അസം, പശ്ചിമബംഗാൾ, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങൾ നിയമ നിർമാണസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്‍റെ ചൂടിലാണ്. ജനാധിപത്യ മൂല്യങ്ങളും ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളും അനുദിനം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലെ പൊതു തിരഞ്ഞെടുപ്പ് എന്ന നിലയിൽ ഓരോ പൗരനും ഈ തിരഞ്ഞെടുപ്പിനെ പതിവിലും ഗൗരവത്തോടെ കാണേണ്ടതുണ്ട്. കേരള നിയമ നിർമാണ സഭയിലേക്കുള്ള പതിനഞ്ചാമത് തിരഞ്ഞെടുപ്പാണ് ഏപ്രിൽ ആറാം തീയതി നടക്കാനിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ, പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു സ്ത്രീപക്ഷ വായന മുന്നോട്ട് വയ്ക്കാനാണ് ഈ ലക്കം സംഘടിതയിലൂടെ ശ്രമിക്കുന്നത്.
സ്ത്രീ – പുരുഷ സമത്വം എന്ന ആശയവുമായി, പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കയിലാണ് ലിബറൽ ഫെമിനിസം രൂപംകൊള്ളുന്നത്. ഭരണകൂടത്തിൻറെ മുന്നിൽ തുല്യ അവകാശമുള്ള പൗരന്മാരായി സ്ത്രീകളെ കണക്കാക്കുന്നതോടൊപ്പം സ്ത്രീകളുടെ വോട്ടവകാശത്തിനും വിദ്യാഭാസത്തിനും വേണ്ടി ലിബറൽ ഫെമിനിസം നിലകൊണ്ടു. ഭരണഘടനാപരമായ വിവേചനങ്ങൾ അവസാനിപ്പിക്കുന്നതിലൂടെ സ്ത്രീ – പുരുഷ സമത്വം ഒരു പരിധിവരെ ഉറപ്പാക്കാനാവുമെന്ന കാഴ്ചപ്പാടാണ് ഇവിടെ മുന്നോട്ട് വെച്ചത്. പൊതു – സ്വകാര്യ ഇടവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സജീവമാവുന്നത് ഇക്കാലയളവിലാണ്. സ്ത്രീകളുടെ പ്രവർത്തന മേഖല പൂർണമായും വീട്ടകങ്ങളിൽ ഒതുങ്ങുകയും പൊതുഇടങ്ങൾ, രാഷ്ട്രീയ – അധികാര വിനിമയം നടക്കുന്ന ഇടങ്ങൾ, പുരുഷൻറെ മാത്രം ഇടങ്ങളായി നിർവചിക്കപെടുകയും ചെയ്തിരുന്നു. എന്നാൽ ഈ വേർതിരിവിനെ മറികടക്കാനാണ് ലിബറൽ ഫെമിനിസം ശ്രമിച്ചത്. പൊതു – സ്വകാര്യ വേർതിരിവ് മറികടക്കാൻ ഭരണകൂടം സ്ത്രീകളെ തുല്യ പൗരന്മാരായി കണ്ട് തുല്യ അവകാശങ്ങൾ ഉറപ്പാക്കണം. സ്ത്രീകളുടെ വോട്ടവകാശം സ്ത്രീ – പുരുഷ സമത്വത്തിലേക്കുള്ള ആദ്യ പടിയായിരുന്നു.
അവിടെ നിന്നും നമ്മൾ ഒരുപാട് മുന്നേറി. വോട്ടവകാശത്തിൽ നിന്നും രാഷ്ട്രീയ ഇടപെടലിലേക്കും സ്ഥാനാർത്ഥിത്വത്തിലേക്കും രാഷ്ട്രീയ പങ്കാളിത്തത്തിലേക്കും കുതിച്ചു. ബ്രിട്ടീഷ് ഇന്ത്യയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിക്കും മുൻപ് തിരുവിതാം കൂറിലും കൊച്ചിയിലും ഇത് ലഭിച്ചിരുന്നു എന്ന് ജെ. ദേവിക ചൂണ്ടികാട്ടുന്നു. ഒരു നിശ്ചിത കരം സർക്കാരിലേക്കടയ്ക്കുന്ന സ്ത്രീ – പുരുഷന്മാർക്ക് വോട്ടവകാശം ലഭിച്ചിരുന്നു . എന്നാലിത് സ്വന്തമായി ഭൂസ്വത്തുള്ള സവർണരിൽ മാത്രം ഒതുങ്ങി നിന്നതായി കാണാം. ഇതോടൊപ്പം തന്നെ തിരു – കൊച്ചി ജനപ്രതിനിധി സഭകളിൽ അംഗമാകാനുള്ള അവകാശം 1922 ൽ സ്ത്രീകൾക്ക് ലഭിച്ചു. എന്നാൽ ഈ കാലയളവിൽ എല്ലാം തന്നെ കേരളത്തിലെ കീഴ്ജാതിക്കാർ വലിയ തോതിലുള്ള പൗരാവകാശ നിഷേധത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയിൽ സ്ത്രീകൾക്ക് തുല്യമായ വോട്ടവകാശം ലഭിച്ചെങ്കിലും, ആദ്യമായി സ്ത്രീ സംവരണം നിലവിൽ വരുന്നത് 1992 ൽ ത്രിതല പഞ്ചായത്ത് സംവിധാനത്തിലേക്കുള്ള തിരഞ്ഞെടുപ്പിലൂടെയാണ്. സ്ത്രീകളെ ഭരണ പ്രക്രിയയുടെ ഭാഗമായി കാണാൻ ഇന്ത്യ റിപ്പബ്ലിക്കായതിന് ശേഷം 42 വർഷങ്ങൾ വേണ്ടിവന്നു. കേരളത്തിൽ 2009 ൽ ത്രിതല പഞ്ചായത്ത് സംവിധാനത്തിലേക്കുള്ള സ്ത്രീ സംവരണം അൻപത് ശതമാനമായി ഉയർത്തി. ഇന്ന് നമ്മുടെ പഞ്ചായത്ത് ഭരണ നിർവഹണത്തിൽ അൻപത് ശതമാനത്തിലേറെ സ്ത്രീകളാണ്. വളരെ കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് പഞ്ചായത്ത് – മുനിസിപ്പാലിറ്റി തലത്തിൽ ഈ കാലയളവിൽ പ്രായഭേദമന്യേ സ്ത്രീ ജനപ്രതിനിധികൾ കാഴ്ചവെച്ചിട്ടുള്ളത്. എന്നാൽ അതിന് മുകളിലേക്കുള്ള ഴഹമ ൈരലശഹശിഴ തകർത്തെറിയാൻ വളരെ ചെറിയൊരു വിഭാഗത്തിന് മാത്രമാണ് സാധിച്ചിട്ടുള്ളത്. ലോക സഭയിലും സംസ്ഥാന നിയമ നിർമാണ സഭകളിലും 33 ശതമാനം വനിത പ്രാതിനിധ്യം ഉറപ്പാകുന്നതിനായുള്ള വനിതസംവരണ ബില്ല് പൊതുസമ്മതം ലഭിക്കാത്തതിനെ തുടർന്ന് രാജ്യസഭക്ക് പുറത്തേക്ക് വെളിച്ചം കണ്ടിട്ടുമില്ല.
ഇൻറ്റർ പാർലമെന്‍ററി യൂണിയനും യു എൻ വുമനും ചേർന്ന് പ്രസിദ്ധീകരിച്ച Women in Politics 2021′ എന്ന പഠനത്തിൽ ലോകത്തെ വിവിധ രാജ്യങ്ങളിലെ പാർലമെൻറ്റിലെ സ്ത്രീ സാന്നിധ്യത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. 61 ശതമാനത്തിലേറെ സ്ത്രീ പ്രാതിനിധ്യവുമായി റുവാണ്ടയും അൻപത്തി മൂന്ന് ശതമാനത്തിലേറെ പ്രാതിനിധ്യവുമായി ക്യൂബയും മുന്നിൽ നിൽകുമ്പോൾ പതിനാല് ശതമാനം മാത്രം പ്രാതിനിധ്യവുമായി 148 മത് സ്ഥാനത്താണ് ഇന്ത്യ. മന്ത്രിസഭ പദവി കൈയാളുന്ന സ്ത്രീകളുടെ കണക്കിലാകട്ടെ നൂറ്റി അറുപതാം സ്ഥാനത്താണ് ഇന്ത്യ. നിക്കരാഗ്വേ, ഓസ്ട്രിയ, ബെൽജിയം എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ഇന്ത്യയിലെ പിതൃമേധാവിത്വ സമൂഹവും ഭരണകൂടവും സ്ത്രീകളുടെ അധികാര കേന്ദ്രകളിലേക്കുള്ള കടന്ന് വരവിന് പല രീതിയിൽ തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരി ക്കുന്നു എന്ന് വേണം വിലയിരുത്താൻ .
ചരിത്രപരമായി അധികാര സ്ഥാനങ്ങൾ കയ്യാളിയിരുന്ന പുരുഷനും പിതൃമേധാവിത്വ വ്യവസ്ഥിതിയ്ക്കും അധികാര കൈമാറ്റം അലോസരപ്പെടുത്തുന്നതാണ്. അതിനാൽ തന്നെ അധികാര കേന്ദ്രങ്ങളിലേക്കും ഭരണ നിർവ്വഹണത്തിലേക്കുമുള്ള സ്ത്രീയുടെ കടന്നുവരന് തീരെ എളുപ്പമല്ല. ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ നിന്നും എത്ര സ്ത്രീകൾ മുഖ്യധാര രാഷ്ട്രീയത്തിലേക്കും അധികാര സ്ഥാനങ്ങളിലേക്കും എത്തുന്നുണ്ടെന്ന് പരിശോധിച്ചാൽ മാത്രം മതി ഇത് വ്യക്തമാവാൻ. കേരളത്തിലെ ജനസംഖ്യയുടെ അൻപത്തി രണ്ട് ശതമാനത്തോളം സ്ത്രീകളാണ്.2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കുകൾ പരിശോധിച്ചാൽ മനസിലാകും ഇതിൽ എഴുപത്തിയെട്ട് ശതമാനത്തിന് മേൽ സ്ത്രീകൾ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചിട്ടുണ്ടെന്നത്. അതേസമയം 2016 ൽ ആകെ 110 വനിതകൾ മത്സര രംഗത്ത് എത്തുകയും അതിൽ വെറും 8 പേർക്ക് മാത്രം വിജയം കൈവരിക്കാനാവുകയുമാണ് ഉണ്ടായത്. സ്ത്രീകളുടെ രാഷ്ട്രീയ പാർട്ടി അംഗത്വം, പാർട്ടി മീറ്റിങ്ങുകളിലെയും പ്രകടനങ്ങളിലെയും പൊതു പരിപാടികളിലെയും ദൃശ്യതയും നേതൃത്വവും എല്ലാം തന്നെ ഉയർന്നിട്ടുണ്ട്. എന്നാൽ മത്സര രംഗത്തേക്ക് എത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവില്ല. ഇതോടൊപ്പം എടുത്ത് പറയേണ്ട മറ്റൊരു കാര്യം വിജയ സാധ്യതയാണ്. വിജയ സാധ്യത ഉള്ള സീറ്റുകൾ വനിത നേതാക്കൾക്ക് കൈമാറ്റം ചെയ്യപെടുന്നതിൽ മിക്ക രാഷ്രീയ പാർട്ടികളും ഒരേ വിമുഖതയാണ് കാണിക്കുന്നത്. കേരളത്തിലെ പൊതു തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ ഇടതുപക്ഷ ജനാധിപധ്യ മുന്നണിയാണ് കൂടുതൽ സ്ത്രീകളെ മത്സര രംഗത്തേക്കും അധികാര സ്ഥാനങ്ങളിലേക്കും പരിഗണിച്ചിട്ടുള്ളത് എന്ന് കാണാനാവും. എന്നാൽ ഒരു പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിൽ നിന്നും ഇതിൽ കൂടുതൽ തുല്യമായ രാഷ്ട്രീയ – അധികാര പങ്കാളിത്തം പ്രതീക്ഷിക്കേണ്ടതാണ്.
രാഷ്ട്രീയത്തിലെ തുല്യ സ്ത്രീ പ്രാതിനിധ്യം സുപ്രധാനമാണ്. എന്നാൽ ‘സ്ത്രീ’ ഒരു ഏകതാനമായ വിഭാഗമല്ല. വ്യത്യസ്തമായ സാംസ്‌കാരിക – സാമൂഹിക – രാഷ്രീയ ബോധ്യവും അഭിപ്രായങ്ങളും ഓരോ വിഭാഗം സ്ത്രീകൾക്കും എന്നല്ല ഓരോ സ്ത്രീക്കുമുണ്ട്. അവയെ മുൻനിർത്തികൊണ്ട് മാത്രമേ രാഷ്ട്രീയത്തിലെ സ്ത്രീ പ്രാതിനിധ്യത്തെ വിശകലനം ചെയ്യാനാവൂ. സ്ത്രീകൾക്ക് മാത്രമായുള്ള ബസ്സ് എന്ന് പറയുന്ന ലാഘവത്തോടെ സ്ത്രീകളുടെ രാഷ്ട്രീയ പാർട്ടി എന്ന് പറയാനാകുമോ എന്നത് സംശയമാണ്. വർഗ്ഗീയ രാഷ്ട്രീയ പാർട്ടികളുടെ മുഖ്യ ആയുധങ്ങളും പ്രതീകങ്ങളും പലപ്പോഴും സ്ത്രീകളാണ് എന്നത് നാം കണ്ടിട്ടുണ്ട്. അവരെയാണ് ആചാരസംരക്ഷണത്തിനും തുടർന്നുള്ള അതിക്രമത്തിനും മുന്നിട്ടിറക്കുന്നത്. കുടുംബത്തിൻറെയും ദേശത്തിൻറെയും മാനവും ആചാരവും കാത്തുസൂക്ഷിക്കാൻ നിയോഗിക്കപെട്ടവളായി രാഷ്ട്രീയ പ്രവേശം നടത്തുന്ന സ്ത്രീക്ക് വേണ്ടിയാവരുത്, പിതൃമേധാവിത്വ വ്യവസ്ഥിതിക്ക് എതിരെ പൊരുതി സ്വന്തം പൗരാവകാശം ഉറപ്പിക്കുന്ന സ്ത്രീ ശക്തിക്കാവണം പ്രാതിനിധ്യം ഉണ്ടാകേണ്ടത്. അതിനാൽ സ്ത്രീവാദവും സ്ത്രീപക്ഷ കാഴ്ചപ്പാടും മുൻനിർത്തി മാത്രമേ രാഷ്ട്രീയത്തിലെ വനിത പ്രാതിനിധ്യം ചർച്ചക്കെടുക്കാൻ സാധിക്കൂ എന്നാണ് എൻറെ വിലയിരുത്തൽ.
ഈ ലക്കം സംഘടിതയിലൂടെ വ്യത്യസ്ത വിഭാഗങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്രീയത്തെ വിശകലം ചെയ്യുകയാണ്. കേരളത്തിൻറെ ഭരണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭരായ ഏതാനം സ്ത്രീ നേതാക്കളെക്കുറിച്ചുള്ള കുറിപ്പുകൾ, നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകളുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള അവലോകനം എന്നിവ ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ദളിത് – മത്സ്യതൊഴിലാളി – ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യവും വെല്ലുവിളികളും ഈ ലക്കം ചർച്ചചെയ്യുന്നു. കുറഞ്ഞ സമയ പരിധിയിൽ നിന്നുകൊണ്ട് കഴിയാവുന്നത്ര വ്യത്യസ്ത വിഭാഗങ്ങളുടെ കാഴ്ചപ്പാടുകൾ ഉൾപെടുത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും പ്രധാനപ്പെട്ട ചിലതെല്ലാം ഉൾപെടുത്താൻ സാധിക്കാതെ പോയതിൽ പ്രയാസമുണ്ട്. തിരഞ്ഞെടുപ്പ് രാഷ്രീയത്തിലെ സ്ത്രീകളുടെ ക്രിയാത്മകമായ ഇടപെടൽ ഇനിയും ഏറെ ചർച്ച ചെയ്യേണ്ട വിഷയമാണ്.
അന്ന മിനി
കേരള സര്‍വ്വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ ഗവേഷക.
COMMENTS