2019 ഡിസംബര്‍ 11 നു ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമം രാജ്യവ്യാപകമായി ഒരു പാട് പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചു. മതവിശ്വാസം ഒരു പ്രധാന മാനദണ്ഡം ആയി ഭേദഗതി ചെയ്ത ഈ നിയമം 1955ലെ പൗരത്വനിയമത്തില്‍ കാര്യമായ മാറ്റം വരുത്തി. ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജൈന, പാര്‍സി, ക്രിസ്ത്യന്‍ എന്നീ മതവിശ്വാസികള്‍ക്ക് അവര്‍ ന്യൂനപക്ഷം ആയിട്ടുള്ള അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് നിയമപ്രകാരം കുടിയേറാനും, പൗരത്വം ലഭിക്കാനും ഈ പുതിയ ഭേദഗതി അനുവദിക്കുന്നു. അതേസമയം മുസ്ലിങ്ങളെ നിയമാനുസൃതം കുടിയേറാന്‍ ഈ നിയമം അനുവദിക്കുന്നുമില്ല. അങ്ങേയറ്റം വിവേചനപരവും ഇസ്ലാമോഫോബിക്കുമായ ഈ നിയമത്തെക്കുറിച്ച് ഒരുപാട് നിരീക്ഷണങ്ങള്‍ പൊതുമണ്ഡലത്തിലുണ്ട്. അതുകൊണ്ടു തന്നെ ഈ ലേഖനം പൗരത്വ ഭേദഗതി നിയമം ചര്‍ച്ച ചെയ്യാന്‍ മുതിരുന്നില്ല. മറിച്ചു ഈ നിയമം തുറന്നു വച്ച പ്രക്ഷോഭങ്ങളും അവ മുന്നോട്ടു വെക്കുന്ന ആശയങ്ങളുടെ കാലിക പ്രസക്തിയും ഒരു സ്ത്രീപക്ഷ വായനയിലൂടെ വിശകലനം ചെയ്യാനാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.
വിമോചനം, പ്രതിരോധം: ഒരു പുനര്‍വായന
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യമായി നടന്ന പ്രതിഷേധങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ഡല്‍ഹിയിലെ ജാമിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം. ബുള്ളറ്റ്സും ടീയര്‍ ഗ്യാസും ഉപയോഗിച്ച് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച പോലീസിനെതിരെ വിദ്യാര്‍ഥികള്‍ കരുത്തുറ്റ ശബ്ദം ഉയര്‍ത്തുന്നതാണ് കണ്ടത്. ഇതില്‍തന്നെ നിര്‍ണായകമായ ഒരു ചിത്രം ആയിരുന്നു ലാത്തിയോങ്ങി അടിക്കാനോങ്ങുന്ന പോലിസിനു നേരെ നിവര്‍ന്നു നിന്ന് കൈ ചൂണ്ടി കൂടെ ഉണ്ടായിരുന്ന പുരുഷ സഹപ്രവര്‍ത്തകനെ സംരക്ഷിക്കുന്ന ഹിജാബ് ധരിച്ച ആയിഷ റന്ന എന്ന വിദ്യാര്‍ത്ഥിയുടേത്. ആ ചിത്രം പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരങ്ങളുടെ ഐക്കണ്‍ (icon) ആയി തന്നെ രൂപപ്പെട്ടു എന്ന് പറയാം. ഒരു പക്ഷെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ആദ്യ നാളുകളില്‍ ഏറ്റവും കൂടുതല്‍ പ്രചരിച്ച ചിത്രവും ഇതാവാം. അക്രമാസക്തരായ പോലീസിനെതിരെ ഉയര്‍ന്ന ആ ശബ്ദത്തിനു കാലികമായും ചരിത്രപരമായും ഒരുപാട് പ്രസക്തി ഉണ്ട്.
അധികാര ദുര്‍വിനിയോഗത്തിനും ഭരണകൂട ഭീകരതക്കുമെതിരെയുള്ള ആ കൈചൂണ്ടല്‍ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയ ഭാഷ ഫെമിനിസ്റ്റ് സമര മാതൃകകളില്‍ പ്രതീക്ഷ ഉണര്‍ത്തുന്ന ഒന്നാണ്.
വിമോചനം (liberation), ഐക്യം (solidartiy) എന്നീ ആശയ സങ്കല്‍പ്പങ്ങള്‍ക്ക് കുറച്ചു കൂടി ഉള്‍ക്കൊള്ളലില്‍ അധിഷ്ഠിതമായ വിവക്ഷ നല്കാന്‍ പൊതുമണ്ഡലം അവകാശപ്പെടുന്ന മുസ്ലിം സ്ത്രീക്ക് കഴിയുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത് പൊതുമണ്ഡലത്തെ സംബന്ധിച്ച മുഖ്യധാരാ ഫെമിനിസ്റ്റ് വ്യവഹാരങ്ങളെ ചോദ്യം ചെയ്യുന്നുണ്ട്. Home Place: a Site of Resistance എന്ന ലേഖനത്തില്‍ വെള്ള വംശീയാധിപത്യത്തില്‍ ജീവിക്കുന്ന ആഫ്രോ അമേരിക്കന്‍ സ്ത്രീകള്‍ എങ്ങിനെ ‘ഹോം പ്ലെയ്സ്’ (Home Place) എന്ന ആശയത്തെ നോക്കി കാണുന്നു എന്ന് പ്രശസ്ത ആഫ്രോ അമേരിക്കന്‍ ഫെമിനിസ്റ്റ് ബെല്‍ഹൂക്സ് വിവരിക്കുന്നുണ്ട്. വംശീയത നില നില്‍ക്കുന്ന ഒരു സമൂഹത്തില്‍ എങ്ങിനെയാണ് ആഫ്രോ അമേരിക്കന്‍ സ്ത്രീകള്‍ തങ്ങളുടേതായ പ്രതിരോധം തീര്‍ക്കുന്നതെന്നും അതിലൂടെ എങ്ങിനെ ഐക്യമുണ്ടാക്കുന്നു എന്നും ബെല്‍ ഹൂക്സ് ചൂണ്ടിക്കാണിക്കുന്നു.
സവര്‍ണ ഹിന്ദു വംശീയത ഉച്ചസ്ഥായില്‍ നില്‍ക്കുന്ന ഇന്ത്യയില്‍ ബെല്‍ഹൂക്സിന്‍റെ പുനര്‍ വായന അനിവാര്യമാണ്. ഈ പുനര്‍വായന വിമോചനം, ഐക്യം, പ്രതിരോധം എന്നീ സങ്കല്പനങ്ങളെ മുഖ്യധാര ഫെമിനിസ്റ്റ് സാമാന്യ വിവക്ഷകളില്‍ നിന്നും പുറത്തേക്കു കൊണ്ടുവരുന്നു. ഉള്‍ക്കൊള്ളലിന്‍റെ രാഷ്ട്രീയം (politics of inclusion) സാധ്യമാണെന്ന് ഇത്തരം പ്രതിരോധങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഈ ഉള്‍ക്കൊള്ളലിന്‍റെ രാഷ്ട്രീയം അരികുവത്കരിക്കപെട്ട ജനതയുടെ ‘കെയര്‍ എത്തിക്സിന്‍റെത്’ (care ethics) കൂടിയാണ്. പ്രത്യേകിച്ചും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരം കെയര്‍ എത്തിക്സ് സമകാലീന ഫെമിനിസ്റ്റ് മുന്നേറ്റങ്ങളെ ഭാഗമാകേണ്ടതുണ്ട്. കൂടെയുള്ള പുരുഷ മുസ്ലിം സുഹൃത്തിനെ ഭരണകൂട ഭീകരതയില്‍ (state terror) നിന്നും രക്ഷിക്കുന്ന മുസ്ലിംസ്ത്രീയുടെ ചിത്രം ഈ കെയര്‍ എത്തിക്സിനെ ഉറപ്പിക്കുന്നുണ്ട്.
നിരാകരിക്കുന്ന രക്ഷാകര്‍തൃത്വം
ഇതിനോട് തുടര്‍ച്ചയായി കാണേണ്ട ഒന്നാണ് ഷഹീന്‍ബാഗിലെ സ്ത്രീകളുടെ പോരാട്ടം. 101 ദിവസം നീണ്ടുനിന്ന സിറ്റി സ്പേസ് (city space) ഏറ്റെടുത്തുള്ള അവരുടെ പോരാട്ടം രാജ്യമെമ്പാടും സമാനമായ സമരമുറകള്‍ക്ക് പ്രചോദനമായി. സാധാരണക്കാരായ മുസ്ലിം സ്ത്രീകള്‍ സമര രംഗത്തേക്ക് ഇറങ്ങുന്നതിനു ഷാഹീന്‍ ബാഗിലെ സ്ത്രീ സമരം നിര്‍ണായക പങ്കു വഹിച്ചിരുന്നു. എന്താണ് ഈ സമരത്തിന്‍റെ കാലിക പ്രസക്തി? കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മുസ്ലിം സ്ത്രീകളുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് സംഘ
പരിവാര്‍ ഭരണകൂടം. ഈ ഏറ്റെടുക്കല്‍ ശ്രമത്തിന്‍റെ ഒരു പ്രധാന ഉദാഹരണമാണ്, മുത്തലാഖ് കുറ്റകരമാക്കി (criminalise) മുസ്ലിം പുരുഷനെ പ്രതിസ്ഥാനത്തു നിര്‍ത്തി മുസ്ലിം സ്ത്രീകളെ സംരക്ഷിക്കുകയാണെന്ന് വരുത്തി തീര്‍ക്കുന്ന ഹിന്ദുത്വ അജണ്ട. മുത്തലാഖ് നിയമത്തിലൂടെ ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ച ഉടനെതന്നെ നരേന്ദ്ര മോദിയെ ‘മഹാനായ സാമൂഹിക പരിഷ്കര്‍ത്താവ്’ എന്ന് അമിത്ഷാ വിശേഷിപ്പിച്ചു! മോദിയെ മഹാനായ സാമൂഹ്യ പരിഷ്കര്‍ത്താവായി അവരോധിക്കുന്നത് വിരോധാഭാസമായി വായിക്കുമ്പോഴും ഓര്‍മിക്കേണ്ട ഒരു കാര്യം ചില അപവാദങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ സാമൂഹ്യ പരിഷ്കരണം എന്നും ഇന്ത്യയില്‍ രക്ഷാധികാര രാഷ്ട്രീയത്തിന്‍റെ (ptaronising politics) ഭാഗം ആയിരുന്നു. സ്ത്രീകളെ ഇര സ്ഥാനത്തു പ്രതിഷ്ഠിച്ചു കൊണ്ടാണ് ഇത്തരം വ്യവഹാരങ്ങള്‍ തുടര്‍ന്നത്. ആ തുടര്‍ച്ചയെ തകര്‍ക്കുന്നതാണ് ഇന്ന് കാണുന്ന സ്ത്രീ മുന്നേറ്റങ്ങള്‍. മുസ്ലിം സ്ത്രീകളെ വാര്‍പ്പ് മാതൃകയില്‍ ഒതുക്കി, അതേസമയം ഇസ്ലാമോഫോബിയ ഔദ്യോഗിക അജണ്ടയായി കൊണ്ട് നടക്കുകയും ചെയ്യുന്ന സംഘ പരിവാറിന് ഈ സ്ത്രീ മുന്നേറ്റങ്ങള്‍ നിര്‍ണായകമായ പ്രതിരോധം തീര്‍ക്കുന്നുണ്ട്. ‘നിങ്ങള്‍ ഞങ്ങളുടെ രക്ഷാകര്‍ത്താവ് ആവാന്‍ ശ്രമിക്കേണ്ട’ എന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ട് ഈ സ്ത്രീ മുന്നേറ്റങ്ങള്‍. അതേസമയം തന്നെ വളരെ കണിശമായിതന്നെ രക്ഷാധികാര രാഷ്ട്രീയത്തെ നിരാകരിക്കുകയും ചെയ്യുന്നുണ്ട്. ആ പോരാട്ട വീര്യമാണ് ഷാഹീന്‍ബാഗിലെ സ്ത്രീകളും ജാമിയയിലെ വിദ്യാര്‍ത്ഥിനികളും മുന്നോട്ടു വെക്കുന്നത്. അതുകൊണ്ടു തന്നെ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ എടുത്തു പറയേണ്ട സ്ത്രീ മുന്നേറ്റങ്ങളില്‍ ഒന്നായി ഈ മുന്നേറ്റങ്ങളെ കാണേണ്ടതുണ്ട്. അത് ഫെമിനിസ്റ്റ് മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകുന്ന ഒന്നാണ്. ദുര്‍ബലമായ ഒരു ഭരണകൂടത്തിന്‍റെ തന്ത്രങ്ങളെ അത് തുറന്നു കാണിക്കുന്നു.
ശക്തമായ ഭരണകൂടം എന്ന മിഥ്യ
നിയന്ത്രണങ്ങള്‍ ശക്തമാക്കുന്ന ഒരു ഭരണകൂടം ശക്തമായിരിക്കും എന്ന മിഥ്യധാരണയെ പൊളിച്ചെഴുതുന്നതാണ് പുറത്തു നിന്ന് നോക്കുമ്പോള്‍ ദൃഢം (stringent) എന്ന് തോന്നുന്ന പൗരത്വ നിയമ ഭേദഗതി. ഈ ഭേദഗതി എങ്ങിനെയാണ് ഇന്ത്യന്‍ പൗരന്മാരെ ബാധിക്കുന്നതെന്നും, പല തരത്തില്‍ വേര്‍തിരിക്കുന്നതെന്നും ഇതിനകം ഒരു പാട് ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. എന്തുകൊണ്ടാണ് നിര്‍ദ്ദയമായ നിയമങ്ങള്‍ കൊണ്ടുവരുന്ന ഒരു ഭരണകൂടത്തെ ദുര്‍ബലം എന്ന് വിശേഷിപ്പിക്കേണ്ടി വരുന്നത്? പൗരത്വം തെളിയിക്കാന്‍ രേഖകള്‍ ആവശ്യപ്പെടുന്ന ഒരു ഭരണകൂടം അധികാരക്കൊതിയും മുന്‍വിധിയും നിറഞ്ഞ ഉദ്യോഗസ്ഥഭരണ ശൃംഖലകള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് കൂടുതല്‍ ഹിംസകള്‍ ഉണ്ടാക്കുന്നതായിരിക്കും വരും കാലങ്ങളില്‍ കാണാന്‍ കഴിയുക. ആ ഹിംസാത്മകത ആയിരിക്കും ദുര്‍ബല ഭരണകൂടത്തിന്‍റെ ഭരണതന്ത്രം. അതിന്‍റെ പരിണതഫലം അങ്ങേയറ്റം അപകടകരവും ആയിരിക്കും. അത് എളുപ്പത്തില്‍ ബാധിക്കുന്നതു പാര്‍ശ്വവല്‍ക്കരിക്കപെട്ട ജനതയെയാണ്. അതുകൊണ്ടുതന്നെ ഇന്ന് സ്ത്രീകള്‍ ഏറ്റെടുത്ത പൗരത്വനിഷേധത്തിനെതിരെയുള്ള സമരം ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്നതില്‍ പ്രധാനമാണ്.
ബിന്ദു ലക്ഷ്മി പി.
അസോസിയേറ്റ് പ്രൊഫസര്‍,
സെന്‍റര്‍ ഫോര്‍ വിമന്‍സ് സ്റ്റഡീസ്,
റ്റാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
സോഷ്യല്‍ സയന്‍സ്, മുംബൈ
COMMENTS