ഫാബിയോള ജനോട്ടി; കണഭൗതികത്തിലെ വിസ്മയ വനിത

Homeശാസ്ത്രം

ഫാബിയോള ജനോട്ടി; കണഭൗതികത്തിലെ വിസ്മയ വനിത

സീമ ശ്രീലയം

കണഭൗതികത്തില്‍ വിസ്മയങ്ങള്‍ വിരിയിച്ചുകൊണ്ടിരിക്കുന്ന തുരങ്ക പരീക്ഷണശാലയാണ് സ്വിസ്സ് ഫ്രാന്‍സ് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ സ്ഥിതി ചെയ്യുന്ന ലാര്‍ജ് ഹാഡ്രോ കൊളൈഡര്‍. ദ്രവ്യത്തിനു പിണ്ഡം എന്ന ഗുണം നല്‍കുന്ന ഹിഗ്ഗ്‌സ് ബോസോൺ എന്ന കണത്തെ കണ്ടെത്തിയത് ഇവിടെ നടന്ന കണികാ പരീക്ഷണത്തിലൂടെയാണ്. യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് (സേൺ) ആണ് വിസ്മയങ്ങള്‍ വിരിയിച്ചുകൊണ്ടിരിക്കുന്ന കണികാ പരീക്ഷണത്തിനു മേല്‍നോട്ടം വഹിക്കുന്നത്. ഇപ്പോള്‍ സേണിന്റെ ഡയറക്റ്റര്‍ ജനറല്‍ ഒരു വനിതയാണ്. ഫാബിയോള ജനോട്ടി എന്ന കണഭൗതിക ശാസ്ത്രജ്ഞയാണത്. 2016ലാണ് ഫാബിയോള സേണിൻ്റെ ഡയറക്റ്റര്‍ ജനറല്‍ ആയി സ്ഥാനമേറ്റത്.


1960 ഒക്‌റ്റോബര്‍ 29 ന് ഇറ്റലിയിലാണ് ഫാബിയോളയുടെ ജനനം. കുട്ടിക്കാലത്തുതന്നെ പ്രകൃതിയിലെ വിസ്മയക്കാഴ്ചകള്‍ ഫാബിയോളയെ ഏറെ ആകര്‍ഷിച്ചിരുന്നു. മാതാപിതാക്കളാവട്ടെ മകളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. മാഡം ക്യൂറിയുടെ ജീവിതകഥ ഫാബിയോളയെ ഏറെ സ്വാധീനിച്ചു. ശാസ്ത്രഗവേഷണത്തില്‍ പുതിയ സാധ്യതകള്‍ തേടിയ ഫാബിയോള ജനോട്ടി മിലാന്‍ സര്‍വ്വകലാശാലയില്‍ നിന്നും 1989ല്‍ കണഭൗതികത്തില്‍ ഡോക്റ്ററേറ്റ് നേടി.1996ല്‍ ഫെല്ലോഷിപ്പോടെ സേണില്‍ ഗവേഷകയായ ഈ വനിത ചുരുങ്ങിയ കാലം കൊണ്ടു തന്നെ മികവു തെളിയിക്കുകയും മുഴുവന്‍ സമയ ഗവേഷകയാവുകയും ചെയ്തു. 2009ല്‍ പ്രോജക്റ്റ് ലീഡറായി സ്ഥാനക്കയറ്റം ലഭിച്ച ഫാബിയോള കണികാപരീക്ഷണത്തിലെ നിര്‍ണ്ണായക ചുവടായ അറ്റ്‌ലസ് പ്രോജക്റ്റിലും നിര്‍ണ്ണായക സാനിധ്യമായി. ഈ പരീക്ഷണത്തിലൂടെയാണ് ദൈവകണം എന്നു വിശേഷിപ്പിക്കപ്പെടുന്ന കാലങ്ങളായി ഭൗതിക ശാസ്ത്രജ്ഞരുടെ ഉറക്കം കെടുത്തിക്കൊണ്ടിരുന്ന ഹിഗ്ഗ്‌സ് ബോസോണിന്റെ കണ്ടെത്തല്‍ സാധ്യമായത്. 2012 ജൂലൈ 4 ന് ഈ വിസ്മയം ലോകത്തെ അറിയിച്ചതും ഫാബിയോള തന്നെ. ലാര്‍ജ് ഹാഡ്രോൺ കൊളൈഡര്‍ പരീക്ഷണം പ്രമേയമായ പാര്‍ട്ടിക്കിള്‍ ഫീവര്‍ എന്ന ഡോക്യുമെന്ററി ഫിലിമില്‍ അവര്‍ പ്രധാന റോള്‍ കൈകാര്യം ചെയ്യുകയും ചെയ്തു. അഞ്ഞൂറോളം പ്രസിദ്ധീകരണങ്ങളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് ഫാബിയോള.

പ്രധാനപ്പെട്ട നിരവധി അന്താരാഷ്ട്ര ശാസ്ത്ര കമ്മിറ്റികളിലും അംഗമാണ് ഈ ശാസ്ത്രജ്ഞ. പുരുഷ മേധാവിത്വം കൊടികുത്തിവാണിരുന്ന മേഖലയിലാണ് എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചുകൊണ്ട് ഫാബിയോള വെന്നിക്കൊടി പാറിച്ചത്. സുപ്രധാനമായ അറ്റ്‌ലസ് പ്രോജക്റ്റില്‍ വെറും 20 ശതമാനം മാത്രമായിരുന്നു വനിതാ ഗവേഷകരുടെ സാനിധ്യം. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഫാബിയോളയുടെ ഗവേഷണ മികവും നേതൃത്വ പാടവവും ശ്രദ്ധേയമായി. അങ്ങനെ സേണിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത ഡയറക്റ്റര്‍ ജനറല്‍ സ്ഥാനത്തെത്തി. 2011ല്‍ ഗാര്‍ഡിയന്‍ പത്രം ലോകത്തെ സ്വാധീനിച്ച വനിതകളെ തെരഞ്ഞെടുത്തപ്പോഴും 2012ല്‍ ടൈം മാഗസിന്റെ പേര്‍സണാലിറ്റി ഓഫ് ദ് ഇയറിലും 2018ല്‍ ബിബിസിയുടെ 100 വിമൺ ലിസ്റ്റിലുമൊക്കെ ഈ ശാസ്ത്രജ്ഞ ഇടം നേടി. ഇറ്റാലിയന്‍ ഗവമെന്റിന്റെ ഓര്‍ഡര്‍ ഓഫ് മെറിറ്റ്, എന്റിക്കോ ഫെര്‍മി പ്രൈസ്, നീല്‍സ് ബോര്‍ ഇന്‍സ്റ്റിറ്റിട്യൂട്ട് മെഡല്‍ തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങളും ഫാബിയോളയെ തേടിയെത്തി.



സീമ ശ്രീലയം

പ്രമുഖ ശാസ്ത്ര ലേഖിക,
നിരവധി ബഹുമതികള്‍ക്ക് ഉടമ

COMMENTS

COMMENT WITH EMAIL: 0