ഇന്ത്യയിലെ വിദ്യാർത്ഥി സമൂഹം സി.എ.എ.യ്ക്കും എൻ.ആർ.സി.യ്ക്കും എൻപിആറിനുമെതിരെ ആരംഭിച്ച പ്രതിഷേധ ഉയിർത്തെഴുന്നേൽപ്പ് തുടങ്ങിവെച്ചതുതന്നെ ജാമിയാ മില്ലിയാ ഇസ്ലാമിയ സർവ്വകലാശാലയിലെ വിദ്യാർത്ഥിനികളും വിദ്യാർത്ഥികളുമാണ്. തുടർന്ന് ജെ. എൻ. യു. വിലെ വിദ്യാർത്ഥി സമൂഹവും അതേറ്റെടുത്തു. അവിടുന്ന് തുടങ്ങിയ പ്രതിഷേധ കൊടുങ്കാറ്റ് ഇന്ത്യ മുഴുവനും ആഞ്ഞടിച്ചു. ആ തീപ്പന്തം ഏറ്റെടുത്തു ഡൽഹിയിലെ ഷഹീൻ ബാഗിലെ ഉമ്മമാരും അമ്മൂമ്മമാരും കുഞ്ഞുമക്കളുമടക്കം ഒരു വൻ സ്ത്രീ സമൂഹം രാപ്പകൽ സമരം അനിശ്ചിതമായി തുടരുന്നു. സി. ഐ. എ.(പൗരത്വ ഭേദഗതി നിയമം) പിൻവലിക്കാതെ ഈ സമരം നിർത്തുകയില്ലെന്നാണ് അവർ പ്രഖ്യാപിച്ചിരിക്കുന്നത്.
തുടർന്ന് നടന്ന മഹാത്‌ഭുതമാണ് ഡൽഹി തെരഞ്ഞെടുപ്പ് ഫലം. കോൺഗ്രസിനെ നാമാവശേഷമാക്കുകയും ബി.ജെ.പി.യെ ഒന്നുമല്ലാതാക്കുകയും ചെയ്തുകൊണ്ട് അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി കേവല ഭൂരിപക്ഷത്തിനുമേൽ സീറ്റും നേടി. എ.എ.പി.(62), ബി.ജെ.പി.(8), കോൺഗ്രസ്(0), അങ്ങനെ ആം ആദ്മി പാർട്ടി ഡൽഹി ഭരണം ഏറ്റെടുത്തു. പാർലമെന്റിൽ മൃഗീയ ഭൂരിപക്ഷം നേടിയ ബി.ജെ.പി.ക്കേറ്റ കനത്ത പ്രഹരമായിരുന്നു അത്.
തുടർന്നുണ്ടായ സംഭവവികാസങ്ങൾ ഗുജറാത്തിലെ നരോദപാടിയയേയും കൂടി ലജ്ജിപ്പിക്കുന്ന അതിഭീകരമായ കൂട്ടക്കൊലയാണ്. ഇതുമൂലം ലോകരാഷ്ട്രങ്ങൾക്കു മുമ്പിൽ ഇന്ത്യയുടെ ജനാധിപത്യത്തിനും മതേതരത്വത്തിനും ബഹുസ്വരതയ്ക്കും ഉണ്ടായ തീരാ നാണക്കേട് എങ്ങനെ മായ്ച്ചു കളയാനാകും. ആർ.എസ്.എസ്. സംഘപരിവാർ ഗുണ്ടകളും പോലീസും ഗുജറാത്ത് മോഡലിൽ വംശഹത്യ നടത്തികൊണ്ടിരുന്നപ്പോൾ നമ്മുടെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സൗകര്യപൂർവ്വം അമേരിക്കൻ പ്രസിഡൻറ് ട്രംപിന്റെ സന്ദർശനത്തിന്റെ പേരിൽ ഡൽഹിയിൽ നിന്ന് മാറി നിന്നു. ട്രംപ് മടങ്ങി പോയിട്ടും അവരെവിടെ ആയിരുന്നു?
ഇന്ത്യ ഇപ്പോൾ കൂപ്പുകുത്തികൊണ്ടിരിക്കുന്നത് സവർണ ഹിന്ദുത്വ രാഷ്ട്രത്തിൻറെ ആഴമേറിയ ചതുപ്പുനിലത്തേക്കാണ്. നമ്മുടെ നാടിനെ രക്ഷിക്കാൻ മഹാത്മാ ഗാന്ധി വീണ്ടും ജനിക്കേണ്ടി വരുമോ?
അജിത കെ.
മാനേജിംഗ് എഡിറ്റര്‍
സംഘടിത മാസിക
COMMENTS