രണ്ടായിരത്തിമുപ്പതില് സുസ്ഥിര വികസനം കൈവരിക്കാന്‍ പതിനേഴ് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നവരാണല്ലോ നാം. 2022 ലെ ഐക്യരാഷ്ട്രസഭയുടെ സൂത്രവാക്യം തന്നെ ‘നാളത്തെ സുസ്ഥിരവികസനത്തിന് ഇന്ന് ലിംഗസമത്വം’ എന്നാണല്ലോ.
യുദ്ധഭൂമിയില്‍ പെട്ട സ്ത്രീകളുടെ കാര്യത്തില്‍, ഈ പതിനേഴ് ലക്ഷ്യങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ ഇന്ന് അവരുടെ ജീവിതത്തില്‍ എങ്ങനെ അനുഭവപ്പെടുന്നു എന്ന് നോക്കാം. ഭക്ഷണവും വെള്ളവും ഇല്ല. ബങ്കറിലെ പ്രസവം.. സ്ത്രീകള്‍ക്കാണല്ലോ ശുചിത്വത്തിന്‍റെ കാര്യത്തില്‍ വെള്ളം ഏറെ ആവശ്യം. സാനിട്ടറി പാഡില്ലാതെ വിഷമിക്കുന്നവര്‍. നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളെ സംബന്ധിച്ചെടത്തോളം അവരുടെ പഠിപ്പിന്‍റെ കാര്യത്തില്‍ അനിശ്ചിതത്വം ആയി. ആണ്‍കുട്ടികള്‍ക്കും ഈ അവസ്ഥയുണ്ട്. പക്ഷെ നമുക്ക് ഊഹിക്കാം. പെണ്‍കുട്ടികളുടെ പഠിപ്പാണ് മുറിഞ്ഞ് പോകാന്‍ കൂടുതല്‍ സാധ്യത. ഒരു രാജ്യത്തെ ഊര്‍ജ്ജസ്രോതസ്സുകള്‍ തകര്‍ക്കുക എന്നതാണല്ലോ യുദ്ധത്തില്‍ ഒരു രാജ്യത്തെ ബാലഹീനപ്പെടുത്താന്‍ ഏറ്റവും ഫലപ്രദം. സ്വയം പ്രഖ്യാപിക്കുന്ന കര്‍ഫ്യൂ. തകര്‍ക്കപ്പെട്ടേക്കാവുന്ന ആണവനിലയം. യുദ്ധഭൂമികയില്‍ ഉണ്ടായിക്കാണുമോ ലൈംഗികാതിക്രമങ്ങള്‍?ഇനി ഉണ്ടാകുമോ? അനുഭവിക്കുന്നത് റഷ്യന്‍ വംശജ ആണെങ്കിലും ഉക്രയിന്‍ വംശജ ആണെങ്കിലും അതുളവാക്കുന്ന ഭീകര പ്രത്യാഘാതങ്ങള്‍ ഒന്ന് തന്നെയല്ലേ? എത്രയോ വര്‍ഷങ്ങളുടെ കഠിനാദ്ധ്വാനത്തിന്‍റെ ഫലമായ വസ്തു വകകള്‍ ആണ് ഒരു ഞൊടിയിടയില്‍ കത്തി ചാമ്പലാവുന്നത്.
അതിസങ്കീര്‍ണമായ വലക്കണ്ണിപോലെ വര്‍ത്തിക്കുന്ന സാമ്പത്തികവും വിവരവിനിമയപരവും ആയ ശൃംഖലകളും തകര്‍പ്പെടുന്നു. സൈബര്‍ ആക്രമണമാണ് അത്യന്താധുനിക ആയുധം. യുദ്ധത്തില്‍ ഒരു വിധത്തിലും കാരണക്കാരല്ലാത്തവരും ഇതിന്‍റെ തിക്തഫലം ഏറ്റു വാങ്ങേണ്ടി വരുന്നു. സാമ്പത്തികഉപരോധം വഴി നാണയങ്ങളുടെ വിലയിടിയുന്നു. വ്യവസായവും തൊഴിലും അവതാളത്തിലാവുന്നു. യുദ്ധപൂര്‍വ കാലത്ത് നില നിന്നിരുന്ന അസമത്വങ്ങള്‍ വീണ്ടും വര്‍ദ്ധിക്കുന്നു. പലപ്പോഴും സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ സ്ത്രീകളുടെ ആവശ്യങ്ങളാണ് പിന്തള്ളപ്പെടുന്നത് , ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം ഒക്കെ. യുദ്ധത്തില്‍ ജയിച്ച രാജ്യത്തിലേയും , തോറ്റ രാജ്യത്തിലേയും മറ്റെല്ലാ രാജ്യങ്ങളിലേയും. സത്യത്തില്‍ യുദ്ധത്തില്‍ ജയവും തോല്‍വിയും ഉണ്ടോ? ഉണ്ടാവുന്നത് എല്ലാവരുടെയും പരാജയം അല്ലേ? സുസ്ഥിര നഗരങ്ങളും സമൂഹങ്ങളും ലക്ഷ്യമിട്ട നമ്മള്‍ സര്‍വ നാശം കണ്ട് അമ്പരക്കുന്നു. ഒത്തൊരുമയോടെ ജീവിച്ചു വന്ന ജനങ്ങള്‍ ചിതറുന്നു. ഇന്നലെ വരെ മിത്രങ്ങളായവര്‍ ഇന്ന് ശത്രുക്കള്‍ ആവുന്നു. അഭയാര്‍ഥികള്‍ പെരുകുന്നു. വനിതാ അഭയാര്‍ഥികളുടെ കാര്യമാണ് കൂടുതല്‍ കഷ്ടം. തങ്ങളുടെ ഉയിര് കൊടുത്തു പരിരക്ഷിച്ച മക്കളും മറ്റും ജീവിച്ചിരിക്കുന്നോ എന്നുപോലും അറിയാതെ അല്ലെങ്കില്‍ മുമ്പില്‍ പിടഞ്ഞു വീഴുന്നത് കണ്ടു കൊണ്ട് ഓടിപ്പോന്നവര്‍ ചിലര്‍. അഭയാര്‍ഥികള്‍ പലരും ജീവിത കാല സമ്പാദ്യമത്രയും ഉപേക്ഷിച്ചിട്ടാണ് എത്തുന്നത്. അഭയം കൊടുക്കുന്ന ചിലരെങ്കിലും പകരം അവകാശ ബോധത്തോടെ അവരുടെ ശരീരം കവരുന്നു. മരിക്കുന്നത് ഉക്രൈന്‍കാരായാലും റഷ്യാക്കാരായാലും പിടക്കുന്നത് അമ്മമാരുടെ, ഭാര്യമാരുടെ ഹൃദയങ്ങളാണ് .അനാഥരാവുന്നത് മനുഷ്യക്കുഞ്ഞുങ്ങളാണ്. ചലിക്കുന്ന ക്രിമട്ടോറിയം ആണ് പട്ടാളക്കാര്‍ക്ക് അകമ്പടി സേവിക്കുന്നത്. മരിച്ച പട്ടാളക്കാരുടെ എണ്ണം പുറത്താവരുതല്ലോ. അന്ത്യോപചാരങ്ങള്‍ക്ക് പോലും അവസരം നിഷേധിച്ചു കൊണ്ടുള്ള നൃശംസത. ഇതിനിടയില്‍ മരിച്ചു വീഴുന്ന സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധരും വികലാംഗരും. ഇതാണോ സുസ്ഥിരവികസനത്തില്‍ പറയുന്ന wellbeing?
യുദ്ധം ആര്‍ക്കു വേണ്ടി? വിഷലിപ്തമായ പൗരുഷഭാവത്തിന്‍റെ ആഘോഷമാണോ ഈ യുദ്ധം? മസില്‍ പെരുപ്പിച്ചും, മൃഗങ്ങള്‍ ആയി മല്ലിട്ടും, ജൂഡോ ചെയ്തും, ആഴക്കടലില്‍ മുങ്ങിയും രാജ്യത്തിന്‍റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ജന്മമെടുത്ത ഒരു രക്ഷകന്‍റെ ഈഗോ ആണോ ഇത്? പതിനെട്ടാം നൂറ്റാണ്ടിലെ സാമ്രാജ്യത്വത്തിന്‍റെ തരിച്ചു വരവോ ഇത്? പഴയ ഒത്തുതീര്‍പ്പുകള്‍ മറന്ന് കിഴക്കോട്ട് കിഴക്കോട്ട് വികസിച്ചു കൊണ്ടിരിക്കുന്ന നാറ്റോ കൂട്ടുകെട്ടുകള്‍ ഉയര്‍ത്തുന്ന അരക്ഷിതാവസ്ഥയോ? നുക്ലിയര്‍ ബോംബിന്‍റെ പ്രയോഗം മാത്രമല്ല, അതിന്‍റെ ഭീഷണി ഉയര്‍ത്തുന്നതും തെറ്റാണ്, ഗാര്‍ഹികപീഡനത്തില്‍ എന്ന പോലെ തന്നെ. സ്ത്രീകള്‍ക്ക് ഈ അന്താരാഷ്ട്രനിയമം പെട്ടെന്നു മനസ്സിലാകും. കടലിനടിയിലെ ജീവന്‍ സുസ്ഥിര വികസനത്തില്‍ പ്രധാനപ്പെട്ടതാണ്.കരിങ്കടല്‍ അതിര്‍ത്തികളിലെ രാജ്യങ്ങള്‍ നാറ്റോ അംഗങ്ങള്‍ ആയിമാറിയപ്പോള്‍ അതിന്‍റെ ഗര്‍ഭത്തില്‍ പേറുന്ന ജീവികളെപ്പറ്റി ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? തന്ത്ര പ്രധാനമായ കടല്‍ എന്നത് മാത്രമായി ഇപ്പോള്‍ അതിന്‍റെ പ്രസക്തി. അയല്‍രാജ്യങ്ങള്‍, കാല്‍ ചവിട്ടി നിന്ന് വെടിവെക്കാന്‍ ഉതകുന്ന ഭൂമി മാത്രം. അവിടെയുള്ളത് കാടാണോ, സംരക്ഷണം അര്‍ഹിക്കുന്ന പരിസ്ഥിതിലോല പ്രദേശമാണോ, ജൈവ വൈവിധ്യം ഉള്ള സ്ഥലമാണോ എന്നൊക്കെ ആര്‍ക്കറിയണം?
യുദ്ധത്തിന്‍റെ വില ആരാണ് കൊടുക്കേണ്ടത് എന്ന് നമുക്ക് വ്യക്തം.
ഈ കാര്‍മേഘങ്ങള്‍ക്കിടയിലും ഉണ്ട് വെള്ളിരേഖകള്‍. യുദ്ധമുഖത്ത് പോകേണ്ടി വന്ന ഉക്രൈന്‍കാരന്‍റെ ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും വിട്ടു നാട്ടിലേക്കില്ല എന്ന് വാശിപിടിച്ച മലയാളി പെണ്‍കുട്ടി, നാട്ടിലേക്കു എത്തപ്പെട്ടെങ്കിലും ഉക്രൈനില്‍ പെട്ടുപോയ സുഹൃത്തുക്കളപ്പറ്റി ആകുലപ്പെടുന്ന കൂട്ടുകാര്‍, രക്ഷാ പ്രവര്‍ത്തനത്തില്‍ സര്‍വാത്മനാ ഏര്‍പ്പെടുന്ന പ്രവര്‍ത്തകര്‍.
വേണ്ടേ നമുക്ക് തീരുമാനങ്ങളില്‍ ജനാധിപത്യം? തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ കയറി, സ്ഥാപനങ്ങളെ എല്ലാം നോക്കുകുത്തികളാക്കി ഒരു ഫാഷിസ്റ്റ് ഭരണക്രമം കാഴ്ച വെക്കുന്ന ഒരു ഭരണക്രമത്തിനു ബദലായി , പാര്‍ലമെന്‍റില്‍ ഒരു ജൈവ വൈവിധ്യം ഒക്കെ വേണ്ടേ? പാലൂട്ടുന്ന അമ്മമാരും, കൈക്കുഞ്ഞുങ്ങളെ കൊണ്ടുവരുന്ന പുരുഷന്മാരും ഉള്ള പാര്‍ലമെന്‍റുകളും ഉണ്ട് ഈ ലോകത്തില്‍ , മനുഷ്യ സൗഹൃദമായവ . ഇത്തരും ഒരു നിയമ നിര്‍മാണ സംവിധാനത്തില്‍ ഇരുന്നു നുക്ലിയര്‍ ബോംബ് ഇടുന്നതിനെ പറ്റി ചര്‍ച്ച ചെയ്യാന്‍ പറ്റുമോ? സമാധാനവും നീതിയും വേണം. എല്ലാ രാജ്യങ്ങളും ഒരുമിച്ചു നിന്ന് നമ്മുടെ ഈ ‘common home ‘ ന്‍റെ സുസ്ഥിരതക്ക് വേണ്ടി ചെയ്യാനുണ്ട് ഏറെ. തീര്‍ന്നിട്ടില്ല ആ മഹാമാരി. IPCC ( Inter Governmental Panel on Climate Change ) നമുക്ക് ബഹുമുഖദുരന്തത്തെപ്പറ്റി മുന്നറിയിപ്പ് തന്നിരിക്കുകയാണ്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ പറഞ്ഞത് ഓര്‍ക്കാം ‘I know not with what weapons World War III will be fought, but World War IV will be fought with sticks and stones’. സമാധാനത്തിനു വേണ്ടിയുള്ള തീവ്രയജ്ഞമാണ് ഇനി വേണ്ടത് . യുദ്ധക്കെടുതി ഏറ്റവും ബാധിക്കുന്ന സ്ത്രീകളുടെ നേതൃത്വത്തോടെ, അല്ലെങ്കില്‍ തുല്യ പങ്കാളിത്തത്തോടെ എങ്കിലും. സുസ്ഥിര വികസനം സാധ്യമാകണമെങ്കില്‍, സ്ത്രീകളുടെ ജീവിതാനുഭവങ്ങളില്‍ കൂടി യുദ്ധവും സമാധാനവും മനസ്സിലാക്കിയാലേ പറ്റൂ. സ്ത്രീ പുരുഷ തുല്യത ഇല്ലെങ്കില്‍ ഈ മനസ്സിലാക്കല്‍ സാധിക്കുകയും ഇല്ല.
COMMENTS