പൗരത്വവും ലിംഗഭേദവും

Homeഅതിഥിപത്രാധിപക്കുറിപ്പ്

പൗരത്വവും ലിംഗഭേദവും

ഉമ്മുല്‍ ഫായിസ

”പൗരാവകാശം എത് സ്വാതന്ത്ര്യത്തെക്കാളും നീതിയെക്കാളും മൗലികമായതാണ്”.

പൗരത്വത്തെയും അതിലൂടെ മാത്രം കൈവരുന്ന മൗലികാവകാശങ്ങളെയും കുറിച്ച് രാഷ്ട്രീയ തത്വചിന്തകയായ ഹന്നാ അരന്റിന്റെ നിരീക്ഷണമാണിത്. ആധുനിക ദേശരാഷ്ട്രങ്ങളുടെ രൂപീകരണത്തോടെ മനുഷ്യാവകാശവും പൗരാവകാശവും വേര്‍തിരിക്കാനാകാത്ത വിധം ഒന്ന് മറ്റൊന്നിനു മേല്‍ ചേര്‍ന്നിരിക്കുന്നുവെന്ന് അവര്‍ വാദിക്കുന്നു. ആധുനിക ദേശരാഷ്ട്ര വ്യവസ്ഥ നിര്‍ണയിക്കുന്ന ലോകക്രമത്തില്‍ പൗരത്വത്തിലൂടെ മാത്രമേ ഒരു വ്യക്തിയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുകപ്പെടുകയുള്ളൂ. അതായത് പൗരത്വം എന്നത് അവകാശങ്ങള്‍ ലഭിക്കുതിനുള്ള അവകാശമാണ്. അതിനാല്‍ രാഷ്ട്രരാഹിത്യവും ദേശീയതപദവി നഷ്ടപ്പെടുകയും ചെയ്യുന്നത് എല്ലാ മനുഷ്യാവകാശങ്ങളും നഷ്ടപ്പെടുന്നതിനു സമാനമാണ്. രാഷ്ട്രരഹിതര്‍ക്ക് പൗരാവാകാശം മാത്രമല്ല, മനുഷ്യാവകാശം കൂടിയാണ് ഇല്ലാതാകുന്നത്. മാത്രമല്ല, മനുഷ്യ പദവിയുടെ നഷ്ടം അവരെ മൃഗതുല്യമായ അവസ്ഥയിലെത്തിക്കുകയും വംശീയ ഉന്മൂലനത്തിനു പ്രാപ്തമാക്കുകയും ചെയ്യുന്നു. പൗരത്വവും അവകാശങ്ങളുമായി ബന്ധപ്പെട്ട ഈ കാഴ്ചപ്പാട് സമകാലിക ഇന്ത്യന്‍ സാഹചര്യം വിശകലനം ചെയ്യുമ്പോള്‍ പ്രധാനമാണ്.

പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക, ദേശീയ ജനസംഖ്യ പട്ടിക, ട്രാന്‍സ്ജെന്‍ഡര്‍ അവകാശ നിയമം, ഇന്ത്യന്‍ ഭരണഘടനയിലെ മുന്നൂറ്റി എഴുപതാം വകുപ്പ് ഒഴിവാക്കല്‍ തുടങ്ങി മത- ലിംഗ- ലൈംഗിക ന്യൂനപക്ഷ വിരുദ്ധവും മനുഷ്യാവകാശ വിരുദ്ധവും ജാതീയവും വംശീയവുമായ നിയമനിര്‍മ്മാണവും നടപടി ക്രമങ്ങളുമാണ് ഹിന്ദുത്വ ഭരണകൂടം ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുത്. പൗരത്വ നിഷേധത്തിലേക്കു നയിക്കുന്ന ഇത്തരം നടപടികള്‍ ഇന്ത്യയിലെ പാര്‍ശ്വവത്കൃതരായ സ്ത്രീകള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, മുസ്ലിംകള്‍, ദലിത് – ബഹുജന്‍ ആദിവാസി സമൂഹങ്ങള്‍, കാശ്മീരിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ജീവിക്കുന്നവർ തുടങ്ങിയ ജനവിഭാഗങ്ങളുടെ നിലനില്പിനാണ് പ്രത്യക്ഷത്തില്‍ തന്നെ ഭീഷണിയാകുന്നത്. പൗരാവകാശങ്ങള്‍ക്കായി നിരന്തരം പോരാടുകയും പൗരത്വത്തെയും അവകാശങ്ങളെയും നിരന്തരം പുനര്‍നിര്‍ണയിക്കുകയും ചെയ്യുന്ന ഈ വിഭാഗം ഒരേ സമയം ദേശരാഷ്ട്രത്തിനകത്തും പുറത്തും നില്‍ക്കുവരാണ്. നേരത്തെ തന്നെ ആധുനിക ദേശരാഷ്ട്രത്തിന്റെ അതിര്‍ത്തിയില്‍ ജീവിക്കുവരാണിവര്‍. അതിനാല്‍ പൗരന്മാരായിരിക്കുമ്പോള്‍ തന്നെ ഏത് സമയവും രാഷ്ട്രരഹിതരാക്കി പുറന്തള്ളപ്പെടാന്‍ വിധിക്കപ്പെട്ടവരാണ് ഈ വിഭാഗങ്ങള്‍. ഇത് പൂര്‍ണ്ണമായ പൗരാവകാശങ്ങള്‍ ഇല്ലാത്ത, വിവേചനം നേരിടുന്ന , ദേശ വിരുദ്ധരായി മുദ്രകുത്തപ്പെട്ട പൗരന്മാരില്‍ നിന്നും അവകാശങ്ങളും മനുഷ്യപദവിയും തന്നെ നിഷേധിക്കപ്പെടുന്ന ഭീകരമായ വംശഹത്യയിലേക്കാണ് ഈ ജനവിഭാഗങ്ങളെ കൊണ്ടെത്തിക്കുന്നത്.

ഇങ്ങനെ സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ പാര്‍ശ്വവത്കൃതരായ ലിംഗ-ലൈംഗിക-മത-ജാതി ന്യൂനപക്ഷ വിഭാഗങ്ങള്‍ പൗരത്വവുമായി ബന്ധപ്പെട്ടു അനുഭവിക്കുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും ലിംഗഭേദ വ്യവഹാരങ്ങളെ മുന്‍നിര്‍ത്തി അടയാളപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പതിപ്പ്.


അതോടൊപ്പം തന്നെ പ്രധാനമാണ് ഈ ജനവിഭാഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചെറുത്തുനില്‍പ്പുകളെയും പ്രതിരോധങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകള്‍. മനുഷ്യത്വ വിരുദ്ധവും വംശീയവുമായ നിയമ-ഭരണകൂട നടപടികള്‍ക്കെതിരെ ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യത്യസ്ത ലിംഗ-ലൈംഗിക-മത-ജാതി ന്യൂനപക്ഷങ്ങള്‍ ഐക്യദാര്‍ഢ്യപ്പെട്ടുകൊണ്ടും അല്ലാതെയും ഒക്കെ വ്യത്യസ്ത സമര മാതൃകകളിലൂടെ ചെറുത്തു നില്‍പ്പുകള്‍ നടത്തിയിരുന്നു. ഇത് മുഖ്യധാരാ ആഖ്യാനങ്ങളെ പുനര്‍നിര്‍ണയിക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല. അതിനാല്‍ പൗരത്വവും ലിംഗഭേദ വ്യവഹാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പ്രതിസന്ധികളും വെല്ലുവിളികളും വിശകലനം ചെയ്യുന്നതോടൊപ്പം തന്നെ അതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന പ്രതിരോധങ്ങളും പോരാട്ടങ്ങളും പ്രതിഷേധങ്ങളും കൂടി ഈ ചര്‍ച്ചയുടെ ഭാഗമാണ്. ഇവിടെ രേഖപ്പെടുത്തിയതിനേക്കാള്‍ വളരെ വിപുലവും സങ്കീര്‍ണവുമാണ് പൗരത്വവും ലിംഗഭേദവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ എന്ന് കൂടി ഓര്‍മ്മിപ്പിക്കട്ടെ. കൂടുതല്‍ ചര്‍ച്ചകള്‍ക്കും വിശകലങ്ങള്‍ക്കുമായി ഈ പതിപ്പ് വായനക്കാര്‍ ഏറ്റു വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

ഉമ്മുല്‍ ഫായിസ
പി.എച്ച്.ഡി. ഗവേഷക
സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സ്റ്റഡീസ്
ജെ.എന്‍,യു

 

COMMENTS

COMMENT WITH EMAIL: 0