Homeചർച്ചാവിഷയം

ജീവിതരീതികളേയും സ്വഭാവരൂപീകരണത്തേയും ഏറെ അധികം സ്വാധീനിക്കുന്ന ഒന്നാണ് മാധ്യമങ്ങള്‍. ദൃശ്യമാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും ഇതിനു കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഇത്തരം മാധ്യമങ്ങളിലൂടെ നമ്മള്‍ കാണുകയും വായിക്കുകയും ചെയ്യുന്ന പെരുമാറ്റരീതികളും ബഹുമാനമുറകളും നമ്മുടെ മനോഭാവങ്ങളേയും കാഴ്ചപ്പാടുകളേയും ഏറെ സ്വാധീനിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം മാധ്യമങ്ങളിലൂടെ സമൂഹത്തിലേക്ക് പടരുന്ന സന്ദേശങ്ങളും അവ സൃഷ്ടിക്കുന്ന മാറ്റങ്ങളും സസൂക്ഷ്മം പരിശോധിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ വര്‍ദ്ധിച്ചുവരുന്ന അന്യായങ്ങളും അനീതികളും അക്രമങ്ങളും എല്ലാം പരിശോധിച്ചാല്‍ ചെയ്തികളിലേക്ക് നയിച്ച ഘടകങ്ങളില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് ഭയാനകമാം വിധം കൂടി വരികയാണെന്ന് കാണാന്‍ കഴിയും. അതില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങളാണ് ഏറെയും. ഒരു സ്ത്രീ എങ്ങിനെയൊക്കെ യായിരിക്കണമെന്ന് ഏറ്റവും മോശമായ രീതിയിലൂടെയും അനാരോഗ്യകരമായ പെരുമാറ്റങ്ങളിലൂടേയും മാധ്യമങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ കാലങ്ങളായുള്ള പുരുഷാധിപത്യത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കാനേ ഇത് സഹായിക്കുന്നുള്ളൂ. സ്വന്തം ശബ്ദത്തെ അംഗീകരിക്കുകയും ഇഷ്ടാനിഷ്ടങ്ങളെ തിരിച്ചറിയുകയും സ്വാതന്ത്ര്യത്തെ ബഹുമാനിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളോ ചിത്രീകരണങ്ങളോ ആശയങ്ങളോ വിരളമാണ്. ഇന്ന് കാണുന്ന മാധ്യമ ഭാഷയും പെരുമാറ്റവും നമുക്കൊന്ന് വിശകലനം ചെയ്യാം സര്‍വ്വംസഹയായ സ്ത്രീക്കാണ് ഇന്നും സമൂഹത്തില്‍ ഏറെ ബഹുമാന്യത. വിദ്യാഭ്യാസ യോഗ്യതകളും തൊഴില്‍പരമായ മോഹങ്ങളും എല്ലാം ഉണ്ടായിട്ടും അതെല്ലാം വേണ്ടെന്നുവെച്ച് കുടുംബത്തിനു വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീകളെയാണ് ഇന്നും സമൂഹവും മാധ്യമങ്ങളും ഇഷ്ടപ്പെടുന്നത്. ഇത് വളര്‍ത്തി വലുതാക്കാന്‍ ആണ് ഭൂരിഭാഗം ആളുകളുടെ ശ്രമങ്ങളും. ഇതില്‍ ഏറ്റവും പേടിപ്പെടുത്തുന്നത് സ്വന്തം ശബ്ദത്തില്‍ ഉറച്ചു നില്‍ക്കുന്ന സ്ത്രീകളെ എങ്ങിനെയൊക്കെ തരംതാഴ്ത്താമോ അത്തരത്തിലെല്ലാമുള്ള പ്രതീകവത്ക്കരണങ്ങളാണ്. എണ്‍പതുകളിലെ സിനിമകളില്‍ നമ്മള്‍ കണ്ടിരുന്ന അതേ കാര്യങ്ങളാണ് യാതൊരു വ്യത്യാസവും ഇല്ലാതെ ഇന്നത്തെ സായാഹ്ന സീരിയലുകളിലൂടെയും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കാഴ്ചപ്പാടുകളും മനോഭാവങ്ങളും അന്നും ഇന്നും മാറ്റങ്ങളില്ലാതെ തുടരുന്നു എന്നു തന്നെയാണ് ഇതെല്ലാം വിളിച്ചോതുന്നത്. സ്ലീവ് ലെസ്സും സണ്‍ഗ്ലാസും ധരിക്കുന്ന സ്ത്രീകള്‍ക്ക് ഇന്നും ഒരു ക്ലബ്ബ് ലേഡി എന്ന പരിവേഷമാണ്. അത്തരം കഥാപാത്രങ്ങള്‍ കുടുംബംകലക്കികള്‍ ആയാണ് പ്രദര്‍ശിപ്പിക്കപ്പെടുന്നത്. സമൂഹമാധ്യമങ്ങളുടെ കാര്യമെടുത്താല്‍ എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നതു തന്നെ ഒരു വിരോധാഭാസമാണ്. കുറെപ്പേര് ആരോഗ്യപരമായി സ്ത്രീകളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും ആശയങ്ങളെയും പ്രോത്സാഹിപ്പിക്കുമ്പോള്‍ മറുവശത്ത് വളരെ മോശപ്പെട്ട ഭാഷയിലൂടെയും പ്രതികരണങ്ങളിലൂടെയും സ്ത്രീകളെ മുറിവേല്‍പ്പിക്കുന്നു. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നീ സമൂഹമാധ്യമങ്ങളെല്ലാം ഒരുപാട് സ്ത്രീകള്‍ക്ക് ശബ്ദം കണ്ടെത്താന്‍ സഹായിക്കുന്ന ഉപാധികളാണ്. പരിമിതങ്ങളായ സ്വാതന്ത്ര്യങ്ങളുടെ ചട്ടക്കൂടിനുള്ളിലൂടെ മാത്രം ലോകത്തെ വീക്ഷിക്കുന്ന സങ്കുചിത മനോഭാവം ഉള്ള സ്ത്രീകള്‍ക്ക് ആശയവ്യക്തതയുള്ള സ്ത്രീകളെ ആരോഗ്യപരമായി ബഹുമാനിക്കാന്‍ ഇന്നും ബുദ്ധിമുട്ടാണ്. ഇത് പുരുഷന്മാര്‍ക്കും അവരുടെ മേധാവിത്വ മനോഭാവത്തെ ഒന്നുകൂടെ ഊട്ടിയുറപ്പിക്കാന്‍ സഹായകമാവുക മാത്രമാണ് ചെയ്യുന്നത്. ഇതിന്‍റെ ഉത്തമോദാഹരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നമ്മള്‍ കാണുന്ന പല പോസ്റ്റുകളും അതിനുതാഴെ വരുന്ന കമന്‍റുകളും. പലപ്പോഴും ഉറച്ച സ്ത്രീശബ്ദങ്ങളെ ഇല്ലാതാക്കാന്‍ കൂട്ടായ ആക്രമണരീതികള്‍ ആണ് കണ്ടുവരുന്നത്. ഇതെല്ലാം കണ്ടു നിശബ്ദത പാലിക്കുന്നവരും ഒരു തരത്തില്‍ ഇത്തരം മോശമായ ചിത്രീകരണങ്ങള്‍ അനുകൂലിക്കുകയാണ്. ഇതും സ്ത്രീകള്‍ക്കെതിരായ ഇമോഷണല്‍ മെന്‍റല്‍ അബ്യൂസ് ആണെന്ന് ആരും തിരിച്ചറിയുന്നില്ല. സെല്‍ഫ് കെയര്‍, സെല്‍ഫ് ലവ്, സെല്‍ഫ് റെസ്പെക്ട് ചെയ്യുന്ന സ്ത്രീകളെയാണ് ഇന്ന് നമുക്ക് ആവശ്യം. ഈ സന്ദേശം ഉറക്കെ വിളിച്ചു പറയുന്ന മാധ്യമങ്ങളും.

 

 

 

 

അപര്‍ണ വിശ്വനാഥന്‍
ഫൗണ്ടര്‍ & ഡയറക്ടര്‍
സോഷിയോ (Zocio), ബാംഗ്ലൂര്‍

COMMENTS

COMMENT WITH EMAIL: 0