ്യം, അന്താരാഷ്ട്ര തൊഴില്‍ സംഘടന അംഗീകരിച്ചിട്ടുള്ള എല്ലാ തൊഴില്‍ നിയമങ്ങളും ശുപാര്‍ശകളും പ്രോട്ടോക്കോളുകളിലും പങ്കാളിയായുള്ള രാജ്യം – പക്ഷേ ഇവയൊക്കെ പാലിക്കപ്പെടണം എന്ന ഉദ്ദേശത്തോടെ ഭരണ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ മാറി മാറി ഭരിച്ചിട്ടുള്ള മുന്നണികള്‍ക്ക് സാദ്ധ്യമായിട്ടില്ല. മാറുന്ന ലോക ക്രമങ്ങള്‍ക്ക് അനുസരിച്ച് ഇവിടെയും സമ്പദ്ഘടനയുടെ മുന്‍ഗണനകള്‍ മാറി കൊണ്ടിരിക്കുന്നു. ബഡ്ജറ്റുകളില്‍ സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്കും സാമൂഹ്യ നീതി ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും കുറഞ്ഞ പരിഗണന ലഭിക്കുന്നു. സംഘടിത തൊഴില്‍ മേഖല ശുഷ്ക്കിച്ചു കൊണ്ട് അസംഘടിതരായ തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. തൊഴില്‍ നിയമങ്ങളിലെ കാര്‍ക്കശ്യം കുറച്ചു കൊണ്ട് തൊഴില്‍ ദാതാക്കള്‍ക്കനുകൂലമായി മാറ്റിയെഴുതപ്പെടുന്ന കാലഘട്ടം കൂടിയാണിത്. തൊഴിലാളി സംഘാടനത്തിനുള്ള പരിമിതികളും ഈ തൊഴില്‍ കോഡുകള്‍ വ്യക്തമാക്കുന്നു. തുല്യ ജോലിക്ക് തുല്യവേതനവും മറ്റവകാശങ്ങളും ഉറപ്പാക്കുന്ന നിയമങ്ങള്‍ പോലും ഇല്ലാതാക്കി സ്ത്രീകള്‍ നൂറ്റാണ്ടുകളുടെ അവകാശപോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളെല്ലാം ഈ മാറ്റങ്ങളിലൂടെ കാറ്റില്‍ പറത്തുന്നു.

 

അസംഘടിതമേഖല തൊഴിലിടങ്ങളുടെ പ്രത്യേകതകള്‍

 

ഈ സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ട് മാത്രമേ കോവിഡ് 19 മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കാനാവുകയുള്ളു. ഈ വൈറസിന്‍റ വരവില്‍ ലോകത്തിന്‍റെയും രാജ്യങ്ങളുടെയും സാമ്പത്തിക അടിത്തറ തകര്‍ന്നു കൊണ്ടിരിക്കുന്ന ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ അതിജീവന ഭീഷണി നേരിടുന്നത് തികച്ചും അസംഘടിതരായ തൊഴിലാളികളാണെന്നതിന് യാതൊരു സംശയവുമില്ല. മാര്‍ച്ച് 23ന് രാത്രി പ്രധാനമന്ത്രി അപ്രതീക്ഷിതമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പാതി വഴിയിലായ കുടിയേറ്റ തൊഴിലാളികളെ അപ്പോഴാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. ഇന്ത്യയുടെ നഗരങ്ങളെ, അവയുടെ ആവാസവ്യവസ്ഥയെ നിലനിര്‍ത്തി പോന്നിരുന്ന കോടിക്കണക്കിന് ജീവിതങ്ങള്‍ പൊതു ശ്രദ്ധാ വിഷയമായി മാറി. അവരുടെ പരിമിതമായ ജീവിത സാഹചര്യങ്ങളും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത താമസ സൗകര്യങ്ങളും ഇന്ത്യന്‍ മാധ്യമങ്ങള്‍ കുറച്ചു ദിവസം ആഘോഷിച്ചു. മുകളില്‍ പരിചയപ്പെടുത്തിയ ബിനാനിയേപ്പോലെ കോടികളാണ് ഇന്ന് തങ്ങളുടെ വീടുകളില്‍ ഇരുന്നു കൊണ്ട് ജീവിത മാര്‍ഗ്ഗം അന്വേഷിക്കുന്നത്. പ്രകൃതി വിഭവങ്ങളാല്‍ സമൃദ്ധമായ തങ്ങളുടെ നാടുകളില്‍ നിന്ന് വികസന ഇരകളായി കുടിയൊഴിപ്പിക്കപ്പെട്ടവരാണീ കുടിയേറ്റ തൊഴിലാളികള്‍. നഗരങ്ങളിലോ ടൗണുകളിലോ താല്ക്കാലിക ഷെഡുകളില്‍ അട്ടി അട്ടിയായി താമസിക്കേണ്ടി വരുന്ന ഗതികേടാണ് ഈ പ്രകൃതി സമ്പത്തിന്‍റെ ഉടമസ്ഥരുടേത്. നഗരങ്ങളിലെ ഉയര്‍ന്ന -മദ്ധ്യവര്‍ഗ്ഗക്കാരുടെ കണ്ണില്‍ ഇവര്‍ എപ്പോഴും ശല്യക്കാരും ക്രിമിനലുകളും വൃത്തിഹീനരുമൊക്കെയാണ്. എന്നാല്‍ തദ്ദേശീയ തൊഴിലാളികളുടെ ദൗര്‍ലഭ്യതയും അവരേക്കാള്‍ കുറഞ്ഞ കൂലി നല്കിയാല്‍ മതി എന്നതൊക്കെ കൊണ്ട് ഇവരുടെ അദ്ധ്വാനത്തെ പരമാവധി ഇവരെല്ലാം ഉപയോഗപ്പെടുത്തുന്നുണ്ട്.

അസംഘടിതമേഖലയുടെ ഓരോ അവസ്ഥയും പരിശോധിച്ചാല്‍ അത്ര അസ്ഥിരമായ അന്തരീക്ഷങ്ങളാണുള്ളത്. തൊഴിലിടങ്ങളുടെ പ്രത്യേകതകള്‍ അതില്‍ പ്രധാനമാണ്. മറ്റുള്ളവരുടെ വീട് അല്ലെങ്കില്‍ തങ്ങളുടെ സ്വന്തം വീട് തൊഴിലിടമായുള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും. അല്ലെങ്കില്‍ പൊതു ഇടങ്ങളാണ് ഈ തൊഴിലിടങ്ങളില്‍ ഏറെയും. വഴിയോരങ്ങള്‍, ചന്തകള്‍, വീടുവീടാന്തരം കയറിയുള്ള വില്പനകള്‍ ഇതൊക്കെയാണ് തൊഴില്‍ ഇടങ്ങള്‍.

തൊഴില്‍ ബന്ധങ്ങളോ തൊഴില്‍ സുരക്ഷിതത്വമോ ഈ ഇടങ്ങളില്‍ ഒന്നും നിര്‍ണ്ണയിക്കപ്പെടാത്തതു കൊണ്ടു തന്നെ ഏറ്റവും അസന്നിഗ്ദ്ധത നിറഞ്ഞ തൊഴിലന്തരീക്ഷ മാണിവരുടെയെല്ലാം. 95 ശതമാനത്തിലേറെയും വരുന്ന ഇന്ത്യയുടെ അസംഘടിത മേഖലയിലെ ഭൂരിഭാഗം തൊഴിലാളികളുടെയും തൊഴില്‍ സാഹചര്യങ്ങള്‍ ഇതു തന്നെയാണ്. തൊഴിലിന്‍റെ പ്രധാന ഉറവിടമായ തൊഴില്‍ ദാതാവ് പലതിലും ഇല്ല എന്നതും ഉള്ളയിടങ്ങളില്‍ അദൃശ്യമാണെന്നുള്ളതും ഇവരുടെ വ്രണനീയതയ്ക്ക് (വള്‍നറബിലിറ്റി) ആക്കം കൂട്ടുന്നു. ഗാര്‍ഹിക തൊഴിലാളികളുടെ അവസ്ഥ തന്നെ എടുക്കാം. മറ്റൊരാളുടെ സ്വകാര്യയിടം (വീട്) അവരുടെ തൊഴിലിടമാകുമ്പോള്‍ തൊഴില്‍ ബന്ധങ്ങള്‍ പലപ്പോഴും പ്രായോഗികമാകുന്നില്ല. തങ്ങള്‍ തൊഴിലെടുക്കുന്ന വീട് തൊഴിലിടമാണെന്ന് തെളിയിക്കുന്നതിനുള്ള ഒരു തെളിവുകളും തൊഴിലാളികളുടെ കൈവശമില്ല. അവരുടെ തൊഴില്‍ ദാതാക്കള്‍ അതു കൊണ്ടു തന്നെ അദൃശ്യരാണ്. പലപ്പോഴും തൊഴില്‍ ബന്ധങ്ങളേക്കാള്‍ വൈകാരിക ബന്ധങ്ങളായിരിക്കും അവിടെ പ്രവര്‍ത്തിക്കുന്നത്. പൊതു ഇടങ്ങള്‍ തൊഴിലിടങ്ങളാകുമ്പോള്‍ തൊഴിലാളിക്ക് സ്വയം തൊഴിലാളി പദവിയാണ് ഉള്ളത്. ആ പദവിയില്‍ ഉള്ള തൊഴിലാളികളുടെ ഉത്തരവാദിത്വം സ്റ്റേറ്റിനാണ് ഉണ്ടാവേണ്ടത്. എന്നാല്‍ ഭരണകൂടം അതില്‍ ഒരു വിഭാഗത്തെ സംരംഭകരെന്ന് മുദ്ര കുത്തി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നു. ഇത്തരം പ്രക്രിയയില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത് സ്ത്രീ തൊഴിലാളികളാണ്. ഏറ്റവും പുതിയ പീരിയോഡിക്ക് ലേബര്‍ ഫോഴ്സ് സര്‍വ്വേ (PFLS,201718) പ്രകാരം ഇന്ത്യന്‍ ഗ്രാമീണ സ്വയം തൊഴിലാളികളില്‍ പുരുഷന്മാര്‍ 9657 രൂപ ശരാശരി വരുമാനം ഉണ്ടാക്കുമ്പോള്‍ സ്ത്രീകള്‍ക്ക് 3922 രൂപ മാത്രമേ ശരാശരി ലഭ്യമാകുന്നുള്ളു. നഗരപ്രദേശങ്ങളില്‍ അത് യഥാക്രമം 16,265 രൂപയും 6,586 രൂപയുമാണ്. ഇത്തരം അന്തരങ്ങള്‍ ഈ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ വെളിവാക്കുന്നു. സ്വയം തൊഴിലാളികളായ പുരുഷ തയ്യല്‍ തൊഴിലാളിയെയും സ്ത്രീ തയ്യല്‍ തൊഴിലാളികളെയും വ്യത്യസ്തമായി കാണുന്ന പൊതുസമൂഹത്തിന്‍റെ കാഴ്ച്ചപ്പാട് ഈ പ്രവണതയ്ക്ക് വളരെ ലളിതമായ ഉദാഹരണമാണ്.

 

പൊതു ഇടങ്ങള്‍ തൊഴിലിടങ്ങളായുള്ളവര്‍

പൊതു ഇടങ്ങളാണ് സ്വയം തൊഴില്‍ ചെയ്യുന്നവരുടെ മറ്റൊരു പ്രധാന തൊഴിലിടം. വഴിയോരങ്ങളായാലും മാര്‍ക്കറ്റുകളായാലും ഇവിടെയൊക്കെ തൊഴില്‍ ചെയ്യുന്നവര്‍ ഭരണകൂട സംവിധാനങ്ങളുടെ ദാക്ഷിണ്യത്തിലാണ് തൊഴില്‍ ചെയ്യുന്നത് എന്നതാണ് പൊതുവേ ഉള്ള ധാരണ. അതു കൊണ്ട് തന്നെ പോലീസും പ്രാദേശിക സര്‍ക്കാരുകളുമൊക്കെ അവരോട് വളരെ പരുക്കന്‍ രീതിയിലാണ് ഇടപെടുന്നത്. ലോക്ക് ഡൗണ്‍ ഏറ്റവും ആദ്യം ബാധിച്ചത് ഈ തൊഴിലാളികളെയാണ്. 4 മാസത്തിലേറെയായി തങ്ങളുടെ ഉപജീവനം ഇല്ലാതായിട്ട്. തീരപ്രദേശങ്ങളിലെ കൊറോണയുടെ വ്യാപനം ആണ് ഏറ്റവും അവസാനം ലോക്ക് ഡൗണ്‍ ഘട്ടത്തില്‍ നാം കണ്ടത്. സ്വയം തൊഴിലാളികളായ മത്സ്യതൊഴിലാളി സ്ത്രീകളെയാണ് വൈറസ് വ്യാപകരായി പൊതു സമൂഹം ചിത്രീകരിച്ചത്. എന്നാല്‍ അവര്‍ക്ക് എങ്ങനെ വൈറസ് ബാധിച്ചു എന്ന് മനസ്സിലാക്കിയാല്‍ മാത്രമേ ഇവരുടെ തൊഴിലിന്‍റെ ദുര്‍ഘട സാഹചര്യങ്ങള്‍ തിരിച്ചറിയാനാവുകയുള്ളു. പ്രാദേശിക കടപ്പുറങ്ങളിലും ഹാര്‍ബറുകളിലും ഈ സ്ത്രീകളുടെ പ്രാപ്യത കുറവ് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. സ്വന്തം കടപ്പുറത്തെ മത്സ്യം വില കൂടുതല്‍ കൊണ്ടും ലഭ്യത കുറവ് കൊണ്ടും പ്രാപ്യമല്ലാതെ വരുമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന മീനുകള്‍ വാങ്ങി വില്ക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നു. നിശ്ചയമായും വലിയ മത്സ്യ വ്യാപാരികളാണ് ഈ മത്സ്യങ്ങള്‍ വാങ്ങി കൊണ്ടുവന്ന് വില്ക്കുന്നത്. അവരുടെ ആട്ടും തുപ്പും അസഭ്യവും തോണ്ടലും ഒക്കെ സഹിച്ചാണ് ഈ സ്ത്രീകള്‍ മീനുകള്‍ വാങ്ങി വില്ക്കുന്നത്. അവര്‍ തന്നെ ചന്തയുടെ ലേലക്കാര്‍ കൂടി ആയാല്‍ പറയുകയും വേണ്ട. പുരുഷډാര്‍ പ്രധാന സ്ഥല
ങ്ങള്‍ കൈയ്യടക്കിയിട്ട് സ്ത്രീകള്‍ അരികുകളിലേക്ക് പുറന്തള്ളപ്പെടുന്നു. ശുചി മുറികള്‍ പോലും ഉപയോഗിക്കാനുള്ള അനുവാദം ഇവര്‍ക്കില്ല. പ്രതികരിക്കുന്ന സ്ത്രീകളെ മറ്റ് സ്ത്രീകളെ ഉപയോഗിച്ച് ഒറ്റപ്പെടുത്തുന്നു. ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് തമിഴ്നാട്ടില്‍ മീനെടുക്കാന്‍ പോയ ഈ ‘മുതലാളി’യില്‍ നിന്നാണ് മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് പകര്‍ച്ചവ്യാധി ലഭിച്ചതെന്നും തിരുവനന്തപുരത്തിന്‍റെ തീരപ്രദേശങ്ങളിലെല്ലാം പടര്‍ന്നു പിടിച്ചതെന്നും എത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്?

 

സ്വന്തം വീട് തൊഴിലിടങ്ങളായുള്ളവര്‍

തങ്ങളുടെ വീടുകളിലിരുന്ന് സ്വയം തൊഴിലുകളും വലിയ വിതരണ ശൃംഖലകളുടെ ഭാഗമായി പീസ് വര്‍ക്കുകളും ചെയ്യുന്നവര്‍ക്കും ഫലത്തില്‍ ഉത്തരവാദികളാരുമില്ല. മദ്ധ്യവര്‍ത്തികളാണ് ജോലിയും കൂലിയും ഒക്കെ നല്കുന്നത്. ലഭിക്കുന്ന ലാഭവിഹിതത്തിന്‍റെ തോത് വര്‍ദ്ധിപ്പിക്കുന്നതിനായി തൊഴിലാളിയുടെ വീടു കേന്ദ്രമാക്കി ഉല്പാദനം നടത്തി മിനിമം കൂലി പോലും നല്കാതെ ഉല്പാദനം നടത്തുന്നവര്‍. സ്ത്രീകളായിരിക്കും ഈ തൊഴിലിന് ഏറ്റവും അനുയോജ്യര്‍ എന്നത് പുതിയ അന്താരാഷ്ട്ര തൊഴില്‍ വിഭജനത്തിന്‍റെ(ചലം കിലേൃിമശേീിമഹ ഉശ്ശശെീി ീള ഘമയീൗൃ) ആശയങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. സ്ത്രീകളുടെ അയഞ്ഞ തൊഴിലവസ്ഥകളും വിധേയത്വവും ഒക്കെയാണ് ഈ അവസ്ഥയ്ക്ക് ഏറെ പരിഗണിക്കപ്പെടുന്നത് എന്നതാണ് പഠനങ്ങളെല്ലാം തെളിയിക്കുന്നത്. തൊഴിലിന്‍റെ സ്ത്രൈണ വല്ക്കരണം എന്നതാണ് ഇവിടെ നടക്കുന്നത്. ലോക്ക്ഡൗണ്‍ എല്ലാ ബിസിനസ് ശൃംഖലകളേയും നിശ്ചലമാക്കിയതിനാല്‍ ഇവരുടെയെല്ലാം തൊഴിലുകള്‍ പൂര്‍ണ്ണമായി ഇല്ലാതായി. കുടുംബത്തിന്‍റെ പ്രാരാബ്ധങ്ങള്‍ പരിഹരിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിരുന്ന ഈ വരുമാനങ്ങള്‍ എല്ലാം പൂര്‍ണ്ണമായി നിലച്ചു.

വീടുകള്‍ കേന്ദ്രമാക്കി തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ തൊഴിലവസ്ഥയും ഗാര്‍ഹിക അവസ്ഥയും തമ്മില്‍ വളരെ നേര്‍ത്ത വിടവേയുള്ളു. ഭര്‍ത്താവും കുട്ടികളുമൊക്കെ ജോലിക്കും പഠനത്തിനുമായി പുറത്തു പോകുന്ന സമയത്ത് തങ്ങളുടെ വീട് തൊഴിലിടമാക്കി കൊണ്ട് വരുമാനം കണ്ടെത്തുന്ന ഇവരുടെ ഇപ്പോഴത്തെ അവസ്ഥ ഭയാനകമാണ്. എല്ലാവരും വീടിനുള്ളിലായതിനാല്‍ സ്ത്രീകളുടെ തൊഴിലിടം നഷ്ടപ്പെട്ടു, കുടുംബത്തിന്‍റെ ഉത്തരവാദിത്വം മുഴുവന്‍ സ്ത്രീകളുടെ ചുമലിലായി. അതിന്‍റെ സമ്മര്‍ദ്ദത്താല്‍ മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നു. കടക്കെണിയുടെ ഭാരങ്ങള്‍ മുഴുവന്‍ സ്ത്രീകളുടെ മേലാണ് ഉള്ളത്. ആദ്യ ലോക്ക് ഡൗണ്‍ സമയത്ത് മൈക്രോ ഫിനാന്‍സ് ലോണുകളുടെ തിരിച്ചടവ് നിര്‍ത്തിവച്ചിരുന്നു. കുടുംബശ്രീ ലോണുകള്‍ മുതല്‍ വിവിധ സ്വകാര്യ മൈക്രോ ഫിനാന്‍സ് ഏജന്‍സികളുടെ ലോണുകള്‍ ഉള്‍പ്പെടെ 7-8 ലോണുകളുള്ള സ്ത്രീകള്‍ ധാരാളമായി ഉണ്ട്. ആദ്യ ഘട്ട ലോക്ക് ഡൗണ്‍ കഴിഞ്ഞ സമയം മുതല്‍ ഈ ഏജന്‍സികള്‍ വീടുവീടാന്തരം കയറി തിരിച്ചടവുകള്‍ വാങ്ങാനായി തുടങ്ങി. ഈ ലോണുകളെല്ലാം സ്ത്രീകളുടെ പേരിലാണ് എടുത്തിരിക്കുന്നത്. ഈ ബാദ്ധ്യതകള്‍ താങ്ങാനാവുന്നില്ല എന്ന് സ്ത്രീകള്‍ പറയുന്നു. പലര്‍ക്കും വീടിന്‍റെ വാടക പോലും കൊടുക്കാനാവാത്ത അവസ്ഥയാണ്. ഗാര്‍ഹിക അതിക്രമങ്ങളും വര്‍ദ്ധിക്കുന്നതായി ലോക്ക് ഡൗണ്‍ സമയത്ത് നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

 

പുതിയ നോര്‍മല്‍ യാഥാര്‍ത്ഥ്യങ്ങള്‍

 

ഈ കാലഘട്ടത്തെയും പ്രതിസന്ധികളെയും എങ്ങനെയാണ് നേരിടേണ്ടതും അതിജീവിക്കേണ്ടതും എന്നാണ് ഇന്ന് ലോകം മുഴുവന്‍ അന്വേഷിക്കുന്നത്. ‘ന്യൂ നോര്‍മല്‍’ എന്ന് ഈ അവസ്ഥയെ വിശേഷിപ്പിച്ചു കൊണ്ട് എല്ലാവരും അതിനോട് താദാത്മ്യം പ്രാപിക്കാനുള്ള നെട്ടോട്ടമാണ്. എന്നാല്‍ ഈ പുതിയ സാധാരണ അവസ്ഥ അതിദയനീയതയില്‍ എത്തിച്ച തൊഴിലാളികളുടെ നിലനില്പ് ആരും ചിന്തിക്കുന്നില്ല. മുതലാളിത്ത അജണ്ടകള്‍ വികസനത്തെ നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകമായി മാറുമ്പോള്‍ ഏറ്റവും സാധാരണക്കാരുടെ, അവരുടെ അവകാശങ്ങളുടെ ക്ഷേമകാര്യങ്ങളുടെ പരിഗണനകള്‍ ഭരണകൂടത്തിന് പ്രധാനമാവുന്നില്ല. വികസ്വര രാജ്യമായ ഇന്ത്യയില്‍ ദാരിദ്ര്യത്തിന്‍റെ സ്ഥിതി രൂക്ഷമാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ദരിദ്രരുടെ എണ്ണം കുറഞ്ഞു വരുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു എങ്കിലും കോവിഡ്19, 10 കോടിയിലധികം ജനങ്ങളെ വീണ്ടും ദാരിദ്ര്യത്തിലേക്കെത്തിച്ചു എന്ന് ലോക ബാങ്ക് കണക്കുകള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്തവരാണ് കുടിയേറ്റ തൊഴിലാളികളെന്ന് നമ്മള്‍ കണ്ടു. രാജ്യത്തെ തൊഴില്‍ ശക്തിയില്‍ ഭൂരിഭാഗവും അസംഘടിത മേഖലയിലായിരിക്കെ എന്ത് തരം സുരക്ഷിതത്വമാണ് നമ്മള്‍ പ്രതീക്ഷിക്കേണ്ടത്. കൂലി തൊഴിലാളികളും താല്ക്കാലിക തൊഴിലാളികളും കൂടുതലുള്ള രാജ്യത്ത് തൊഴില്‍ ചെയ്യുന്ന ദിവസം പോലും അര്‍ഹതപ്പെട്ട കൂലി ലഭിക്കാത്ത അവസ്ഥയാണ് ഭൂരിഭാഗം തൊഴിലാളികള്‍ക്കും. അതില്‍ ഏറിയ പങ്കും സ്ത്രീ തൊഴിലാളികളാണ് എന്നതിന് സംശയമേയില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ ഉത്തേജക പാക്കേജായി പ്രഖ്യാപിച്ച 20,000 ലക്ഷം കോടി രൂപ, അതായത് ജിഡിപിയുടെ 10 ശതമാനത്തോളം വരുന്ന തുകയില്‍ തൊഴില്‍ ശക്തിയുടെ ഭൂരിപക്ഷം വരുന്ന അസംഘടിത തൊഴിലാളികള്‍ക്കായി യാതൊന്നുമില്ല. ബാങ്കുകളുടെ പാപ്പരത്വം കുറച്ചു കിട്ടുന്നതിനുള്ള ചില കോപ്രായങ്ങളും ചെറുകിട മേഖലകളിലെ തൊഴില്‍ ദാതാക്കളെ സഹായിക്കുന്നതിനുള്ള ചില നടപടികളുമല്ലാതെ ഏറ്റവും സാധാരണക്കാരായ, അടിസ്ഥാന വിഭാഗങ്ങളില്‍പ്പെട്ട തൊഴിലാളികള്‍ക്കായി ഒന്നും മാറ്റി വച്ചിട്ടില്ല. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കു വേണ്ടി കുറച്ചു രൂപ മാറ്റി വച്ച തൊഴിച്ചാല്‍ അസംഘടിതമേഖലയെ കുറിച്ച് പരാമര്‍ശമേയില്ല. ആ പദ്ധതിയില്‍ തന്നെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തങ്ങളുടെ നാട്ടില്‍ മടങ്ങിയെത്തിയ പുരുഷډാരായ കുടിയേറ്റ തൊഴിലാളികള്‍ ധാരാളമായി രജിസ്റ്റര്‍ ചെയ്യുന്നു. ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രം ജോലി ലഭിക്കുന്ന ഈ പദ്ധതിയില്‍ ഈ കാരണം കൊണ്ട് തന്നെ സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ റദ്ദു ചെയ്യപ്പെടുന്നു. അസംഘടിത തൊഴിലാളികള്‍ക്ക് മാസം 7500 വീതം നിലനില്പ്പിനുള്ള അലവന്‍സായി നല്കണമെന്ന എല്ലാ കേന്ദ്ര ട്രേയ്ഡ് യൂണിയനുകളുടേയും ആവശ്യം കേട്ട ഭാവം പോലും നടിച്ചിട്ടില്ല സര്‍ക്കാര്‍. 5 കിലോ അരിയും ഒരു കിലോ പയറും മതി ഈ തൊഴിലാളികളുടെ എല്ലാം വിശപ്പകറ്റാന്‍ എന്ന നിലപാടാണ് സര്‍ക്കാരിന്‍റേത്. കേരള സര്‍ക്കാര്‍ ഒന്നാം ലോക്ക് ഡൗണിന്‍റെ സമയത്ത് പ്രഖ്യാപിച്ച സൗജന്യ റേഷനും പലചരക്ക് കിറ്റുകളും ക്ഷേമനിധികള്‍ വഴിയുള്ള 1000 രൂപയും തൊഴിലാളികള്‍ക്ക് ഒരു പരിധി വരെ പിടിച്ചു നില്ക്കാനുള്ള പിന്തുണ ആയി എങ്കിലും ലോക്ക് ഡൗണ്‍ 4-5 ഘട്ടങ്ങളിലൊക്കെ വളരെ പരിതാപകരമായ അവസ്ഥയാണ് കേരളത്തിലേതും. രോഗത്തിന്‍റെ അതി വേഗ വ്യാപനവും പലയിടത്തും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആയതും തൊഴിലാളികളെ വളരെ ഭീകരമായി ബാധിച്ചു. മുകളില്‍ വിവരിച്ചതു പോലെ മത്സ്യതൊഴിലാളികളും ഗാര്‍ഹിക തൊഴിലാളികളും വഴിയോര കച്ചവടക്കാരുമൊക്കെ പൂര്‍ണ്ണമായും തൊഴില്‍ രഹിതരായി. ആര്‍ക്കും സര്‍ക്കാര്‍ സഹായങ്ങളൊന്നും ലഭിക്കുന്നില്ല. എങ്ങനെയാണ് ഈ പുതിയ സാധാരണ അവസ്ഥ ഇവര്‍ക്ക് മെച്ചപ്പെട്ട അവസ്ഥയാക്കി മാറ്റാനാവുക?

 

പുതിയ നോര്‍മല്‍ സാദ്ധ്യതകള്‍

 

സ്ഥിരമായ തൊഴിലും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഉള്ള, അതായത് തൊഴില്‍ സുരക്ഷിതത്വമുള്ള സംഘടിതമേഖലയിലെ ആള്‍ക്കാര്‍ക്ക് മാത്രമാണ് ജീവിതത്തിന് മേല്‍ സുരക്ഷിതത്വമുള്ളത്. ഈ ഓണത്തിനും അവര്‍ക്ക് ഉത്സവബത്തയും ബോണസ്സും ഒക്കെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. തൊഴിലും കൂലിയും ഒന്നുമില്ലാത്ത അസംഘടിത തൊഴിലാളികള്‍ക്ക് ഒന്നുമില്ലാത്ത അവസ്ഥയും. ഇന്ന് നിലനില്ക്കുന്ന സമ്പദ്-തൊഴില്‍ ഘടനകള്‍ ഭൂരിഭാഗം വരുന്ന തൊഴിലാളികളേയും അവരുടെ ആവശ്യങ്ങളേയും ഉള്‍ക്കൊളളാനാവാത്ത ഇടുങ്ങിയ ചട്ടക്കൂടിനുള്ളിലാണ് നിലനില്ക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം വരുന്ന അസംഘടിത തൊഴിലാളികളെ സംരക്ഷിക്കുന്നതിനും അവരുടെ ആവശ്യങ്ങളെ പരിഗണിക്കുന്നതിനും ഒരു സംവിധാനമില്ല എന്നുള്ളത് കൊറോണയുടെ പ്രത്യാഘാതങ്ങള്‍ വീണ്ടും തെളിയിച്ചു കഴിഞ്ഞു. നിലനില്ക്കുന്ന നയ-നിയമ വ്യവസ്ഥകളിലൊന്നും ഇവരൊന്നും ഉള്‍പ്പെടില്ല എന്നുള്ളത് വ്യക്തമാണ്. സംഘടിത മേഖല ചുരുങ്ങി കൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍ രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത നിലനിര്‍ത്തുന്നതില്‍ ഈ മേഖലയിലെ തൊഴിലാളികളുടെ സംഭാവനകള്‍ കണക്കിലെടുത്തു കൊണ്ട് ഇവരുടെ സുസ്ഥിര നിലനില്പ്പിനുള്ള സാഹചര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. PFLS ന്‍റെ അടിസ്ഥാനത്തിലുള്ള ഡേറ്റ അനുസരിച്ച് കണക്കുകൂട്ടലുകള്‍ നടത്തുമ്പോള്‍ ഏറ്റവും അടിത്തട്ടിലുള്ള തൊഴിലാളികളുടെ വരുമാനം 3 ലക്ഷം കോടി മുതല്‍ നാല് ലക്ഷം കോടി വരെ നഷ്ടമായിട്ടുണ്ട്. ഇത് ജിഡിപിയുടെ 1.6% മുതല്‍ 2. 2% വരെ വരും. ഇത്തരം തൊഴിലാളികളില്‍ നഗര കേന്ദ്രീകൃതരായവര്‍ക്ക് ഉണ്ടായ നഷ്ടം1.3 ലക്ഷം കോടി മുതല്‍ 1.8 ലക്ഷം കോടി വരെയാണ്, അതായത് ജി ഡി പി യുടെ 0.7 മുതല്‍ .9 ശതമാനം വരെയാണ്. 50,000 കോടി രൂപയുണ്ടെങ്കില്‍ സ്ത്രീകളുടെ നഷ്ടപ്പെട്ട വരുമാനം നല്കാനാവും. 20,000 ലക്ഷം കോടി രൂപയുടെ പാക്കേജില്‍ ഇതൊന്നും സര്‍ക്കാരിന്‍റെ പരിഗണനകള്‍ക്കുള്ളില്‍ വരുന്നില്ല. നിലനില്ക്കുന്ന വ്യവസ്ഥകളുടെ അരികി
ലെവിടെയെങ്കിലും വേണമെങ്കില്‍ നിന്നുകൊള്ളുക, അത് തന്നെ ഞങ്ങള്‍ പരിമിതപ്പെടുത്താന്‍ ശ്രമിക്കുകയാണ് എന്നാണ് തൊഴില്‍ നിയമ പരിഷ്ക്കാരങ്ങളിലൂടെ ഭരണകൂടം ഇവരോട് പറഞ്ഞിരിക്കുകയാണ്. തൊഴില്‍ ദാതാവ് – തൊഴിലാളി ബന്ധത്തിനുള്ളില്‍ നടന്നിരുന്ന കേന്ദ്രീകൃത ഉല്പാദന പ്രവര്‍ത്തനങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലം, അസംഘടിത, ചെറുകിട മേഖലകളിലെ തൊഴില്‍ ദാതാക്കള്‍ തൊഴിലാളികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വിമുഖത കാട്ടുന്ന സാഹചര്യം, അത്തരം സാമൂഹ്യ ഉത്തരവാദിത്വങ്ങളൊന്നും ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കാത്ത രാഷട്രീയ -നയ സാഹചര്യങ്ങള്‍ – ഇതില്‍ നിന്നു കൊണ്ടാണ് ഈ സാഹചര്യങ്ങളെ വിശകലനം ചെയ്യേണ്ടത്. കുറഞ്ഞകൂലി, സുരക്ഷിതത്വമില്ലാത്ത തൊഴില്‍ സാഹചര്യങ്ങള്‍, മറ്റവകാശങ്ങളെ കുറിച്ചൊന്നും ശബ്ദമുയര്‍ത്താത്ത തൊഴിലാളികളെയാണ് മുതലാളിത്വം കൂടുതല്‍ തെരഞ്ഞുകൊണ്ടിരിക്കുന്നത്. സ്ത്രീകളും ദളിതരും ആദിവാസികളും തുടങ്ങി ഏറ്റവും അരികുവല്ക്കരിക്കപ്പെട്ടവരായ തൊഴിലാളികളായിരിക്കുമല്ലോ ഇതിന്‍റെ ഇരകള്‍. അത് ഇപ്പോള്‍ വളരെ വ്യക്തമായി കഴിഞ്ഞു. അതേ അടിസ്ഥാന വര്‍ഗ്ഗം തന്നെയാണ് ഇന്ന് ഇവിടുത്തെ ഭക്ഷ്യ ആവശ്യങ്ങളെയെല്ലാം നിറവേറ്റി തകര്‍ന്നു തരിപ്പണമായ സമൂഹത്തെ നിലനിര്‍ത്തിയതും. ഈ വൈരുദ്ധ്യത്തെ തുറന്നു കാട്ടിക്കൊണ്ടാണ് ഒരു പുതിയ ആശയഗതിയുടെ, തൊഴിലിന്‍റെ പുതിയ യാഥാര്‍ത്ഥ്യങ്ങളുടെ, സാമൂഹ്യ ഉത്തരവാദിത്വ
ങ്ങളുടെ കര്‍തൃത്വം കേന്ദ്രമാക്കി കൊണ്ടുള്ള രീതി ശാസ്ത്രം രൂപപ്പെടുത്തേണ്ടത്.

 

ഡോ. സോണിയ ജോര്‍ജ്

സേവ യൂണിയൻ കേരളയുടെ സംസ്ഥാന ജനറൽ സെക്രട്ടറി, കേന്ദ്ര കോർ കമ്മിറ്റി അംഗം. അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ സ്വതന്ത്ര കേന്ദ്ര ട്രേയ്ഡ് യൂണിയനായ സേവയിൽ 20 വർഷമായി പ്രവർത്തിക്കുന്നു.

 

 

COMMENTS

COMMENT WITH EMAIL: 0