മാര്‍ച്ച് മാസം വര്‍ഷാവസാനത്തിന്‍റേയും പരീക്ഷാചൂടിന്‍റേയും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പരീക്ഷകള്‍ ഓണ്‍ലൈന്‍ ഓഫ് ലൈന്‍ അനിശ്ചിതത്വത്തിന്‍റേയും കോവിഡ് 19 എന്ന മഹാമാരി കൂടുതല്‍ ആളുകളില്‍ വ്യാപിച്ച് അത് സ്വാഭാവികമായി ജനങ്ങള്‍ സ്വീകരിച്ചു കൊണ്ടിരിക്കുമ്പോഴും കോവിഡാനന്തര ആരോഗ്യ-സാമ്പത്തിക-സാമൂഹ്യ പ്രശ്നങ്ങളുടെ പ്രതിസന്ധിയിലാണ് എല്ലാവരും.
കെ റെയിലിന്‍റെ ഭാഗമായി സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമ്പോള്‍ കിടപ്പാടവും ഉപജീവനവും നഷ്ടപ്പടുന്നതിന്‍റെ ഭയാശങ്കകളിലും എന്‍റോസള്‍ഫാന്‍ കീടനാശിനി തളിച്ചതിന്‍റെ ഭാഗമായി ഉണ്ടായ ദുരിതങ്ങളുടെ പരിഹാരത്തിനായി സമരങ്ങള്‍ ആവര്‍ത്തിച്ച് ചെയ്യേണ്ടിവരുന്നതിന്‍റെ നോവിന്‍റേയും. റഷ്യ ഉക്രൈനെ ആക്രമിച്ചുകൊണ്ടുള്ള യുദ്ധം സുഹൃത്തുക്കളടക്കം നിരവധി പേര്‍ ഇതിനിടയില്‍ കുരുങ്ങികിടക്കുന്നതിലെ ഭയത്തിന്‍റേയും ഇതിന്‍റെ ഫലമായി ഇനിയും ഉയരാനിരിക്കുന്ന വില കയറ്റത്തിന്‍റേയും നാം തൊട്ടും കണ്ടും വായിച്ചും അറിഞ്ഞതും അറിയാത്തതുമായ നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങളുടേയും കൊലപാതകങ്ങളുടേയും, നീതിന്യായ സംവിധാനങ്ങളില്‍ നിന്നു പോലുമുണ്ടാകുന്ന നീതി നിഷേധങ്ങളുടേയും എല്ലാം സങ്കീര്‍ണ്ണമായ മാനസീകവസ്ഥയിലാണ് നാം.
ഈ മാസത്തെ സംഘടിതയുടെ ഗസ്റ്റ് എഡിറ്റര്‍ ജോലി അപ്രതീക്ഷിതമായി പെട്ടെന്ന് ഏറ്റെടുത്തതാണ്. അതുകൊണ്ടുതന്നെ വേണ്ടത്ര മുന്‍കരുതലുകള്‍ ഇല്ല. മാര്‍ച്ച് എട്ടാം തീയതി വനിതാദിനം ആണ്. കാലഘട്ടത്തിന്‍റെ മാറ്റത്തിനനുസരിച്ച് സ്ത്രീകളുടെ ജീവിതത്തിനും ശൈലിക്കും എല്ലാരംഗത്തും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പൊതു ഇടങ്ങളില്‍ സ്ത്രീകളുടെ സാന്നിധ്യം വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ കാലങ്ങള്‍ പിന്നിടുമ്പോഴും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, നമ്മള്‍ അവസാനിപ്പിച്ചു എന്ന് വിചാരിക്കുന്ന വിലക്കുകളും അതിക്രമങ്ങളും പോലും പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും വന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജീവിതത്തിലെ എല്ലാ മേഖലകളിലും സ്ത്രീകളുടെ അവസ്ഥ ഒന്ന് അവലോകനം ചെയ്യാന്‍ ശ്രമിക്കുകയാണ്. രാഷ്ട്രീയം, പ്രസ്ഥാനങ്ങള്‍, സാഹിത്യം, സംസ്കാരം, സാങ്കേതികവിദ്യ, കുടുംബം ഇങ്ങനെ ജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും എവിടെയാണ് സ്ത്രീ ഇന്ന് എത്തിനില്‍ക്കുന്നത്. ഇതെല്ലാം ഒരേ ജീവിതത്തിന്‍റെ വ്യത്യസ്ത വശങ്ങളാണ്; പരസ്പര ബന്ധിതമാണ്. അവസ്ഥയുടെ കാരണങ്ങളും ഫലങ്ങളുമാണ് .
COMMENTS