ജനാധിപത്യം ആണിന്റേത്  മാത്രമല്ല

Homeഅതിഥിപത്രാധിപക്കുറിപ്പ്

ജനാധിപത്യം ആണിന്റേത് മാത്രമല്ല

സുൽഫത്ത് എം.

നസംഖ്യയിലും, വോട്ടർമാരിലും പകുതിയിലധികം വരുന്ന സ്ത്രീകളുടെ നിയമനിർമ്മാണ സഭകളിലെ പ്രാതിനിധ്യം കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ പരിഗണനാ വിഷയം പോലും ആകാറില്ലെന്നത് ആധുനിക ജനാധിപത്യ സമൂഹത്തിന്
അപമാനകരമാണ്. പാർട്ടികളുടെ നയരേഖകളിലും തെരഞ്ഞെടുപ്പ്
മാനിഫെസ്റ്റോയിലുമൊക്കെ അവർ പറയുന്ന തുല്യനീതിയും സ്ത്രീപുരുഷ സമത്വവുമൊക്കെ ഏട്ടിലെ പശുവാണിപ്പോഴും. 2019ലെ
കണക്കുകൾ  പ്രകാരം നിയനിർമ്മാണ സഭകളിലെ സ്ത്രീ പ്രാതിനിധ്യത്തിൻ്റെ കാര്യത്തിൽ 191 ലോകരാജ്യങ്ങളിൽ 149-ആം  സ്ഥാനത്താണ് ഇന്ത്യ.

ഭരണഘടനയിൽ തന്നെ സ്ത്രീ സംവരണം എഴുതിചേർത്തു കൊണ്ടാണ് റുവാണ്ടയും ഏത്യോപ്യയും പോലുള്ള രാജ്യങ്ങൾ സ്ത്രീ പ്രാതിനിധ്യം അറുപതു ശതമാനത്തിലും മേലെ ഉയർത്തിയത്. നിയമനിർമ്മാണങ്ങളിലൂടെയും രാഷ്ട്രീയ പാർട്ടികൾ നിശ്ചിതസീറ്റുകൾ സ്ത്രീകൾക്ക് മാറ്റിവെച്ചുകൊണ്ടുമാണ് അന്‍പതു ശതമാനത്തിലേക്ക് സ്ത്രീ പ്രാതിനിധ്യം മറ്റ് രാജ്യങ്ങളും ഉയർത്തിയത്.
ട്രാന്‍സ്ജെന്‍ഡർ  പ്രാതിനിധ്യവും ഈ രീതിയിൽ ബോധപൂർവ്വമായ ശ്രമങ്ങളിലൂടെ നിയമനിർമ്മാണ സഭകളിൽ എത്തേണ്ടതുണ്ട്.

2010 മാർച്ചിൽ രാജ്യസഭയിൽ പാസ്സായിട്ടും വനിതാ സംവരണബിൽ ലോകസഭയിൽ പാസാകാതിരിക്കുന്നത് രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ഈ വിഷയത്തിൽ ഇച്ഛാശക്‌തി ഇല്ലാത്തതുകൊണ്ട് മാത്രമാണ്. മുപ്പത്തിമൂന്നു ശതമാനം സംവരണത്തെ എതിർക്കുന്നവർ ആവശ്യപ്പെടുന്ന സംവരണത്തിനുള്ളിലെ സംവരണം ബാക്കി എഴുപത്തിയേഴു ശതമാനത്തിൽ ആവശ്യപ്പെടാത്തതെന്തുകൊണ്ടാണ്? ദളിത് സംവരണം നിലനിൽക്കുന്ന മണ്ഡലങ്ങളിലെ തുല്യപ്രാതിനിധ്യവും പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഉയർന്ന തൊഴിൽമേഖലകളിലും നീതി നിർവഹണ സഭകളിലും നയരൂപീകരണ സമിതികളിലുമെല്ലാം സ്ത്രീ-ട്രാൻസ്ജെൻഡർ, ദളിത് പ്രാതിനിധ്യങ്ങൾ തുല്യപ്രാതിനിധ്യത്തിലേക്ക് ഉയരേണ്ടതുണ്ട്. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഇന്ന് വരെ ഏഴു സ്ത്രീകളാണ് ജഡ്ജിമാരായിട്ടുള്ളത്. സ്ത്രീ പ്രാതിനിധ്യം ഇല്ലാത്ത ഒമ്പത് ഹൈക്കോടതികളും ഇന്ന് രാജ്യത്തുണ്ട്.

സ്ത്രീകൾ  അധികാരസ്ഥാനങ്ങളിൽ വരുമ്പോൾ പുരുഷാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഗാർഹിക സാമൂഹ്യഘടനയിലും പൊളിച്ചെഴുത്ത് വേണ്ടി വരുമെന്നും സാമൂഹ്യവൽക്കരിക്കപ്പെടുന്ന സ്ത്രീ ഗാർഹികാടിമത്തത്തിൽ നിന്ന് മോചനം നേടുമെന്നും ആൺകോയ്മ ഭയപ്പെടുന്നുണ്ട്. അധികാരത്തിൽ നിന്ന് സ്ത്രീകളെ ബോധപൂർവ്വം മാറ്റി നിർത്തുന്ന രാഷ്ട്രീയ  കുറ്റകൃത്യം മറച്ചുവെച്ചുകൊണ്ട്  മൗനം പാലിക്കാന്‍ രാഷ്ട്രീയ  നേതൃത്വങ്ങൾക്ക് കഴിയുന്നത് അതുകൊണ്ടാണ്. ലിംഗസമത്വവും തുല്യനീതിയും അംഗീകരിച്ചുകൊണ്ട് അധികാരസ്ഥാനങ്ങൾ പങ്കുവെക്കപ്പെടുകയാണെങ്കിൽ  തങ്ങൾ കയ്യടക്കിവെച്ചിരിക്കുന്ന അധികാരങ്ങൾ നഷ്ടപ്പെടുമെന്ന ഭയം മറികടക്കാന്‍ രാഷ്ട്രീയ നേതാക്കൾക്കാവണം. ആൺകോയ്മാ സമൂഹത്തിൽ നിന്ന് തുല്യനീതിയിലേക്കുള്ള യാത്രയിലാണ് ലോകം. തുല്യപ്രാതിനിധ്യം എന്ന വിഷയം ഏറെ ഉച്ചത്തിൽ ഉയർന്നുവരേണ്ട വേളയിൽ നാം നിശബ്ദമായിരുന്നുകൂടാ.

സംഘടിതയുടെ ഈ ലക്കം ജനാധിപത്യത്തിലെ ജനങ്ങൾ സ്ത്രീയും പുരുഷനും ലൈംഗിക ന്യൂനപക്ഷങ്ങളുമെല്ലാം ഉൾപ്പെട്ടതാണെന്നും അധികാരസ്ഥാനങ്ങളിലെ അവരുടെ പങ്കാളിത്തവും ജനാധിപത്യരീതിയിലായിരിക്കണമെന്നും ഓർമ്മിപ്പിക്കുകയാണ്.

 

 

സുൽഫത്ത് എം.

സ്ത്രീ അവകാശ പ്രവർത്തക 

COMMENTS

COMMENT WITH EMAIL: 0