കോവിഡ് ഗവേഷണവും വനിതകളും

Homeശാസ്ത്രം

കോവിഡ് ഗവേഷണവും വനിതകളും

സീമ ശ്രീലയം

കോവിഡ് ഗവേഷണത്തിലെ വനിതാ സാന്നിധ്യത്തെക്കുറിച്ച് ശാസ്ത്രലോകത്ത് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കോവിഡ്- 19 നുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ഗവേഷണങ്ങളില്‍ വനിതാ ശാസ്ത്രജ്ഞര്‍ പിന്നിലാണെന്നും ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ പ്രസിദ്ധീകരിക്കപ്പെട്ട പ്രധാന കോവിഡ് ഗവേഷണ പ്രബന്ധങ്ങളില്‍ സ്ത്രീകളുടെ പങ്ക് മൂന്നില്‍ ഒന്നു മാത്രമാണെന്നും പല ശാസ്ത്ര പ്രസിദ്ധീകരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് വനിതാ ഗവേഷകരുടെ കഴിവുകേടായി ഒരിക്കലും വ്യാഖ്യാനിക്കാന്‍ കഴിയില്ല. കാരണം ഉന്നത ശാസ്ത്ര ഗവേഷണങ്ങളില്‍ മിക്കപ്പോഴും നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുന്ന പദവി കൈയാളുന്നത് പുരുഷ ഗവേഷകരാണ്.

ലിംഗവിവേചനം ഇപ്പോഴും കൊടികുത്തി വാഴുന്നുണ്ട് ശാസ്ത്രഗവേഷണ രംഗത്ത്. പ്രധാന ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കാനും പ്രധാന ഗവേഷക സംഘങ്ങളിലും പുരുഷന്മാര്‍ തന്നെ വേണമെന്ന ചിന്താഗതിയുള്ളവരാണ് പലരും. കോവിഡ് ഗവേഷണത്തിലെ ലിംഗ വിവേചനം കാരണം കഴിവുള്ള പല വനിതകളും നിര്‍ണ്ണായക ഗവേഷണങ്ങളില്‍ നിന്ന് പുറത്താവുന്നത് ഗവേഷണ പുരോഗതിയെ ബാധിക്കുമെന്ന് പല ശാസ്ത്രജ്ഞരും ചൂണ്ടിക്കാണിക്കുന്നുണ്ട്. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ലോകം സ്തംഭിക്കുകയും ലോക്ക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ വരികയും ചെയ്തതോടെ ഗൃഹപരിപാലനം, മക്കളുടെ ഹോം സ്ക്കൂളിങ്, കുട്ടികളുടെയും വൃദ്ധരായ മാതാപിതാക്കളുടെയും പരിചരണം തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ കൂടുതലായി സ്ത്രീകളുടെ ചുമലില്‍ ആയതും ഒരു കാരണമാണെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ എല്ലാ വെല്ലുവിളികളെയും അതിജീവിച്ചു കൊണ്ട് വിസ്മയ നേട്ടങ്ങള്‍ നേട്ടങ്ങള്‍ കൈയെത്തിപ്പിടിച്ച് വനിതാ ഗവേഷകരുമുണ്ട് എന്നു മറക്കരുത്. ഇതില്‍ പലര്‍ക്കും അവരര്‍ഹിക്കുന്ന വാര്‍ത്താ പ്രാധാന്യം പോലും ലഭിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യയില്‍ കോവിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുക്കുന്നതിനു ചുക്കാന്‍ പിടിച്ച വനിതയാണ് മിനാല്‍ ദാഖ് ബെ ഭോസ്ലെ. ഗര്‍ഭകാലത്തെ ചില ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു മിനാലിനെ. ആ സമയത്താണ് ഐസിഎംആര്‍ പുണെ ആസ്ഥാനമായുള്ള മൈ ലാബ് ഡിസ്കവറീസ് സൊല്യൂഷന്‍സ് എന്ന ബയോടെക് കമ്പനിക്ക് കോവിഡ് ടെസ്റ്റ് കിറ്റ് ഗവേഷണത്തിനുള്ള അനുമതി നല്‍കുന്നത്.

ലോകം ഒരു മഹാമാരിയെ അഭിമുഖീകരിക്കുമ്പോള്‍ തനിക്ക് വെറുതെയിരിക്കാനാവില്ലെന്ന ദൃഢ നിശ്ചയത്തോടെ മിനാല്‍ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് വാങ്ങി ഗവേഷണത്തിന്‍റെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. മൈ ലാബ് ഡിസ്കവറീസിന്‍റെ റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് ചീഫാണ് വൈറോളജിസ്റ്റ് ആയ മിനാല്‍. റെക്കോഡ് സമയം കൊണ്ടാണ് ഈ ഗവേഷകസംഘം വിസ്മയ നേട്ടം കൈയെത്തിപ്പിടിച്ച് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചത്. കുറഞ്ഞത് അഞ്ചോ ആറോ മാസം കൊണ്ടേ ടെസ്റ്റ് കിറ്റ് വികസനം ഫലപ്രാപ്തിയില്‍ എത്തൂ എന്നാണ് വിദഗ്ധര്‍ പോലും കരുതിയിരുന്നത്. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മിനാലിന്‍റെ നേത്ര്‍ത്വത്തിലുള്ള ഗവേഷകര്‍ വെറും ഒന്നര മാസം കൊണ്ട് പാതോ ഡിറ്റക്റ്റ് എന്ന പേരില്‍ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്തു. രണ്ടര മണിക്കൂറിനുള്ളില്‍ ഫലം തരുന്ന ടെസ്റ്റ് കിറ്റിന്‍റെ വിലയാവട്ടെ 1200 രൂപ മാത്രം.

ഗവേഷണം പൂര്‍ത്തിയായി തൊട്ടടുത്ത ദിവസം തന്നെ മിനാല്‍ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കുകയും ചെയ്തു. ഇപ്പോള്‍ ലോകമെങ്ങും പ്രതീക്ഷ പരത്തിക്കൊണ്ട് ക്ലിനിക്കല്‍ ട്രയല്‍ നടന്നുകൊണ്ടിരിക്കുന്ന ഓക്സ്ഫഡ് കോവിഡ് വാക്സിന്‍ പരീക്ഷണത്തിനു ചുക്കാന്‍ പിടിക്കുന്നതും ഒരു വനിത തന്നെ. ഡോ.സാറാ ഗില്‍ബര്‍ട്ട്. ഓക്സ്ഫഡ് സര്‍വ്വകലാശാലയിലെ വാക്സിനോളജി വിഭാഗം പ്രഫസര്‍ ആയ സാറയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം സാര്‍സ് കോവ്-2 വൈറസ്സിനെ തുരത്താനുള്ള വാക്സിന്‍ വികസിപ്പിച്ചെടുക്കാനായി ഈ വര്‍ഷം ജനുവരിയില്‍ ആരംഭിച്ച ഗവേഷണമാണ് ഇപ്പോള്‍ ക്ലിനിക്കല്‍ ട്രയലില്‍ എത്തിനില്‍ക്കുന്നത്. ഈ ക്ലിനിക്കല്‍ ട്രയലിനു വിധേയരാവാന്‍ സ്വമേധയാ മുന്നോട്ടു വന്നവരില്‍ സാറയുടെ ഇരുപത്തിയൊന്നു വയസ്സുള്ള മൂന്നു പെണ്‍മക്കളുമുണ്ട് എന്ന പ്രത്യേകത വേറെ.

തന്മാത്രാ കത്രിക എന്നു വിശേഷിപ്പിക്കപ്പെടുന്ന ക്രിസ്പര്‍ എന്ന നൂതന ജീന്‍ എഡിറ്റിങ് സങ്കേതം വികസിപ്പിച്ചെടുക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച ജെന്നിഫര്‍ ഡൗഡ്നയുടെ നേട്ടത്തിന്‍റെ ചുവടു പിടിച്ച് നടന്ന പല കോവിഡ് ഗവേഷണങ്ങളും ലോകശ്രദ്ധ നേടിക്കഴിഞ്ഞു. ഇതിനൊരുദാഹരണമാണ് ഒരു മണിക്കൂറിനുള്ളില്‍ രോഗനിര്‍ണ്ണയം സാധ്യമാക്കുന്ന ക്രിസ്പര്‍ ടെസ്റ്റ് കിറ്റ്. മസ്സാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗവേഷകനായ ഡോ.ഫെങ് ഴാങ്ങിന്‍റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ഇതു വികസിപ്പിച്ചെടുത്തത്. ഡൗഡ്നയും സംഘവും കോവിഡ് കാലത്ത് വെറുതെ ഇരിക്കുകയായിരുന്നില്ല. ക്രിസ്പര്‍ ഉപയോഗിച്ച് കോവിഡ്-19 വൈറസ്സ് ആയ സാര്‍സ്കോവ്-2 വൈറസ്സിന്‍റെ ജീനോം സാന്നിധ്യം നിര്‍ണ്ണയിക്കാനുള്ള പരീക്ഷണങ്ങള്‍ക്കായി തന്‍റെ പരീക്ഷണശാലയെ സജ്ജമാക്കി. റോബോട്ടിക് ഉപകരണങ്ങള്‍ കൂടി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പരീക്ഷണങ്ങളാണ് അവര്‍ നടത്തുന്നത്.

കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി സാന്‍ഫ്രാന്‍സിസ്കോയിലെ വൈദ്യശാസ്ത്ര പ്രഫസറും ശ്വാസകോശരോഗ വിദഗ്ധയുമായ കരോലിന്‍ കാഫീയുടെ ഗവേഷണം കോവിഡ്-19 വൈറസ് ശ്വാസകോശത്തെ രൂക്ഷമായി ബാധിക്കുമ്പോള്‍ ഉണ്ടാവുന്ന അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോമിനെക്കുറിച്ചാണ്. കോവിഡ് 19 വൈറസ്സും മറ്റ് വൈറസ്സുകളും ശ്വാസകോശത്തെ ബാധിക്കുന്നതിലുള്ള വ്യത്യാസങ്ങളും ഇവര്‍ പഠനവിധേയമാക്കി.

സാന്‍ഫ്രാന്‍സിസ്കോ ജനറല്‍ ഹോസ്പിറ്റലിലെ ഡോക്റ്ററായ ആനീ ല്യൂക്മെയറിന്‍റെ പഠനം ഏതെങ്കിലും പ്രത്യേക സ്ഥലത്തെ ജനങ്ങളില്‍ കോവിഡ് വ്യാപനം തീവ്രമാവുന്നുണ്ടോ എന്നതിനെക്കുറിച്ചാണ്. ഗ്ലാഡ്സ്റ്റണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വൈറോളജിസ്റ്റായ മെലാനീ ഓട് കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ച ഗവേഷണങ്ങളിലാണ്. കോവിഡ് 19 വൈറസ്സിനെ തുരത്താനുള്ള ഔഷധങ്ങളും ചികില്‍സയും വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍.

 

 

 

സീമ ശ്രീലയം

പ്രമുഖ ശാസ്ത്ര ലേഖിക,
നിരവധി ബഹുമതികള്‍ക്ക് ഉടമ

COMMENTS

COMMENT WITH EMAIL: 0