കോവിഡ് കാലം ഇപ്പോള്‍ കഴിയും ഇപ്പോള്‍ കഴിയും എന്ന പ്രതീക്ഷയില്‍ മുന്നോട്ടു പോവുകയാണ് എല്ലാവരും. അനന്തമായി നീളുന്നതു കണ്ട് ഭയാശങ്കകളില്‍ മുങ്ങിത്താഴുമ്പോഴാണ് സംഭവ ബഹുലതകള്‍ കേരളീയ സമൂഹത്തെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്നത്. ലോകം കീഴ്മേല്‍ മറിക്കുന്ന മഹാമാരി വന്നിട്ടും ഇന്ത്യയില്‍; കേരളത്തില്‍ത്തന്നെ സ്ത്രീകളോടുള്ള മനോഭാവത്തിന് ഒരു ഇടിവും വന്നിട്ടില്ല എന്നു കാണുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നതു തന്നെയാണ്.
ലോക്ഡൗണ്‍ കൊണ്ടും മുഴുവന്‍ സമയവും അടുക്കളയില്‍ കഴിയേണ്ടി വരുന്നതു കൊണ്ടും ആകെ അങ്കലാപ്പിലാണ് സ്ത്രീകള്‍. ഈ കാലഘട്ടത്തിലാകട്ടെ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ഏറ്റവും കൂടിയ നിലയില്‍ തന്നെ നില്‍ക്കുകയാണ്. കോവിഡ് ചികത്സക്കിടയിലെ ഒളിക്യാമറ മുതല്‍ അങ്ങോട്ട് എണ്ണിപ്പറഞ്ഞാല്‍ എന്‍റെ പേജ് തികയാതെ വരും. എന്തെല്ലാം പുരോഗമനം പറഞ്ഞാലും സ്ത്രീകളെക്കുറിച്ചുള്ള ആണ്‍ബോധത്തിന് ഒരു അയവും വന്നിട്ടില്ല എന്നതാണ് ഇതിനു കാരണം. വാഴക്കയ്യില്‍ പോലും പെണ്‍കുട്ടി തൂങ്ങി മരിച്ച നാടാണ് നമ്മുടേത്. പതിമൂന്നു വയസ്സുള്ള പെണ്‍കുഞ്ഞുങ്ങള്‍ മോശമായി നടന്നിട്ട് ആത്മഹത്യ ചെയ്യേണ്ടി വന്നു എന്നു പറഞ്ഞവരാണ് നമ്മള്‍. ഇപ്പോഴിതാ യൂട്യൂബ് ചാനലില്‍ സ്ത്രീകളെ അപമാനിച്ച് പണം നേടുന്ന വരുതനേയും സംരക്ഷിച്ചു വരുന്നുണ്ട് നമ്മള്‍.
അതങ്ങു വെറുതേ പറഞ്ഞാല്‍ പോരാ എന്നു തോന്നുന്നു എനിക്ക്. അയാള്‍ സ്വന്തം കണ്ണുകള്‍ കൊണ്ടു കണ്ട മാതിരിയല്ലേ അവതരണം നടത്തുന്നത്? ഇത്രയും മോശമായ കാര്യങ്ങള്‍ അവതരിപ്പിച്ച ആള്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്ന ആളുകളെ സമ്മതിക്കണം. നമ്മള്‍ പെണ്ണുങ്ങള്‍ തന്നെ നമ്മുടെ മാനം രക്ഷിക്കാന്‍ ഇറങ്ങേണ്ടിയിരിക്കുന്നു എന്ന ചിന്ത ചിരകാലമായി എനിക്കുള്ളതാണ്. അപമാനിതരായ സ്ത്രീകള്‍ തന്നെ അയാളെ കൈകാര്യം ചെയ്തതുകൊണ്ട് എന്തു നിയമ പ്രശ്നം വരും എന്നാണ് ഞാനാലോചിക്കുന്നത്. പെണ്ണുങ്ങള്‍ കുറച്ചു നന്നായിത്തന്നെ തെറി പഠിക്കേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ തെറികളെല്ലാം പെണ്ണുങ്ങളെ പറഞ്ഞു കൊണ്ടുള്ളതാണ്. തത്ക്കാലം നമുക്ക് ഉള്ള തെറികള്‍ പറയാം. മേലില്‍ നമുക്ക് സ്ത്രീ അനുകൂല തെറികള്‍ ഉണ്ടാക്കിയെടുക്കണം. നല്ല തെറി വഴക്കവും മെയ് വഴക്കവും സ്ത്രീകളുടെ അഭിമാനത്തെ നില നിര്‍ത്തുന്നുവെങ്കില്‍ നമുക്കത് പ്രയോഗിക്കാം ഇനിയും അമാന്തിക്കേണ്ടതില്ല എന്നു തോന്നുന്നു. സുഹൃത്തുക്കളേ. അത് പ്രയോഗിച്ച പെണ്ണുങ്ങളെ സപ്പോര്‍ട്ടു ചെയ്തു കൊണ്ട് അവരോടുള്ള ആദരവും പ്രകടിപ്പിക്കുന്നു.
ഡോ.ജാന്‍സി ജോസ്
എഴുത്തുകാരി, സാമൂഹ്യ പ്രവർത്തക,
കൗൺസിലർ എന്നീ നിലകളിൽ
പ്രവർത്തിച്ചു വരുന്നു
COMMENTS